Sunday, December 4, 2011

വെള്ളിത്തിരയില്‍ കറുത്തവന്റെ പോരാട്ടം

പട്ടിണിരാജ്യങ്ങളെ ചൂഷണംചെയ്യുന്ന സാമ്രാജ്യത്വ വ്യവസ്ഥയ്ക്കും പാശ്ചാത്യ അധിനിവേശത്തിനുമെതിരെ ക്യാമറകൊണ്ട് കലഹിച്ച സംവിധായകനായിരുന്നു സെനഗലിലെ ജിബ്രില്‍ ദിയോപ് മാമ്പെറ്റി. ആഫ്രിക്കന്‍ രാജ്യങ്ങളെ കടുത്ത ചൂഷണത്തിന് വിധേയമാക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള സമരപ്രഖ്യാപനമായിരുന്നു ഡിഡിഎം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ സിനിമകള്‍ . ഇത്തരം രാജ്യങ്ങളുടെ നിസ്സഹായവസ്ഥയെ ചൂഷണംചെയ്യുന്ന അന്താരാഷ്ട്ര നാണ്യനിധിയെയും ലോകബാങ്കിനെയും ശക്തമായ ഇമേജുകള്‍കൊണ്ടായിരുന്നു ജിബ്രില്‍ നേരിട്ടത്. സിനിമയില്‍ തന്റെ ദൗത്യം പൂര്‍ണമായും പൂര്‍ത്തിയാക്കാതെയായിരുന്നു ഈ സംവിധായകന്‍ 1998ല്‍ മരണത്തിനു കീഴടങ്ങിയത്.
കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പ്രധാന ആകര്‍ഷണമാണ് ജിബ്രിലിന്റെ സാമൂഹ്യവിമര്‍ശന സിനിമകള്‍ . കോണ്‍ട്രാസ് സിറ്റി, ബദു ബോയ്, തൂക്കി ബൂക്കി, ഹീനസ്, ലെ ഫ്രാങ്ക്, ദി ലിറ്റില്‍ ഗേള്‍ ഹൂ സോള്‍ഡ് ദി സണ്‍ തുടങ്ങിയ എട്ട് സിനിമയാണ് തിരുവനന്തപുരത്ത് ഒമ്പതുമുതല്‍ നടക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുക.

ആഗോള കുത്തകകള്‍ക്കും ലോകബാങ്കിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ജിബ്രില്‍ സിനിമയില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറായിരുന്നില്ല. ലോകബാങ്കിനെതിരെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഈ കാലഘട്ടത്തിലും വളരെ പ്രസക്തമാണ് "കഴുതപ്പുലി കാലങ്ങളോളം സിംഹത്തെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. സിംഹം ഏറ്റവും ദുര്‍ബലനായെന്നു തോന്നുന്ന ഒരു സാഹചര്യത്തില്‍ കഴുതപ്പുലി സിംഹത്തിനു മേല്‍ ചാടിവീണ് അതിനെ കൊല്ലും. ലോകബാങ്കും ഇതേപോലെയാണ്.ഏറ്റവും ദുര്‍ബലമായ രാജ്യങ്ങളെ അതിന്റെ നിസ്സഹായത മുതലെടുത്ത് സാമ്പത്തികമായും രാഷ്ട്രീയമായും നശിപ്പിക്കും." നാം നമ്മുടെ നാടിന്റെ സംസ്കാരം ആഗോള കുത്തകകള്‍ക്ക് തുച്ഛവിലയ്ക്ക് വില്‍ക്കുകയാണെന്നും ജിബ്രില്‍ പറഞ്ഞിരുന്നു. ഏറെക്കാലം ഫ്രാന്‍സിന്റെ കോളനിയായിരുന്നു സെനഗല്‍ . നവകൊളോണിയലിസത്തില്‍ പാപപങ്കിലമായ ഒരു ജനതയാണ് ജിബ്രിലിന്റെ കഥാപാത്രങ്ങള്‍ . തന്റെ സിനിമ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന ഒരു നേരമ്പോക്ക് ആകരുതെന്നും അതൊരു ബോംബ് ആയിരിക്കണമെന്നും നിര്‍ബന്ധമുണ്ടെന്നും ജിബ്രില്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

