കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളില്‍ നമുക്ക് നവോത്ഥാനത്തിന്റെ വാക്കായിരുന്നു കവിത.
"അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നുസുഖത്തിനായ് വരേണം"
എന്ന് "ആത്മോപദേശശതക"ത്തില്‍ ശ്രീനാരായണഗുരു ഉച്ചരിക്കാനിടവന്ന മനുഷ്യകവിത നമ്മുടെ നവോത്ഥാനകവിതയുടെ അടിസ്ഥാനദര്‍ശനമായി തീര്‍ന്നുവെന്ന് നിരീക്ഷിക്കാവുന്നതാണ്. (ശ്രീനാരായണഗുരു അടിസ്ഥാനപരമായി കവിയായിരുന്നു). അപരസ്വത്വത്തെ സ്വന്തം സത്തപോലെ സ്വീകരിക്കാന്‍ കഴിഞ്ഞ ഈ മാനസികാവസ്ഥയില്‍നിന്നാണ് ജാതിഭേദവും മതദ്വേഷവുമില്ലാത്ത സമൂഹം, ചൂഷണരഹിതമായ മനുഷ്യവര്‍ഗം, അപരന്റെ വാക്കുകള്‍ സംഗീതംപോലെ ആസ്വദിക്കുന്നകാലം, പരക്ലേശവിവേകത്തിന്റെ സ്വത്വബലം, ആരുമില്ലാത്തവര്‍ക്ക് തുണയാകാനുള്ള വാക്കിന്റെ കരുതല്‍ തുടങ്ങിയ ആദര്‍ശാവബോധങ്ങളിലേക്കെല്ലാം നമ്മുടെ കവിത പിടഞ്ഞുണരുന്നത്. നവോത്ഥാനകാല കാവ്യചരിത്രത്തിലെ പ്രബലകവികളെല്ലാം ഉന്നതമായ ഇത്തരം കാവ്യദര്‍ശനങ്ങളെ ജനതയുടെ കിനാവാക്കി മാറ്റിത്തീര്‍ത്തവരാണ്. ഈ കിനാവുതന്നെയാണ് വലിയ പരിവര്‍ത്തനങ്ങളുടെ ചാലകശക്തിയായത്. ജനാധിപത്യപൂര്‍ണമായ ഒരു പുതിയ ലോകത്തിലേക്ക് സഞ്ചരിക്കാനുള്ള ഇന്ധനമായി ജനത അന്ന് കവിതയെ സ്വീകരിച്ചു. ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ഒരു ജനതയുടെ ഇച്ഛാബലവും സൗന്ദര്യവും പോരാട്ടവുമായി അന്ന് കവിത ചരിത്രത്തിന്റെ മുന്നില്‍നിന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കവിതയില്‍ ഒരു രണ്ടാം നവോത്ഥാനം പിറക്കുന്നുവെന്ന അഭിലാഷ ചിന്തകൊണ്ടുതന്നെ കഴിഞ്ഞവര്‍ഷം ആനുകാലികങ്ങളില്‍ വായിച്ച ആയിരക്കണക്കായ കവിതകളില്‍നിന്ന് അഞ്ചു കവിതകള്‍ ഓര്‍മിച്ച് തെരഞ്ഞെടുക്കുമ്പോള്‍ "വിമോചനത്തിന്റെ വാക്ക്" എന്ന പരികല്‍പ്പന മാത്രമാണെന്റെ പരിഗണന. നവംബറിലെ "മാധ്യമം" ആഴ്ചപ്പതിപ്പില്‍ വായിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "യുദ്ധകാണ്ഡം" എന്ന കവിതയാണത്.
"ജീവിക്കാന്‍ സമ്മതിക്കാത്ത
നിയമം തുലയേണ്ടതാം
ജീവിക്കാന്‍ സമ്മതിക്കാത്ത
ഭരണം തകരേണ്ടതാം
എടുക്ക വില്ലും ശരവും
തോക്കും വാക്കും മനുഷ്യരേ
നഷ്ടപ്പെടാന്‍ നമുക്കുള്ള-
താര്‍ക്കും വേണ്ടാത്ത ജീവിതം"
ഇവിടെ ബാലചന്ദ്രന്‍കവിത എല്ലാ അലങ്കാരങ്ങളുമൂരിക്കളഞ്ഞ പച്ചയായ വിമോചനത്തിന്റെ വാക്കാണ്. അനുഷ്ഠുപ്പ് എന്ന പൗരാണികമായ വൈദികവൃത്തം ഉപയോഗിച്ച് സമകാലിക മനുഷ്യന്റെ നഷ്ടപ്പെടുവാനൊന്നുമില്ലാത്ത ജീവിതത്തിന്റെ ഒരു നേര്‍ചിത്രം വരയ്ക്കുകയാണ് ബാലചന്ദ്രന്‍ . വാക്ക് ഇവിടെ "ചെന്നിണമോലുന്ന വാളുപോലുള്ള തീനാളം" തന്നെയാകുന്നു. "ഉണ്ണാനില്ലാതെ ചാവുന്നോര്‍ ഉണ്ണാവ്രതമെടുക്കണോ?" എന്നു ചോദിച്ചുപോകുന്ന ക്ഷുഭിതയൗവനങ്ങളുടെ ഗര്‍ജനം ഇന്നും ബാലചന്ദ്രന്റെ വാക്കുകളില്‍നിന്നൊഴിഞ്ഞുപോയിട്ടില്ല. ഇടക്കാലത്തുവന്നുപെട്ട ചില മങ്ങൂഴങ്ങളില്‍നിന്ന് പുറത്തുകടന്ന് വാക്കിന്റെ സൂര്യന്‍ ആയുധമണിയുന്നതാണ് നാമിവിടെ വായിക്കുന്നത്. ലാഭക്കൊതിയും ദുരയും അഹങ്കാരവും ഹിംസയും മാത്രം കൈമുതലാക്കി മുന്നേറുന്ന ആധുനിക മുതലാളിത്തത്തിന്റെ നൃശംസതയ്ക്കുനേര്‍ക്ക് ആയുധമെടുക്കാന്‍ അടിസ്ഥാനജനതയോട് ആഹ്വാനംചെയ്യുന്ന ഈ കാവ്യനീതിയില്‍ "ക്രൂരത്വത്താലുയര്‍ത്തപ്പെടുക ഹൃദയമേ പിന്നെയും പിന്നെയും നീ" എന്നു കുറിച്ച ഇടശ്ശേരിയുടെ (കവിത: മാപ്പില്ല) ആശിസ്സുണ്ട്. "അത്ര മഹാത്മാര്‍ക്കേ ഭൂതദയയില്‍നിന്നിത്തരമുണ്ടാവൂ നിര്‍ഭയത്വം" എന്ന വൈലോപ്പിള്ളിയുടെ ഹൃദയാലുത്വവുമുണ്ട്.
ഒക്ടോബര്‍ 28ന്റെ "സമകാലിക മലയാളം" വാരികയില്‍വന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ഒരു കവിതയുണ്ട്. "ശേഷം ചരിത്രത്തിന്". തന്റെ എല്ലാ പതിവുശീലങ്ങളില്‍നിന്നും സ്വയം വിമോചിതനായി വിഷ്ണുനാരായണന്‍ നമ്പൂതിരിയും അലങ്കാരങ്ങളൊന്നുമില്ലാതെ മനുഷ്യന്റെ പോരാളിയായി പച്ചയ്ക്കു വെളിപ്പെടുന്നു; വൃത്തനിഷ്ഠപോലുമില്ലാതെ.
"ലാസ 2008
തീയതി ഓര്‍മയില്ല
മഞ്ഞപ്പുലികളുടെ പടനിരയിലേക്ക്
ഒരു ചെറുപ്പക്കാരന്‍ നിവര്‍ന്നു നടന്നുചെന്നു"
വെടിവച്ചാല്‍ വീഴാത്ത, അടിച്ചുടച്ചാല്‍ തകരാത്ത മജ്ജയും മാംസവുമല്ലാത്ത ദുര്‍ജയ നൂതന മനുഷ്യബലമാണ് ചെറുപ്പക്കാരനായ ഈ സഹനഭടന്‍ . ഈ പോരാളി പക്ഷേ ആയുധമുപേക്ഷിച്ചവനാണ്. തകര്‍ക്കാന്‍ കഴിയാത്ത ആത്മബലം മാത്രമാണ് ഈ ലാമയുടെ ആയുധം. തിനയും കിഴങ്ങും കൃഷിചെയ്ത് ആടും മാടും മേയ്ച്ച് കൃഷിചെയ്ത് ജീവിച്ചിരുന്ന ലക്ഷം സാധുക്കളെ ലാസയില്‍നിന്ന് ആട്ടിയോടിക്കുകയും അനേകായിരങ്ങളെ കൊന്നൊടുക്കുകയും ചെയ്ത അധിനിവേശ നൃശംസതയ്ക്കെതിരെതന്നെയാണ് നിരായുധനായ ഈ പോരാളിയും നടന്നുചെല്ലുന്നത്.
ഒന്നേയുള്ളൂ അപേക്ഷ
"എന്നെ വെടിവെച്ചിടൂ"
കൊന്നാലും താന്‍ വീണ്ടും എഴുന്നേറ്റുവരുമെന്ന് ലാമ സംശയലേശമെന്യേ പ്രഖ്യാപിക്കുന്നു:
"അന്നും എന്നെ വെടിവെച്ചിടണം
ലാസയുടെ മോചനംവരെ
ഇതു തുടരണം"
ഇത് വിമോചനത്തിനുവേണ്ടി സമര്‍പ്പിക്കപ്പെടുന്ന മരിക്കാത്ത മര്‍ത്യതയിലുള്ള വിശ്വാസമാണ്. മരണത്തിന്റെ പിടിയില്‍പോലും ഇവിടെ സമരമാണ്. മറ്റുള്ളവര്‍ക്കുവേണ്ടി ബലിയാകുന്നവരുടെ ചോരയുടെ സത്യം ആയിരംതവണ കൊന്നാലും വീണ്ടും വീണ്ടുമുയിര്‍ക്കുന്ന ഈ രക്തസാക്ഷിത്വത്തിന്റെ പ്രത്യാശ ഇന്ന് കാലം കവിയില്‍നിന്നു കേള്‍ക്കുന്നതാണ്.
മെയ് 29ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ദാരുണപ്രതീകമായ തലചീര്‍ത്തു നിലവിളിക്കുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ ചിത്രം ശീര്‍ഷകമാക്കി സുഗതകുമാരി എഴുതിയ ഒരു കവിതയുണ്ട്:
"നിനക്കായ് തങ്കമേ
ചുരന്നൊലിക്കുമെന്‍
മുലപ്പാലും നഞ്ഞുചുവയ്ക്കും
ചൂടാണ്"
ഇത് ലോകത്തിലെ പെറ്റ മാതാക്കളുടെ മുഴുവന്‍ നിലവിളിയാണ്. കുറഞ്ഞ വരികളില്‍ കുറിക്കപ്പെട്ട ഈ കവിതയുണ്ടാക്കുന്ന ആഘാതം ചെറുതല്ല. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് ആയിരക്കണക്കിന് പേജുകളില്‍ ഉപന്യസിച്ചാല്‍ കിട്ടാത്ത തീവ്രഹൃദയവേദന ഈ വരികള്‍ നമ്മെ അനുഭവിപ്പിക്കുന്നു. "ആരുടെ ദുരയാണ് പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളില്‍പ്പോലും വിഷവും ദുരന്തവും വിതയ്ക്കുന്നത്?"
അമ്മമാര്‍ നിലവിളികളോടെ ചോദിച്ചുകൊണ്ടേയിരിക്കുന്നു.
ഈ അമ്മമാരുടെ നിലവിളി നിലയ്ക്കാത്തിടത്തോളം മനുഷ്യന് അത്യന്തിക വിമോചനമില്ല എന്ന് സുഗതകുമാരി പൊള്ളിക്കുന്ന വാക്കുകളില്‍ ഹൃദയം കത്തിച്ചുകുറിക്കുകയാണിവിടെ.
2011 മെയ് ലക്കത്തിലെ "സമയം" മാസികയില്‍ ഡി വിനയചന്ദ്രന്‍ എഴുതിയ "ദശമം" എന്ന കവിത ഒരു കാവ്യോപന്യാസമാണ്. കുറെ ഭാഗം അയഞ്ഞ ഗദ്യത്തിലും കുറെ ഭാഗം മുറുകിയ താളത്തിലുമെഴുതപ്പെട്ട ഈ ദീര്‍ഘകവിതയില്‍ ഡി വിനയചന്ദ്രന്‍ മുമ്പ് മലയാളം സഞ്ചരിച്ചിട്ടില്ലാത്ത ചില മൗലിക കാര്യമാര്‍ഗങ്ങള്‍ കാണിച്ചുതരുന്നു.
"ബ്ലോഗ് കവിത വായിച്ച്
കോരിത്തരിക്കുന്ന കോളകളേ
ഇപ്പോഴും ഇടം വേണ്ട
ചിലരെങ്കിലും ഉണ്ട്"
എന്ന് പുതുകവിത ചില സ്വകാര്യ ഇടങ്ങളോട് കലഹിച്ചുകൊണ്ട് കവിയുടെ ഏകാകിത ദുഃഖിതരുടെ പൊതുസ്ഥലമാണെന്ന് വിനയചന്ദ്രന്‍ ഉപദര്‍ശിക്കുന്നു.
"വേര്‍പാടത്രയ്ക്കു ദുഃഖമാം
ദുഃഖമത്രയ്ക്കധൃഷ്ട്യമാം
എങ്കിലും മല കേറുന്നൂ
പ്രേമദീക്ഷിതമാനസം"
എന്ന് മനുഷ്യന്റെ മഹായാത്രക്കഥ കുറിക്കുമ്പോള്‍ അയാള്‍ ഒരിക്കലും ഒറ്റയ്ക്കല്ല എന്നു കവി അറിയുന്നു. "നരജന്മം താഴ്വരയിലേക്കും തിരസ്കരണത്തിലേക്കും ഇറങ്ങിപ്പോയേ തീരൂ" എന്നുകൂടി എഴുതുമ്പോള്‍ ജീവിതാന്വേഷണങ്ങളില്‍നിന്നുതന്നെ രൂപപ്പെടുന്ന പ്രകൃതിയുടെ ആത്മീയത അസാധാരണമായ ഒരു വെളിപാടായി കവിതയില്‍ രൂപപ്പെടുന്നു.
"കടല്‍ പറഞ്ഞു:
അത്രത്തോളം സ്നേഹിക്കരുത്
എന്നില്‍ നീ ഇറങ്ങിനില്‍ക്കുമ്പോള്‍
സൗരയൂഥത്തിന്റെ പരിഭ്രമംആണ്
നിന്നെ നനയ്ക്കുന്നത്"
പ്രപഞ്ച പദാര്‍ഥവും താനും ഒന്നാണെന്നറിയുന്ന ഈ മഹാതീര്‍ഥാടനം ജീവിതത്തിനു പുറത്തുള്ള ആത്മീയതയെയല്ല, ആത്യന്തികവസ്തുസ്ഥിതിയാഥാര്‍ഥ്യത്തിന്റെ ഭൗതികയാത്രയെത്തന്നെയാണ് വിമോചനമായി സ്വീകരിക്കുന്നത്. ഭൂമിയില്‍നിന്ന് ജനകന് സീതയെ ലഭിച്ചതുപോലെ പുല്‍മേട്ടില്‍നിന്ന് ഒരു പുതിയ വാക്കു ലഭിച്ചിരുന്നെങ്കില്‍ എന്നാണ് ഇവിടെ കവിയുടെ യാത്രകളുടെ പ്രാര്‍ഥന. മലയാളത്തിന് തീര്‍ത്തും നവീനമായ ഒരനുഭവമാണ് വിനയചന്ദ്രന്റെ ഈ കവിത.
2011 ജനുവരി 2ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സച്ചിദാനന്ദന്‍ എഴുതിയ ഒരു കവിതയുണ്ട്- "മണ്ണു തിന്നുന്നവന്‍". വിശപ്പും വിപ്ലവവും തമ്മിലുള്ള അഗാധമായ പാരസ്പര്യം ഇത്രയേറെ ധ്വന്യാത്മകമായി ആവിഷ്കരിച്ച ഒരു കവിത അടുത്തൊന്നും വേറെ വായിക്കാനിടവന്നിട്ടില്ല. കവിതയ്ക്കുമാത്രം സാധ്യമാകുന്ന ഭാഷയില്‍ അധികാരം, അധിനിവേശം, ധനാധിപത്യം, പ്രതിരോധം, തടവറ, രക്തസാക്ഷിത്വം, അതിജീവിനം തുടങ്ങി മനുഷ്യവര്‍ഗം ഇന്നോളം കടന്നുവന്ന വിമോചനചരിത്രത്തിന്റെ പടവുകളെയെല്ലാം അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്നു ഈ കവിത. ഏറ്റവും കുറഞ്ഞ വരികളില്‍ നേര്‍ക്കുനേര്‍ സംവേദനം ചെയ്യുന്ന വരികള്‍ ; പക്ഷേ, വാക്കിന്റെ ഓരോ സൂചനയിലും വര്‍ഗചരിത്രത്തിന്റെ ആയിരമായിരം അടരുകള്‍ . ഒന്നും തിന്നാനില്ലാതായപ്പോള്‍ മണ്ണുതിന്ന കറുത്തകുട്ടി എന്ന രൂപകം തൊട്ട് വായിലിട്ടുകൊടുക്കാന്‍ ഒരു പിടി വറ്റില്ലാത്തതിനാല്‍ തുറന്നവായില്‍ തെളിഞ്ഞ മൂന്നുലോകങ്ങളിലെ ഭീകരതകണ്ട് വായ് മൂടുവാന്‍ അലറുന്ന അമ്മവരെ അടിമകളുടെ അവസാനിക്കാത്ത ചരിത്രം.
