Wednesday, December 7, 2011

രണ്ടരലക്ഷം കര്‍ഷക ആത്മഹത്യ

വ്യാജവും വികാരപരവുമാണ് ടെലിവിഷന്‍ വാര്‍ത്തകള്‍. രണ്ടു മാസത്തിനിടയില്‍ ഏകദേശം 90 കര്‍ഷകരാണ് ആത്മഹത്യചെയ്തതെന്ന് അവര്‍ പറയുന്നു. എന്നാല്‍ നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ അഭിപ്രായപ്രകാരം ഓരോ മാസവും ഇന്ത്യയില്‍ ശരാശരി 210 കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. ഇങ്ങനെ ആത്മാര്‍ഥതയില്ലാത്ത സര്‍ക്കാരുദ്യോഗസ്ഥന്‍ പുറപ്പെടുവിക്കുന്ന കപടവാദങ്ങള്‍ അതേപോലെ അംഗീകരിച്ച് കൊട്ടിഘോഷിക്കുകയാണ് നമ്മുടെ ടെലിവിഷന്‍ ചാനലുകള്‍. ഇവരുടെ അഭിപ്രായത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തേക്കാള്‍ കുറവാണ് ഈ വര്‍ഷം കര്‍ഷകാത്മഹത്യയെന്നാണ്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ കര്‍ഷക ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതല്‍ ആന്ധ്രാപ്രദേശിലാണെന്ന് ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ അവസാന എട്ടുവര്‍ഷ കണക്കുകള്‍ കാണിക്കുന്നു. അതേസമയം 2003 മുതല്‍ 2010 വരെ ഇന്ത്യയിലെ പ്രധാനപ്പെട്ട അഞ്ച് സംസ്ഥാനങ്ങളില്‍ ഓരോ വര്‍ഷവും കര്‍ഷകാത്മഹത്യ കുറഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ മൂന്നില്‍ രണ്ടു കര്‍ഷക ആത്മഹത്യയും നടക്കുന്നത് കര്‍ണാടകയിലാണ്. 1995നും 2002നുമിടയില്‍ കര്‍ണാടകയില്‍ ശരാശരി 2259 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. എന്നാല്‍ അടുത്ത എട്ടുവര്‍ഷത്തിനിടയില്‍ (2003-2010) അത് 2123 ആയി കുറഞ്ഞു. ഒരു വര്‍ഷം ശരാശരി 136 ശതമാനത്തിന്റെ കുറവ്. എന്നാല്‍ ഈ കുറവിനെ അത്രകണ്ടങ്ങ് വിശ്വസിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അതായത് 2009-2010 കാലയളവില്‍ എണ്ണം വീണ്ടും കൂടുകയാണുണ്ടായത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കര്‍ഷക ആത്മഹത്യ ഏറ്റവും കൂടുതല്‍ നാശംവിതച്ച സംസ്ഥാനമായി കര്‍ണാടക തുടരുന്നു. 1995 മുതല്‍ 35,053 കര്‍ഷകരാണ് അവിടെ ആത്മഹത്യ ചെയ്തത്. എന്‍ സി ആര്‍ ബിയുടെ കണക്കുകളെ 1995 മുതല്‍ 2002 വരെയും 2003 മുതല്‍ 2010 വരെയുള്ള കാലയളവിനെ എട്ട് വര്‍ഷം വീതമുള്ള രണ്ടു ഭാഗങ്ങളായി വിഭജിച്ചു പരിശോധിക്കുമ്പോള്‍ ഓരോ സംസ്ഥാനത്തിന്റെയും പ്രകടനം വ്യക്തമായി വിലയിരുത്താനാകും.
സംസ്ഥാനങ്ങളിലെ വാര്‍ഷിക ശരാശരി ആത്മഹത്യ പരിശോധിക്കുമ്പോള്‍ ആദ്യത്തെ എട്ടുവര്‍ഷത്തേക്കാള്‍ (1995-02) ഏറ്റവും കുറഞ്ഞത് 100 ആത്മഹത്യകളെങ്കിലും കുറവാണ് രണ്ടാമത്തെ എട്ടുവര്‍ഷക്കാലയളവില്‍ (2003-10). ഇതില്‍ എടുത്തുപറയേണ്ടത് തമിഴ്‌നാട് (-126) ന്റെയും ഉത്തര്‍പ്രദേശ് (-109) ന്റെയും അനുഭവമാണ്. കേരളത്തില്‍ ശരാശരി കര്‍ഷക ആത്മഹത്യ (-221) ആയി കുറഞ്ഞിട്ടുണ്ട്. ആത്മഹത്യാനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി മാറിയത് പശ്ചിമബംഗാളാണ്. 1995 മുതല്‍ 2002വരെയുള്ള കാലയളവിലെ ശരാശരിയെക്കാള്‍ 436 കര്‍ഷകാത്മഹത്യകള്‍ 2003-10 കാലയളവില്‍ അവിടെ കുറഞ്ഞിട്ടുണ്ട്.