ശിങ്കിടി മുതലാളിത്തവും കോര്‍പറേറ്റ് ശക്തികളും ചൂഷണത്തിനും അഴിമതിക്കും പുത്തന്‍ സമവാക്യങ്ങള്‍ രചിക്കുന്ന ഇന്നത്തെ കാലത്തും ജിബ്രിലിന്റെ സിനിമകള്‍ പ്രേക്ഷകരോട് സംസാരിക്കുന്നു. ഉപരിവര്‍ഗത്തിന്റെ സ്വപ്നങ്ങളല്ല പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിസ്സഹായരാണ് ചായം തേയ്ക്കാത്ത മുഖവുമായി ജിബ്രിലിന്റെ ക്യാമറയ്ക്കു മുന്നിലെത്തുന്നത.് ഏതാനും സിനിമകള്‍മാത്രം ഉള്‍പ്പെടുന്നതാണ് ജിബ്രിലിന്റെ സിനിമാലോകമെങ്കിലും ഏത് കാലത്തും ആരോടും സംവദിക്കുന്നു ഇതിലെ ഉള്ളടക്കം.

ജിബ്രിലിന്റെ ആദ്യത്തെ ഫീച്ചര്‍ ചിത്രമായ തൂക്കിബൂക്കി (1973)മോസ്കോ ഫിലിം ഫെസ്റ്റിവലില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നേടി. ഈ ചിത്രം കാനില്‍ ഇന്റര്‍നാഷണല്‍ ക്രിട്ടിക്സ് അവാര്‍ഡും നേടിയിരുന്നു. ധനം, യുവത്വം, വിഭ്രമാത്മകത എന്നിവയാണ് ഇതിലെയും കേന്ദ്രപ്രമേയം. മോറി, ആന്റ എന്നീ കമിതാക്കളിലൂടെയാണ് സിനിമ വികസിക്കുന്നത്. നാടിനെ മറന്ന് യൂറോപ്പ് സ്വപ്നംകണ്ട് നടക്കുന്ന ഇവര്‍ക്ക് എങ്ങനെയെങ്കിലും ഫ്രാന്‍സിലെത്തുകയാണ് ലക്ഷ്യം. അതിനായി വഴിവിട്ട രീതിയില്‍ പണമുണ്ടാക്കുകയാണ്. എന്നാല്‍ , ഒടുവില്‍ മോറി പിന്മാറുകയും കാളയുടെ തലയോട്ടിയുള്ള തന്റെ ബൈക്ക് കണ്ടെത്തുകയും അതില്‍ യാത്ര തുടരുകയും ചെയ്യുന്നു. എന്നാല്‍ , ആന്റ ഫ്രാന്‍സിലേക്ക് യാത്രയാകുന്നു. വൈകിയാണെങ്കിലും മോറി നാടിന്റെ സംസ്കൃതിയും പാരമ്പര്യവും തിരിച്ചറിയുന്നു. ധനത്തിന്റെ വിതരണത്തിലെ സാമൂഹികാസമത്വം, അഴിമതി, കമ്പോള മുതലാളിത്തത്തിന്റെ ചൂഷണം, നവകൊളോണിയലിസത്തിന്റെ അധീശത്വം, സാംസ്കാരികമായ ഇടര്‍ച്ച എന്നിവയാണ് ഈ സിനിമയിലൂടെ സംവിധായകന്‍ വെളിവാക്കുന്നത്.

തൂക്കിബൂക്കിയുടെ തുടര്‍ച്ചയായിട്ടാണ് ഹീനസ് എന്ന സിനിമയെ നിരൂപകര്‍ വിലയിരുത്തിയത്. ആഫ്രിക്കന്‍ സിനിമയിലെ ക്ലാസിക് ആണിത്. ധനത്തിന്റെ പ്രലോഭനങ്ങള്‍ ഒരു സമൂഹത്തെ ഏതറ്റംവരെ നയിക്കുമെന്ന് ഈ സിനിമ കാണിച്ചുതരുന്നു. സമ്പന്നയായ ലിംഗ്വേര കാമുകനെ വധിക്കുന്നതിന് പണമൊഴുക്കുകയാണ്. ഒരു കുറ്റകൃത്യം ചെയ്യുന്നതിന് ആഡംബര സാധനങ്ങള്‍ നല്‍കി ആ ഗ്രാമത്തിലുള്ളവരുടെ പിന്തുണ ഉറപ്പിക്കുകയാണ് അവര്‍ ആദ്യം ചെയ്യുന്നത്. ഇതുതന്നെയാണ് ദരിദ്രരാജ്യങ്ങളോട് കമ്പോളമുതലാളിത്തവും ചെയ്യുന്നത്. ഫ്രെഡറിക് ഡാരന്‍മറ്റിന്റെ"ദി വിസിറ്റ്" എന്ന നാടകമാണ് ജിബ്രില്‍ സിനിമയാക്കിയത്.

"ദി ലിറ്റില്‍ ഗേള്‍ ഹൂ സോള്‍ഡ് ദി സണ്‍" എന്ന ജിബ്രിലിന്റെ അവസാന ചിത്രം ആഗോള കമ്പോളത്തിന്റെയും വ്യാപാരത്തിന്റെയും ചതിക്കുഴികളാണ് അനാവരണം ചെയ്യുന്നത്. സെനഗലിന്റെ തലസ്ഥാന നഗരിയിലെ ടൊമാറ്റോ സിറ്റിയിലെ സിലി ലാം എന്ന വികലാംഗയായ പെണ്‍കുട്ടിയാണ് ഇതിലെ കേന്ദ്രകഥാപാത്രം. അതിജീവനത്തിനായി തെരുവില്‍ പത്രം വില്‍ക്കുന്ന ആദ്യ പെണ്‍കുട്ടിയായ സിലിയെ ഒരു കൂട്ടം ആണ്‍കുട്ടികള്‍ ദ്രോഹിക്കുന്നതാണ് പ്രമേയം. ആണ്‍കുട്ടികള്‍ ചെയ്യുന്നത് തനിക്കും ചെയ്യാന്‍ കഴിയുമെന്ന ധീരമായ പ്രഖ്യാപനത്തോടെയാണ് ഈ കുട്ടി ഈ മേഖലയിലേക്ക് കടന്നുവന്നത്. എന്നാല്‍ , തെരുവു കുട്ടികള്‍ ഒരു ദിവസം അവളുടെ ക്രച്ചസ് എടുത്ത് കടന്നുകളയുന്നു. ഇനി എന്ത് ചെയ്യുമെന്ന സൃഹൃത്തിന്റെ ചോദ്യത്തിന് "നമ്മള്‍ തുടരുകതന്നെ ചെയ്യു"മെന്നായിരുന്നു അവളുടെ മറുപടി. സുഹൃത്തിന്റെ തോളിലേറി പെണ്‍കുട്ടി യാത്രയാകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ഞാന്‍ വില്‍ക്കുന്നത് സര്‍ക്കാരിന്റെ പത്രമാണെന്നും സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ടെന്നും പറയുന്ന സിലിയെപ്പോലുള്ളവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്യുന്നുവെന്ന ചോദ്യമാണ് മാമ്പെറ്റി ഉന്നയിക്കുന്നത്.

സമ്പത്തിന്റെ കേന്ദ്രീകരണം, കമ്പോളത്തിന്റെ കാപട്യം എന്നിവയെല്ലാം ഇവിടെ പരാമര്‍ശിക്കുന്നു. വിരുദ്ധബിംബങ്ങളുടെ സമന്വയത്തിലൂടെ പുതിയൊരു ദൃശ്യാനുഭവമാണ് ജിബ്രില്‍ നല്‍കുന്നത്. ഒരുവശത്ത് ചേരിയുടെ ഇരുണ്ട ജീവിതം പ്രതിഫലിക്കുമ്പോള്‍ പുറത്തെ ആഡംബര ജീവിതവും തിരശ്ശീലയില്‍ തെളിയുന്നു. തെരുവില്‍ കല്ലുടയ്ക്കുന്നവന്റെ തൊട്ടുമുകളിലൂടെ പറക്കുന്ന ജറ്റ് വിമാനം, കുതിരവണ്ടിയെ മറികടന്നു പോകുന്ന മെഴ്സിഡസ് എന്നിവ ശ്രദ്ധേയ ദൃശ്യബിംബങ്ങളാണ്. ടെയില്‍സ് ഓഫ് ഓര്‍ഡിനറി പീപ്പിള്‍ എന്ന പേരില്‍ ചെയ്യാനുദ്ദേശിച്ച ത്രയത്തിലെ രണ്ടാമത്തെ സിനിമയായിരുന്നു ഇത്. എന്നാല്‍ , മൂന്നാമത്തെ സിനിമ പൂര്‍ത്തിയാക്കുംമുമ്പ് 1998 ജൂലൈ 23ന് ഇദ്ദേഹം മരിച്ചു.

