വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ അതേപടി അംഗീകരിച്ച് സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രഗവണ്‍മെന്റുമായി ധാരണാപത്രം ഒപ്പിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പിലാക്കിയാല്‍ സംസ്ഥാനത്ത് ഇന്ന് കാര്യക്ഷമമായി പ്രവര്‍ത്തിച്ച് വരുന്ന സഹകരണ വായ്പ മേഖലയുടെ തകര്‍ച്ചക്കായിരിക്കും വഴി ഒരുക്കുക.
ഇന്ത്യയിലെ സഹകരണ വായ്പ മേഖലയുടെ പുനഃരുദ്ധാരണത്തിനായി ഒന്നാം യു പി എ ഗവണ്‍മെന്റാണ് 2004 ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിലെ പ്രഫ എ വൈദ്യനാഥന്‍ ചെയര്‍മാനായി ഒരു ടാസ്‌ക് ഫോഴ്സിനെ നിയമിച്ചത്. പ്രസ്തുത ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് സഹകരണ മേഖലയുടെ പുനഃരുദ്ധാരണത്തിനായി 2005 ല്‍ ഒരു പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. ഈ പാക്കേജ് അനുശാസിക്കുന്ന പരിഷ്‌ക്കാരങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ ധാരണാപത്രം ഒപ്പിടുന്നതിന് അന്ന് അധികാരത്തിലിരുന്ന യു ഡി എഫ് ഗവണ്‍മെന്റ് തയ്യാറായില്ല. അന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു. 2006 ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് ഗവണ്‍മെന്റും ഇതിന് സന്നദ്ധമായില്ല. കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച സഹകരണ പാക്കേജ് അതേപടി നടപ്പിലാക്കിയാല്‍ സംസ്ഥാനത്തെ സഹകരണ വായ്പ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക എല്‍ ഡി എഫ്, യു ഡി എഫ് ഗവണ്‍മെന്റുകള്‍ക്കും സംസ്ഥാനത്തെ സഹകാരികള്‍ക്കും ഉണ്ടായതുകൊണ്ടാണ് ഇക്കാലമത്രയും കേന്ദ്ര ഗവണ്‍മെന്റുമായി ധാരണാപത്രം ഒപ്പ് വയ്ക്കുന്നതിന് സംസ്ഥാനം തയ്യാറാവാതിരുന്നത്. എല്‍ ഡി എഫ് ഗവണ്‍മെന്റാകട്ടെ സഹകരണ പാക്കേജ് പൂര്‍ണമായും തള്ളുന്ന നിലപാട് സ്വീകരിക്കാതെ സംസ്ഥാനത്തെ സഹകരണ മേഖല ആര്‍ജിച്ച നേട്ടങ്ങള്‍ക്ക് കോട്ടം വരാത്തവിധം ഭേദഗതികളോടെ പാക്കേജ് നടപ്പിലാക്കുവാനുള്ള നടപടിയെക്കുറിച്ചാണ് ആലോചിച്ചത്. ഇതനുസരിച്ച് സഹകരണ പാക്കേജില്‍ വരുത്തേണ്ട ഭേദഗതികള്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്കുപോലും കേന്ദ്ര ഗവണ്‍മെന്റ് നാളിതുവരെ സന്നദ്ധമായിട്ടില്ല.
സഹകരണം ഇന്ത്യന്‍ ഭരണഘടനയുടെ 7-ാം ഷെഡ്യൂള്‍ അനുസരിച്ച് ഒരു സംസ്ഥാന വിഷയമാണ്. സംസ്ഥാന സര്‍ക്കാരിന് സഹകരണ വായ്പ മേഖലയിലെ ത്രിതല സംവിധാനങ്ങളിലും അന്വേഷണ, നിയന്ത്രണ അധികാരങ്ങളുണ്ട്. ഇതിന്റെ ഉള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സഹകരണ മേഖല സാമൂഹിക പ്രതിബദ്ധതയോടെയാണ് നാളിതുവരെ പ്രവര്‍ത്തിച്ച് പോന്നിരുന്നത്. മുന്നോട്ടുള്ള പ്രയാണത്തിലും സഹകരണ നിയമത്തില്‍ പ്രതിപാദിച്ചിട്ടുള്ള സാമൂഹിക നീതി സംരക്ഷിക്കുന്നതിന് സഹകണ മേഖല പ്രതിജ്ഞാബദ്ധവുമാണ്. എന്നാല്‍ വൈദ്യനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള സഹകരണ പാക്കേജിലെ നിര്‍ദേശങ്ങള്‍ അതേപടി നടപ്പിലാക്കിയാല്‍ ഈ മേഖലയുടെ ജനകീയ സ്വഭാവം നഷ്ടമാകുന്നതിനും അതുവഴി നാം കൈവരിച്ച നേട്ടങ്ങള്‍ പിന്നോട്ടടിപ്പിക്കുന്നതിനും ഇടനല്‍കുന്നതാണ്.
