Thursday, December 29, 2011

മാലിന്യസംസ്കരണനയം ആവിഷ്കരിക്കണം

മാലിന്യനിര്‍മാര്‍ജനവും മാലിന്യ സംസ്കരണവും സ്ഫോടനാത്മകമായ പ്രശ്നമായി വളര്‍ന്നിരിക്കുന്നു. തിരുവനന്തപുരത്തും തലശേരിയിലും കോട്ടയത്തും കണ്ണൂരിലും തൃശൂരിലുമെല്ലാം മാലിന്യപ്രശ്നം അതിരൂക്ഷമായിരിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ മാലിന്യം സംസ്കരിക്കുന്ന വിളപ്പില്‍ശാലയിലെ കേന്ദ്രം അടച്ചുപൂട്ടി. ഒരാഴ്ചയിലേറെയായി മാലിന്യം കെട്ടിക്കിടന്ന് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണ് തലസ്ഥാനത്ത്. ഇതിന് സമാനമായ സ്ഥിതിവിശേഷം കൊച്ചിയില്‍ മൂന്നുവര്‍ഷം മുമ്പുണ്ടായി. അന്ന് മുഖ്യമന്ത്രി എന്ന നിലയില്‍ ഞാന്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചുചേര്‍ക്കുകയും അടിയന്തര സാഹചര്യം പരിഹരിക്കാന്‍ കലക്ടര്‍ മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തുകയുംചെയ്തു. താല്‍ക്കാലികമായി കലക്ടറുടെ നേതൃത്വത്തില്‍ പ്രശ്നപരിഹാരമുണ്ടാക്കുകയും ബ്രഹ്മപുരത്ത് മാലിന്യസംസ്കരണപ്ലാന്റ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുകയുംചെയ്തു. അന്ന് നഗരകാര്യം കൈകാര്യംചെയ്ത ടി കെ ജോസിനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തിയത് ഓര്‍ക്കുന്നു.

അതുപോലെ തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലെ മാലിന്യപ്രശ്നം ഗുരുതരമാവുകയും ലാലൂരില്‍ വമ്പിച്ച ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരികയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടുകയും മാലിന്യസംസ്കരണത്തിന് പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കുകയുംചെയ്തു. സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലിനെത്തുടര്‍ന്ന് പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കുകയും കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോ. പത്തിയൂര്‍ ഗോപിനാഥ് തയ്യാറാക്കിയ കര്‍മപദ്ധതി അംഗീകരിക്കുകയും ചെയ്തു. നഗരമാലിന്യം മുഴുവന്‍ ഒരിടത്ത് സംസ്കരിക്കുന്നതിന് പകരം പത്തോളം കേന്ദ്രങ്ങളില്‍ വികേന്ദ്രീകൃത സംസ്കരണശാല സ്ഥാപിക്കുന്നതായിരുന്നു പത്തിയൂരിന്റെ പദ്ധതി. കോര്‍പറേഷനിലും സംസ്ഥാനത്തും യുഡിഎഫ് അധികാരത്തിലെത്തിയതോടെ മാതൃകാപരമായ ആ പദ്ധതി അട്ടിമറിക്കപ്പെടുകയാണുണ്ടായത്.

