Tuesday, December 13, 2011

ഒടുവിലൊരു ഫയലിലേക്ക് - ഇടറി വീണ കായിക മികവുകള്‍


ട്രാക്കില്‍ ഇവര്‍ അപ്രത്യക്ഷമാകുന്നതിന്റെ കാരണം തേടിയുള്ള യാത്ര അവസാനിക്കുക കേരളത്തിലെ ഏതെങ്കിലും കുഗ്രാമങ്ങളിലെ കുടിലുകള്‍ക്ക് മുന്നിലായിരിക്കും. റെക്കോഡ് ചിരിയുടെ അറ്റം അവിടെയാണ്

പയ്യോളി എക്സ്പ്രസിനു പിന്നാലെ മറ്റൊരു എക്സ്പ്രസ് എത്തി. ഈ കൊടുങ്കാറ്റിന് കേരളത്തിന്റെ കായിക നിഘണ്ടുവില്‍ നെന്മാറ എക്സ്പ്രസ് എന്ന് പേരുവീണു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത്ലറ്റിനെ തേച്ചുമിനുക്കി ട്രാക്കിലിറക്കിയ ദ്രോണാചാര്യ ഒ എം നമ്പ്യാരുടെ ശിക്ഷണം. ഇറങ്ങിയ ട്രാക്കുകളിലെല്ലാം മെഡല്‍വേട്ട. ഭാഗ്യതാരകമെന്ന പേരുവീഴാന്‍ മറ്റൊന്നും വേണ്ടിയിരുന്നില്ല. ആപാദചൂഢം ഏകാഗ്രമാക്കി ട്രാക്ക് കീഴടക്കുമ്പോള്‍ ആര്‍ സുകുമാരിയുടെ മനസ്സില്‍ ഒന്നുമാത്രമായിരുന്നു. ഇന്ത്യക്കുവേണ്ടി ഒരു ഒളിമ്പിക്സ് മെഡല്‍ . നെന്മാറയില്‍നിന്ന് തുടങ്ങി കോഴിക്കോട് വഴി കണ്ണൂരില്‍ വീശിയടിച്ച് രാജ്യമാകെ പടര്‍ന്ന ആ കുതിപ്പിന്റെ സ്വപ്നത്തിന് പക്ഷേ, ഫിനിഷിങ് ലൈന്‍ തൊടാനായില്ല.

ഒരു ദശകത്തിലേറെക്കാലം റെക്കോഡുകള്‍ തിരുത്തിയും പുതിയവ സൃഷ്ടിച്ചും ട്രാക്കുകളില്‍നിന്നും ട്രാക്കുകളിലേക്കോടിയ സുകുമാരിയെ അന്വേഷിച്ചുചെന്നാല്‍ കേരളത്തിലെ കായികരംഗത്തിന്റെ ഭാവി വായിച്ചെടുക്കാം. ഇന്ത്യക്കു വേണ്ടിയൊരു ഒളിമ്പിക് മെഡല്‍ സ്വപ്നം കണ്ട സുകുമാരിയുടെ ഓട്ടമിപ്പോള്‍ ജീവിതത്തിന്റെ ട്രാക്കിലാണ്. പാലക്കാട് ജില്ലാ പിഎസ്സി ഓഫീസ് ജീവനക്കാരിയുടെ റോളിലാണ് ഇന്ത്യയുടെ സ്പ്രിന്റ് റാണിയാകാന്‍ കൊതിച്ച സുകുമാരിയുടെ ഓട്ടമിപ്പോള്‍ . കെ എം ഗ്രീഷ്മ, വി ഡി ഷിജില.. ..അങ്ങനെ എത്രപേര്‍!. ട്രാക്സ്യൂട്ടഴിച്ച് ഫയലുകളില്‍ മുങ്ങിപ്പോയവര്‍!
ഏഴാം ക്ലാസുവരെ നെന്മാറ ഗേള്‍സ് ഹൈസ്കൂളിലായിരുന്നു ആര്‍ സുകുമാരിയുടെ പഠനം. പത്താം ക്ലാസിലെത്തിയപ്പോള്‍ 100, 200, 400 മീറ്ററുകളില്‍ ഒന്നാമത്. പശ്ചിമ ബംഗാളില്‍ നടന്ന ദേശീയ മീറ്റില്‍ വ്യക്തിഗത ചാമ്പ്യന്‍ . പ്രീഡിഗ്രിക്കാലം തലശേരി ബ്രണ്ണന്‍ കോളേജില്‍ . തലശേരി സായിയില്‍ പരിശീലനം. ആദ്യവര്‍ഷം തന്നെ അമൃത്സറില്‍ നടന്ന ഇന്റര്‍വാഴ്സിറ്റി മീറ്റില്‍ റെക്കോഡോടെ ഇരട്ട സ്വര്‍ണം. ദേശീയ മീറ്റിലും പൊന്നണിഞ്ഞു. 99ലെ ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ പി ടി ഉഷയോടൊപ്പം മത്സരിച്ച സുകുമാരി 100, 200 മീറ്ററുകളില്‍ മൂന്നാം സ്ഥാനം നേടി.

