അമേരിക്കന്‍ അര്‍ധഗോളത്തെ മൂന്നായി തിരിക്കാം. ഏറ്റവും വടക്ക് ഇംഗ്ലീഷ് സംസാരിക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രമായ കനഡ. തൊട്ടുതെക്ക് അമേരിക്കന്‍ ഐക്യനാട്. അതിന്റെ തെക്കുഭാഗത്തുള്ളതാണ് ലാറ്റിനമേരിക്ക. അവയെ വീണ്ടും മൂന്നായി തിരിക്കാം. മെക്സിക്കോമുതല്‍ പനാമവരെയുള്ള മധ്യ അമേരിക്ക. അതിനും തെക്കായി ദക്ഷിണ അമേരിക്ക. തെക്കെ അമേരിക്കയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന വെനസ്വേലയുടെയും മെക്സിക്കോ ഉള്‍ക്കടലിന്റെയും കിഴക്കു ഭാഗത്തായി വളഞ്ഞുകിടക്കുന്ന കരീബിയന്‍ ദ്വീപ് സമൂഹം. ക്യൂബ, ട്രിനിഡാഡ്, ഹെയ്തി, ഡൊമനിക്ക തുടങ്ങിയവയെല്ലാം ഈ ശൃംഖലയില്‍പ്പെടുന്നു. ഇവയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ചില ചെറിയ രാജ്യങ്ങളുണ്ടെങ്കിലും മിക്ക രാജ്യങ്ങളും സ്പാനിഷാണ് സംസാരിക്കുന്നത്. സ്പെയിനിന്റെ അധീനതയിലായിരുന്നു ഈ രാജ്യങ്ങളെല്ലാം. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ബ്രസീലാണ്. ബ്രസീലിലെ പ്രധാനഭാഷ പോര്‍ച്ചുഗീസാണ്. 19 കോടിയില്‍പ്പരം ജനങ്ങളുള്ള ബ്രസീല്‍ ലോകത്തിന്റെ അഞ്ചാമത്തെ വലിയ രാജ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ നദികളിലൊന്നായ ആമസോണ്‍ ഒഴുകുന്നത് ബ്രസീലിലൂടെയാണ്. ആമസോണിന്റെയും പോഷക നദികളുടെയും തീരങ്ങള്‍ വനനിബിഡമാണ്. മഹാനായ ശാസ്ത്രജ്ഞന്‍ ചാള്‍സ് ഡാര്‍വിന്‍ ആമസോണ്‍ വനാന്തരങ്ങളില്‍ പര്യവേക്ഷണം നടത്തി അവിടത്തെ സസ്യജാല വൈവിധ്യത്തെക്കുറിച്ച് കവിത തുളുമ്പുന്ന ഒരു ഖണ്ഡിക "ജൈവജാതികളുടെ ഉത്ഭവം" (ഒറിജിന്‍ ഓഫ് സ്പീഷിസ്) എന്ന കൃതിയില്‍ എഴുതിയിട്ടുണ്ട്.
19-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ അടിമത്തത്തില്‍നിന്ന് മോചിതരായെങ്കിലും വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് വീഴുന്ന അനുഭവമാണുണ്ടായത്. അമേരിക്കന്‍ ഐക്യനാടിന്റെ ചൂഷണത്തിനും പരോക്ഷമായ നിയന്ത്രണത്തിനും വിധേയമായ അടുക്കളത്തോട്ടമായാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വര്‍ത്തിച്ചിരുന്നത്. ഈ സ്ഥിതിക്ക് മാറ്റംവന്നത് 1959ല്‍ ക്യൂബയില്‍ ഫിദല്‍ കാസ്ട്രോയുടെയും ചെ ഗുവേരയുടെയും നേതൃത്വത്തില്‍ നടന്ന സോഷ്യലിസ്റ്റ് വിപ്ലവത്തോടെയാണ്. ലാറ്റിനമേരിക്കന്‍ വസന്തം 1998ല്‍ ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ വെനസ്വേലയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ രൂപംകൊണ്ടതോടെയാണ് ലാറ്റിനമേരിക്കയിലൊട്ടാകെ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയത്. പല രാജ്യങ്ങളിലും തെരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷം അധികാരത്തില്‍ വന്നു. 2003ല്‍ ലോഹപ്പണിക്കാരനായിരുന്ന ലൂയിസ് ഇനാഷ്യോ ലുല ഡിസില്‍വ ബ്രസീലിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ഊഴം കഴിഞ്ഞപ്പോള്‍ ഭരണഘടന നിബന്ധനപ്രകാരം സ്ഥാനമൊഴിഞ്ഞ അദ്ദേഹം തന്റെ ശിഷ്യയായ ഡില്‍മ റൗസേഫിനെ അധികാരമേല്‍പ്പിച്ചു. 2003ല്‍തന്നെ അര്‍ജന്റീനയില്‍ നെസ്റ്റര്‍ കിര്‍ച്നര്‍ അധികാരമേറ്റു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്റ്റീന കിര്‍ച്നറാണ് അര്‍ജന്റീനയുടെ പ്രസിഡന്റ്.
2006ല്‍ സോഷ്യലിസ്റ്റ് സഖ്യത്തിന്റെ നേതാവായ തബാരെ വാക്വേസ് ഉറുഗ്വെയുടെ ഭരണം ഏറ്റെടുത്തു. 2005ല്‍ ബൊളീവിയയില്‍ സോഷ്യലിസ്റ്റ് നേതാവ് ഇവാ മൊറേലിസ് അധികാരത്തിലെത്തി. 2006ല്‍ ഇക്വഡോറില്‍ റാഫേല്‍ കൊറിയയും അതേവര്‍ഷംതന്നെ നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗയും അധികാരത്തിലെത്തി. 2007ല്‍ പരാഗ്വെയില്‍ ഫെര്‍ണാണ്ടോ ലൂഗോയും 2008ല്‍ എല്‍സാല്‍വദോറില്‍ മൗറിഷ്യോ ഫ്യൂണ്‍സും അധികാരമേറ്റു. തുടര്‍ന്ന് ഈ വര്‍ഷം പെറുവിലെ ഒലാന്റ ഹുമാലയുടെ വിജയം. ലാറ്റിനമേരിക്കയിലെ മിക്ക രാജ്യങ്ങളും ഭരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരുകളാണ്. ആഗോളവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനുമെതിരെ ബദല്‍നയങ്ങള്‍ ആവിഷ്കരിച്ചാണ് ഈ രാജ്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ജനക്ഷേമ നയങ്ങള്‍ നടപ്പാക്കിയതുകൊണ്ടാണ് ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷം വീണ്ടും ജയിച്ചുവന്നത്. നേരിട്ട് ഇടതുപക്ഷമല്ല നയിക്കുന്നതെങ്കിലും വടക്കെ അമേരിക്കന്‍ ആധിപത്യത്തിനും ചൂഷണത്തിനുമെതിരെ മറ്റുപല രാജ്യങ്ങളും ഈ സോഷ്യലിസ്റ്റ് മാതൃകയിലെ പല അംശങ്ങളും ഉള്‍ക്കൊള്ളാന്‍ തുടങ്ങിയിട്ടുണ്ട്. ഈ അര്‍ധഗോളത്തിലെ ആധിപത്യം നിലനിര്‍ത്താനായി അമേരിക്ക ഒരു സംഘടനയുണ്ടാക്കിയിരുന്നു. ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സ് (ഒഎഎസ്) എന്നായിരുന്നു അതിന്റെ പേര്. ദുരമൂത്ത സാമ്രാജ്യവാദി യായിരുന്ന യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ നേതൃത്വത്തില്‍ ബ്യൂണസ് അയേഴ്സില്‍ 2003ല്‍ നടന്ന ഒഎഎസ് സമ്മേളനം ബുഷിനെതിരെയുള്ള കലാപമായിത്തീര്‍ന്നു. യോഗം തീരുന്നതിനുമുമ്പ് ബുഷ് ക്ഷോഭിച്ച് വാഷിങ്ടണിലേക്ക് തിരിച്ചുപോയതോടെ ഒഎഎസ് അസ്തമിച്ചതായി കണക്കാക്കാം. പിന്നീട് യോഗം ചേര്‍ന്നിട്ടില്ല. ബ്രസീലിയന്‍ മാതൃക ലുല ഡിസില്‍വയുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നാണ് ഡില്‍മ റൗസേഫ് ഭരിക്കുന്നത്. ഇടതുപക്ഷ ഭരണം തുടങ്ങിയശേഷം ബ്രസീലിനുണ്ടായ വന്‍ സാമൂഹ്യ പുരോഗതിയെക്കുറിച്ച് ഈയിടെ ആ രാജ്യം സന്ദര്‍ശിച്ച ഇന്ത്യന്‍ പത്രപ്രവര്‍ത്തക റീതിക ഖെയ്റ വിസ്തരിച്ച് എഴുതിയിട്ടുണ്ട്. ബ്രസീലിന്റെ കഴിഞ്ഞ എട്ടുവര്‍ഷത്തെ പുരോഗതിയെ ഇന്ത്യയിലെ സ്ഥിതിഗതികളുമായി ഖെയ്റ താരതമ്യപ്പെടുത്തുന്നു. ബ്രസീലിന്റെ പ്രതിശീര്‍ഷ ദേശീയവരുമാനം 2009ല്‍ 10,140 ഡോളര്‍ ആയിരുന്നപ്പോള്‍ ഇന്ത്യയില്‍ 3260 ഡോളര്‍മാത്രമായിരുന്നു. ദിവസവരുമാനം 1.25 ഡോളര്‍മാത്രമുള്ള കടുത്ത ദാരിദ്ര്യത്തില്‍ ഉഴലുന്ന ജനതയുടെ അനുപാതം ഇന്ത്യയില്‍ 20.3-41.6 ആണെങ്കില്‍ ബ്രസീലിന്റേത് 7.8-9.7 ശതമാനം മാത്രമാണ്. വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി ഇന്ത്യ 3.1 ശതമാനം ചെലവാക്കുമ്പോള്‍ ബ്രസീല്‍ 5.1 ശതമാനമാണ് മാറ്റിവച്ചിട്ടുള്ളത്. നിര്‍ണായകമായ പൊതുജനാരോഗ്യരംഗത്ത് ഇന്ത്യ ഒരു ശതമാനംമാത്രം ചെലവാക്കുമ്പോള്‍ ബ്രസീല്‍ 3.5 ശതമാനമാണ് ഇതിലേക്ക് മാറ്റിവച്ചിട്ടുള്ളത്.
ഇന്ത്യയില്‍ കുടിവെള്ളം 42 ശതമാനം ഭവനങ്ങളിലെത്തിക്കുമ്പോള്‍ ബ്രസീലിലാകട്ടെ 77 ശതമാനമാണ്. ശൗച്യസൗകര്യം ലഭ്യമല്ലാത്തവര്‍ ഇന്ത്യയില്‍ 55 ശതമാനവും ബ്രസീലില്‍ 11 ശതമാനവുമാണ്. പുരുഷ സാക്ഷരത ഇന്ത്യയില്‍ 88 ശതമാനവും ബ്രസീലില്‍ 97 ശതമാനവും സ്ത്രീസാക്ഷരത യഥാക്രമം 74 ശതമാനവും 99 ശതമാനവുമാണ്. ബ്രസീലിന്റെ ഈ വന്‍ വികസനനേട്ടങ്ങളെ നിയതാര്‍ഥത്തില്‍ സോഷ്യലിസമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യം വിവാദവിഷയമാണ്. ക്ഷേമരാഷ്ട്രനയങ്ങള്‍ എന്ന് തീര്‍ച്ചയായും പറയാം. ഐക്യരാഷ്ട്ര വികസന പദ്ധതി (യുഎന്‍ഡിപി) പ്രകാരമുള്ള ജീവിത ഗുണമേന്മ ബ്രസീലിന്റെ ഇടതുപക്ഷനയങ്ങളില്‍ പ്രതിഫലിപ്പിക്കുന്നു എന്നതില്‍ സംശയമില്ല. ജനങ്ങളുടെ പിന്തുണ കൂടുതല്‍ ലഭിക്കുന്നതോടെ ഒരു പടികൂടി മുന്നോട്ടുപോയി ജനാധിപത്യരീതിയില്‍ത്തന്നെ പൂര്‍ണമായ അര്‍ഥത്തില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ നിലവില്‍ വരുത്താന്‍ കഴിയുമെന്ന് വിദഗ്ധരും നിരീക്ഷകരും കരുതുന്നു. ഈ മാതൃകതന്നെയാണ് മറ്റ് പലരാജ്യങ്ങളും നടപ്പാക്കുന്നത്.
*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി 17 ഡിസംബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:

Post a Comment