Saturday, December 24, 2011

പാര്‍ടികോണ്‍ഗ്രസും മാധ്യമ കൗശലവും 3

ബിദ്വായി-വേണുമാരുടെ വിതണ്ഡവാദം

Part 1, Part 2

കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസ് ചരിത്രത്തില്‍ സ്ഥാനംപിടിക്കുന്നതിന് ഇടയാക്കുന്ന ഘടകങ്ങളിലൊന്ന്, അതിലവതരിപ്പിച്ച് പാസാക്കുന്ന പ്രത്യയശാസ്ത്രരേഖയുടെ പ്രാധാന്യമാണ്. ഈ പ്രത്യയശാസ്ത്ര രേഖ പാര്‍ടി കേന്ദ്രകമ്മിറ്റി അംഗീകരിച്ച് ഫെബ്രുവരിയില്‍ പാര്‍ടി ഘടകങ്ങള്‍ക്ക് ചര്‍ച്ചയ്ക്കായി നല്‍കും. പ്രത്യയശാസ്ത്രരേഖയുണ്ടാക്കുന്നതിന് സിപിഐ എം നിര്‍ബന്ധിതമായത് ബംഗാളിലെ കനത്ത പരാജയത്തെത്തുടര്‍ന്നാണെന്നാണ് മുന്‍ നക്സല്‍ നേതാവ് കെ വേണു ഉള്‍പ്പെടെയുള്ള പലരുടെയും അഭിപ്രായം. സോഷ്യലിസവും കമ്യൂണിസ്റ്റ്പാര്‍ടിയും പ്രതിസന്ധി നേരിടുമ്പോഴാണ് പ്രത്യയശാസ്ത്രരേഖ വരുന്നതെന്നും ചെന്നൈ കോണ്‍ഗ്രസ് അതിനുദാഹരണമാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് രണ്ടും അബദ്ധമാണ്. കോയമ്പത്തൂരില്‍ ചേര്‍ന്ന 19-ാം പാര്‍ടി കോണ്‍ഗ്രസില്‍തന്നെ പ്രത്യയശാസ്ത്രരേഖ അംഗീകരിക്കേണ്ട കാര്യം നിര്‍ദേശിച്ചിരുന്നു. ചെന്നൈ കോണ്‍ഗ്രസില്‍ പ്രത്യയശാസ്ത്രരേഖ വരുന്നതിന് ഒരു സാഹചര്യം ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും സോഷ്യലിസ്റ്റ് ഭരണം തകര്‍ന്നപ്പോള്‍ ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റ് വിരുദ്ധര്‍ കമ്യൂണിസം അവസാനിച്ചതായി പ്രഖ്യാപിച്ചു. ചരിത്രത്തിലെ അവസാനത്തെ സാമൂഹ്യവ്യവസ്ഥയാണ് മുതലാളിത്തമെന്ന് ആഹ്ളാദത്തോടെ വിളിച്ചുകൂവി. സിപിഐ എം പിരിച്ചുവിടണമെന്ന് അന്ന് പാര്‍ടി സെക്രട്ടറിയായിരുന്ന ഇ എം എസിനെ ഉപദേശിച്ച് പത്രാധിപര്‍ കെ എം മാത്യുവിന്റെ പേരും ഒപ്പുമുള്ള മുഖപ്രസംഗം മനോരമ പ്രസിദ്ധീകരിച്ചു. എന്നാല്‍ , ഇ എം എസ് ജനറല്‍സെക്രട്ടറിയായിരിക്കെ ചെന്നൈയില്‍ ചേര്‍ന്ന 14-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്ര കാഴ്ചപ്പാടാണോ മനോരമയുടെ വീക്ഷണമാണോ ചരിത്രം സാധൂകരിക്കുന്നതെന്ന് നോക്കുക.

1) സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിച്ച മുതലാളിത്ത പുനഃസ്ഥാപനം സോഷ്യലിസത്തിന്റെയും മാര്‍ക്സിസം- ലെനിനിസത്തിന്റെയും നിരാകണമല്ലെന്നും മനുഷ്യരാശിയുടെ മോചനത്തിനുള്ള ഉത്തരം മുതലാളിത്തമല്ല സോഷ്യലിസമാണെന്നുമായിരുന്നു 14-ാം പാര്‍ടി കോണ്‍ഗ്രസ് നിഗമനം. അങ്ങനെ സോഷ്യലിസം തകര്‍ന്നുവെന്ന് പ്രഖ്യാപിച്ച, ഈ നാശത്തിന്റെ പ്രവാചകരായ മനോരമാദി മാധ്യമങ്ങളുടെ കണ്ണുതുറപ്പിക്കുന്നതാണ് ലാറ്റിനമേരിക്കയിലെയും റഷ്യയിലെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെയും ഇടതുപക്ഷമുന്നേറ്റവും അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്ത സ്വര്‍ഗങ്ങളിലെയും അറബിനാടുകളിലെയും ജനങ്ങളുടെ ഭരണവിരുദ്ധപ്രക്ഷോഭവും.

2) സോവിയറ്റ് യൂണിയനിലും യൂറോപ്പിലെ ഇതര രാജ്യങ്ങളിലുംമുമ്പ് നിലവിലുണ്ടായിരുന്ന സാമൂഹ്യ- രാഷ്ട്രീയവ്യവസ്ഥ വീണ്ടും അതേപടി നടപ്പാക്കാമെന്ന് കമ്യൂണിസ്റ്റുകാര്‍ വിചാരിക്കുന്നില്ലെന്നും ചെന്നൈ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ജനങ്ങളെ സര്‍ക്കാരില്‍നിന്നും അകറ്റിനിര്‍ത്തുന്ന ചില വ്യതിയാനങ്ങളും മഹത്തായ നേട്ടങ്ങള്‍ക്കൊപ്പം മുന്‍സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ സംഭവിച്ചിരുന്നു. അതുകൊണ്ട് പഴയ രൂപത്തിലുള്ള സാമൂഹ്യവ്യവസ്ഥ പുനഃസ്ഥാപിക്കുകയല്ല, കുറവുകള്‍ തീര്‍ത്ത പുതിയ രൂപത്തിലുള്ള സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥ ഉയര്‍ന്നുവരുമെന്നും ചെന്നൈ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തിലാണ് ജനകീയ ചൈനയിലെ സോഷ്യലിസ്റ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളെയും ക്യൂബ ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഇടതുപക്ഷസര്‍ക്കാരുകളുടെ അനുഭവവും വിലയിരുത്തുന്നതുള്‍പ്പെടെയുള്ള പ്രത്യയശാസ്ത്രരേഖ സിപിഐ എം 20-ാം കോണ്‍ഗ്രസില്‍ വരുന്നത്. അതുകൊണ്ട് 14-ാം പാര്‍ടി കോണ്‍ഗ്രസ് അഭിമുഖീകരിച്ച സോഷ്യലിസ്റ്റ് വിരുദ്ധ സാര്‍വദേശീയ സാഹചര്യത്തിലല്ല, സോഷ്യലിസ്റ്റ് അനുകൂല അന്തരീക്ഷത്തിലാണ് 20-ാം പാര്‍ടികോണ്‍ഗ്രസ് പ്രത്യയശാസ്ത്ര രേഖ പരിഗണിക്കുന്നത്. സോഷ്യലിസ്റ്റ് നാടുകളിലെയും ഇടതുപക്ഷ ഭരണമുള്ള രാജ്യങ്ങളിലെയും ഭരണനടപടികളെയും സംഭവവികാസങ്ങളെയും മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടില്‍ സിപിഐ എം വിലയിരുത്തും.