കര്‍ണാടകയെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയിലെ അഞ്ചു വലിയ സംസ്ഥാനങ്ങളില്‍ 2003-10 കാലയളവില്‍ കര്‍ഷക ആത്മഹത്യാനിരക്ക് ഗണ്യമായുയര്‍ന്നിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ വാര്‍ഷിക കര്‍ഷക ആത്മഹത്യാനിരക്ക് 1995-02 കാലയളവില്‍ 711 കൂടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അത് 1294 ആണ്. മധ്യപ്രദേശും ഛത്തീസ്ഗഡും 16 വര്‍ഷത്തെ കണക്കുകളില്‍ ആറാം സ്ഥാനത്താണ്. ഇപ്പോള്‍ ഈ രണ്ടു സംസ്ഥാനങ്ങളെയും കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒന്നായാണ് കണക്കാക്കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ രണ്ടാം ഘട്ടത്തില്‍ (2003-10) ല്‍ 525 ന്റെ ശരാശരി വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചെറു സംസ്ഥാനങ്ങളില്‍ രണ്ടു ഘട്ടങ്ങളും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ആദ്യപാദത്തില്‍ (1995-02) കര്‍ഷകാത്മഹത്യ കുറവാണെന്ന് മനസിലാക്കാം. ഈ കാലയളവില്‍ ഇവിടെ ഒരു കര്‍ഷകന്‍ മാത്രമേ ആത്മഹത്യ ചെയ്തിട്ടുള്ളൂ. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ (2003-10) കാലയളവില്‍ ഇത് ഗണ്യമായി വര്‍ധിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ഈ കാലയളവില്‍ കര്‍ഷക ആത്മഹത്യയുണ്ടായി. എന്നാല്‍ ത്രിപുരയില്‍ വാര്‍ഷിക ശരാശരി 90 ല്‍ നിന്നും 78 ആയി കുറഞ്ഞു.

കേരളത്തിലെ കര്‍ഷക ആത്മഹത്യ (-221) ആയി കുറഞ്ഞത് ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ആഗോളവല്‍കൃത സാമ്പത്തിക സംവിധാനമാണ് കേരളത്തിലുള്ളത്. വേണ്ടത്ര ഉറപ്പില്ലാത്തതും ദുര്‍ബലവുമായ നാണ്യവിളാടിസ്ഥാനത്തിലുള്ള കാര്‍ഷിക വ്യവസ്ഥയാണിവിടെ. ക്ഷണനേരംകൊണ്ട് മാറിക്കൊണ്ടിരിക്കുന്ന നാണ്യവിളകളുടെ വിലയും ആഗോളതലത്തിലുള്ള വന്‍ കമ്പനികളുടെ ഇടപെടലും കാരണം ഇന്ത്യയിലെ മറ്റേതു സംസ്ഥാനങ്ങളേക്കാള്‍ വിലവര്‍ധന കേരളത്തിലാണ്. കഴിഞ്ഞ ദശകത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ കേരള കര്‍ഷകന് ഒരു കിലോ വാനിലയ്ക്ക് നാലായിരം രൂപാവരെ ലഭിച്ചിരുന്നു. എന്നാല്‍ പെട്ടെന്നത് എണ്‍പത് രൂപയായി കുറയുകയും ഇപ്പോഴും അതേപടി നില്‍ക്കുകയും ചെയ്യുന്നു. വിലയിടിയുന്നതോടെ നഷ്ടമുണ്ടാകുന്ന കര്‍ഷകര്‍ കടം വാങ്ങിയ പണം തിരിച്ചടയ്ക്കാനാകാതെ ആത്മഹത്യയിലേക്കു നീങ്ങുന്നു.

കാപ്പി, കുരുമുളക് തുടങ്ങിയ എല്ലാവിധ നാണ്യവിളകളേയും വിലയിടിവു ബാധിച്ചു. നാലു പ്രധാനപ്പെട്ട ആഗോള സ്ഥാപനങ്ങളാണ് കാപ്പിയുടെ വില നിയന്ത്രിച്ചിരുന്നത്. ഈ കമ്പനികള്‍ അവരുടെ ലാഭം കൂട്ടാന്‍ ഉല്‍പാദകര്‍ക്കു നല്‍കിയിരുന്ന സംഭരണവില കുറച്ചു. യൂറോപ്പില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്താണ് ഈ പ്രക്രിയ നടന്നത്. വിദേശ രാജ്യങ്ങളില്‍ ഭക്ഷ്യോല്‍പാദനം നടത്തുന്ന കൃഷിക്കാരെക്കാള്‍ ആത്മഹത്യ കൂടുതലാണ് നാണ്യവിള കര്‍ഷകരുടെ ആത്മഹത്യ. ഉയര്‍ന്ന ഉല്‍പാദന ചെലവാണ് നാണ്യവിള കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

