Saturday, December 31, 2011

2011 - നാള്‍വഴികളിലൂടെ

1

ഒരു തിരഞ്ഞെടുപ്പിന്റെ കേളികൊട്ടിന് കാതോര്‍ത്താണ് സംസ്ഥാനം 2011 ലേക്ക് കടന്നത്. സംസ്ഥാനത്ത് ഒരു അധികാരമാറ്റമുണ്ടാകുമോയെന്നത് നാടെങ്ങും ചര്‍ച്ചാ വിഷയമായ കാലമായിരുന്നു അത്. അത്തരമൊരു അവസ്ഥയില്‍തന്നെയാണ് 2011 വിട പറയുന്നതും. മറ്റൊരു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി കേരളം കാതോര്‍ക്കുന്ന രാഷ്ട്രീയ അനശ്ചിതത്വമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. അത്തരം ഒരു തിരഞ്ഞെടുപ്പ് ഒരുപക്ഷേ കേരളരാഷ്ട്രീയത്തിലും ഭരണസംവിധാനത്തിലും സുപ്രധാന മാറ്റങ്ങള്‍ക്ക് വഴിവച്ചേക്കും.

ഏപ്രില്‍ 13 ന് തിരഞ്ഞെടുപ്പു കഴിഞ്ഞ് മെയ് 13 ഫലം വന്നപ്പോള്‍ യു ഡി എഫിന് ലഭിച്ചത് കേവല ഭൂരിപക്ഷം മാത്രം. 140 അംഗ നിയമസഭയില്‍ വെറും 72 സീറ്റുകളാണ് യു ഡി എഫിന് കിട്ടിയത്. എല്‍ ഡി എഫിന് 68 സീറ്റും. അന്നുമുതലേ തുലാസിലാണ് യു ഡി എഫിന്റെ ഭാവി. ഇതിനിടെയാണ് കഴിഞ്ഞ നവംബര്‍ ഒന്നിന് കേരള കോണ്‍സ്ര് ജേക്കബ് വിഭാഗം നേതാവും മന്ത്രിയുമായിരുന്ന ടി എം ജേക്കബ് അന്തരിച്ചത്. ഇതോടെ പിറവത്ത് ഉപതിരഞ്ഞെടുപ്പും സമാഗതമായി. പിറവത്തെ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമാണ് കേരളം കാത്തിരിക്കുന്നത്.

2

2011 ന്റെ തുടക്കത്തില്‍ മുഴങ്ങിയ വിവാദമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഭാര്യാസഹോദരന്‍ പുറത്തുവിട്ട വെളിപ്പെടുത്തലുകള്‍. ജഡ്ജിമാരെ സ്വാധീനിച്ചാണ് കുഞ്ഞാലിക്കുട്ടി ഐസ് ക്രീം കേസ് ഒതുക്കിയതെന്നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍. ജനുവരിയുടെ അവസാന നാളുകളിലായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇതിന് ആധാരമായ കുറച്ചുതെളിവുകളും മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനിലൂടെ റൗഫ് പുറത്തുവിടുകയും ചെയ്തു.

3

കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ കരുക്കള്‍ നീക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ അപകടത്തില്‍പ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഓഗസ്റ്റ് എട്ടിനായിരുന്നു ഇത് സംബന്ധിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് പറുത്തുവന്നത്. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് വിജിലന്‍സ് നടത്തിയ പുനരന്വേഷണ റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി കെ മുഹമ്മദ് ഹനീഫ മൂന്നുമാസത്തിനകം ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശവും നല്‍കി.
വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ പരസ്യമായി അംഗീകരിക്കുകയും മറ്റുവഴികളിലൂടെ എതിര്‍ക്കുകയുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്തത്. കേസിലെ പ്രതിയായ ജിജി തോംസണെ കൊണ്ട് തുടരന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് കൊടുത്ത മുഖ്യമന്ത്രി പിന്നീട് വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനെക്കൊണ്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഔദ്യോഗിക പരാതി അയപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് കേള്‍ക്കുന്നതില്‍നിന്നും തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പിന്‍മാറി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഇപ്പോള്‍ കേസ് പരിഗണിക്കുന്നത്.

കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഡിസംബര്‍ രണ്ടിന് ഹൈക്കോടതി റദ്ദാക്കി. ആറാഴ്ചയ്ക്കകം പുനരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് ജസ്റ്റിസ് കെ ടി ശങ്കരന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

4

സംസ്ഥാനചരിത്രത്തില്‍ ആദ്യമായി ഒരു രാഷ്ട്രീയ നേതാവിനെ സുപ്രിം കോടതി അഴിമതിക്ക് ശിക്ഷിച്ച് ജയിലില്‍ അടച്ചതും 2011 ലാണ്. ഇടമലയാര്‍ കേസില്‍ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ സുപ്രിം കോടതി ഡിവിഷന്‍ ബഞ്ച് ഒരുവര്‍ഷത്തെ കഠിനതടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത് ഫെബ്രുവരി 10 നായിരുന്നു. തുടര്‍ന്ന് ജയിലില്‍ അടയ്ക്കപ്പെട്ട പിള്ളയ്ക്ക് അതോടെ തിരിഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അയോഗ്യത കല്‍പ്പിക്കപ്പെട്ടു.

പിന്നീട് അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്വാധീനത്തില്‍ കഠിനതടവ് എന്നാല്‍ പരോളാണെന്നാക്കിമാറ്റിയ പിള്ള അനുവദനീയമായതിലും കൂടുതല്‍ കാലം ജയിലിനു പുറത്തുകറങ്ങിനടന്നു. തുടര്‍ന്ന് ചികിത്സയുടെ മറവില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുഖവാസം നേടിയെടുത്തു. ഒടുവില്‍ കേരളപിറവി ദിനത്തില്‍ പിള്ളയുടെ ബാക്കി ജയില്‍വാസം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു.

5

ബാലകൃഷ്ണപിള്ളയുടെ സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടതും സംസ്ഥാനത്ത് വിവാദകൊടുങ്കാറ്റുയര്‍ത്തി. പിള്ളയുമായി ശത്രുതയിലായിരുന്ന കൃഷ്ണകുമാര്‍ വാളകത്തുവച്ച് ആക്രമിക്കപ്പെട്ടത് സെപ്തംബര്‍ 27 നായിരുന്നു. തനിക്ക് വിരോധിയായി പിള്ള മാത്രമേയുള്ളൂവെന്ന് അധ്യാപകന്‍ മൊഴി നല്‍കിയിട്ടും അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു പൊലീസ് ശ്രമം. ഇതിനായി അധ്യാപകന്റെ സ്വഭാവദൂഷ്യം ഉള്‍പ്പെടെ നിരവധി കഥകള്‍ പടച്ചുകൂട്ടിയെങ്കിലും ഒന്നും ക്ലച്ച് പിടിച്ചില്ല.

നവംബര്‍ രണ്ടിന് കേസ് സി ബി ഐക്കുവിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. അന്നുതന്നെയായിരുന്നു ബാലകൃഷ്ണ പിള്ളയെ ജയില്‍ശിക്ഷ കുറച്ചുകൊടുത്ത് മോചിപ്പിച്ചതും. മാസം രണ്ടായിട്ടും ഈ കേസ് സി ബി ഐ ഏറ്റെടുത്തിട്ടില്ല. സംസ്ഥാനത്തെ അന്വേഷണസംഘം തങ്ങളുടെ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ഫലത്തില്‍ ഇക്കാര്യത്തില്‍ ഒരു അന്വേഷണവും നടക്കാത്ത അവസ്ഥയാണുള്ളത്.

