Thursday, December 15, 2011

അവകാശങ്ങള്‍ ഹനിക്കുന്ന ആധാര്‍ പദ്ധതി

ദേശീയ തിരിച്ചറിയല്‍ അതോറിറ്റിക്ക് നിയമപരിരക്ഷ നല്‍കുന്ന "ദേശീയ തിരിച്ചറിയല്‍ അതോറിറ്റി ബില്‍" തിരസ്കരിക്കാന്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലുകള്‍ പഠിക്കാന്‍ നിയുക്തമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. ആനുകൂല്യങ്ങളും സേവനങ്ങളും നല്‍കാന്‍ എന്ന പേരില്‍ നടപ്പാക്കുന്ന "ആധാര്‍" പദ്ധതി ജനങ്ങളുടെ അവകാശങ്ങള്‍ വിലമതിക്കുന്നില്ലെന്നും ഏകീകൃത തിരിച്ചറിയല്‍ നമ്പറിന് അധികൃതര്‍ അവകാശപ്പെടുന്ന സുരക്ഷിതത്വമില്ലെന്നും കമ്മിറ്റി നിരീക്ഷിച്ചിട്ടുണ്ട്. പദ്ധതിയുടെ സാധ്യതാപഠനം നടന്നിട്ടില്ല; അനാവശ്യമായ തിടുക്കം ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്; ദേശീയസുരക്ഷയെ പോലും ബാധിക്കുന്ന പദ്ധതിയാണ്; വ്യക്തമായ ലക്ഷ്യങ്ങളില്ല; സര്‍ക്കാരില്‍ത്തന്നെ വ്യത്യസ്ത നിലപാടുകളുണ്ട് തുടങ്ങി നിരവധി കാരണങ്ങള്‍ നിരത്തിയാണ് കമ്മിറ്റി ബില്‍ തിരസ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന് എല്ലാ എതിര്‍പ്പുകളെയും പിന്‍വാതിലിലൂടെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.

പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ, എട്ട് കോടിയില്‍പരം പേരുടെ വിവരങ്ങള്‍ ഇതിനകം ശേഖരിക്കപ്പെട്ടിട്ടുണ്ട്. നിയമ പിന്‍ബലമില്ലാതെ ആയിരക്കണക്കിന് കോടി രൂപ ഈ പദ്ധതിക്കുവേണ്ടി ചെലവിട്ടുകഴിഞ്ഞു. ഇതേ ആവശ്യത്തിനായി ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പേരിലും തുക ചെലവിട്ടിട്ടുണ്ട്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ബില്‍ തിരസ്കരിച്ചിട്ടും "ആധാറി"ലേക്കുളള വിവരശേഖരണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാകില്ലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയംതന്നെ വ്യക്തമാക്കിയിട്ടും കേന്ദ്രസര്‍ക്കാരും അതിനേക്കാള്‍ വാശിയോടെ കേരളവും ആധാറുമായി മുന്നോട്ടുപോവുകയാണ്. അമേരിക്കയുള്‍പ്പെടെയുള്ള വികസിത മുതലാളിത്തരാജ്യങ്ങളില്‍ ജനങ്ങളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍പോലും യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും പാഠമാകുന്നില്ല. അമേരിക്കയില്‍ സാമൂഹ്യസുരക്ഷാപദ്ധതികളുമായി ബന്ധപ്പെട്ട് നടപ്പാക്കിയ ബയോമെട്രിക് കാര്‍ഡ് സംവിധാനം സാര്‍വത്രികവും നിര്‍ബന്ധിതവുമാക്കാനും അതിലെ വിവരങ്ങള്‍ സര്‍വതലസ്പര്‍ശിയാക്കാനും നീക്കം നടന്നപ്പോള്‍ വമ്പിച്ച ജനരോഷമാണുയര്‍ന്നത്. അതേ തുടര്‍ന്ന് നിര്‍ദിഷ്ട വിപുലീകരണം ഉപേക്ഷിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

