Wednesday, December 14, 2011

വളര്‍ച്ചയുടെ അനന്തരഫലങ്ങള്‍

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ ഭക്ഷണാവകാശത്തിനായുള്ള സമരത്തില്‍ പങ്കെടുക്കുകയുണ്ടായി. ഭക്ഷ്യ സുരക്ഷാബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ആ സമരം. റൈറ്റ് ടു ഫുഡ് എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സമരം സംഘടിപ്പിച്ചത്. ഉത്തരേന്ത്യയിലെ പാവപ്പെട്ട ദരിദ്രജനങ്ങളാണ് സമരത്തില്‍ പങ്കെടുത്തവരില്‍ മഹാഭൂരിപക്ഷവും. കുറച്ച് ബുദ്ധിജീവികളും വിദ്യാര്‍ഥികളും കൂട്ടത്തിലുണ്ടായിരുന്നു. ആദിവാസികളും മറ്റും സദസില്‍ നിറഞ്ഞിരുന്നു. വേദിയില്‍ ഞങ്ങള്‍ക്കൊപ്പം സ്വാമി അഗ്നിവേശും ബിനായക് സെന്നും അരുണാറോയിയും ഉണ്ടായിരുന്നു. സദസിലേക്ക് കണ്ണോടിച്ചപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ പരിചിതമായ ഒരു മുഖം കണ്ടു. ആദിവാസി ചെറുപ്പക്കാര്‍ക്കൊപ്പം ജിന്‍ ഡ്രീസ് ഇരിക്കുന്നു. ഒരു സാധാരണക്കാരനായി കുറിപ്പുകള്‍ എടുക്കുകയാണ് അലഹബാദ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്രം പ്രൊഫസറായ ഡ്രീസ്. അദ്ദേഹം അമര്‍ത്യാസെന്നുമായി ചേര്‍ന്ന് എഴുതിയ ദാരിദ്ര്യവും പൊതു ഇടപെടലും എന്ന പുസ്തകം ശ്രദ്ധേയമായിരുന്നു.

നേരത്തെ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള പൊതു പോരാട്ടങ്ങളില്‍ സജീവ പങ്ക് വഹിച്ചിരുന്നു. സോണിയഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശകസമിതിയില്‍ അംഗമായിരുന്നു. ഭക്ഷ്യസുരക്ഷാബില്ലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് അതില്‍നിന്നും രാജിവെച്ചു. സമരത്തില്‍ സംസാരിച്ചതിനുശേഷം ഞാന്‍ താഴെ ഇറങ്ങി അദ്ദേഹവുമായി കുറച്ചുനേരം സംസാരിച്ചു. ഡ്രീസ് ബെല്‍ജിയംകാരനാണ്. അദ്ദേഹത്തിന്റെ പിതാവ് ജാക്യുസ് ഡ്രീസ് അവിടത്തെ പ്രശസ്തനായ സാമ്പത്തികശാസ്ത്രജ്ഞനായിരുന്നു. ഡ്രീസും പിതാവിന്റെ വഴികളിലൂടെയാണ് സഞ്ചരിച്ചത്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലും ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലുമായിരുന്നു പഠനം. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നായിരുന്നു ഡോക്ടറേറ്റ് നേടിയത്. ഇപ്പോള്‍ എല്ലാ അര്‍ഥത്തിലും ഇന്ത്യക്കാരനെപ്പോലെയാണ് ജീവിതം.

ദാരിദ്ര്യം, ക്ഷാമം, ലിംഗനീതി, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിലാണ് അക്കാദമികവും പ്രായോഗികവുമായ ഇടപെടലുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒന്നാം ഇറാഖ് കടന്നാക്രമണത്തിന്റെ സന്ദര്‍ഭത്തില്‍ കുവൈത്ത്-ഇറാഖ് അതിര്‍ത്തിയില്‍ സമാധാനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഉപരോധം ഇറാഖിലെ സാമൂഹ്യസാമ്പത്തിക ജീവിതത്തില്‍ വരുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ആദ്യമായി ആധികാരികമായി എഴുതിയത് ഡ്രീസായിരുന്നു. സെന്നിനെപ്പോലെ ക്ഷേമസാമ്പത്തികശാസ്ത്ത്രിലായിരുന്നു ഇദ്ദേഹവും കേന്ദ്രീകരിച്ചിരുന്നത്. കൊളോണിയല്‍ ഭരണകാലത്തെ ബംഗാള്‍ ക്ഷാമത്തിന്റെ ദുരിതങ്ങള്‍ നേരിട്ട് കണ്ട ബാല്യത്തില്‍നിന്നാണ് സെന്‍ ക്ഷേമസാമ്പത്തികശാസ്ത്രത്തിന്റെ വഴിയിലേക്ക് തിരിയുന്നതെന്ന് ഒരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്്. വിവരാവകാശം, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളില്‍ ശക്തമായ സമരങ്ങള്‍ക്കും ഡ്രീസ് നേതൃത്വം നല്‍കിയിട്ടുണ്ട്. അടുത്തിടെയാണ് ഡ്രീസും സെന്നും ചേര്‍ന്നെഴുതിയ വിശദമായ ലേഖനം ഔട്ട്ലുക്ക് വാരിക പ്രസിദ്ധീകരിച്ചത്. രണ്ടു പതിറ്റാണ്ടിന്റെ ഉദാരവല്‍ക്കരണനയങ്ങളുടെ അനുഭവമാണ് ഈ ലേഖനത്തില്‍ അവര്‍ വിവരിക്കുന്നത്. തങ്ങള്‍ ചേര്‍ന്നെഴുതുന്ന പുസ്തകത്തിന്റെ ഭാഗമാണതെന്ന് ഡ്രീസ് സംസാരത്തില്‍ സൂചിപ്പിച്ചു. താരതമ്യങ്ങളിലൂടെ വസ്തുതകള്‍ അവതരിപ്പിക്കുന്ന രീതിയാണ് സാധാരണ ഇവര്‍ പുസ്തകങ്ങളില്‍ സ്വീകരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളവും ചൈനയും, കേരളവും യുപിയുമായും സെന്‍ നടത്തിയ താരതമ്യപഠനം ശ്രദ്ധേയമായിരുന്നു. ഔട്ട്ലുക്കിലെ ലേഖനത്തില്‍ ഇന്ത്യയും ബംഗ്ലാദേശുമായും മറ്റും നടത്തിയ താരതമ്യം കൊട്ടിഘോഷിക്കപ്പെടുന്ന ഉദാരവല്‍ക്കരണത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം തുറന്നുകാണിക്കുന്നുണ്ട്.

1990ല്‍ ബംഗ്ലാദേശിനേക്കാളും 60 ശതമാനം അധികമായിരുന്നു ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം. 2010ല്‍ അത് 98 ശതമാനം അധികമായി. എന്നാല്‍ , ഈ കാലയളവില്‍ മിക്കവാറും എല്ലാ സാമൂഹ്യ സൂചകങ്ങളിലും ഇന്ത്യയുടെ നില പരിതാപകരമായി മാറി. 90ല്‍ ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം ബംഗ്ലാദേശിനേക്കാളും നാലു വയസ് കൂടുതലായിരുന്നു. എന്നാല്‍ , ഇന്ന് അത് മൂന്നുവയസ് കുറവാണ്. ശിശുമരണനിരക്ക് 1990ല്‍ ബംഗ്ലാദേശിനേക്കാളും 24 ശതമാനം കുറവായിരുന്നു നമ്മുടെ രാജ്യ ത്തെങ്കില്‍ ഇന്ന് അത് 24 ശതമാനം കൂടുതലാണ്. സ്ത്രീകളുടെ സാക്ഷരതാനിരക്ക് 1991ല്‍ ഇന്ത്യയില്‍ 49ഉം ബംഗ്ലാദേശില്‍ 38ഉം ആയിരുന്നു. എന്നാല്‍ ഇന്നത് യഥാക്രമം 74ഉം 77ഉം ആണ്. 2010ലെ ലോകവികസന റിപ്പോര്‍ട്ടില്‍ പ്രതിശീര്‍ഷ ദേശീയ വരുമാനത്തിന്റെ കാര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ ഒഴിവാക്കിയാല്‍ 16 രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യയേക്കാളും പുറകിലുള്ളത്. ചൈനയും ഇന്ത്യയും തമ്മില്‍ സെന്നും ഡ്രീസും നടത്തുന്ന താരതമ്യം രണ്ടു സാമൂഹ്യവ്യവസ്ഥകള്‍ തമ്മിലുള്ള വ്യത്യാസം തുറന്നുകാണിക്കുന്നു. ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം 64 ആണെങ്കില്‍ ചൈനയില്‍ അത് 73 ആണ്. ശിശുമരണനിരക്കിന്റെ കാര്യത്തില്‍ അത് യഥാക്രമം 48ഉം 16ഉം ആണ്. സ്ത്രീ സാക്ഷരത ഇന്ത്യയില്‍ 74 ആണെങ്കില്‍ ചൈനയില്‍ അത് 99 ആണ്.

ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളില്‍ ഇന്ത്യയില്‍ 43.5 ശതമാനവും ഭാരക്കുറവുള്ളവരാണെങ്കില്‍ ചൈനയില്‍ അത് കേവലം 4.5 മാത്രം ആണ്. ഇക്കാര്യത്തില്‍ ലോകത്തില്‍തന്നെ ഏറ്റവും മോശമാണ് ഇന്ത്യയുടെ സ്ഥിതി. സാമ്പത്തികവളര്‍ച്ചയുടെ ഫലങ്ങള്‍ പൊതുസമൂഹത്തിന്റെ വികസനത്തിനായി ഉപയോഗിക്കുന്നതില്‍ ചൈനയില്‍നിന്നും ഇന്ത്യ വളരെയധികം പഠിക്കാനുണ്ടന്ന് സെന്‍ വ്യക്തമാക്കുന്നു. വളര്‍ച്ചയും വികസനവും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ഇവര്‍ വ്യക്തമാക്കുന്നു. 1991 ജൂലൈ 23 നാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അന്ന് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് പുതിയ സാമ്പത്തിക നയം പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ രണ്ടു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ലോകത്തെല്ലായിടത്തും സംഭവിച്ചതിനേക്കാളും ആഴത്തില്‍ ഇന്ത്യയില്‍ അസമത്വം ശക്തിപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നയങ്ങള്‍ തിരുത്തുന്നതിനുള്ള സമരങ്ങള്‍ ശക്തിപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.

*
പി രാജീവ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...