Friday, December 9, 2011

ലോകം തിരിയുന്നു മാര്‍ക്സിലേക്ക്

മാര്‍ക്സിസത്തിന്റെ ശാസ്ത്രീയതയും പ്രായോഗികതയും ആവര്‍ത്തിച്ച് സ്ഥിരീകരിക്കപ്പെടുന്ന ഒരു സാര്‍വദേശീയ ചരിത്രഘട്ടത്തിലാണ് സിപിഐ എമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് നടക്കുന്നത് എന്നത് ചരിത്രത്തിന്റെ കേവലമായ ഒരു യാദൃച്ഛികതയല്ല; മറിച്ച് ചരിത്രത്തിന്റെ അനിവാര്യമായ ഒരു ഗതിക്രമമാണ്. "സോഷ്യലിസം മരിച്ചു; ഇനി മുതലാളിത്തം; മുതലാളിത്തംമാത്രം" എന്ന സോവിയറ്റ് തകര്‍ച്ചാഘട്ടത്തിലെ മുദ്രാവാക്യം ആവര്‍ത്തിക്കാന്‍ ഇന്ന് അമേരിക്കയ്ക്കുപോലും ധൈര്യംവരില്ല. ആ വിധത്തില്‍ മുതലാളിത്ത ലോകത്തുതന്നെ വമ്പിച്ച തോതില്‍ മുതലാളിത്തവിരുദ്ധ പ്രക്ഷോഭം ഇരമ്പിക്കയറുന്നു. മറുവശത്ത് ഇടതുപക്ഷത്തേക്കും ഇടതുചായ്വുള്ള കേന്ദ്രപക്ഷത്തേക്കും ലോകത്തിന്റെ പല ഭാഗങ്ങളിലെയും രാജ്യങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.

കമ്യൂണിസ്റ്റ്പാര്‍ടികള്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടികളാവണമെന്ന് വാദിച്ചവര്‍വരെ സാര്‍വദേശീയ തലത്തിലുണ്ടാവുന്ന ഈ വമ്പിച്ച മാറ്റത്തില്‍ അമ്പരന്നുനില്‍ക്കുന്നു. മുതലാളിത്തലോകത്തെ ഗ്രസിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്സിന്റെ "ദാസ് ക്യാപ്പിറ്റല്‍" യൂറോപ്പിലെ "ബെസ്റ്റ് സെല്ലറായി" മാറിയിരിക്കുന്നു. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ (ബിബിസി) നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ കാള്‍ മാര്‍ക്സ്, രണ്ടാം സഹസ്രാബ്ദഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന ചിന്തകനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മനാടായ ജര്‍മനിയില്‍ നിയോലിബറലിസത്തിന്റെ പ്രതിസന്ധി തരണംചെയ്യാനുള്ള വഴികള്‍ തേടി സാമ്പത്തിക വിദഗ്ധര്‍ "മൂലധന"ത്തിന്റെ താളുകള്‍ പരതുന്നു. മാര്‍ക്സിന്റെ ജന്മസ്ഥലമായ ട്രിയര്‍ പതിനായിരങ്ങള്‍ക്ക് തീര്‍ഥാടനസമാനമായ സന്ദര്‍ശനത്തിന്റെ കേന്ദ്രമാവുന്നു. വിഖ്യാതചലച്ചിത്ര സംവിധായകനായ അലക്സാണ്ടര്‍ ക്ലഗ് മാര്‍ക്സിനെക്കുറിച്ച് സിനിമയെടുക്കുന്നു. ഫ്രഞ്ച് പ്രസിഡന്റായ നിക്കോളസ് സര്‍കോസി മാര്‍ക്സിസം പഠിക്കുന്നു. ജര്‍മന്‍ ധനകാര്യമന്ത്രി സ്റ്റെയിന്‍ ബ്രക് "ദാസ് ക്യാപിറ്റലി"നെക്കുറിച്ച് വാഴ്ത്തിപ്പറയുന്നു. കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്, മാര്‍ക്സ് പറഞ്ഞ വഴിക്കാണ് ചരിത്രം നീങ്ങുന്നതെന്ന് കണ്ടെത്തുന്നു. ഫ്രീമാര്‍ക്കറ്റിന്റെ വക്താക്കളായ "ദ ടൈംസും" "ഡെയ്ലി ടെലിഗ്രാഫും" വായനക്കാരുടെ ആവശ്യം മുന്‍നിര്‍ത്തി മാര്‍ക്സിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി മാര്‍ക്സിന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നു. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി നവമാര്‍ക്സിസ്റ്റ് പഠനപരമ്പരകളിറക്കുന്നു. മരിച്ചോ മാര്‍ക്സിസം? ലോകം മാര്‍ക്സിനെ വീണ്ടും കണ്ടെത്തുകയാണെന്നതാണ് സത്യം. അമ്പരപ്പിക്കുന്ന ഈ മാറ്റം ആശയരംഗത്ത് മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. ചൈനയും വിയത്നാമും ജനാധിപത്യകൊറിയയും ക്യൂബയുമൊക്കെ അമേരിക്കന്‍ സാമ്രാജ്യത്വത്തെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ട് അചഞ്ചലമായി നിലനില്‍ക്കെത്തന്നെ ലാറ്റിനമേരിക്കയില്‍ കൂടുതല്‍ രാഷ്ട്രങ്ങള്‍ ഇടതുപക്ഷത്തേക്കുവരുന്നു. മുമ്പേ ഇടതുപക്ഷത്തുനിന്നിരുന്നവ കൂടുതല്‍ ഉറച്ചുനില്‍ക്കുന്നു. രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യപതിറ്റാണ്ട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തുടരെയുണ്ടായ ചുവപ്പന്‍ ജയങ്ങള്‍കൊണ്ട് ശ്രദ്ധേയമായി. 1998ല്‍ വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസ് തുടങ്ങിവച്ചത് ഒരു തരംഗമായി. തൊട്ടുപിന്നാലെ ബ്രസീലില്‍ ലുലഡിസില്‍വ വിജയമാവര്‍ത്തിച്ചു. 2003ല്‍ അര്‍ജന്റീനയില്‍ കിര്‍ച്നറുടെ വിജയം. 2006ല്‍ ഉറുഗ്വേയില്‍ തബാരെ വാക്വേസിന്റെ വിജയം. 2005ല്‍ ബൊളീവിയയില്‍ ഇവാ മോറേസിന്റെ വിജയം. 2006ല്‍ ഇക്വഡോറില്‍ റാഫേല്‍ കൊറിയയുടെ വിജയം. അതേവര്‍ഷം നിക്കരാഗ്വയില്‍ ഡാനിയല്‍ ഓര്‍ട്ടേഗയുടെ ജയം. 2007ല്‍ പരാഗ്വേയില്‍ ഫെര്‍ണാണ്ടോ ലൂഗോയുടെ വിജയം.

2008ല്‍ എല്‍സാല്‍വദോറില്‍ മൗറികോ ഫ്യൂണ്‍സിന്റെ ജയം. പിന്നീട് പെറുവിലെ വിജയം. ലാറ്റിനമേരിക്കയുടെ മുഖച്ഛായതന്നെ മാറ്റിക്കൊണ്ട് അവിടെ ഒരു ഡസനോളം രാജ്യങ്ങള്‍ ചുവന്നുതുടുത്തുനില്‍ക്കുന്നു. മെക്സിക്കോയിലും കൊളംബിയയിലും ഹോണ്ടുറാസിലും അമേരിക്ക ഉപജാപങ്ങളിലൂടെ സ്ഥാപിച്ച പാവഭരണങ്ങള്‍ക്കെതിരായ ജനമുന്നേറ്റംകൊണ്ടുകൂടി ശ്രദ്ധേയമായി ഈ ഘട്ടം. ലോകത്തെമ്പാടും പ്രകടമാണ് മാറ്റം. 1958ല്‍ അഞ്ചാം റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം ഇതാദ്യമായി ഇടതുപക്ഷരാഷ്ട്രീയം ഫ്രാന്‍സിലെ സെനറ്റില്‍ ഭൂരിപക്ഷം നേടി. കമ്യൂണിസ്റ്റ്പാര്‍ടി, സോഷ്യലിസ്റ്റ്പാര്‍ടി, ലഫ്റ്റ് റാഡിക്കല്‍സ്, ഗ്രീന്‍സ് എന്നിവര്‍ വിശാലമുന്നണിയായി നിന്ന് ഉപരിസഭയിലെ 348ല്‍ 175 സീറ്റുകളാണ് പിടിച്ചെടുത്തത്. പരമ്പരാഗത വലതുപക്ഷ കോട്ടകളില്‍ വ്യാപകമായ ഇടിച്ചിലുണ്ടാക്കിക്കൊണ്ടാണ് ഇടതുപക്ഷം ഈ ജയം രണ്ടുമാസങ്ങള്‍ക്കുമുമ്പ് നേടിയത്. നാഷണല്‍ അസംബ്ലിയാണ് ഫ്രാന്‍സിന്റെ അധോസഭ. അതില്‍ മാത്രമായി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസിയുടെ ഭൂരിപക്ഷം. അടുത്തവര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇടതുപക്ഷത്തിന് മുന്‍കൈയുണ്ടായാല്‍ അത്ഭുതപ്പെടാനില്ല എന്നതാണ് അവിടത്തെ അവസ്ഥ. സോവിയറ്റ് യൂണിയന്റെ ഘടകറിപ്പബ്ലിക് ആയിരുന്ന റഷ്യയിലുണ്ടായ മാറ്റം കഴിഞ്ഞയാഴ്ച ലോകം ശ്രദ്ധിച്ചു. പ്രധാനമന്ത്രി വ്ളാഡിമിര്‍ പുടിന്റെ "യുണൈറ്റഡ് റഷ്യ"യ്ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ "ഡ്യൂമ"യില്‍ കമ്യൂണിസ്റ്റ്പാര്‍ടി വമ്പിച്ച മുന്നേറ്റം നടത്തി. നാലുവര്‍ഷം മുമ്പ് 64 ശതമാനം വോട്ടുണ്ടായിരുന്ന യുണൈറ്റഡ് റഷ്യയ്ക്ക് ഇക്കുറി 49.54 ശതമാനത്തിലേക്ക് താഴേണ്ടിവന്നു. 315 സീറ്റുണ്ടായിരുന്നത് 238 ആയി താണു. ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ വേണ്ട ഭൂരിപക്ഷമില്ലാത്ത നിലയിലേക്ക് ഒതുങ്ങി. ഇതേസമയം, കമ്യൂണിസ്റ്റ്പാര്‍ടി 12 ശതമാനത്തില്‍നിന്ന് 19 ശതമാനത്തിലേക്ക് വോട്ട് ഉയര്‍ത്തി. പ്രാദേശിക നിയമസഭകളിലും ഭരണകക്ഷിക്ക് ആഘാതമേല്‍പ്പിച്ചുകൊണ്ട് കമ്യൂണിസ്റ്റ്പാര്‍ടി മുന്നേറ്റം നടത്തി. ഭരണകക്ഷി വ്യാപകമായി കൃത്രിമം നടത്തിയതിനുശേഷമാണ് മുഖം രക്ഷിക്കുന്ന കേവലവിജയം നേടിയത് എന്നതും ഓര്‍ക്കണം.

അവഗണിക്കാനാകാത്ത ശക്തിയായി കമ്യൂണിസ്റ്റ്പാര്‍ടി ഉയര്‍ന്നുവരുന്നതിന്റെ ചിത്രമാണ് ഇറ്റലിയില്‍ തെളിയുന്നത്. പശ്ചിമയൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഏറ്റവും പ്രബലമായ കമ്യൂണിസ്റ്റ്പാര്‍ടി ഉണ്ടായിരുന്ന രാജ്യമാണ് ഇറ്റലി. മുസോളിനിയുടെ ഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ പൊരുതി രക്തസാക്ഷിത്വം വരിച്ച ധീരന്മാരുടെ പാരമ്പര്യമുള്ള അവിടത്തെ "പാര്‍ടി ഓഫ് ഇറ്റാലിയന്‍ കമ്യൂണിസ്റ്റ്സി"ല്‍ അംഗസംഖ്യ തീവ്രവേഗത്തില്‍ വര്‍ധിക്കുന്നു. കത്തോലിക്കാസഭ അടക്കമുള്ള എല്ലാ ശക്തികളും സംയുക്തമായി എതിര്‍ത്തിട്ടും എഴുപതുകളില്‍ മുപ്പത്തഞ്ചുശതമാനം വോട്ടുനേടിയ ആ പാര്‍ടി 91ല്‍ ഒരു പ്രതിസന്ധി നേരിട്ടിരുന്നു. 98ല്‍ ഒരു വിഭാഗം സോഷ്യലിസ്റ്റ്പാര്‍ടിയായി ഭിന്നിച്ചുമാറി. ആ ക്ഷീണത്തെ അതിജീവിച്ച് കമ്യൂണിസ്റ്റ്പാര്‍ടി അവിടെ വന്‍മുന്നേറ്റം നടത്തുകയാണിന്ന്. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവേളയില്‍ ഇറ്റാലിയന്‍ കമ്യൂണിസ്റ്റ്പാര്‍ടി മുന്‍കൈയെടുത്ത് രൂപീകരിച്ച സഖ്യം സാന്നിധ്യം തെളിയിച്ചു. അത് നിര്‍ണായകശക്തിയായി വളരുകയാണിന്ന്.

ഇതിനെല്ലാമിടയിലാണ് ഇംഗ്ലണ്ടിന്റെ മൂക്കിനുതാഴെ ഇടതുപക്ഷം വിജയം നേടിയത്. ഇടതുപക്ഷക്കാരനായ മിഖായേല്‍ ഡി ഹിഗിന്‍സ് അയര്‍ലണ്ടിലെ ഒമ്പതാമത് പ്രസിഡന്റായി. അയര്‍ലന്‍ഡിലെ മധ്യ ഇടതുപക്ഷപാര്‍ടിയാണ് ലേബര്‍പാര്‍ടി. അതിന്റെ നേതാവാണ് പ്രസിഡന്റായത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ക്രൊയേഷ്യ, സ്ലൊവേനിയ എന്നിവിടങ്ങളില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷത്തെ പരാജയപ്പെടുത്തി ഇടതുപക്ഷ-മധ്യ ഇടതുപക്ഷങ്ങള്‍ അധികാരത്തില്‍ വന്നതും അടുത്തിടെയാണ്. ക്രൊയേഷ്യയില്‍ 151 അംഗ പാര്‍ലമെന്റില്‍ ഇടതുപക്ഷസഖ്യത്തിന് 77 സീറ്റുകള്‍ ലഭിച്ചു. സെറോന്‍ മിലാനോവിച്ച് അവിടെ പ്രധാനമന്ത്രിയായി. യാഥാസ്ഥിതിക വലതുപക്ഷ ഭരണകക്ഷിയായ ക്രൊയേഷ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ 47 സീറ്റില്‍ ഒതുങ്ങി. സ്ലൊവേനിയയിലാകട്ടെ, മധ്യവലതുപക്ഷ സ്ലൊവേനിയന്‍ ഡെമോക്രാറ്റിക് പാര്‍ടിയെ പിന്നിലാക്കിക്കൊണ്ടാണ് "പോസിറ്റീവ് സ്ലോവേനിയ" എന്ന മധ്യ ഇടതുപക്ഷപാര്‍ടി വിജയിച്ചത്. 2008ല്‍ 30 ശതമാനം വോട്ടോടെ അധികാരം പിടിച്ചവരാണ് 26.22 ശതമാനത്തിലേക്ക് താണത്. പോസിറ്റീവ് സ്ലോവേനിയ 28.62 ശതമാനം നേടിയാണ് അധികാരത്തിലെത്തിയത്.

സാമ്പത്തിക നടപടികളിലൂടെ ലോകത്തെയാകെ തങ്ങളുടെ ആധിപത്യത്തിന് കീഴിലാക്കാമെന്ന അമേരിക്കയുടെ ഹുങ്കിനും ഇതിനിടെ ആഘാതമേറ്റു. ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണ്യനിധിയുടെയും ലോകവ്യാപാരസംഘടനയുടെയും തണലില്ലാതെ അന്താരാഷ്ട്ര സാമ്പത്തികസഹകരണം സാധ്യമാക്കാം എന്ന് "ബൊളിവേറിയന്‍ ആള്‍ട്ടര്‍നേറ്റീവ്സ് ഫോര്‍ ദ പീപ്പിള്‍" എന്ന ബദല്‍ സംവിധാനം തെളിയിച്ചു. ആഗോളവല്‍ക്കരണത്തിന്റെ സാമ്പത്തിക മാതൃകകള്‍ക്കുള്ള ബദല്‍ വികസ്വരരാഷ്ട്രങ്ങളുടെ പരസ്പര സഹകരണത്തിലൂടെ സാധ്യമാക്കുന്ന ഒന്നാണ് "അല്‍ബ" എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സംവിധാനം. ലോകബാങ്കിനെ ആശ്രയിക്കാതെ വായ്പകള്‍ ലഭ്യമാക്കുന്ന സംവിധാനമുള്ള "സൗത്ത് ബാങ്ക്" ലാറ്റിനമേരിക്കന്‍ മുന്‍കൈയോടെ സ്ഥാപിതമായി. അമേരിക്കന്‍ സാമ്രാജ്യത്വനയങ്ങളെ നേരിടാനുള്ള രാഷ്ട്രീയ പ്ലാറ്റ്ഫോമായി യൂണിയന്‍ ഓഫ് സൗത്ത് അമേരിക്കന്‍ നേഷന്‍സ് ഉയര്‍ന്നുവരുന്നു.
ഒരുവശത്ത് ഇതൊക്കെ നടക്കുമ്പോള്‍ മറുവശത്ത്, മുതലാളിത്തത്തിനെതിരായ ജനകീയപ്രക്ഷോഭം മുതലാളിത്ത രാജ്യങ്ങളില്‍തന്നെ കത്തിപ്പടരുന്നു. 99 ശതമാനത്തിന്റെ ജീവനോപാധികള്‍ കവര്‍ന്നെടുത്ത് ഒരു ശതമാനത്തെ കൊഴുപ്പിക്കുന്നതിനെതിരെയുള്ള മുദ്രാവാക്യവുമായി തുടങ്ങിയ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍നിന്ന് ലോസ്ആഞ്ചലസിലേക്കും സാന്‍ഫ്രാന്‍സിസ്കോയിലേക്കും ചിക്കാഗോയിലേക്കും ബോസ്റ്റണിലേക്കും എന്നുവേണ്ട, എല്ലാ യുഎസ് നഗരങ്ങളിലേക്കും പടര്‍ന്നുപിടിക്കുന്നത് ലോകംകണ്ടു. അവിടെനിന്ന് ബ്രിട്ടന്‍ , ഫ്രാന്‍സ്, സ്പെയിന്‍ , ജര്‍മനി, ഇറ്റലി, ഗ്രീസ്, പോര്‍ച്ചുഗല്‍ എന്നിങ്ങനെ 80ല്‍പരം രാജ്യങ്ങളിലേക്കാണ് അത് പടര്‍ന്നുപിടിച്ചത്. മുതലാളിത്തത്തിനെതിരായ ഈ ജനവേലിയേറ്റം പലയിടത്തും ഉയര്‍ത്തിയത് മാര്‍ക്സിസത്തിലേക്ക് തിരിയുക എന്ന പ്ലക്കാര്‍ഡാണ്. പൊതുമേഖലയെ നഖശിഖാന്തം എതിര്‍ത്തുപോരുന്ന അമേരിക്ക തന്നെയും സാമ്പത്തിക മാന്ദ്യം രൂക്ഷമായ ഘട്ടത്തില്‍ ഫെഡറല്‍ റിസര്‍വില്‍ നിന്നുള്ള ധനം പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ കരകയറ്റാന്‍ വഴിതിരിച്ചുവിടുന്ന വൈരുധ്യവും ഇതിനിടെ പ്രകടമായി.