ജപ്പാനില്‍ യൂണീക്ക് ഐഡന്റിഫിക്കേഷന്‍ ബയോമെട്രിക് പദ്ധതി നടപ്പാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ , പ്രവിശ്യാസര്‍ക്കാരുകള്‍ ആ തീരുമാനത്തെ നഖശിഖാന്തം എതിര്‍ക്കുകയും അതേ തുടര്‍ന്ന് പദ്ധതിയപ്പാടെ ഉപേക്ഷിക്കാന്‍ ജപ്പാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും ചെയ്തു. വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിന്റെ നൈതികതയും പദ്ധതിക്ക് വേണ്ടിവരുന്ന അമിത ചെലവും കണക്കിലെടുത്ത് അമേരിക്കയും ഓസ്ട്രേലിയയും ബ്രിട്ടനും ഉപേക്ഷിച്ച പദ്ധതിയാണ് നാമിവിടെ കൊട്ടിഘോഷിച്ച് കൊണ്ടുവന്നിരിക്കുന്നത്. ഇംഗ്ലണ്ടില്‍ 450 കോടി പൗണ്ടിന്റെ പദ്ധതിയാണ് ഉപേക്ഷിച്ചത്. മന്‍മോഹന്‍സിങ് പഠിച്ചിറങ്ങിയ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ഈ പദ്ധതിയെ വിശേഷിപ്പിച്ചത് വിഫലവും ചെലവേറിയതുമായ മണ്ടത്തരമെന്നാണ്. ബ്രിട്ടനും ഫിലിപ്പീന്‍സുമെല്ലാം യുഐഡിക്കായി ശേഖരിച്ച വിവരങ്ങള്‍ പുറത്താകാതെ സംരക്ഷിക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവില്‍ അക്കാര്യം പരസ്യമായി സമ്മതിച്ച് വിവരസഞ്ചയം നശിപ്പിക്കുകയായിരുന്നു. ആ രാജ്യങ്ങളിലേതിനേക്കാള്‍ പലമടങ്ങ് അധികം ജനസംഖ്യയുള്ള ഇന്ത്യ പക്ഷേ ഇതൊന്നും പരിഗണിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകുന്നു.

ആധാര്‍ എന്നത് പന്ത്രണ്ട് അക്കങ്ങള്‍ ഉള്‍ക്കൊണ്ട വെറും ഒരു നമ്പറാണ്. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി എന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് ഈ നമ്പര്‍ നല്‍കുന്നത്. ആധാറില്‍ നേരിട്ടോ, ജനസംഖ്യാ രജിസ്റ്റര്‍ പദ്ധതി വഴിയോ അംഗമാകുന്ന ഏതൊരാള്‍ക്കും അതോറിറ്റി ആധാര്‍ നമ്പര്‍ നല്‍കും. നമ്പര്‍ ലഭിക്കുന്ന വ്യക്തി കൃത്യമായും വ്യക്തമായും തിരിച്ചറിയപ്പെടും. ഒരു നമ്പര്‍ ലോകത്ത് ഒരാള്‍ക്കുമാത്രമേ ഉണ്ടാകൂ എന്നര്‍ഥം. ഈ നമ്പറിന്റെ ഉടമയെ സംബന്ധിക്കുന്ന നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിച്ച് ഒരു ദേശീയ വിവരസഞ്ചയത്തില്‍ ചേര്‍ക്കുകയാണ് ചെയ്യുക. പത്ത് വിരലുകളുടെയും അടയാളം, കൃഷ്ണമണിയുടെ അടയാളം എന്നിവയെല്ലാം ഉപകരണങ്ങളുപയോഗിച്ച് ശേഖരിക്കുകയും കേന്ദ്ര വിവരസഞ്ചയത്തിലേക്ക് അയച്ചുകൊടുക്കുകയും ചെയ്യും. ഇപ്രകാരം ചെയ്യുന്നതിന് ചില ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ഇന്ത്യക്കാരനും തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനായി അതോറിറ്റിതന്നെ രൂപീകരിക്കപ്പെട്ടിരിക്കുന്നു. ഇതാണ് കേന്ദ്ര പ്ലാനിങ് കമീഷന്റെ ഭാഗമായ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ.