കേരളത്തില്‍ കര്‍ഷക ആത്മഹത്യ വാര്‍ഷിക ശരാശരി 221 ആയി കുറഞ്ഞത് ശ്രദ്ധേയമാണ്. കഴിഞ്ഞ 16 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2008 മുതല്‍ 2010 വരെ കേരളം മികച്ച നേട്ടമാണ് കൈവരിച്ചത്. 2005 ല്‍ കേരളത്തില്‍ രൂപംകൊടുത്ത കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ കാര്‍ഷിക മേഖലയെ സഹായിക്കുന്നതില്‍ വളരെ വലിയ പങ്കുവഹിച്ചു. ഭീഷണി നേരിടുന്ന വിളകള്‍ക്ക് പലവിധത്തിലുള്ള പാക്കേജുകള്‍ കമ്മിഷന്‍ പ്രഖ്യാപിച്ചു. 2005 നും 2010നുമിടയില്‍ കേരളത്തില്‍ നെല്ലിന്റെ താങ്ങുവില 700 രൂപയില്‍ നിന്നും 1400 രൂപയായുയര്‍ന്നു. കേന്ദ്ര സര്‍ക്കാരുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിട്ടതോടുകൂടി സ്ഥിതി വഷളായി. ഇതിന്റെ പരിണിതഫലമാണ് വയനാട്ടില്‍ വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍.

മഹാരാഷ്ട്രയുമായി താരതമ്യം ചെയ്യുമ്പോള്‍ പശ്ചിമബംഗാളിലെ കര്‍ഷകാത്മഹത്യ (-436) ആയി കുറഞ്ഞത് അഭിനന്ദനീയമാണ്. മഹാരാഷ്ട്രയില്‍ 112 മില്യനാണ് ജനസംഖ്യയെങ്കില്‍ ബംഗാളിലത് 91 മില്യന്‍ മാത്രമാണ് ബംഗാളില്‍ ഗ്രാമങ്ങളും കൃഷിക്കാരും മറ്റേതു സംസ്ഥാനങ്ങളേയുമപേക്ഷിച്ച് വളരെ കൂടുതലുമാണ്. 2008-10 കാലയളവില്‍ മഹാരാഷ്ട്രയില്‍ 3802 കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ ബംഗാളിലത് വെറും 990 ആയിരുന്നു. ബംഗാളില്‍ കര്‍ഷകാത്മഹത്യ കുറയാനുള്ള പ്രധാനകാരണം ബംഗാള്‍ സര്‍ക്കാര്‍ അവിടെ കര്‍ഷകര്‍ക്കും നാണ്യവിളകള്‍ക്കും നല്‍കുന്ന പ്രത്യേക പരിഗണനമൂലമാണ്. ഭക്ഷ്യോല്‍പാദനത്തിലും ബംഗാള്‍ മഹാരാഷ്ട്രയേക്കാളും വളരെ മുന്നിലാണ്. ഇന്ത്യയില്‍ ഏറ്റവുമധികം അരി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍. ധാന്യങ്ങളും പയറുവര്‍ഗങ്ങളും കൃഷി ചെയ്യുന്ന ഭൂമി 3.7 മില്യണ്‍ ഏക്കറായി കുറഞ്ഞുവെന്ന് ഈ വര്‍ഷമാദ്യം നടന്ന ഖാരിഫ് വിളകളെ സംബന്ധിച്ച യോഗത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പറയുകയുണ്ടായി. (ബിസിനസ് ലെയ്ന്‍ മെയ് 28, 2011)

പഞ്ചായത്തുകള്‍ വഴിയാണ് ധാന്യങ്ങള്‍ ബംഗാള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നത്. അതോടൊപ്പം തന്നെ അരിയുടേയും പച്ചക്കറിയുടേയും ഉല്‍പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
രണ്ടാമത്തെ എട്ടുവര്‍ഷക്കാലയളവില്‍ (2003-10) 28 സംസ്ഥാനങ്ങളില്‍ 15 ന്റെയും അവസ്ഥ ദയനീയമാണ്. കഴിഞ്ഞ 16 വര്‍ഷം അതായത് 1995-2010 വരെ രണ്ടു ദശലക്ഷം കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു.

*
പി സായിനാഥ് ജനയുഗം 07 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വ്യാജവും വികാരപരവുമാണ് ടെലിവിഷന്‍ വാര്‍ത്തകള്‍. രണ്ടു മാസത്തിനിടയില്‍ ഏകദേശം 90 കര്‍ഷകരാണ് ആത്മഹത്യചെയ്തതെന്ന് അവര്‍ പറയുന്നു. എന്നാല്‍ നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ അഭിപ്രായപ്രകാരം ഓരോ മാസവും ഇന്ത്യയില്‍ ശരാശരി 210 കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. ഇങ്ങനെ ആത്മാര്‍ഥതയില്ലാത്ത സര്‍ക്കാരുദ്യോഗസ്ഥന്‍ പുറപ്പെടുവിക്കുന്ന കപടവാദങ്ങള്‍ അതേപോലെ അംഗീകരിച്ച് കൊട്ടിഘോഷിക്കുകയാണ് നമ്മുടെ ടെലിവിഷന്‍ ചാനലുകള്‍. ഇവരുടെ അഭിപ്രായത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തേക്കാള്‍ കുറവാണ് ഈ വര്‍ഷം കര്‍ഷകാത്മഹത്യയെന്നാണ്.