Saturday, December 31, 2011

ചെറുത്തുനില്‍പ്പുകളുടെ വര്‍ഷം

മാതൃരാജ്യത്തിന്റെ ഭാഗമാണെന്ന് പോലും ഓര്‍ക്കാനാകാതെ ഇന്ത്യയുടെ തന്നെയായ ഒരു ഭാഗം. ആ ഭാഗത്തെക്കുറിച്ച് മണിപ്പൂരിന്റെ ഉരുക്കുവനിതയെന്നറിയപ്പെടുന്ന ഇറോം ചാനു ഷര്‍മ്മിള എഴുതിയ വരികളാണിത്. ഇക്കഴിഞ്ഞ നവംബര്‍ 2ന് ഇറോമിന്റെ നിരാഹാര സമരം പതിനൊന്ന് വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് ആദ്യമായി അഫ്‌സ്പ എന്ന കാട്ടാള നിയമം പിന്‍വലിക്കുന്നതിന് അനുകൂലമായി ഏതാനും ശബ്ദങ്ങളെങ്കിലും ഉയര്‍ന്നു തുടങ്ങിയത്.

ഇറോമിന്റെ സമരം ഇപ്പോഴും തുടരുകയാണെങ്കിലും വടക്കു കിഴക്കന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ പ്രതീക്ഷയുടെ കനല്‍ ജ്വലിച്ചത് ഈ വര്‍ഷമാണ്. സായുധസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യവുമായി ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കഴിഞ്ഞ നവംബറില്‍ രംഗത്തെത്തിയതോടെയാണ് ഇത്. വടക്കു കിഴക്കന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇത് പ്രതീക്ഷ നല്‍കിയെങ്കിലും കോണ്‍ഗ്രസിന്റെ സ്ഥിരം രാഷ്ട്രീയ നാടകം കളികളില്‍ വര്‍ഷാവസാനമായപ്പോഴേക്കും ആ വിഷയം പതുക്കെ എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു. ഏത് വിഷയങ്ങളും ഇത്തരത്തില്‍ തന്നെയാണ് താല്‍ക്കാലിക വാര്‍ത്താ പ്രധാന്യങ്ങള്‍ ലഭിക്കുകയും പിന്നീട് മറ്റൊരു വിഷയം (അത് മുമ്പത്തേതിനേക്കാള്‍ പ്രാധാന്യം കുറഞ്ഞതാണെങ്കില്‍ കൂടി) ചര്‍ച്ചയ്‌ക്കെത്തുമ്പോള്‍ ഇല്ലാതായി പോകുകയും ചെയ്യുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടു വരുന്നത്.

അരുഷി വധത്തിന്റെ വിചാരണയായിരുന്നു ഈ വര്‍ഷത്തിന്റെ ആദ്യം ഇന്ത്യയിലെ സുപ്രധാന സംഭവങ്ങളിലൊന്ന്. ലോക്പാല്‍ ചര്‍ച്ചകള്‍ സജീവമായതും ഈ വര്‍ഷം തന്നെ. എന്നാല്‍ ഈ വര്‍ഷം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് 2ജി കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ രാജയുടെ അറസ്റ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന ഈ അഴിമതി ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിച്ചതും ഈ വര്‍ഷമാണ്.

ഈ വര്‍ഷം ടൈംമാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലിയ അധികാര ദുര്‍വിനിയോഗങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് 2 ജി കേസിന് നല്‍കിയത്. കുപ്രസിദ്ധമായ വാട്ടര്‍ഗേറ്റ് അഴിമതി മാത്രമാണ് ഇതിന് മുന്നിലുള്ളത്.

കേസില്‍ ആരോപണ വിധേയനായ രാജ 2010 നവംബറില്‍ രാജിവച്ചിരുന്നെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ഈ വര്‍ഷമാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേന്ദ്ര മന്ത്രി അധികാരം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ ജയിലിലടയ്ക്കപ്പെട്ടത്. ഫെബ്രുവരി 2നാണ് രാജ അറസ്റ്റ് ചെയ്യപ്പെട്ടതും തിഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടതും. ഇദ്ദേഹത്തോടൊപ്പം രണ്ട് സഹായികളും അറസ്റ്റിലായി. സി ബി ഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ മൂന്ന് കമ്പനികളുള്‍പ്പെടെ പതിനേഴ് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പതിനൊന്ന് പ്രതികള്‍ക്കും ജാമ്യം ലഭിച്ചെങ്കിലും രാജയും മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബഹുറയും ഇപ്പോഴും തിഹാര്‍ ജയിലില്‍ വിചാരണത്തടവുകാരാണ്. രാജയുടെ പ്രൈവറ്റ് സെക്രട്ടറിയായ ആര്‍ കെ ചന്ദോലിയയ്ക്ക് വര്‍ഷത്തിന്റെ അവസാനം ജാമ്യം ലഭിച്ചു. മറ്റൊരു മന്ത്രിയും ഡി എം കെ നേതാവുമായ ദയാനിധി മാരന്റെ രാജിക്കും ഈ കേസ് കാരണമായി. ഡി എം കെയുടെ രാജ്യസഭാംഗം കനിമൊഴിയായിരുന്നു കേസില്‍ അറസ്റ്റിലായ മറ്റൊരു രാഷ്ട്രീയ നേതാവ്.

രാജ്യത്തെ അഴിമതിക്കെതിരായ ജനങ്ങളുടെ വികാരം പ്രകടമായതും ഇതേവര്‍ഷം തന്നെയാണ്. അന്നാ ഹസാരെ ഏപ്രില്‍ അഞ്ചിന് ജന്തര്‍മന്ദിറില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിന് ലക്ഷക്കണക്കിന് ജനങ്ങളുടെ പിന്തുണ ലഭിച്ചത് അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ അമ്പരപ്പിച്ചു. ഒടുവില്‍ ലോക്പാല്‍ ബില്ലിനായി ഒരു സംയുക്ത സമിതിയെ രൂപീകരിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പു നല്‍കിയതോടെ ഏപ്രില്‍ ഒമ്പതിന് അദ്ദേഹം സമരം അവസാനിപ്പിച്ചു. പിന്നീട് തന്റെ ആവശ്യങ്ങള്‍ നിറവേറാത്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ രാംലീല മൈതാനിയിലും തിഹാര്‍ ജയിലിലുമായി നടത്തിയ നിരാഹാര സമയം 12 ദിവസം നീണ്ടു നിന്നു.

എന്നാല്‍ ഹസാരെ സമരത്തിലെ ബി ജെ പിയുമായി ഒത്തു ചേര്‍ന്നുള്ള രഹസ്യ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പുറത്തു വന്നതോടെ ഹസാരെയ്ക്കുള്ള ജനപിന്തുണ കുറഞ്ഞു വന്നു. സമരം അഴിമതിയുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നില്ലെന്നതും ഹസാരെയുടെ ജനപ്രീതി കുറച്ചു. കോര്‍പ്പറേറ്റുകളാണ് രാജ്യത്തെ അഴിമതിക്ക് അടിസ്ഥാനമെന്ന വസ്തുതയെ ബോധപൂര്‍വം മറന്നായിരുന്നു ഹസാരെയുടെ സമരം. കോര്‍പ്പറേറ്റുകള്‍ക്കെതിരായി ഹസാരെ മൗനം അവലംബിച്ചത് ഹസാരെ സമരം അമേരിക്കയില്‍ നിന്നുള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് ലോകത്തിന്റെ ധനസഹായത്തോടെയാണെന്ന് വ്യക്തമാകാന്‍ കാരണമായി. വര്‍ഷത്തിന്റെ അവസാനമായപ്പോഴേക്കും ഹസാരെ സമരത്തിന്റെ നിറംമങ്ങുന്ന കാഴ്ചയും കാണാന്‍ സാധിച്ചു. ഡിസംബര്‍ അവസാനം ഹസാരെ നടത്തിയ മൂന്ന് ദിന നിരാഹാര സമരം പിന്തുണയ്ക്കാന്‍ ആളില്ലാത്തതിനാല്‍ രണ്ടാം ദിവസം അവസാനിപ്പിക്കേണ്ടിയും വന്നു.

ഈ വര്‍ഷം രാജ്യം കണ്ട മറ്റൊരു രാഷ്ട്രീയ നാടകമായിരുന്നു ലോക്പാല്‍ ബില്‍. ശക്തമായ ലോക്പാല്‍ രാജ്യം മുഴുവന്‍ ആവശ്യപ്പെടുമ്പോഴും വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള ഭേദഗതികളാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അഴിമതിയുടെ അടിസ്ഥാനമായ കോര്‍പ്പറേറ്റുകളെ തീര്‍ത്തും ഒഴിവാക്കിയാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ലോക്പാലിന്റെ കരട് തയ്യാറാക്കിയത്. കോര്‍പ്പറേറ്റുകള്‍ക്കെതിരായി ലോക്‌സഭയില്‍ ശക്തമായ നിലപാടു സ്വീകരിച്ചത് ഇടതുപക്ഷം മാത്രം. കോണ്‍ഗ്രസും ബി ജെ പിയും മറ്റെല്ലാ പാര്‍ട്ടികളും മാധ്യമങ്ങളും ഇക്കാര്യത്തില്‍ കുറ്റകരമായ നിശബ്ദത പാലിച്ചു. ലോക്പാല്‍ ലോകായുക്ത ബില്‍ ലോക്‌സഭയില്‍ പാസാക്കപ്പെട്ടെങ്കിലും പിന്നീട് രാജ്യസഭയില്‍ ഇത് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയും വര്‍ഷത്തിന്റെ അവസാനം ജനങ്ങള്‍ കണ്ടു. അതോടെ അഴിമതിരഹിത ഇന്ത്യ എന്ന സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക്‌മേല്‍ ഇരുള്‍ വീഴുകയും ചെയ്തു.

രാഷ്ട്രീയ നാടകങ്ങളില്‍ ഈ വര്‍ഷം ഏറ്റവും ശ്രദ്ധേയമായത് കര്‍ണാടകത്തിലെ സംസ്ഥാന രാഷ്ട്രീയമാണ്. ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരത്തിലേറിയ ബി ജെ പി മുഖ്യമന്ത്രി അഴിമതി ആരോപണത്തിന്റെ പേരില്‍ സ്ഥാനമൊഴിയേണ്ടി വന്നതായിരുന്നു ഇവിടുത്തെ പ്രധാന സംഭവ വികാസം. അധികാരമൊഴിഞ്ഞതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറസ്റ്റിലുമായി. ജൂലൈ 31നാണ് യെദ്യൂരപ്പ രാജി സമര്‍പ്പിച്ചത്. ഖനി കുംഭകോണവുമായി ബന്ധപ്പെട്ട ലോകായുക്ത റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നായിരുന്നു യെദ്യൂരപ്പയുടെ രാജി. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച ബി ജെ പിക്ക് ഈ വര്‍ഷം കിട്ടിയ കനത്ത തിരിച്ചടിയായി ഇത്. അഴിമതിക്കെതിരായി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടാന്‍ ശ്രമിച്ച ബി ജെ പി ബി ജെ പി അഴിമതിയുടെ പേരില്‍ നാണം കെടുന്ന കാഴ്ചയ്ക്കാണ് വര്‍ഷത്തിന്റെ അവസാനം സാക്ഷിയായത്.

അഴിമതിക്കൊപ്പം പാര്‍ട്ടിക്കകത്തെ ചേരിപ്പോരും പാര്‍ട്ടിക്ക് വിനയാകുന്നുണ്ടായിരുന്നു. മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള നേതൃത്വ തര്‍ക്കത്തിനും 2011 സാക്ഷിയായി. അദ്വാനിയുടെ രഥയാത്രയ്ക്ക് ബദലായി മോഡി നടത്തിയ സദ്ഭാവനാ യജ്ഞം ഈ ചേരിപ്പോര് അരങ്ങിലെത്തിച്ചു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് കത്തിപ്പടരുന്ന വിഷയമായ തെലുങ്കാന പ്രശ്‌നം ഈ വര്‍ഷവും പരിഹരിക്കപ്പെടാനാകാതെ തുടര്‍ന്നു. തെലുങ്കാന സംസ്ഥാനത്തിന് വേണ്ടി നടക്കുന്ന വാദം കോണ്‍ഗ്രസിലും ആഭ്യന്തരപ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

കൂടംകുളം ആണവ നിലയവും അതിനെച്ചൊല്ലിയുള്ള സമരവുമാണ് ഈ വര്‍ഷം ശ്രദ്ധേയമായ സമരം. ജപ്പാനിലെ ഭൂചലനവും തുടര്‍ന്നുണ്ടായ ഫുകുഷിമ ആണവ നിലയത്തിലെ ചോര്‍ച്ചയുമാണ് കൂടംകുളത്തെ ജനങ്ങളെ ആണവ നിലയത്തിനെതിരായി നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. നിര്‍ദ്ദിഷ്ട കൂടംകുളം ആണവ പദ്ധതിയുടെ നിര്‍മാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട്ടിലെ ജനങ്ങള്‍ അണിനിരക്കുകയായിരുന്നു ഇവിടെ. ആണവനിലയം ജനങ്ങളുടെ സ്വാഭാവികമായ ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന തിരിച്ചറിവ് സംസ്ഥാന സര്‍ക്കാരും ഏറ്റെടുത്തതോടെ പദ്ധതി വേണ്ടെന്ന് വയ്ക്കുകയും സമരം അവസാനിപ്പിക്കാന്‍ സാധിക്കുകയും ചെയ്യുമെന്ന പ്രതീക്ഷ ജനങ്ങളില്‍ വളര്‍ന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതി മുന്നോട്ട് കൊണ്ടുപോകനുള്ള രഹസ്യനീക്കം നടത്തുന്ന ജയലളിത സര്‍ക്കാരിനെയാണ് വര്‍ഷാവസാനം നാം കാണുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തമിഴ്‌നാടിന് കേന്ദ്രത്തിന്റെ പിന്തുണ ലഭിക്കുന്നതിനെ കൂടംകുളം പദ്ധതിയ്ക്ക് വേണ്ടിയുള്ള സമവായമായി വേണം കരുതാന്‍.

അതേസമയം സമാനമായ മറ്റൊരു സമരത്തിന് കൂടി ഈ വര്‍ഷം ഇന്ത്യ സാക്ഷിയാകുന്നുണ്ടായിരുന്നു. ജെയ്താപൂര്‍ ആണവനിലയത്തിനെതിരായ സമരമാണ് അത്. പദ്ധതിക്കെതിരായി സമരം ചെയ്യുന്ന കര്‍ഷകരെ വിവിധ കാരണങ്ങള്‍ പറഞ്ഞ് അറസ്റ്റ് ചെയ്ത നടപടി ഈ വര്‍ഷമാദ്യം തന്നെ ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഫെബ്രുവരില്‍ സമരപരിപാടിക്ക് നേതൃത്വം നല്‍കുന്ന മൃളിന്ദ് ദേശായി അടക്കം പതിനെട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ജെയ്താപൂരിലെ സമരവും ഇപ്പോഴും തുടരുകയാണ്.

കുടിയൊഴിക്കപ്പെടുന്നവന്റെ വേദന, ഇടംനഷ്ടപ്പെടുന്നവന്റെ രോദനമാണ്. ദേശീയ തലത്തില്‍ ഈവര്‍ഷം ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ ഭീതിയും അതിനെതിരായ സമരവും നടക്കുന്നത് ഒറീസയിലെ ജഗത്‌സിംഗ്പുരിലാണ്. പോസ്‌കോ എന്ന ബഹുരാഷ്ട്ര കുത്തകയ്ക്ക് സ്റ്റീല്‍പ്ലാന്റ് സ്ഥാപിക്കാനായി ആയിരക്കണക്കിന് ഗ്രാമീണരാണ് ഇവിടെ നിന്നും കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്നത്. ആറു വര്‍ഷത്തിലേറെയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇവിടെ നടക്കുന്ന സമരത്തിന് നേരെ ഇനിയും അധികൃതര്‍ കണ്ണു തുറന്നിട്ടില്ല. കുടിയൊഴിപ്പിക്കപ്പെടുമെന്ന ഭീതിക്കൊപ്പം ഇപ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുക കൂടിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജഗത്‌സിംഗ്പുരില്‍ പദ്ധതിക്കെതിരായി ജനകീയ ചെറുത്തുനില്‍പ്പ് തുടരുകയാണ്.

അടിച്ചമര്‍ത്തലുകളും അഴിമതിയും നിറഞ്ഞ മറ്റൊരു വര്‍ഷത്തിനു കൂടി ഇന്ത്യന്‍ രാഷ്ട്രീയം സാക്ഷ്യം വഹിച്ചു. വരാനിരിക്കുന്ന വര്‍ഷം ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയും അഴിമതിക്കും വിലക്കയറ്റത്തിനും സാമ്പത്തിക അനീതികള്‍ക്കുമെതിരായ ജനകീയ ചെറുത്തുനില്‍പ്പുകളാണ് കാലം കാത്തു വയ്ക്കുന്നത്.

*
അരുണ്‍ ടി വിജയന്‍ ജനയുഗം 31 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മാതൃരാജ്യത്തിന്റെ ഭാഗമാണെന്ന് പോലും ഓര്‍ക്കാനാകാതെ ഇന്ത്യയുടെ തന്നെയായ ഒരു ഭാഗം. ആ ഭാഗത്തെക്കുറിച്ച് മണിപ്പൂരിന്റെ ഉരുക്കുവനിതയെന്നറിയപ്പെടുന്ന ഇറോം ചാനു ഷര്‍മ്മിള എഴുതിയ വരികളാണിത്. ഇക്കഴിഞ്ഞ നവംബര്‍ 2ന് ഇറോമിന്റെ നിരാഹാര സമരം പതിനൊന്ന് വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് ആദ്യമായി അഫ്‌സ്പ എന്ന കാട്ടാള നിയമം പിന്‍വലിക്കുന്നതിന് അനുകൂലമായി ഏതാനും ശബ്ദങ്ങളെങ്കിലും ഉയര്‍ന്നു തുടങ്ങിയത്.