Thursday, December 15, 2011

പി എ ബക്കറിന്റെ ഓര്‍മക്ക്

ലോകത്തെങ്ങുമുള്ള മലയാളികളെ കോരിത്തരിപ്പിച്ചുകൊണ്ടാണ് "കബനീ നദി ചുവന്നപ്പോള്‍" എന്ന ചിത്രത്തിന്റെ നിര്‍മാണ പുരോഗതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടിയന്തരാവസ്ഥയുടെ കരാളനാളുകളില്‍ പുറത്തുവന്നുകൊണ്ടിരുന്നത്. നമ്മുടെ സാംസ്കാരികലോകം, അന്യഥാ, വിനീതവിധേയമായി ശോഷിച്ചും ശുഷ്കിച്ചുംകൊണ്ടിരുന്ന അവസ്ഥയിലായതിനാലാവാം ഉന്മിഷത്തമായൊരു സാംസ്കാരിക സ്പന്ദമെന്ന നിലക്ക് മൂന്നുനാലു വര്‍ഷം മാത്രം മുമ്പത്തെ രാഷ്ട്രീയ-സാമൂഹ്യ കാലാവസ്ഥ പശ്ചാത്തലമാക്കിയുള്ള ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും സൈബര്‍ യുഗത്തെപ്പോലും വെല്ലുംവിധം അന്ന് കാറ്റില്‍ പ്രചരിച്ചുകൊണ്ടിരുന്നു. സെന്‍സര്‍മാരുയര്‍ത്തിയ തടസ്സങ്ങളും വിലക്കുകളും തരണം ചെയ്ത് "കബനീനദി" പുറത്തിറങ്ങിയപ്പോള്‍ സാര്‍വത്രികമായ സ്വീകരണം തന്നെയാണ് ലഭിച്ചത്. സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗത്തിന് അതൊരു സ്വപ്നസാഫല്യം തന്നെയായിരുന്നു.

സാമൂഹ്യ യാഥാര്‍ഥ്യങ്ങളോട് മുഖം തിരിച്ചു നില്‍ക്കുക; ആഭിമുഖ്യം പ്രദര്‍ശിപ്പിക്കുന്നെങ്കില്‍ത്തന്നെ നഗ്നമായ കച്ചവടക്കണ്ണോടെയായിരിക്കുക, അതല്ലെങ്കില്‍ ദന്തഗോപുരവാസിയുടെ ബുദ്ധിവ്യായാമത്തിന്റെ ഭാഗമായായിരിക്കുക എന്ന നിലവിട്ട് രാഷ്ട്രീയത്തെ ജീവിതത്തിന്റെ ഭാഗമായി അംഗീകരിക്കുന്ന ഒരു സമീപനം മലയാള സിനിമയില്‍ അപൂര്‍വമായിരുന്നു. "സമൂഹ"ത്തിനുവേണ്ടി "കല"യെ ബലികഴിച്ചുവെന്ന ആക്ഷേപത്തിനു "കബനി" വഴിവെച്ചതുമില്ല. മലയാള സിനിമക്ക് പ്രായപൂര്‍ത്തിയായിക്കാണാന്‍ കൊതിച്ചവര്‍ ഒന്നടങ്കം ബക്കറിനെ പ്രകീര്‍ത്തിച്ചു. "കബനീ നദി"യിലെ ഒരു രാത്രിസീന്‍ എടുത്തുപറഞ്ഞ് എം ടി വാസുദേവന്‍നായര്‍ സംവിധായകനെ കെട്ടിപ്പിടിച്ച് അനുമോദിച്ചതായി കേട്ടിട്ടുണ്ട്.

പി ഗോവിന്ദപിള്ള ചിത്രത്തിന്റെ മികവുകള്‍ എണ്ണിയെണ്ണിപ്പറഞ്ഞു: സിനിമയില്‍ ഛായാഗ്രഹണവും സംഗീതവും ശബ്ദവും കലയും തിരക്കഥയും സംവിധാനവും എങ്ങനെ വേണമെന്നു കാണണമോ, "കബനീനദി ചുവന്നപ്പോള്‍" കാണുവിന്‍ എന്നായിരുന്നു പി ജിയുടെ നിര്‍ദേശം. വര്‍ഷങ്ങള്‍ ചലച്ചിത്ര വ്യവസായത്തിന്റെ അണിയറയില്‍ നിശബ്ദം പ്രവര്‍ത്തിച്ച ബക്കര്‍ , പക്ഷേ, മലയാളസിനിമയുടെ നവമായ വികാസങ്ങള്‍ക്കെല്ലാം പിന്നിലുണ്ടായിരുന്നെന്ന് ചെമ്മീന്‍ , അവള്‍ , ഓളവും തീരവും തുടങ്ങിയ നിരവധി ചിത്രങ്ങളുടെയും അസീസ്, പി എന്‍ മേനോന്‍ , ഭരതന്‍ തുടങ്ങിയ ചലച്ചിത്രകാരന്മാരുടെയും ചരിത്രമന്വേഷിക്കുന്നവര്‍ക്ക് മനസിലാക്കാനാവും.

ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായി ഉറ്റ ബന്ധമുണ്ടായിരുന്ന ബക്കര്‍ "കബനീനദി"യുടെ നാളുകള്‍ മുതല്‍തന്നെ അടുത്തു ബന്ധപ്പെട്ടിരുന്ന അശ്വിനി ഫിലിം സൊസൈറ്റിയുടെ സുഹൃദ്വലയത്തിലായാണ് "ചുവന്ന വിത്തുകള്‍" എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളത്രയും നിര്‍വഹിച്ചതുതന്നെ. കോഴിക്കോട്ട് അശ്വിനിയുടെ സെക്രട്ടറി ചെലവൂര്‍ വേണുവിന്റെ ഓഫീസും പരിസരവുമായിരുന്നു ചിത്രത്തിന്റെ ഇന്‍ഡോറും ഔട്ട്ഡോറുമെല്ലാം. നല്ല സിനിമ നിര്‍മിക്കാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം മുടക്കുമുതല്‍ എന്ന കൂറ്റന്‍ കടമ്പ പേടിക്കാതെ ധൈര്യപൂര്‍വം രംഗത്തേക്കു കടന്നുവരാന്‍ കഴിയുംവിധം നിര്‍മാണച്ചെലവ് ചുരുക്കിക്കാണിച്ചുകൊടുക്കാന്‍ പ്രത്യേക ശ്രദ്ധ തന്നെയുണ്ടായിരുന്ന ബക്കര്‍ മൂന്നാലിങ്ങലെ ആ കെട്ടിടത്തിനകത്തും പിന്‍ഭാഗത്ത് അധികമാരുടെയും ശ്രദ്ധയില്‍പ്പെടാതെയുണ്ടായിരുന്ന കോളനി സമാനമായ പാര്‍പ്പിട കേന്ദ്രത്തിലും ചുറ്റുമുള്ള തെരുവിലുമായി തനിക്കാവശ്യമായ ലോകം ഒതുക്കിയും ഒരുക്കിയും എടുത്തത് അവിശ്വസനീയമായ കാഴ്ചയായിരുന്നു. തറവാടു മുടിച്ചും മലയാള സിനിമ നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പ്രതിഭകളെ സിനിയൊരു കെട്ടുകാഴ്ചയായിത്തന്നെയിരിക്കട്ടെ എക്കാലവും എന്നു ശഠിക്കുന്ന താരവ്യവസ്ഥയുടെ തണലില്‍ കൊണ്ടുചെന്നു നിര്‍ത്തുന്ന "താരനിശ"കളെ ബക്കര്‍ അവയുടെ വേദികളില്‍ - അവകാശം നേടിയെടുത്തുതന്നെ - കയറിച്ചെന്ന് വെല്ലുവിളിക്കുന്നതും മലയാളികള്‍ കണ്ടിട്ടുണ്ട്. വീറുറ്റ ആ പോരാളിയുടെ ഓര്‍മ നിലനിര്‍ത്താനായി വര്‍ഷംതോറും നടത്തിവരുന്ന രാഷ്ട്രീയ ചലച്ചിത്രോത്സവത്തില്‍ അശ്വിനി ഫിലിം സൊസൈറ്റി ഇത്തവണ പ്രദര്‍ശിപ്പിച്ച മൂന്നു ചിത്രങ്ങളും ലക്ഷ്യവേധിയായെന്നു പറയാതെ വയ്യ.

ടി വി ചന്ദ്രന്റെ "ആടും കൂത്ത്" (2005 - തമിഴ്), ഗിലോപോണ്ടെ കൊര്‍വോയുടെ "ദി ബാറ്റില്‍ ഓഫ് അള്‍ജിയേഴ്സ്" (1966 - അള്‍ജീരിയ/ഇറ്റലി), അലെജാന്‍ഡ്രോ അമെനബാറിന്റെ "അഗോറ" (2009- സ്പെയിന്‍) എന്നിവയാണീ വിശിഷ്ട കൃതികള്‍ . അടിയന്തരാവസ്ഥയുടെ ആദ്യ ദിവസങ്ങളില്‍ത്തന്നെ തെക്കന്‍ തമിഴകത്തെ കടയനെല്ലൂരില്‍ "കബനീനദി"ക്കു സമാനമായൊരു ചലച്ചിത്ര നിര്‍മാണ ശ്രമം നടന്നു. രണ്ടു പതിറ്റാണ്ടു മുമ്പ് ഗ്രാമത്തിലെത്തിയ ഒരു നാടോടി സംഘത്തിലെ നര്‍ത്തകി വെള്ളിയമ്മാള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തിനു സാക്ഷിയായ ഒരു ബാലനാണ് പിന്നീട് പുണെയില്‍ പോയി സിനിമ പഠിച്ച് ആ പുരാവൃത്തത്തിന്റെ പുനരാവിഷ്കാരം നടത്താന്‍ തുനിഞ്ഞത്. യുവതിക്കൊപ്പമുണ്ടായിരുന്ന നര്‍ത്തകനായ യുവാവിനെ ആട്ടിയോടിച്ച് നാട്ടുപ്രമാണി വെള്ളിയമ്മാളെ തന്റെ അഭീഷ്ടത്തിനു കീഴ്പ്പെടുത്താന്‍ മുതിര്‍ന്നു. ചെറുത്തുനിന്ന യുവതിയെ തല മുണ്ഡനം ചെയ്ത് ജനമധ്യെ നടത്തിച്ച് അപമാനിച്ചു. ജ്ഞാനശേഖരന്‍ എന്ന യുവ സംവിധായകന് തന്റെ മനസ്സിലുള്ള നായികയെ സിനിമയില്‍ കാണിക്കാന്‍ നായികനടിയുടെ തല മുണ്ഡനം ചെയ്തുകിട്ടണം. മണിമേഖല എന്ന നടി വിമൂകയാവുന്നു. ഒടുവില്‍ ജ്ഞാനശേഖരന്റെ മാനസികനില തിരിച്ചറിഞ്ഞ് അവര്‍ സമ്മതം മൂളുമ്പോഴേക്കും ഭൂതം അവരുടെ മുമ്പാകെ തല പൊക്കുന്നു. പഴയ നാട്ടുപ്രമാണിയുടെ മകന്‍ കിങ്കരന്മാരുമായെത്തി സിനിമാസംഘത്തെ തുരത്തുന്നു. എല്ലാത്തിനും ഉത്തരവാദി താനെന്നുവെച്ച് നടി ആത്മഹത്യ ചെയ്യുന്നു. അന്ന് അവിടം വിടുന്ന സംവിധായകന്‍ തീവ്രവാദ സംഘത്തില്‍ ചെന്നുപെട്ട് സംഹാരമൂര്‍ത്തിയായി ഗ്രാമത്തില്‍ തിരിച്ചെത്തുകയും നാട്ടുപ്രമാണിയുടെ മകന്‍ കനവരശനെ വകവരുത്തുകയും ചെയ്യുന്നു. പൊലീസ് പിടികൂടിയ ജ്ഞാനശേഖരന്റെ ശരീരം ദിവസങ്ങള്‍ക്കകം ഗ്രാമത്തിന്റെ ജലാശയത്തില്‍ മലച്ചുപൊന്തുന്നു. നേര്‍രേഖയിലൊരു ആഖ്യാനമല്ല ചിത്രം പ്രേക്ഷകനു നല്‍കുന്നത്. ഉള്‍നാടന്‍ തമിഴകത്തെ വിചിത്ര സ്വഭാവിയായ ഒരു പെണ്‍കുട്ടിക്ക് ഭാവിവരന്‍ സമ്മാനിക്കുന്ന പ്ലാസ്റ്റിക് വളയാണ് "ആടുംകൂത്തിന്റെ " പ്രൊജക്ടര്‍ എന്നു പറയാം. സിനിമയുടെ ഫിലിം കൊണ്ടുണ്ടാക്കിയതാണെന്നു പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടിക്ക് മുത്തു ആ വള സമ്മാനിക്കുന്നതുതന്നെ. അവസരത്തിലും അനവസരത്തിലും അവള്‍ക്കുണ്ടാകുന്ന വെളിപാടുകള്‍ ഈ പ്രൊജക്ടറില്‍നിന്നു പ്രസരിക്കുന്ന ദൃശ്യങ്ങളായി വെള്ളിത്തിരയിലെന്നോണം അവള്‍ക്കു മുമ്പാകെ അവതീര്‍ണമാകുന്നു. വിവാഹ മുഹൂര്‍ത്തത്തിലും ഇതാവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്നു നടത്തുന്ന അന്വേഷണമാണ് കടയനെല്ലൂരിന്റെ സംഭവകഥയിലേക്ക് അവരെ നയിക്കുന്നത്. ചിത്രം ഒരുപാട് ദിശകളിലേക്ക് പ്രേക്ഷകനെയും നയിച്ചുകൊണ്ടിരിക്കുന്നു. ഫ്രഞ്ച് അധിനിവിഷ്ട അള്‍ജീരിയയുടെ സ്വാതന്ത്ര്യസമര (1954 നവംബര്‍ 1960 ഡിസംബര്‍) ത്തിനിടക്ക് തലസ്ഥാനമായ അള്‍ജിയേഴ്സില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് "ദി ബാറ്റില്‍ ഓഫ് അള്‍ജിയേഴ്സ്" പുനരാവിഷ്കരിക്കുന്നത്. നഗരത്തിലെ കസബ എന്ന പ്രദേശത്ത് തദ്ദേശീയരും ഫ്രഞ്ച് കുടിയേറ്റക്കാരും തമ്മില്‍ വൈരം മുറുകുന്നതോടെ അധിനിവേശ സേനയുടെ പാരാട്രൂപ്പുകാര്‍ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടി (എഫ് എല്‍ എന്‍) നെ വേട്ട ചെയ്യാനായി നിയോഗിക്കപ്പെടുന്നു. എഫ് എല്‍ എന്‍ നേതൃനിരയെ കൊന്നൊടുക്കിയോ തടവിലാക്കിയോ സൈന്യം നാമാവശേഷമാക്കുന്നു. പക്ഷേ വിമോചനസമരം അടിച്ചമര്‍ത്തിയെന്ന് ആശ്വസിക്കാന്‍ അനുവദിക്കാത്തവിധം ഒരു കോറസായി അള്‍ജീരിയന്‍ ജനതയുടെ ശബ്ദം മുഴങ്ങുന്നു.

