Saturday, December 17, 2011

മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയപ്പോള്‍

മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയ കഥ ഒന്നാംക്ലാസില്‍ പഠിച്ചതോര്‍മയുണ്ട്. മഴ വന്നപ്പോള്‍ കരിയില മണ്ണാങ്കട്ടയെ രക്ഷിച്ചു. കാറ്റുവന്നപ്പോള്‍ മണ്ണാങ്കട്ട കരിയിലയെയും രക്ഷിച്ചു. പക്ഷേ, കാറ്റും മഴയും ഒരുമിച്ചു വന്നപ്പോള്‍ മണ്ണാങ്കട്ട അലിഞ്ഞുപോയി; കരിയില പറന്നും പോയി. അങ്ങനെ കാശിയാത്ര ദുരന്തമായി. വിലക്കയറ്റവും മാന്ദ്യവും ഒരുമിച്ചുവന്നാലുള്ള അവസ്ഥ ഏതാണ്ടിതുപോലെയാണ്. വിലക്കയറ്റമുണ്ടാകുമ്പോള്‍ പ്രതിവിധി ഇവയാണ്: ഒന്ന്, വായ്പ ചുരുക്കുക; പലിശ ഉയര്‍ത്തുക തുടങ്ങിയ പണനയങ്ങള്‍ (മണി പോളിസീസ്). രണ്ട്, സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കുക; കമ്മി കുറയ്ക്കുക തുടങ്ങിയ ധനനയങ്ങള്‍ (ഫിസ്കല്‍ പോളിസീസ്). മാന്ദ്യംവരുമ്പോള്‍ നയങ്ങളാകെ തിരുത്തും. റിസര്‍വ് ബാങ്ക് വായ്പകള്‍ ഉദാരമാക്കും; പലിശ താഴ്ത്തും. സര്‍ക്കാരാകട്ടെ ചെലവുകള്‍ കൂട്ടും. കമ്മി ഉയര്‍ത്തും. സാധാരണഗതിയില്‍ ചരക്കുകള്‍ വിറ്റഴിക്കാന്‍ കഴിയാതെ ഉല്‍പ്പാദനം കുറയ്ക്കേണ്ടിവരുമ്പോള്‍ - അഥവാ സാമ്പത്തികമാന്ദ്യമുണ്ടാകുമ്പോള്‍ - വിലനിലവാരം താഴും. അതുപോലെ സാമ്പത്തിക അഭിവൃദ്ധിയുടെ കാലത്താണ് സാധാരണഗതിയില്‍ വിലക്കയറ്റമുണ്ടാവുക. എന്നാല്‍ , കഴിഞ്ഞയാഴ്ച പുറത്തുവന്ന ഇന്ത്യന്‍ സാമ്പത്തികസ്ഥിതി സംബന്ധിച്ച രണ്ട് റിപ്പോര്‍ട്ട് വായിക്കൂ. ഒന്ന്, കഴിഞ്ഞമാസത്തെ വ്യവസായ ഉല്‍പ്പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചുശതമാനം കേവലമായി ഇടിഞ്ഞു. ഇന്ത്യന്‍ സമ്പദ്ഘടന മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് തീര്‍ച്ച. പക്ഷേ, രണ്ടാമത്തെ റിപ്പോര്‍ട്ട് ഇതാണ്:

വിലക്കയറ്റം ഒമ്പത് ശതമാനത്തിലേറെയായി തുടരുന്നു. വിലക്കയറ്റവും മാന്ദ്യവും ഒരേസമയം പ്രത്യക്ഷപ്പെടുന്ന ഒരു അപൂര്‍വ പ്രതിഭാസത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കാശി ദുരന്തയാത്രയാണ് നമുക്ക് ഓര്‍മവരുന്നത്. കാരണം, വിലക്കയറ്റത്തിനുള്ള മരുന്ന് മാന്ദ്യചികിത്സയ്ക്ക് വിഷമാണ്. അതേസമയം, മാന്ദ്യത്തിനുള്ള മരുന്ന് വിലക്കയറ്റചികിത്സയ്ക്ക് വിഷമാണ്. സാമ്പത്തികനയകര്‍ത്താക്കള്‍ നിസ്സഹായരാണ്. ഇതാണ് ഇന്ത്യന്‍ സമ്പദ്ഘടന എത്തിച്ചേര്‍ന്നിരിക്കുന്ന ഊരാക്കുടുക്ക്. എങ്ങനെ ഇന്ത്യന്‍ സമ്പദ്ഘടന ഈ പതനത്തിലെത്തിച്ചേര്‍ന്നു എന്നത് ഒരു നീണ്ട കഥയാണ്. ഒന്നാമത്തെ സീന്‍ 2008ലെ ആഗോളമാന്ദ്യമാണ്. പാശ്ചാത്യലോകത്തെ സാമ്പത്തിക തകര്‍ച്ച ഇന്ത്യന്‍ സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിച്ചു. പക്ഷേ, രണ്ട് കാരണംകൊണ്ട് തകര്‍ച്ച ഒഴിവാക്കാന്‍ നമുക്ക് കഴിഞ്ഞു: ഒന്ന്, ഇന്ത്യന്‍ പൊതുമേഖലാബാങ്കുകളെ തകര്‍ച്ച ബാധിച്ചില്ല.

