''റഷ്യയിലെ തിരഞ്ഞെടുപ്പുഫലം ഒരു ചൂണ്ട് പലകയാണ് '' എന്ന മുഖപ്രസംഗത്തില്‍ (ജനയുഗം 2011 ഡിസംബര്‍ 11) ലോകം വീണ്ടും മാര്‍ക്‌സിനെ തേടുന്നു എന്ന പരാമര്‍ശം പലതുകൊണ്ടും അര്‍ഥവത്തായ ഒന്നാണ്. റഷ്യയിലെ തിരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല അത്, ആഗോള സമ്പദ് വ്യവസ്ഥയുടെ ഇന്നത്തെ സ്ഥിതി പരിശോധിച്ചാലും മാര്‍ക്‌സിനെ തന്നെ ആശ്രയിക്കേണ്ടിവരും.
മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ വന്‍കിട ധനകാര്യസ്ഥാപനങ്ങള്‍ തകര്‍ന്നപ്പോള്‍, അമേരിക്കന്‍ പാര്‍പ്പിട വിപണിയിലെ മോര്‍ട്ട്‌ഗേജ് സമ്പ്രദായം തകര്‍ന്നപ്പോള്‍ അമേരിക്കന്‍ ഭരണകൂടം ഇടപ്പെട്ട് ജനങ്ങളുടെ കൈയ്യില്‍ നിന്ന് പിരിച്ചെടുത്ത നികുതിപ്പണം ഈ തകര്‍ച്ചപരിഹരിക്കാന്‍ ഉപയോഗിച്ചു. എന്നിട്ടും മേല്‍പ്പറഞ്ഞ തകര്‍ന്നടിഞ്ഞ ധനകാര്യസ്ഥാപനങ്ങള്‍ രക്ഷപ്പെട്ടില്ല. പാര്‍പ്പിട വിപണി സാധാരണ സ്ഥിതിയില്‍ എത്തിയില്ല. ഭരണകൂടം മറ്റ് ചിലതുകൂടി ചെയ്തു. 1929ല്‍ ചെയ്തതുപോലെ പലിശ നിരക്കുകള്‍ പരമാവധി കുറച്ചു. കമ്മിപ്പണത്തിന്റെ ഉപയോഗം ഉദാരമാക്കി. എന്നിട്ടും വിപണിക്കാര്‍ ഉണര്‍ന്നില്ല തൊഴിലില്ലായ്മ രൂക്ഷമായി തുടര്‍ന്നു. രാജ്യത്തില്‍ പലഭാഗത്തും രോഷപ്രകടനങ്ങള്‍ ഉണ്ടായി. അമേരിക്കയിലെ സാധാരണ പൗരന്മാര്‍ക്ക്‌പോലും ഒരു കാര്യം വ്യക്തമായി. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ശരിക്കും ഒരു ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥയാണ്. മൂലധനമാണ് (പ്രത്യേകിച്ച് ഫൈനാന്‍സ്മൂലധനമാണ്) അതിനെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് എതിര്‍ക്കേണ്ടത് ഫൈനാന്‍സ് മൂലധനത്തെയാണ്. അതിന് ആദ്യനടപടിയായി ''വാള്‍ സ്റ്റ്രീറ്റ് പിടിച്ചെടുക്കുക'' എന്ന മുദ്രാവാക്യവുമായി പ്രകടനം നടത്തുക. ഇന്ന് അമേരിക്കയിലെ പല പട്ടണങ്ങളിലും ഈ മുദ്രാവാക്യവുമായി ആയിരങ്ങല്‍ പ്രകടനം നടത്തുകയാണ്.
പ്രകടനക്കാര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ അകത്തളത്തിലും പ്രവേശിച്ചുകഴിഞ്ഞു. പ്രകടനക്കാരെ നേരിടാന്‍ പട്ടാളം മുളക്‌പൊടിവരെ ഉപയോഗിച്ചു. ലാത്തിപ്രയോഗം, കണ്ണീര്‍വാതകക്ഷെല്ലുകള്‍ എന്നിവ ഫലപ്രദമായില്ല ഇപ്പോഴിതാ പ്രകടനക്കാര്‍ പുതിയ ഒരു സമരമുഖം തുറന്നിരിക്കുന്നു. നേരത്തെ സൂചിപ്പിച്ച് പാര്‍പ്പിട വിപണിയിലെ മോര്‍ട്ട്‌ഗേജ് പ്രശ്‌നംമൂലം, പാര്‍പ്പിടവായ്പ തിരിച്ചടക്കാന്‍ വിഷമിക്കുന്നവര്‍ അവരുടെ പാര്‍പ്പിടങ്ങള്‍ ഒഴിഞ്ഞ് റോഡിലും പൊതുസ്ഥലങ്ങളിലും വാസം ഉറപ്പിച്ചിരിക്കയാണ്. അനേകായിരം പാര്‍പ്പിടങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്ന ഈയവസരത്തില്‍ വാള്‍സ്റ്റ്രീറ്റ് പിടിച്ചെടുക്കാന്‍ മുന്നിട്ടിറങ്ങിയ പ്രകടനക്കാര്‍ ഒഴിഞ്ഞ് കിടക്കുന്ന പാര്‍പ്പിടങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതൊക്കെ ഒരു സിവില്‍ യുദ്ധത്തിന്റെ തുടക്കമാണോ എന്നു സംശയം ഉണ്ടാക്കുന്നു.
ഈയവസരത്തില്‍ ആഗോള രാഷ്ട്രീയ മണ്ഡലത്തിലുണ്ടായ ചില സംഭവങ്ങള്‍ കൂടി ഓര്‍ക്കണം. അമേരിക്ക തന്നെ വളര്‍ത്തിയെടുത്ത കൊടും ഭീകരനായ ബിന്‍ലാദനെ രഹസ്യമായി അമേരിക്കന്‍ സേനതന്നെ വധിച്ചു. അറബ് രാജ്യങ്ങളില്‍ അസ്വാസ്ഥ്യം ഉണ്ടാക്കി അവിടത്തെ വ്യവസ്ഥാപിത ഭരണകൂടങ്ങള്‍ക്കെതിരെ അമേരിക്കയുടെ വിശ്വാസത്തില്‍ '' ജനാധിപത്യ വിശ്വാസികള്‍'' എന്ന ഒരു കൂട്ടരെ പോത്സാഹിപ്പിച്ച് രാഷ്ട്രീയ അട്ടിമറികള്‍ സൃഷ്ടിച്ചു.
ലിബിയയില്‍ അമേരിക്കയുടെ ബദ്ധ ശത്രുവായ ഗദ്ദാഫിയെ നേറ്റോ പട്ടാളത്തേയും ''ജനാധിപത്യവിശ്വസികളേയും'' ഇപയോഗിച്ച് ക്രൂരമായി വെട്ടിനുറുക്കി. അമേരിക്കയുടെ നോട്ടം ലിബിയായുടെ എണ്ണഖനികളായിരുന്നു. അമേരിക്ക എവിടെ ഒക്കേഇടപെട്ടിട്ടുണ്ടോ അവിടെയൊന്നും രാഷ്ട്രീയമണ്ഡലത്തില്‍ ജനാധിപത്യവും സമാധാനവും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ഇപ്പോഴിതാ റഷ്യന്‍ തിരഞ്ഞെടുപ്പ്ഫലം അവലോകനം ചെയ്ത അവിടെയും ഇടപെടാന്‍ അമേരിക്ക കാത്തിരിക്കുകയാണ്. പുതിയ ശീതസമരത്തിന് തുടക്കം കുറിക്കാനാണോ അമേരിക്ക ശ്രമിക്കുന്നത്? റഷ്യയില്‍ അവിടത്തെ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിനേടിയ മുന്നേറ്റം അമേരിക്കക്ക് വെപ്രാളം ഉണ്ടാക്കിയിട്ടുണ്ട്.
യുറോപ്യന്‍ യൂണിയനിലെ 27 അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായിരിക്കുന്നു. യൂറോ തന്നെ പ്രതിസന്ധിയിലാണ്. അംഗങ്ങള്‍ ഭിന്നചേരിയില്‍ നിന്ന് പോരാട്ടം തുടങ്ങിക്കഴിഞ്ഞു. യൂറോപ്യന്‍ സമൂഹത്തില്‍ ബ്രിട്ടന്റെ നിലപാടുകള്‍ക്കെതിരെ ഫ്രാന്‍സും ജര്‍മ്മനിയും മറ്റും തുറന്നടിച്ച് തുടങ്ങി ബ്രിട്ടന്റെ ''സിറ്റി ഓഫ് ലണ്ടന്റെ'' എന്ന ഫൈനാന്‍ഷ്യല്‍ കേന്ദ്രം പ്രമാണിത്തം അംഗീകരിക്കാന്‍ മറ്റംഗങ്ങള്‍ തെയ്യാറല്ല.
ഇതിനകം തന്നെ ഗ്രീക്ക് വസന്തം എന്ന സാമ്പത്തിക പ്രതിഭാസം യൂറോപ്പിനെ മുഴുവന്‍ വിഷമവൃത്തത്തിലാക്കുന്ന വസന്തമായിവളര്‍ന്ന് കഴിഞ്ഞു. തെറ്റായ പണനയം, ഫിസ്‌ക്കല്‍നയം ഓരോ യൂറോപ്യന്‍ രാജ്യവും സ്വീകരിക്കുന്നു എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. അംഗങ്ങള്‍ക്കിടയില്‍ വേണ്ടതരത്തിലുള്ള സഹകരണവും കൂട്ടായ ചര്‍ച്ചയും ഇല്ലാതെ ഇപ്പോഴത്തെപോലെ പോയാല്‍ യൂറോപ്യന്‍ സമൂഹം എന്ന ഇന്ന് ഇല്ലാതാകും എന്ന ഭയാശങ്ക ശക്തമായിട്ടുണ്ട്.
ഇതൊക്കെ പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. ആഗോള സമ്പദ് വ്യവസ്ഥ ഇന്ന് പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധി വരുംകാലങ്ങളില്‍ രൂക്ഷമാകും. ഇതിന് പ്രധാനകാരണം ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥതിയിലെ രൂക്ഷമായ ആന്തരിക വൈരുധ്യങ്ങള്‍ ആണ്. ഇവിടെയാണ് കാള്‍മാര്‍ക്‌സും ലെനിനും മറ്റും വിശദമായി പഠിക്കേണ്ടത്. പ്രത്യേകിച്ച് മാര്‍ക്‌സിന്റെ ''ക്യാപ്പിറ്റല്‍'' എന്ന ഗ്രന്ഥം വീണ്ടും വിശദമായി പഠിക്കാന്‍ പല പാശ്ഛാത്യസൈദ്ധാന്തികരും തുടങ്ങിയിരിക്കുന്നു. പുസ്തകശാലകള്‍ ഗ്രന്ഥത്തിന്റെ പുതിയ പതിപ്പുകള്‍ ഇറക്കിത്തുടങ്ങി.
1929 ല്‍ ആഗോള സാമ്പത്തിക തകര്‍ച്ച ഉണ്ടായപ്പോള്‍ പകച്ച് നിന്ന അമേരിക്ക, സമ്പദ് വ്യവസ്ഥയില്‍ പുത്തന്‍ ഉണര്‍വുണ്ടാക്കാന്‍ കെയിന്‍സ് പ്രഭു നിര്‍ദ്ദേശിച്ച നയങ്ങളാണ് സ്വീകരിച്ചത് പ്രസിഡന്റ് റൂസ്വെല്‍റ്റിന് അയച്ച കത്തില്‍ കെയിന്‍സ് നിര്‍ദ്ദേശിച്ചത് ഇതാണ്. '' അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരോട് വലിയ കുഴികള്‍ കുഴിക്കാന്‍ പറയു. അവരോട് അതില്‍ ഖരമാലിന്യങ്ങല്‍ നിറച്ച് മൂടാന്‍ പറയുക. പിന്നീട് കുഴികളില്‍ നിന്നും മാലിന്യങ്ങള്‍ മാറ്റുക. ഈ ജോലി ചെയ്യുന്നതിനുള്ള കൂലിയായി കമ്മിപ്പണം ഉപയോഗിക്കുക. കിട്ടുന്ന കൂലി അവര്‍ വിപണിയില്‍ ചെലവാക്കും മാന്ദ്യം മൂലം ഉത്പാദനം നിര്‍ത്തിയപണിശാലകള്‍ വീണ്ടും തുറന്ന് ഉത്പാദനം തുടങ്ങും. സമ്പദ് വ്യവസ്ഥ വീണ്ടും സജീവമാക്കും '' ഇതായിരുന്ന കെയിന്‍സിന്റെ സിദ്ധാന്തവും നയനിര്‍ദ്ദേശവും. അന്നുമുതല്‍ ക്യാപ്പിറ്റലിസ്റ്റ് സമ്പദ വ്യവസ്ഥയില്‍ ഉണ്ടാകുന്ന ഏത് മാന്ദ്യത്തിനും കെയിന്‍സിന്റെ നിര്‍ദ്ദേശമാണ് ഭരണകൂടങ്ങള്‍ സ്വീകരിച്ചത്.
എന്നാല്‍ ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥയിലെ ആന്തരിക വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായകമല്ല. ഈയവസരത്തില്‍ പണ്ട് ധനശാസ്ത്ര ക്ലാസ്സുകളില്‍ പ്രയോഗിച്ച ഒരു കഥ ഓര്‍മ്മ വരുന്നു. ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥ അതിരൂക്ഷമായ രോഗത്തിനടിമപ്പെട്ട അവസരത്തില്‍ കെയിന്‍സ് തന്റെ നിര്‍ദ്ദേശങ്ങള്‍ വ്യവസ്ഥയെ രക്ഷിക്കുമെന്ന് പറഞ്ഞു എന്നാലതേസമയത്ത് കാള്‍ മാര്‍ക്‌സ് പറഞ്ഞത് ''ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥിതിയെ കുഴിച്ച് മൂടാന്‍ കുഴിഉടന്‍ വെട്ടുക'' എന്നാണ്. ക്യാപ്പിറ്റലിസത്തിന്റെ അന്ത്യം സൂനിശ്ചിതമാണ്. അത് വേഗത്തിലാക്കാന്‍ കടുത്ത ചൂഷണത്തിന് വിധേയരായ തൊഴിലാളി വര്‍ഗം സംഘടിച്ച് ചൂഷകരുടെ ചങ്ങല പൊട്ടിച്ചെറിയുക. വിപ്ലവത്തില്‍ കൂടി ഒരു യഥാര്‍ഥ സോഷ്യലിസ്റ്റ് വ്യവസ്ഥിതിസ്ഥാപിക്കുക.
ഈ ആഹ്വാനത്തിന്റെ സ്പന്ദനങ്ങളാണ് ''വാള്‍ സ്റ്റ്രീറ്റ് പിടിച്ചെടുക്കുക'' തുടങ്ങിയ ജനകീയ മുന്നേറ്റങ്ങളില്‍ കാണുന്നത്. ഉദാരവത്ക്കരണം സ്വകാര്യവത്കരണം ആഗോളവത്ക്കരണം എന്നീനയങ്ങളെ എതിര്‍ത്ത് സമൂഹത്തേയും സാധാരണ ജനങ്ങളേയും സംരക്ഷിക്കാന്‍ തൊഴിലാളിവര്‍ഗം മുന്‍കൈയ്യെടുത്ത് ജനമുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കണം. നേതൃത്വം നല്‍കുന്നവര്‍ മാര്‍ക്‌സിനേയും ലെനിനേയും അടുത്തറിയാന്‍ ശ്രമിക്കണം.
*
പ്രഫ. കെ രാമചന്ദ്രന്‍ നായര്‍ ജനയുഗം 14 ഡിസംബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
''റഷ്യയിലെ തിരഞ്ഞെടുപ്പുഫലം ഒരു ചൂണ്ട് പലകയാണ് '' എന്ന മുഖപ്രസംഗത്തില്‍ (ജനയുഗം 2011 ഡിസംബര്‍ 11) ലോകം വീണ്ടും മാര്‍ക്‌സിനെ തേടുന്നു എന്ന പരാമര്‍ശം പലതുകൊണ്ടും അര്‍ഥവത്തായ ഒന്നാണ്. റഷ്യയിലെ തിരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല അത്, ആഗോള സമ്പദ് വ്യവസ്ഥയുടെ ഇന്നത്തെ സ്ഥിതി പരിശോധിച്ചാലും മാര്‍ക്‌സിനെ തന്നെ ആശ്രയിക്കേണ്ടിവരും
Post a Comment