Wednesday, December 21, 2011

അഗ്നിപരീക്ഷയില്‍ കരിഞ്ഞത് ആരുടെ ചിറകുകള്‍ ?

സൂര്യനില്‍നിന്ന് ഒളിഞ്ഞുനില്‍ക്കാം; എന്നാല്‍ മനഃസാക്ഷിയുടെ സൂര്യനില്‍നിന്ന് എവിടേക്ക് ഒഴിഞ്ഞുമാറും? ഗ്രീക്ക് മിഥോളജിയില്‍നിന്നുള്ള ഈ ചോദ്യം മനഃസാക്ഷിയുള്ളവര്‍ക്കേ ബാധകമാവൂ. എങ്കിലും ലാവ്ലിന്‍ സംബന്ധിച്ച സിബിഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ , ആരോപണകര്‍ത്താക്കള്‍ സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. മനഃസാക്ഷിയുടെ ചെറുനാളമെങ്കിലും അണയാതെ ബാക്കിനില്‍ക്കുന്നവര്‍ അക്കൂട്ടത്തിലുണ്ടെങ്കില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാല്‍ ഒരു പൊതുപ്രവര്‍ത്തകനെ ദീര്‍ഘകാലം ക്രൂരമായി വേട്ടയാടിയത് മുന്‍നിര്‍ത്തി ഒരു വാക്ക് സമൂഹത്തോട് പറയേണ്ടതുണ്ട് - ക്ഷമിക്കണം എന്ന വാക്ക്. ക്ഷമിക്കണം എന്നുപറയാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം സിബിഐ റിപ്പോര്‍ട്ടിലൂടെ വന്ന് മുന്നില്‍ നില്‍ക്കുമ്പോഴും പകയുടെ ഭാഷ ഇവരില്‍ പലരില്‍നിന്നും പോവുന്നില്ല. ഇത് വ്യക്തമാക്കുന്നതായിരുന്നു തിങ്കളാഴ്ചത്തെ ഇതുസംബന്ധിച്ച ചില ചാനല്‍ ചര്‍ച്ചകള്‍ . തങ്ങള്‍ സൃഷ്ടിച്ച കള്ളപ്രചാരണങ്ങളുടെ കോട്ട സത്യത്തിന്റെ ഇടിമിന്നലേറ്റ് തകര്‍ന്നുകിടക്കുമ്പോഴും അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ വീണ്ടും അസത്യത്തിന്റെ ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ക്കാനാവുമോ എന്ന് വൃഥാ നോക്കുകയായിരുന്നു ചിലര്‍ .

സിപിഐ എമ്മിനെ അധിക്ഷേപിക്കാന്‍ ഏതവസരവും ദുരുപയോഗിക്കാറുള്ളവരെ തെരഞ്ഞുപിടിച്ച് "നിഷ്പക്ഷ നിരീക്ഷകര്‍" ആക്കി അവതരിപ്പിക്കുകയാണ് പല ചാനലുകളും ചെയ്തത്. ഇവര്‍ക്ക് പിണറായി വിജയന്‍ എന്ന വ്യക്തിയോട് വിരോധമുണ്ടാകേണ്ട കാര്യമില്ല. വിരോധമുള്ളത് സിപിഐ എമ്മിനോടാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് അതിനെ നയിക്കുന്നുവെന്നതിനാല്‍ ആ വിരോധമെല്ലാം പിണറായി വിജയനില്‍ വന്നുപതിക്കുന്നുവെന്നുമാത്രം. പാര്‍ടിനേതൃത്വത്തിന്റെ പ്രതിച്ഛായ തകര്‍ത്താല്‍ പാര്‍ടിയുടെ വിശ്വാസ്യത തകര്‍ക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലൂടെപ്പോലും പോറലേല്‍ക്കാതെ പുറത്തുവന്ന പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ പഴുതുകള്‍ അന്വേഷിക്കുന്ന നിലയിലായി ചില ചാനല്‍ ചര്‍ച്ചകള്‍ . എല്ലാ അന്വേഷണങ്ങളിലും ഒരുപോലെ കുറ്റവിമുക്തനായി നില്‍ക്കുന്ന ഒരു പൊതുപ്രവര്‍ത്തകനെ ഒരു രേഖയുടെയോ തെളിവിന്റെയോ പിന്‍ബലമില്ലാതെ കല്‍പ്പിത കഥകളുണ്ടാക്കി കുറ്റക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഇത്തരം അസംബന്ധ നാടകങ്ങള്‍ക്ക് നിന്നുകൊടുക്കുന്നത് ഉചിതമോ എന്ന് ചാനലുകള്‍ ചിന്തിക്കട്ടെ. ലാവ്ലിന്‍ കരാറില്‍ അഴിമതിയുള്ളതിന് തെളിവുണ്ട് എന്ന് ഇപ്പോഴും പറയാന്‍ ധൈര്യപ്പെടുന്ന ഈ "നിഷ്പക്ഷ" നിരീക്ഷകന്മാരോട്, ആ തെളിവുകള്‍ കൊണ്ടുപോയി സിബിഐക്ക് കൊടുക്കാമായിരുന്നില്ലേ നിങ്ങള്‍ക്ക് എന്നെങ്കിലും ചോദിക്കാനുള്ള ധാര്‍മിക ചുമതലയുണ്ടായിരുന്നില്ലേ ഈ ടിവി ആങ്കര്‍മാര്‍ക്ക്?

പല തലങ്ങളില്‍ പല വിധത്തിലുള്ള അന്വേഷണങ്ങള്‍ നടത്തി നോക്കി. ഒന്നില്‍പോലും പിണറായി വിജയനില്‍ കുറ്റത്തിന്റെ ലാഞ്ഛനപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിപിഐ എമ്മിനോടും എല്‍ഡിഎഫിനോടും ഒരു ആനുകൂല്യവുമില്ലാത്ത യുഡിഎഫ് ഭരണം വിജിലന്‍സ് അന്വേഷണം നടത്തിച്ചുനോക്കി. കേന്ദ്രം ആദായനികുതി വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. കേന്ദ്ര ധനകാര്യ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെക്കൊണ്ട് കേരളത്തിലും ഇന്ത്യയിലാകെയും ഇന്ത്യക്കുപുറത്തും അന്വേഷിപ്പിച്ചുനോക്കി. സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍പോലും പിണറായി വിജയന്‍ എന്തെങ്കിലും തെറ്റുചെയ്തതായി പറയുന്നില്ല. അതേസമയം അടിസ്ഥാനരഹിതമായ കേസുകളുമായി ചെന്ന് കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് ഈ കേസുമായി നടക്കുന്ന ഒരാളെ മറ്റൊരു കേസില്‍ ഹൈക്കോടതി അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തു. എല്ലാ അന്വേഷണങ്ങളുടെ അഗ്നിപരീക്ഷകളില്‍നിന്നും ചെറുചൂടുപോലുമേല്‍ക്കാതെ പുറത്തുവന്ന സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ സുതാര്യവിശുദ്ധമായ വ്യക്തിത്വം ആരോപണകര്‍ത്താക്കളെ ഒട്ടൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്. ഈ അസ്വസ്ഥതയാണ് നിഷ്പക്ഷതാനാട്യവുമായി ചാനലുകളില്‍നിന്ന് ചാനലുകളിലേക്ക് കൂടുമാറുന്ന അരാജകവാദികളുടെ വാക്കുകളില്‍ മുഴങ്ങുന്നത്.

ഇനി ഏത് അന്വേഷണമുണ്ട് നടത്താന്‍ ബാക്കി എന്ന ചോദ്യം ഒരു ചാനല്‍ ആങ്കറും ഇവരോട് ചോദിച്ചില്ല. ഇല്ലാത്തത് ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരുവശത്ത് തീവ്രശ്രമം നടത്തുന്ന ഇക്കൂട്ടര്‍ മറുവശത്ത് ഉള്ളത് കാണാന്‍ കൂട്ടാക്കാതിരിക്കുകകൂടി ചെയ്യുന്നുണ്ട്. ലാവ്ലിന്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിന്റെ പ്രാഥമികഘട്ടത്തില്‍തന്നെ, ബന്ധപ്പെട്ട എല്ലാ ഫയലുകളും സമഗ്രമായി പഠിച്ചിട്ട് സിബിഐ കോടതിയെ അറിയിച്ചത്, തങ്ങള്‍ അന്വേഷിക്കാന്‍മാത്രം ഗൗരവമുള്ള ഒന്നും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ്. ഇത് ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. വിദ്യാര്‍ഥിപ്രക്ഷോഭം, ആദിവാസിപ്രക്ഷോഭം, കോണ്‍ഗ്രസിലെ ഭിന്നത, അവിശ്വാസപ്രമേയം എന്നിങ്ങനെ പലതുകൊണ്ടും യുഡിഎഫ് ആടിയുലഞ്ഞുനിന്ന ഘട്ടത്തിലാണ്, അതില്‍നിന്നൊക്കെ ജനശ്രദ്ധ തിരിച്ചുവിടാനെന്നോണം പൊടുന്നനെ ലാവ്ലിന്‍ കരാറിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് എന്നത് കേവലനിരീക്ഷകര്‍ക്കുപോലുമറിയാം. ഇത് ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. യുഡിഎഫ് ഭരണത്തില്‍ നടന്ന ആ വിജിലന്‍സ് അന്വേഷണത്തില്‍പ്പോലും പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു. സ്വന്തം ഭരണത്തിന്‍കീഴില്‍ സ്വന്തം വിജിലന്‍സിനെ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍പ്പോലും പിണറായി വിജയന്‍ തെറ്റ് ചെയ്തിട്ടില്ല എന്നത് സ്ഥിരീകരിക്കപ്പെടുകയും ആ റിപ്പോര്‍ട്ട് ഫലത്തില്‍ യുഡിഎഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അംഗീകരിക്കുകയും ചെയ്തതാണ്. ഇതും കണ്ടില്ലെന്ന് നടിക്കുന്നു. പിന്നീട് നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസമാണ്, തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന കണക്കുകൂട്ടലോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിബിഐ അന്വേഷണത്തിന് ലാവ്ലിന്‍ കേസ് വിടുന്നതായി പ്രഖ്യാപിച്ചത്. ഇതിലെ രാഷ്ട്രീയ ദുരുദ്ദേശ്യവും ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കേസ് സിബിഐക്ക് വിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ പിന്നീടൊരു ഘട്ടത്തില്‍ പറഞ്ഞത് ലാവ്ലിന്‍ കരാറില്‍ അഴിമതിയുള്ളതായി താന്‍ കരുതുന്നില്ലെന്നാണ്. രാഷ്ട്രീയസമ്മര്‍ദം ഏറി വന്നപ്പോള്‍ താന്‍ അതിന് വഴങ്ങി സിബിഐക്ക് വിടുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുംചെയ്തു. വിജിലന്‍സ് അന്വേഷണത്തില്‍ അഴിമതിയില്ലാത്തത് എന്ന് ബോധ്യപ്പെട്ട കേസ് സിബിഐക്ക് വിട്ടതിനുപിന്നില്‍ രാഷ്ട്രീയകാരണങ്ങളേയുള്ളൂവെന്നതിന് ഇതില്‍ കവിഞ്ഞ തെളിവുവേണ്ട. ഇതും നിഷ്പക്ഷതാനാട്യക്കാര്‍ കാണാന്‍ കൂട്ടാക്കുന്നില്ല.

ഏറ്റവും ഒടുവിലാകട്ടെ, എല്ലാം സമഗ്രമായി പരിശോധിച്ച സിബിഐ പിണറായി വിജയന്‍ ഒരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്നും ഒരു പൈസപോലും സ്വന്തമായി ഉണ്ടാക്കിയിട്ടില്ലെന്നും കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കാണാന്‍ നിഷ്പക്ഷ നിരീക്ഷകര്‍ക്ക് കണ്‍കളേ ഇല്ല എന്നായി. കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലേ സത്യം പുറത്തുവരൂ എന്ന് ഇക്കാലമത്രയും പറഞ്ഞിരുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് തങ്ങളുടെ രാഷ്ട്രീയതാല്‍പ്പര്യത്തിനനുഗുണമല്ല എന്നുവന്നതോടെ, അതും അസ്വീകാര്യമായി. ഒരു "ചാനല്‍ നിഷ്പക്ഷന്‍" കഴിഞ്ഞദിവസം പറഞ്ഞത് പിണറായിയുടെ അക്കൗണ്ട് പരിശോധിച്ച് അഴിമതി തെളിയിക്കാനാവുമെന്നതില്‍ അര്‍ഥമില്ല എന്നാണ്. ആദായനികുതി വകുപ്പുമുതല്‍ കേന്ദ്ര ധനകാര്യ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍വരെ ഇന്ത്യയിലാകെയും പുറത്തും സമഗ്രമായി അന്വേഷിച്ച് കണ്ടെത്തിയത് പിണറായിക്ക് ഇത്തരം ഒരു പണനിക്ഷേപവും എവിടെയുമില്ല എന്നാണ്. അക്കൗണ്ടുമാത്രം പരിശോധിച്ച് എഴുതുന്നവരല്ല അവര്‍ . എവിടേക്കും കൈയെത്തുന്ന ആ അന്വേഷണ ഏജന്‍സികളുടെ രേഖാമൂലമുള്ള റിപ്പോര്‍ട്ട് ഇതേ വ്യവഹാരി കൊടുത്ത മറ്റൊരു കേസില്‍ ഹൈക്കോടതി മുമ്പാകെ ഇരിക്കുന്നുണ്ട്. മറ്റൊരു ചാനല്‍ നിഷ്പക്ഷന്‍ പറഞ്ഞത് "ടെക്നിക്കാലിയ" കടലാസ് സംഘടനയാണെന്നും പിണറായിയുടെ സൃഷ്ടിയാണത് എന്നുമാണ്. പരിയാരം മെഡിക്കല്‍കോളേജിനുവേണ്ടിയടക്കം പ്രവര്‍ത്തിച്ച സ്ഥാപനമാണത് എന്നും പിണറായി വിജയനല്ല, അദ്ദേഹത്തോട് രാഷ്ട്രീയ ശത്രുത മാത്രമുള്ള എം വി രാഘവനാണ് ടെക്നിക്കാലിയയെ അതിന് ചുമതലപ്പെടുത്തിയതെന്നും ആ "നിഷ്പക്ഷന്‍" അറിയണം!

സാധാരണ കേസുകള്‍ ഉണ്ടാവുകയാണ്. എന്നാല്‍ , ലാവ്ലിന്‍ കാര്യത്തില്‍ കേസ് ഉണ്ടാക്കപ്പെടുകയായിരുന്നു. ഒരു സംഘം ആളുകള്‍ നിരന്തരം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു; കാര്യമായ വരുമാനമാര്‍ഗങ്ങള്‍ ഒന്നുമില്ലാത്ത ഇവര്‍ ലക്ഷങ്ങള്‍ വാരിവിതറുന്നു. ഈ സംഘത്തില്‍ കമ്യൂണിസ്റ്റ്വിരുദ്ധരുണ്ട്, കമ്യൂണിസ്റ്റ്പാര്‍ടിയില്‍നിന്ന് ദുഷ്ചെയ്തികള്‍മൂലം പുറത്താക്കപ്പെട്ടവരുണ്ട്; അരാജകവാദികളുണ്ട്; അധികാരദല്ലാളന്മാരുണ്ട്; ബ്ലാക്മെയില്‍ സംഘങ്ങളുണ്ട്- അങ്ങനെ പലരും. ഇവര്‍ക്കാകട്ടെ, രാഷ്ട്രീയ-പത്രാധിപത്യതലങ്ങളില്‍ ചില രക്ഷാകര്‍ത്താക്കളുമുണ്ട്. ഇവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടയില്‍ സിഎജി നടത്തിയ ഒരു സ്വാഭാവിക വിശദീകരണം തേടലിനെ ഊതിപ്പെരുപ്പിച്ച് ഇത്രത്തോളമെത്തിച്ചത്. ഏത് പദ്ധതി നടത്തിപ്പിലും കണ്ടെത്താവുന്ന സ്വാഭാവിക കാര്യങ്ങളെ "അഴിമതി"യാക്കി പൊലിപ്പിച്ചെടുത്തത്; മുന്‍ ജഡ്ജിമാരെവരെ ചെന്നുകണ്ട് പിണറായി വിജയനെതിരെ അവരെക്കൊണ്ട് പ്രസ്താവനയിറക്കിക്കാന്‍ വൃഥാ ശ്രമിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയെ വാഴ്ത്തിപ്പാടിയത്. ബോംബെയിലെയും കൊച്ചിയിലെയും ഡല്‍ഹിയിലെയും അധികാരസ്ഥാപനങ്ങളുടെ ഇടനാഴികളിലേക്ക് പിണറായി വിജയനെ ക്രൂശിക്കാന്‍ കോട്ടുംസൂട്ടുമിട്ട ഏജന്റിനെ നിയോഗിച്ചത്. ലക്ഷങ്ങള്‍ പൊടിപൊടിച്ച് അധികാര ദല്ലാളന്‍മാരെ വിമാനങ്ങളില്‍ രാജ്യത്ത് തലങ്ങും വിലങ്ങും പറത്തിവിട്ടത്. ഇവര്‍ക്ക് ആകെ ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. നേതൃത്വത്തിന്റെ പ്രതിച്ഛായ തകര്‍ത്ത് പാര്‍ടിയുടെ വിശ്വാസ്യത ഇല്ലാതാക്കുക എന്നതായിരുന്നു അത്. ഏത് മനുഷ്യനും തളര്‍ന്നുവീണുപോകുന്ന തരത്തിലുള്ള സത്യവിരുദ്ധമായ കള്ളപ്രചാരണപരമ്പരകളുടെ വേലിയേറ്റമായിരുന്നു സിപിഐ എം 19-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് പോവുകയായിരുന്ന വേളയില്‍ ഇവിടെ. സിപിഐ എം നേതൃത്വം അപ്പാടെ അഴിമതിയുടെ നെടുനായകന്മാരാണെന്ന വ്യാജപ്രതീതി സൃഷ്ടിക്കാനായിരുന്നു ശ്രമം. എന്നാല്‍ , അതിലൊന്നും ഇളകാതെ അചഞ്ചലമായ പ്രത്യയശാസ്ത്രനിശ്ചയദാര്‍ഢ്യത്തോടെ പാര്‍ടി സംഘടന കെട്ടിപ്പടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വ്യാപരിക്കുകയായിരുന്നു ആ ഘട്ടത്തിലൊക്കെ സിപിഐ എമ്മിന്റെ സംഘടനാ നേതൃത്വം.

മടിയില്‍ ഭാരമില്ലാത്തവന് വഴിയില്‍ പേടി വേണ്ട എന്ന പഴയ തത്വം നല്‍കിയ ആത്മബലത്തോടെ, അര്‍പ്പണബോധമുള്ള കമ്യൂണിസ്റ്റിനു ചേര്‍ന്ന കരുത്താര്‍ന്ന അചഞ്ചലതയോടെ, യാതനാപൂര്‍ണമായ സംഘടനാ പ്രവര്‍ത്തനപശ്ചാത്തലം നല്‍കിയ ഉരുക്കുറപ്പുള്ള കാല്‍വയ്പുകളോടെ, മനുഷ്യയോഗ്യമായ ജീവിതാവസ്ഥയുണ്ടാക്കിയെടുക്കാനുള്ള പോരാട്ടങ്ങളെ നയിക്കാന്‍ പാര്‍ടിയെ പ്രാപ്തവും സജ്ജവുമാക്കി നിര്‍ത്തുകയായിരുന്നു ഈ ഘട്ടത്തിലൊക്കെ പാര്‍ടി സംഘടനാ നേതൃത്വം. അതുകൊണ്ടുതന്നെ ഒരു പോറലുമേല്‍ക്കാതെ ശക്തിയില്‍നിന്ന് ശക്തിയിലേക്ക് പാര്‍ടി സംഘടന വളര്‍ന്നു. പുതുജനവിഭാഗങ്ങള്‍ക്ക് അത് സ്വീകാര്യമാവുന്ന നില വന്നു. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും കടമകളെ ഏറ്റെടുക്കാനും ഭാവനാപൂര്‍ണമായി നാടിനെ നയിക്കാനും കരുത്തുള്ള ഒരു നേതൃത്വം ഇതാ എന്ന് കേരളം അംഗീകരിക്കുന്ന നിലവന്നു. വ്യാജ ആരോപണങ്ങളും കള്ളക്കേസുകളുംകൊണ്ട് നേതൃത്വത്തെ തളര്‍ത്തി സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്ന് കരുതിയവര്‍ തീരെ പ്രതീക്ഷിച്ചതല്ല ഇത്. എല്ലാ മാധ്യമ പരിഗണനകളുമുണ്ടായിട്ടും ആ ശത്രുപക്ഷം ശിഥിലമായി. ചിലര്‍ പശ്ചാത്തപിച്ച് തെറ്റുതിരുത്തി. മറ്റുചിലര്‍ തുടര്‍ പ്രാക്കുകളുമായി ചിതറിപ്പിരിഞ്ഞുപോയി. മറ്റ് ചിലര്‍ യുഡിഎഫിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് കാത്ത് അവരുടെ വാതില്‍പ്പടിക്കല്‍ പോയി നില്‍ക്കുന്നു. എല്ലാ പുകിലുമടങ്ങുമ്പോള്‍ സിപിഐ എം വിജയപതാകയുമായി 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് മുന്നേറുന്നു; ആഗോളവല്‍ക്കരണത്തിന്റെയും സാമ്രാജ്യത്വാധിനിവേശത്തിന്റെയും കടന്നുകയറ്റങ്ങളെ ചെറുക്കാന്‍പോരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏക വലിയ ശക്തി എന്ന നിലയില്‍ .

ഇന്ത്യന്‍ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ജനകീയ മോചനമൂല്യങ്ങളെയുംകുറിച്ച് കരുതലുള്ള ഒരാള്‍ക്കും ഇതിനെ ശക്തിപ്പെടുത്താനല്ലാതെ ദുര്‍ബലപ്പെടുത്താന്‍ തോന്നില്ല. എന്നാല്‍ , അതിതീവ്ര കമ്യൂണിസ്റ്റുകള്‍ എന്ന നാട്യവുമായി ഇറങ്ങിത്തിരിച്ച അരാജകവാദികള്‍ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരെപ്പോലെ നിന്ന് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ നായകസ്ഥാനമുള്ള സിപിഐ എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവിടെ. എന്നാല്‍ , സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്കെത്തുന്ന വേളയില്‍ ആ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേല്‍പ്പിക്കുംവിധം സത്യങ്ങള്‍ ജനങ്ങള്‍ക്കു ബോധ്യമാകുന്ന തരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സിബിഐ അന്വേഷണറിപ്പോര്‍ട്ടും അതുതന്നെ വ്യക്തമാക്കുന്നു. അതിലുള്ള അസ്വസ്ഥതകളാണ് "ചാനല്‍ നിഷ്പക്ഷ"രുടെ പരിഭ്രാന്തികളില്‍ ഇപ്പോള്‍ പ്രതിഫലിച്ചുകാണുന്നത്. എല്ലാ അന്വേഷണങ്ങളിലും തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കേരളത്തോട് മാപ്പുപറയേണ്ടതാണ് ഇവര്‍ എന്ന് തുടക്കത്തില്‍ പറഞ്ഞല്ലോ. എന്നാല്‍ അത് മഹത്വമുള്ളവര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. ആയിരം മാപ്പുപറഞ്ഞാലും പ്രായശ്ചിത്തമാകാത്ത ദുഷ്ചെയ്തികളുമായി നീങ്ങുന്നവരില്‍ നിന്ന് കേരളം അത് പ്രതീക്ഷിക്കുന്നില്ല. ഇവര്‍ ഇങ്ങനെ തന്നെ തുടരട്ടെ. സാര്‍ഥവാഹക സംഘം മുന്നോട്ടേക്കും.

*
പ്രഭാവര്‍മ ദേശാഭിമാനി 21 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സൂര്യനില്‍നിന്ന് ഒളിഞ്ഞുനില്‍ക്കാം; എന്നാല്‍ മനഃസാക്ഷിയുടെ സൂര്യനില്‍നിന്ന് എവിടേക്ക് ഒഴിഞ്ഞുമാറും? ഗ്രീക്ക് മിഥോളജിയില്‍നിന്നുള്ള ഈ ചോദ്യം മനഃസാക്ഷിയുള്ളവര്‍ക്കേ ബാധകമാവൂ. എങ്കിലും ലാവ്ലിന്‍ സംബന്ധിച്ച സിബിഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ , ആരോപണകര്‍ത്താക്കള്‍ സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. മനഃസാക്ഷിയുടെ ചെറുനാളമെങ്കിലും അണയാതെ ബാക്കിനില്‍ക്കുന്നവര്‍ അക്കൂട്ടത്തിലുണ്ടെങ്കില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാല്‍ ഒരു പൊതുപ്രവര്‍ത്തകനെ ദീര്‍ഘകാലം ക്രൂരമായി വേട്ടയാടിയത് മുന്‍നിര്‍ത്തി ഒരു വാക്ക് സമൂഹത്തോട് പറയേണ്ടതുണ്ട് - ക്ഷമിക്കണം എന്ന വാക്ക്. ക്ഷമിക്കണം എന്നുപറയാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം സിബിഐ റിപ്പോര്‍ട്ടിലൂടെ വന്ന് മുന്നില്‍ നില്‍ക്കുമ്പോഴും പകയുടെ ഭാഷ ഇവരില്‍ പലരില്‍നിന്നും പോവുന്നില്ല. ഇത് വ്യക്തമാക്കുന്നതായിരുന്നു തിങ്കളാഴ്ചത്തെ ഇതുസംബന്ധിച്ച ചില ചാനല്‍ ചര്‍ച്ചകള്‍ . തങ്ങള്‍ സൃഷ്ടിച്ച കള്ളപ്രചാരണങ്ങളുടെ കോട്ട സത്യത്തിന്റെ ഇടിമിന്നലേറ്റ് തകര്‍ന്നുകിടക്കുമ്പോഴും അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ വീണ്ടും അസത്യത്തിന്റെ ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ക്കാനാവുമോ എന്ന് വൃഥാ നോക്കുകയായിരുന്നു ചിലര്‍ .