മുല്ലപ്പെരിയാര്‍പ്രശ്നവുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാറില്‍ ഉപവാസ സത്യഗ്രഹം നടത്തിയശേഷം ഞാന്‍ ആലുവ ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ അറിഞ്ഞത് വിളിപ്പാടകലെയുള്ള അമൃത ആശുപത്രിയില്‍ നേഴ്സുമാര്‍ ഒന്നടങ്കം സമരരംഗത്തിറങ്ങിയതാണ്. പിറ്റേന്ന് ഉച്ചയ്ക്ക് മറൈന്‍ ഡ്രൈവില്‍ മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണിചേരാന്‍ പോകാനിറങ്ങുമ്പോള്‍ ഒരു സംഘം നേഴ്സുമാര്‍ എന്നെ കാണാനെത്തി. ക്രൂരമായ മര്‍ദനമേറ്റതിന്റെ പരിക്കുകള്‍ കാണിച്ചുകൊണ്ട് അവര്‍ പറഞ്ഞ കദനകഥ ഹൃദയഭേദകമായിരുന്നു. അമൃത ആശുപത്രി സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ സ്പെഷ്യാലിറ്റി ആശുപത്രികളിലൊന്നാണ്. ആയിരത്തില്‍പ്പരം നേഴ്സുമാര്‍ അവിടെ ജോലിചെയ്യുന്നുണ്ട്. അവരുടെ ശുശ്രൂഷയും പരിചരണവും കൂടിയാണ് ആ ആശുപത്രിയുടെ പ്രശസ്തിക്ക് അടിസ്ഥാനം. എന്നാല്‍ , പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലിചെയ്താല്‍ മൂവായിരവും നാലായിരവും രൂപയാണ് അവരില്‍ ഭൂരിപക്ഷത്തിനും ലഭിക്കുന്ന പ്രതിമാസ ശമ്പളം. അതിനെതിരെ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ പലതരത്തിലുള്ള പീഡനങ്ങള്‍ ; ഗുണ്ടാമര്‍ദനം... ഇത് ഒറ്റപ്പെട്ട സംഭവമല്ല.
കൊല്ലത്ത് ശങ്കേഴ്സ് ആശുപത്രിയിലെ നേഴ്സുമാര്‍ മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയപ്പോള്‍ ഗുണ്ടകളുടെ ആക്രമണത്തിനിരയായി. ഡല്‍ഹിയിലും നോയിഡയിലുമെല്ലാം കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് നേഴ്സുമാര്‍ സമരരംഗത്തിറങ്ങി. ഡല്‍ഹിയില്‍ സമരംചെയ്ത നേഴ്സുമാരെ മുതലാളിമാര്‍ പിരിച്ചുവിട്ടു. അവിടത്തെ നേഴ്സുമാരുടെ സംഘടനാ നേതാക്കളുമായി ഞാന്‍ സംസാരിക്കുകയുണ്ടായി. പ്രശ്നം ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അവര്‍ ചില നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ മാസം മുംബൈയില്‍ ആദര്‍ശ് വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴും കൊടിയ ചൂഷണത്തിനിരയാവുന്ന നേഴ്സ് സമൂഹത്തെക്കുറിച്ചാണ് എല്ലാവരും പറഞ്ഞത്. മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ ആയിരക്കണക്കിന് നേഴ്സുമാര്‍ അന്ന് സമരരംഗത്തായിരുന്നു. ആശുപത്രി ഉടമകളുടെ ക്രൂരമായ മാനസിക പീഡനത്തെതുടര്‍ന്ന് ബീന ബേബി എന്ന നേഴ്സ് ആത്മഹത്യചെയ്തത് ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലാണ്. സര്‍ട്ടിഫിക്കറ്റ് തിരിച്ചുചോദിച്ചിട്ടും കൊടുക്കാതെ പീഡിപ്പിക്കുകയായിരുന്നു ബീന ബേബിയെ. അവിടെ സമരം നടത്തുന്ന നേഴ്സുമാരുടെ പ്രതിനിധികള്‍ ക്രൂരമായ ചൂഷണത്തെക്കുറിച്ച് എന്നോട് വിശദീകരിക്കുകയുണ്ടായി.
കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തമുണ്ടായപ്പോള്‍ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ജീവത്യാഗംചെയ്ത രണ്ട് മലയാളി നേഴ്സുമാരെ അഭിമാനത്തോടെയാണ് കേരളം ഓര്‍ക്കുന്നത്. ഇന്ത്യയിലാകെ സ്വകാര്യ ആശുപത്രി മേഖലയില്‍ നേഴ്സുമാര്‍ കടുത്ത ചൂഷണത്തിനിരയായി ജീവിതദുരിതമനുഭവിക്കുകയാണ്. സ്വകാര്യ ആശുപത്രി മേഖലയില്‍ നേഴ്സുമാര്‍ക്ക് സേവന-വേതന വ്യവസ്ഥയുണ്ടാക്കാന്‍ കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് പലതവണ ആവശ്യമുയര്‍ത്തിയെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം നേഴ്സിങ് മേഖലയില്‍ മലയാളി നേഴ്സുമാര്‍ക്ക് പ്രത്യേക അംഗീകാരമുണ്ട്. ആതുര ശുശ്രൂഷാരംഗത്ത് നമ്മുടെ നാട്ടുകാര്‍ക്കുള്ള അംഗീകാരത്തിന്റെ തെളിവാണ് നേഴ്സിങ് രംഗത്തെ മലയാളി മേധാവിത്വം. ഇന്ത്യയിലെ വിവിധ സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍ ജോലി നോക്കുന്ന പതിനേഴര ലക്ഷം നേഴ്സുമാരില്‍ പന്ത്രണ്ട് ലക്ഷവും മലയാളികളാണ്. നമ്മുടെ സംസ്ഥാനത്ത് അരലക്ഷം നേഴ്സുമാര്‍ ജോലിചെയ്യുന്നുണ്ട്. അതില്‍ നാല്‍പ്പതിനായിരവും സ്വകാര്യ മേഖലയിലാണ്. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളിലൂടെയായി കാല്‍ലക്ഷത്തോളം മലയാളിക്കുട്ടികള്‍ ഓരോ കൊല്ലവും നേഴ്സിങ് ഡിപ്ലോമയോ ബിരുദമോ നേടി പുറത്തുവരുന്നുണ്ട്. നാലു മുതല്‍ ആറ് ലക്ഷം രൂപവരെ ചെലവഴിച്ചാണ് ഡിപ്ലോമയോ ഡിഗ്രിയോ നേടുന്നത്. വളരെ ദരിദ്രമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന്, ബാങ്ക് വായ്പയെമാത്രം ആശ്രയിച്ച് പഠനത്തിന് പോകുന്നവര്‍ പഠനകാലത്തും പഠനം കഴിഞ്ഞാല്‍ രണ്ടുവര്‍ഷത്തോളവും പഠിക്കുന്ന ആശുപത്രിയില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നു. ആയിരത്തഞ്ഞൂറോ രണ്ടായിരമോ രൂപയാണ് പഠനാനന്തരം "ബോണ്ട്" കാലത്ത് വേതനം. തുടര്‍ന്ന് വിവിധ സ്വകാര്യ ആശുപത്രികളില്‍ ജോലി. അടിമത്തം അവസാനിപ്പിച്ച രാജ്യമാണ് നമ്മുടേത്. എന്നാല്‍ , നിരവധി വന്‍കിട സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാരും നേഴ്സിങ് അസിസ്റ്റന്റുമാരും അടിമപ്പണിക്കിരയാക്കപ്പെടുന്നു.
