Sunday, December 25, 2011

ഈ നന്മയെ എങ്ങനെയാണ് നാം വാഴ്ത്തുക?

അരുണ്‍ ജീവന്‍ പകുത്ത് നല്‍കിയത് അഞ്ചു പേര്‍ക്ക്

അഞ്ചുശരീരങ്ങളില്‍ തുടിക്കുന്ന അവയവങ്ങളായി അരുണ്‍ ജോര്‍ജ്ജിന് അനശ്വരതയുടെ പുനര്‍ജനി. അപകടം ചില്ലുടച്ചിട്ട പാതയോരത്തു നിന്നും കോരിയെടുത്ത ഈ എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥിയുടെ മിടിപ്പുനിലക്കാത്ത ശരീരത്തില്‍ നിന്നും പൊലിപ്പിച്ചെടുത്തത് അഞ്ചുജീവിതങ്ങള്‍ . ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണമുണ്ടായ ഈ 21 കാരന്റെ അവയവങ്ങള്‍ മൂന്നുപേര്‍ക്ക് പുതുജീവിതവും രണ്ട് പേര്‍ക്ക് കാഴ്ചയുമേകി. സാധാരണ ബൈക്ക് അപകടവാര്‍ത്തയായി ഒതുങ്ങുമായിരുന്ന ഒരു ജീവിതം കാരുണ്യത്തിന്റെയും ഹൃദയവിശാലതയുടെയും മരണമില്ലാത്ത ഓര്‍മ്മയായി തുടിക്കും.

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഈ എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥിയുടെ അവയവങ്ങള്‍ മാതാപിതാക്കളുടെ അനുമതിയോടെ ദാനം ചെയ്തു. കണ്ണൂര്‍ തോട്ടട ഐടിഐ വിദ്യാര്‍ഥി വിനീഷി (18) ന്റെയും വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ മഞ്ജു (32) വിന്റെയും ശരീരത്തിലുണ്ടാവുക ഇനി അരുണ്‍ ജോര്‍ജ്ജിന്റെ വൃക്കകള്‍ . മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററിലും ഐസിയുവിലുമായി കഴിഞ്ഞ ദേശാഭിമാനി ഡെപ്യൂട്ടി മാനേജര്‍ എറണാകുളം സ്വദേശി രാജീവ് വര്‍മയുടെ ശരീരത്തില്‍ കരള്‍ പ്രവര്‍ത്തിക്കും. ഒരു യുവാവും യുവതിയുമാണ് വ്യാഴാഴ്ച അരുണിന്റെ കണ്ണുകളിലൂടെ ലോകം കാണുക. കൂടരഞ്ഞി തറപ്പേല്‍ ജോര്‍ജ്ജിന്റെയും ത്രേസ്യാമ്മ ഫ്രാന്‍സിസിന്റെയും മകനാണ് അരുണ്‍ .

ചെന്നൈ സത്യഭാമ യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയായ അരുണ്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബൈക്ക് അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലായി. ചൊവ്വാഴ്ച രാവിലെ മിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണമുണ്ടായി. മകനിലൂടെ പലര്‍ക്കും ജീവിതം കിട്ടുമെന്നറിഞ്ഞ രക്ഷിതാക്കള്‍ അവയവദാനത്തിന് തയ്യാറായി. ഓര്‍ഗന്‍സ് ട്രാന്‍സ്പ്ലാന്റ് ഓതറൈസേഷന്‍ കമ്മിറ്റിയാണ് മസ്തിഷ്ക്ക മരണം സംഭവിച്ചുവെന്ന് ഉറപ്പ് വരുത്തേണ്ടത്. ഇതിന്റെ വടക്കന്‍ കേരള കമ്മിറ്റിയുടെ സെക്രട്ടറി കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സി രവീന്ദ്രന്റെ നിര്‍ദേശ പ്രകാരം ഡോക്ടര്‍മാരെത്തി മരണം സ്ഥിരീകരിച്ചു. ബി പോസിറ്റീവ് രക്തമാണ് അരുണിന്റേത്. ഇതിനു യോജിച്ച രോഗികളെ നിമിഷങ്ങള്‍ക്കുള്ളില്‍ വിവരം അറിയിച്ചു.

വൃക്ക മാറ്റി വയ്ക്കാനായി ഒരു ദാതാവിനെ കണ്ടെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ ആളായിരുന്നു വിനീഷ്. തുടര്‍പരിശോധനയില്‍ ദാതാവിന്റെ വൃക്ക യോജിച്ചതല്ലെന്ന് തിരിച്ചറിഞ്ഞ് കണ്ണൂരിലേക്കു മടങ്ങിയ ഇദ്ദേഹം ഡയാലിസിസിനായി ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിലെത്തിയതായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍ നിന്നാണ് മഞ്ജുവിനെ മിംസില്‍ എത്തിച്ചത്. എന്തെങ്കിലും കാരണവശാല്‍ ഇവരെ ഒഴിവാക്കേണ്ടി വന്നാല്‍ ഉപയോഗപ്പെടുത്താനായി ഏതാനും പേരെ കൂടി മെഡിക്കല്‍ കോളേജിലും മിംസിലുമായി വരുത്തി.

എറണാകുളം അമൃത ആശുപത്രിയില്‍ മാത്രമാണ് ഇപ്പോള്‍ കേരളത്തില്‍ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ. ഇവിടെ നിന്ന് വൈകിട്ട് നാലോടെ ഡോക്ടര്‍മാരുടെ സംഘം കോഴിക്കോട്ടേക്ക് തിരിച്ചു. ആദ്യം കരളും പിന്നീട് വൃക്കകളും തുടര്‍ന്ന് നേത്രപടലവും നീക്കി. വൃക്ക മാറ്റി വയ്ക്കാന്‍ കടമ്പകള്‍ വേറെയുമുണ്ടായിരുന്നു. ക്രോസ് മാച്ചിങ്ങ് ടെസ്റ്റ് അമൃതയില്‍ മാത്രമേ ഉള്ളൂ. തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്തവും അരുണിന്റെ രക്തവുമായി മറ്റൊരു സംഘം അമൃതയ്ക്ക് തിരിച്ചു. രാത്രി 12.15 ഓടെ റിസല്‍ട്ട് ഇരുആശുപത്രികളിലും ഫാക്സില്‍ ലഭിച്ചതോടെ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. പുലര്‍ച്ചെ അഞ്ചോടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി.

മെഡിക്കല്‍ കോളേജില്‍ യൂറോളജി വിഭാഗം തലവന്‍ ഡോ. ഫിലിപ്പ് കാര്‍ഡോസ, നെഫ്രോളജിസ്റ്റ് ഡോ. ശ്രീലത, അനസ്തേഷ്യസ്റ്റ് ഡോ. രാം ദാസ് എന്നിവരും മിംസില്‍ ഡോ. ഹരി ഗോവിന്ദ്, ഡോ. മണി, ഡോ. സജിത് എന്നിവരും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി.

*
ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അഞ്ചുശരീരങ്ങളില്‍ തുടിക്കുന്ന അവയവങ്ങളായി അരുണ്‍ ജോര്‍ജ്ജിന് അനശ്വരതയുടെ പുനര്‍ജനി. അപകടം ചില്ലുടച്ചിട്ട പാതയോരത്തു നിന്നും കോരിയെടുത്ത ഈ എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥിയുടെ മിടിപ്പുനിലക്കാത്ത ശരീരത്തില്‍ നിന്നും പൊലിപ്പിച്ചെടുത്തത് അഞ്ചുജീവിതങ്ങള്‍ . ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണമുണ്ടായ ഈ 21 കാരന്റെ അവയവങ്ങള്‍ മൂന്നുപേര്‍ക്ക് പുതുജീവിതവും രണ്ട് പേര്‍ക്ക് കാഴ്ചയുമേകി. സാധാരണ ബൈക്ക് അപകടവാര്‍ത്തയായി ഒതുങ്ങുമായിരുന്ന ഒരു ജീവിതം കാരുണ്യത്തിന്റെയും ഹൃദയവിശാലതയുടെയും മരണമില്ലാത്ത ഓര്‍മ്മയായി തുടിക്കും.