Monday, December 12, 2011

സിസക്ക് ലെനിന്‍ വായിക്കുമ്പോള്‍ ലോകം വിപ്ലവച്ചൂടിലേക്ക് 1

നിങ്ങള്‍ക്ക് നിയമപുസ്തകങ്ങളും വിധി പ്രസ്താവങ്ങളുമുണ്ട് നിങ്ങള്‍ക്ക് ജയിലുകളും കോട്ടകളുമുണ്ട്.... നിങ്ങള്‍ക്ക് എന്തും ചെയ്യാന്‍ തയ്യാറുള്ള ഭീമ ശമ്പളമുള്ള ഗാര്‍ഡുകളും ജഡ്ജിമാരുമുണ്ട് എന്തിന്?..... നിങ്ങള്‍ അപ്രത്യക്ഷമാവുന്നതിന് തൊട്ടുമുമ്പ്-അത് ഉടന്‍ സംഭവിക്കുകയും ചെയ്യും- ഇവകൊണ്ടൊന്നും നിങ്ങള്‍ക്ക് "ഒരു പ്രയോജനവുമില്ലെന്ന്" നിങ്ങള്‍ കാണും. നിങ്ങള്‍ക്ക് പത്രങ്ങളും അച്ചടിശാലകളുമുണ്ട് ഞങ്ങളെ എതിര്‍ക്കാനും നിശ്ശബ്ദമാക്കാനും.... എന്തുചെയ്യാനും തയ്യാറുള്ള ഭീമന്‍ ശമ്പളക്കാര്‍ എന്തിന്? നിങ്ങള്‍ ശരിക്കും സത്യത്തെ ഭയപ്പെടുന്നുണ്ടോ? നിങ്ങള്‍ക്ക് ടാങ്കുകളും തോക്കുകളുമുണ്ട്. യന്ത്രത്തോക്കുകളും ഗ്രനേഡുകളുമുണ്ട് നിങ്ങള്‍ക്ക് പൊലീസുകാരും പട്ടാളക്കാരുമുണ്ട് എന്തിനും തയ്യാറുള്ള ഭീമന്‍ ശമ്പളക്കാര്‍ . എന്തിന്? നിങ്ങള്‍ക്ക് ശരിക്കും അത്ര ശക്തിയുള്ള ശത്രുക്കളുണ്ടോ? ഒരു ദിവസം-അത് വേഗത്തില്‍ ഉണ്ടാവും- ഇവകൊണ്ടൊന്നും നിങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ലെന്ന് നിങ്ങള്‍ കാണും. (ഇംഗ്ലീഷ് പരിഭാഷ, സിസക് To Sing in the Prison അമേരിക്കയിലെ സുക്കോട്ടി പാര്‍ക്കില്‍ ഒത്തുകൂടിയ occupy wall Street) സമരക്കാരെ അഭിസംബോധനചെയ്തുകൊണ്ട് പ്രസിദ്ധ ദാര്‍ശനികനായ സിസക് പറഞ്ഞു:

"ഉത്സവങ്ങള്‍ വിലകുറഞ്ഞതാണ്. അര്‍ഥപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പില്‍ക്കാലത്ത് ഉണ്ടാവുക." നവ ഉദാരവാദത്തിന്റെ കമ്പോള ലഹരിയില്‍നിന്നും ഗൗരവമായ ഇടപെടലിന്റെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അമേരിക്കന്‍ ജനത സ്വന്തം നാടിന് ഒരാത്മാവുണ്ടെന്ന് വിളിച്ചുപറയുന്നത് സിസക്കിനെ മാത്രമല്ല വിമോചനം സ്വപ്നം കാണുന്ന മുഴുവന്‍ ജനങ്ങളെയും ആവേശഭരിതരാക്കുകയാണ്. അമേരിക്കന്‍ മുതലാളിത്ത വ്യവസ്ഥ ചൂഷണ കേന്ദ്രിതമായി മാറിയത് മാത്രമല്ല ലോക മുതലാളിത്തം തന്നെ തലകുത്തിവീഴാന്‍ പാകമായി നില്‍ക്കുകയാണെന്നും സിസക് തിരിച്ചറിഞ്ഞുകഴിഞ്ഞതാണ്. അതുകൊണ്ടാണ് പത്ത് വര്‍ഷം മുമ്പ് തന്നെ (2002ല്‍) ലെനിന്റെ പന്ത്രണ്ട് ലേഖനങ്ങള്‍ തെരഞ്ഞെടുത്ത് മുന്‍കുറിപ്പും പിന്‍കുറിപ്പും ചേര്‍ത്ത് അദ്ദേഹം വായനക്കാര്‍ക്ക് നല്‍കിയത്. റോസാലക്സംബര്‍ഗും അഡര്‍ണോയും റഷ്യന്‍ വിപ്ലവത്തോട് നിഷേധാത്മക ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ക്ലേശകരമെന്നോ, അപകടകരമെന്നോ പറയാവുന്ന സാഹചര്യത്തില്‍ പോലും ജയിച്ചുമുന്നേറാന്‍ ഭയമില്ലാതിരുന്ന ഒരു ലെനിനുണ്ട്-This is the Lenin from whom we still have something to learn ഈ ലെനിനാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പടിവാതില്‍ക്കല്‍ നമുക്ക് ചില പാഠങ്ങള്‍ നല്‍കുന്നത്.