"പിന്നീട് അവരെ കണ്ടത്
തടവറയുടെ തണുത്ത നിലത്തായിരുന്നു
ഉരുട്ടി കൊല്ലപ്പെട്ട രണ്ട്
ഒളിപ്പോരാളികള്‍".
ഇവിടെയാണ് കവിത വിസ്ഫോടനാത്മകമായി മനുഷ്യേച്ഛയ്ക്കുമാത്രം തുറക്കാവുന്ന തടവറകളുടെ താക്കോല്‍ കണ്ടെത്തുന്നത്. "നഷ്ടപ്പെടാന്‍ നമുക്കുള്ള, താര്‍ക്കും വേണ്ടാത്ത ജീവിതം" എന്ന തുടക്കത്തിലുദ്ധരിച്ച ബാലചന്ദ്രന്റെ വരികളോട് ഈ ഒളിപ്പോരാളികളെ ചേര്‍ത്തുവച്ചാല്‍ വിമോചനത്തിന്റെ ശരിയായ വാതില്‍ തെളിയും. അതുമാത്രമേയുള്ളൂ വഴി.
ഇത്രയും വ്യക്തതയോടെയും എന്നാല്‍ , സ്നേഹപൂര്‍ണമായ മാനസികവിശ്വാസത്തോടെയും വിമോചനത്തിന്റെ വാക്കുച്ചരിക്കുവാന്‍ കവിതയ്ക്കുമാത്രമേ കഴിയൂ.
ഉത്തരാധുനിക കാവ്യ-കലാ സിദ്ധാന്തങ്ങളിലൂടെ നമ്മുടെ സാംസ്കാരികമണ്ഡലത്തിലേക്ക് ഒളിച്ചുകടത്തപ്പെടുന്ന അധിനിവേശത്തിന്റെ ആശയപ്രചാരണങ്ങളെയെല്ലാം നമ്മുടെ നല്ല കവികള്‍ തള്ളിക്കളഞ്ഞിരിക്കുന്നു എന്നതിന് സാക്ഷ്യമായി ഈ അഞ്ചു കവിതകള്‍ പ്രാതിനിധ്യരൂപത്തില്‍ തെരഞ്ഞെടുക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കവിതകളില്‍നിന്നുതന്നെ ഇനിയും എത്രയോകവിതകള്‍ ഉദാഹരിക്കുവാനുണ്ട്.
കവിത നമുക്കിപ്പോഴും പ്രത്യാശതന്നെയാണ്. കാരണം കവിത ആത്യന്തികമായി എന്നും സ്വാതന്ത്ര്യത്തിന്റെ പക്ഷത്താണ്. സമൂഹത്തില്‍ സാക്ഷാല്‍ക്കരിക്കാത്തിടത്തോളം കാലം സ്വാതന്ത്ര്യം ഓരോ കവിക്കും അര്‍ഥശൂന്യമായ യശഃപ്രാര്‍ഥന മാത്രമേ ആവുകയുള്ളൂ. വ്യക്തിപരമായ മോക്ഷത്തിന്റെ സാമൂഹ്യവല്‍ക്കരണമാണ് കവിത എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കാവ്യശില്‍പ്പം ഒരു വാഹനം മാത്രമാണ്. ലോകത്തിന്റെ ദുഃഖത്തോടും സ്നേഹരാഹിത്യത്തോടും സംഘര്‍ഷങ്ങളോടും പ്രതികരിക്കാന്‍ സ്വന്തം ഹൃദയം വെട്ടിപ്പിളര്‍ന്നവന്റെ രക്തമായിപ്പോലും കവിത നമ്മെ മോചിപ്പിച്ചു എന്നുവരും. കവിതയുടെ ആത്മബലിയാണ് അപ്പോള്‍ കവിത. വാക്കിന്റെ ആ വലിയ വിമോചനജാഗ്രത മലയാളകവിത ഇന്നും പണയപ്പെടുത്തിയിട്ടില്ല.
*
ആലങ്കോട് ലീലാകൃഷ്ണന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 18 ഡിസംബര്‍ 2011
Sunday, December 18, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment