Saturday, December 10, 2011

അമ്മ, നയം, നിയമം

ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കിയുള്ള ഗര്‍ഭധാരണം (Surrogacy) ഇന്ത്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ രംഗത്ത് നിയമനിര്‍മാണത്തിന് ഒരുക്കം അവസാനഘട്ടത്തിലെത്തി. ഇതിനുള്ള ബില്‍ (Assisted Reproductive Technology Bill ) ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്. മന്ത്രിസഭ അംഗീകരിച്ചാല്‍ ഇത് പാര്‍ലമെന്റിലെത്തും.

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വാടക അമ്മമാരെ തേടിയെത്തുന്നവരുടെ എണ്ണം വര്‍ഷം തോറും വര്‍ധിക്കുകയാണ്. കുട്ടികളെ ആവശ്യമുള്ള ദമ്പതിമാരുടെ ബീജവും അണ്ഡവും സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തി പ്രസവിച്ചശേഷം കൈമാറുന്ന രീതിയാണ് നിലവിലുള്ളത്. ഇത്തരത്തിലുള്ള ഗര്‍ഭധാരണവും ഇങ്ങനെ ഉണ്ടാകുന്ന കുട്ടികളുടെ കൈമാറ്റവും നിയന്ത്രിക്കാന്‍ നിലവില്‍ ഇന്ത്യയില്‍ നിയമങ്ങളില്ല. ഒരു നിയമവും ഇത് വിലക്കുന്നുമില്ല. 2005ല്‍ പുറപ്പെടുവിച്ച ചില മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ്
നിലവിലുള്ളത്. ചെലവ് കുറവും ശക്തമായ നിയമങ്ങളില്ലാത്തതും തന്നെയാണ് ഇന്ത്യയെ ഒരു "ഗര്‍ഭപാത്ര വിപണി"എന്ന നിലയില്‍ വിദേശികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. അമേരിക്കയില്‍ ഒരുലക്ഷം ഡോളര്‍ (50 ലക്ഷം രൂപ) മുടക്കിയാലേ ഇത്തരത്തില്‍ ഒരമ്മയെ വാടകയ്ക്ക് കിട്ടുകയുള്ളൂ. ഇവിടെ ചെലവ് അതിന്റെ നാലിലൊന്നേ വരൂ. നിയന്ത്രണങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച കണക്കുകളൊന്നും സര്‍ക്കാരിന്റെ പക്കലില്ല.

ഈ സാഹചര്യത്തിലാണ് 2009 ആഗസ്ത് അഞ്ചിന് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച 228-ാമത് റിപ്പോര്‍ട്ടില്‍ പുതിയ നിയമം വേണമെന്ന നിര്‍ദേശം ദേശീയ ലോ കമീഷന്‍ മുന്നോട്ടുവച്ചത്. വന്‍തോതില്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്ന ഈ രംഗത്ത് നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജ. ഡോ. എ ആര്‍ ലക്ഷ്മണന്‍ അധ്യക്ഷനായ കമീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

"ഇതില്‍ ഏറെ മനുഷ്യാവകാശപ്രശ്നങ്ങളും ധാര്‍മികവിഷയങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. നിയമപരമായ ചട്ടക്കൂട്ടിലല്ലെങ്കില്‍ ഒട്ടേറെ സങ്കീര്‍ണതകള്‍ ഉണ്ടാകാം. എന്നാല്‍ , അവ്യക്തമായ "ധാര്‍മിക" കാരണങ്ങള്‍ പറഞ്ഞ് ഇത്തരം ഗര്‍ഭധാരണങ്ങള്‍ നിരോധിക്കുന്നതിന് അര്‍ഥമില്ല"- കമീഷന്‍ വ്യക്തമാക്കി. നിയമത്തില്‍ ഉണ്ടാകേണ്ടത് എന്തെല്ലാമെന്ന് കമീഷന്‍ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

വ്യക്തമായ കരാറിലൂടെയാകണം ഗര്‍ഭധാരണം. ഗര്‍ഭധാരണത്തിനു തയ്യാറാകുന്ന സ്ത്രീയുടെ സമ്മതം കരാറിലുണ്ടാകണം. അവരുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും ഇതിന് സമ്മതം നല്‍കണം. കൃത്രിമ ഗര്‍ഭധാരണത്തിനുള്ള സമ്മതവും കരാറിലുണ്ടാകണം.കുട്ടിയെ ആഗ്രഹിക്കുന്ന ദമ്പതികളില്‍ ഒരാളുടെ അണ്ഡമോ/ബീജമോ ഉപയോഗിച്ചുതന്നെയാകണം കൃത്രിമ ഗര്‍ഭധാരണം. കുട്ടിയുമായി രക്ഷിതാക്കള്‍ക്ക് ജൈവശാസ്ത്രപരമായ ബന്ധം രൂപപ്പെടാന്‍ ഇതാവശ്യമാണെന്ന് കമ്മീഷന്‍ കാണുന്നു.പ്രസവചെലവുകളെല്ലാം കുട്ടിയെ ലഭിക്കേണ്ട കുടുംബം വഹിക്കണം. കുട്ടിയെ ആ രക്ഷിതാക്കള്‍ക്കോ രക്ഷിതാവിനോ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ഗര്‍ഭം ധരിക്കുന്ന സ്ത്രീയും കരാറില്‍ വ്യക്തമാക്കണം. എന്നാല്‍ ,ഈ ഏര്‍പ്പാടുകളൊന്നും വാണിജ്യലക്ഷ്യത്തോടെയാകരുത്.

കുട്ടിയുടെ സാമ്പത്തികരക്ഷ ഉറപ്പാക്കാന്‍ വ്യവസ്ഥ വേണം. കുട്ടിയെ ഏറ്റെടുക്കേണ്ടയാള്‍ മരിക്കുകയോ ദമ്പതികളാണെങ്കില്‍ അവര്‍ വേര്‍പിരിയുകയോ ചെയ്താല്‍ കുട്ടി അനാഥ/അനാഥനാകരുത്. ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെ ജീവന്‍ ഇന്‍ഷുര്‍ ചെയ്യാനും വ്യവസ്ഥ ഉണ്ടാകണം. ഏറ്റെടുക്കുന്ന ദമ്പതികളുടെ കുട്ടി എന്നതു തന്നെയായിരിക്കണം ഇത്തരത്തില്‍ കൈമാറുന്ന കുട്ടിയുടെ നിയമപരമായ അസ്തിത്വം. ദത്തെടുക്കലിന്റെയോ രക്ഷിതാവായി പ്രഖ്യാപിക്കലിന്റെയോ ആവശ്യം ഉണ്ടാകരുത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഏറ്റെടുക്കുന്ന ദമ്പതികളായിരിക്കണം അച്ഛനമ്മമാര്‍ . ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെയും കുട്ടിയെ ഏറ്റെടുക്കുന്ന കുടുംബത്തിന്റെയും വിവരങ്ങള്‍ രഹസ്യമായിരിക്കണം. ഇത്തരത്തിലുള്ള വ്യവസ്ഥകളോടെ നിയമം നിര്‍മിക്കണമെന്നാണ് കമീഷന്‍ നിര്‍ദേശിച്ചത്.

ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (icmr) നെ ബില്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. പഠനങ്ങള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷം തയ്യാറാക്കിയ ബില്ലാണ് ഇപ്പോള്‍ പാര്‍ലമെന്റിലെത്തുന്നത്.

ഈ മേഖലയില്‍ മേല്‍നോട്ടത്തിനായി കേന്ദ്രആരോഗ്യ സെക്രട്ടറി ചെയര്‍മാനായി ഒരു 21അംഗ ഉപദേശക സമിതി രൂപീകരിക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തും സമാനമായ സമിതികള്‍ നിലവില്‍ വരും. ഈ രംഗത്തെ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. ലോ കമീഷന്‍ ശുപാര്‍ശ ചെയ്ത മറ്റു വ്യവസ്ഥകളും നിയമത്തിലുണ്ടാകുമെന്നാണ് സൂചന.

"മാറ്റമ്മ"മാരുടെ ആനന്ദ്

ഇന്ത്യയില്‍ ഇന്ന് വാടകപ്രസവത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്നത് ഗുജറാത്തിലെ ആനന്ദ് നഗരമാണ്. പാല്‍ സഹകരണ വിപണന സംഘമായ അമൂലിന്റെ ആസ്ഥാനമായ ഇവിടം ഇന്ന് ഗര്‍ഭപാത്ര വിപണിയെന്ന നിലയിലും പേരെടുത്തുകഴിഞ്ഞു.


ഡോ. നയനാ പട്ടേല്‍ നടത്തുന്ന കൈവാല്‍ ക്ലിനിക്കാണ് ആനന്ദില്‍ ഈ രംഗത്തെ മുഖ്യസ്ഥാപനം. 2005 മുതല്‍ ഇവിടെ വാടകപ്രസവം നടത്തിക്കൊടുക്കുന്നുണ്ട്. അമേരിക്ക, ബ്രിട്ടണ്‍ , ആസ്ത്രേലിയ, കനഡ, ഇസ്രയേല്‍ , സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് ദമ്പതികള്‍ ഇവിടേയ്ക്കെത്തുന്നു. 500ലേറെ കുട്ടികള്‍ ഇവിടെ ഇത്തരത്തില്‍ പ്രസവിച്ച് കൈമാറിക്കഴിഞ്ഞു.

ദരിദ്രകുടുംബങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് അമ്മമാരാകാന്‍ എത്തുന്നവരേറെയും ഗര്‍ഭകാലം മുഴുവന്‍ ഇവര്‍ ആശുപത്രിയില്‍ കഴിയേണ്ടിവരും. ഇടനിലക്കാരുടെ ചൂഷണം ശക്തമായതിനാല്‍ വിദേശദമ്പതികള്‍ ആശുപത്രിക്ക് നല്‍കുന്ന തുകയുടെ ഒരുപങ്കേ പ്രസവിക്കുന്ന സ്ത്രീക്ക് ലഭിക്കുകയുള്ളൂ. എങ്കിലും പലര്‍ക്കും അവരുടെ ജീവിത പ്രാരാബ്ദങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ "അമ്മയാകല്‍" തുണയാകും. ഗര്‍ഭധാരണത്തിനും പ്രസവത്തിനും "സമയം കളയാനില്ലാത്ത" ദമ്പതികള്‍ മുതല്‍ ആരോഗ്യപ്രശ്നങ്ങളാല്‍ പ്രസവം സാധിക്കാത്ത സ്ത്രീകള്‍ വരെ ഈ രീതി തേടി എത്തുന്നു. രോഗിയായ മകളുടെ കുട്ടിയെ പ്രസവിക്കാന്‍ തയ്യാറായിവന്ന അമ്മയായിരുന്നു ഡോ നയന പട്ടേലിന്റെ ക്ലിനിക്കിലെ ആദ്യത്തെ "മാറ്റമ്മ" (surrogate mother).

മഞ്ജി കുരുങ്ങിയ കുരുക്ക്

വാടക അമ്മമാര്‍ക്ക് പിറക്കുന്ന കുഞ്ഞുങ്ങളുടെ പൗരത്വം മുതല്‍ പിതൃത്വം വരെ നിയമക്കുരുക്കുകളില്‍ എത്താനുള്ള സാധ്യതയേറെയാണ്. പലരാജ്യങ്ങളിലും ഇത് സംഭവിക്കുന്നുമുണ്ട്. ഇന്ത്യയില്‍ ഇത്തരത്തിലൊരു കേസില്‍ തീര്‍പ്പുണ്ടാക്കിയത് സുപ്രീംകോടതിയാണ്. 2008ല്‍ ആയിരുന്നു ഇത്.

ജപ്പാനിലെ ദമ്പതികളായ ഇക്കുഫുമി യമാദയും ഭാര്യ ഡോ. യുക്കി യമാദയും ഇന്ത്യയില്‍നിന്ന് ഒരമ്മയെ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചു. ബീജം ഇക്കുഫുമി യമാദയില്‍നിന്നുതന്നെയായിരുന്നു. എന്നാല്‍ , അണ്ഡം യുക്കി യമാദയുടേതായിരുന്നില്ല. അത് മറ്റൊരു സ്ത്രീയില്‍നിന്നായിരുന്നു. ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കിയ അമ്മ ഗുജറാത്തിലെ ആനന്ദ് സ്വദേശിനി. പ്രസവം ഈ മേഖലയില്‍ ശ്രദ്ധേയയായ ഡോ. നയന പട്ടേലിന്റെ ആശുപത്രിയില്‍ .
കുട്ടി ഉണ്ടായപ്പോഴേക്കും ഇക്കുഫുമി യമാദയും ഭാര്യയും തമ്മില്‍ ബന്ധം മോശമായി. അവര്‍ വേര്‍പിരിഞ്ഞു. 2008 ജൂലൈ 25ന് കുട്ടി ജനിച്ചു. മഞ്ജി എന്നു പേരുമിട്ടു. യമാദ കുട്ടിയുടെ പാസ്പോര്‍ട്ടിനു ശ്രമിച്ചു. എന്നാല്‍ ജപ്പാന്‍ എംബസി നല്‍കിയില്ല. കുട്ടി ഏത് നാട്ടുകാരിയാണെന്ന് നിശ്ചയിക്കാനാകാത്തതാണ് പ്രശ്നമായത്. ജനിച്ചത് ഇന്ത്യക്കാരിക്കായതിനാല്‍ കുട്ടിയ്ക്ക് പാസ്പോര്‍ട്ട് നല്‍കാനാകില്ലെന്ന് എംബസി പറഞ്ഞു. എന്നാല്‍ കുട്ടിയെ ദത്തെടുക്കാമെന്നായി യമാദ. അത് ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ല. വിഭാര്യനായ ആള്‍ക്ക് പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്സ് ആക്ടില്‍ വിലക്കുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ടിനുള്ള ശ്രമവും പരാജയപ്പെട്ടു. ആനന്ദ് മുനിസിപ്പാലിറ്റി നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മയുടെ പേരില്ലാത്തതായിരുന്നു തടസ്സം.

ഇതിനിടെ വിസ കാലാവധി തീര്‍ന്നതിനാല്‍ ഇക്കുഫുമി യമാദയ്ക്ക് ജപ്പാനിലേക്ക് മടങ്ങേണ്ടിവന്നു. കുട്ടിയെ ഏറ്റെടുക്കാനായി യമാദയുടെ അമ്മ എമിക്കോ യമാദ ജപ്പാനില്‍നിന്നു പറന്നെത്തി.

അപ്പോള്‍ പുതിയ പ്രശ്നം. ഈ ഇടപാട് മുഴുവന്‍ നിയമവിരുദ്ധമാണെന്നും അനധികൃതമായി കുട്ടികളെ ജനിപ്പിച്ച് അവരെ വിദേശികള്‍ക്ക് വില്‍ക്കുന്ന റാക്കറ്റിന്റെ ഭാഗമാണ് പ്രസവം നടന്ന ആശുപത്രിയിലെ ഡോക്ടര്‍ നയന പട്ടേലും മറ്റുമെന്നാരോപിച്ച് ഒരു സന്നദ്ധസംഘടന ഗുജറാത്ത് ഹൈക്കോടതിയിലെത്തി. ഹൈക്കോടതി കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവായി. എന്നാല്‍ ഇക്കുഫുമി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേസില്‍ ഇടപെട്ടു. ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. എന്നാല്‍ പൗരത്വപ്രശ്നം സുപ്രീംകോടതിക്കും തലവേദനയായി.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമീഷന്റെ അഭിപ്രായംകൂടി മാനിച്ച് ഒടുവില്‍ മഞ്ജിക്ക് പാസ്പോര്‍ട്ട് നല്‍കാന്‍ തീരുമാനമായി. അമ്മയുടെ പേരോ പൗരത്വമോ വ്യക്തമാക്കാത്ത ഒരു സര്‍ട്ടിഫിക്കറ്റ് രാജസ്ഥാന്‍ പാസ്പോര്‍ട്ട് ഓഫീസില്‍നിന്ന് നല്‍കിയാണ് പാസ്പോര്‍ട്ട് ലഭ്യമാക്കിയത്. ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ ചരിത്രത്തിലാദ്യം. ജപ്പാനിലേക്ക് പോകാന്‍ മാത്രം ഉപയോഗിക്കാവുന്ന ഒരു ട്രാവല്‍ വിസയും നല്‍കി. രണ്ടര മാസം നീണ്ട നിയമക്കുരുക്കുകള്‍ അഴിച്ച് 2008 സപ്തംബര്‍ 15ന് അമ്മൂമ്മ കുട്ടിയുമായി ജപ്പാനിലെ ഒസാക്കയിലേക്ക് പോയി. ഇതിനിടെ അവിടെ കുട്ടിക്ക് പൗരത്വം നല്‍കാനാകുമെന്ന് ജപ്പാന്‍ സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. പ്രശ്നം തല്‍ക്കാലം പരിഹരിക്കപ്പെട്ടു. എന്നാല്‍ ഇനിയും ഒരു മഞ്ജി പ്രശ്നമുണ്ടായാല്‍ ഇതേ നിയമക്കുരുക്കുകള്‍ വീണ്ടും ഉണ്ടാകും എന്നതാണ് സ്ഥിതി.

*
അഡ്വ. കെ ആര്‍ ദീപ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

1 comment:

Harinath said...

ഇത്തരം കുട്ടികളുടെ മാനസികവളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ടോ ? കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു.