രണ്ടാംലോകമഹായുദ്ധകാലത്തെ ഈ ബള്‍ഗേറിയന്‍ കവിതാവരികള്‍ നമ്മെ പരിചയപ്പെടുത്തിയത് അമൃതപ്രീതമാണ്. ഏകാധിപതികളുടെ സാന്നിധ്യത്തില്‍ വിറച്ചുപോകുന്നത് പുസ്തകങ്ങള്‍ മാത്രമല്ല ചിത്രങ്ങളും, ശില്‍പ്പങ്ങളും എന്തിന് ജീവന്‍രക്ഷാമരുന്നുകള്‍ പോലുമാണെന്ന് പില്‍ക്കാലത്ത് ലോകം തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവാണ് ചിലിക്കാരനായ "പാബ്ലോ പെരല്‍മ"ന്റെ "ദ പെയ്ന്റിങ് ലെസണ്‍" എന്ന രാഷ്ട്രീയചിത്രത്തിന്റെ ശക്തിസൗന്ദര്യങ്ങളുടെ ഉറവിടം. ശക്തമായൊരു ദൃശ്യബിംബത്തിലൂടെ ഏകാധിപത്യത്തിന്റെ സാന്നിധ്യം പെരല്‍മാന്‍ ആവിഷ്ക്കരിക്കുന്നു. ചിലിയിലെ ഒരു കുഗ്രാമത്തിലെ മരുന്നുകട. മര അലമാരകളിലെ കുപ്പികളില്‍ നിറച്ചിരിക്കുന്ന മരുന്നകള്‍ തൊട്ടടുകൂടി കുതിച്ചുപായുന്ന തീവണ്ടിസൃഷ്ടിക്കുന്ന പ്രകമ്പനത്തില്‍ വിറക്കുകയാണ്. ആഗസ്റ്റോപിനോഷെ എന്ന ഏകാധിപതിയുടെ വരവിന്റെ സൂചനയാണ് ഈ തീവണ്ടിയെന്ന് ചിത്രാന്ത്യത്തില്‍ നാം തിരിച്ചറിയുന്നു. കേരളത്തിന്റെ 16-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയെ പിടിച്ചുകുലുക്കാന്‍ ദ പെയ്ന്റിങ് ലെസന് സാധിച്ചത് അതിന്റെ രാഷ്ട്രീയം കൊണ്ടുതന്നെയാണ്.

1973ലെ പിനോഷെയുടെ പട്ടാള അട്ടിമറി തന്നെയാണ് "ദ പെയ്ന്റിങ് ലെസ"നിലെയും പശ്ചാത്തലം. റേഡിയോ വാര്‍ത്തയായും മധ്യവര്‍ഗക്കാരുടെയും കത്തോലിക്കരുടെയും സംസാരങ്ങളായും പ്രത്യക്ഷപ്പെട്ടുതുടങ്ങുന്ന അന്നത്തെ രാഷ്ട്രീയാവസ്ഥ ചിത്രാന്ത്യമാകുമ്പോഴേയ്ക്ക് അതിന്റെ ഭയാനകരൂപം പ്രദര്‍ശിപ്പിക്കുന്നു. "കമ്യൂണിസ്റ്റുകാര്‍ ഭാര്യയെ പൊതുസ്വത്താക്കും, മക്കളെ റഷ്യയിലേക്കയക്കും" തുടങ്ങിയ കുപ്രചാരണങ്ങള്‍ ലോകത്തെമ്പാടുമെന്നപോലെ ചിലിയിലും ഉണ്ടായിരുന്നുവെന്ന് വലതുപക്ഷമധ്യവര്‍ഗക്കാരുടെ സംഭാഷണത്തിലൂടെ വ്യക്തമാകുന്നു. ഇങ്ങനെയൊരു ലോകത്ത് കലാകാരന്റെ പക്ഷമേത് എന്ന