ഇന്ത്യന്‍ സിനിമാ ലോകത്തെ നിത്യഹരിത പ്രണയനായകന്‍ ദേവാനന്ദിന് വിട. ഇന്ത്യന്‍ സിനിമയുടെ വെള്ളിത്തിരയില്‍ പ്രണയവസന്തം വരച്ചുചേര്‍ത്ത ഗന്ധര്‍വ്വനായി അദ്ദേഹം വാഴ്ത്തപ്പെട്ടു. ജീവിതത്തെയും സിനിമയെയും പ്രണയിച്ച ദേവാനന്ദ് തന്റെ ആത്മകഥക്ക് നല്‍കിയ പേര് "റൊമാന്‍സിങ് വിത്ത് ലൈഫ്" എന്നാണ്. ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനകാലഘട്ടത്തില്‍ ഞെരിഞ്ഞമര്‍ന്ന ഭാരതീയരില്‍ പ്രതീക്ഷയുടെ പുതുകിരണമായി 1947ല്‍ ദേവാനന്ദ് അഭിനയിച്ച ഹം എക്ക് ഹെ പ്രദര്‍ശനത്തിനെത്തി. സ്വതന്ത്ര്യത്തിന്റെ മധുരം നുണഞ്ഞ 47ല്‍ സിദ്ദി റിലീസായി. ചിത്രം സൂപ്പര്‍ഹിറ്റായതോടെ ഹിന്ദി സിനിമാ ചരിത്രത്തിലെ ആദ്യ സൂപ്പര്‍താരമായി അദ്ദേഹം വളര്‍ന്നു. ഇപ്പോള്‍ പാക്കിസ്ഥാനിലുള്‍പ്പെട്ട ജഖര്‍ഗര്‍ തെഹ്സിലില്‍ 1923 സെപ്തംബര്‍ 26ന് ജനിച്ചു. ദേവാനന്ദിന്റെ വളര്‍ച്ചയില്‍ ഗുരുദത്തുമായുള്ള സൗഹൃദം എറെ ഗുണം ചെയ്തു. ഹം എക്ക് ഐ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ദത്തുമായി സൗഹൃദം തുടങ്ങുന്നത്. ഗുരു ദത്ത് സംവിധാനം ചെയ്ത കുറ്റാന്വേഷണ ചിത്രം ബാസി തുടര്‍ന്നുള്ള ബോളിവുഡ് സിനിമയിലെ നാഴികകല്ലായി മാറി. ബാസിയില്‍ നായികയായി അരങ്ങേറിയ കല്‍പ്പന കൗര്‍മായുള്ള ദേവാനന്ദിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ പുതിയ ജോടിയെ വീണ്ടും പരീക്ഷിക്കാന്‍ സംവിധായകര്‍ തയ്യാറായി. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ഇരുവര്‍ക്കുമിടയില്‍ ടാക്സി ഡ്രൈവര്‍ എന്ന ചിത്രം ചെയ്യുമ്പോഴേക്കും ശക്തമായ പ്രണയം രൂപപ്പെട്ടിരുന്നു. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ ഇരുവരും വിവാഹിതരായി.
പ്രണയത്തിന്റെ അപൂര്‍വ്വ നിമിഷങ്ങളില്‍ വെള്ളിത്തിരയിലേക്ക് പകര്‍ത്തിയ ദേവാനന്ദിന്റെ ജീവിതത്തില്‍ ഒരപൂര്‍വ പ്രണയത്തിന്റെ വാടാത്ത മുറിവുണ്ടായിരുന്നു. നടിയും ഗായികയുമായ സുരൈയ്യുമായുള്ള പ്രണയമായിരുന്നു അത്. 1948ല്‍ പുറത്തിറങ്ങിയ വിദ്യയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചത്. അക്കാലത്ത് ദേവാനന്ദിനേക്കാള്‍ പ്രശസ്തയായ സുരൈയ്യക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് ദേവാനന്ദിനെ സന്തുഷ്ടനാക്കി. വിദ്യയിലെ " കിനാരെ കിനാരെ ചലെ ജയേംഗി" എന്ന ഗാനം ചിത്രീകരിക്കുന്നതിനിടയില്‍ ബോട്ട് മറിഞ്ഞപ്പോള്‍ സുരൈയ്യയെ ദേവാനന്ദ് അത്ഭുതകരമായി രക്ഷപ്പെടുത്തി. ചിത്രം പൂര്‍ത്തിയാവുന്നതിനിടയില്‍ ഇരുവരിലും പ്രണയം ഉടലെടുത്തിരുന്നു. തുടര്‍ന്ന് ഏഴോളം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. സുരൈയ്യ മുസ്ലിം മതവിശ്വാസിയും ദേവാനന്ദ് ഹിന്ദു മതവിശ്വാസിയുമാണെന്നതിനാല്‍ സുരൈയ്യുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. ദൊ സിത്താരെ എന്ന ചിത്രത്തിന് ശേഷം ഇരുവൊരുമൊന്നിക്കുന്നത് വീട്ടുകര്‍ വിലക്കി. മനോഹര പ്രണയത്തിന്റെ ഓര്‍മകളില്‍ ജീവിച്ച സുരൈയ്യ മറ്റാരെയും പിന്നീട് വിവാഹം ചെയ്തില്ല. എന്നെന്നും ഒര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ദുരന്ത പ്രണയചിത്രങ്ങളും ദേവാനന്ദിന്റെതായി പുറത്ത് വന്നിട്ടുണ്ട്. കാലപാനി, പോക്കറ്റ്മാര്‍ , ബോംബൈ ക ബാബൂ, ശരാബി എന്നിവ ഉദാഹരണങ്ങളാണ്. ആര്‍ കെ നാരായണന്‍ രചിച്ച ഗൈഡ് ആണ് ആദ്ദേഹത്തിന്റെ ആദ്യ വര്‍ണ്ണ ചിത്രം. റോസിയെന്ന നര്‍ത്തകിയെ പ്രണയിക്കുന്ന ഗൈഡായി അഭിനയിച്ച പ്രണയചിത്രത്തിന് ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചു. ചിത്രത്തിന്റെ ഇംഗ്ലിഷ് പതിപ്പ് നിര്‍മ്മിച്ചത് നോബല്‍ സമ്മാനം നേടിയ പേള്‍ എസ് ബക്കുമായി ചേര്‍ന്നായിരുന്നു. 1970 ല്‍ പുറത്തിറങ്ങിയ ജോണി മേരാ നാം ആണ് നായകനായി അഭിനയിച്ച അവസാന ചിത്രം. 110 ചിത്രങ്ങളില്‍ അഭിനയിക്കുകയും, 35 സിനിമകള്‍ നിര്‍മിക്കുകയും 19 സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പത്മഭൂഷനും ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം അദ്ദേഹത്തിന്റെ സംഭാവനകളെ ആദരിച്ചു. ഇനിവരും യുവത്വത്തിനും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരായിരം വിസ്മയങ്ങള്‍ വെള്ളിത്തിരയിലവശേഷിപ്പിച്ച് ദേവാനന്ദ് ഓര്‍മയാകുന്നു. ഈ ശിശിരകാലത്തില്‍ ആസ്വാദകരെയേറെ മോഹിപ്പിച്ച പ്രണയ പുഷ്പം കൊഴിഞ്ഞു വീണിരിക്കുന്നു.
Sunday, December 4, 2011
Subscribe to:
Post Comments (Atom)
1 comment:
ഇന്ത്യന്‍ സിനിമാ ലോകത്തെ നിത്യഹരിത പ്രണയനായകന്‍ ദേവാനന്ദിന് വിട. ഇന്ത്യന്‍ സിനിമയുടെ വെള്ളിത്തിരയില്‍ പ്രണയവസന്തം വരച്ചുചേര്‍ത്ത ഗന്ധര്‍വ്വനായി അദ്ദേഹം വാഴ്ത്തപ്പെട്ടു. ജീവിതത്തെയും സിനിമയെയും പ്രണയിച്ച ദേവാനന്ദ് തന്റെ ആത്മകഥക്ക് നല്‍കിയ പേര് "റൊമാന്‍സിങ് വിത്ത് ലൈഫ്" എന്നാണ്.
Post a Comment