കേരളത്തിലെ സഹകരണ മേഖല പൊതുവിലും വായ്പാ മേഖല വിശേഷിച്ചും ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങള്‍ക്കാകെ മാതൃകയാണ്. മൂവായിരത്തോളംവരുന്ന ബാങ്കിംഗ് സേവന ശൃംഖല കേരളത്തിലെ മറ്റൊരു ബാങ്കിംഗ് മേഖലയ്ക്കും ഇല്ലാത്തതാണ്. സംസ്ഥാനത്ത് സമാഹരിക്കുന്ന നിക്ഷേപത്തിന്റെ മൂന്നിലൊരു ഭാഗം സഹകരണ മേഖലയുടെ സംഭാവനയാണ്. പ്രസ്തുത നിക്ഷേപം മറ്റ് ബാങ്കുകളെ അപേക്ഷിച്ച് പൂര്‍ണമായും കേരള സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്. ഇതിലേറ്റവും പ്രാഥമികമായി നിലകൊള്ളുന്നത് സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 1600-ഓളം പ്രാഥമിക സഹകരണ ബാങ്കുകളാണ്. ഇവയുടെ ഘടനയെ ഉടച്ച് കളയുകയും സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണതത്വത്തെ നശിപ്പിക്കുകയും ചെയ്യുവാന്‍ ഉതകുന്നതാണ് കേന്ദ്രഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുള്ള സഹകരണ പാക്കേജ്.
ബാങ്കിംഗ് റഗുലേഷന്‍ ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതിയും അവയ്ക്ക് നിലവിലുള്ള നിയന്ത്രണ രീതിയും ഇപ്പോഴുള്ള സംവിധാനത്തില്‍ നിന്നും മാറ്റി ദേശസാല്‍ക്കൃത ന്യൂജനറേഷന്‍ ബാങ്കുകളുടേതിന് തുല്യമാക്കണമെന്നും ബാങ്കുകളുടെ ഭരണ സമിതിയില്‍ സംസ്ഥാന ഗവണ്‍മെന്റ് ഒരു പ്രതിനിധിയെ മാത്രമേ ഉള്‍പ്പെടുത്താവൂ എന്നും ഭരണസമിതിയില്‍ റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന സാങ്കേതിക പരിജ്ഞാനമുള്ള രണ്ട് വ്യക്തികള്‍ ഉണ്ടായിരിക്കണമെന്നും പാക്കേജില്‍ നിഷ്‌കര്‍ഷിക്കുന്നു. ഒപ്പം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ യോഗ്യത റിസര്‍വ് ബാങ്ക് നിശ്ചയിക്കുമെന്നും ടിയാളുടെ നിയമനം നടത്തുന്നത് ബന്ധപ്പെട്ട ബാങ്ക് ഭരണസമിതിയാണെങ്കിലും യോഗ്യതയും നിയമനവും റിസര്‍വ്ബാങ്ക് അംഗീകരിക്കണമെന്നും പാക്കേജ് നിര്‍ദേശിക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകളുടെ ഭരണസമിതിയിലും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ നിയമനത്തിലും ഇടപെടുന്നതുപോലെ പ്രാഥമിക സഹകരണ മേഖലയിലേയ്ക്ക് റിസര്‍വ് ബാങ്കിന്റെ അധികാരം വ്യാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യഥാര്‍ഥത്തില്‍ ഈ നടപടി സഹകരണ ബാങ്കിനെ മറ്റൊരു കൊമേഴ്‌സ്യല്‍ ബാങ്കിന്റെ രീതിയിലേയ്ക്ക് മാറ്റി തീര്‍ക്കലായിരിക്കും ഇതിലൂടെ സംഭവിക്കുന്നത്. കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ ഘടനയിലേയ്ക്ക് സഹകരണ മേഖലയെ ഉടച്ച് വാര്‍ക്കുന്നതുകൊണ്ട് കേരളത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കോ കര്‍ഷകര്‍ക്കോ യാതൊരു ഗുണവും ലഭിക്കാന്‍ പോകുന്നില്ല. ജനങ്ങള്‍ക്ക് പ്രാപ്യമായ ഒരു ജനാധിപത്യ ഭരണസംവിധാനം സഹകരണ മേഖലയില്‍ നിലനില്‍ക്കുന്നത് പൊതുവില്‍ ഇല്ലാതാകുന്ന അവസ്ഥയായിരിക്കും സംഭവിക്കുക.
പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെമേല്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തണമെന്നും ബാങ്കിംഗ് റഗുലേഷന്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ ഗവണ്‍മെന്റിന് ധനപരമോ ഭരണപരമോ ആയ നിയന്ത്രണം ഇല്ലാതാക്കണമെന്നും ഉള്ള പാക്കേജിലെ വ്യവസ്ഥ അംഗീകരിക്കപ്പെട്ടാല്‍ കേരളത്തിലെ സഹകരണ മേഖലയുടെ സാമൂഹിക പ്രതിബദ്ധത പൂര്‍ണമായും നഷ്ടപ്പെടുകയും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന വായ്പാ സ്ഥാപനങ്ങളായി മാറുകയും ചെയ്യും.
സഹകരണ പാക്കേജിന്റെ ഭാഗമായി ബാങ്കിംഗ് റഗുലേഷന്‍ ആക്ടിന്റെ ഭേദഗതി കൂടി ശുപാര്‍ശ ചെയ്യുന്നുണ്ട്. അതിലെ പ്രധാന ശുപാര്‍ശ സഹകരണ പാക്കേജിന്റെ പരിധിയില്‍ വരാത്ത സ്ഥാപനങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്നതാണ്. അതായത് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് ലഭിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ബാങ്ക് എന്ന പേര് മാറ്റണം എന്നാണ്. ഇത് ഫലത്തില്‍ സംസ്ഥാനത്തെ ബാങ്കിംഗ് പ്രവര്‍ത്തനം നടത്തുന്ന 1680 ഓളം പ്രാഥമിക സംഘങ്ങള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത അവസ്ഥ വരുത്തുകയും ചെക്ക് ഉപയോഗിക്കുന്നതിനുള്ള സൗകര്യം നിഷേധിക്കുകയുമാണ് ചെയ്യുന്നത്. ഇന്ന് കേരളത്തിലെ പ്രാഥമിക സഹകരണമേഖല 60,000 കോടി രൂപയാണ് നിക്ഷേപമായി സമാഹരിച്ചിട്ടുള്ളത്. ഇന്ത്യയിലെ സഹകരണമേഖല ആകെ സ്വരൂപിച്ചിട്ടുള്ള നിക്ഷേപത്തിന്റെ 65 ശതമാനത്തോളംവരും കേരളത്തിലെ സഹകരണമേഖലയില്‍ നിന്ന് സ്വരൂപിച്ചിട്ടുള്ള തുക. ബാങ്ക് എന്ന പേര് ഉപയോഗിക്കുവാന്‍ പാടില്ല എന്ന അവസ്ഥ ഈ സ്ഥാപനങ്ങള്‍ക്കുണ്ടായാല്‍ ഇവരുടെ സാമ്പത്തിക ഭദ്രതയ്ക്ക് തന്നെ ഇത് കോട്ടം സൃഷ്ടിക്കും.
പ്രാഥമിക സഹകരണ സംഘങ്ങളുടെ ജില്ലാതല കേന്ദ്രമായ ജില്ലാ സഹകരണ ബാങ്കുകളുടെ ഓഹരി മൂലധനം പ്രാഥമിക സഹകരണ സ്ഥാപനങ്ങളില്‍ നിന്നും സമാഹരിക്കുന്നതാണ്. കേന്ദ്ര ബാങ്കായ ജില്ലാസഹകരണ ബാങ്കില്‍ നിന്നല്ലാതെ വായ്പ സ്വായത്തമാക്കുവാന്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് അനുവാദം നല്‍കുമ്പോള്‍ കേന്ദ്ര ബാങ്കായ ജില്ലാ സഹകരണ ബാങ്കും അപ്പെക്‌സ് സ്ഥാപനമായ സംസ്ഥാന സഹകരണ ബാങ്കും ആര്‍ ബി ഐ നിഷ്‌കര്‍ഷിച്ചിട്ടുള്ള മൂലധന പര്യാപ്തത കൈവരിക്കുവാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടാക്കും. ഇത് ജില്ലാ സംസ്ഥാന ബാങ്കുകളുടെ ആര്‍ ബി ഐ ലൈസന്‍സ് നിലനിര്‍ത്തുവാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാക്കും. പൊതുവില്‍ സംസ്ഥാനത്തെ സഹകരണ മേഖലയുടെ യഥാര്‍ഥ ചൈതന്യത്തെ ചോര്‍ത്തിക്കളഞ്ഞ് അതിനെ ഇല്ലാതാക്കുകയും ആ സ്ഥാനം സ്വകാര്യ ബാങ്കുകളുടെ മേച്ചില്‍ പുറങ്ങളാക്കി മാറ്റുകയുമായിരിക്കും വൈദ്യനാഥന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സഹകരണ പാക്കേജ് അതേപടി നടപ്പിലാക്കിയാല്‍ കേരളത്തില്‍ സംഭവിക്കുവാന്‍ പോകുന്നത്.