നഗരമാലിന്യം നഗരവാസികള്‍ മാത്രം സൃഷ്ടിക്കുന്നതല്ല. നഗരത്തില്‍ വന്നുപോകുന്നവരുംകൂടി ചേര്‍ന്ന് ഉണ്ടാക്കുന്നതാണ്. വിവിധ നഗരങ്ങളിലെ മാലിന്യങ്ങള്‍ തള്ളുന്നതിനും സംസ്കരിക്കുന്നതിനും നഗരത്തിന് പുറത്ത് വിജനപ്രദേശങ്ങളില്‍ സ്ഥലം കണ്ടെത്തുകയായിരുന്നു മുമ്പ്. അങ്ങനെ കണ്ടെത്തിയ സ്ഥലങ്ങളുടെ പരിസരങ്ങളില്‍ പിന്നീട് ജനസാന്ദ്രത ഏറുകയും അതോടൊപ്പം അശാസ്ത്രീയമായി മാലിന്യം തള്ളുന്നതും കാരണം ജനങ്ങള്‍ക്ക് കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യമുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നഗരപ്രാന്തങ്ങളിലെ മാലിന്യംതള്ളുന്ന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് അതിശക്തമായ ബഹുജനസമരം ഉയര്‍ന്നുവരാന്‍ ഇടയായ സാഹചര്യം ഇതാണ്. ഇതിന് പരിഹാരമുണ്ടാക്കുന്നതില്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്ക് വീഴ്ചയുണ്ടായി. അതോടൊപ്പം അവരുടെ മാത്രം പ്രാപ്തികൊണ്ട് പരിഹരിക്കാവുന്നതിനപ്പുറത്തേക്ക് പ്രശ്നം വളര്‍ന്നിരിക്കുന്നു. മാലിന്യനിര്‍മാര്‍ജനം, മാലിന്യസംസ്കരണം എന്നിവ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ശാസ്ത്രീയമായൊരു പദ്ധതി ആവിഷ്കരിച്ച് മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂ. 12-ാം പഞ്ചവത്സര പദ്ധതിയില്‍ ഏറ്റവുമധികം ഊന്നല്‍ നല്‍കേണ്ട ഒരു മേഖല ഇതാണ്.

തിരുവനന്തപുരം നഗരത്തിലെ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കുന്നതിന് വ്യക്തമായ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. വിളപ്പില്‍ശാലയില്‍ ബഹുജനസമരം നടക്കുന്ന സാഹചര്യത്തില്‍ അവിടത്തെ പ്ലാന്റ് പൊടുന്നനെ അടച്ചുപൂട്ടിയതിന് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സമരംചെയ്യുന്ന ജനങ്ങളുടെ വികാരം ന്യായമാണെങ്കിലും കര്‍ശനമായ വ്യവസ്ഥകളോടെ ബദല്‍സംവിധാനം ഉണ്ടാകുന്നതുവരെ പ്ലാന്റ് അടച്ചുപൂട്ടിയത് ന്യായീകരിക്കാവുന്നതല്ല.

മാലിന്യ നിര്‍മാര്‍ജനത്തിന് ഇടത് സര്‍ക്കാര്‍ പരമപ്രാധാന്യം നല്‍കുകയുണ്ടായി. 2007ലെ കേരളപ്പിറവിദിനത്തില്‍ മാലിന്യമുക്ത കര്‍മപദ്ധതി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുകയുണ്ടായി. ആ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 39 ഖരമാലിന്യസംസ്കരണകേന്ദ്രങ്ങള്‍ , 83 കമ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റ് എന്നിവ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. 13 പ്ലാന്റുകള്‍ നിര്‍മാണത്തിലാണ്. അതുപോലെ സംസ്ഥാനത്തെ ഇരുപത് പഞ്ചായത്ത് ഒഴിച്ച് ബാക്കി പഞ്ചായത്തുകളെ കേന്ദ്ര മാനദണ്ഡപ്രകാരമുള്ള നിര്‍മല്‍ പഞ്ചായത്തുകളാക്കാന്‍ കഴിഞ്ഞു. 97 ശതമാനം വീടുകളിലും ടോയ്ലറ്റുകളുള്ള സംസ്ഥാനമായി കേരളം മാറി. എന്നാല്‍ , നിര്‍മല്‍ പഞ്ചായത്തുകളിലും, പൊതുസ്ഥലത്ത് മാലിന്യംതള്ളുന്നത് പോലുളള ദുഷ്പ്രവണതകള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. മാലിന്യപ്രശ്നത്തില്‍ ഏറ്റവും പ്രധാനം പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗമാണ്. 30 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരോധിച്ചു. 50 മൈക്രോണ്‍ വരെയുള്ള സഞ്ചികള്‍ നിരോധിക്കാന്‍ തീരുമാനിച്ചെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തു. ഇപ്പോള്‍ മാലിന്യപ്രശ്നം സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളില്‍ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധിക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞെങ്കിലും ഇതേവരെ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഓരോ വീട്ടിലും ദിവസം അഞ്ചും പത്തും പ്ലാസ്റ്റിക് ക്യാരിബാഗുകളാണ് എത്തുന്നത്. ഇത് പൂര്‍ണമായി ഒഴിവാക്കുകയും പഴയതുപോലെ സ്ഥിരം ഉപയോഗത്തിനുള്ള തുണിസഞ്ചി ഉപയോഗപ്പെടുത്തുകയുംചെയ്താല്‍ മാലിന്യപ്രശ്നത്തിന് വലിയൊരളവോളം പരിഹാരമുണ്ടാക്കാന്‍ കഴിയും.

രൂക്ഷമായ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ബഹുമുഖ പദ്ധതികളാണ് ആവശ്യം. ഏറ്റവും പ്രധാനം കഴിയാവുന്നത്ര മാലിന്യങ്ങള്‍ ഉറവിടസ്ഥാനത്തു തന്നെ സംസ്കരിക്കുക എന്നതാണ്. വീടുകളില്‍ ജൈവമാലിന്യം സംസ്കരിച്ച് ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നതുപോലുള്ള പദ്ധതികള്‍ സാര്‍വത്രികമാക്കാന്‍ കഴിയണം. അതുപോലെ സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ആശുപത്രികള്‍ , വന്‍കിട ഹോട്ടലുകള്‍ , ഫ്ളാറ്റ് സമുച്ചയം എന്നിവ ഒരു നിശ്ചിത തീയതിക്കകം അത് നിര്‍ബന്ധമാക്കാന്‍ നടപടി സ്വീകരിക്കണം. ഇങ്ങനെ ഉറവിടങ്ങളില്‍ത്തന്നെ മാലിന്യസംസ്കരണ സംവിധാനമുണ്ടാക്കിയാലും വന്‍കിട സ്ഥാപനങ്ങള്‍ക്ക് നിബന്ധന വച്ചാലും വലിയൊരളവോളം മാലിന്യപ്രശ്നം തുടരും. അതിന് പരിഹാരമായി ഓരോ നഗരത്തിലും അല്ലെങ്കില്‍ നഗരകേന്ദ്രങ്ങളിലും മാലിന്യസംസ്കരണ പ്ലാന്റുകള്‍ ആവശ്യമായിവരും. ചാലക്കുടി, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ജൈവവള ഫാക്ടറികള്‍ മാതൃകയാക്കാവുന്നതാണ്.

ചവര്‍ സംസ്കരണം, അറവുശാല, മല്‍സ്യ-മാംസ്യ മാര്‍ക്കറ്റുകള്‍ , ശ്മശാനങ്ങള്‍ എന്നിവയെല്ലാം ഓരോ നാട്ടിലും ജനങ്ങളുടെ പൊതുആവശ്യമാണ്. എന്നാല്‍ , ഇതൊന്നും തങ്ങളുടെ താമസസ്ഥലത്തിനടുത്ത് ഉണ്ടാകുന്നത് ആരും ഇഷ്ടപ്പെടുന്നില്ല. ഈ പ്രശ്നമാകട്ടെ പരിഹരിക്കാതിരിക്കാനും വയ്യ. മാലിന്യപ്രശ്നം തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണെങ്കില്‍പോലും അവര്‍ക്ക് പരിഹരിക്കാന്‍ പറ്റാത്ത വിതാനത്തില്‍ എത്തിയിരിക്കുകയാണെന്നര്‍ഥം. കേരളത്തിലെ ജനസാന്ദ്രതയും പരിസ്ഥിതിയും എല്ലാം പരിഗണിച്ച് ശാസ്ത്രീയമായ കര്‍മപദ്ധതി രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഈ രംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ള ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് വിശദമായ ചര്‍ച്ച നടത്തി സംസ്ഥാന സര്‍ക്കാര്‍ മാലിന്യ സംസ്കരണനയം ആവിഷ്കരിക്കുകയും ഒരു പ്രവര്‍ത്തന പദ്ധതി തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കുകയും വേണം.

*****

വി എസ് അച്യുതാനന്ദന്‍, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...