Monday, December 19, 2011

സിസക്ക് ലെനിന്‍ വായിക്കുമ്പോള്‍ ലോകം വിപ്ലവച്ചൂടിലേക്ക് 2

ഒന്നാം ഭാഗം ഇവിടെ

ദറിദ അവസാനിപ്പിക്കുന്ന സന്ദര്‍ഭത്തിലാണ് സിസക് തുടങ്ങുന്നത്. മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം ക്ലേശകരവും സങ്കീര്‍ണവുമായ കാലമായതുകൊണ്ട് പ്രായോഗികവും താത്വികവുമായ ഇടപെടലിനും ബുദ്ധിമുട്ടുണ്ട്. സന്ധി ഇളകിയ ഒരു ചരിത്രഘട്ടത്തില്‍ ഏതുവിധമാണ് ചൂഷണകേന്ദ്രിതമായ മുതലാളിത്തത്തെ നേരിടുക എന്നതാണ് പ്രശ്നം. എന്നാല്‍ ഏത് കാലത്തും ഇതുപോലുള്ള പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സിസക് ലെനിനെ മുന്‍നിര്‍ത്തി കാണിച്ചുതരുന്നത്. 1917ല്‍ വളരെ എളുപ്പത്തില്‍ ഒരു തൊഴിലാളിവര്‍ഗ വിപ്ലവമുണ്ടായതാണെന്ന് നമ്മള്‍ തെറ്റിദ്ധരിക്കേണ്ടതില്ല. പ്രയോഗത്തിന്റെ മണ്ഡലത്തിലും സൈദ്ധാന്തിക തലത്തിലും വലിയ പ്രയാസങ്ങളും പ്രതിസന്ധികളും വിപ്ലവകാരികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.

1914ല്‍ ലെനിന്‍ കമനേവിനയച്ച കത്തില്‍നിന്ന് തന്നെ ഇക്കാര്യം വ്യക്തമാകുന്നു: "അവരെന്നെ കൊന്നെങ്കില്‍ , എന്റെ നോട്ടുപുസ്തകം പ്രസിദ്ധീകരിക്കണമെന്നാ"ണ് ഞാന്‍ നിങ്ങളോട് ആ്വശ്യപ്പെടുന്നത്. മാര്‍ക്സിസവും ഭരണകൂടവും (സ്റ്റോക്ഹോമില്‍ കുടുങ്ങിയത്) അത് നീല കവറിട്ടതാണ്. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ഉദ്ധരണികളും അതുപോലെ പാതി കോകിനെതിരായി കൗട്സ്കിയുടേതുമായ സമാഹാരവുമാണ്". (പു.5) സംഘടനക്കകത്ത് തന്നെ ധീരമായ നിലപാട് സ്വീകരിക്കാനും പ്രത്യക്ഷ യാഥാര്‍ഥ്യത്തിനപ്പുറം വിപ്ലവ പ്രവര്‍ത്തനം വിഭാവനം ചെയ്യാനും സാധിച്ചതാണ് ലെനിന്റെ നേതൃത്വത്തിന്റെ സവിശേഷതയായി സിസക് കാണുന്നത്. ഒരുതരം "ഉട്ടോപ്യ"യായി തോന്നുന്ന സമീപനമാണ് ലെനിന്‍ മുന്നോട്ട് വെച്ചത്.

വിപ്ലവത്തിന് എന്നും അങ്ങനെ ഒരു സ്വഭാവ വിശേഷം കൂടിയുണ്ട്. നിലനില്ക്കുന്ന യാഥാര്‍ഥ്യത്തിനകത്ത് മാത്രം ചിന്തിച്ചാല്‍ ഒരു "വിഛേദം" പലപ്പോഴും അസാധ്യമായിരിക്കും. "ഇരുപത് ദശലക്ഷമില്ലെങ്കിലും പത്ത് ദശലക്ഷമെങ്കിലും ജനങ്ങളെ ഉള്‍പ്പെടുത്തി പെട്ടെന്ന് തന്നെ ഒരു "ഭരണകൂട ഉപകരണം" ചലിപ്പിക്കണം" (ലെനിന്‍). 1917ലെ ഏപ്രില്‍ തിസീസ് ലെനിന്‍ അവതരിപ്പിച്ചപ്പോള്‍ ഭൂരിപക്ഷം ആദ്യം അതിനെ പാര്‍ടിക്കകത്ത് സ്വീകരിക്കാതിരുന്നത് സിസക് നിരീക്ഷിക്കുന്നു. ഭ്രമാത്മകമായ സമീപനമായി ഏപ്രില്‍ തിസീസിനെ പലരും കണ്ടിരുന്നു. 1917 ഫെബ്രുവരിയിലെ ആദ്യവിപ്ലവത്തിനും ഒക്ടോബര്‍ വിപ്ലവത്തിനുമിടയിലുള്ള കാലഘട്ടത്തിലെ ലെനിന്റെ എഴുത്തുകളില്‍നിന്നും അതുല്യമായ വിപ്ലവത്വരയും നേതൃപാടവവും മാത്രമല്ല തൊഴിലാളിവര്‍ഗ വിപ്ലവത്തെ സംബന്ധിക്കുന്ന ദീര്‍ഘവീക്ഷണവും മനസ്സിലാക്കാമെന്നാണ് സിസക് സിദ്ധാന്തിക്കുന്നത്. 1917 ഫെബ്രുവരിയില്‍ വിപ്ലവത്തിനുള്ള വലിയ സാധ്യത ലെനിന്‍ കാണുകയാണ്. മാത്രമല്ല അന്നത്തെ സാധ്യത ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് ദശാബ്ദങ്ങളോളം അവസരം തകര്‍ക്കപ്പെടാമെന്നും ലെനിന്‍ നിരീക്ഷിക്കുന്നു. വിപ്ലവം യഥാര്‍ഥത്തില്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടത് റഷ്യയിലെ വന്‍ നഗരങ്ങളിലുടനീളം പാര്‍ടി ലോക്കല്‍കമ്മിറ്റികള്‍ ഉയര്‍ന്നുവന്നതു കൊണ്ടാണെന്ന് സിസക് നിരീക്ഷിക്കുന്നു. ഔപചാരികമായി രൂപപ്പെട്ട "സര്‍ക്കാരില്‍" നിന്നും വിഭിന്നമായി ജനങ്ങള്‍ക്കിടയില്‍ നിന്നും അവര്‍ക്കുവേണ്ടി പാര്‍ടി ലോക്കലുകള്‍ ഉണ്ടായതും ഉണ്ടാക്കിയതും ലെനിന്റെ പ്രത്യേകമായ ഇടപെടലിന്റെ ഫലം കൂടിയായിരുന്നു.

ഫെബ്രുവരി 1917ന് ശേഷം സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണം അവസാനിക്കുക മാത്രമല്ല "മുഴുവന്‍ യൂറോപ്പിലും വെച്ച് ഉയര്‍ന്ന ജനാധിപത്യ രാജ്യമായി, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ജനമുന്നേറ്റത്തിലൂടെയും, സംഘടിക്കാനും പത്രപ്രവര്‍ത്തനം നടത്താനും സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട് മാതൃകയായി. ഈ സന്ദര്‍ഭത്തില്‍ ലെനിന്റെ ലിഖിതങ്ങള്‍ വിപ്ലവത്തില്‍ മാത്രമല്ല ഭാവനാത്മക സ്വാതന്ത്ര്യസങ്കല്പത്തിന്റെ വിസ്ഫോടാത്മക സാധ്യതയിലും ഊന്നല്‍ നല്‍കുന്നതായി കാണാവുന്നതാണ്. പഴയ ഭരണകൂട ഉപകരണങ്ങള്‍കൊണ്ട് സ്വാതന്ത്ര്യവും നീതിയും സാക്ഷാത്കരിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. ഫ്രഞ്ച് വിപ്ലവത്തില്‍ 1789ഉം 1793ഉം വ്യത്യസ്തമായ മാനങ്ങളാണ് വിപ്ലവത്തിന് നല്‍കുന്നത്. വിപ്ലവം പൂര്‍ത്തീകരിക്കുന്നത് രണ്ടാമത്തെ ഘട്ടത്തില്‍ മാത്രമാണ്. ആദ്യത്തേത് ഹെഗലിയന്‍ രീതിയിലുള്ള "നിഷേധത്തിന്റെ നിഷേധം" എന്ന അവസ്ഥ മാത്രമാണ്. അതിനുശേഷം മുതലാളിത്തത്തിന്റെ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ രൂപം പോലും തകര്‍ക്കുന്ന രണ്ടാം വിപ്ലവമാണ് യഥാര്‍ഥത്തില്‍ സോഷ്യലിസം സാധ്യമാക്കുന്നത്. അതേസമയം രണ്ടാമത്തേതിനെ ഭയപ്പെടുന്നവര്‍ "വിപ്ലവമില്ലാത്ത വിപ്ലവത്തെ"ക്കുറിച്ചാണ് സംസാരിക്കുന്നത്. "കാത്തിരിപ്പ്" സിദ്ധാന്തത്തോട് ലെനിന് യോജിപ്പുണ്ടായിരുന്നില്ല. കാത്തിരിക്കുന്നവര്‍ എപ്പോഴും കാത്തിരിക്കുക തന്നെ ചെയ്യും. ബൂര്‍ഷ്വാ ജനാധിപത്യ വ്യവസ്ഥക്ക് ഒരിക്കലും അതിജീവിക്കാന്‍ കഴിയില്ല.

"ഒരു സാഹചര്യത്തിലും നാട്ടിന്‍പുറങ്ങളില്‍ പെട്ടെന്ന് തന്നെ പൂര്‍ണമായ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കരുത്. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കമ്യൂണിസത്തിന് വേണ്ട ഭൗതികാടിത്തറ ഇല്ലാത്ത കാലത്തോളം അങ്ങനെ ചെയ്യുന്നത് ഞാന്‍ പറയുകയാണ്, കമ്യൂണിസത്തിന് ഹാനികരമാണ്; യഥാര്‍ഥത്തില്‍ ഞാന്‍ വീണ്ടും പറയുകയാണ്, മാരകവും ആയിരിക്കും" (പു.9). ഈ താക്കീത് ലെനിന്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് വലിയ ദീര്‍ഘവീക്ഷണത്തോടുകൂടിയാണ്. ഒരു ജനതയെ വെറും താല്‍ക്കാലികമായ ഇടപെടലുകളിലൂടെ കമ്യൂണിസ്റ്റ് സമൂഹമാക്കി മാറ്റാനാവില്ല. മാത്രമല്ല അങ്ങനെ ചെയ്യുന്നത് പില്‍ക്കാലത്ത് വിപരീത ഫലവും ഉല്പാദിപ്പിക്കും. ലെനിന്റെ വൈരുധ്യാത്മക സമീപനം തിരിച്ചറിയേണ്ടതും ഇന്നത്തെ ആഗോള പരിതോവസ്ഥയില്‍ ഉപയുക്തമാക്കേണ്ടതുമാണ്. ലെനിന്‍ ഒരുവശത്ത് "ചരിത്രപരമായ അനിവാര്യത" സമയമാകുമ്പോള്‍ സംഭവിക്കുമെന്ന് കരുതുന്നവരോട് വിയോജിക്കുന്നു. മറുഭാഗത്ത് പൂര്‍ണരൂപത്തിലുള്ള കമ്യൂണിസ്റ്റാശയങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ ഭൗതിക സാഹചര്യങ്ങള്‍ അനുകൂലമാകുന്നതുവരെ കാത്തിരിക്കണമെന്നും ഉദ്ഘോഷിക്കുന്നു. വിപ്ലവാനന്തരം വിദ്യാഭ്യാസവും വികസനവും പോലുള്ള വിഷയങ്ങളില്‍ സ്വീകരിക്കേണ്ട തുടര്‍ച്ചയും റഷ്യയുടെ അന്നത്തെ പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ട് നടത്തേണ്ട പരിഷ്കരണവും ലെനിന്‍ ഉറപ്പിച്ച് പറയുന്നുണ്ട്. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെപോലെ നാഗരികതയില്‍ മുന്നേറാന്‍ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും പത്തിരട്ടി പ്രചോദനം നല്‍കുന്നതിനെക്കുറിച്ച് ലെനിന്‍ സംസാരിക്കുന്നുണ്ട്. "സോഷ്യലിസവും വര്‍ഗസമരവും ഒന്ന് മറ്റൊന്നില്‍ നിന്നല്ല മറിച്ച് ഒപ്പത്തിനൊപ്പം ഉണ്ടാവുന്നതാണ്. ഓരോന്നും വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഉയര്‍ന്നുവരുന്നത്... ശാസ്ത്രത്തിന്റെ വാഹകന്‍ തൊഴിലാളി വര്‍ഗമല്ല, മറിച്ച് ബൂര്‍ഷ്വാ ബുദ്ധിജീവികളാണ്.. അതുകൊണ്ട്, സോഷ്യലിസ്റ്റ് ബോധം തൊഴിലാളിവര്‍ഗത്തിനകത്ത് സ്വമേധയാ ഉണ്ടാവുന്നതല്ല, മറിച്ച് തൊഴിലാളി വര്‍ഗ വിപ്ലവത്തിലേക്ക് പുറത്തുനിന്ന് നല്‍കേണ്ടതാണ്" (ലെനിന്‍ , എന്തുചെയ്യണം). ഇവിടെ രണ്ട് കാര്യങ്ങളാണ് മുഖ്യമായി ആഗോളവല്‍ക്കരണ ഭൗതിക സാഹചര്യത്തില്‍ ലെനിന്റെ പാഠമായി സിസക് കാണുന്നത്. ഒന്ന് ചരിത്രത്തിന്റെ അന്ത്യമെന്നും പ്രത്യയശാസ്ത്രത്തിന്റെ അന്ത്യമെന്നും ഉദ്ഘോഷിക്കുന്ന ഇന്നത്തേതിനേക്കാള്‍ വിപ്ലവ സാധ്യത കുറഞ്ഞതും, തൊഴിലാളി വര്‍ഗം ദുര്‍ബലമായതുമായ സന്ദര്‍ഭത്തിലാണ് ലെനിന്‍ ധീരമായി വിപ്ലവമുന്നേറ്റത്തിന് ആര്‍ജവം പ്രകടിപ്പിച്ചത്. രണ്ടാമത്തേത് ലെനിന്റെ സംഘടനയെയും പാര്‍ടിയെയും സംബന്ധിക്കുന്ന (ണവമേ ശെ േീ യല റീില?) കാഴ്ചപ്പാടിന് ഇന്ന് പുതിയ പ്രസക്തി ഉണ്ടായിരിക്കയാണ് (പു. 310). മാര്‍ക്സില്‍ തുടങ്ങി ലെനിനില്‍ അവസാനിക്കേണ്ടതോ, അവസാനിക്കുന്നതോ അല്ല തൊഴിലാളി വര്‍ഗവിപ്ലവം. മുതലാളിത്തം മാര്‍ക്സ് തന്നെ പ്രവചിച്ചതുപോലെ മൂലധനത്തിന്റെ അതിരുകളില്ലാത്ത വ്യാപനത്തിലും ചംക്രമണത്തിലും നൈരന്തര്യം സൂക്ഷിച്ചുകൊണ്ട് മുന്നേറുമ്പോള്‍ സ്വയം ശവക്കുഴി സജ്ജമാക്കും. അതുകൊണ്ട് മുതലാളിത്തം സ്വയം തകരുമെന്ന് കരുതി കാത്തിരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍ . കമ്യൂണിസ്റ്റ് ഭൂതത്തെയാണ് സാമ്രാജ്യത്വം ഭയപ്പെടുന്നത്. ഇവിടെ സിസക് നടത്തുന്ന ഒരു നിരീക്ഷണം വളരെ പ്രസക്തമാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അവസാന ഭാഗത്തു നല്‍കിയ ലിസ്റ്റ് മാത്രം പരിശോധിച്ചാല്‍ തൊഴിലാളിവര്‍ഗ വിപ്ലവം ബൂര്‍ഷ്വാ ജനാധിപത്യത്തെ എങ്ങനെ പുരോഗമിപ്പിച്ചു എന്ന് മനസ്സിലാക്കാം. സിസക് എഴുതുന്നു: "ചുരുക്കത്തില്‍ , ഇന്നത്തെ "ബൂര്‍ഷ്വാ ജനാധിപത്യം" ഉദാരവാദത്തിന്റെ ആന്തരിക വികാസമല്ല, മറിച്ച് തൊഴിലാളിവര്‍ഗ വിപ്ലവത്തിന്റെ ഫലമാണ്." (സിസക്, പു. 302) അതായത് ഇന്ന് പൊതുസമ്മതി നേടിയ സാര്‍വത്രിക വോട്ടവകാശം, സൗജന്യ വിദ്യാഭ്യാസം, സാര്‍വത്രിക ആരോഗ്യസംരക്ഷണം, വൃദ്ധ സംരക്ഷണം, ബാലവേല അവസാനിപ്പിക്കല്‍ മുതലായ ബൂര്‍ഷ്വാ ജനാധിപത്യ വ്യവസ്ഥയില്‍ തന്നെ അംഗീകാരം നേടിയതും തകരുന്ന ക്ഷേമരാഷ്ട്ര സങ്കല്പങ്ങളുടെ ഭാഗമായി നിലനില്‍ക്കുന്നതുമായ മൂല്യങ്ങളെല്ലാം മുതലാളിത്ത വിരുദ്ധ ആശയ രൂപീകരണത്തിന്റെ ഭാഗമായാണ് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടത്. തീര്‍ച്ചയായും പിന്നീട് ഉയര്‍ന്നുവന്ന സാംസ്കാരിക വിശകലനങ്ങളും വിമര്‍ശനങ്ങളും വരുംകാല ഇടതുപക്ഷ സംസ്കാര രൂപീകരണത്തില്‍ നിര്‍ണായകമാണ്. സോഷ്യലിസം എന്നും സങ്കല്പമാണെന്ന വാദം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം ഉയര്‍ത്തിക്കൊണ്ടുവരുന്നത് സിസക് വിമര്‍ശിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഉദാര ജനാധിപത്യ മുതലാളിത്ത വ്യവസ്ഥ അനിശ്ചിതമായി തുടരുമെന്ന് കരുതുന്നതാണ് സാങ്കല്പികവാദം. നിലനില്‍ക്കാന്‍ പാടില്ലാത്ത ചൂഷണ വ്യവസ്ഥയാണ് മുതലാളിത്ത ജനാധിപത്യ വ്യവസ്ഥയെന്ന് തിരിച്ചിറിയാന്‍ കഴിയാത്തവരാണ് യൂറോപ്യന്‍മാര്‍ .

സാധ്യമായത് തടയുന്നത് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. മുതലാളിത്തം അവസാനിപ്പിക്കണമെന്ന് ചൂഷണവിധേയമാകുന്ന ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നുണ്ട്. നിലനില്ക്കുന്ന സാധ്യതയാണ് ഉദാരവാദികള്‍ തടയുന്നത്. "സ്റ്റോക്ക് മാര്‍ക്കറ്റില്‍ എല്ലാവര്‍ക്കും പങ്കാളികളാവാമെന്നും" അതൊരുതരം കമ്യൂണിസ്റ്റ് സങ്കല്പമാണെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. ഫ്രാന്‍സില്‍ ഇന്റര്‍നെറ്റ് ശൃംഖലയിലെ നിക്ഷേപത്തിന് വേണ്ടി പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററിന്റെ കഥ സിസക് വിവരിക്കുന്നു. ഇന്ന് സ്വസ്തിക ഉപയോഗിച്ചാല്‍ അതിന്റെ ചിഹ്നമൂല്യം അധീശാധികാരത്തിന്റേതായി എളുപ്പം വായിക്കപ്പെടും. മറിച്ച് അരിവാളും ചുറ്റികയ്ക്കും "ഭ്രാതൃത്വനീതി" ( fraternal justice) പ്രതിനിധാനം ചെയ്യുന്നതായും വായിക്കപ്പെടും. അതുകൊണ്ടുതന്നെ ലെനിനിലേക്ക് മടങ്ങുകയല്ല ലെനിനെ ആവര്‍ത്തിക്കുകയാണ് വേണ്ടത്. ലെനിനിലേക്ക് മടങ്ങുക എന്നതിന് ലെനിന്‍ അവസാനിച്ചെന്നും അര്‍ഥമുണ്ട്. എന്നാല്‍ ലെനിന്‍ സാമ്രാജ്യത്വത്തെക്കുറിച്ചും ഫിനാന്‍സ് മൂലധനത്തെക്കുറിച്ചും നടത്തിയ നിരീക്ഷണങ്ങള്‍ മാത്രമല്ല വിപ്ലവ പ്രവര്‍ത്തനത്തിന് നല്‍കിയ നേതൃത്വപരമായ പങ്കും ചരിത്രത്തില്‍ മായാതെ കിടക്കുകയാണ്. ഒരു നിശ്ചിത ചരിത്ര സന്ദര്‍ഭത്തില്‍ ലെനിന് ചെയ്യാന്‍ കഴിഞ്ഞത് മാത്രമല്ല ചെയ്യാന്‍ കഴിയാതെ പോയതും വിശകലനം ചെയ്തുകൊണ്ടാണ് തൊഴിലാളിവര്‍ഗ വിപ്ലവം ഫലപ്രദമായി മുന്നോട്ട് പോകേണ്ടത്.

ങ്ങൂങ്ങിവാതിയോങ്ങ് ജയില്‍മോചിതനായ ശേഷം സര്‍വകലാശാലാ വിദ്യാര്‍ഥികളോട് ലെനിന്റെ മുതലാളിത്തം, "സാമ്രാജ്യത്വത്തിന്റെ പാരമ്യഘട്ടം" എന്ന പുസ്തകവും ഫാനന്റെ "ഭൂമിയിലെ നികൃഷ്ടരും" വായിക്കാനാണ് ആഹ്വാനം ചെയ്തത്. ക്യൂബന്‍ വിപ്ലവപ്പോരാളിയായ ഫിദല്‍ കാസ്ട്രോ ജോസ് മാര്‍ടിയെ ചേര്‍ത്താണ് മാര്‍ക്സിസത്തെ വ്യാഖ്യാനിക്കുന്നത്. ലെനിനുമുമ്പ് തന്നെ ജോസ് മാര്‍ടി വിപ്ലവം നടത്താന്‍ ഒരു പാര്‍ടി ഉണ്ടാക്കിയത് കാസ്ട്രോ പല സന്ദര്‍ഭങ്ങളിലും സ്മരിക്കുന്നുണ്ട്. ക്യൂബ അന്ന് (1866-1878) ഒരു അടിമത്ത വ്യവസ്ഥയിലായിരുന്നതിനാല്‍ മാര്‍ടി നേതൃത്വം നല്‍കിയത് ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിനായിരുന്നില്ല. അത് സാധ്യവുമായിരുന്നില്ല. എന്നാല്‍ ക്യൂബയുടെ സവിശേഷ സാധ്യതകള്‍ കണ്ടെത്തി ഒരു സമീപനം വികസിപ്പിച്ച മാര്‍ടിയെ ഒഴിവാക്കി ക്യൂബയെക്കുറിച്ച് ചിന്തിക്കുന്നതുപോലും അസാധ്യമാണെന്ന് കാസ്ട്രോ പറയുന്നു. ജോസ് മാര്‍ടിയില്‍നിന്നാണ് നൈതികതയെക്കുറിച്ച് പഠിച്ചതെന്ന് കാസ്ട്രോ "എന്റെ ജീവിത"ത്തില്‍ പറയുന്നുണ്ട്. മാര്‍ക്സില്‍നിന്ന് സമൂഹമെന്താണെന്നും അതിന്റെ പരിണാമവും പഠിച്ചു. ബഹുഭൂരിപക്ഷം ജനങ്ങള്‍ നിരക്ഷരരായി ജീവിക്കുകയും, യൂറോപ്പിലെ ഏറ്റവും അവികസിത രാജ്യവുമായിരുന്ന റഷ്യയിലാണ് ലെനിന്‍ വിപ്ലവത്തിന് അതും മാര്‍ടിയില്‍നിന്നും വ്യത്യസ്തമായി സോഷ്യലിസ്റ്റ് വിപ്ലവത്തിന് നേതൃത്വം കൊടുത്തത്. വിപ്ലവാനന്തരം നടപ്പിലാക്കിയ പുതിയ സാമ്പത്തിക നയത്തെ ചെഗുവേരയോ, കാസ്ട്രോയോ അനുകൂലിക്കുന്നില്ല. ചരിത്രത്തില്‍ ശരി മാത്രമല്ല പിഴവുകളും നിര്‍ണായകമായി മാറും. അതുകൊണ്ടു തന്നെ ചരിത്രത്തില്‍നിന്നും പാഠം പഠിക്കുക എന്നതിന്റെ അര്‍ഥം ശരികളില്‍ നിന്നെന്നപോലെ പിഴവുകളില്‍നിന്നും, വിജയങ്ങളില്‍ നിന്നെപോലെ പരാജയങ്ങളില്‍നിന്നും പാഠം പഠിക്കുക എന്നതാണ്.

യുക്തികൊണ്ട് മാത്രം ജയിക്കുകയോ തോല്ക്കുകയോ ചെയ്യുന്ന സെനേയുടെ വിരോധാഭാസ പ്രയോഗമല്ല വൈരുധ്യാത്മക ഭൗതികവാദം. മറിച്ച് വസ്തുനിഷ്ഠ യാഥാര്‍ഥ്യത്തിലും ചരിത്രവല്‍ക്കരണത്തിലും കേന്ദ്രീകരിച്ച് മുന്നേറുന്ന ഒരു പ്രത്യേക ശാസ്ത്രമാണ്. ഓക്സിജനും ഹൈഡ്രജനും ചേര്‍ക്കുമ്പോള്‍ വെള്ളം ലഭിക്കുന്നത് അനാവരണം ചെയ്യുന്നതുപോലുള്ള രസതന്ത്രമോ, ബലതന്ത്രമോ ആയും ചരിത്രപരമായ വൈരുധ്യാത്മകതയെ പരിഗണിക്കേണ്ടതില്ല. കാരണം ഹൈഡ്രജനും ഓക്സിജനും നിശ്ചിത അളവില്‍ ചേര്‍ത്താല്‍ എപ്പോഴും വെള്ളം മാത്രമാണ് ലഭിക്കുക. എന്നാല്‍ സാമൂഹികമായ ചലനങ്ങള്‍ ഒരു നേര്‍രേഖയില്‍ തന്നെ സഞ്ചരിക്കണമെന്നില്ല. ഫ്രാന്‍സില്‍ തുടങ്ങി റഷ്യയിലും ചൈനയിലും ക്യൂബയിലും ഇതര രാജ്യങ്ങളിലും സാമൂഹിക മുന്നേറ്റങ്ങളും വിപ്ലവങ്ങളും ഉണ്ടായത് ഒരേ രീതിയിലല്ല. എന്നാല്‍ എല്ലാ വിപ്ലവങ്ങളിലും സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളും അതിന്റെ ഫലങ്ങളും ഉളവായിട്ടുണ്ട്.

1879 ഒക്ടോബര്‍ അഞ്ചിന് സ്ത്രീകള്‍ മാത്രം സംഘടിച്ച് ഫ്രാന്‍സില്‍ നടത്തിയ വമ്പിച്ച റാലിയെക്കുറിച്ച് അധികമൊന്നും പ്രതിപാദിക്കപ്പെടാറില്ല. എങ്കിലും ഫ്രഞ്ച് വിപ്ലവത്തിന്റെ അനിഷേധ്യ ഭാഗമായി സ്ത്രീമുന്നേറ്റവും നിലനില്ക്കുന്നു. അവകാശങ്ങള്‍ക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ തന്നെയാണ് മുതലാളിത്ത വിരുദ്ധ പ്രക്ഷോഭങ്ങളായി പരിണമിക്കുന്നത്. ലെനിനില്‍നിന്നും പഠിക്കാനുള്ള പാഠങ്ങളെക്കുറിച്ച് പറയുമ്പോള്‍തന്നെ ഒരു വിഭാഗം "സര്‍വാധിപത്യത്തെ" പിന്തുണക്കുന്നതായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് തന്നെയാണ് ലെനിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സിസക്കിന്റെ ലെനിന്‍ പഠനം അവസാനിപ്പിക്കുന്നത്. മുതലാളിത്ത വിമര്‍ശനമില്ലാത്ത അഴിമതി വിരുദ്ധ സമരമോ, തുല്യതക്കു വേണ്ടി പോരാട്ടങ്ങളില്ലാതെ സാമ്രാജ്യത്വ-അധിനിവേശ വിരുദ്ധ പ്രക്ഷോഭമോ ലക്ഷ്യം കാണില്ലെന്ന വാസ്തവത്തിലേക്കാണ് ഇന്ന് ലോകം കണ്ണുതുറക്കേണ്ടത്. ഇത്തരത്തിലുള്ള ഒരു തിരിച്ചറിവും സംഘാടനവും അനിവാര്യമാണെന്ന് മാത്രമല്ല ജനങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നതായി സൂചിപ്പിക്കുന്നതിനുവേണ്ടി സിസക് ഉദ്ധരിക്കുന്ന ബ്രഹ്തിന്റെ ചെറു കവിത കൂടി കണ്ടുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. ഞങ്ങള്‍ സ്വീകരിക്കേണ്ട വഴി കാണിച്ചുതരൂ, ഞങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്നുകൊള്ളാം, എന്നാല്‍ ഞങ്ങളെകൂടാതെ ശരിയായ വഴിയില്‍ പോകരുത് ഞങ്ങളില്ലെങ്കില്‍ , ഈ വഴി അങ്ങേയറ്റം അബദ്ധമായിരിക്കും. ഞങ്ങളില്‍നിന്ന് നിങ്ങള്‍ വേര്‍പിരിയരുത്. (ബ്രഹ്ത്)

*
ഡോ. പി കെ പോക്കര്‍ ദേശാഭിമാനി വാരിക 17 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ദറിദ അവസാനിപ്പിക്കുന്ന സന്ദര്‍ഭത്തിലാണ് സിസക് തുടങ്ങുന്നത്. മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം ക്ലേശകരവും സങ്കീര്‍ണവുമായ കാലമായതുകൊണ്ട് പ്രായോഗികവും താത്വികവുമായ ഇടപെടലിനും ബുദ്ധിമുട്ടുണ്ട്. സന്ധി ഇളകിയ ഒരു ചരിത്രഘട്ടത്തില്‍ ഏതുവിധമാണ് ചൂഷണകേന്ദ്രിതമായ മുതലാളിത്തത്തെ നേരിടുക എന്നതാണ് പ്രശ്നം. എന്നാല്‍ ഏത് കാലത്തും ഇതുപോലുള്ള പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സിസക് ലെനിനെ മുന്‍നിര്‍ത്തി കാണിച്ചുതരുന്നത്. 1917ല്‍ വളരെ എളുപ്പത്തില്‍ ഒരു തൊഴിലാളിവര്‍ഗ വിപ്ലവമുണ്ടായതാണെന്ന് നമ്മള്‍ തെറ്റിദ്ധരിക്കേണ്ടതില്ല. പ്രയോഗത്തിന്റെ മണ്ഡലത്തിലും സൈദ്ധാന്തിക തലത്തിലും വലിയ പ്രയാസങ്ങളും പ്രതിസന്ധികളും വിപ്ലവകാരികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.