Saturday, December 3, 2011

എല്ലാം അമേരിക്കയ്ക്കുവേണ്ടി

ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതില്‍നിന്ന് പിന്മാറണമെന്ന ആവശ്യത്തോട്, പുറംതിരിഞ്ഞുനില്‍ക്കുന്ന യുപിഎ സര്‍ക്കാരിന്റെ നിലപാടുമൂലം പാര്‍ലമെന്റ് സ്തംഭനം തുടരുകയാണ്. രാജ്യം കണ്ട ഏറ്റവും തീവ്രമായ പ്രതിഷേധങ്ങളിലൊന്നാണ് ചെറുകിടവ്യാപാരികളുടേത്. ചില്ലറവ്യാപാരത്തില്‍ 51 ശതമാനം വിദേശ മൂലധനനിക്ഷേപം ആകാമെന്നും ഒരു ഉല്‍പ്പന്നംതന്നെ പല വിപണിയില്‍ പല പേരില്‍ വില്‍ക്കുന്ന രീതി (മള്‍ട്ടിബ്രാന്‍ഡ്) അനുവദിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം മന്‍മോഹന്‍സിങ് മന്ത്രിസഭ തീരുമാനിച്ചത്. ചില്ലറവ്യാപാരത്തിലെ ബഹുരാഷ്ട്രകുത്തകകളുടെ കടന്നുവരവ് വിവരണാതീതമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്നതില്‍ ആരും സംശയിക്കുന്നില്ല. രാജ്യത്തെ ചെറുകിടകച്ചവടക്കാരുടെ ഉപജീവനം ഇല്ലാതാക്കുമെന്നതിനുപുറമെ കാര്‍ഷികമേഖലയിലുള്‍പ്പെടെ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ തീരുമാനം. അത് തിരിച്ചറിഞ്ഞാണ്, കക്ഷിപരിഗണന കൂടാതെ എല്ലാ വ്യാപാരികളും പ്രക്ഷോഭത്തിലേക്കിറങ്ങിയത്.

ഡിസംബര്‍ ഒന്നിന് രാജ്യവ്യാപകമായി നടന്ന കടയടപ്പുസമരം, ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ ആറുപതിറ്റാണ്ടുമുമ്പ് അലയടിച്ച ദേശീയപ്രക്ഷോഭത്തെ ഓര്‍മിപ്പിച്ചു. രാജ്യം കൊള്ളയടിക്കുന്ന കോളനിവാഴ്ച അവസാനിപ്പിക്കാനാണ് അന്ന് ജനങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നതെങ്കില്‍ , ഇന്ന് അത്തരം ആധിപത്യശക്തികളെ വീണ്ടും വരവേല്‍ക്കുന്നതിന്റെ അപകടം മനസ്സിലാക്കിയാണ് ജനമുന്നേറ്റം. മഹാരാഷ്ട്രയില്‍മാത്രം 35 ലക്ഷം കടയാണ് സമരദിവസം അടച്ചിട്ടതെന്ന വാര്‍ത്ത ചെറുകിടവ്യാപാരികളുടെ എണ്ണത്തിന്റെ ആധിക്യത്തെ സൂചിപ്പിക്കുന്നു. ലോകത്ത് ഏറ്റവുമേറെ ചില്ലറവ്യാപാരസ്ഥാപനങ്ങള്‍ ഇന്ത്യയിലാണ്. കൃഷി കഴിഞ്ഞാല്‍ ഏറ്റവുമധികം ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗം ചെറുകിടകച്ചവടമാണ്. 1.2 കോടി കടയും അവയില്‍ നാലുകോടി കച്ചവടക്കാരുമുണ്ടെന്നാണ് ഏകദേശകണക്ക്. ഈ നാലുകോടിയെ ആശ്രയിച്ച് 20 കോടിയോളം മനുഷ്യര്‍ ജീവിക്കുന്നു. ഇവരെയെല്ലാം കണ്ണീരുകുടിപ്പിക്കുന്നതാണ് പുതിയ തീരുമാനം. വിദേശ ഭീമന്മാര്‍ക്ക് ചില്ലറവില്‍പ്പന മേഖലയില്‍ പരവതാനി വിരിക്കുന്നതിനെ യുപിഎയിലെ ഭൂരിപക്ഷം ഘടകകക്ഷികളും കോണ്‍ഗ്രസിലെ വലിയൊരു വിഭാഗവും അനുകൂലിക്കുന്നില്ല. പാര്‍ലമെന്റില്‍ ഭൂരിപക്ഷവും എതിരാണ്. വോട്ടെടുപ്പ് വന്നാല്‍ ഭരണപക്ഷം പരാജയപ്പെടും. എന്നിട്ടും തീരുമാനത്തില്‍നിന്ന് പിന്നോക്കം പോകില്ലെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് വക്താവ് റഷീദ് അല്‍വിയും വ്യക്തമാക്കുന്നത്.

ഇടഞ്ഞുനില്‍ക്കുന്ന ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ സഖ്യകക്ഷികളെ വരുതിയില്‍ വരുത്താനുള്ള ശ്രമം തുടരുന്നു. അമേരിക്കയുമായുള്ള ആണവകരാറിനെതിരെ നിലപാടെടുത്ത് ഇടതുപക്ഷം പിന്തുണ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ , സര്‍ക്കാര്‍ വീണാലും കരാറില്‍നിന്ന് പിന്നോട്ടില്ലെന്നാണ് ഒന്നാം യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നത്. അതിനേക്കാള്‍ കടുത്ത നിലപാടുതന്നെയാണ് ഇപ്പോള്‍ ചില്ലറവ്യാപാര കാര്യത്തില്‍ എടുക്കുന്നത്. എന്തിന് ഇത്രവലിയ എതിര്‍പ്പുണ്ടായിട്ടും വിദേശ കച്ചവടഭീമന്മാരെ ക്ഷണിച്ചുവരുത്തുന്നു? അമേരിക്കയിലെ കൂറ്റന്‍ ആണവസാമഗ്രി നിര്‍മാതാക്കള്‍ പ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ മുടക്കാച്ചരക്ക് ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിച്ച് അത്തരം കമ്പനികളെ രക്ഷപ്പെടുത്തുക എന്ന ഉദ്ദേശ്യം ആണവകരാറിനുപിന്നിലുണ്ടായിരുന്നു. അത് നിറവേറുകയും ചെയ്തു. ഇറാനില്‍നിന്ന് പൈപ്പുലൈന്‍വഴി പ്രകൃതിവാതകം കൊണ്ടുവന്ന് കുറഞ്ഞ ചെലവില്‍ ഊര്‍ജപ്രതിസന്ധി പരിഹരിക്കാമെന്നിരിക്കെയാണ് ദശലക്ഷക്കണക്കിന് കോടി രൂപ മുടക്കി അമേരിക്കന്‍ കമ്പനികളെ സംരക്ഷിക്കാനുള്ള ചുമതല ഇന്ത്യ ഏറ്റെടുത്തത്്. ഇറാന്‍പൈപ്പുലൈന്‍ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ , അമേരിക്ക കടുത്ത സാമ്പത്തികക്കുഴപ്പത്തിലാണ്. സാമ്പത്തികപ്രതിസന്ധിയും തൊഴിലില്ലായ്മയും നാനാവിധത്തില്‍ ആ രാജ്യത്തെ പാപ്പരീകരണത്തിലേക്ക് നയിക്കുന്നു. ഉപജീവനോപാധികള്‍ മുട്ടിയ ജനങ്ങള്‍ക്ക് വാങ്ങല്‍ശേഷി നഷ്ടപ്പെടുന്നു. അമേരിക്കയില്‍മാത്രമല്ല, വികസിത മുതലാളിത്ത രാജ്യങ്ങളിലാകെ ഇതാണ് സ്ഥിതി. ചെലവുചുരുക്കിയും ജനങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ ഉപേക്ഷിച്ചും മറ്റും പരിഹാരം തേടിയെങ്കിലും അവയൊന്നും ഫലംചെയ്തില്ല. ചില്ലറവ്യാപാര രംഗത്തെ വന്‍കിടക്കാര്‍ ഇതിന്റെ പ്രയാസം വന്‍തോതില്‍തന്നെ അനുഭവിക്കുന്നു. അവര്‍ കച്ചവടക്കാര്‍മാത്രമല്ല, പാട്ടക്കൃഷിക്കാരുമാണ്. വാള്‍മാര്‍ട്ട് അടക്കമുള്ള ബഹുരാഷ്ട്രസ്ഥാപനങ്ങളില്‍ 40 ശതമാനം ചരക്ക് കെട്ടിക്കിടക്കുകയാണ്. സര്‍ക്കാര്‍ എത്രതന്നെ പണംമുടക്കി ഉത്തേജിപ്പിച്ചാലും ഇത്തരം സ്ഥാപനങ്ങള്‍ക്ക് അതിജീവിക്കാനാകില്ല. അത്തരമൊരു സ്ഥിതി തരണംചെയ്ത് കച്ചവടഭീമന്മാരെ രക്ഷിക്കാനാണ്, ലോകത്ത് ഏറ്റവുമധികം വിപണനസാധ്യതയുള്ള ഇന്ത്യയുടെ നഗരങ്ങളിലേക്ക് കുത്തകകളെ പറഞ്ഞുവിടുന്നത്. അങ്ങനെ സംഭവിക്കേണ്ടത് സാമ്രാജ്യത്വത്തിന്റെ കേവലമായ ആവശ്യമല്ല; നിലനില്‍പ്പിനുതന്നെയുള്ള ഉപാധിയാണ്. അമേരിക്കയിലും ഫ്രാന്‍സിലും മറ്റും കെട്ടിക്കിടക്കുന്ന ചരക്കുകള്‍ പുതിയ വന്‍കിട ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെ ഇന്ത്യക്കാരന്റെ തലയില്‍ കെട്ടിവയ്ക്കപ്പെടും. നമ്മുടെ പണം കുത്തകകള്‍ കൊണ്ടുപോകും. ആധുനികസംവിധാനങ്ങളോടെ, തെരഞ്ഞെടുപ്പിനുള്ള വന്‍സാധ്യതകളുമായി ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളും യഥേഷ്ടം ഉയരുമ്പോള്‍ , അന്നന്നത്തെ അന്നത്തിന് പെട്ടിക്കടയിലും ഒറ്റമുറിപ്പീടികയിലും തെരുവോരത്തും കച്ചവടം നടത്തുന്ന പാവപ്പെട്ട കച്ചവടക്കാരന് എന്ത് സ്ഥാനം?

ഏറ്റവും ചെറിയ കടകള്‍മുതല്‍ ഇന്ന് നാം വലുതെന്ന് കരുതുന്ന ഇന്ത്യന്‍ വ്യാപാരസ്ഥാപനങ്ങള്‍വരെ അടച്ചുപൂട്ടേണ്ട അവസ്ഥയാണ് വിദേശഭീമന്മാര്‍ സൃഷ്ടിക്കുക. വലിയ സ്ഥാപനമായ വാള്‍മാര്‍ട്ട് കടന്നുചെല്ലുന്ന ഓരോ സ്ഥലത്തും രണ്ടുവീതമെങ്കിലും പ്രധാന കച്ചവടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നിട്ടുണ്ട്. അമേരിക്കയില്‍ വാള്‍മാര്‍ട്ടിനെതിരെ ജനങ്ങള്‍ സംഘടിച്ചിരിക്കുന്നു. വിദേശനിക്ഷേപം ചില്ലറവ്യാപാര രംഗത്തേക്ക് ആകര്‍ഷിച്ച ജപ്പാനും തായ്ലന്‍ഡുമടക്കമുള്ള രാജ്യങ്ങള്‍ ഇന്ന് പശ്ചാത്താപത്തിന്റെ വഴിയിലാണ്. പുതിയ നിയമങ്ങള്‍ കൊണ്ടുവന്നും വിലക്കുകള്‍ കര്‍ക്കശമാക്കിയും മറ്റുമാണ് ഇനിയുള്ള വരവിനെ അവര്‍ തടയുന്നത്. വാള്‍മാര്‍ട്ടുപോലുള്ള സ്ഥാപനങ്ങള്‍ ചെറുകിടകച്ചവട മേഖലയില്‍ പതുക്കെ വ്യാപിക്കുന്ന വിഷമായാണ് ബാധിക്കുക. ആദ്യം വില്‍പ്പനയിലും വരുമാനത്തിലും കുറവുണ്ടാകും. അന്നന്നത്തെ അന്നത്തിനുവേണ്ടി കച്ചവടം നടത്തുന്നവര്‍ ആ ഘട്ടത്തില്‍തന്നെ തൊഴില്‍ അവസാനിപ്പിക്കേണ്ടിവരും. പിടിച്ചുനില്‍ക്കാന്‍ കുറെപ്പേര്‍ ശ്രമിക്കും. ചില്ലറവ്യാപാരം ആദായമല്ലെന്ന് തിരിച്ചറിഞ്ഞ് അവരും രംഗംവിടാന്‍ നിര്‍ബന്ധിതരാകും.

കച്ചവടമല്ലാതെ മറ്റൊരു തൊഴിലും ചെയ്യാനുള്ള സാഹചര്യമോ പരിചയമോ ഇല്ലാത്തവരാണ് ചില്ലറവ്യാപാരികളില്‍ മഹാഭൂരിപക്ഷവും. കട പൂട്ടേണ്ടിവരിക എന്നത് അവരുടെ ജീവിതം വഴിമുട്ടുക എന്നതുതന്നെയാണ്. വലിയ സ്ഥാപനങ്ങള്‍ വരുമ്പോള്‍ സാധനങ്ങള്‍ വിലകുറച്ച് കിട്ടും എന്നൊരു വാദമുണ്ട്. അങ്ങനെ സംഭവിച്ചതിന് ലോകത്തൊരിടത്തും തെളിവില്ല. ആദ്യം കുറഞ്ഞ വിലയ്ക്ക് വിറ്റെന്നുവരും. വിപണിയില്‍ ആധിപത്യമുറപ്പിച്ചാല്‍ സ്വന്തം നിലയില്‍ വില ഉയര്‍ത്താന്‍ ഇവയ്ക്ക് കഴിയും. പിന്നെ അവര്‍ നിശ്ചയിക്കുന്നതാണ് വില. കാര്‍ഷികോല്‍പ്പന്നങ്ങള്‍ നേരിട്ട് സമാഹരിക്കുന്നതുമൂലം കൃഷിക്കാര്‍ക്ക് ഉയര്‍ന്ന വില ലഭിക്കുമെന്ന വാദവും തട്ടിപ്പുതന്നെ. ഒന്നാമത്, കാര്‍ഷികമേഖലയില്‍ പാട്ടക്കൃഷി, ഉല്‍പ്പന്ന വിപണനത്തില്‍ അവധിവ്യാപാരം എന്നിവയാണ് ഇത്തരം കുത്തകകളുടെ രീതി. ചെറുകിടകര്‍ഷകര്‍ പിന്നെ ഉണ്ടാകില്ല. പാട്ടത്തിനെടുക്കുന്ന ഭൂമിയില്‍ വന്‍തോതില്‍ കൃഷി നടത്തും- കമ്പനികള്‍ നേരിട്ടോ ദല്ലാള്‍മാര്‍ മുഖേനയോ. അവര്‍ ഉല്‍പ്പന്നത്തിന് വിലയിടും. സാധാരണ കര്‍ഷകന്‍ സ്വന്തം ഭൂമിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികവിഭവങ്ങള്‍ വില്‍ക്കാന്‍ വിപണി ഉണ്ടാകില്ല. വാള്‍മാര്‍ട്ട്, മെട്രോ, കാരിഫോര്‍ തുടങ്ങിയ ശൃംഖലകളുടെ മുഖ്യശ്രദ്ധ കാര്‍ഷികയിതര ഉല്‍പ്പന്നങ്ങളിലാണെന്നത് മറ്റൊരു കാര്യം. വസ്ത്രങ്ങളും തുകല്‍ സാധനങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും ഫര്‍ണിച്ചറും മറ്റും വിദേശങ്ങളില്‍നിന്ന് ഇങ്ങോട്ടൊഴുകും. നമ്മുടെ നാട്ടിലെ ആശാരിപ്പണിക്കാരടക്കം വഴിയാധാരമാകുമെന്ന് അര്‍ഥം. ഇന്ത്യയില്‍ പ്രതിവര്‍ഷം 21,60,000 കോടി രൂപയുടെ ചില്ലറവ്യാപാരം നടക്കുന്നുണ്ട്- ഈ വലുപ്പമാണ് ബഹുരാഷ്ട്രഭീമന്മാരെ കൊതിപ്പിക്കുന്നത്. ഇവിടെ ഇന്നുള്ള വന്‍കിട ചില്ലറവ്യാപാര കമ്പനികളും സന്തോഷത്തിലാണ്. മന്‍മോഹന്‍മന്ത്രിസഭ തീരുമാനമെടുക്കുന്നതിനുമുമ്പുതന്നെ ബഹുരാഷ്ട്ര കമ്പനികളുമായി അവയില്‍ പലതിനും കച്ചവടധാരണ ആയിക്കഴിഞ്ഞു. ചിലതിനെ അപ്പാടെ വിലയ്ക്കെടുക്കും. ചിലത് സംയുക്തസംരംഭങ്ങള്‍ ആരംഭിക്കും. 16,56,000 കോടി രൂപ വാര്‍ഷികവരുമാനവും കൊക്കകോള കമ്പനിയുടെ പതിനാലുമടങ്ങ് വലിപ്പവുമുള്ള വാള്‍മാര്‍ട്ടിനോട് നമ്മുടെ നാട്ടിലെ ഉന്തുവണ്ടികളില്‍ പച്ചക്കറിയും പഴങ്ങളും വില്‍ക്കുന്നവരും വഴിയോര തട്ടുകടക്കാരും സാമാന്യം വലിയ ഷോപ്പുകള്‍ നടത്തുന്നവരുമൊക്കെ മത്സരിച്ചുനില്‍ക്കുക എന്നത് അസംഭവ്യമാണ്.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹ്യദുരന്തങ്ങളിലൊന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഒരു തീരുമാനത്തിലൂടെ സംഭവിക്കാന്‍ പോകുന്നത്. ഇതിനെ ചെറുത്തുതോല്‍പ്പിക്കുമെന്ന പ്രഖ്യാപനവുമായി കേരളത്തിലും രാജ്യത്താകമാനവും ഉയര്‍ന്ന വ്യാപാരികളുടെ കൂട്ടായ പ്രക്ഷോഭവും അതിന് സമൂഹത്തിന്റെ നാനാതലങ്ങളില്‍നിന്ന് ലഭിക്കുന്ന പിന്തുണയും ആവേശകരമാണ്. ഈ പ്രക്ഷോഭം വിപുലപ്പെടുത്തേണ്ടതുണ്ട്. അതിനായി അണിനിരക്കാന്‍ എല്ലാ വ്യാപാരികളോടും ദേശസ്നേഹികളോടും അഭ്യര്‍ഥിക്കുന്നു.

*

ഇ പി ജയരാജന്‍ (കേരള വ്യാപാരി വ്യവസായിസമിതി രക്ഷാധികാരിയാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതില്‍നിന്ന് പിന്മാറണമെന്ന ആവശ്യത്തോട്, പുറംതിരിഞ്ഞുനില്‍ക്കുന്ന യുപിഎ സര്‍ക്കാരിന്റെ നിലപാടുമൂലം പാര്‍ലമെന്റ് സ്തംഭനം തുടരുകയാണ്. രാജ്യം കണ്ട ഏറ്റവും തീവ്രമായ പ്രതിഷേധങ്ങളിലൊന്നാണ് ചെറുകിടവ്യാപാരികളുടേത്. ചില്ലറവ്യാപാരത്തില്‍ 51 ശതമാനം വിദേശ മൂലധനനിക്ഷേപം ആകാമെന്നും ഒരു ഉല്‍പ്പന്നംതന്നെ പല വിപണിയില്‍ പല പേരില്‍ വില്‍ക്കുന്ന രീതി (മള്‍ട്ടിബ്രാന്‍ഡ്) അനുവദിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം മന്‍മോഹന്‍സിങ് മന്ത്രിസഭ തീരുമാനിച്ചത്. ചില്ലറവ്യാപാരത്തിലെ ബഹുരാഷ്ട്രകുത്തകകളുടെ കടന്നുവരവ് വിവരണാതീതമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്നതില്‍ ആരും സംശയിക്കുന്നില്ല. രാജ്യത്തെ ചെറുകിടകച്ചവടക്കാരുടെ ഉപജീവനം ഇല്ലാതാക്കുമെന്നതിനുപുറമെ കാര്‍ഷികമേഖലയിലുള്‍പ്പെടെ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ തീരുമാനം. അത് തിരിച്ചറിഞ്ഞാണ്, കക്ഷിപരിഗണന കൂടാതെ എല്ലാ വ്യാപാരികളും പ്രക്ഷോഭത്തിലേക്കിറങ്ങിയത്