കെ എം ഗ്രീഷ്മയെന്ന സുന്ദരിക്കുട്ടി ട്രാക്കിലിറങ്ങിയത് കാലുകളില്‍ വെടിമരുന്ന് നിറച്ചായിരുന്നു. 2001, 02, 03 വര്‍ഷങ്ങളില്‍ ഇന്‍ര്‍ര്‍ വാഴ്സിറ്റി മീറ്റുകളില്‍ 100 മീറ്ററുകളില്‍ ഒന്നാം സ്ഥാനം. 2005 ലെ ദേശീയ സീനിയര്‍ മീറ്റില്‍ വേഗമേറിയ താരം. 2004ല്‍ പാകിസ്ഥാനില്‍ നടന്ന സാഫ് ഗെയിംസില്‍ 100 മീറ്ററിലും 4-100 മീറ്റര്‍ റിലേയിലും വെള്ളിത്തിളക്കം. ഹൃസ്വദൂരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഗ്രീഷ്മ പ്രതീക്ഷയും ഉദ്വേഗവുമില്ലാത്ത ജീവിതത്തിന്റെ ട്രാക്കിലേക്ക് വഴിമാറിയത് പൊടുന്നനെയായിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ പിഎസ്സി ഓഫീസിലെ തിരക്കുകള്‍ക്കിയിലാണ് ഗ്രീഷ്മ ഓടുന്നത്.

അമേച്വര്‍ മീറ്റുകളുടെ പ്രണയിനിയായിരുന്നു വി ഡി ഷിജില. ഒപ്പം സര്‍വ്വകലാശാല മീറ്റുകളും ഷിജിലയുടെ കുതിപ്പിനുമുന്നില്‍ തലകുനിച്ചു. 2005ല്‍ ഗുണ്ടൂരില്‍ നടന്ന ഇന്റര്‍ വാഴ്സിറ്റി മീറ്റില്‍ 100, 200 മീറ്ററുകളില്‍ സ്വര്‍ണം. 2005ല്‍ സംസ്ഥാന ജൂനിയര്‍ മീറ്റില്‍ 100, 200 മീറ്ററുകളില്‍ ഒന്നാം സ്ഥാനം. പേശി വേദനചികിത്സ ഫലപ്രദമാവാത്തതിനെത്തുടര്‍ന്നാണ് ഷിജില ട്രാക്കിനോട് വിട പറഞ്ഞത്. ഇന്നും ഒരു തിരിച്ചു വരവ് ആഗ്രഹിക്കുന്ന ഷിജില കണ്ണൂര്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഓഫീസിലെ ജീവനക്കാരിയാണ്.

രണ്ടു തവണ പട്യാലയിലെ ജൂനിയര്‍ ഇന്ത്യന്‍ ക്യാമ്പില്‍ പങ്കെടുത്ത സ്നേഹറാണിക്ക് പറയാനുള്ളത് അവഗണനയുടെ കഥ മാത്രം. 1998ല്‍ 100, 200 മീറ്ററുകളില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണവും 400 മീറ്ററില്‍ ഒന്നാം സ്ഥാനവും നേടിയ സ്നേഹറാണി 96 മുതല്‍ 99 വരെ നാലു തവണ സംസ്ഥാന സ്കൂള്‍ മീറ്റില്‍ വ്യക്തിഗത ചാമ്പ്യനായി. 97ല്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റില്‍ 100, 200 മീറ്ററുകളില്‍ രണ്ടാം സ്ഥാനം. 4-400 മീറ്റര്‍ റിലേയില്‍ ഒന്നാം സ്ഥാനം. സര്‍വകലാശാല മീറ്റുകളിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയ സ്നേഹറാണിക്കും പക്ഷേ ജീവിതമെന്ന പ്രതിബന്ധത്തിനുമുന്നില്‍ കാലിടറി. പഠനകാലം കഴിയുമ്പോള്‍ മേല്‍വിലാസം നഷ്ടപ്പെടുമെന്ന തിരിച്ചറിവിനുമുന്നില്‍ പുതിയ കുപ്പായമണിയാന്‍ അവരും നിര്‍ബന്ധിതരായി. ഒരു സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നവുമായി ട്രാക്കും ആവേശവുമില്ലാത്ത ലോകത്താണിപ്പോള്‍ സ്നേഹറാണിയുടെ ഓട്ടം.

ഇവര്‍ മാത്രമായിരുന്നില്ല. കുതിപ്പുകള്‍ക്കും കിതപ്പുകള്‍ക്കുമപ്പുറം ഒട്ടേറെ വ്യക്തിമുദ്രകള്‍ . അതാണ് ഓരോ കായികമാമാങ്കവും അവശേഷിപ്പിക്കുന്നത്. സി ടി രാജി, ഷഹനാസ് സുലൈമാന്‍ , മഞ്ജിമ കുര്യാക്കോസ്, ആല്‍ഗവിന്നി.... പക്ഷേ രാകി മിനുക്കിയെടുക്കേണ്ട മൂര്‍ച്ചകള്‍ക്ക് മാറ്റുകുറയുന്നുണ്ടോ. അഞ്ചോ പത്തോ വര്‍ഷം ട്രാക്കുകള്‍ അടക്കിവാഴുന്ന നമ്മുടെ താരങ്ങള്‍ അകാലത്തില്‍ അസ്തമിക്കുന്നുവോ.

പഠനകാലം മുഴുവന്‍ ശരീരത്തിലേറ്റുവാങ്ങിയ പൊരിവെയിലിനും മഴയ്ക്കും അവരെ തളര്‍ത്താനായിരുന്നില്ല. സ്കൂളിലെയും കോളേജിലെയും വര്‍ണപ്പൊലിമകള്‍ക്കും അവരുടെ ഏകാഗ്രതയെ ഉലയ്ക്കാനായില്ല. ഫിനിഷിങ് പോയിന്റിലെ ആര്‍ത്തലയ്ക്കുന്ന ആരവങ്ങളിലായിരുന്നു അവരുടെ ശ്രദ്ധ മുഴുവന്‍ . സഹപാഠികള്‍ പരീക്ഷാഹാളില്‍ തല പുകയ്ക്കുമ്പോള്‍ അവര്‍ ഗ്രൗണ്ടില്‍ വിയര്‍ത്തു. ഷോക്കേസില്‍ മെഡലുകള്‍ നിറഞ്ഞു. വിയര്‍പ്പു പൊടിയുന്നതറിഞ്ഞിട്ടും കാലിടറി വീണിട്ടും അവര്‍ എഴുന്നേറ്റോടി. ഒടുവില്‍ .... ഫിനിഷിങ് പോയിന്റു കാണാതെ....

പി ടി ഉഷ, ഷൈനി വില്‍സന്‍ , എം ഡി വത്സമ്മ, ബോബി അലോഷ്യസ്, ഷൈനി വര്‍ഗീസ്, മേഴ്സിക്കുട്ടന്‍ , പത്മിനി തോമസ്...... ട്രാക്കിലും ഫീല്‍ഡിലും റെക്കോഡുകള്‍ വാരിക്കൂട്ടിയ നിരവധി നക്ഷത്രങ്ങള്‍ ഇവര്‍ക്കുശേഷം നമുക്ക് നഷ്ടമായി. ട്രാക്കില്‍ ഇവര്‍ അപ്രത്യക്ഷമാകുന്നതിന്റെ കാരണം തേടിയുള്ള യാത്ര അവസാനിക്കുക കേരളത്തിലെ ഏതെങ്കിലും കുഗ്രാമങ്ങളിലെ കുടിലുകള്‍ക്ക് മുന്നിലായിരിക്കും. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിക്കെട്ടാന്‍ പാടുപെടുന്ന മാതാപിതാക്കളുടെ മക്കള്‍ .

ട്രാക്കിലെ റെക്കോഡുകള്‍ തിരുത്തിയെഴുതുന്ന താരങ്ങള്‍ക്കു പിന്നെയെന്തു സംഭവിക്കുന്നുവെന്ന് നാമാരും നോക്കാറില്ല. മിക്ക താരങ്ങളും ഗത്യന്തരമില്ലാതെയാണ് ട്രാക്കു വിട്ടതെന്നു കാണാന്‍ കഴിയും. തുടര്‍ച്ചയായ പരിശീലനവും അതിനുവേണ്ട സൗകര്യങ്ങളും ഒരുക്കിയിരുന്നെങ്കില്‍ രാജ്യത്തിന്റെ കായിക ഭൂപടത്തില്‍ കേരളത്തിന് എതിരാളികളുണ്ടാവുമായിരുന്നില്ല. വാടി വീഴുന്നത് ഉണങ്ങിയ പൂക്കളല്ല. നമ്മുടെ വസന്തങ്ങള്‍ക്ക് നിറം പകരേണ്ട പുലരിത്തുടുപ്പുകളാണ്. ഏറ്റെടുക്കാന്‍ വൈകിയാല്‍ , കൈത്താങ്ങ് അകന്നാല്‍ നഷ്ടപ്പെടുന്നത് നമ്മുടെ പ്രതീക്ഷകള്‍ തന്നെയാവും.

*
എന്‍ കെ സുജിലേഷ് ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ട്രാക്കില്‍ ഇവര്‍ അപ്രത്യക്ഷമാകുന്നതിന്റെ കാരണം തേടിയുള്ള യാത്ര അവസാനിക്കുക കേരളത്തിലെ ഏതെങ്കിലും കുഗ്രാമങ്ങളിലെ കുടിലുകള്‍ക്ക് മുന്നിലായിരിക്കും. റെക്കോഡ് ചിരിയുടെ അറ്റം അവിടെയാണ്