6

ഉമ്മന്‍ചാണ്ടിക്കായി തന്റെ ഒദ്യോഗിക ലറ്റര്‍ പാഡില്‍ ജഡ്ജിക്കെതിരെ പരാതി അയച്ച പി സി ജോര്‍ജ് അപകടത്തില്‍പ്പെടുന്നതാണ് പിന്നീട് കേരളം കണ്ടകാഴ്ച. കൂട്ടത്തില്‍ ബാലകൃഷ്ണപിള്ളയുടെ പുത്രനായ മന്ത്രി കെ ബി ഗണേഷ്‌കുമാറും ഉണ്ടായിരുന്നു. അസഭ്യ പ്രസംഗത്തിലൂടെ കേരള ജനതയെത്തന്നെ ഞെട്ടിക്കുകയായിരുന്നു ഇരുവരും. പ്രതിപക്ഷനേതാവിനെ കാമഭ്രാന്തനെന്നും ഞെരമ്പുരോഗിെയന്നും ചിത്രീകരിക്കുകയായിരുന്നു മന്ത്രി ഗണേഷ്‌കുമാര്‍. എ കെ ബാലനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച പി സി ജോര്‍ജ് ആകട്ടെ നിയമസഭയിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പരുക്കേറ്റ രജനിയെന്ന വാച്ച് ആന്‍ഡ് വാര്‍ഡിനെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. രാഷ്ട്രീയത്തിലെന്നപോലെ എല്ലാ മേഖലയിലും സംഭവബഹലമായ ഒരു വര്‍ഷമാണ് മലയാളികള്‍ പിന്നിടുന്നത്. വികസനത്തിലുള്‍പ്പെടെ നാനാതുറകളിലും കേരളം അതിവേഗം ബഹുദൂരം പിന്നിലായ വര്‍ഷം. ഓര്‍ത്തിരിക്കാന്‍ കഷ്ടപ്പാടുകളുടെയും ബുദ്ധിമുട്ടുകളുടേയും ഒരു വര്‍ഷമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയത്.

7

പോകുന്ന വര്‍ഷം പുലര്‍ന്നതു തന്നെ ദുരന്ത വാര്‍ത്തയുമായാണ്. ജനുവരി 14 ന് പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ശബരിമലയില്‍ മകര വിളക്ക് ദര്‍ശിക്കാനെത്തിയ 102 അയ്യപ്പ ഭക്തന്‍മാര്‍ പുല്ലുമേട്ടില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞു. മരിച്ചവരില്‍ ഏറെയും അന്യ സംസ്ഥാനങ്ങളിലുള്ള അയ്യപ്പ ഭക്തമന്‍മാരാണ്. ഇതുവഴിയുള്ള തീര്‍ഥാടനത്തിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതും അപകടം നടന്ന സ്ഥലത്ത് ആവശ്യമായ വെളിച്ചം പോലും ഇല്ലാത്തതും ദുരന്തത്തിന്റെ ആക്കം വര്‍ധിപ്പിച്ചു. ഭക്തരുടെ ഇടയിലേക്ക് ഒരു ജീപ്പ് നിയന്ത്രണം വിട്ട് കയറിയതാണ് അപകടത്തിന് കാരണമായത്. പരിഭ്രാന്തരായ ഭക്തര്‍ ഓടിയതിനെതുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതല്‍ പേരും മരണമടഞ്ഞത്. മരണ കാരണമന്വേഷിക്കാന്‍ ജസ്റ്റിസ് ഹരിഹരന്‍ നായര്‍ ചെയര്‍മാനായി ജുഡീഷ്യല്‍ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ സെപ്തംബര്‍ 19 ന് സര്‍ക്കാരിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്‍മേല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി പുല്ലുമേട് വഴിയുള്ള തീര്‍ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

8

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന് അമൂല്യ നിധിശേഖരം കണ്ടെത്തിയത് ലോകശ്രദ്ധ നേടി. സുപ്രിംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജൂണ്‍ 27നാണ് നിലവറകള്‍ തുറന്ന് പരിശോധിക്കാന്‍ തുടങ്ങിയത്. ക്ഷേത്രത്തിലെ ഭൂഗര്‍ഭ അറകളില്‍ ആമൂല്യങ്ങളായ നിധിശേഖരം ഉണ്ടെന്ന കേട്ട് കേള്‍വി യാഥാര്‍ഥ്യമാകുന്നതാണ് പിന്നീട് കണ്ടത്. ഓരോ നിലവറകള്‍ തുറന്നപ്പോഴും കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും കിരീടവും ലഭിച്ചുവെന്ന വാര്‍ത്തകള്‍ ലോകമാകമാനമുള്ള മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. നിധിശേഖരത്തിന്റെ വാര്‍ത്തകള്‍ കടല്‍ കടന്നതോടെ ക്ഷേത്രത്തിലേക്കുള്ള ഭക്തജനത്തിരക്കും വര്‍ധിച്ചു.