അള്‍ജിയേഴ്സ് അധീനത്തിലായെങ്കിലും അള്‍ജീരിയ അധൃഷ്യമായിത്തന്നെ അവശേഷിക്കുന്നുവെന്ന് അധിനിവേശ ശക്തിക്ക് അംഗീകരിക്കേണ്ടിവരുന്നു. എഫ് എല്‍ എന്‍ കമാന്‍ഡറായിരുന്ന സാദിയാസേഫിന്റെ ഓര്‍മക്കുറിപ്പുകള്‍ ആധാരമാക്കിയാണ് സംവിധായകനും ഫ്രാങ്കോ സൊളാനസും ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. എഫ് എല്‍ എന്നിന്റെ മുഖ്യ കമാന്‍ഡര്‍ എല്‍ഹാദി ജാഫറിന്റെ വേഷത്തില്‍ സാദേ യാസേഫ് ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. പി എല്‍ ഒ അടക്കമുള്ള വിമോചന പ്രസ്ഥാനങ്ങളും സിഐഎ അടക്കമുള്ള ചാരസംഘടനകളും അധിനിവേശ ശക്തികളും ഒരുപോലെ സൂക്ഷ്മപഠനത്തിനു വിധേയമാക്കുകയും പാഠങ്ങള്‍ പരതുകയും ചെയ്തുപോന്ന ചലച്ചിത്ര ക്ലാസിക്കാണിത്. അലെജാന്‍ഡ്രോ അമെനബാറിന്റെ "അഗോറ" റോമാസാമ്രാജ്യത്തിന്റെ ക്രൈസ്തവവല്‍ക്കരണത്തിന്റെ കഥ പറയുന്നു. ഹിപാഷ്യ എന്ന ഗ്രീക്ക് ഗണിതശാസ്ത്ര പണ്ഡിതയെ കേന്ദ്രീകരിച്ചാണ് ഭൂമിയുടെ കേന്ദ്രസ്ഥാനവും ദൈവത്തിന്റെ ആസ്തിക്യവും വ്യവസ്ഥാപിതമായി ചോദ്യം ചെയ്യപ്പെടുന്ന ബൗദ്ധിക-സൈനിക ഏറ്റുമുട്ടലിന്റെ ഇതിഹാസം ഹൃദയസ്പര്‍ശിയായി ആഖ്യാനം ചെയ്യപ്പെടുന്നത്.

*
കോയ മുഹമ്മദ് ദേശാഭിമാനി വാരിക 17 ഡിസംബര്‍ 2011

No comments: