Saturday, December 10, 2011

കുഞ്ഞയ്യപ്പന്റെ ഡയറിക്കുറിപ്പുകള്‍

ഞായറാഴ്ചയുടെ ആലസ്യം മുഴുവന്‍ ഉള്‍ക്കൊണ്ട് പൂമുഖത്തിണ്ണയിലിരുന്ന് പത്രം വായിക്കുമ്പോള്‍ പടി തുറക്കുന്ന ശബ്ദം കേട്ടു. കുഞ്ഞയ്യപ്പനായിരുന്നു. പത്രം താഴെ വെച്ച് ഞാന്‍ കുഞ്ഞയ്യപ്പനെ എതിരേറ്റു. തിണ്ണയിലേയ്ക്കു കയറിയിരുന്ന് കുഞ്ഞയ്യപ്പന്‍ ചിരിച്ചു.

ഡിസംബറായല്ലോ മാസം എന്ന് എനിക്ക് ഓര്‍മ്മ വന്നു. എല്ലാ കൊല്ലവും കുഞ്ഞയ്യപ്പന് ഡയറി വേണം. ഡിസംബറിലെ ഏതെങ്കിലും ഞായറാഴ്ച കുഞ്ഞയ്യപ്പന്‍ കയറിവരും. എനിക്കു കിട്ടിയ ഡയറികള്‍ മുഴുവന്‍ ഞാന്‍ അയാള്‍ക്കു മുന്നില്‍ നിരത്തും.

എങ്ങനെയെങ്കിലുമുള്ള ഡയറിയൊന്നും പോരാ കുഞ്ഞയ്യപ്പന്. ഒരു പേജില്‍ത്തന്നെ രണ്ടു തീയതികളുള്ള ഡയറികള്‍ അയാള്‍ എടുക്കാറില്ല. ഒരു തീയതിക്ക് മുഴുവന്‍ പേജും ഉണ്ടായിരിക്കണം. അങ്ങനെയുള്ള ഡയറികളില്‍ത്തന്നെ ചിലപ്പോള്‍ ശനിക്കും ഞായറിനും കൂടി ഒരു പേജേ ഉണ്ടായിരിക്കൂ. കുഞ്ഞയ്യപ്പന് അതു പോരാ.

ഞങ്ങളുടെ അടുത്തുള്ള കോളനിയിലെ അന്തേവാസിയാണ് കുഞ്ഞയ്യപ്പന്‍. മൂത്ത മകന് കുടുംബം പോറ്റിക്കൊണ്ടുപോവാനുള്ള ഒരു ജോലി തരപ്പെട്ടതോടെ കുഞ്ഞയ്യപ്പന്‍ പണിക്കുപോക്ക് നിര്‍ത്തി. അന്നു മുതലാണ് അയാള്‍ ഡയറിയെഴുത്തു തുടങ്ങിയത്.

സ്‌കൂളില്‍ എന്റെ ഒപ്പമായിരുന്നു കുഞ്ഞയ്യപ്പന്‍. ഏഴില്‍ തോറ്റതോടെ അയാള്‍ പഠിപ്പു നിര്‍ത്തി. അച്ഛന്റെ ഒപ്പം വേലി കെട്ടാന്‍ പോയിത്തുടങ്ങി. മുള്ളുവേലികള്‍ ആര്‍ക്കും ആവശ്യമില്ലാതായപ്പോള്‍ വാര്‍ക്കപ്പണി വശമാക്കി കുഞ്ഞയ്യപ്പന്‍. പക്ഷേ പണിയുടെ ഭാഗമായി കിട്ടിയ തണ്ടെല്ലു വേദന അയാളെ അവശനാക്കി. മകന്‍ പഠിക്കാന്‍ അത്ര മോശമല്ലാതിരുന്നത് കുഞ്ഞയ്യപ്പന്റെ ഭാഗ്യം.

കുഞ്ഞയ്യപ്പന് സ്‌കൂളില്‍ പോവാന്‍ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. സ്വന്തം പേരു തന്നെ ശരിക്കെഴുതാന്‍ കഴിഞ്ഞിരുന്നില്ല അയാള്‍ക്ക്. കൂട്ടക്ഷരങ്ങള്‍ അയാളെ കുഴക്കി. 'ഞ' ഇരട്ടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് എവിടെ നിര്‍ത്തണമെന്ന ആശയക്കുഴപ്പത്തിലായി അയാള്‍. അതുകൊണ്ട് വെറും 'ഞ'യില്‍ അയാള്‍ അതൊതുക്കി. അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള അക്ഷരങ്ങളൊന്നും ഇരട്ടിപ്പിക്കാന്‍ അയാള്‍ മിനക്കെട്ടതുമില്ല. അങ്ങനെ 'കുഞയപന്‍' പുസ്തകത്തിന്റെ മുഖപ്പേജില്‍ വടികുത്തി കൂനിക്കൂടിനിന്നു.