പക്ഷേ, രേഖ പുറത്തുവരുംമുമ്പേ സിപിഐ എം ചൈനാ മാതൃകയില്‍ അല്ലെങ്കില്‍ ലാറ്റിനമേരിക്കന്‍ പാതയില്‍ എന്നെല്ലാമുള്ള മുദ്രകുത്തലിനാണ് വിവിധ മാധ്യമങ്ങള്‍ക്കു താല്‍പ്പര്യം. സ്വന്തമായ ദേശീയ സോഷ്യലിസ്റ്റ് നിര്‍മാണ മാതൃകകളുമായി മുന്നോട്ടുപോകുന്ന ചൈനീസ്, ക്യൂബന്‍ , വിയറ്റ്നാമീസ് നേര്‍പകര്‍പ്പുകളായിരിക്കില്ല തങ്ങളുടേതെന്ന് ഇന്ത്യ അടക്കമുള്ള മുതലാളിത്തരാജ്യങ്ങളിലെ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റുകാര്‍ മുമ്പേ അംഗീകരിച്ചിട്ടുണ്ട്. റഷ്യയുടെയോ ചൈനയുടെയോ മറ്റ് രാജ്യങ്ങളിലെയോ മാതൃക സോഷ്യലിസ്റ്റ് നിര്‍മാണത്തിന് അതുപോലെ അംഗീകരിക്കില്ലെന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ 1951ല്‍തന്നെ തീരുമാനിച്ചിരുന്നു. അവിഭക്തകമ്യൂണിസ്റ്റ് പാര്‍ടിയുടെ വിശേഷാല്‍സമ്മേളനം ഇത്തരമൊരു തീരുമാനമടങ്ങിയ പ്രമേയം അംഗീകരിച്ചിരുന്നു. ആ നിലപാടിലാണ് സിപിഐ എം ഇന്നും നില്‍ക്കുന്നത്. ഓരോ രാജ്യത്തിനും സ്വന്തം മാതൃക അനുസരിച്ച്, ജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കുകയും ജനകീയ ജനാധിപത്യഭരണകൂടം സ്ഥാപിച്ച് മുന്നേറുകയും പിന്നീട് സമ്പൂര്‍ണമായ സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കുകയും ചെയ്യാമെന്നാണ് സിപിഐ എം കാഴ്ചപ്പാട്. ഇതില്‍ ഊന്നിനിന്നാണ് ഇപ്പോഴത്തെ പ്രത്യയശാസ്ത്രരേഖയും വരുന്നത്.

പാര്‍ടികോണ്‍ഗ്രസിനെ അഭിമുഖീകരിക്കുന്ന കമ്യൂണിസ്റ്റ്പാര്‍ടിക്കെതിരെ പ്രത്യയശാസ്ത്രരേഖയുമായി ബന്ധപ്പെട്ട് രണ്ടുതലങ്ങളില്‍ ആക്രമണമുയരുന്നുണ്ട്. പാര്‍ലമെന്ററി, പാര്‍ലമെന്ററിയിതര പാതകളെ സംബന്ധിച്ചാണ് വിമര്‍ശം. സിപിഐ എം പാര്‍ലമെന്റ്, അസംബ്ലി സമരങ്ങളിലാണ് ശ്രദ്ധിക്കുകയെന്നും പുറത്തുള്ള സമരങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നുവെന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ പ്രഫുല്‍ ബിദ്വായി കേരളത്തില്‍ വന്ന് നടത്തിയ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യ കത്തിയെരിയുമ്പോള്‍ ഇടതുപക്ഷം എവിടെയാണെന്ന ചോദ്യം തലക്കെട്ടാക്കി "മലയാളംവാരിക" കവര്‍സ്റ്റോറിയാക്കി ഇതിനെ ആഘോഷിച്ചു. വര്‍ഗീയ ഫാസിസത്തിനെതിരെ സിപിഐ എം നയിക്കുന്ന പോരാട്ടവും ഗുജറാത്തിലെ വംശഹത്യയ്ക്കെതിരെ നടത്തിയ ഇടപെടലുകളും മറച്ചുവച്ച്, നിരാഹാരമിരുന്ന് നരേന്ദ്രമോഡിയുടെ മനസ്സുമാറ്റിക്കൂടായിരുന്നോ എന്ന സംശയം പ്രകടിപ്പിക്കുന്ന അതിമോഹത്തെ പ്രചരിപ്പിക്കാനും ഇവിടെ ആളുണ്ടാകുന്നു.

പഴയ തോക്കിന്‍കുഴല്‍ വിപ്ലവനേതാവ് കെ വേണു നല്‍കുന്ന ഉപദേശം സിപിഐ എം പൂര്‍ണതോതില്‍ ജനാധിപത്യപാര്‍ടിയായി മാറണമെന്നാണ്. ആ പൊളിച്ചെഴുത്തിനുള്ളതാകണം പ്രത്യയശാസ്ത്രരേഖയെന്നും അദ്ദേഹം ഉപദേശിക്കുന്നു. ഇന്ത്യയുടെ മോചനം കോണ്‍ഗ്രസിലൂടെ എന്നതാണ് വേണുവിന്റെ പുതിയ സിദ്ധാന്തം. മാര്‍ക്സിസത്തെ പാടെ തള്ളിപ്പറയുന്നു; ഒപ്പം കമ്യൂണിസ്റ്റ് പാര്‍ടി ശക്തിപ്പെടാനുള്ള വഴി ഉപദേശിക്കുന്നു- വേണു സ്വയം പരിഹാസ്യനാകുകയാണ്. ആ വൈദ്യര്‍ സ്വയം ചികിത്സിക്കട്ടെ. തൊഴിലാളിവര്‍ഗപാര്‍ടി സ്വീകരിക്കുന്ന പാര്‍ലമെന്ററിയിതര സമരമാര്‍ഗങ്ങളെ വേണു നിശിതമായി വിമര്‍ശിക്കുന്നു.

സോഷ്യലിസത്തിലേക്ക് നീങ്ങുന്നതിനുവേണ്ടിയുള്ള തൊഴിലാളിവര്‍ഗത്തിന്റെ സമരമാര്‍ഗമായി പാര്‍ലമെന്ററി പ്രവര്‍ത്തനം മാത്രം മതി എന്നത് ഒരു തീസീസാണ്. ഇതിനെതിരായ സമരത്തിലൂടെയാണ് അവിഭക്ത ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ടിയിലെ റിവിഷനിസ്റ്റ് ചിന്താഗതിക്കാരുമായി ഏറ്റുമുട്ടിയതും അവസാനം പാര്‍ടി പിളര്‍ന്ന് രണ്ടായതും. 1964ലെ ഏഴാം പാര്‍ടികോണ്‍ഗ്രസോടുകൂടി രൂപംപ്രാപിച്ച സിപിഐ എം, പാര്‍ലമെന്ററി മാര്‍ഗവും പാര്‍ലമെന്ററിയിതര സമരവും സമന്വയിപ്പിക്കുന്ന രാഷ്ട്രീയപ്രസ്ഥാനമാണ്. മാര്‍ക്സും എംഗല്‍സും ലെനിനും ചൂണ്ടിക്കാണിച്ച ഒരു വസ്തുത ബൂര്‍ഷ്വാ ജനാധിപത്യം നിലനില്‍ക്കുന്നിടത്തെല്ലാം തൊഴിലാളിവര്‍ഗത്തിന് ഉപയോഗിക്കാവുന്ന നിരവധി ആയുധങ്ങളിലൊന്നാണ്, അവയില്‍ ഒന്നുമാത്രമാണ് പാര്‍ലമെന്റിന് അകത്തുള്ള സമരമെന്നാണ്. അതുകൊണ്ട്, ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥ നിലവിലുള്ള ഓരോ രാജ്യത്തും പാര്‍ലമെന്ററിരംഗത്ത് പ്രവര്‍ത്തിക്കുക എന്ന കല തൊഴിലാളിവര്‍ഗപാര്‍ടി അഭ്യസിക്കുകതന്നെവേണമെന്ന് പാര്‍ടി വ്യക്തമാക്കി. വിപ്ലവകരമായ പാര്‍ലമെന്ററി പ്രവര്‍ത്തനവും വിപ്ലവകരമായ പാര്‍ലമെന്ററിയിതര പ്രവര്‍ത്തനവും കൂട്ടിയോജിപ്പിച്ചതുകൊണ്ടാണ് ബംഗാള്‍ , കേരളം, ത്രിപുര എന്നിവിടങ്ങളില്‍ കമ്യൂണിസ്റ്റ്പ്രസ്ഥാനങ്ങള്‍ സുശക്തമായി മുന്നോട്ടുപോകുന്നത്. അഭൂതപൂര്‍വമാംവിധം ശക്തിപ്പെടുമ്പോള്‍ ആ സംസ്ഥാനങ്ങളിലെ വിപ്ലവപ്രസ്ഥാനത്തെ തകര്‍ക്കാന്‍ സാമ്രാജ്യത്വ പിന്തുണയോടെ കമ്യൂണിസ്റ്റ് വിരുദ്ധശക്തികള്‍ യോജിക്കും. ചിലപ്പോള്‍ അര്‍ധഫാസിസ്റ്റ് ഭീകരാക്രമണവും ഉണ്ടാകും. അതാണ്, 1972-1978ലും 2011ലും പശ്ചിമബംഗാളിലെ അനുഭവം.