ഓരോ പൗരനെയും ചാപ്പകുത്തുന്നതിന് ലളിതമായ ഒരു ന്യായീകരണവും മുന്നോട്ടുവയ്ക്കുന്നുണ്ട്. സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ തടസ്സംകൂടാതെ യഥാര്‍ഥ അവകാശികള്‍ക്കെത്തിക്കാനാണത്രേ ഈ പദ്ധതി.

യുഐഡി പദ്ധതിക്ക് ചുക്കാന്‍പിടിക്കാന്‍ നന്ദന്‍ നിലേകനിയെ ക്യാബിനറ്റ് പദവിയോടെ 2009 ജൂലൈയില്‍ ചെയര്‍മാനായി അവരോധിക്കുകയും ചെയ്തു. എല്ലാ വകുപ്പുകളുടെയും സംയോജനം സാധ്യമാകാനായി പ്രധാനമന്ത്രിയുടെ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. എല്ലാം എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ നടപ്പാക്കുകയാണ്. പൊതുസമൂഹത്തിനോ ഇന്ത്യന്‍ പാര്‍ലമെന്റിനോ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള അധികാരം നിഷേധിക്കപ്പെട്ടിരിക്കുന്നു. യുഐഡി പദ്ധതി ഭരണകൂടത്തിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കും. കാലഘട്ടം ആവശ്യപ്പെടുന്നത് സുതാര്യമായ സര്‍ക്കാരിനെയാണ്. എന്നാല്‍ , പൗരന്മാരെ സുതാര്യ അടിമകളാക്കുന്നതാണ് യുഐഡി പദ്ധതി. പൗരാവകാശങ്ങളെക്കുറിച്ച് വാതോരാതെ പറയുകയും അധീശത്വത്തിനുള്ള സംവിധാനമൊരുക്കുന്നതിലൂടെ പൗരന്റെ അവകാശം ഹനിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍ . താല്‍പ്പര്യമുള്ളവര്‍ മാത്രം ചേര്‍ന്നാല്‍ മതി എന്ന് പുറമേയ്ക്ക് പറയുന്നുണ്ടെങ്കിലും പദ്ധതിയില്‍ ചേരാത്തവര്‍ക്ക് സാമാന്യജീവിതം ക്ലേശകരമാക്കുന്ന വ്യവസ്ഥകള്‍ പദ്ധതിയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. നാളെ റേഷന്‍ ലഭിക്കണമെങ്കില്‍ യുഐഡി കാര്‍ഡ് നിര്‍ബന്ധമാണെന്ന് പറയുമ്പോള്‍ പദ്ധതിയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്. സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനവും പൊതുവിതരണവും അട്ടിമറിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുവരികയാണല്ലോ. റേഷന്‍ നിര്‍ത്തി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് സബ്സിഡിത്തുകയോ കൂപ്പണോ നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്ന് ഈയിടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. സബ്സിഡിത്തുക അനര്‍ഹര്‍ തട്ടിയെടുക്കുന്നതും അഴിമതിയും തടയുന്നതിനാണ് ഈ സംവിധാനമെന്ന് പരസ്യമായി പറയുന്നുണ്ടെങ്കിലും ഫലത്തില്‍ പൊതുവിതരണസമ്പ്രദായം തകര്‍ക്കുകതന്നെയാണ് ലക്ഷ്യം. അത്തരം ജനവിരുദ്ധനടപടികള്‍ക്കും യുഐഡി വിവരസഞ്ചയം ഉപയോഗപ്പെടുത്തും. വ്യക്തിയുടെ

