Saturday, December 31, 2011

പിഎസ്സിക്കെതിരെ ഭീഷണിയോ?

ഭരണഘടനാസ്ഥാപനമായ പബ്ലിക് സര്‍വീസ് കമീഷനെ ഭീഷണിപ്പെടുത്തി കാല്‍ക്കീഴിലാക്കാന്‍ മുഖ്യമന്ത്രിതന്നെ മുതിര്‍ന്നിരിക്കുന്നുവെന്നത് ഉല്‍ക്കണ്ഠാജനകമായ കാര്യമാണ്. നിയമന-സേവനകാര്യങ്ങളിലും മറ്റും സര്‍ക്കാരിനെ ഉപദേശിക്കാനുള്ള സ്ഥാപനമാണ് പിഎസ്സി. സര്‍ക്കാരിന്റെ ആജ്ഞപ്രകാരം പ്രവര്‍ത്തിക്കാനുള്ളതല്ല. അടിസ്ഥാനപരമായ ഈ ഭരണഘടനാജ്ഞാനമെങ്കിലുമുള്ള ഒരു മുഖ്യമന്ത്രി പിഎസ്സിക്കെതിരെ അനുചിതമായ വാക്കുകള്‍ ഉപയോഗിക്കില്ല; രാഷ്ട്രീയപ്രേരിതമാണ് പിഎസ്സിയുടെ നിലപാടെന്ന് ആക്ഷേപിക്കാന്‍ മുതിരില്ല. അരനൂറ്റാണ്ടുകാലത്തെ നീതിനിഷ്ഠമായ പ്രവര്‍ത്തനപശ്ചാത്തലം മുന്‍നിര്‍ത്തി പിഎസ്സി നേടിയെടുത്ത വിശ്വാസ്യതയെ തകര്‍ക്കാനുള്ള ശ്രമമാണിത്. ഒരു ഭരണഘടനാസ്ഥാപനത്തെ തകര്‍ക്കാനുള്ള നീക്കമാണിത്. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം രണ്ടുതവണ പിഎസ്സി റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടി. ഈ ഘട്ടത്തിലൊന്നും ലിസ്റ്റില്‍പെട്ട ഒരാളെപ്പോലും നിയമിക്കാതിരുന്നിട്ട് തൊഴില്‍തേടുന്നവരുടെ താല്‍പ്പര്യത്തെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നത് കാപട്യമാണ്.

വീണ്ടും കാലാവധി നീട്ടിയാലെന്താണെന്ന് നിഷ്കളങ്കമായി ചോദിക്കുന്നവരുണ്ടാവാം. അനിശ്ചിതമായി കാലാവധി നീട്ടുന്നതിനെതിരെ കോടതി ഉത്തരവുകള്‍തന്നെ നിലവിലുണ്ട്. ഹൈക്കോടതിയും സുപ്രീംകോടതിയും അതിനെ വിലക്കിയിട്ടുണ്ട്. അതിന് കാരണവുമുണ്ട്. അപേക്ഷ ക്ഷണിച്ച് റാങ്ക്ലിസ്റ്റ് രൂപപ്പെടുത്താന്‍ മൂന്നുവര്‍ഷമെങ്കിലുമെടുക്കും. ആ ലിസ്റ്റ് മൂന്നുവര്‍ഷംവരെ സാധുതയോടെ നീളും. പിന്നീടും ഒന്നരവര്‍ഷത്തേക്ക് നീട്ടുന്നു എന്നുവയ്ക്കുക. ഏഴരവര്‍ഷം അപേക്ഷപോലും അയക്കാന്‍ കഴിയാതെ പുറത്ത് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ അലയുക എന്നതാവും അതിന്റെ ഫലം. അത് അവരോടുള്ള നീതിനിഷേധമാണ്. പ്രായപരിധി കടന്നുപോകുന്ന ലക്ഷക്കണക്കായ ഉദ്യോഗാര്‍ഥികളുടെ താല്‍പ്പര്യംകൂടി മുന്‍നിര്‍ത്തിയാണ് അനിശ്ചിതമായി റാങ്ക്ലിസ്റ്റ് കാലാവധി നീട്ടുന്നതിനെ കോടതി വിലക്കിയത്. റിസര്‍വോയര്‍പോലെ ഉപയോഗിക്കാനുള്ളതല്ല റാങ്ക്ലിസ്റ്റ് എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഇങ്ങനെ പറയുന്നതിന് മറ്റൊരു കാരണംകൂടിയുണ്ട്. ഗുണഭോക്താവ് അറിയാതെയാണ് പിഎസ്സി റാങ്ക്ലിസ്റ്റ് ഉണ്ടാക്കുന്നത്. ആ ലിസ്റ്റ് അനിശ്ചിതകാലത്തേക്ക് നീണ്ടാല്‍ അതില്‍നിന്നുള്ള നിയമിക്കലിനുപിന്നില്‍ അഴിമതിയുണ്ടാവാം. ആ സാധ്യതകള്‍കൂടി അടച്ചുകളയാനാണ് കാലാവധി നിജപ്പെടുത്തുന്നതും അനിശ്ചിതമായ കാലാവധിനീട്ടല്‍ അനുവദിക്കാതിരിക്കുന്നതും.