ചോദ്യത്തിന് സംവിധായകന് സംശയമേതുമില്ല; ഇടതുപക്ഷം തന്നെ. സ്പെയിനില്‍ ജനറല്‍ ഫ്രാങ്കോയുടെ ഉറക്കംകെടുത്തിയ "ഗുര്‍ണിക്ക് എന്ന ചിത്രം വരച്ച പിക്കാസോയെപ്പോലെ ഈ ചിത്രത്തിലെ ചിത്രകാരനായ കുട്ടിയും ഏകാധിപത്യത്തിന് തലവേദനയാകുന്നു. അവിവാഹിതയായ എല്‍വിറയുടെ മകനായി ജനിച്ച അവന്‍ ഉപേക്ഷിക്കപ്പെട്ടൊരു കുടിലിലാണ് കുട്ടിക്കാലം കഴിച്ചുകൂട്ടുന്നത്. ഒരു മരവീപ്പയില്‍ അങ്ങനെ ഉറങ്ങിക്കിടത്തിയാണ് അമ്മ മരുന്നുകടയില്‍ ജോലിക്ക് പോയിരുന്നത്. സിനിമയ്ക്കുമാത്രം പകര്‍ന്നുനല്‍കാവുന്ന അനുഭവമാണവന്‍ ആദ്യമായി വീടുവിട്ട് പുറത്തിറങ്ങുന്നത്. വീപ്പയ്ക്കുമുകളില്‍ അവന്റെ കൈകള്‍ ഉയര്‍ന്നുവരുന്നതും, വീപ്പമറിഞ്ഞുവീഴുന്നതും, അവന്‍ പുറത്തിറങ്ങുന്നതും, വാതില്‍ തുറക്കുന്നതും, നടന്നുചെന്ന് മരുന്നുകടയുടെ വാതില്‍ മുട്ടുന്നതുമൊക്കെ അതിമനോഹരമായ ദൃശ്യങ്ങളാണ്. ഒരുകോഴിക്കുഞ്ഞ് വിരിഞ്ഞുവരുന്നതുപോലെ പൂക്കളുടെ ലോകമാണ് പുറത്ത് അവന്‍ ആദ്യം കാണുന്നത്. സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് പിച്ചവച്ച് ചെല്ലുന്ന ഈ കുഞ്ഞ് ചിലിയിലെ സോഷ്യലിസത്തിന്റെ തന്നെ പ്രതീകമായിത്തീരുന്നു.
പിഞ്ചുകുഞ്ഞിന്റെ സ്വത: സിദ്ധമായ ഇന്ദ്രിയാനുഭവങ്ങളിലേക്ക് അവന്‍ കൗതുകത്തോടെ കടന്നുചെല്ലുന്നുണ്ട്. വെള്ളത്തെയും, തവളെയുമൊക്കെ തൊട്ടറിയുന്നത് ഇതിനുദാഹരണമാണ്. പിന്നെ അവന്‍ വരച്ചുതുടങ്ങുകയാണ്. ക്ലാസിക് ചിത്രങ്ങളെ അത്ഭുതകരമാം വിധം നോക്കിവരയ്ക്കുന്ന അവനിലെ കഴിവ് കണ്ടെത്തുന്നത് മരുന്നുകടയുടമയാണ്. ചിത്രകാരന്‍ കൂടിയായ അയാള്‍ അവന് മഹത്തായൊരു ഭാവിയുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു. കുഞ്ഞിന്റെ കഴിവുകളെ പരിഹസിക്കുന്ന നാട്ടുകാര്‍ ക്രമേണ അവന്റെ ആരാധകരായിത്തീരുന്നു. ചിത്രം വരപ്പിക്കാന്‍ അവര്‍ അവനുമുന്നില്‍ ക്യൂ നില്‍ക്കുന്നു.
എന്നാല്‍ , കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ അവനിലെ കലാകാരന്‍ ഒരു നിലപാടെടുത്തതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. യേശുവിന്റെ ചിത്രത്തിന് അവന്‍ അലന്‍ഡെയുടെ ഛായനല്‍കിയതോടെ പട്ടാളക്കാര്‍ അവനെ ശത്രുവായി കണക്കാക്കി. അവനെ മര്‍ദിക്കാന്‍പോലും അവര്‍ മടിക്കുന്നില്ല. ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചുള്ള വിഖ്യാതചിത്രം അവന്‍ തന്റേതായ വിധം പകര്‍ത്തിവരച്ചപ്പോള്‍ പ്രശ്നം രൂക്ഷമായി. അവനെ "കമ്യൂണിസ്റ്റ്" മുദ്രകുത്തുകയാണ് പട്ടാളക്കാര്‍ .
സാന്തിയാഗോയിലെ മ്യൂസിയം കാണാന്‍ വളര്‍ത്തച്ഛനൊപ്പം പോകുന്ന കുഞ്ഞിന് അലന്‍ഡെവിരുദ്ധസമരക്കാര്‍ക്കിടയില്‍പ്പെട്ട് പരിക്കേല്‍ക്കുകയാണ്. ആ ചിത്രങ്ങള്‍ വാങ്ങാമെന്ന് മ്യൂസിയം അധികൃതര്‍ പറഞ്ഞതനുസരിച്ച് ചിത്രങ്ങളുമായി അമ്മയോടും വളര്‍ത്തച്ഛനോടുമൊപ്പം തലസ്ഥാനത്തേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ ചെല്ലുകയാണവന്‍ . യാത്രയയ്ക്കാന്‍ ഗ്രാമീണരും എത്തിയിട്ടുണ്ട്. എന്നാല്‍ , യാത്രാവണ്ടിക്കുപകരം വരുന്ന പട്ടാളത്തീവണ്ടി മറ്റാരെയും കയറ്റാതെ കുതിച്ചുപായുന്നു. അപ്പോഴും നിര്‍ഭയനായി ഒരു സീറ്റില്‍ തനിച്ചിരിക്കുകയാണ് ആ പതിമൂന്ന് വയസ്സുകാരന്‍ . ഏകാധിപത്യത്തിന്റെ തീവണ്ടിയില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് പോകേണ്ടി വരുന്ന ഈ (സോഷ്യലിസ്റ്റ്) ശിശു ജീവിച്ചിരുന്നെങ്കില്‍ ലോകം മാറിമറിയുമായിരുന്നുവെന്ന് വളര്‍ത്തച്ഛന്‍ ഓര്‍ക്കുന്നു.
മെലോഡ്രാമ തെല്ലുമില്ലാതെ, അത്രമേല്‍ സിനിമാറ്റിക്കും മനോഹരവുമായ ദൃശ്യപരമ്പരകളിലൂടെ ഹ്യദയസ്പര്‍ശിയാം വിധം കഥപറയാന്‍ പെരല്‍മാന് കഴിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളുടെ ആഴവും ധ്വനനശേഷിയും പെരല്‍മാന്റെ രാഷ്ട്രീയനിലപാടുകള്‍ക്ക് കലാചാരുത നല്‍കുന്നു. ചിത്രകാരന്‍ കൂടിയായ അഡോള്‍ഫോകൂവിന്റെ നോവലിന് ഫ്ളാഷ് ബാക്ക് സങ്കേതവും പെയ്ന്റിങ്ങിന് സമമായ ഫ്രെയ്മുകളും കൊണ്ട് ദൃശ്യവ്യാഖ്യാനം നല്‍കിയപ്പോള്‍ അതൊരപൂര്‍വ ദൃശ്യാനുഭവമായിത്തീര്‍ന്നു.
*
ജിനേഷ്കുമാര്‍ എരമം ദേശാഭിമാനി വാരാന്തപ്പതിപ്പ് 18 ഡിസംബര്‍ 2011
1 comment:
"ഒരു കവി രാജ്യത്ത് കാലുകുത്തുമ്പോള്‍ ആദ്യമായി സന്തോഷിക്കുന്നത് അവിടുത്തെ പുസ്തകങ്ങളാണ്. ഒരു ഏകാധിപതി കാലുകുത്തുമ്പോള്‍ ആദ്യം വിറക്കുന്നതും പുസ്തകങ്ങളാണ്"
Post a Comment