''ഒന്നും കാര്യമായി കിട്ടിയിട്ടില്ലല്ലോ കുഞ്ഞയ്യപ്പാ,'' ഞാന്‍ പറഞ്ഞു. ചെറിയ ചില ഡയറികളാണ് ഇതുവരെ കിട്ടിയിട്ടുള്ളത്. വലിയവ ഇനിയും കിട്ടാനിരിക്കുന്നതേയുള്ളു. ആദ്യമാസത്തിന്റെ അവസാനമൊക്കെയാണ് പലരും തരാറുള്ളത്. കുഞ്ഞയ്യപ്പന് അത്രയും കാത്തിരിക്കാന്‍ പറ്റില്ല.

ഡയറി എഴുതുന്ന ശീലം എനിക്കു തീരെയില്ല. പലവട്ടം ശ്രമിച്ചിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനപ്പുറത്തേയ്ക്ക് അതു കടന്നിട്ടില്ല. അല്ലെങ്കില്‍ എന്നും എഴുതിവെയ്ക്കാന്‍ തക്കവണ്ണം കുഞ്ഞയ്യപ്പന്റേയും എന്റേയുമൊക്കെ ജീവിതത്തില്‍ എന്താണുള്ളത്? ഞാന്‍ ദിവസവും കൃത്യസമയത്ത് എഴുന്നേറ്റ് ഒരേ ബസ്സില്‍ ജോലിസ്ഥലത്ത് എത്തുകയും ഒരേ പണി തന്നെ ചെയ്യുകയും സ്ഥിരം ബസ്സില്‍ മടങ്ങിയെത്തുകയും ചെയ്യുന്നു. വേദനിക്കുന്ന തണ്ടെല്ലുമായി കുഞ്ഞയ്യപ്പന്‍ ദിവസം മുഴുവനും വീട്ടില്‍ത്തന്നെ ഇരിക്കുന്നു.

ഒരു പക്ഷേ ഈ വീട്ടിലിരിപ്പായിരിക്കുമോ കുഞ്ഞയ്യപ്പനെ ഡയറിയെഴുതാന്‍ പ്രേരിപ്പിക്കുന്നത്? ജോലിയില്‍നിന്നു വിരമിച്ചതിനു ശേഷമാണ് അച്ഛന്‍ വിശദമായ ഡയറിയെഴുത്തു തുടങ്ങിയത്. തുടര്‍ന്ന് കാല്‍ നൂറ്റാണ്ടോളം അതു നീണ്ടുനിന്നു. പിന്നീട് മലര്‍ത്തിവെച്ച ഡയറി പോലെ അച്ഛന്‍ നാലു കൊല്ലത്തോളം കിടക്കയില്‍ കിടന്നു.

അച്ഛന്റെ ഡയറികളില്‍ എന്തായിരുന്നു? രഹസ്യമായി സൂക്ഷിച്ചുവെയ്ക്കപ്പെട്ട അവ അച്ഛന്റെ മരണശേഷം ഞങ്ങള്‍ കണ്ടെടുത്തു. മക്കളേക്കുറിച്ചുള്ള അച്ഛന്റെ പ്രതീക്ഷകള്‍ പലതും അവയില്‍ പ്രതിഫലിച്ചിരുന്നു. പക്ഷേ അച്ഛന്‍ അതൊന്നും ഞങ്ങളോട് നേരിട്ടു പറഞ്ഞില്ല. തക്ക സമയത്ത് അറിയിച്ചിരുന്നെങ്കില്‍ അതില്‍ കുറച്ചെങ്കിലും സാക്ഷാല്‍ക്കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയുമായിരുന്നല്ലോ എന്ന ചിന്തയില്‍ ഇടയ്ക്കിടെ ഞങ്ങള്‍ ഉരുകി.

പ്രതീക്ഷകള്‍ മാത്രമായിരുന്നില്ല അച്ഛന്റെ ഡയറികളില്‍ ഉണ്ടായിരുന്നത്. തികച്ചും ശൂന്യമായി കടന്നുപോയി എന്നു കരുതപ്പെട്ട ആ ദിവസങ്ങളിലെ വലുതും ചെറുതുമായ ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ഓര്‍ത്തെടുക്കാനായത് ആ ഡയറിത്താളുകളില്‍നിന്നാണ്. സംഭാഷണങ്ങളടക്കം പലതും അച്ഛന്‍ എഴുതിവെച്ചിരുന്നു. എന്തെല്ലാം കൊള്ളരുതായ്മകളാണ് ഈശ്വരാ, നമ്മള്‍ നിത്യജീവിതത്തില്‍ പറഞ്ഞുകൂട്ടുന്നത്!

ജോലി ചെയ്യുന്ന കാലത്തും അച്ഛന്‍ ഡയറി കരുതിയിരുന്നു. അതു പക്ഷേ വരവു ചെലവു കണക്കുകള്‍ എഴുതാന്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഒന്നോര്‍ക്കുമ്പോള്‍ അവയും ചരിത്രരേഖകളാണ്. ഇപ്പോള്‍ അവ മറിച്ചുനോക്കുമ്പോള്‍ അക്കാലത്തെ ജീവിതത്തിന്റെ ഒരു ചിത്രം കിട്ടുന്നുണ്ട്. കണ്‍സ്യൂമറിസം ഇന്നത്തേപ്പോലെ വൃത്തികെട്ടതായിരുന്നില്ല എന്ന് ആ വരവുചെലവുകണക്കുകള്‍ വിളിച്ചുപറയുന്നു.

പല ഡയറികളും ചരിത്രരേഖകളായി മാറാറുണ്ട്. അവ പലതും പുസ്തകരൂപത്തില്‍ വന്നിട്ടുമുണ്ട്. ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകള്‍ കണ്ടുകിട്ടിയപ്പോഴാണല്ലോ നാസിഭീകരതയുടെ പല ചിത്രങ്ങളും തെളിഞ്ഞത്.

മലയാളത്തില്‍ ഇത്തരം പുസ്തകങ്ങള്‍ കുറച്ചേയുള്ളു. 'സി അച്ചുതമേനോന്റെ ഡയറിക്കുറിപ്പുകള്‍' അവയിലൊന്നായിരുന്നു. മുന്‍മുഖ്യമന്ത്രിയുടെ ലളിതജീവിതത്തിന്റെ ചിത്രത്തോടൊപ്പം വലിയ തോതിലല്ലെങ്കിലും കേരളത്തിന്റെ സമീപകാലചരിത്രവും അതില്‍ ഒളിമിന്നുന്നുണ്ട്.

ആ ഡയറിക്കുറിപ്പുകള്‍ പരസ്യമാക്കിയതു ശരിയായോ എന്ന സംശയം പില്‍ക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു. പ്രത്യേകിച്ചും ഒരാളുടെ മരണശേഷം അത് പ്രസിദ്ധപ്പെടുത്തുന്നത് ഉചിതമാണോ? മറ്റാര്‍ക്കും വായിക്കാന്‍ വേണ്ടി എഴുതപ്പെടുന്നതല്ലല്ലോ ഡയറികള്‍. അച്ചുതമേനോനാണെങ്കില്‍ പലതും മനസ്സു തുറന്ന് എഴുതിയിരുന്നു. മനസ്സിലുള്ളത് മുഴുവന്‍ തുറന്നെഴുതാനുള്ളതാണ് ചിലര്‍ക്കു ഡയറികള്‍. ആത്മഭാഷണം പോലെയാണത്. സ്വയം തര്‍ക്കിക്കുന്നതു വഴി ജീവിതത്തിലെ ചില സമസ്യകള്‍ക്ക് അവര്‍ ഉത്തരം കണ്ടെത്തുന്നു. മറ്റു ചിലര്‍ക്കാവട്ടെ ഡയറിയെഴുത്ത് മനസ്സിലെ അഴുക്കുകള്‍ മുഴുവന്‍ ഒഴുക്കിക്കളയാനുള്ള കുമ്പസാരമാണ്.

പക്ഷേ ആരെങ്കിലും മനസ്സിലുള്ളതു മുഴുവന്‍ അങ്ങനെ തുറന്നെഴുതുമോ? രഹസ്യങ്ങള്‍ മുഴുവന്‍ പകര്‍ത്തിവെയ്ക്കുമോ? എഴുതിയാല്‍ത്തന്നെ അത് ആരും കാണാതെ സൂക്ഷിച്ചുവെയ്ക്കാനുള്ള അസൗകര്യങ്ങള്‍ അത്തരം സത്യസന്ധമായ ഏറ്റുപറച്ചിലില്‍നിന്ന് നമ്മളെ വിലക്കുന്നു. ഒരാളുടെ ജീവചരിത്രമെഴുതാന്‍ എത്ര ഗതികെട്ടാലും അയാളുടെ ഡയറിയെ ആശ്രയിക്കരുത് എന്നൊരു ചൊല്ലുതന്നെയുണ്ടല്ലോ.

ഡയറി എന്ന സങ്കേതമുപയോഗിച്ച് എഴുതപ്പെട്ട നോവലുകളും നമുക്കുണ്ട്. ജൂനിസിറോ താനിസാക്കിയുടെ 'താക്കോല്‍' എന്ന നോവല്‍ അത്തരമൊന്നാണ്. വിശ്വവിഖ്യാതമായ 'ഡ്രാക്കുള' കത്തുകള്‍ക്കൊപ്പം ഡയറിക്കുറിപ്പുകളുടെ രൂപവും ആര്‍ജ്ജിക്കുന്നുണ്ടല്ലോ.

കഥകള്‍ക്കു മാത്രമല്ല കാര്യങ്ങള്‍ക്കും ഡയറി ഉപയോഗമാവാറുണ്ട്. പലേ കുറ്റകൃത്യങ്ങള്‍ക്കും തെളിവുകളാവുന്നത് ഡയറികളാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നു പറയുന്ന ഇഷ്‌റത്ത് ജഹാം ഷേയ്ക്കിനെ തീവ്രവാദിയെന്നു മുദ്രകുത്താന്‍ പോലീസ് അവളുടെ ഡയറിയാണ് ആധാരമാക്കിയത്. തിരിച്ച് ഒരു നിരപരാധിയെ കുറ്റവാളിയാക്കാന്‍ അയാളുടെ പേരില്‍ വ്യാജഡയറിയുണ്ടാക്കിയാല്‍ മതി എന്ന ഭീകരതയുമുണ്ട്. ഇഷ്‌റത്തിന്റെ ഡയറി ശരിക്കുള്ളതാണോ എന്ന സംശയം ഉന്നയിക്കപ്പെട്ടിട്ടുണ്ടല്ലോ.

എന്തിനാണ് ഡയറിയെഴുതുന്നത് എന്ന മൗലികമായ ചോദ്യത്തിന് ഇനിയും ഉത്തരമായില്ല. കഴിഞ്ഞുപോയത് രേഖപ്പെടുത്താനാണെങ്കില്‍ ഡയറി എഴുതേണ്ടതിന്റെ ഒരാവശ്യവുമില്ലെന്ന് ഗാന്ധിജി പറഞ്ഞു. ചെയ്തു തീര്‍ക്കാനുള്ളത് എഴുതിവെയ്ക്കുകയാണെങ്കിലേ അതിന്റെ ആവശ്യമുള്ളു എന്ന് ഗാന്ധിജി വിശ്വസിച്ചു. ഗാന്ധിജിയേപ്പോലെയൊരു കര്‍മ്മനിരതന്റെ ജീവിതത്തില്‍ അലസമായ ഡയറിക്കുറിപ്പുകള്‍ക്ക് സ്ഥാനമില്ല.

ഇതില്‍ ഏതു കള്ളിയിലും പെടുന്നില്ല കുഞ്ഞയ്യപ്പന്‍. എന്നിട്ടും കുഞ്ഞയ്യപ്പന്‍ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നു. ഡിസംബര്‍ പിറക്കുമ്പോള്‍ ഡയറി തേടി എന്റെ അടുത്തെത്തുന്നു. തിണ്ണയില്‍ ചമ്രം പടിഞ്ഞിരുന്ന് ഇത്തവണ കിട്ടിയ ഡയറികള്‍ മുഴുവന്‍ കുഞ്ഞയ്യപ്പന്‍ കൗതുകത്തോടെ മറിച്ചുനോക്കി. കൂട്ടത്തില്‍ ഏറ്റവും വലുത് ഒരെണ്ണം എടുത്തു കയ്യില്‍പ്പിടിച്ചു. മുഖം കണ്ടാലറിയാം, അയാള്‍ക്കൊന്നും തൃപ്തിയാവുന്നില്ല. ''ഇനിയും കിട്ടും ഡയറികള്‍,'' ഞാന്‍ സമാധാനിപ്പിച്ചു. ''കുഞ്ഞയ്യപ്പന്‍ ഒരു ദിവസം വീണ്ടും വരൂ.''

''ഇതു മതി,'' ചെറിയത് ഒരെണ്ണം കയ്യിലെടുത്ത് കുഞ്ഞയ്യപ്പന്‍ എഴുന്നേറ്റു. ''കാര്യങ്ങള്‍ ചുരുക്കിപ്പറയാന്‍ ഞാനിപ്പോള്‍ ശീലിച്ചു വരികയാണ്.''

*
അഷ്ടമൂര്‍ത്തി ജനയുഗം 09 ഡിസംബര്‍ 2011

No comments: