Saturday, December 3, 2011

മുല്ലപ്പെരിയാര്‍: നമ്മുടെ പ്രധാനമന്ത്രി ഇഹലോകത്തിലോ?

ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ് എവിടെയാണെന്ന് രാജ്യത്തിലെ ജനങ്ങള്‍ പൊതുവിലും കേരളീയ സമൂഹം പ്രത്യേകിച്ചും ചോദിച്ചുപോകുന്ന സന്ദര്‍ഭമാണിത്. 30 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിലുള്ള മനുഷ്യരുടെ ജീവഹാനിക്കും നാലു ജില്ലകളുടെ ഒഴുകിപ്പോകലിനും ഇടയാക്കാവുന്ന ഒരു മഹാദുരന്തം പ്രധാനമന്ത്രിയുടെയും കേന്ദ്രഭരണകൂടത്തിന്റെയും ശ്രദ്ധയില്‍കൊണ്ടുവരുന്നതിനായി ത്യാഗഭരിതവും തീക്ഷ്ണവുമായ പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിട്ട് ദിനങ്ങള്‍ പലതായി. എം എല്‍ എ മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ജനകീയ നേതാക്കളും നിരാഹാര സമരമുള്‍പ്പെടെയുള്ള പ്രക്ഷോഭ വഴികള്‍ തേടിയിട്ടും ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളില്‍ പ്രമുഖസ്ഥാനത്തു നിലകൊള്ളുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി മൗനത്തിന്റെ വാല്‍മീകത്തില്‍ കഴിഞ്ഞുകൂടുന്നത് ലോകത്തിന്റെ മുന്നില്‍ തന്നെ ഇന്ത്യയെ അപമാനിതവും അവഹേളിതവുമായ നിലയില്‍ എത്തിക്കുമെന്ന കാര്യത്തില്‍ ജനാധിപത്യ വിശ്വാസികള്‍ക്കാര്‍ക്കും സംശയമുണ്ടാവുകയില്ല. ആ വിശ്വാസത്തിന്റെയും തിരിച്ചറിവിന്റെയും കാര്യത്തില്‍ കക്ഷിരാഷ്ട്രീയ പരിഗണനകളും പ്രാദേശിക ഭേദങ്ങളും ഉണ്ടാവാനും തരമില്ല.

മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടസന്ധിയിലാണെന്നത് ആരുടെയെങ്കിലും ഊഹാപോഹമോ ഉപജാപമോ അല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഐ ഐ ടി പോലുള്ള ഉന്നതസ്ഥാപനങ്ങളിലെ ശാസ്ത്രപ്രതിഭകള്‍ തന്നെ ആ ദുരന്തസത്യം വ്യക്തമാക്കിക്കഴിഞ്ഞു. അതിനുപിന്നാലെ പ്രകൃതി തന്നെ ആ യാഥാര്‍ഥ്യത്തെ പലഘട്ടങ്ങളിലായി ഓര്‍മിപ്പിക്കുകയും ചെയ്തു, ഭൂചലനങ്ങളിലൂടെ. കനത്തമഴയും ഒരുവേള അതിവര്‍ഷവും മൂലവും ജലനിരപ്പ് ഉയര്‍ന്നാല്‍ സങ്കല്‍പിക്കാനാവാത്ത ദുരന്തങ്ങള്‍ക്കാണ് കേരളവും കേരളം ഇന്ത്യയുടെ ഭാഗമായതുകൊണ്ടു തന്നെ രാജ്യവും സാക്ഷിയാവേണ്ടിവരുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടും നിഷ്‌ക്രിയത്വത്തിന്റെയും നിര്‍ജീവത്വത്തിന്റെയും ലോകത്തിലാണ് കേന്ദ്രഭരണാധികാരികള്‍ കഴിഞ്ഞുകൂടുന്നതെന്ന് ആരെയും ആശ്ചര്യപ്പെടുത്തും.