കാര്‍ഷികമേഖലയിലും നിര്‍മാണമേഖലയിലുമെല്ലാം കിട്ടുന്ന ദിവസവേതനമുമായി തട്ടിച്ചുനോക്കുമ്പോള്‍ അതിന്റെ നാലിലൊന്നുപോലും കിട്ടാത്ത നേഴ്സുമാര്‍ അനവധിയാണ്. മുംബൈയിലും നോയിഡയിലും ഡല്‍ഹിയിലും കൊല്‍ക്കത്തയിലും മറ്റുമുള്ള പല സ്വകാര്യ ആശുപത്രികളിലും നേഴ്സുമാര്‍ക്ക് സേവന-വേതന വ്യവസ്ഥകളില്ലെന്നു മാത്രമല്ല, കടുത്ത ഭീഷണിക്കും പീഡനത്തിനും ഇരയാക്കപ്പെടുന്നു. മതിയായ വിശ്രമസമയമോ, താമസസൗകര്യമോ ലഭ്യമല്ലതാനും. കേരളത്തില്‍ സ്ഥിതി അല്‍പ്പം ഭേദമായിരുന്നു. എന്നാല്‍ , അടുത്തിടെ പുറത്തുവന്ന ചില വാര്‍ത്തകള്‍ ആശങ്കയുണര്‍ത്തുന്നതാണ്. സ്വകാര്യമേഖലയിലെ നേഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് സമഗ്ര നിയമം ഇതുവരെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും 2000, 2009 വര്‍ഷങ്ങളില്‍ അന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മിനിമംവേതനം പ്രഖ്യാപിക്കുകയുണ്ടായി. ഒരു നേഴ്സിന് പതിനൊന്നായിരം രൂപയെങ്കിലും ശമ്പളമായി നല്‍കണമെന്നാണ് 2009ല്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ , മിക്ക സ്വകാര്യ ആശുപത്രികളിലും അത് നടപ്പാക്കുന്നില്ല.
ആവശ്യത്തിന് നേഴ്സുമാരെ നിയമിക്കാതിരിക്കുക; വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ജോലിചെയ്യിക്കുക; നേഴ്സിങ് അസിസ്റ്റന്റുമാരെ തുച്ഛവേതനം നല്‍കി നിയമിക്കുക; യോഗ്യതയുള്ള നേഴ്സുമാരെ നിയമിക്കുമ്പോള്‍ കരാര്‍ സമ്പ്രദായമോ ദിവസക്കൂലി സമ്പ്രദായമോ നടപ്പാക്കി അതുവഴി മിനിമം വേതനവ്യവസ്ഥ അട്ടിമറിക്കുക- ഇതാണ് പല സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും ചെയ്തുകൊണ്ടിരിക്കുന്നത്. 280 ദിവസത്തിനുശേഷവും ജോലിയില്‍ തുടരുന്നവര്‍ , അവര്‍ താല്‍ക്കാലിക ജീവനക്കാരായാലും സ്ഥിരം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കര്‍ഹരാണ്. എന്നാല്‍ , സ്വകാര്യ ആശുപത്രി മേഖലയില്‍ വലിയൊരു വിഭാഗത്തിനും പിഎഫ് ഉള്‍പ്പെടെയുള്ള ആനുകൂലങ്ങള്‍ നിഷേധിക്കപ്പെടുന്നു.
മഹത്തായ നേഴ്സിങ് ജോലിയെ അടിമപ്പണിയാക്കി മാറ്റുന്ന കച്ചവട ആശുപത്രിക്കാര്‍ക്ക് മൂക്കുകയറിടണമെന്ന് ഒടുവില്‍ സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. ബോണ്ട് പ്രശ്നം, ഇന്റേണ്‍ഷിപ്പ് പീഡനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിലെല്ലാം നേഴ്സുമാര്‍ക്ക് ഭേദപ്പെട്ട പ്രതിഫലം ലഭിക്കുന്നുണ്ട്. മികച്ച സേവന-വേതന വ്യവസ്ഥകളുണ്ട്. പതിനാല് മണിക്കൂര്‍ തുടര്‍ച്ചയായി ജോലിചെയ്യേണ്ടതില്ല. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നേഴ്സുമാര്‍ക്ക് മികച്ച സേവന-വേതന വ്യവസ്ഥകള്‍ , എട്ടുമണിക്കൂര്‍ ജോലിസമ്പ്രദായം ഉള്‍പ്പെടെ നടപ്പാക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. കഴുത്തറുപ്പന്‍ ഫീസ് ചുമത്തുന്ന സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് ചോദിക്കുന്ന വേതനം നല്‍കുമ്പോള്‍ നേഴ്സുമാരും മറ്റ് ജീവനക്കാരും കൊടിയ ചൂഷണത്തിനിരയാകുന്നു.
ആശുപത്രിയുടെ നിലനില്‍പ്പിലും വളര്‍ച്ചയിലും നേഴ്സുമാരുടെ സേവനം മുഖ്യമാണെന്ന് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഉടമകള്‍ക്ക് കഴിയുന്നില്ല. പ്രത്യേക കൊടിക്കീഴില്‍ അണിനിരന്നുകൊണ്ടല്ലെങ്കിലും നേഴ്സുമാര്‍ രാജ്യത്താകെ ഉണര്‍ന്നെണീറ്റിരിക്കുന്നു. ഇന്നത്തെ തുച്ഛവേതനം തുടര്‍ന്നാല്‍ ബാങ്കുകളില്‍നിന്നെടുത്ത വിദ്യാഭ്യാസ വായ്പ എങ്ങനെ തീര്‍ക്കുമെന്നറിയാത്ത വേവലാതികൂടി പുതിയ അസ്വസ്ഥതയ്ക്ക് പിന്നിലുണ്ട്. കാര്‍ഷിക മേഖലയിലേത് പോലെതന്നെ വലിയൊരു കടക്കെണിയാണ് നേഴ്സിങ് വിദ്യാഭ്യാസ മേഖലയിലും രൂപപ്പെട്ടുവരുന്നതെന്ന് കാണാതിരുന്നുകൂടാ. ഏറ്റവും മഹത്തായ സേവനമായ ആതുര ശുശ്രൂഷാരംഗത്ത് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന നേഴ്സുമാര്‍ക്ക്, മെച്ചപ്പെട്ട വേതനവും സേവനാന്തരീക്ഷവും ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണം. അതിനായി നിയമം കൊണ്ടുവരണം; പൊതുസമൂഹം സമ്മര്‍ദം ചെലുത്തണം.
*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 22 ഡിസംബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
മുല്ലപ്പെരിയാര്‍പ്രശ്നവുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാറില്‍ ഉപവാസ സത്യഗ്രഹം നടത്തിയശേഷം ഞാന്‍ ആലുവ ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ അറിഞ്ഞത് വിളിപ്പാടകലെയുള്ള അമൃത ആശുപത്രിയില്‍ നേഴ്സുമാര്‍ ഒന്നടങ്കം സമരരംഗത്തിറങ്ങിയതാണ്. പിറ്റേന്ന് ഉച്ചയ്ക്ക് മറൈന്‍ ഡ്രൈവില്‍ മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണിചേരാന്‍ പോകാനിറങ്ങുമ്പോള്‍ ഒരു സംഘം നേഴ്സുമാര്‍ എന്നെ കാണാനെത്തി. ക്രൂരമായ മര്‍ദനമേറ്റതിന്റെ പരിക്കുകള്‍ കാണിച്ചുകൊണ്ട് അവര്‍ പറഞ്ഞ കദനകഥ ഹൃദയഭേദകമായിരുന്നു. അമൃത ആശുപത്രി സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ സ്പെഷ്യാലിറ്റി ആശുപത്രികളിലൊന്നാണ്. ആയിരത്തില്‍പ്പരം നേഴ്സുമാര്‍ അവിടെ ജോലിചെയ്യുന്നുണ്ട്. അവരുടെ ശുശ്രൂഷയും പരിചരണവും കൂടിയാണ് ആ ആശുപത്രിയുടെ പ്രശസ്തിക്ക് അടിസ്ഥാനം. എന്നാല്‍ , പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലിചെയ്താല്‍ മൂവായിരവും നാലായിരവും രൂപയാണ് അവരില്‍ ഭൂരിപക്ഷത്തിനും ലഭിക്കുന്ന പ്രതിമാസ ശമ്പളം. അതിനെതിരെ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ പലതരത്തിലുള്ള പീഡനങ്ങള്‍ ; ഗുണ്ടാമര്‍ദനം... ഇത് ഒറ്റപ്പെട്ട സംഭവമല്ല.
Post a Comment