ഇന്ന് കേരളത്തിലെ സഹകരണ ബാങ്കുകള്‍ ബാങ്കിംഗ് പ്രവര്‍ത്തനം മാത്രമല്ല നടത്തിവരുന്നത്. വിലക്കയറ്റം പോലുള്ള ദുഷ്‌ക്കര സാഹചര്യങ്ങളെ നേരിടുവാന്‍ സഹകരണ ചന്തകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍, മാവേലി സ്റ്റോറുകള്‍, തുടങ്ങിയവ നടത്തുന്നുണ്ട്. കര്‍ഷകര്‍ക്കാവശ്യമായ വളങ്ങളും വിത്തുകളും വിതരണം നടത്തുന്നുണ്ട്. നെല്ല്, നാളികേരം എന്നീ കാര്‍ഷിക വിളകളുടെ സംഭരണവും നടത്തുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ അനുവദിക്കുന്നില്ല. സഹകരണ ബാങ്കുകളുടെ നിക്ഷേപങ്ങള്‍ക്ക് സഹായകരമായ ചിട്ടികള്‍ നടത്തുന്നതിനും ഈ പാക്കേജ് അനുവദിക്കുന്നില്ല.
സഹകരണമേഖലയ്ക്ക് പ്രതികൂലമായ മേല്‍പ്പറഞ്ഞ വ്യവസ്ഥകളില്‍ ഭേദഗതികള്‍ വരുത്തി സഹകരണ പാക്കേജ് സംസ്ഥാനത്ത് നടപ്പിലാക്കണമെന്നാണ് സഹകാരികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുള്ളത്. അതിനുവേണ്ടിയാണ് ധാരണാപത്രം ഒപ്പിടാതെ നീണ്ട 6 വര്‍ഷം കഴിഞ്ഞുപോയത്. എന്നാല്‍ 6 വര്‍ഷങ്ങള്‍ക്കുശേഷം പാക്കേജിന്റെ നിബന്ധനകളില്‍ യാതൊരു ഭേദഗതിയും വരുത്താതെ ധാരണാപത്രം ഒപ്പിടുമെന്ന് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം കേരളത്തിലെ സഹകാരികളോടും സഹകരണ മേഖലയോടും നടത്തിയിട്ടുള്ള വെല്ലുവിളിയാണ്.
*
ബാബുപോള്‍ ജനയുഗം 25 ഡിസംബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
സഹകരണമേഖലയ്ക്ക് പ്രതികൂലമായ മേല്‍പ്പറഞ്ഞ വ്യവസ്ഥകളില്‍ ഭേദഗതികള്‍ വരുത്തി സഹകരണ പാക്കേജ് സംസ്ഥാനത്ത് നടപ്പിലാക്കണമെന്നാണ് സഹകാരികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുള്ളത്. അതിനുവേണ്ടിയാണ് ധാരണാപത്രം ഒപ്പിടാതെ നീണ്ട 6 വര്‍ഷം കഴിഞ്ഞുപോയത്. എന്നാല്‍ 6 വര്‍ഷങ്ങള്‍ക്കുശേഷം പാക്കേജിന്റെ നിബന്ധനകളില്‍ യാതൊരു ഭേദഗതിയും വരുത്താതെ ധാരണാപത്രം ഒപ്പിടുമെന്ന് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം കേരളത്തിലെ സഹകാരികളോടും സഹകരണ മേഖലയോടും നടത്തിയിട്ടുള്ള വെല്ലുവിളിയാണ്.
Post a Comment