പൊതുസമൂഹത്തിന്റെ മുഖ്യധാരാപ്രതിനിധികളും ഇ എസ് ബിജിമോള്‍ അടക്കമുള്ള എം എല്‍ എ മാരും നിരാഹാരം ആരംഭിച്ചിട്ട് ആറു ദിനമായിട്ടും 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടില്‍ കഴിഞ്ഞുകൂടുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു തരത്തില്‍ അപമാനവും മറ്റൊരു തരത്തില്‍ അതിശയവുമാണ്. റോഷി അഗസ്റ്റിനും എസ് രാജേന്ദ്രനും ഉള്‍പ്പെടെയുള്ള നിയമസഭാ സാമാജികര്‍ കൂടി അനിശ്ചിതകാല നിരാഹാരത്തിന്റെ വഴിതേടേണ്ടിവന്നത് മറ്റൊന്നും കൊണ്ടല്ല.

സ്വന്തം രാഷ്ട്രത്തിലെ പരശ്ശതം മനുഷ്യരുടെ ജീവന്‍ മുള്‍മുനയില്‍ നില്‍ക്കുകയാണെന്ന് ബോധ്യപ്പെട്ടിട്ടും ഒരു പ്രതികരണത്തിനുപോലും സന്നദ്ധമാകാത്ത കേന്ദ്രഭരണാധികാരികള്‍ പ്രധാന മന്ത്രി ഉള്‍പ്പെടെ - ജനപക്ഷത്തല്ലെന്നും രാജ്യതാല്‍പര്യം മുന്‍നിര്‍ത്തുന്നവരുമല്ലെന്ന് തീര്‍ച്ചയാണ്. ഭരണത്തിന്റെ നിലനില്‍പ്പാണ് പരമപ്രധാനം എന്ന് കരുതി 40 ലക്ഷത്തോളം ജനങ്ങളുടെ ജീവന് തൃണവില കല്‍പ്പിക്കുന്നവരാണ് ഇക്കൂട്ടര്‍ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ബിജിമോള്‍ എം എല്‍ എ യും റോഷി അഗസ്ത്യന്‍ എം എല്‍ എ യും കെ പി റോയിയും ഉള്‍പ്പെടെയുള്ളവര്‍ നിരാഹാരം അനുഷ്ഠിക്കുന്ന ഇടുക്കി ജില്ലയിലെ ചപ്പാത്തിലോ എസ് രാജേന്ദ്രന്‍ എം എല്‍ എ നിരാഹാരസമരം ആരംഭിച്ച വണ്ടിപ്പെരിയാറിലോ, കേരളത്തിലെ വിവിധങ്ങളായ പ്രദേശങ്ങളിലോ മാത്രമല്ല ഈ ഗൗരവമായ പ്രശ്‌നം മുന്‍നിര്‍ത്തി ജനകീയ പ്രതിഷേധം അരങ്ങേറുന്നത്. പ്രധാനമന്ത്രിയുടെ ആസ്ഥാനമായ ഡല്‍ഹിയിലും പ്രക്ഷോഭം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ എന്നതുപോലെ കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ പാര്‍ലമെന്റംഗങ്ങള്‍ ഒറ്റക്കെട്ടായാണ് പാര്‍ലമെന്റിനു പുറത്തും അകത്തും വിഷയത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിന്റെ ജലവിഭവ മന്ത്രിയും റവന്യൂ മന്ത്രിയും ഡല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രിയും ജലവിഭമന്ത്രിയും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെയുള്ളവരെ കണ്ടെങ്കിലും പതിവുവാചകങ്ങള്‍ക്കപ്പുറം നടപടികളുണ്ടായില്ലെന്നത് ആശ്ചര്യകരം തന്നെയാണ്.

ഒരുനാടും ജനതയും ഐകകണ്‌ഠ്യേന ഉന്നയിക്കുന്ന ആവശ്യത്തെ അവഗണിക്കുന്നുവെന്നത് മാത്രമല്ല ശാസ്ത്രീയ പഠനങ്ങളെയും അവ വിരല്‍ചൂണ്ടുന്ന കടുത്ത യാഥാര്‍ഥ്യങ്ങളെയും കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ യഥാര്‍ഥവികാരം എന്തെന്ന് ചിന്തിക്കുന്നവര്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ തീര്‍ത്തും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്കും അതില്‍ അടിസ്ഥാനമായ ഭരണസംവിധാനത്തിനും അപമാനകരമാണ്.

വസ്തുതകളെ അവഗണിച്ചുകൊണ്ട്, അതിവൈകാരികത ഉയര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന ഡി എം കെയുടെ പിന്തുണയോടെ മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്നത് എന്നതാണ് കേന്ദ്രഭരണാധികാരികളെ അലട്ടുന്ന പ്രധാനപ്രശ്‌നം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള നിലപാടും വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള നടപടിയും സ്വീകരിച്ചാല്‍ ഡി എം കെ പിന്തുണ പിന്‍വലിക്കുമോയെന്നും സര്‍ക്കാര്‍ നിലം പൊത്തുമോയെന്നും മന്‍മോഹന്‍സിംഗും കൂട്ടരും ആശങ്കപ്പെടുന്നുണ്ടോയെന്ന് നീണ്ടുപോകുന്ന മൗനവും നിഷ്‌ക്രിയത്വവും സംശയമുണര്‍ത്തുന്നുണ്ട് എന്നതാണ് വാസ്തവം.

മറ്റൊന്ന്, കരുണാനിധിയുടെ ഡി എം കെ യും ജയലളിതയുടെ എ ഐ ഡി എം കെയും വൈകോ ഗോപാലസ്വാമിയുടെ എം ഡി എം കെയും അതിവൈകാരികത ഉണര്‍ത്തി തമിഴ്‌നാട്ടില്‍ സൃഷ്ടിക്കാവുന്ന കലുഷിതാവസ്ഥയെക്കുറിച്ചുള്ള ഭയപ്പാടാവാം.

വിവേകപൂര്‍വം സമരം ചെയ്യുന്നവര്‍ മൗഢ്യരും അവഗണിക്കപ്പെടേണ്ടവരുമാണെന്ന ധാരണ രാജ്യത്താകെ പടര്‍ത്തുവാന്‍ മാത്രമേ ഇത്തരം സമീപനങ്ങള്‍ സഹായിക്കുകയുള്ളു. തമിഴ്‌നാടിന് ലഭ്യമായിക്കൊണ്ടിരിക്കുന്ന ജലം അതേഅളവില്‍ തന്നെ ലഭ്യമാക്കിക്കൊണ്ടുതന്നെ, ഭ്രംശമേഖലയില്‍ നിലകൊള്ളുന്ന, വിള്ളല്‍ വീണ അണക്കെട്ടിനുപകരം പുതിയ അണക്കെട്ടു പണിയണമെന്നകേരളത്തിന്റെ ന്യായമായ ആവശ്യത്തെ നിരാകരിക്കുവാന്‍ വികാരപ്രകടനത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്ന തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ക്കാവുകയില്ലെന്ന പരമപ്രധാന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുകയാണ് കേന്ദ്രഭരണാധികാരികള്‍ ചെയ്യേണ്ടത്. കേരള ഹൈക്കോടതി നടത്തിയ വിമര്‍ശനങ്ങള്‍, ചൂണ്ടിക്കാണിക്കലുകള്‍ ഭരണാധികാരികളുടെയെല്ലാം കണ്ണുതുറപ്പിക്കേണ്ടതാണ്.

നാല്‍പ്പതു ലക്ഷത്തോളം ജനങ്ങളുടെ ജീവനേക്കാളും അഞ്ചു ജില്ലകളേക്കാളും പ്രധാനം തങ്ങളുടെ ഭരണമാണെന്നു കരുതുന്നത് മനുഷ്യത്വമില്ലാത്തവരുടെ മാത്രം ദുഷ്ടചിന്തയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഇവിടെ തന്നെയുണ്ടോ എന്ന് ജനങ്ങള്‍ സംശയിക്കുന്നതും ഇത്തരമൊരു സാഹചര്യത്തിലാണ്. എം എല്‍ എ മാരുടെ നിരാഹാര സമരം പോലും അറിഞ്ഞഭാവം നടിക്കാത്ത ഒരാളെക്കുറിച്ച് മറ്റെന്താണ് ജനങ്ങള്‍ ചിന്തിക്കേണ്ടത്?

പിന്‍കുറിപ്പ്:

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ ഗൗരവാവസ്ഥ ദേശീയ മനുഷ്യാവകാശ കമ്മിഷന് ബോധ്യപ്പെട്ടെങ്കിലും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ഒരിക്കല്‍ക്കൂടി താന്‍ മനുഷ്യാവകാശത്തിന്റെ പക്ഷത്തല്ലെന്ന് തെളിയിക്കുന്ന പ്രസ്താവന ദൃശ്യമാധ്യമത്തിലൂടെ പുഞ്ചിരിയുടെ പിന്‍ബലത്തോടെ നല്‍കുകയുണ്ടായി. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിത്തകരുന്നതിലും വലിയ ഭീകരത നേതാക്കളും മാധ്യമങ്ങളും കൂടി സൃഷ്ടിച്ചുകഴിഞ്ഞുവെന്ന് ആനന്ദപാരവശ്യത്തോടെ പ്രഖ്യാപിച്ച അദ്ദേഹം മനുഷ്യാവകാശത്തിന്റെ പുതിയ അര്‍ഥതലങ്ങള്‍ സമ്മാനിക്കുകയായിരുന്നു.

ഹാ! കഷ്ടം! എന്നല്ലാതെ മറ്റെന്തു പറയാന്‍!

*
വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 03 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ് എവിടെയാണെന്ന് രാജ്യത്തിലെ ജനങ്ങള്‍ പൊതുവിലും കേരളീയ സമൂഹം പ്രത്യേകിച്ചും ചോദിച്ചുപോകുന്ന സന്ദര്‍ഭമാണിത്. 30 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിലുള്ള മനുഷ്യരുടെ ജീവഹാനിക്കും നാലു ജില്ലകളുടെ ഒഴുകിപ്പോകലിനും ഇടയാക്കാവുന്ന ഒരു മഹാദുരന്തം പ്രധാനമന്ത്രിയുടെയും കേന്ദ്രഭരണകൂടത്തിന്റെയും ശ്രദ്ധയില്‍കൊണ്ടുവരുന്നതിനായി ത്യാഗഭരിതവും തീക്ഷ്ണവുമായ പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിട്ട് ദിനങ്ങള്‍ പലതായി. എം എല്‍ എ മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ജനകീയ നേതാക്കളും നിരാഹാര സമരമുള്‍പ്പെടെയുള്ള പ്രക്ഷോഭ വഴികള്‍ തേടിയിട്ടും ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളില്‍ പ്രമുഖസ്ഥാനത്തു നിലകൊള്ളുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി മൗനത്തിന്റെ വാല്‍മീകത്തില്‍ കഴിഞ്ഞുകൂടുന്നത് ലോകത്തിന്റെ മുന്നില്‍ തന്നെ ഇന്ത്യയെ അപമാനിതവും അവഹേളിതവുമായ നിലയില്‍ എത്തിക്കുമെന്ന കാര്യത്തില്‍ ജനാധിപത്യ വിശ്വാസികള്‍ക്കാര്‍ക്കും സംശയമുണ്ടാവുകയില്ല. ആ വിശ്വാസത്തിന്റെയും തിരിച്ചറിവിന്റെയും കാര്യത്തില്‍ കക്ഷിരാഷ്ട്രീയ പരിഗണനകളും പ്രാദേശിക ഭേദങ്ങളും ഉണ്ടാവാനും തരമില്ല.