Saturday, December 24, 2011

ഭക്ഷ്യസുരക്ഷ ഔദാര്യമല്ല

ജനങ്ങളുടെമേല്‍ അടിക്കടി കടന്നാക്രമണം നടത്തുകയാണ് യുപിഎ സര്‍ക്കാര്‍ . സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. വിലക്കയറ്റം എല്ലാ റെക്കോഡും ഭേദിച്ച് മുന്നേറുന്നു. കാര്‍ഷിക -വ്യവസായ മേഖലകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാമായിട്ടും സമ്പന്നവര്‍ഗങ്ങള്‍ക്കുവേണ്ടി പുതിയ പുതിയ നയങ്ങള്‍ രൂപീകരിക്കുകയും നടപ്പാക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ . അത്തരം നയസമീപനത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഭക്ഷ്യ സുരക്ഷാ ബില്‍ . സിപിഐ എം ആശങ്കപ്പെട്ടതുപോലെ ഭക്ഷ്യസുരക്ഷ എന്ന ആശയത്തെ പരിഹസിക്കുന്നതാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അംഗീകരിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭക്ഷ്യസുരക്ഷാബില്‍ . ഭക്ഷ്യവിതരണത്തെ നവഉദാര സാമ്പത്തിക പരിഷ്കാരവുമായി ബന്ധപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കമാണത്. ജനസംഖ്യയില്‍ മൂന്നിലൊന്നുപേരെ പൊതുവിതരണശൃംഖലയില്‍നിന്ന് ഒഴിവാക്കുകയാണ്. ജനങ്ങളെ മുന്‍ഗണന- പൊതുവിഭാഗം എന്നിങ്ങനെ തരംതിരിച്ച് 36.5 ശതമാനം ജനങ്ങളെ ഭക്ഷ്യസുരക്ഷയുടെ അര്‍ഹതാപരിധിയില്‍നിന്ന് ഒഴിവാക്കുകയാണ്. എങ്ങനെയാണ് തരംതിരിവ് എന്നുപോലും ബില്‍ വ്യക്തമാക്കുന്നില്ല. കൈയടി നേടാനുള്ള ഏതാനും പ്രഖ്യാപനങ്ങളൊഴിച്ചുനിര്‍ത്തിയാല്‍ രാജ്യത്തെ വസ്തുനിഷ്ഠ സാഹചര്യങ്ങളെ കണക്കിലെടുക്കാത്തതും ജനവിരുദ്ധവുമാണ് ബില്ലിന്റെ ഉള്ളടക്കം.

"മുന്‍ഗണനാ" വിഭാഗത്തിലെ ഓരോ കുടുംബാംഗത്തിനും കുറഞ്ഞ നിരക്കില്‍ പ്രതിമാസം ഏഴു കിലോ ഭക്ഷ്യധാന്യവും പൊതുവിഭാഗത്തില്‍ വരുന്നവര്‍ക്ക് മൂന്നു കിലോ ഭക്ഷ്യധാന്യവുമാണ് നിര്‍ദേശിക്കുന്നത്. എല്ലാ ജനവിഭാഗങ്ങള്‍ക്കും കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം ഉറപ്പുവരുത്തണം എന്നാണ് സിപിഐ എം മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന ശക്തമായ ബില്‍ വേണമെന്നാണ് രാജ്യത്താകെ ഉയരുന്ന ആവശ്യം. യുപിഎ സര്‍ക്കാരിന്റെ ശ്രദ്ധ പക്ഷേ ഭക്ഷണം കിട്ടാതെ വലയുന്ന ജനങ്ങളിലോ പോഷകാഹാരദൗര്‍ലഭ്യംമൂലം രോഗഗ്രസ്തമാകുന്ന പുതുതലമുറയിലോ അല്ല; കാര്‍ഷിക വ്യവസായികളുടെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങള്‍ക്കു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പോകുന്നത്. പരിഹാസ്യമായ ബിപിഎല്‍ മാനദണ്ഡം യുപിഎ സര്‍ക്കാരിനെതിരായി അതിശക്തമായ ജനരോഷം ഉയര്‍ത്തിയതാണ്. എന്നാല്‍ , അതില്‍നിന്ന് പാഠമുള്‍ക്കൊള്ളാതെ, ഗ്രാമങ്ങളില്‍ പരമാവധി 75 ശതമാനംപേര്‍ക്കും നഗരങ്ങളില്‍ 50 ശതമാനംപേര്‍ക്കും മാത്രമേ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ കഴിയൂ എന്ന വ്യവസ്ഥയാണ് പുതിയ ബില്ലില്‍ കൊണ്ടുവരുന്നത്. ഗ്രാമങ്ങളില്‍ കുറഞ്ഞത് 46 ശതമാനവും നഗരങ്ങളില്‍ 26 ശതമാനവും മുന്‍ഗണനാ വിഭാഗത്തില്‍ വരണമത്രേ. ഒരു ഗ്രാമത്തില്‍ എത്രപേര്‍ അര്‍ഹരാണെന്നല്ല, ഇത്രയാളുകള്‍ക്കേ അര്‍ഹതയുള്ളൂ എന്നാണ് നിബന്ധന. കാര്‍ഷിക വ്യവസായികളുടെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യമാണ് സബ്സിഡി നേരിട്ട് പണമായി നല്‍കലും ഭക്ഷ്യകൂപ്പണ്‍ സംവിധാനവും മറ്റും. ജനവിരുദ്ധമായ നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ ജനങ്ങളുടെ ഭക്ഷണ പ്രശ്നംതന്നെ ആയുധമാക്കുകയാണ് ഇവിടെ. ഭക്ഷ്യസുരക്ഷ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വേണ്ടതാണ്. അത് ഉറപ്പുവരുത്താനുതകാത്ത ഭക്ഷ്യസുരക്ഷാബില്‍ ജനങ്ങള്‍ക്ക് സ്വീകരിക്കാനാകില്ല. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ട ബില്‍ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ഇംഗിതം കണക്കിലെടുത്ത് വേണ്ട മാറ്റങ്ങളോടെ നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ അതീവ ഗുരുതരമായ പ്രതിസന്ധിയാകും ഫലം. അത് ജനങ്ങളെ തെരുവിലേക്കിറക്കും. സര്‍ക്കാരിന്റെ ഏതെങ്കിലും ഔദാര്യമല്ല, രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ അനിവാര്യമായി ലഭിക്കേണ്ട അവകാശമാണ് ഭക്ഷ്യസുരക്ഷ എന്ന് മനസ്സിലാക്കിയാല്‍ യുപിഎയ്ക്ക് നല്ലത്. മരണാനന്തര അവയവദാനം കോഴിക്കോട്ട് കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരിച്ച ബിടെക് വിദ്യാര്‍ഥി അരുണ്‍ ജോര്‍ജിന്റെ ശരീരാവയവങ്ങള്‍ അഞ്ചുപേര്‍ക്കാണ് നല്‍കിയത്. കരള്‍ ഒരാള്‍ക്കും വൃക്ക രണ്ടുപേര്‍ക്കും നല്‍കി മൂന്നുപേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കില്‍ അരുണിന്റെ കണ്ണുകളിലൂടെ രണ്ടുപേര്‍ ഇന്ന് ലോകത്തെ കാണുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ചപ്പോള്‍ മകനിലൂടെ മറ്റുള്ളവര്‍ക്ക് ജീവിതം നല്‍കാന്‍ അരുണിന്റെ മാതാപിതാക്കളായ കൂടരഞ്ഞി തറപ്പേല്‍ ജോര്‍ജും ത്രേസ്യാമ്മ ഫ്രാന്‍സിസും സന്നദ്ധരായി. സേവനസന്നദ്ധരായ ഒരുകൂട്ടം ഡോക്ടര്‍മാരുടെ സമയോചിതമായ ഇടപെടല്‍ കൂടിയായപ്പോള്‍ ഒരു ജീവന്‍ മരണാനന്തരം സാര്‍ഥകമാകുകയായിരുന്നു.

അവയവദാന പ്രക്രിയയുടെ സങ്കീര്‍ണതയും നിയമക്കുരുക്കും കാരണം നൂറുകണക്കിന് രോഗികളാണ് ഇപ്പോഴും സംസ്ഥാനത്ത് മരണത്തെ മുഖാമുഖം കണ്ടു ജീവിക്കുന്നത്. അവയവം മാറ്റിവയ്ക്കാന്‍ കഴിയാതെ മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. അവയവദാനത്തിന്റെ മറവില്‍ അവയവക്കച്ചവടം നടക്കുന്നതു തടയാനാണ് നിയമം കര്‍ശനമാക്കിയത്. ഏറ്റവും അടുത്ത ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ അവയവം ദാനം ചെയ്യുന്നതില്‍ കാര്യമായ തടസ്സമില്ല. എങ്കിലും അങ്ങനെ കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരുന്നില്ല. സന്നദ്ധ അവയവദാനത്തിനും കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരുന്നില്ല. ഇത്തരം അവസരങ്ങളിലാണ് ഇടനിലക്കാര്‍ മുഖേന കച്ചവടം നടക്കുന്നത്. ഇവിടെയാണ് മരണാനന്തര അവയവദാനത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. അപകടത്തില്‍പ്പെട്ടോ അസുഖം ബാധിച്ചോ മസ്തിഷ്ക മരണം സംഭവിച്ചാല്‍ പിന്നെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല. അത്തരം അവസരങ്ങളില്‍ വൃക്കയും കരളും കണ്ണും ഉള്‍പ്പെടെ കൈമാറുകയാണെങ്കില്‍ പലര്‍ക്കും ജീവിതം തിരിച്ചുകിട്ടും; അന്ധകാരത്തില്‍ കഴിയുന്നവരെ വെളിച്ചത്തിന്റെ ലോകത്തേക്കെത്തിക്കാനാകും. അരുണ്‍ ജോര്‍ജിന്റെ മാതാപിതാക്കള്‍ കാട്ടിയ വിശാലമനസ്കതയെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. അത് മഹത്തരമാണ് അവര്‍ ചെയ്ത നന്‍മ. അവയവദാനം ലോകത്തോട് ചെയ്യാനാകുന്ന ഉദാത്തമായ നീതിയാണ്. ഇതിനായുള്ള ബോധവല്‍ക്കരണവും പ്രചാരണവും വിപുലമായി സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 24 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...