സിസക് ലെനിനെ വായിക്കുകയും വാള്‍സ്ട്രീറ്റില്‍ സമരക്കാരോട് ഐക്യപ്പെടുകയും ചെയ്യുമ്പോള്‍ ഭരണകൂട സാമ്രാജ്യത്വ ഉപകരണങ്ങള്‍ കാലിടറുകയും നിലനില്പിന് വേണ്ടി മനുഷ്യാവകാശം പോലും നിഷേധിക്കാന്‍ സന്നദ്ധമാവുകയും ചെയ്യുകയാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മുതലെടുത്തുകൊണ്ട് ലോക പൊലീസായി സാമ്രാജ്യം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും അമേരിക്കന്‍ ഭരണകൂടം സ്വന്തം ജനതയെപ്പോലും തൃപ്തിപ്പെടുത്താന്‍ കഴിയാതെ പ്രതിസന്ധിയെ നേരിടുകയാണ്. ഒരു തടവുപുള്ളിയുടെ കഥ പറഞ്ഞുകൊണ്ട് അമേരിക്കന്‍ ഭരണകൂടം വെറും നുണക്കൂമ്പാരമാണെന്ന് പറയാന്‍ സിസക് മടികാണിക്കുന്നില്ല. ചരിത്രത്തിന്റെ അന്ത്യവും, പ്രത്യയശാസ്ത്രത്തിന്റെ അന്ത്യവും പ്രവചിച്ചുകൊണ്ട് മുതലാളിത്തത്തെ ഉത്സവമാക്കാമെന്ന് കരുതിയവര്‍ സ്വന്തം ശവക്കുഴിയാണ് തയ്യാറാക്കിയതെന്ന് സിസക് മാത്രമല്ല പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റിഗ്ലിറ്റ്സും മുന്നറിയിപ്പ് നല്‍കുകയുണ്ടായി. സോവിയറ്റ് തകര്‍ച്ചയില്‍നിന്ന് ധാരാളം പാഠങ്ങള്‍ പഠിക്കാനുണ്ടെങ്കിലും 1848ലെ വിപ്ലവകാലത്ത് മാര്‍ക്സും എംഗല്‍സും മുന്നോട്ടുവച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവതരിപ്പിച്ച മുതലാളിത്ത വിശകലനം അതെഴുതിയ കാലത്തേക്കാള്‍ ഇന്ന് പ്രസക്തമായി മാറിയിരിക്കയാണെന്ന് ഹോബ്സ് ബാമും പറയുന്നു. (Hobsbarm, Introduction to the Verso Edn. of Communist Manifesto).

സാമ്പത്തികവും സാംസ്കാരികവുമായ സമ്മര്‍ദങ്ങള്‍ ജനങ്ങള്‍ ഭരണകൂടങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരായി പ്രതികരിക്കുന്നതിന് കാരണമാവുന്നതുപോലെ ധൈഷണികമായ ഇടപെടലുകളും സമൂഹത്തെ തിരിച്ചറിവിലേക്ക് നയിക്കാറുണ്ട്. അതുകൊണ്ടാണ് പ്രാചീന ഗ്രീസില്‍ സോക്രട്ടീസിനെ ഭരണകൂടം ഭയപ്പെടുകയും വിഷം നല്‍കി വധിക്കുകയും ചെയ്തത്. മാര്‍ക്സിനുശേഷം ലോകമെമ്പാടും വിമോചന ചിന്തകള്‍ക്ക് മുതലാളിത്ത വിരുദ്ധ വിശകലന മാതൃക അവലംബമായി മാറിയത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. ഒരു വശത്ത് ചരിത്രമവസാനിച്ചെന്നും സോഷ്യലിസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും വലതുപക്ഷ ബുദ്ധിജീവികള്‍ ഉദ്ഘോഷിക്കുമ്പോഴും മറുവശത്ത് മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍ , മൗ മുതലായവരെ മുന്‍നിര്‍ത്തി ഗൗരവമായ അപഗ്രഥനങ്ങളും അന്വേഷണങ്ങളും ലോക വ്യാപകമായി നടക്കുന്നുണ്ട്. മാര്‍ക്സിസം ലോകത്തിന് നല്‍കിയ പദാവലികളും സംപ്രത്യയങ്ങളുമില്ലാതെ ഗൗരവമായ സൈദ്ധാന്തിക അപഗ്രഥനങ്ങളോ തത്വവിചാരങ്ങളോ ഇന്ന് നടക്കാറില്ല. മാത്രമല്ല മാര്‍ക്സിന്റെ വായന തന്നെ ലോക ധൈഷണിക ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും പുതിയ വെളിച്ചവും വിമോചനത്വരയും പ്രദാനംചെയ്തിട്ടുമുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം ലെനിനെ തള്ളിപ്പറയാനും മാര്‍ക്സിനെ സോഷ്യലിസ്റ്റ് ചിന്തയില്‍നിന്ന് അടര്‍ത്തിമാറ്റാനും പാശ്ചാത്യ ബുദ്ധിജീവികളില്‍ ഒരു വിഭാഗം ശ്രമിച്ചിരുന്നു. എന്നാല്‍ സിസക്കിന്റെ ലെനിന്‍ വായന സോഷ്യലിസ്റ്റ് വിരുദ്ധ ധൈഷണികരെ അസ്വസ്ഥതപ്പെടുത്തുക മാത്രമല്ല വിമോചന സങ്കല്പത്തിന് ഊര്‍ജം പകരുകയും ചെയ്യുന്നതാണ്.

ലൂയി ആല്‍തൂസറും ബാലിബറും ചേര്‍ന്ന് "മൂലധനത്തിന്റെ വായന" (Reading Capital - 1968) അവതരിപ്പിച്ചത് വിപ്ലവ സിദ്ധാന്ത സംവാദത്തിലെ ഒരു വഴിത്തിരിവായിരുന്നു. ബുദ്ധിജീവികള്‍ക്കും അധ്യാപകര്‍ക്കും എന്തുകൊണ്ട് മൂലധനം സംവേദനംചെയ്യുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മൂലധനം വായിക്കാനുള്ള ഒരു പുതിയ രീതിശാസ്ത്രം തന്നെ ആ രചന മുന്നോട്ടുവച്ചു. വിപ്ലവകാരികള്‍ക്കും സമരോത്സുകരായ തൊഴിലാളികള്‍ക്കും "മൂലധനം" വായിക്കാനും മനസ്സിലാക്കാനും കഴിയുന്നത് അവരുടെ അനുഭവ പരിസരവും വായനയുടെ ആശയപരിസരവും സന്ധിചെയ്യുന്നതുകൊണ്ടാണെന്ന് അവര്‍ സിദ്ധാന്തിച്ചു. മാര്‍ക്സിന്റെ മൂലധനം ധനതത്വശാസ്ത്രത്തിന്റെ ക്ലാസിക്കല്‍ പദകോശത്തെ പൂര്‍ണമായും പുതുക്കിപ്പണിയുന്നതിന്റെ യുക്തി അനാവരണംചെയ്യുന്നതിലൂടെ ആല്‍തൂസര്‍ "ഘടനാവാദ" വായനക്ക് മാത്രമല്ല വിപ്ലവ സിദ്ധാന്തങ്ങളിലും (Revolutionary Theories) സംവാദത്തിന് ഊര്‍ജം പകരുകയാണ് ചെയ്തത്. ആല്‍തൂസര്‍ മാര്‍ക്സും ലെനിനും വായിച്ചുകൊണ്ട് മാനവിക മാര്‍ക്സിസത്തോടുള്ള യുദ്ധമാണ് യഥാര്‍ഥത്തില്‍ നടത്തിയതെന്ന് ഫ്രഡറിക് ജയിംസണ്‍ നിരീക്ഷിക്കുന്നുണ്ട്. "ആല്‍തൂസറുടേത് അപകടകരമായി സോഷ്യല്‍ ഡെമോക്രസിയിലേക്ക് നയിക്കുന്ന "മാനവിക" മാര്‍ക്സിസത്തോടും വിഭിന്ന ബൂര്‍ഷ്വാ ഘടനാവാദങ്ങളോടുമുള്ള യുദ്ധം മാത്രമായിരുന്നില്ല. അത് പ്രത്യേകിച്ചും മാര്‍ക്സിനെ ഹെഗല്‍വല്‍ക്കരിക്കുന്നതിനും, ഹെഗലിന്റെ ആശയവാദ പദാവലികളിലൂടെ തിരിച്ചറിയുന്ന വൈരുധ്യവാദത്തിലേക്ക് മാര്‍ക്സിനെ ബലപ്പെടുത്തുന്ന സമ്പ്രദായങ്ങള്‍ക്കും എതിരായ യുദ്ധമായിരുന്നു." (Lenin and Philosophy, Althuser).

കാള്‍ മാര്‍ക്സ് ആദ്യകാല മാനവികതാവാദം (ഔാമിശൊ) ഉല്ലംഘിച്ചുകൊണ്ട് ഒരു പുതിയ തര്‍ക്കശാസ്ത്രം ഉണ്ടാക്കിയതെങ്ങനെയാണെന്ന് സൂക്ഷ്മമായി കാണിച്ചുതരാനാണ് ആല്‍തൂസര്‍ ശ്രമിച്ചത്. തൊഴിലാളിവര്‍ഗം എന്തുകൊണ്ട് ചൂഷണംചെയ്യപ്പെടുന്നു എന്ന് മാത്രമല്ല എന്തുകൊണ്ട് പുതിയൊരു ലോകം - ഭൂമിയിലെ സ്വര്‍ഗം - പണിതീര്‍ക്കണമെന്നും മാര്‍ക്സിന്റെ ചിന്ത സമൂഹത്തെ ബോധ്യപ്പെടുത്തി. ഒരു പുതിയ സമീപനവും പരിപ്രേക്ഷ്യവും രൂപപ്പെടുന്നത് മറ്റൊരു സമീപനവും പരിപ്രേക്ഷ്യവും മറികടന്നുകൊണ്ടാണ്. അതുകൊണ്ടാണ് ജ്ഞാനസമ്പാദന ശാസ്ത്രപരമായി (epistemological)വിഛേദം സംഭവിപ്പിച്ചുകൊണ്ടാണ് മാര്‍ക്സിന്റെ തര്‍ക്കശാസ്ത്രം വികസിച്ചതെന്ന് ആല്‍തൂസര്‍ സിദ്ധാന്തിക്കുന്നത്. സൂര്യന്‍ കറങ്ങുകയാണെന്ന് വിശ്വസിക്കുമ്പോള്‍ സ്വാഭാവികമായും ഭൂമി നിശ്ചലമാണെന്ന് ജനങ്ങള്‍ കരുതിയിരുന്നു. എന്നാല്‍ സൗരയൂഥസിദ്ധാന്തം സ്വീകരിക്കപ്പെട്ടതോടുകൂടി ഭൂമിയുടെ നിശ്ചലതയെ സംബന്ധിച്ചും കാഴ്ചപ്പാടുകള്‍ തിരുത്തുകയാണ് ചെയ്തത്. അതുപോലെ സ്വതന്ത്രമായി ജനിക്കപ്പെടുന്ന മനുഷ്യര്‍ക്കുമേല്‍ വിലങ്ങുകള്‍ ഉണ്ടാവുന്നതിന്റെ ചരിത്രപരവും ഭൗതികവാദപരവുമായ അപഗ്രഥനം ആശവാദത്തിന്റെയും മാനവികതാ വാദത്തിന്റെയും പരിമതികളെ ഉല്ലംഘിച്ചുകൊണ്ട് പുതിയൊരു തര്‍ക്കരൂപത്തിന് അഥവാ ശാസ്ത്രത്തിന് ജന്മം നല്‍കിയതായി ആല്‍തൂസര്‍ നിരീക്ഷിച്ചു. "മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ ഹൃദയത്തില്‍ ഒരു ശാസ്ത്രമുണ്ട്; ഒരു സമ്പൂര്‍ണമായ അതുല്യശാസ്ത്രം, മറ്റൊരു പ്രകാരത്തിലുള്ള ഒരു ശാസ്ത്രം. തത്വചിന്തയില്‍ മാര്‍ക്സിസത്തിന്റെ പുതിയ സംഭാവനയെന്നത് തത്വചിന്തയുടെ ഒരു പുതിയ പ്രയോഗമാണ്. മാര്‍ക്സിസം ഒരു (പുതിയ) പ്രയോഗത്തിന്റെ തത്വചിന്തയല്ല, എന്നാല്‍ ഒരു (പുതിയ) തത്വചിന്തയുടെ പ്രയോഗമാണ്. ഈ പുതിയ തത്വചിന്തയുടെ പ്രയോഗം തത്വചിന്തയെ മാറ്റിത്തീര്‍ക്കും. അതിനുപുറമെ ചെറിയ അളവില്‍ ലോകത്തെ മാറ്റിത്തീര്‍ക്കുന്നതിലും അതിന് സഹായിക്കാന്‍ കഴിയും. സഹായം മാത്രം, കാരണം സൈദ്ധാന്തികരോ, ശാസ്ത്രജ്ഞരോ, ദാര്‍ശനികരോ, "മനുഷ്യരോ" അല്ല ചരിത്രം സൃഷ്ടിക്കുന്നത്-മറിച്ച് "ജനങ്ങളാണ്" (masses), അതായത്, ഒരൊറ്റ വര്‍ഗസമരത്തില്‍ സഖ്യം ചേരുന്ന വര്‍ഗങ്ങള്‍" (Lenin and Philosophy and other Essays, പു. 42).

ഇവിടെ "പ്രയോഗത്തിന്റെ തത്വചിന്തയല്ല" (Philosophy of praxis) മറിച്ച് തത്വചിന്തയുടെ പ്രയോഗമാണ് (Practice of Philosophy) എന്ന് വ്യക്തമായി പറയുന്നതിലൂടെ മാര്‍ക്സിസത്തെ ലളിതവല്‍ക്കരിക്കുന്നതിനെയാണ് ആല്‍തൂസര്‍ പ്രതിരോധിക്കുന്നത്. മൂലധനം എങ്ങനെ വായിക്കണമെന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത വിശദമായി പ്രതിപാദിക്കുന്ന ആല്‍തൂസര്‍ വിപ്ലവത്തിന്റെ യഥാര്‍ഥ ശക്തികളാരാണെന്നും അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. മാനവികതാ വാദത്തിലെ അമൂര്‍ത്ത "മനുഷ്യനെ" എടുത്തുമാറ്റി പകരം അവിടെ തൊഴിലാളിവര്‍ഗത്തെ കണ്ടെത്തുകയാണ് മാര്‍ക്സ് ചെയ്തത്. അമൂര്‍ത്ത "മനുഷ്യനില്‍"നിന്നും മൂര്‍ത്ത വര്‍ഗത്തിലേക്കുള്ള പരിവര്‍ത്തനം സിദ്ധാന്തത്തിലെന്നപോലെ പ്രയോഗത്തിലും പുതിയ വെളിച്ചം പരത്തുകയുണ്ടായി. തത്വചിന്തയുടെ തന്നെ പുതിയ പ്രയോഗമെന്നതിലൂടെ ആല്‍തൂസര്‍ സിദ്ധാന്തിക്കുന്നത് വായനയില്‍ സംഭവിക്കേണ്ട, ബോധപൂര്‍വം സംഭവിപ്പിക്കേണ്ട മാറ്റത്തെക്കുറിച്ചാണ്. മറ്റെല്ലാ ദര്‍ശനങ്ങളും കാലഹരണപ്പെട്ടതായി എഴുതിത്തള്ളുകയല്ല മറിച്ച് എല്ലാ ദര്‍ശനങ്ങളും പുതിയ പരിപ്രേക്ഷ്യത്തില്‍ വായിച്ചെടുക്കുകയാണ്. അങ്ങനെയാണ് ആല്‍തൂസറുടെ ലാക്ഷണിക വായന ഒരു മൂര്‍ത്ത രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുന്നത്.

1914-15 കാലഘട്ടത്തില്‍ ഹെഗലിനെ ആഴത്തില്‍ പഠിച്ചതിന് ശേഷം ലെനിന്റെ മാര്‍ക്സ് വായനയില്‍ മാറ്റമുണ്ടായെന്ന് ഏണസ്റ്റ് ബ്ലോക്കിനെപ്പോലുള്ളവര്‍ പറയുന്നുണ്ട്. മാത്രമല്ല ഹെഗലിന്റെ തര്‍ക്കശാസ്ത്രം കൃത്യമായി പഠിക്കാത്തതാണ് മൂലധനം വായിക്കുന്നവരുടെ മുന്നിലുള്ള തടസ്സമെന്ന് ലെനിന്‍ തന്നെ പിന്നീട് പറഞ്ഞിട്ടുമുണ്ട്. ഹെഗലിന്റെ വായന മാര്‍ക്സിനെ തിരിച്ചറിയാന്‍ അനിവാര്യമാണെന്ന് ലെനിനും ലെനിന്‍ വായിക്കാതെ മൂലധനം ഇന്ന് വായിച്ചിട്ട് കാര്യമില്ലെന്ന് ആല്‍തൂസറും പറയുന്നു!

വിഭിന്ന തത്വചിന്തകള്‍ എപ്പോഴും പരസ്പരം ബന്ധപ്പെടണമെന്നില്ല. എന്നാല്‍ സാഹിത്യത്തിലും ശാസ്ത്രത്തിലുമെന്നപോലെ തത്വചിന്തക്കും ഒരു തുടര്‍ച്ചയുണ്ട്. "ആധുനികത" ഉണ്ടാവാതെ സാഹിത്യലോകത്ത് "ആധുനികോത്തരത" ഉണ്ടാവാന്‍ സാധ്യമല്ലല്ലോ. അതുപോലെ തന്നെയാണ് തത്വചിന്തയിലും മിക്കവാറും പദ്ധതികള്‍ ഉണ്ടാവുന്നത്. സോക്രട്ടീസില്ലാതെ പ്ലാറ്റോയോ അരിസ്റ്റോട്ടിലോ ഇല്ലെന്നപോലെ, വേദങ്ങളില്ലാതെ വേദാന്തമില്ലെന്നപോലെ, ഹെഗലില്ലാതെ മാര്‍ക്സിനെ കാണാന്‍ കഴിയില്ല. മാര്‍ക്സില്ലാതെ ലെനിനെയോ, മൗവിനെയോ കാണാനും പറ്റില്ല. ഇത്തരത്തിലുള്ള ചിന്തകളുടെ വളര്‍ച്ചയും പരിമിതിയും തിരിച്ചറിയേണ്ടത് ലോകത്തെ മാറ്റിത്തീര്‍ക്കാന്‍ അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷ ദാര്‍ശനികര്‍ വെച്ചുപുലര്‍ത്തുന്നത്. അതുകൊണ്ടാണ് വിപ്ലവ പ്രവര്‍ത്തനത്തിന്റെ തീച്ചൂളയില്‍ ഇരിക്കുമ്പോഴും ശത്രുക്കളുടെ വെടിയുണ്ടകള്‍ പ്രതീക്ഷിക്കുമ്പോഴും ലെനിന്‍ ഹെഗലിനെ വായിക്കാന്‍ , ആഴത്തില്‍ അപഗ്രഥിക്കാന്‍ സമയം കണ്ടെത്തുന്നത്. ഇന്ന് നാം പറഞ്ഞുശീലിച്ച ലളിതവല്‍ക്കരണങ്ങള്‍ക്കപ്പുറമായിരുന്നു ലെനിന്റെ നിരീക്ഷണങ്ങള്‍ . ലെനിന്റെ ഉദ്യമത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ദാര്‍ശനികരോടും മുന്നണിപ്പോരാളികളോടും ആല്‍തൂസര്‍ ഇങ്ങനെ പറയുന്നു:

"ഒന്നര ശതാബ്ദം കഴിഞ്ഞിട്ടും, ആര്‍ക്കും ഹെഗലിനെ മനസ്സിലായിട്ടില്ല. കാരണം "മൂലധനം" പൂര്‍ണമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യാതെ ഹെഗല്‍ മനസ്സിലാക്കാന്‍ സാധ്യമല്ല." (Lenin and Philosophy. പു. 83). വായന ഇന്ന് ഗൗരവമായ പ്രവര്‍ത്തനമാണെന്ന് തിരിച്ചറിവുണ്ടായിട്ടുണ്ട്. അലസവായന സൈദ്ധാന്തികവും ശാസ്ത്രീയവുമായ രചനകളുടെ കാര്യത്തില്‍ മാത്രമല്ല സാഹിത്യത്തിന്റെ കാര്യത്തില്‍ പോലും ധൈഷണികമായ ചലനങ്ങള്‍ ഉണ്ടാക്കില്ല. അതുകൊണ്ടാണ് വായന മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന, അപഗ്രഥനവും ഉദ്ഗ്രഥനവും ആവശ്യപ്പെടുന്ന ഉത്തരവാദിത്തപൂര്‍ണമുള്ള പ്രവര്‍ത്തനമായി മാറുന്നത്. മാര്‍ക്സില്‍നിന്ന് ഹെഗലിലേക്കും ഹെഗലില്‍നിന്ന് മാര്‍ക്സിലേക്കും വായന സഞ്ചരിക്കുന്നതുപോലെ ഇപ്പോള്‍ ലോകം വിപ്ലവത്തിന്റെ പടിവാതില്‍ക്കലാണെന്ന് തിരിച്ചറിയാന്‍ ലെനിന്റെ വായന സിസക് നിര്‍വഹിക്കുന്നതും ഇതുമായി ചേര്‍ത്ത് കാണേണ്ടതാണ്.

സിസക്കിന്റെ `Revolution at the Gates'' എന്ന കൃതി യഥാര്‍ഥത്തില്‍ ലെനിന്റെ ഏതാനും രചനകളുടെ സമാഹാരവും അവയെ മുന്‍നിര്‍ത്തിയുള്ള അന്വേഷണവുമാണ്. അച്ചടിച്ച കടലാസ് നോക്കി രചനക്ക് മാര്‍ക്കിടുന്ന നിരൂപണമാണ് ഇവിടെ പലപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഴാക് ദറിദയെ മാര്‍ക്സിനെ അപനിര്‍മിക്കാനായിരുന്നു കാലിഫോര്‍ണിയ സര്‍വകലാശാലയിലേക്ക് ക്ഷണിച്ചത്. "അടിയന്തര കല്പന"യെന്നോണമുള്ള നേരിട്ടുള്ള ക്ഷണമായിരുന്നു അതെന്നും "മാര്‍ക്സിന്റെ ഭൂതങ്ങള്‍" (Spectres of Marx)അവരുടെ ക്ഷണത്തോടുള്ള പ്രതികരണമായിരുന്നെന്നും ദറിദ പിന്നീട് പറയുന്നുണ്ട് ((Marx and sons). "Whither Marxism'' എന്ന പ്രഭാഷണപരമ്പരയാണ് അവിടെ സംഘടിപ്പിക്കപ്പെട്ടിരുന്നത്. ദറിദയുടെ പതിവ് രീതിയനുസരിച്ച് ഏത് പാഠവും അപനിര്‍മിക്കുന്നതിലൂടെ അതിനകത്ത് അന്തര്‍ഭവിച്ചതും ബോധപൂര്‍വമല്ലെങ്കിലും ഒളിഞ്ഞിരിക്കുന്നതുമായ അതിഭൗതിക തലങ്ങളും സാമൂഹിക വിരുദ്ധമോ, ജനാധിപത്യ വിരുദ്ധമോ, പുരോഗമന വിരുദ്ധമോ ആയ ആശയങ്ങളും അനാവരണംചെയ്യുന്ന സ്വഭാവമാണ് പ്രകടിപ്പിക്കാറുള്ളത്. എന്നാല്‍ പതിവിന് വിരുദ്ധമായി ദറിദ അദ്ദേഹത്തിന്റെ സ്വതഃസിദ്ധമായ പ്രത്യേക ശൈലിയില്‍ പുതിയ ഇന്റര്‍നാഷണലിന്റെ അനിവാര്യതയിലേക്ക് ശ്രോതാക്കളെ ക്ഷണിക്കുകയാണ് ചെയ്തത്. ഈ കൃതിയെക്കുറിച്ച് ഫ്രഡറിക് ജയിംസണ്‍ പറയുന്നതിപ്രകാരമാണ്:

``Derrida''s new book is more than an intervention: it wishes to be a provocation, first and foremost of what he calls a new Holy Alliance whose attempt defenitively to bury Marx is here answered by a call for a new international (Ghostly Demarcations of 26)
മാനിഫെസ്റ്റോവില്‍ മാര്‍ക്സും എംഗല്‍സും നിരീക്ഷിക്കുന്നപോലെ ഒരു "വിശുദ്ധ കൂട്ടുകെട്ട്" വീണ്ടും യൂറോപ്പില്‍ രൂപപ്പെട്ടത് ദറിദ തിരിച്ചറിയുകയാണ്. `Whither'' എന്നതിന് എങ്ങോട്ട്, "എവിടേക്ക്", എന്നെല്ലാം അര്‍ഥമുണ്ട്.

സംഘാടകരുടെ അടിയന്തര കല്പന (urgent injunction) എന്തിനാണെന്ന് ദറിദക്ക് മാത്രമല്ല നമുക്കും മനസ്സിലാക്കാന്‍ വിഷമമില്ല. ദറിദയാണെങ്കില്‍ പ്രഭാഷണ പരമ്പരക്ക് നല്‍കിയ ഉപശീര്‍ഷകം The state of the Debt, the work of Mourning and the new International എന്നാണ്. മാര്‍ക്സിസം അവസാനിച്ചെന്നും അതിനാല്‍ ഒരിക്കല്‍കൂടി "വിലാപഗാനം" ചൊല്ലി പിരിയാമെന്നുമുള്ള (കാലിഫോര്‍ണിയ സര്‍വകലാശാലയിലെ) സെമിനാര്‍ സംഘാടകരുടെ ഇഛക്ക് വിപരീതമായി ലോകം കടക്കെണിയിലാണെന്നും മുതലാളിത്തത്തില്‍ നിന്നുള്ള വിമോചനം മാത്രമാണ് മാര്‍ക്സിസന്റെ മരണാനന്തര സ്മരണയില്‍ തെളിയുന്നതെന്നും വ്യക്തമാക്കാനാണ് ദറിദ അദ്ദേഹത്തിന്റെ രണ്ടുദിവസത്തെ പ്രബന്ധങ്ങളും ഉപയോഗിച്ചത്. ദറിദയുടെ രീതിശാസ്ത്രത്തോട് വിയോജിപ്പുള്ള മാര്‍ക്സിസ്റ്റ് നിരൂപകര്‍ മുതല്‍ തീവ്രവലതുപക്ഷ ദാര്‍ശനികര്‍വരെ മാര്‍ക്സിന്റെ ഭൂതങ്ങള്‍ പ്രകാശിപ്പിക്കുന്ന പുതിയ ഭാവമാറ്റത്തില്‍ അത്ഭുതം പ്രകടിപ്പിച്ചു. ഇങ്ങനെ വികാരപ്രകടനം നടത്തിയ മാര്‍ക്സിസ്റ്റ് നിരൂപകര്‍ക്കുള്ള മറുപടിയില്‍ ഒരു കാര്യം ദറിദ കൃത്യമായി ഉറപ്പിച്ചു പറഞ്ഞു: ``I do not consider myself either a post structuralist or a postmodernist. I have often explained why I almost never use these words, except to say that they are inadequate to what I am trying to do. I have never spoken of the announcement of the end of all meta narratives,'' (Ghostly Demarcations, പു. 229) തീര്‍ച്ചയായും ദറിദ ഒരു ദാര്‍ശനികനായതിനാല്‍ സ്വയം വികസിപ്പിച്ച അപനിര്‍മാണമെന്ന് വിളിക്കാവുന്ന വ്യാഖ്യാന രീതിയാണ് എപ്പോഴും എഴുത്തില്‍ അവലംബിക്കുന്നത്. ഒരു കവിയോട് നിങ്ങളെന്താണ് നോവലെഴുതാത്തതെന്ന് ചോദിക്കുന്നതുപോലെ ദറിദയുടെ "മാര്‍ക്സിന്റെ ഭൂതങ്ങള്‍" എഴുതേണ്ടത് മറ്റേതെങ്കിലും വിധത്തിലാണെന്ന് ആര്‍ക്കും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും അത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്ക് ഇന്ന് വലിയ വില കല്‍പ്പിക്കാന്‍ കഴിയില്ല.

ദറിദ ഒരു കാര്യം തുറന്നു പറയുന്നു: മാര്‍ക്സിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ തയ്യാറാക്കുമ്പോള്‍ "അധ്വാനം" മാത്രമല്ല "വേദന"യും അനുഭവിച്ചിട്ടുണ്ട്. എല്ലാ സര്‍ഗാത്മക ആവിഷ്കാരങ്ങളിലും അന്തര്‍ഭവിച്ച വേദന തന്നെയാണ് ദറിദയും അനുഭവിച്ചത്. അതുകൊണ്ട് മാര്‍ക്സിന്റെ പുത്രന്മാരെപ്പോലെ നമ്മളെല്ലാം മാര്‍ക്സിന്റെ അവകാശികളാണെന്ന് പറയുമ്പോള്‍ (സ്ത്രീകളെ ഒഴിവാക്കിയത് തെറ്റ് തന്നെയാണ്) എല്ലാവര്‍ക്കും അവകാശപ്പെട്ട, ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയാത്ത, ഒരു ദായസ്വത്തായി മാര്‍ക്സിന്റെ രചനകളെയും അതുല്പാദിപ്പിച്ച ഫലങ്ങളെയും ദറിദ കാണുകയാണ്. സന്ധി ഇളകിയ പുതിയ കാലം ആവശ്യപ്പെടുന്ന മുതലാളിത്ത വിരുദ്ധ സമരം മാര്‍ക്സില്‍നിന്ന് മാത്രമാണ് പ്രചോദനം ഉള്‍ക്കൊള്ളുന്നതെന്ന് അപനിര്‍മാണ യുക്തിയുടെ ഭാഷയില്‍ പറയുകയാണ് ദറിദ ചെയ്തത്.

"മാര്‍ക്സിന്റെ ഭൂതങ്ങള്‍" ഒരു "സംയോജന"വും "പുനഃസംയോജനവും" ആയി വ്യാഖ്യാനിക്കുന്ന ഐജാസ് അഹമ്മദിന്റെ "കുറ്റസമ്മതം" ദറിദയെ അത്ഭുതപ്പെടുത്തുന്നു! വിമാനയാത്രയില്‍ തിരക്കിട്ട് വായിച്ചു പോയതാണെന്ന ഐജാസ് അഹമ്മദിന്റെ വാദം ഒരു പാഠത്തെ ഉപരിപ്ലവമായി വായിക്കുന്നതിന് ന്യായീകരണമാകില്ലെന്ന് ദറിദ ഓര്‍മിപ്പിക്കുന്നു. മാര്‍ക്സിനെ സ്മരിച്ചുകൊണ്ട് പ്രബന്ധം തയാറാക്കുമ്പോള്‍ ദറിദക്ക് വേദന അനുഭവപ്പെടുന്നത് മാര്‍ക്സിനോട് മാത്രമല്ല പുത്തന്‍ സാമ്പത്തിക ക്രമത്തില്‍ ശ്വാസംമുട്ടി അവസാനിക്കാന്‍ പോകുന്ന ജനതയോടും പ്രതിബദ്ധതയുള്ളതുകൊണ്ടാണ്. ദറിദ യൂറോപ്പില്‍നിന്നും (ഇതര രാജ്യങ്ങള്‍ക്കും ബാധകമാണ്) മുതലാളിത്തത്തെ - മുതലാളിത്ത ദുര്‍ഭൂതത്തെ - ഉച്ചാടനം ചെയ്യാന്‍ മാര്‍ക്സിന്റെ ആത്മാവ് തന്നെ തിരിച്ചുവരണമെന്ന് വാദിക്കുകയാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആമുഖത്തില്‍ മാര്‍ക്സും എംഗല്‍സും കമ്യൂണിസ്റ്റ് ഭൂതത്തെ സംബന്ധിക്കുന്ന "നഴ്സറിക്കഥ" അഭിമുഖീകരിക്കേണ്ട സമയം അതിക്രമിച്ചതായി പ്രഖ്യാപിക്കുന്നുണ്ട്. "കമ്യൂണിസ്റ്റ് ഭൂതത്തെ" ഒഴിപ്പിക്കാനാണ് എല്ലാ വലതുപക്ഷ - മൂലധന ശക്തികളും "പാവനസഖ്യ"ത്തിലേര്‍പ്പെട്ടത്. മുതലാളിത്തം ഭയപ്പെടുന്ന ഒരു ബാധയായി കമ്യൂണിസം 1847-48ല്‍ യൂറോപ്പില്‍ മാറിയെന്ന തിരിച്ചറിവാണ് മാനിഫെസ്റ്റോയുടെ ആമുഖത്തില്‍ അവര്‍ പ്രകാശിപ്പിക്കുന്നത്. മുതലാളിത്തം പോലും തിരിച്ചറിയുകയും ഭയപ്പെടുകയും ചെയ്യുന്ന ഒരു "ബാധ"യായി കമ്യൂണിസം മാറിയത് കമ്യൂണിസ്റ്റുകാരും തൊഴിലാളികളും സ്വയം തിരിച്ചറിയണമെന്ന് മാനിഫെസ്റ്റോ ആഹ്വാനം ചെയ്യുന്നുണ്ട്.

ഹെഗലിന്റെ സത്താവാദ (Ontology) ത്തിന് പകരം കമ്യൂണിസത്തിന്റെ ബാധാശാസ്ത്രം (Hauntology)യാണ് യൂറോപ്പിലെ മുതലാളിത്തത്തെ അന്നും ഇന്നും ഭയപ്പെടുത്തുന്നതെന്ന നിരീക്ഷണമാണ് ദറിദ മുന്നോട്ട് വെക്കുന്നത്. ഓണ്ടോളജിക്ക് പകരം ഹോണ്ടോളജി എന്നത് വെറും ആലങ്കാരിക പ്രയോഗമായല്ല ഉപയോഗിച്ചത്. മറിച്ച് മുതലാളിത്ത ശക്തികള്‍ മാര്‍ക്സിന് ശേഷം എന്നും ഉച്ചാടനം ചെയ്യാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു "ദൃശ്യ-അദൃശ്യ" സാന്നിധ്യമായി മാര്‍ക്സിസം നിലനില്ക്കുന്നു! സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളും തകരുകയും പല രാജ്യങ്ങളിലും കമ്യൂണിസ്റ്റ്പാര്‍ടികള്‍ പിരിച്ചുവിടുകയും ചെയ്തപ്പോഴും പാശ്ചാത്യ ഭരണകൂടങ്ങള്‍ മാര്‍ക്സിന്റെ തിരിച്ചുവരവ് ഭയപ്പെട്ടുകൊണ്ടേ ഇരുന്നു. ഈ ഭയത്തെയാണ് ദറിദ പ്രശ്നവല്‍ക്കരിക്കുന്നത്.

മാര്‍ക്സിന് ഷെക്സ്പിയര്‍ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. മാത്രമല്ല ഷെക്സ്പിയറോടുള്ള അമിത താല്പര്യം "ഷെക്സ്പിയര്‍ വായിക്കുന്ന" ഒരു സംഗമം തന്നെ മാര്‍ക്സിന്റെ വീട്ടില്‍ പതിവായി നടക്കുന്നതിന് കാരണമായത് സുവിദിതമാണ്.മാര്‍ക്സിനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടുകൂടി പുനര്‍വായിക്കാന്‍ വൈകിപ്പോയതില്‍ ദറിദ കുറ്റബോധം പ്രകടിപ്പിക്കുന്നുണ്ട്. വൈകിയാണെങ്കിലും വായിച്ചപ്പോള്‍ ബോധ്യമായ കാര്യം നമ്മുടെ ചരിത്രസന്ദര്‍ഭം - ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ -മാര്‍ക്സില്‍ നിന്നാണ് പാഠം പഠിക്കേണ്ടതെന്നാണ്. ഇപ്പോര്‍ മാര്‍ക്സിന്റെ രചനകളേക്കാള്‍ അടിയന്തരമായി ആവശ്യമുള്ള (പ്രസക്തിയുള്ള) മറ്റൊരു ദാര്‍ശനികനെയും കാണാന്‍ പറ്റുന്നില്ലെന്നാണ് ദറിദ പറയുന്നത്. ഇപ്പോള്‍ മാത്രമല്ല വരുംകാലവും മാര്‍ക്സിലാണ് ദറിദ പ്രതീക്ഷ അര്‍പ്പിക്കുന്നത്.

"മാര്‍ക്സില്ലാതെ ഭാവിയില്ല. ഷെക്സ്പിയറുടെ ഹാംലറ്റ് തുടങ്ങുന്നത് പിതാവിന്റെ പ്രേതത്തെ സംബന്ധിക്കുന്ന സംവാദത്തോടു കൂടിയാണ്. ഹാംലെറ്റ് പിതാവിന്റെ കാണാത്ത പ്രേതത്തെ അനുഗമിക്കുമ്പോള്‍ മാര്‍സെലസ് പ്രഖ്യാപിക്കുന്നത് "ഡന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്നാണ്". മാര്‍ക്സിസം മരിച്ചെന്ന് കരുതുന്നവരോട് അദൃശ്യമായ മാര്‍ക്സിന്റെ പ്രേതം നിങ്ങളെ പിന്തുടരുന്നത് മുതലാളിത്തം ചീഞ്ഞുനാറുന്നതുകൊണ്ടാണെന്ന് ഓര്‍മിപ്പിക്കുകയാണ് ദറിദ ഈ കൃതിയില്‍ ചെയ്യുന്നത്. "അടയാളപ്പെടുത്തുക - ഞാന്‍ നിന്റെ പിതാവിന്റെ ആത്മാവാണ്" എന്ന് ഹാംലറ്റിന്റെ ചെവിയില്‍ മുഴങ്ങുന്നതുപോലെ മുതലാളിത്ത ജീര്‍ണതയില്‍ മുങ്ങിത്താഴുന്ന ജനങ്ങള്‍ കേള്‍ക്കുന്നത് അഥവാ കാണുന്നത് മാര്‍ക്സിന്റെ ആത്മാവാണ്. മാര്‍ക്സിന്റെ ആത്മാവ് എന്നാല്‍ ചൈതന്യം എന്നും അര്‍ഥമുണ്ട്. ദറിദ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്: `By spirit here I mean a certain power of transformation, the spirit works'' എന്നാണ്. അതായത് പരിവര്‍ത്തനത്തിനുള്ള നിശ്ചിത ശേഷിയാണ് ഇവിടെ ആത്മാവ് അഥവാ ചൈതന്യം. ഒരു രചനയുടെ ആത്മാവ് എന്ന് പറയുമ്പോള്‍ നമ്മള്‍ സാധാരണ ഉദ്ദേശിക്കുന്നത് ആ കൃതി ഉണ്ടാക്കുന്ന മുഖ്യവികാരമാണ്. ഇവിടെ "സ്പിരിറ്റ്" ഒരു വികാരവും, ആവേശവും പരിവര്‍ത്തനത്തിനുള്ള ഊര്‍ജവുമാണ്. ഹാംലറ്റ് മുന്നോട്ട് നീങ്ങുന്നതിന് ഒരു "അദൃശ്യസാന്നിധ്യം" തുണയാവുന്നുണ്ട്. ആ അദൃശ്യസാന്നിധ്യം സ്വന്തം പിതാവിന്റെ ആത്മാവാണ്.

"കാലം സന്ധി ഇളകിയിരിക്കുന്നു - ശപിക്കപ്പെട്ട മാത്സര്യമേ, ഞാന്‍ ഇത് നേരെയാക്കാന്‍ ജനിക്കപ്പെട്ടവനാണ്!" - അതെ, വരൂ, നമുക്ക് ഒന്നിച്ചുപോകാം".

ഹാംലറ്റിന്റെ ഈ സംഭാഷണം ഒരു കെട്ട കാലത്തെയാണ് ഓര്‍മിപ്പിക്കുന്നത്. (ഹാംലറ്റ് പിതാവിന്റെ പ്രേതത്തെ പിന്തുടര്‍ന്ന് പോകാന്‍ ഭാവിക്കുമ്പോള്‍ മാര്‍സെലസ് പ്രഖ്യാപിക്കുന്നത്:"ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെ"ന്നാണ്). ഒരുവശത്ത് കെട്ട കാലവും ഭരണകൂടവും മറുവശത്ത് പ്രതീക്ഷയുടെ അദൃശ്യമായ കിരണങ്ങളും ഹാംലറ്റിനെ പിന്തുടരുകയാണ്. വളരെക്കാലമായി ഇത്തരം "അദൃശ്യമായ ഒരു ചൈതന്യം" തന്നെയും പിന്തുടരുന്നതായി ദറിദക്ക് തോന്നുന്നു.

കെട്ട കാലമെന്നും സന്ധിയിളകിയ കാലമെന്നും വിശേഷിപ്പിക്കുന്ന വര്‍ത്തമാന ജീവിതാവസ്ഥയെക്കുറിച്ച് ദറിദ പറയുന്നത് "ഭൂമിയുടെയും മാനവികതയുടെയും ചരിത്രത്തില്‍ ഒരിക്കലും ഇതുപോലെ ഹിംസാത്മകവും അസമത്വവും അവകാശനിഷേധവും ക്ഷാമവും സാമ്പത്തിക പീഡനവും ഇത്രമാത്രം മനുഷ്യരെ ബാധിച്ചിട്ടില്ല" (Specters, പു. 85) എന്നാണ്. അതുകൊണ്ടാണ് മാര്‍ക്സില്ലാതെ ഭാവിയില്ലെന്നും, മാര്‍ക്സിന്റെ ആത്മാവ് അഥവാ മാര്‍ക്സിസത്തിന്റെ ചൈതന്യം അതിരുകളില്ലാത്ത ഒരു പുതിയ "ഇന്റര്‍നാഷണലിന്റെ" രൂപീകരണത്തിനും കൂട്ടായ്മക്കും പ്രചോദനമാകുമെന്നും അദ്ദേഹം പ്രവചിക്കുന്നത്.
(to be continued)

*
ഡോ. പി കെ പോക്കര്‍

രണ്ടാം ഭാഗം ഇവിടെ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"ഉത്സവങ്ങള്‍ വിലകുറഞ്ഞതാണ്. അര്‍ഥപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പില്‍ക്കാലത്ത് ഉണ്ടാവുക." നവ ഉദാരവാദത്തിന്റെ കമ്പോള ലഹരിയില്‍നിന്നും ഗൗരവമായ ഇടപെടലിന്റെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അമേരിക്കന്‍ ജനത സ്വന്തം നാടിന് ഒരാത്മാവുണ്ടെന്ന് വിളിച്ചുപറയുന്നത് സിസക്കിനെ മാത്രമല്ല വിമോചനം സ്വപ്നം കാണുന്ന മുഴുവന്‍ ജനങ്ങളെയും ആവേശഭരിതരാക്കുകയാണ്.