സ്വകാര്യതയിലേക്ക് അനുമതിയില്ലാതെ കടന്നുകയറാന്‍ ഭരണകൂടത്തെ അനുവദിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ കുഴപ്പം. തിരിച്ചറിയല്‍ നമ്പറിനോട് കൂട്ടിച്ചേര്‍ക്കപ്പെടുന്ന വിവരങ്ങളെല്ലാം തിരിച്ചറിയേണ്ട ഓരോ ഘട്ടത്തിലും വെളിപ്പെടുത്തപ്പെടുകയാണ്. ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങളെപ്പോലും നോക്കുകുത്തിയാക്കുകയാണ്. ഉദാഹരണത്തിന്, 18 വയസ്സിനുമുമ്പ് ഒരു കുട്ടി ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് ശിക്ഷിക്കപ്പെട്ടാല്‍ 18 വയസ്സിനപ്പുറം ആ വിവരം ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ , തിരിച്ചറിയല്‍ നമ്പറില്‍ രേഖപ്പെടുത്തപ്പെട്ട വിവരങ്ങള്‍ ഒഴിവാക്കപ്പെടുന്നില്ല. നമ്പര്‍ വലിയൊരു ബാധ്യതയും പാരതന്ത്ര്യവുമായി മാറുമെന്നതില്‍ സംശയമില്ല. സമരങ്ങളില്‍ പങ്കെടുക്കുന്നതിനുപോലും പരോക്ഷമായ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടാം. കേരളത്തിലെ ഐടി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ഐടി അറ്റ് സ്കൂളിന്റെ നേതൃത്വത്തില്‍ എല്ലാ കുട്ടികളെയും ആധാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണ്. കുട്ടിയുടെയോ രക്ഷിതാവിന്റെയോ അനുമതി ചോദിക്കാതെ തികച്ചും ഏകപക്ഷീയമായാണ് ഈ നടപടി. അതായത് ആര്‍ക്കും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകുന്നില്ല.

ആധാറിന് വേണ്ടിയാണെന്ന് തോന്നാത്ത വിധത്തില്‍ മറ്റൊരു പേരിലാണ് കുട്ടികളുടെ വിവരശേഖരണം നടത്തുന്നത്. ഇത് പൗരാവകാശത്തിലേക്കുള്ള കടന്നുകയറ്റമല്ലെങ്കില്‍ മറ്റെന്താണ്? ഓരോരുത്തര്‍ക്കും നമ്പര്‍ നല്‍കുകയും വിവരങ്ങള്‍ മുഴുവന്‍ സംഭരിച്ച് വയ്ക്കുകയും ചെയ്യുമ്പോള്‍ അറിയാതെ തന്നെ ഒരുതരം "അമിത കേന്ദ്രീകരണം" സംഭവിക്കും. ഈ വിവരങ്ങളാകട്ടെ വിപണിക്കും പ്രിയങ്കരമായിരിക്കും. എന്തുല്‍പ്പന്നങ്ങള്‍ വേണം? എന്ത് മരുന്നുവേണം? എന്തിന്റെ കുറവ് എവിടെയൊക്കെ? എന്നെല്ലാം വിപണി നിയന്ത്രിക്കുന്നവര്‍ക്ക് വ്യക്തമാകും. അഭിരുചികളും അഭിപ്രായങ്ങളും രൂപീകരിക്കുന്നതിനുവരെ ഇത് സഹായകരമാകുമെന്നതിനാല്‍ "പരസ്യ" മാര്‍ക്കറ്റിനും ഇത് പ്രിയങ്കരമാകും. ഇങ്ങനെ പ്രതിലോമതാല്‍പ്പര്യങ്ങള്‍ക്കാണ് യുഐഡി കൂടുതല്‍ പ്രയോജനപ്പെടുക.

വിവരാവകാശം പോലെ തന്നെ പ്രധാനമാണ് സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അവകാശവും. വ്യക്തിയുടെ സ്വകാര്യതയ്ക്കുമേലുളള കടന്നാക്രമണം ബലാല്‍ക്കാരം തന്നെയാണ്. അതുകൊണ്ട് ശാസ്ത്രീയമായും മാനവിക വീക്ഷണത്തോടെയും പഠനം നടത്താതെയും പാര്‍ലമെന്റിലും നിയമസഭയിലും ചര്‍ച്ച ചെയ്യാതെയും പദ്ധതിയുമായി മുന്നോട്ടുപോകാനെടുത്ത തീരുമാനവും തുടര്‍നടപടികളുമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിരീക്ഷണങ്ങളോടെ ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നത്. കേരളത്തില്‍ ആധാറിനുവേണ്ടി ആരംഭിച്ചിട്ടുള്ള വിവരശേഖരണം അടിയന്തരമായി നിര്‍ത്തിവയ്ക്കണം.

*
വി.എസ്. അച്ചുതാനന്ദന്‍ ദേശാഭിമാനി 15 ഡിസംബര്‍ 2011

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ദേശീയ തിരിച്ചറിയല്‍ അതോറിറ്റിക്ക് നിയമപരിരക്ഷ നല്‍കുന്ന "ദേശീയ തിരിച്ചറിയല്‍ അതോറിറ്റി ബില്‍" തിരസ്കരിക്കാന്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലുകള്‍ പഠിക്കാന്‍ നിയുക്തമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. ആനുകൂല്യങ്ങളും സേവനങ്ങളും നല്‍കാന്‍ എന്ന പേരില്‍ നടപ്പാക്കുന്ന "ആധാര്‍" പദ്ധതി ജനങ്ങളുടെ അവകാശങ്ങള്‍ വിലമതിക്കുന്നില്ലെന്നും ഏകീകൃത തിരിച്ചറിയല്‍ നമ്പറിന് അധികൃതര്‍ അവകാശപ്പെടുന്ന സുരക്ഷിതത്വമില്ലെന്നും കമ്മിറ്റി നിരീക്ഷിച്ചിട്ടുണ്ട്. പദ്ധതിയുടെ സാധ്യതാപഠനം നടന്നിട്ടില്ല; അനാവശ്യമായ തിടുക്കം ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്; ദേശീയസുരക്ഷയെ പോലും ബാധിക്കുന്ന പദ്ധതിയാണ്; വ്യക്തമായ ലക്ഷ്യങ്ങളില്ല; സര്‍ക്കാരില്‍ത്തന്നെ വ്യത്യസ്ത നിലപാടുകളുണ്ട് തുടങ്ങി നിരവധി കാരണങ്ങള്‍ നിരത്തിയാണ് കമ്മിറ്റി ബില്‍ തിരസ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന് എല്ലാ എതിര്‍പ്പുകളെയും പിന്‍വാതിലിലൂടെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.

malayali said...

ആധാര്‍: ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ദൂരം

എസ്സേയ്‌സ്/ഡോ.ഉഷാ രാമനാഥന്‍

നിയമ, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര പ്രശസ്തയായ വ്യക്തിയാണ് ഡോ. ഉഷാ രാമനാഥന്‍. ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിസ്ഥിതി, തൊഴിലാളി, ഉപഭോക്തൃ നിയമങ്ങള്‍ പഠിപ്പിക്കുകയാണ് അവരിപ്പോള്‍. ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ അഡൈ്വസറി പാനല്‍ അംഗമായ അവരെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പല തവണ എക്‌സ്‌പേര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ സര്‍ക്കാര്‍ ആധാര്‍ എന്ന ഓമനപ്പേരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന യൂ.ഐ.ഡി(യുനീക്ക് ഐഡന്റിറ്റി കാര്‍ഡ്) പദ്ധതിക്കെതിരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് ഉഷാ രാമനാഥന്‍. ആധാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്ടെത്തിയ ഉഷാ രാമചന്ദ്രന്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു.

2009ല്‍ ആദ്യമായി ആധാര്‍ പദ്ധതി ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ യാതൊരു സംശയവും കൂടാതെയാണ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിനെ സ്വീകരിച്ചത്. കാരണം, ഒരു പുതിയ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കുക എന്നത് ഇന്ത്യയില്‍ ആദ്യത്തെ സംഗതിയൊന്നുമല്ലല്ലോ. വോട്ട് ചെയ്യാന്‍ അവകാശം നല്‍കുന്ന വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ് നമുക്കെല്ലാവര്‍ക്കും ഉള്ളതാണല്ലോ. കാര്‍ഗില്‍ യുദ്ധത്തിന് ശേഷമാണ് വിവിധ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയത്. പക്ഷേ, ഇപ്പോഴത്തെ ആധാര്‍ പദ്ധതി ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല. 2006ല്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരെ തിരിച്ചറിയാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യം സര്‍ക്കാരും വിവിധ സാമൂഹിക സംഘടനകളും ഉന്നയിച്ചിരുന്നു. 2009 ജനുവരിയിലാണ് പൗരന്റെ എല്ലാ വിവരങ്ങളുമടങ്ങിയ യു.ഐ.ഡി കാര്‍ഡ് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജൂലൈയില്‍ നന്ദന്‍ നിലകേനിയെ പദ്ധതിയുടെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു.

ഈ കാര്‍ഡുകൊണ്ട് പ്രാഥമികമായി ഉദ്ദേശിക്കുന്നത് രാജ്യത്തെ ദരിദ്രരെ തിരിച്ചറിയുവാനും പിന്നോക്ക വിഭാഗങ്ങളുമായി സര്‍ക്കാറിനുള്ള സമ്പര്‍ക്കം മെച്ചപ്പെടുത്താനുമാണെന്നാണ് പറയുന്നത്. പക്ഷേ, പദ്ധതിയുടെ സര്‍ക്കാര്‍ പറയുന്ന പ്രാഥമിക ലക്ഷ്യത്തിനപ്പുറം കാര്‍ഡിന്റെ പ്രവര്‍ത്തന രീതികളെയും ഇതിന്റെ ഉദ്ദേശത്തെയും വിശദമായി പരിശോധിക്കുമ്പോള്‍ ഗൗരവമേറിയ പലസംശയങ്ങളും ചേദ്യങ്ങളുമുയരുന്നുണ്ട്. അത്‌കൊണ്ടുതന്നെ പദ്ധതിയുടെ അറിയപ്പെടാത്ത വശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കാരണം, പൊതുജനങ്ങള്‍ക്ക് ഇതുവരെയും വ്യക്തമായ ചിത്രം ഈ പദ്ധതിയെക്കുറിച്ച് ലഭിച്ചിട്ടില്ല.ആധാറില്‍ പേരു ചേര്‍ക്കാന്‍ ഭീഷണി

ആധാര്‍ പദ്ധതിയില്‍ പേരു ചേര്‍ക്കാന്‍ പൗരന്‍മാരെ നിര്‍ബദ്ധിക്കുകയില്ല എന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. എത്രയും പെട്ടന്ന് പരമാവധി ആളുകളെ പട്ടികയില്‍ ചേര്‍ക്കണമെന്ന നിര്‍ദ്ദേശമാണ് പക്ഷേ ചെയര്‍മാനായ നീലകേനിക്ക് ലഭിച്ചത്. അതിനാല്‍, പദ്ധതി പ്രവര്‍ത്തകര്‍ പദ്ധതിയില്‍ പേരു ചേര്‍ക്കാന്‍ വിസമ്മതിക്കുന്നവരെ ഗ്യാസ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നിര്‍ത്തലാക്കും എന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. ബാംഗ്ലൂര്‍ തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പദ്ധതി പ്രവര്‍ത്തകരുടെ ഈ സമീപനത്തിനെതിരെ പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നു കഴിഞ്ഞു.