ഗ്രീസ്, യൂറോപ്യന്‍ യൂണിയന്‍ വിട്ടു പുറത്തുവരണം എന്ന മുദ്രാവാക്യവുമായി തൊഴിലില്ലായ്മയ്ക്കും പട്ടിണിക്കുമെതിരെ ഗ്രീസിലുയര്‍ന്ന 48 മണിക്കൂര്‍ പണിമുടക്കും ജനലക്ഷങ്ങളുടെ റാലിയും പാപെന്‍ദ്ര്യൂ സര്‍ക്കാരിനെ കിടിലംകൊള്ളിക്കുന്നത് ലോകം കണ്ടു. ഗ്രീസിലേതുപോലെ ഇറ്റലിയിലും ജനകീയപ്രക്ഷോഭങ്ങള്‍ മുതലാളിത്ത നയത്തിനെതിരായ മുന്നേറ്റങ്ങളായി. ഒക്ടോബര്‍ 15ന് റോമില്‍ നടന്ന പടുകൂറ്റന്‍ റാലിയുടെ രാഷ്ട്രീയ ഉള്ളടക്കം മുതലാളിത്തത്തെ നിരാകരിക്കുക എന്നതായിരുന്നു.

ഇങ്ങനെ മുതലാളിത്ത ലോകമാകെ സാമ്പത്തികത്തകര്‍ച്ചയിലും ജനകീയപ്രക്ഷോഭത്തിലുംപെട്ട് ഉലയുകയും പല രാജ്യങ്ങളും ഇടതുപക്ഷരാഷ്ട്രീയത്തെ പ്രശ്നപരിഹാരത്തിന്റെ പാതയായി കണ്ടെത്തുകയും ചെയ്യുന്ന സാര്‍വദേശീയാന്തരീക്ഷമാണ് 91ലെ സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷമുള്ള രണ്ടുപതിറ്റാണ്ടുകള്‍ക്കിപ്പുറത്ത് തെളിയുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മാര്‍ക്സിസം-ലെനിനിസത്തിന്റെ തകര്‍ച്ചയായിരുന്നില്ല എന്ന പാഠം ലോകം വായിച്ചെടുക്കുകയാണിന്ന്. സോഷ്യലിസ്റ്റ് വ്യവസ്ഥകള്‍ക്കേറ്റ പിന്നോട്ടടി മാര്‍ക്സിസം-ലെനിനിസത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നുവെന്ന വാദം നിരാകരിച്ചുകൊണ്ട് സിപിഐ എം അതിന്റെ 14-ാം പാര്‍ടി കോണ്‍ഗ്രസിന്റെ പ്രമേയത്തില്‍ വ്യക്തമാക്കിയ കാര്യം - സോഷ്യലിസത്തിന്റെ പരാജയമല്ല, മറിച്ച് അത് നടപ്പാക്കിയ രീതിയിലെ തകരാറുകളാണ് പ്രശ്നത്തിന് കാരണം എന്ന കാര്യം- ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ ഘട്ടത്തില്‍ ശരി എന്ന് ലോകം തെളിയിക്കുകയാണ്. സോഷ്യലിസം തകര്‍ന്നു; ഇനി മുതലാളിത്തംമാത്രമാണ് ലോകത്തിന്റെ ആശ്രയം എന്ന മുദ്രാവാക്യം മുതലാളിത്തത്തിന്റെ തലസ്ഥാനമായ അമേരിക്കയില്‍പോലും ആര്‍ക്കും ഉയര്‍ത്താനാവാത്ത സ്ഥിതി വന്നിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് മാര്‍ക്സിസത്തിലേക്ക് ലോകമിന്ന് വീണ്ടും തിരിയുന്നത്. ശാസ്ത്രീയ സോഷ്യലിസത്തിന്റെ പാഠങ്ങളെ ഉറ്റുനോക്കുന്നത്. അതുകൊണ്ടുതന്നെയാണ് 21-ാം നൂറ്റാണ്ടില്‍ ഏറ്റവും പഠിക്കപ്പെടുക മാര്‍ക്സാവും എന്ന് "ന്യൂയോര്‍ക്കര്‍" മാസികയ്ക്ക് എഴുതേണ്ടിവരുന്നത്.

ഐന്‍സ്റ്റീനെയും ന്യൂട്ടനെയും ഡാര്‍വിനെയും പിന്നിലാക്കിക്കൊണ്ട് സഹസ്രാബ്ദഘട്ടത്തിലെ ഏറ്റവും വലിയ ചിന്തകനായി മാര്‍ക്സിനെ ബിബിസി തെരഞ്ഞെടുക്കുന്നത്. "എന്തുകൊണ്ട് മാര്‍ക്സ് ശരി" എന്ന ടെറി ഈഗിള്‍ടന്റെ പുസ്തകങ്ങളുടെ ആയിരക്കണക്കിന് പുതിയ പതിപ്പുകള്‍ ഇറങ്ങുന്നത്. മാര്‍ക്സിന്റെ ജീവിതകഥ നാഷണല്‍ ബുക്ക് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ സ്ഥാനമുറപ്പിക്കുന്നത്. മുതലാളിത്ത ലോകത്തുപോലും മാര്‍ക്സ് ആരാധ്യനായി ഉയര്‍ന്നുവരുന്ന ഘട്ടത്തിലാണ് ഇന്ത്യയില്‍ സിപിഐ എമ്മിന്റെ ഇരുപതാം പാര്‍ടികോണ്‍ഗ്രസ് എന്നത് ചരിത്രത്തിന്റെ ധന്യത!

*
പ്രഭാവര്‍മ ദേശാഭിമാനി 09 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മാര്‍ക്സിസത്തിന്റെ ശാസ്ത്രീയതയും പ്രായോഗികതയും ആവര്‍ത്തിച്ച് സ്ഥിരീകരിക്കപ്പെടുന്ന ഒരു സാര്‍വദേശീയ ചരിത്രഘട്ടത്തിലാണ് സിപിഐ എമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് നടക്കുന്നത് എന്നത് ചരിത്രത്തിന്റെ കേവലമായ ഒരു യാദൃച്ഛികതയല്ല; മറിച്ച് ചരിത്രത്തിന്റെ അനിവാര്യമായ ഒരു ഗതിക്രമമാണ്. "സോഷ്യലിസം മരിച്ചു; ഇനി മുതലാളിത്തം; മുതലാളിത്തംമാത്രം" എന്ന സോവിയറ്റ് തകര്‍ച്ചാഘട്ടത്തിലെ മുദ്രാവാക്യം ആവര്‍ത്തിക്കാന്‍ ഇന്ന് അമേരിക്കയ്ക്കുപോലും ധൈര്യംവരില്ല. ആ വിധത്തില്‍ മുതലാളിത്ത ലോകത്തുതന്നെ വമ്പിച്ച തോതില്‍ മുതലാളിത്തവിരുദ്ധ പ്രക്ഷോഭം ഇരമ്പിക്കയറുന്നു. മറുവശത്ത് ഇടതുപക്ഷത്തേക്കും ഇടതുചായ്വുള്ള കേന്ദ്രപക്ഷത്തേക്കും ലോകത്തിന്റെ പല ഭാഗങ്ങളിലെയും രാജ്യങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.