Wednesday, December 7, 2011

പുടിന് തിരിച്ചടി; കമ്യൂണിസ്റ്റ് മുന്നേറ്റം

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച ബോറിസ് യെല്‍ട്സിനുശേഷം റഷ്യയെ ലോകത്ത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആദ്യം പ്രസിഡന്റ് എന്ന നിലയിലും രണ്ട് ഊഴം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി എന്ന നിലയിലും വ്ളാദിമിര്‍ പുടിന്‍ വഹിച്ച പങ്ക് അദ്ദേഹത്തെ റഷ്യന്‍ ജനതയുടെ കണ്ണില്‍ വീരപുരുഷനാക്കി. ഇപ്പോഴത്തെ പ്രസിഡന്റ് ദിമിത്രി മെദ്വെദേവ് രണ്ടാംനിരക്കാരനാണ്. മാര്‍ച്ചില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വീണ്ടും പ്രസിഡന്റ് പദവിയിലെത്താമെന്നായിരുന്നു പുടിന്റെ പ്രതീക്ഷ.

തട്ടിപ്പുകാരും തസ്കരന്മാരും

കഴിഞ്ഞ ഞായറാഴ്ച റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ഡ്യൂമയിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പുടിന്റെ യൂണൈറ്റഡ് റഷ്യ പാര്‍ടി പ്രതീക്ഷിച്ചിരുന്നതുപോലെ ഭൂരിപക്ഷം കിട്ടിയില്ല. മൊത്തം 450 അംഗസംഖ്യയുള്ള ഡ്യൂമയില്‍ പുടിന്റെ പാര്‍ടിക്ക് 49.54 ശതമാനം വോട്ട് നേടി തൃപ്തിപ്പെടേണ്ടി വന്നു. നാലു കൊല്ലംമുമ്പ് 64.3 ശതമാനം ആയിരുന്നതാണ് ഇപ്പോള്‍ 49.54 ശതമാനം ആയി കുറഞ്ഞത്. അതായത്, 315 സീറ്റുണ്ടായിരുന്ന പുടിന്റെ കക്ഷിക്ക് ഇപ്പോള്‍ 238 സീറ്റ് മാത്രമാണ് ലഭിച്ചത്. ഭരണഘടനാഭേദഗതിക്ക് ആവശ്യമായ വോട്ടുകള്‍ ലഭിക്കാത്തതിനാല്‍ പുടിന് ആ വഴിക്ക് കടന്നുകൂടാന്‍ സാധ്യമല്ല.

പുടിനുണ്ടായ തിരിച്ചടിക്ക് രണ്ട് കാരണമുണ്ടെന്നു തോന്നുന്നു. ഒന്ന് പുടിന്റെ യുണൈറ്റഡ് റഷ്യ എന്ന പാര്‍ടി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. തട്ടിപ്പുകാരുടെയും തസ്കരന്മാരുടെയും പാര്‍ടി എന്ന നിലയിലാണ് അതിനെ ജനങ്ങള്‍ ഇപ്പോള്‍ കാണുന്നത്. രണ്ടാമത്തെ കാരണം ലോകത്തെയാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്തക്കുഴപ്പവും അതിനെതിരെ ഉയര്‍ന്നുവരുന്ന സോഷ്യലിസ്റ്റ്-ഇടതുപക്ഷ മുന്നേറ്റവുമാണ്. റഷ്യന്‍ തെരഞ്ഞെടുപ്പില്‍ പുടിന്റെ തിരിച്ചടിയില്‍ പ്രതിഫലിക്കുന്നതും അതാണ്. ഗെന്നഡി സ്യുഗാനോവിന്റെ നേതൃത്വത്തില്‍ മത്സരിച്ച കമ്യൂണിസ്റ്റ് പാര്‍ടിയുടെ വോട്ട് 12 ശതമാനത്തില്‍ നിന്ന് 19 ആയി ഉയര്‍ന്നു. മിതവാദി കക്ഷിയായ സെര്‍ജി മിറോനോവ് നയിക്കുന്ന ജസ്റ്റ് റഷ്യ 13.22 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. നാലാം സ്ഥാനത്തുള്ള തീവ്രദേശീയവാദിയായ വ്ളാദിമിര്‍ ഷിറിനോവ്സ്കിയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടി 11.66 ശതമാനം വോട്ട് നേടി. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് റഷ്യയിലെ മാറ്റങ്ങള്‍ പൊതുവെ വലതുപക്ഷത്തേക്കല്ല എന്നുതന്നെയാണ്.

റഷ്യന്‍ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ ഇന്ത്യയില്‍നിന്ന് പോയ മുഖ്യ തെരഞ്ഞെടുപ്പു കമീഷണര്‍ എസ് വൈ ഖുറേഷി തെരഞ്ഞെടുപ്പ് പൊതുവെ സ്വതന്ത്രവും നീതിയുക്തവുമായിരുന്നതാണെന്ന് പ്രഖ്യാപിച്ചതായി കാണുന്നു. എന്നാല്‍ , മറ്റ് നിരീക്ഷകരാരും ഖുറേഷിയോട് യോജിക്കുന്നില്ല. നാലു പതിറ്റാണ്ടുമുമ്പ് സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ നേതൃത്വത്തില്‍ പശ്ചിമ ബംഗാളില്‍ അരങ്ങേറിയതുപോലെ വ്യാപകമായ അഴിമതിയും കള്ളവോട്ടും ഭരണയന്ത്രം ദുരുപയോഗവും നടന്നതായി മറ്റ് നിരീക്ഷകരെല്ലാം സാക്ഷ്യപ്പെടുത്തുന്നു.

മാറ്റത്തിനുവേണ്ടി

ഡ്യൂമയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ അംഗസംഖ്യ 92 ആയി ഉയര്‍ന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 60 ശതമാനം കൂടുതലാണിത്. 2008ല്‍ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക കുഴപ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ റഷ്യയെയും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുടിന്‍ ഉള്‍പ്പെട്ട ചില കമ്യൂണിസ്റ്റ് ഇതര നേതാക്കള്‍പോലും ജനസ്വാധീനം വര്‍ധിപ്പിക്കാന്‍വേണ്ടി പഴയ സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ ഖേദം പ്രകടിപ്പിക്കാറുണ്ട്. അതൊരു അധരസേവയായിരിക്കാം. എങ്കിലും ജനവികാരത്തിന്റെ പ്രതിഫലനം ഈ ഖേദപ്രകടനത്തില്‍ കാണാന്‍ കഴിയും. റഷ്യയിലെ മാറ്റങ്ങള്‍ ലോകത്തിലാകെ കണ്ടുവരുന്ന പോരാട്ടങ്ങളുടെയും മാറ്റങ്ങളുടെയും പ്രതിധ്വനിയാണ്. ഗ്രീസില്‍ ഏതാനും മാസത്തെ പ്രക്ഷോഭങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ രാജിവച്ച് ഇടക്കാല സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇറ്റലിയില്‍ മാധ്യമകോടീശ്വരനായ സില്‍വിയോ ബെര്‍ലുസ്കോണി ജനകീയ പ്രക്ഷോഭത്തെതുടര്‍ന്ന് രാജിവച്ചു. ഫ്രാന്‍സില്‍ പ്രസിഡന്റ് നിക്കോളോ സര്‍ക്കോസിയും ബ്രിട്ടനില്‍ ഭരണകക്ഷിയായ ടോറികളും വരുന്ന വര്‍ഷം ആദ്യം നടക്കുന്ന പൊതുതെരഞ്ഞടുപ്പില്‍ മലര്‍ന്ന് വീഴുമെന്നാണ് പൊതുവെ രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.

അമേരിക്കന്‍ അര്‍ധഗോളത്തില്‍ അമേരിക്കന്‍ ഐക്യനാടിനെയും കനഡയെയും ഒഴിച്ചുനിര്‍ത്തിയാല്‍ അവശേഷിച്ച 33 രാഷ്ട്രങ്ങള്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ സമരരംഗത്താണ്. അമേരിക്കയില്‍ ജനങ്ങള്‍ വാള്‍സ്ട്രീറ്റിനും മറ്റ് മുതലാളിത്ത സ്ഥാപനങ്ങള്‍ക്കുമെതിരെ പോരാട്ടത്തിലാണ്. അതിനെ അടിച്ചമര്‍ത്താനായി പുരോഗമനവാദി എന്നു നടിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പൗരാവകാശങ്ങളെയെല്ലാം കാറ്റില്‍പറത്തി അറസ്റ്റും കള്ളക്കേസുകളുംകൊണ്ട് പ്രക്ഷോഭത്തെ നേരിടുകയാണ്. ഇതിന്റെ മറ്റൊരു മുഖമാണ് അറബ് വസന്തം എന്ന പേരിലറിയപ്പെടുന്ന അറബ് രാജ്യങ്ങളിലെ ജനാധിപത്യ സമരങ്ങള്‍ . ഈ സംഭവങ്ങളുടെ റഷ്യന്‍പതിപ്പാണ് മേല്‍ വിവരിച്ച തെരഞ്ഞെടുപ്പിലും മറ്റും കാണാന്‍ കഴിയുന്നത്. ഇപ്പോള്‍ നടന്ന റഷ്യയിലെ തെരഞ്ഞെടുപ്പ് വരാന്‍ പോകുന്ന വലിയ മാറ്റങ്ങളുടെ സൂചനമാത്രമാണ്. വിമോചനപോരാട്ടങ്ങളുടെയും മുതലാളിത്ത പ്രതിസന്ധിയുടെയും നേര്‍ക്കുള്ള ചൂണ്ടുപലകയാണ് പൊതുവെ നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്. ഇതില്‍നിന്നൊന്നും പാഠങ്ങള്‍ പഠിക്കാത്ത ഇന്ത്യയിലെ യുപിഎ സര്‍ക്കാരും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും സാമ്രാജ്യത്വത്തിന് കൂടുതല്‍ കൂടുതല്‍ വിധേയരാവുകയും വിദേശ കുത്തക മുതലാളിമാര്‍ക്ക് ഇന്ത്യയെ അടിയറവയ്ക്കുകയുമാണ് ചെയ്യുന്നത്. ചില്ലറ വില്‍പ്പനരംഗത്ത് വിദേശികള്‍ക്ക് കടന്നുകയറാന്‍ മന്‍മോഹന്‍ സിങ് മലര്‍ക്കെ വഴി തുറന്ന് കൊടുത്തിരിക്കുന്നത് ഇപ്പോള്‍ തല്‍ക്കാലം മരവിപ്പിക്കേണ്ടിവന്നിരിക്കുന്നു. വരാനിരിക്കുന്ന പല പരാജയങ്ങളുടെയും മരവിപ്പിക്കലുകളുടെയും തുടക്കമാണിത്. യുപിഎയിലെ വിള്ളലുകള്‍ വര്‍ധിക്കുന്നതും ഇതില്‍ കാണാം.

*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി 07 ഡിസംബര്‍ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച ബോറിസ് യെല്‍ട്സിനുശേഷം റഷ്യയെ ലോകത്ത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആദ്യം പ്രസിഡന്റ് എന്ന നിലയിലും രണ്ട് ഊഴം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി എന്ന നിലയിലും വ്ളാദിമിര്‍ പുടിന്‍ വഹിച്ച പങ്ക് അദ്ദേഹത്തെ റഷ്യന്‍ ജനതയുടെ കണ്ണില്‍ വീരപുരുഷനാക്കി. ഇപ്പോഴത്തെ പ്രസിഡന്റ് ദിമിത്രി മെദ്വെദേവ് രണ്ടാംനിരക്കാരനാണ്. മാര്‍ച്ചില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വീണ്ടും പ്രസിഡന്റ് പദവിയിലെത്താമെന്നായിരുന്നു പുടിന്റെ പ്രതീക്ഷ.

മലമൂട്ടില്‍ മത്തായി said...

The reports of a communist re-birth is highly exaggerated. As you see, having 92 members in a 450 seat Duma does not guarantee much power for the reds. All that can be said is that they are in a better shape than the Communist party members of the Indian parliament where the Reds are in a much worse condition.

Tories and the Liberal Democrats (who BTW is supposed to be on the left side of even the Labor party) came in after displacing the supposedly socialist Labor party. So far, the UK does not like they are going in for a general election in 2012. Elections held after the financial meltdown of 2008 in general replaced existing socialist governments with right wing folks. e.g - Spain, the UK, Ireland. All of these countries went in for brutal rounds of cost cutting rather than Keynisian spending by the Government. So much for the Red revival.

About the Arab spring - looks like this will be a long winter for the Arab civil liberties esp after seeing the ultra conservative mullahs sweeping the elections in Tunisia and Egypt. Or is it that the communists of India consider the mad mullahs as their comrades-in-arms? Not that the Arab spring was inherently bad. All I am saying is that it will be some time before the Arab world will become democratic countries with rock solid civil liberties.

About the revival of communism - let it get out from six feet under and then we will talk about reviving it.