Sunday, December 4, 2011

പ്രധാനമന്ത്രി നിര്‍വഹിക്കുന്നത് കോര്‍പ്പറേറ്റ് കാര്യസ്ഥപണി

ആധുനികരാഷ്ട്ര ഭരണകൂടമെന്നാല്‍ ബൂര്‍ഷ്വാസിയുടെ പൊതുകാര്യങ്ങളുടെ മൊത്തം മേല്‍നോട്ട നിര്‍വഹണസമിതി മാത്രമാണെന്ന കമ്മ്യൂണിസ്റ്റ് മാനിഫസ്റ്റോയുടെ നിര്‍വചനത്തെ അന്വര്‍ഥമാക്കുകയാണ് ഡോ. മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ രണ്ടാം ഭരണസംവിധാനം. മഹാഭൂരിപക്ഷം ജനങ്ങളെ ബാധിക്കുന്നതും അവര്‍ അഭിമുഖീകരിക്കുന്നതുമായ പ്രശ്‌നങ്ങളോടും രാഷ്ട്ര-രാഷ്ട്രാന്തര കോര്‍പ്പറേറ്റ് താല്‍പര്യങ്ങളോടും ഈ ഗവണ്‍മെന്റ് അനുവര്‍ത്തിക്കുന്ന നയങ്ങള്‍ അങ്ങനെ ചിന്തിക്കാന്‍ രാഷ്ട്രീയ പ്രബുദ്ധമായ ജനതയെ നിര്‍ബന്ധിതമാക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി കേന്ദ്രഗവണ്‍മെന്റ് വിവിധ പ്രശ്‌നങ്ങളോട് അനുവര്‍ത്തിച്ചുവരുന്ന നയസമീപനങ്ങളും തീരുമാനങ്ങളും ഗവണ്‍മെന്റിന്റെ വര്‍ഗസ്വഭാവത്തില്‍ വന്ന ഈ പ്രകടമാറ്റം പകല്‍വെളിച്ചം പോലെ വ്യക്തമാക്കുന്നു.

ജനസംഖ്യയില്‍ മഹാഭൂരിപക്ഷം വരുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന സാര്‍വത്രിക പൊതുഭക്ഷ്യവിതരണ സംവിധാനം, ജനജീവിതത്തെ വീര്‍പ്പുമുട്ടിക്കുന്ന ഭക്ഷ്യവസ്തുക്കളടക്കം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, രാജ്യത്തിന്റെ സമ്പദ്ഘടനയെ അപ്പാടെ ഗ്രസിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ വിദേശ രഹസ്യനിക്ഷേപം, അനേക കോടി ജനങ്ങളുടെ തൊഴില്‍ കവര്‍ന്നെടുത്ത് അവരെ നിരാധാരരാക്കുന്ന ചില്ലറ വ്യാപാരരംഗത്തെ നേരിട്ടുള്ള വിദേശനിക്ഷേപം തുടങ്ങിയ ജീവല്‍പ്രശ്‌നങ്ങളിലെല്ലാം അമ്പരപ്പിക്കുന്ന നിശബ്ദതയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മുഖമുദ്ര.

രാജ്യത്തിന്റെ ഐക്യത്തേയും കെട്ടുറപ്പിനെയും ജനജീവിതത്തിന്റെ സുരക്ഷയെയും ഗൗരവമായി ബാധിക്കുന്നതും സത്വരം പരിഹൃദമാവേണ്ടതുമായ ജനകീയ പ്രശ്‌നങ്ങളിലും മനംമടുപ്പിക്കുന്ന നിസംഗതയും അവഗണനയുമാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടാവുന്നത്. കാശ്മീരിലും മണിപ്പൂരിലും ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവച്ചിരിക്കുന്ന സായുധസേനാ പ്രത്യേകാവകാശനിയമം, വര്‍ഷങ്ങളായി ജനകീയ സമരങ്ങളുടെ ഉറവിടമായി മാറിയ പ്രത്യേക തെലുങ്കാനാ സംസ്ഥാനത്തിനു വേണ്ടിയുള്ള സമരം, കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സൗഹൃദാന്തരീക്ഷത്തിനും സൗഭ്രാതൃ ബന്ധങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നം എന്നിവയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ സത്വരശ്രദ്ധയും ഇടപെടലും ആവശ്യപ്പെടുന്നവയാണ്. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട ആശങ്കകളും തമിഴ്‌നാട്ടിലെ കൂടംകുളത്ത് സ്ഥാപിക്കുന്ന ആണവവൈദ്യുതനിലയത്തെപ്പറ്റിയുള്ള ഭയപ്പാടും ജനങ്ങളുടെ ജീവനുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്നത് ഏത് പരിഷ്‌കൃത ഭരണകൂടത്തിന്റെയും ഭരണകര്‍ത്താക്കളുടെയും ചുമതലയുമാണ്.

ഇത്തരം ജനകീയ പ്രശ്‌നങ്ങളെപ്പറ്റി നിശബ്ദത പാലിക്കുകയും നിര്‍വികാരത പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി താന്‍ നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റിനെ പിന്തുണയ്ക്കുന്ന ഘടകകക്ഷി അംഗങ്ങളടക്കം ഭൂരിപക്ഷം അംഗങ്ങളും നിരന്തരം ആവശ്യം ഉയര്‍ത്തിയിട്ടും അത്തരം വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുന്നു. ഭരണ-പ്രതിപക്ഷ ഭേദമന്യേ പാര്‍ലമെന്റ് ഒന്നാകെ പിന്തുണച്ച അഴിമതിക്കെതിരായ ലോക്പാല്‍ ബില്‍ പാസാക്കി നിയമമാക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നു. ഇന്ത്യയുടെ മഹത്തായ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്ക് പ്രധാനമന്ത്രി തന്നെ നേതൃത്വം നല്‍കുന്ന പ്രതീതിയാണ് ഈ നിലപാടുകള്‍ വെളിവാക്കുന്നത്.

അതേസമയം, പാര്‍ലമെന്റിനെ മറികടന്ന് സാമ്രാജ്യത്വം കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ പരിരക്ഷിക്കാന്‍ മന്‍മോഹന്‍സിംഗ് പ്രകടിപ്പിക്കുന്ന വ്യഗ്രതയും ശുഷ്‌കാന്തിയും ആരെയും അത്ഭുതപ്പെടുത്തും. ആണവ സഹകരണ കരാര്‍, കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നിലപാടുകള്‍, അഴിമതിക്ക് നല്‍കുന്ന പരിരക്ഷ, ഏറ്റവും അവസാനം ചില്ലറ വ്യാപാരത്തിലെ വിദേശ നിക്ഷേപം തുടങ്ങി ഉദാഹരണങ്ങള്‍ ഏറെ നിരത്താനാവും.

ഇത് ജനാധിപത്യമല്ല, അതിന്റെ ധ്വംസനമാണ്. മന്‍മോഹന്‍സിംഗ് നേതൃത്വം നല്‍കുന്നത് ജനകീയ ഭരണകൂടത്തിനല്ല. പ്രധാനമന്ത്രി നിര്‍വഹിക്കുന്നത് കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുടെ കാര്യസ്ഥപ്പണിയാണ്.

*
ജനയുഗം 04 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അതേസമയം, പാര്‍ലമെന്റിനെ മറികടന്ന് സാമ്രാജ്യത്വം കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ പരിരക്ഷിക്കാന്‍ മന്‍മോഹന്‍സിംഗ് പ്രകടിപ്പിക്കുന്ന വ്യഗ്രതയും ശുഷ്‌കാന്തിയും ആരെയും അത്ഭുതപ്പെടുത്തും. ആണവ സഹകരണ കരാര്‍, കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നിലപാടുകള്‍, അഴിമതിക്ക് നല്‍കുന്ന പരിരക്ഷ, ഏറ്റവും അവസാനം ചില്ലറ വ്യാപാരത്തിലെ വിദേശ നിക്ഷേപം തുടങ്ങി ഉദാഹരണങ്ങള്‍ ഏറെ നിരത്താനാവും.