അമൂല്യശേഖരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ക്ഷേത്രത്തില്‍ തന്നെ സംരക്ഷിക്കപ്പെടണമെന്നുമുള്ള അഭിപ്രായങ്ങള്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്നു. ബി നിലവറ തുറക്കണമോ വേണ്ടയോ എന്ന കാര്യത്തിലും ഇത് ആവര്‍ത്തിച്ചു. ഒടുവില്‍ ബി നിലവറ തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് സുപ്രിംകോടതിയും അഭിപ്രായപ്പെട്ടു. കോടികള്‍ വിലമതിക്കുന്ന നിധിശേഖരം കണ്ടെത്തിയതോടെ ക്ഷേത്രത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നു. സുപ്രിംകോടതി പോലും ക്ഷേത്രത്തിന്റെ സുരക്ഷയില്‍ അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെ കോട്ടയ്ക്കകം പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ചു. സുരക്ഷയ്ക്കായി കമാന്‍ഡോകളെ നിയോഗിച്ചു. ക്ഷേത്രവും പരിസരവും നിരീക്ഷിക്കാന്‍ അത്യാധുനിക കാമറകള്‍ സ്ഥാപിച്ചു. കണ്ടെത്തിയ നിധിശേഖരത്തിന്റെ മൂല്യം അളക്കുന്ന നടപടികള്‍ ആരംഭിക്കാനിരിക്കെ സുപ്രിംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാന്‍ സി വി ആനന്ദബോസിനെ നീക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയും വിവാദമായിരുന്നു.

9

വിവാഹസ്വപ്നവുമായി വീട്ടിലേക്ക് യാത്ര ചെയ്യവെ അരുംകൊല ചെയ്യപ്പെട്ട സൗമ്യയുടെ നിഷ്‌കളങ്കമായ മുഖം ഓരോ മലയാളിയുടെയും വേദനയായി മാറി. ഫെബ്രുവരി ഒന്നിന് എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്ര ചെയ്യവേ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് ഗോവിന്ദച്ചാമി എന്ന നരാധമനാല്‍ സൗമ്യ പിച്ചിച്ചീന്തപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചു. കേരള ജനത ഒന്നാകെ സൗമ്യയ്ക്ക് നീതി ലഭിക്കുന്നതിനായി അലമുറയിട്ടു. തമിഴ്‌നാട് വിരുദാചലം സ്വദേശി ഗോവിന്ദച്ചാമിക്ക് തൃശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബു വധശിക്ഷ വിധിക്കുമ്പോള്‍ കേരളം ആ വിധി നെഞ്ചിലേറ്റി.

പ്രതിയുടെ ക്രൂരത കണക്കിലെടുത്ത് വക്കാലത്ത് ഏറ്റെടുക്കാന്‍ കേരളത്തിലെ ബാര്‍ അസോസിയേഷനുകള്‍ മടിച്ചുനില്‍ക്കെ മുംബൈയില്‍നിന്ന് ബി എ ആളൂരാന്‍ എത്തി കേസ് വാദിച്ചത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. കേസില്‍ പ്രതിഫലംപോലും വാങ്ങാതെ സൗമ്യക്ക് നീതി ലഭിക്കുന്നതിനായി പോരാടിയ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന് വിധി അറിഞ്ഞശേഷം വന്‍ സ്വീകരണമാണ് ലഭിച്ചത്. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട് കോടതിയില്‍ വിവാദ പ്രസ്താവന നടത്തിയ ഡോ. ഉന്മേഷിനെതിരെ ജനരോഷമുയര്‍ന്നു. സര്‍ക്കാര്‍ ഉന്മേഷിനെ സസ്‌പെന്‍ഡ് ചെയ്തു.

10

പാതയോര പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച മുന്‍ എം എല്‍ എ എം വി ജയരാജനെ കോടതിയലക്ഷ്യകേസില്‍ ജയിലിലടച്ച സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഹൈക്കോടതിയിലെ ന്യായാധിപന്മാരെ 'ശുംഭന്മാര്‍' എന്നു വിളിച്ചതാണ് കോടതി അലക്ഷ്യക്കേസായി പരിഗണിച്ചത്. നംവബര്‍ എട്ടിന് ഹൈക്കോടതി ജയരാജന് ആറുമാസത്തെ തടവും 2000 രൂപ പിഴയും വിധിക്കുകയായിരുന്നു. അന്ന് തന്നെ അദ്ദേഹത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഒന്‍പത് ദിവസത്തെ ജയില്‍ ജീവിതത്തിന് ശേഷം ജയരാജന്‍ മോചിതനായി. പുറത്തിറങ്ങിയ ജയരാജന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. ജയരാജനെ ശിക്ഷിച്ച വിധി മരവിപ്പിക്കാത്ത ഹൈക്കോടതിയുടെ നടപടി അമ്പരിപ്പിക്കുന്നതാണെന്ന് സുപ്രിംകോടതി ജസ്റ്റിസിന് പോലും പറയേണ്ടിവന്നു.