2007ലെ പൊതു സാമ്പത്തികസ്ഥിതി പൊതുവില്‍ മെച്ചമായിരുന്നു. സാമ്പത്തികവളര്‍ച്ച 11 ശതമാനവും കമ്മി 2.7 ശതമാനവുമായിരുന്നു. രണ്ട്, സര്‍ക്കാര്‍ മാന്ദ്യവിരുദ്ധ നടപടികള്‍സ്വീകരിച്ചു. ബാങ്കുകളെ കൈയയച്ച് സഹായിച്ചു. പലിശ കുറച്ചു, വായ്പ ഉദാരമാക്കി. ഭവനവായ്പ, ഹയര്‍ പര്‍ച്ചേസ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവയെ ഉപയോഗപ്പെടുത്തി ജനങ്ങളും പണം ചെലവാക്കാന്‍ തുടങ്ങിയതോടെ മാന്ദ്യമകന്നു. രണ്ടാമത്തെ സീന്‍ 2009ല്‍ തുടങ്ങിയ വിലക്കയറ്റമാണ്. സാമ്പത്തിക വളര്‍ച്ചയുണ്ടാകുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന വിലക്കയറ്റമായിരുന്നില്ല ഇന്ത്യയില്‍ രൂപംകൊണ്ടത്. ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനം മുരടിച്ചതും പൂഴ്ത്തിവയ്പും മൂലം ഇവയുടെ വിലകള്‍ കുത്തനെ ഉയര്‍ന്നു. പെട്രോള്‍വില താന്നിഷ്ടപ്രകാരം നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതോടെ ഭക്ഷ്യവിലക്കയറ്റം പൊതുവിലക്കയറ്റമായി രൂപാന്തരപ്പെട്ടു. പൊതുവിതരണം ശക്തിപ്പെടുത്തുകയും എണ്ണവിലനിയന്ത്രണം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിനു പകരം വിലക്കയറ്റം തടയാന്‍ പണനയത്തെ ഉപയോഗപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 13 തവണയാണ് പലിശനിരക്ക് ഉയര്‍ത്തിയത്. വായ്പകളും കര്‍ശനമാക്കി. മാന്ദ്യമകറ്റാന്‍ ജനങ്ങള്‍ക്കു നല്‍കിയ ഉദാരമായ വായ്പാപദ്ധതികള്‍ ശുഷ്കിച്ചതോടെ ക്രയശേഷി കുറഞ്ഞു. ചരക്കുകള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങി. വ്യവസായവളര്‍ച്ച ഇടിഞ്ഞു. ഇന്ത്യ വീണ്ടും മാന്ദ്യത്തിലേക്ക് വഴുതിവീണു. മൂന്നാമത്തെ സീന്‍ 2011ല്‍ ആരംഭിച്ചിരിക്കുന്ന മുതലാളിത്തലോകത്തെ തുടര്‍ഭൂചലനങ്ങളാണ്. 2008ലെ തകര്‍ച്ചയില്‍നിന്ന് കരകയറിക്കഴിയുന്നതിനു മുമ്പുതന്നെ മാന്ദ്യവിരുദ്ധ നടപടികള്‍ ഈ രാജ്യങ്ങള്‍ വേണ്ടെന്നുവച്ചു. നവഉദാരവല്‍ക്കരണ നയങ്ങള്‍ വീണ്ടും പിന്തിരിപ്പന്മാര്‍ അടിച്ചേല്‍പ്പിച്ചു. യൂറോപ്പിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷമായിരിക്കുന്നത്.

2008ല്‍ ഭവനവായ്പകള്‍ വാരിക്കോരി കൊടുത്ത ബാങ്കുകളാണ് തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചതെങ്കില്‍ ബാങ്കുകളെ രക്ഷിക്കാനും മാന്ദ്യവിരുദ്ധ നടപടികള്‍ക്കുമായി വലിയതോതില്‍ വായ്പയെടുത്ത യൂറോപ്യന്‍ സര്‍ക്കാരുകളാണ് പുതിയ പ്രതിസന്ധിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആഗോളമാന്ദ്യം ഇന്ത്യയിലെ സാമ്പത്തികവളര്‍ച്ചയെ കൂടുതല്‍ രൂക്ഷമാക്കുന്നു. നാലാമത്തെ സീന്‍ ഇന്ത്യന്‍ രൂപയുടെ വിദേശവിനിമയനിരക്കാണ്. ഡോളറിന് 43 രൂപയായിരുന്ന രൂപയുടെ വില ഇപ്പോള്‍ 53 രൂപയായിരിക്കുന്നു. സാധനങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നവര്‍ക്ക് വിദേശനാണയം അഥവാ ഡോളര്‍ വേണം. നമ്മള്‍ ചരക്കുകള്‍ കയറ്റുമതി ചെയ്യുമ്പോഴാണ് നമുക്ക്വിദേശനാണയം ലഭിക്കുക. പക്ഷേ, ഇങ്ങനെ ലഭിക്കുന്ന വിദേശനാണയം ഇറക്കുമതിക്കുപോലും തികയില്ല. കാരണം, നമ്മുടെ ഇറക്കുമതി കയറ്റുമതിയേക്കാള്‍ വളരെ ഉയര്‍ന്നതാണ്.

നമ്മുടെ വ്യാപാരകമ്മി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. പക്ഷേ, ഇത് ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കിത്തുടങ്ങിയതിനുശേഷം പ്രശ്നമായില്ല. കാരണം, ഇന്ത്യന്‍ ഓഹരി വിപണിയിലും ബോണ്ട് വിപണിയിലും മുതല്‍മുടക്കുന്നതിന് വലിയതോതില്‍ വിദേശമൂലധനം ഒഴുകിയെത്തി. തന്മൂലം ഇപ്പോള്‍ 30,000 ഡോളറിന്റെ വിദേശനാണയശേഖരം ഇന്ത്യക്കുണ്ട്. പക്ഷേ, ഇതില്‍ സിംഹഭാഗവും എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാന്‍ കഴിയുന്ന ഹ്രസ്വകാല നിക്ഷേപങ്ങളാണ്. ഇവ പിന്‍വലിക്കാന്‍ തുടങ്ങിയതോടെയാണ് രൂപയുടെ വില ഇടിഞ്ഞുതുടങ്ങിയത്. ഈ പിന്‍വലിയല്‍ ഒരു പലായനമായി എങ്ങാനും മാറിയാല്‍ ഇന്ത്യ 1991ലെ സ്ഥിതിയിലേക്ക് നിലംപൊത്തും. അന്ന് സ്വര്‍ണം വിദേശത്ത് പണയംവച്ച് വായ്പയെടുക്കേണ്ട ഗതികേടില്‍ നാം എത്തിയല്ലോ. ഏതായാലും രൂപയുടെ വിലയിടിവ് ഇറക്കുമതിച്ചെലവ് ഉയര്‍ത്തുന്നു; വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു. ഇന്ത്യന്‍ ഭരണാധികാരികള്‍ ഒരു നയപരമായ മരവിപ്പിലാണ്. രൂപയുടെ വില നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെടുന്നില്ല. കാരണം, കൈയിലുള്ള വിദേശനാണയം മുഴുവന്‍ ചോര്‍ന്ന് 1991ലെ കയത്തിലേക്കു വീണാലോ? പലിശ കുറയ്ക്കണമെന്നും വായ്പ ഉദാരമാക്കണമെന്നും വ്യവസായികള്‍ മുറവിളികൂട്ടുന്നുണ്ടെങ്കിലും വിലക്കയറ്റത്തെ പേടിച്ച് സര്‍ക്കാര്‍ അനങ്ങുന്നില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ കമ്മി കുറയ്ക്കണമെന്ന് മറ്റു ചിലര്‍ . പക്ഷേ, മാന്ദ്യകാലത്ത് കമ്മി എങ്ങനെയാണ് കുറയ്ക്കുക? വിലക്കയറ്റത്തിന്റെയും മാന്ദ്യത്തിന്റെയും കത്രികപ്പൂട്ടില്‍നിന്ന് രക്ഷപ്പെടുന്നതിന് മാര്‍ഗങ്ങളുണ്ട്. പക്ഷേ, ആദ്യം നവഉദാരവല്‍ക്കരണ നയങ്ങള്‍ തിരുത്താന്‍ തയ്യാറാകണം.

*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി 17 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...