സഹകരണസ്ഥാപനങ്ങളെമുതല്‍ സര്‍വകലാശാല സിന്‍ഡിക്കറ്റുകളെവരെ ജനാധിപത്യസ്വഭാവവും സ്വതന്ത്രാധികാരങ്ങളും തകര്‍ത്ത് രാഷ്ട്രീയമായി കീഴ്മേല്‍മറിക്കുന്ന പാരമ്പര്യമാണ് യുഡിഎഫിനുള്ളത്. അവര്‍ അത് പിഎസ്സിയിലും പരീക്ഷിച്ചിട്ടുണ്ട്. എ കെ ആന്റണിയുടെ ഭരണകാലത്ത് ലിസ്റ്റ് കാലാവധി നീട്ടാനാവശ്യപ്പെട്ടു. ഒരിക്കല്‍ നീട്ടി. വീണ്ടും ആവശ്യമുന്നയിച്ചപ്പോള്‍ നിരാകരിച്ചു. അങ്ങനെയിരിക്കെയാണ് ആന്റണി മാറി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് വന്നത്. ഉമ്മന്‍ചാണ്ടി അന്ന് ചെയ്തത് പിഎസ്സിയില്‍ ഒമ്പത് ഒഴിവുകള്‍ വന്ന വേളയില്‍ മൂന്ന് തസ്തികകൂടിയുണ്ടാക്കി പന്ത്രണ്ടാക്കി കൃത്രിമ ഭൂരിപക്ഷമുണ്ടാക്കുകയാണ്. ആ പന്ത്രണ്ടുപേരും അധികാരമേറ്റശേഷം ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ , ആ പിഎസ്സി ഭരണസമിതി ഈ ആവശ്യം നിരാകരിച്ചു. അന്ന് പിഎസ്സിയെ നിയന്ത്രിക്കുന്നത് രാഷ്ട്രീയമാണെന്ന ആക്ഷേപം മുഖ്യമന്ത്രി ഉന്നയിച്ചില്ല.

പിഎസ്സി റാങ്ക്ലിസ്റ്റ് സംബന്ധമായ ചട്ടത്തില്‍ പറയുന്നത് അത്യപൂര്‍വം സാഹചര്യത്തില്‍മാത്രമേ ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ പാടുള്ളൂ എന്നാണ്. അത്യപൂര്‍വ സാഹചര്യം എന്നതെന്താണെന്നും പറയുന്നുണ്ട്. നിയമനനിരോധനമോ തത്തുല്യസാഹചര്യമോ ഉണ്ടായാല്‍മാത്രമേ കാലാവധി നീട്ടാവൂ. അങ്ങനെ കാലാവധി നീട്ടുന്നതുപോലും നിയമനനിരോധനം എത്ര കാലയളവില്‍ പ്രാബല്യത്തിലുണ്ടായിരുന്നോ അത്ര കാലയളവില്‍മാത്രമേ പാടുള്ളൂവെന്നും പറയുന്നുണ്ട്. സര്‍ക്കാരും പിഎസ്സിയും ആലോചിച്ച് രൂപപ്പെടുത്തിയ ചട്ടം ലംഘിക്കാന്‍ പിഎസ്സിക്കുമേല്‍ മുഖ്യമന്ത്രിതന്നെ സമ്മര്‍ദം ചെലുത്തുന്നത് വിചിത്രമാണ്.

അരനൂറ്റാണ്ടോളമായി പിഎസ്സി നിലവിലുണ്ട്. എന്നാല്‍ , ലിസ്റ്റില്‍നിന്ന് ആരെയും നിയമിക്കാതിരിക്കുകയും പിന്നീട് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെടുകയുംചെയ്ത ആദ്യത്തെ സര്‍ക്കാര്‍ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ളതായിരുന്നു. പ്രഖ്യാപിത ഒഴിവുകള്‍ക്കായി ലിസ്റ്റുണ്ടാക്കുന്ന രീതിയില്ലാത്തത് കേരളത്തില്‍മാത്രമാണ്. ഒഴിവുകള്‍ കണ്ടെത്തി ആ ഒഴിവുകള്‍ നികത്താന്‍മാത്രമായുള്ള വിജ്ഞാപനമിറക്കുന്ന രീതിയാണ് യുപിഎസ്സിയും ഇതര സ്റ്റേറ്റ് പിഎസ്സികളും ചെയ്യുന്നത്. ഇവിടെയാകട്ടെ, ഒഴിവുകളല്ല, കാലയളവാണ് അടിസ്ഥാനം. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പിഎസ്സിയുടെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം കിട്ടാത്തത് തങ്ങള്‍ക്ക് ഭൂരിപക്ഷമില്ലാത്ത പിഎസ്സിയാണുള്ളത് എന്നതുകൊണ്ടാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ്. പിഎസ്സിയെ ഇങ്ങനെ രാഷ്ട്രീയം മുന്‍നിര്‍ത്തി വിഘടിച്ചുകാണുന്നതേ മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. ലിസ്റ്റ് സാധുവായിരുന്ന ഘട്ടത്തിലൊന്നും നിയമനം നടത്താതെയിരുന്നതിന് ഉദ്യോഗാര്‍ഥികളോട് കുറ്റം ഏറ്റുപറയുകയാണ് ഉമ്മന്‍ചാണ്ടി യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്. ഏഴും ഏഴരയും കൊല്ലമായി അപേക്ഷപോലും അയക്കാന്‍ കഴിയാതെ കഴിയുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കുകയാണ് കടുംപിടിത്തത്തിലൂടെ ഉമ്മന്‍ചാണ്ടി ചെയ്യുന്നത് എന്നത് തിരിച്ചറിയപ്പെടുകതന്നെ ചെയ്യും. ലിസ്റ്റില്‍ വന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഒഴിവുണ്ടായിട്ടും നിയമനം നല്‍കാതിരുന്നതിന് മറുപടി പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്.