11

2011 ല്‍ കേരളം ചര്‍ച്ച ചെയ്ത സുപ്രധാന വിഷയങ്ങളില്‍ ഒന്ന് മാലിന്യസംസ്‌കരണ പ്രശ്‌നമായിരുന്നു. പ്രധാനമായും കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന മാലിന്യങ്ങളുടെ സംസ്‌കരണം. കോഴിക്കോട് ഞെളിയം പറമ്പില്‍ നിന്നാരംഭിച്ച മാലിന്യപ്രശ്‌നം തൃശൂരിലേക്കും കൊച്ചിയിലേക്കും കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും വ്യാപിച്ചു. നഗരങ്ങളിലെ മാലിന്യങ്ങള്‍ ഗ്രാമത്തില്‍ കൊണ്ടുവന്ന് തള്ളുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ മാലിന്യസംസ്‌കരണം വഴിമുട്ടി. കൊച്ചിയില്‍ കോടികണക്കിന് രൂപ വിനിയോഗിച്ച് ബ്രഹ്മപുരത്ത് മാലിന്യപ്‌ളാന്റ് നിര്‍മിച്ചെങ്കിലും ഫലപ്രദമായി മാലിന്യസംസ്‌കരണം നടക്കാത്തില്‍ പ്രതിഷേധിച്ച് ശക്തമായ സമരങ്ങളായിരുന്നു. തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ വിളപ്പില്‍ ഗ്രാമപഞ്ചായത്തും ജനങ്ങളും എത്തിയതോടെ തലസ്ഥാനനഗരിയും ചീഞ്ഞുനാറിത്തുടങ്ങി. വിളപ്പില്‍ശാലയിലെ ചവര്‍ശാല പഞ്ചായത്ത് അധികൃതര്‍ പൂട്ടിയതോടെ നഗരത്തിലെ മാലിന്യനീക്കം നിലച്ചു. മാലിന്യ സംസ്‌കരണത്തിനായി ഫലപ്രദമായ മോഡല്‍ ഇല്ലെന്നതാണ് സംസ്ഥാനം നേരിടുന്ന വലിയ പ്രശ്‌നം. വരും കാലയളവില്‍ മാലിന്യപ്രശ്‌നമായിരിക്കും കേരളം നേരിടുന്ന വലിയ വെല്ലുവിളി.

12

കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ കേരളത്തില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ടതും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതും മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകളാണ്. കാലപ്പഴക്കം മൂലമുണ്ടായ മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയം സംസ്ഥാനത്തെ 45 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളിലുണ്ടായ തുടര്‍ച്ചയായ ഭൂചലങ്ങള്‍ മുല്ലപ്പെരിയാര്‍ ചര്‍ച്ചകള്‍ ഏറെ ചൂടുപിടിപ്പിച്ചു. ഡാമിന്റെ ജലനിരപ്പ് 126 അടിയായി കുറയ്ക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയേയും കേന്ദ്ര സര്‍ക്കാരിനേയും അറിയിച്ചു. എന്നാല്‍ കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍പം പരിഗണിക്കാന്‍ ഇരുവരും തയ്യാറായില്ല. ഡാം സുരക്ഷിതമാണെന്ന വാദവുമായി തമിഴ്‌നാട് മുന്നോട്ടുവന്നു. പ്രശ്‌നം ഇരുസംസ്ഥാനങ്ങളിലേയും ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. രണ്ട് വര്‍ഷം കൊണ്ട് പുതിയ ഡാം നിര്‍മ്മിക്കാമെന്ന നിര്‍ദ്ദേശവുമായി വര്‍ഷാന്ത്യത്തില്‍ റൂര്‍ക്കി ഐ ഐ ടിയിലെ വിദഗ്ധരെത്തി. റോളര്‍ കോംപാക്ടഡ് കോണ്‍ക്രീറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിച്ചാല്‍ ഒന്നുമുതല്‍ രണ്ടുവര്‍ഷംകൊണ്ടു പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വിദഗധരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇറ്റലിയിലാണ് ഈ സാങ്കേതികവിദ്യ ആദ്യം ഉപയോഗിച്ച് ഡാം നിര്‍മിച്ചത്. 216 മീറ്റര്‍ ഉയരമുള്ള ചൈനയിലെ ലോങ്ടാന്‍ ഡാമാണ് ലോകത്തെ ഏറ്റവും വലിയ റോളര്‍ കോണ്‍ക്രീറ്റ് ഡാം. പുതുവര്‍ഷത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം സംബന്ധിച്ച് കേരളീയര്‍ക്കും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമായ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

13

പോയ വര്‍ഷം വിവിധ പകര്‍ച്ചപ്പനികള്‍ കാരണം 320 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ചിക്കന്‍ഗുനിയ ,ഡെങ്കി, ടൈഫോയിഡ്, മലേറിയ, എച്ച് 1 എന്‍ 1 തുടങ്ങിയ പനികള്‍ ഗുരതരമായ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാലിന്യ നിര്‍മാര്‍ജന നിയമങ്ങള്‍ കര്‍ശനമാക്കാത്തതാണ് പകര്‍ച്ചവ്യാധികള്‍ക്കു കാരണം. ഉന്മൂലനാശം വരുത്തിയെന്ന് നാം അഭിമാനംകൊണ്ട പല അസുഖങ്ങളും കഴിഞ്ഞ വര്‍ഷം കേരളത്തില്‍ തലപൊക്കി. മലേറിയ, ഡൈഫോയിഡ്, പോളിയോ, ബ്ലൂബേബി തുടങ്ങിയ രോഗങ്ങള്‍ വീണ്ടും സാന്നിദ്ധ്യം അറിയിച്ചു.

മനുഷ്യജന്യമായ മാലിന്യങ്ങള്‍ ഏറ്റുവാങ്ങുകയാണ് ഈ നാടിന്റെ മണ്ണും പ്രാണവായുവും ജലാശയങ്ങളും. ദ്രവിച്ചു ദ്വാരം വീണ ജല വിതരണ പൈപ്പുകളിലൂടെ, നദികളിലും കിണറുകളിലും ഭൂഗര്‍ഭ ജല സ്രോതസുകളും വഴി നമ്മുടെ കുടിവെള്ളത്തിലും കഞ്ഞിക്കലത്തിലുമെല്ലാം തിരികെയെത്തുന്നുണ്ട് നാം നിക്ഷേപിക്കുന്ന ഓരോ മാലിന്യ കണികയും. മാലിന്യ നിര്‍മാര്‍ജനത്തിനു സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് പറയുന്ന അടിയന്തര നടപടികള്‍ അതീവ കര്‍ശനമായി നടപ്പിലാവട്ടെ പുതുവര്‍ഷത്തില്‍.

*
ജനയുഗം 31 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരു തിരഞ്ഞെടുപ്പിന്റെ കേളികൊട്ടിന് കാതോര്‍ത്താണ് സംസ്ഥാനം 2011 ലേക്ക് കടന്നത്. സംസ്ഥാനത്ത് ഒരു അധികാരമാറ്റമുണ്ടാകുമോയെന്നത് നാടെങ്ങും ചര്‍ച്ചാ വിഷയമായ കാലമായിരുന്നു അത്. അത്തരമൊരു അവസ്ഥയില്‍തന്നെയാണ് 2011 വിട പറയുന്നതും. മറ്റൊരു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി കേരളം കാതോര്‍ക്കുന്ന രാഷ്ട്രീയ അനശ്ചിതത്വമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. അത്തരം ഒരു തിരഞ്ഞെടുപ്പ് ഒരുപക്ഷേ കേരളരാഷ്ട്രീയത്തിലും ഭരണസംവിധാനത്തിലും സുപ്രധാന മാറ്റങ്ങള്‍ക്ക് വഴിവച്ചേക്കും.