ഈ കാര്‍ഡ് കൈവശം വെക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നിരവധി ആനുകൂല്യങ്ങളും സബ്‌സിഡികളും ലഭിക്കുമെന്ന തെറ്റിദ്ധാരണ സാധാരണക്കാര്‍ക്കുണ്ട്. കാര്‍ഡ് കൈവശം വെക്കുന്നതിലൂടെ പ്രത്യേകിച്ച് ആനുകൂല്യങ്ങളൊന്നും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ തിരിച്ചറിയലിനുള്ള രേഖയായി ഈ കാര്‍ഡ് ഉപകാരപ്പെട്ടേക്കാം എന്നു മാത്രം. ഇത്തരത്തില്‍ നിരവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്ന ഈ പദ്ധതിയെക്കുറിച്ച് ശരിയായ രീതിയില്‍ ജനങ്ങള്‍ക്ക് ഒരു വിവരണം നല്‍കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയ്യറായിട്ടില്ല. എന്നിട്ടും യു.ഐ.ഡി പദ്ധതിയെ ‘ഓപണ്‍ ആര്‍കിടെക്ചര്‍’ (‘open architecture’) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

malayali said...

ആധാര്‍: ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ദൂരം

എസ്സേയ്‌സ്/ഡോ.ഉഷാ രാമനാഥന്‍

നിയമ, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര പ്രശസ്തയായ വ്യക്തിയാണ് ഡോ. ഉഷാ രാമനാഥന്‍. ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിസ്ഥിതി, തൊഴിലാളി, ഉപഭോക്തൃ നിയമങ്ങള്‍ പഠിപ്പിക്കുകയാണ് അവരിപ്പോള്‍. ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ അഡൈ്വസറി പാനല്‍ അംഗമായ അവരെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പല തവണ എക്‌സ്‌പേര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ സര്‍ക്കാര്‍ ആധാര്‍ എന്ന ഓമനപ്പേരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന യൂ.ഐ.ഡി(യുനീക്ക് ഐഡന്റിറ്റി കാര്‍ഡ്) പദ്ധതിക്കെതിരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് ഉഷാ രാമനാഥന്‍. ആധാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്ടെത്തിയ ഉഷാ രാമചന്ദ്രന്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു.

2009ല്‍ ആദ്യമായി ആധാര്‍ പദ്ധതി ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ യാതൊരു സംശയവും കൂടാതെയാണ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിനെ സ്വീകരിച്ചത്. കാരണം, ഒരു പുതിയ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കുക എന്നത് ഇന്ത്യയില്‍ ആദ്യത്തെ സംഗതിയൊന്നുമല്ലല്ലോ. വോട്ട് ചെയ്യാന്‍ അവകാശം നല്‍കുന്ന വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ് നമുക്കെല്ലാവര്‍ക്കും ഉള്ളതാണല്ലോ. കാര്‍ഗില്‍ യുദ്ധത്തിന് ശേഷമാണ് വിവിധ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയത്. പക്ഷേ, ഇപ്പോഴത്തെ ആധാര്‍ പദ്ധതി ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല. 2006ല്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരെ തിരിച്ചറിയാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യം സര്‍ക്കാരും വിവിധ സാമൂഹിക സംഘടനകളും ഉന്നയിച്ചിരുന്നു. 2009 ജനുവരിയിലാണ് പൗരന്റെ എല്ലാ വിവരങ്ങളുമടങ്ങിയ യു.ഐ.ഡി കാര്‍ഡ് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജൂലൈയില്‍ നന്ദന്‍ നിലകേനിയെ പദ്ധതിയുടെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു.

ഈ കാര്‍ഡുകൊണ്ട് പ്രാഥമികമായി ഉദ്ദേശിക്കുന്നത് രാജ്യത്തെ ദരിദ്രരെ തിരിച്ചറിയുവാനും പിന്നോക്ക വിഭാഗങ്ങളുമായി സര്‍ക്കാറിനുള്ള സമ്പര്‍ക്കം മെച്ചപ്പെടുത്താനുമാണെന്നാണ് പറയുന്നത്. പക്ഷേ, പദ്ധതിയുടെ സര്‍ക്കാര്‍ പറയുന്ന പ്രാഥമിക ലക്ഷ്യത്തിനപ്പുറം കാര്‍ഡിന്റെ പ്രവര്‍ത്തന രീതികളെയും ഇതിന്റെ ഉദ്ദേശത്തെയും വിശദമായി പരിശോധിക്കുമ്പോള്‍ ഗൗരവമേറിയ പലസംശയങ്ങളും ചേദ്യങ്ങളുമുയരുന്നുണ്ട്. അത്‌കൊണ്ടുതന്നെ പദ്ധതിയുടെ അറിയപ്പെടാത്ത വശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കാരണം, പൊതുജനങ്ങള്‍ക്ക് ഇതുവരെയും വ്യക്തമായ ചിത്രം ഈ പദ്ധതിയെക്കുറിച്ച് ലഭിച്ചിട്ടില്ല.

ആധാറില്‍ പേരു ചേര്‍ക്കാന്‍ ഭീഷണി

ആധാര്‍ പദ്ധതിയില്‍ പേരു ചേര്‍ക്കാന്‍ പൗരന്‍മാരെ നിര്‍ബദ്ധിക്കുകയില്ല എന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. എത്രയും പെട്ടന്ന് പരമാവധി ആളുകളെ പട്ടികയില്‍ ചേര്‍ക്കണമെന്ന നിര്‍ദ്ദേശമാണ് പക്ഷേ ചെയര്‍മാനായ നീലകേനിക്ക് ലഭിച്ചത്. അതിനാല്‍, പദ്ധതി പ്രവര്‍ത്തകര്‍ പദ്ധതിയില്‍ പേരു ചേര്‍ക്കാന്‍ വിസമ്മതിക്കുന്നവരെ ഗ്യാസ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നിര്‍ത്തലാക്കും എന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. ബാംഗ്ലൂര്‍ തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പദ്ധതി പ്രവര്‍ത്തകരുടെ ഈ സമീപനത്തിനെതിരെ പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നു കഴിഞ്ഞു.

ഈ കാര്‍ഡ് കൈവശം വെക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നിരവധി ആനുകൂല്യങ്ങളും സബ്‌സിഡികളും ലഭിക്കുമെന്ന തെറ്റിദ്ധാരണ സാധാരണക്കാര്‍ക്കുണ്ട്. കാര്‍ഡ് കൈവശം വെക്കുന്നതിലൂടെ പ്രത്യേകിച്ച് ആനുകൂല്യങ്ങളൊന്നും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ തിരിച്ചറിയലിനുള്ള രേഖയായി ഈ കാര്‍ഡ് ഉപകാരപ്പെട്ടേക്കാം എന്നു മാത്രം. ഇത്തരത്തില്‍ നിരവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്ന ഈ പദ്ധതിയെക്കുറിച്ച് ശരിയായ രീതിയില്‍ ജനങ്ങള്‍ക്ക് ഒരു വിവരണം നല്‍കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയ്യറായിട്ടില്ല. എന്നിട്ടും യു.ഐ.ഡി പദ്ധതിയെ ‘ഓപണ്‍ ആര്‍കിടെക്ചര്‍’ (‘open architecture’) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Harinath said...

അനധികൃത സ്വത്ത് സമ്പാദിക്കുന്നത് തടയാം. കുറ്റകൃത്യങ്ങളിൽ ഏപ്പെട്ടതിനുശേഷം മറഞ്ഞിരിക്കാൻ സാധിക്കില്ല. അഴിമതി തടയാൻ കഴിയും. ഭാവിയിൽ ഇങ്ങനെയെല്ലാം പ്രയോജനപ്പെട്ടേക്കാം.

രഹസ്യാന്വേഷണവിഭാഗങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചേക്കും. രഹസ്യമായി വിവരങ്ങൾ ശേഖരിക്കുന്ന മാധ്യമപ്രവർത്തകർക്കും ബുദ്ധിമുട്ട് നേരിട്ടേക്കാം.

സാധാരണജനങ്ങൾക്കും സമൂഹത്തിനും ഈ പദ്ധതികോണ്ട് പ്രയോജനമല്ലേയുള്ളൂ.