പിഎസ്സിയില്‍ രാഷ്ട്രീയം കണ്ടെത്താന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി, സര്‍ക്കാരിന്റെ നിര്‍ദേശം പിഎസ്സി തള്ളുന്നത് ഇതാദ്യമല്ല എന്ന് മനസിലാക്കണം. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് സംവരണത്തെക്കുറിച്ച് ഹൈക്കോടതിയുടെ ഒരു വിധി വന്നു. സര്‍ക്കാര്‍ അതിന്റെ നിലപാട് പിഎസ്സിയെ അറിയിച്ചു. എന്നാല്‍ , ആ നിലപാട് തള്ളിക്കൊണ്ട് പിഎസ്സി സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കുകയാണുണ്ടായത്. അത് പിഎസ്സിക്ക് രാഷ്ട്രീയമുണ്ടായതുകൊണ്ടാണോ! ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍ വന്നശേഷം രണ്ടുതവണ കാലാവധി നീട്ടി. പുതുക്കിക്കിട്ടിയ കാലയളവില്‍ നിയമനം നടത്താതിരുന്നതെന്തുകൊണ്ട് എന്ന് മുഖ്യമന്ത്രി ആദ്യം വിശദീകരിക്കണം. ചട്ടങ്ങളും കോടതിവിധികളും ലംഘിക്കാന്‍ പിഎസ്സിക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനുപിന്നിലെ താല്‍പ്പര്യമെന്തെന്ന് വിശദീകരിക്കണം. റിട്ടയര്‍മെന്റ് പ്രായത്തിന്റെ ഏകീകരണംമൂലം പുതിയ നിയമനങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല എന്ന വാദം നിലനില്‍ക്കുന്നതല്ല. സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നടത്താനാവുമായിരുന്നു. അത് സര്‍ക്കാര്‍ ബോധപൂര്‍വം ചെയ്യാതിരുന്നു. ഒരാളെപ്പോലും നിയമിക്കാതിരുന്നു. ഇതിന്റെ കുറ്റം പിഎസ്സിയുടെമേല്‍ കെട്ടിവച്ച് അത് വിഷയമാക്കി പിറവം ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാം എന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നത്. ഇത് വിഷയമായാല്‍ തുറന്നുകാട്ടപ്പെടുന്നത് ഉമ്മന്‍ചാണ്ടിതന്നെയാവും എന്നത് തീര്‍ച്ചയാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 31 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭരണഘടനാസ്ഥാപനമായ പബ്ലിക് സര്‍വീസ് കമീഷനെ ഭീഷണിപ്പെടുത്തി കാല്‍ക്കീഴിലാക്കാന്‍ മുഖ്യമന്ത്രിതന്നെ മുതിര്‍ന്നിരിക്കുന്നുവെന്നത് ഉല്‍ക്കണ്ഠാജനകമായ കാര്യമാണ്. നിയമന-സേവനകാര്യങ്ങളിലും മറ്റും സര്‍ക്കാരിനെ ഉപദേശിക്കാനുള്ള സ്ഥാപനമാണ് പിഎസ്സി. സര്‍ക്കാരിന്റെ ആജ്ഞപ്രകാരം പ്രവര്‍ത്തിക്കാനുള്ളതല്ല. അടിസ്ഥാനപരമായ ഈ ഭരണഘടനാജ്ഞാനമെങ്കിലുമുള്ള ഒരു മുഖ്യമന്ത്രി പിഎസ്സിക്കെതിരെ അനുചിതമായ വാക്കുകള്‍ ഉപയോഗിക്കില്ല; രാഷ്ട്രീയപ്രേരിതമാണ് പിഎസ്സിയുടെ നിലപാടെന്ന് ആക്ഷേപിക്കാന്‍ മുതിരില്ല. അരനൂറ്റാണ്ടുകാലത്തെ നീതിനിഷ്ഠമായ പ്രവര്‍ത്തനപശ്ചാത്തലം മുന്‍നിര്‍ത്തി പിഎസ്സി നേടിയെടുത്ത വിശ്വാസ്യതയെ തകര്‍ക്കാനുള്ള ശ്രമമാണിത്. ഒരു ഭരണഘടനാസ്ഥാപനത്തെ തകര്‍ക്കാനുള്ള നീക്കമാണിത്. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം രണ്ടുതവണ പിഎസ്സി റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടി. ഈ ഘട്ടത്തിലൊന്നും ലിസ്റ്റില്‍പെട്ട ഒരാളെപ്പോലും നിയമിക്കാതിരുന്നിട്ട് തൊഴില്‍തേടുന്നവരുടെ താല്‍പ്പര്യത്തെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നത് കാപട്യമാണ്.