"തെരഞ്ഞെടുപ്പ് പാര്‍ടികളായി മാറിയ കമ്യൂണിസ്റ്റ്പാര്‍ടികള്‍ വിപ്ലവപരിവേഷം നിലനിര്‍ത്താന്‍ കൃത്രിമമായി പാര്‍ലമെന്ററിയിതര ഉശിരന്‍ സമരങ്ങള്‍ സംഘടിപ്പിക്കുന്നുവെന്ന" കള്ളപ്പരാതിയും വേണുവിനുണ്ട്. ഉശിരന്‍ സമരങ്ങള്‍ കേരളത്തില്‍ സംഘടിപ്പിക്കുന്നുവെന്ന് വേണു സമ്മതിച്ചത്, അത്രത്തോളം നന്ന്. പക്ഷേ, മുന്‍കാലത്ത് തൊഴിലാളികളെയും കര്‍ഷകത്തൊഴിലാളികളെയും ഉപയോഗിച്ചും പിന്നീട് വിദ്യാര്‍ഥികളെയും യുവാക്കളെയും ഇറക്കിവിട്ടും അനാവശ്യമായ ഉശിരന്‍ സമരങ്ങള്‍ സംഘടിപ്പിച്ച് രക്തസാക്ഷികളെ സൃഷ്ടിച്ച് പാര്‍ലമെന്ററിയിതരപാര്‍ടിയെന്ന് വരുത്താന്‍ കമ്യൂണിസ്റ്റ്പാര്‍ടി പരിശ്രമിക്കുന്നുവെന്ന വേണുവിന്റെ ആക്ഷേപം നീചമാണ്.

ഇന്ത്യയിലെ ഏറെ വ്യത്യസ്തതയുള്ള സംസ്ഥാനമായി കേരളം മാറിയതെങ്ങനെയാണ്? അഭിമാന ബോധമുള്ള, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയുസുള്ള മനുഷ്യരായി കേരളീയരെ മാറ്റിയതില്‍ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലും പിന്തുണയോടെയും നടന്ന സമരങ്ങളും അവരുടെ ഭരണ നടപടികളുമാണ് മുഖ്യഘടകം. സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയാകാന്‍ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് കഴിഞ്ഞു. ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് വിദ്യാഭ്യാസ കച്ചവടത്തിനും പൗരസ്വാതന്ത്ര്യ നിഷേധത്തിനും പൊലീസ് അതിക്രമത്തിനും എതിരായ യുവജന- വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ . ചില്ലറവ്യാപാര മേഖല വിദേശകുത്തകകള്‍ക്ക് തുറന്നുകൊടുക്കുന്നതിനെതിരായും പെട്രോള്‍വില കൂട്ടുന്നതിനെതിരെയും ഉശിരന്‍ സമരങ്ങള്‍ നടന്നു. സമകാലികമായ ഈ പ്രക്ഷോഭങ്ങളെല്ലാം ഒരു പരിധിവരെ ഗുണകരമായ ഫലമുണ്ടാക്കി. ബഹുജനങ്ങള്‍ നടത്തുന്ന ഇത്തരം സമരങ്ങളുടെ കേന്ദ്രമാണ് ഭരണകൂടത്തിനെതിരായ രാഷ്ട്രീയസമരം. തൊഴിലാളി- കര്‍ഷകാദിബഹുജനങ്ങളെയും അവരുടെ സംഘടിതസമരങ്ങളെയും വെറുക്കുന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രാഷ്ട്രീയമുന്നണി. അതിന്റെ ഭാഗമായി മാറിയ വേണുവിന് വിപ്ലവപ്രസ്ഥാനം നടത്തുന്ന ബഹുജനപ്രക്ഷോഭങ്ങളുടെ ആത്മാര്‍ഥത ഇപ്പോള്‍ മനസ്സിലായില്ല.

വേണുവിന് പിന്നാലെ കവി കെ ജി ശങ്കരപിള്ളയ്ക്കും കമ്യൂണിസ്റ്റ് വിരുദ്ധത വിളമ്പാന്‍ മാതൃഭൂമി വാരിക ആഹ്ളാദപൂര്‍വം ഇടംനല്‍കിയിട്ടുണ്ട്. തന്റെ മനസ്സിലെ റാഡിക്കല്‍ ബംഗാള്‍ അസ്തമിച്ചെന്നും ബംഗാള്‍ ഇന്ന് തനിക്ക് ഭാവി സൂചകമല്ലെന്നും പറയുന്ന കവി, ഇടതുപക്ഷത്തെ അധികാരത്തില്‍നിന്ന് മാറ്റിയതിലും മമത ബാനാര്‍ജി "രക്ഷക"യായതിലും സന്തോഷിക്കയാണ്. സൂര്യന്‍ ഒരു ദിവസം കടലില്‍ മറഞ്ഞതുകൊണ്ട് അടുത്തനാള്‍ ഉയരില്ലെന്ന് അവര്‍ വിശ്വസിക്കുകയാണ്. പ്രഫുല്‍ ബിദ്വായി- വേണുമാര്‍ കരുതുന്നതിന് അപ്പുറമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഐ എമ്മിന് അതിന്റേതുമാത്രമായ വ്യക്തിത്വമുണ്ടെന്നത് പൊതുസമൂഹം അംഗീകരിക്കുന്നുണ്ട്. ഒന്നുകില്‍ കോണ്‍ഗ്രസും ബിജെപിയും തുടര്‍ന്നുപോരുന്ന മുതലാളിത്ത-ആഗോളവല്‍ക്കരണപാത അല്ലെങ്കില്‍ സിപിഐ എം ആവിഷ്കരിച്ചിട്ടുള്ള ജനകീയജനാധിപത്യപാത- ഇതിലൊന്ന് സ്വീകരിക്കുക എന്നല്ലാതെ മൂന്നാമതൊന്ന് ജനങ്ങളുടെ മുന്നില്‍ ഇല്ലെന്നകാര്യം കൂടുതല്‍ വ്യക്തമായി വരികയാണ്. ലോകവ്യാപകമായി കാള്‍ മാര്‍ക്സിന്റെ തിരിച്ചുവരവ് ഇതാണ് ഓര്‍മപ്പെടുത്തുന്നത്.

ആഗോളമായി മുതലാളിത്തസാമ്പത്തിക കുഴപ്പം മൂര്‍ച്ഛിക്കുകയാണ്. ഇതിന്റെ ഫലമായി മുതലാളിത്തവും സാമ്രാജ്യത്വവും ഉടനെ തകരുമെന്നോ മുട്ടുകുത്തുമെന്നോ ഉള്ള വിചാരം വിപ്ലവപ്രസ്ഥാനത്തിനില്ല. പല രാജ്യങ്ങളിലും ഇന്നത്തെ സാമ്പത്തിക കുഴപ്പം രാഷ്ട്രീയ കുഴപ്പമായി വളരാന്‍ സാധ്യതയുണ്ട്; അതിനുള്ള സൂചന പ്രകടമാകുന്നുണ്ട്. ഇത് 19-ാം പാര്‍ടികോണ്‍ഗ്രസില്‍നിന്ന് 20-ാം പാര്‍ടികോണ്‍ഗ്രസിലേക്ക് എത്തുമ്പോഴുണ്ടായിട്ടുള്ള നല്ലൊരു മാറ്റമാണ്. ഈ വേളയില്‍ വ്യക്തിയെ പ്രസ്ഥാനത്തില്‍നിന്ന് അടര്‍ത്തി മാറ്റി കമ്യൂണിസ്റ്റ്പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള മാധ്യമകൗശലം സജീവമാണ്. (പരമ്പരയുടെ അവസാന ലക്കത്തില്‍ അതേപ്പറ്റി.)

*
ആര്‍ എസ് ബാബു ദേശാഭിമാനി 24 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസ് ചരിത്രത്തില്‍ സ്ഥാനംപിടിക്കുന്നതിന് ഇടയാക്കുന്ന ഘടകങ്ങളിലൊന്ന്, അതിലവതരിപ്പിച്ച് പാസാക്കുന്ന പ്രത്യയശാസ്ത്രരേഖയുടെ പ്രാധാന്യമാണ്. ഈ പ്രത്യയശാസ്ത്ര രേഖ പാര്‍ടി കേന്ദ്രകമ്മിറ്റി അംഗീകരിച്ച് ഫെബ്രുവരിയില്‍ പാര്‍ടി ഘടകങ്ങള്‍ക്ക് ചര്‍ച്ചയ്ക്കായി നല്‍കും. പ്രത്യയശാസ്ത്രരേഖയുണ്ടാക്കുന്നതിന് സിപിഐ എം നിര്‍ബന്ധിതമായത് ബംഗാളിലെ കനത്ത പരാജയത്തെത്തുടര്‍ന്നാണെന്നാണ് മുന്‍ നക്സല്‍ നേതാവ് കെ വേണു ഉള്‍പ്പെടെയുള്ള പലരുടെയും അഭിപ്രായം. സോഷ്യലിസവും കമ്യൂണിസ്റ്റ്പാര്‍ടിയും പ്രതിസന്ധി നേരിടുമ്പോഴാണ് പ്രത്യയശാസ്ത്രരേഖ വരുന്നതെന്നും ചെന്നൈ കോണ്‍ഗ്രസ് അതിനുദാഹരണമാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് രണ്ടും അബദ്ധമാണ്. കോയമ്പത്തൂരില്‍ ചേര്‍ന്ന 19-ാം പാര്‍ടി കോണ്‍ഗ്രസില്‍തന്നെ പ്രത്യയശാസ്ത്രരേഖ അംഗീകരിക്കേണ്ട കാര്യം നിര്‍ദേശിച്ചിരുന്നു. ചെന്നൈ കോണ്‍ഗ്രസില്‍ പ്രത്യയശാസ്ത്രരേഖ വരുന്നതിന് ഒരു സാഹചര്യം ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും സോഷ്യലിസ്റ്റ് ഭരണം തകര്‍ന്നപ്പോള്‍ ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റ് വിരുദ്ധര്‍ കമ്യൂണിസം അവസാനിച്ചതായി പ്രഖ്യാപിച്ചു. ചരിത്രത്തിലെ അവസാനത്തെ സാമൂഹ്യവ്യവസ്ഥയാണ് മുതലാളിത്തമെന്ന് ആഹ്ളാദത്തോടെ വിളിച്ചുകൂവി. സിപിഐ എം പിരിച്ചുവിടണമെന്ന് അന്ന് പാര്‍ടി സെക്രട്ടറിയായിരുന്ന ഇ എം എസിനെ ഉപദേശിച്ച് പത്രാധിപര്‍ കെ എം മാത്യുവിന്റെ പേരും ഒപ്പുമുള്ള മുഖപ്രസംഗം മനോരമ പ്രസിദ്ധീകരിച്ചു. എന്നാല്‍ , ഇ എം എസ് ജനറല്‍സെക്രട്ടറിയായിരിക്കെ ചെന്നൈയില്‍ ചേര്‍ന്ന 14-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്ര കാഴ്ചപ്പാടാണോ മനോരമയുടെ വീക്ഷണമാണോ ചരിത്രം സാധൂകരിക്കുന്നതെന്ന് നോക്കുക.