1945ല്‍ സെനഗലിലെ കൊളോബെയ്നില്‍ ഒരു മുസ്ലിംകുടംബത്തിലായിരുന്നു ജിബ്രിന്റെ ജനനം. നാടക പ്രവര്‍ത്തനത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ഡാനിയല്‍ സൊറാനൊ നാഷണല്‍ തിയറ്ററില്‍ ആയിരുന്നു നാടകപഠനം. 24-ാം വയസ്സില്‍ "കോണ്‍ട്രസ് സിറ്റി"യെന്ന സിനിമ സംവിധാനംചെയ്ത് ജിബ്രില്‍ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. തികച്ചും പരീക്ഷണാത്മകമായ ഈ സിനിമയില്‍ കോളണിവാഴ്ചയുടെ ദുരന്തത്തിലേക്കായിരുന്നു പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത്. അടുത്ത സിനിമയായ ബദു ബോയ് ടുണീഷ്യന്‍ ചലചിത്രമേളയില്‍ പുരസ്കാരം നേടിയതോടെ ജിബ്രില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.

സിനിമകളില്‍ ഒട്ടും പ്രൊഫഷണല്‍ അല്ലാത്തവരെ അഭിനയിപ്പിക്കുന്നതിന് ജിബ്രിലിന്റെ ന്യായീകരണം വളരെ കൗതുകമുള്ളതായിരുന്നു. ഒരു സിനിമയില്‍ മരിച്ച കഥാപാത്രം വേറൊരു സിനിമയില്‍ അതേ നടനിലൂടെ മറ്റൊരു കഥാപാത്രമായി വരുന്നത് സിനിമയെ ഗൗരവമായി കാണുന്നവര്‍ക്ക് അംഗീകരിക്കാനാകില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. ദി ലിറ്റില്‍ ഗേള്‍ ഹൂ സോള്‍ഡ് ദി സണ്‍ എന്ന സിനിമയിലെ കഥാപാത്രങ്ങള്‍ യഥാര്‍ഥത്തില്‍ തെരുവിന്റെ മക്കള്‍തന്നെയായിരുന്നു. ഇദ്ദേഹത്തിന്റെ മിക്ക സിനിമകളിലും സംഗീതം നിര്‍വഹിച്ചത് സഹോദരന്‍ വസിം ദിയോപ് ആയിരുന്നു. ആഫ്രിക്കന്‍ സംഗീതത്തില്‍ വസിം ഇന്ന് വളരെ പ്രശസ്തനാണ്.

*
വി കെ സുധീര്‍കുമാര്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 04 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പട്ടിണിരാജ്യങ്ങളെ ചൂഷണംചെയ്യുന്ന സാമ്രാജ്യത്വ വ്യവസ്ഥയ്ക്കും പാശ്ചാത്യ അധിനിവേശത്തിനുമെതിരെ ക്യാമറകൊണ്ട് കലഹിച്ച സംവിധായകനായിരുന്നു സെനഗലിലെ ജിബ്രില്‍ ദിയോപ് മാമ്പെറ്റി. ആഫ്രിക്കന്‍ രാജ്യങ്ങളെ കടുത്ത ചൂഷണത്തിന് വിധേയമാക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള സമരപ്രഖ്യാപനമായിരുന്നു ഡിഡിഎം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ സിനിമകള്‍ . ഇത്തരം രാജ്യങ്ങളുടെ നിസ്സഹായവസ്ഥയെ ചൂഷണംചെയ്യുന്ന അന്താരാഷ്ട്ര നാണ്യനിധിയെയും ലോകബാങ്കിനെയും ശക്തമായ ഇമേജുകള്‍കൊണ്ടായിരുന്നു ജിബ്രില്‍ നേരിട്ടത്. സിനിമയില്‍ തന്റെ ദൗത്യം പൂര്‍ണമായും പൂര്‍ത്തിയാക്കാതെയായിരുന്നു ഈ സംവിധായകന്‍ 1998ല്‍ മരണത്തിനു കീഴടങ്ങിയത്.