Saturday, December 17, 2011

മോഡിയും പ്രതിച്ഛായ എന്ന കെണിയും

പ്രതിച്ഛായകളുണ്ടാക്കിക്കൊണ്ട്, നിരന്തരം അത് പുതുക്കിക്കൊണ്ട് ജനമനസ്സിന്റെ ബോധാബോധ തലങ്ങളുമായി നിരന്തരം സംവദിച്ചുകൊണ്ടിരിക്കുക എന്നത് ഫാസിസത്തിന്റെ ഒരു കൗശലമാണ്. മാധ്യമശ്രദ്ധ കിട്ടിയില്ലെങ്കില്‍ അമ്മയെ തല്ലിയെങ്കിലും അത് നേടിയെടുക്കും. ഒരിക്കല്‍ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞാല്‍ പിന്നെയെളുപ്പമാണ്. മക്കളെ സ്‌നേഹിച്ചും ഭാര്യയുടെ മുന്നില്‍ സ്‌നേഹം നടിച്ചും അമ്മയെ ഫൈവ്സ്റ്റാര്‍ വൃദ്ധസദനത്തില്‍ പാര്‍പ്പിച്ചും പഴയ പാപം കഴുകിക്കളഞ്ഞിട്ട് ഉത്തമപുരുഷനായി ഞെളിഞ്ഞുനടക്കാം. ഹിറ്റ്‌ലര്‍ ചെയ്തതാണ്. വെയ്മര്‍ റിപ്പബ്ലിക്കിനെതിരെ (1919-33 കാലഘട്ടത്തിലെ ജര്‍മ്മന്‍ ഗവണ്‍മെന്റ്) സമരം ചെയ്ത് ജനശ്രദ്ധ നേടി. ഒപ്പം ജൂതവിദ്വേഷവും. എന്നാല്‍ 1939ലെ പോളിഷ് ആക്രമണം വരെ പുറംലോകം ഹിറ്റ്‌ലറിനെ അറിഞ്ഞത് നരഭോജിയായ പിശാചായല്ല. മറിച്ച്, വികസനനായകനായാണ്. ഒന്നാം ലോകമഹായുദ്ധം തകര്‍ത്തെറിഞ്ഞ ജര്‍മ്മനിയെ സാമ്പത്തിക സൈനികശക്തിയായി ഉയര്‍ത്തിക്കൊണ്ടുവന്ന രക്ഷകനായാണ് അമേരിക്കയിലും മറ്റും അയാള്‍ പ്രസിദ്ധനായത്. ഒപ്പം സോവിയറ്റ് യൂണിയനെതിരെ തങ്ങളുടെ പ്രതിരോധകവചമായും മുതലാളിത്തരാജ്യങ്ങള്‍ അയാളെ കണ്ടു. ഒടുവില്‍ പ്രതിഛായകള്‍ തീര്‍ത്ത കെണിയില്‍ നിന്നും മുതലാളിത്തം ഉണര്‍ന്നെണീക്കും മുമ്പ് ആറുദശലക്ഷം ജൂതരും അഞ്ചുലക്ഷം ജിപ്‌സികളും ഇഞ്ചിഞ്ചായി കൊലചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.

ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ പോക്കും ഈ ദിശയിലാണെന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി വന്ന വാര്‍ത്തകള്‍. രണ്ടുതരം വാര്‍ത്തകള്‍ മോഡിയെ പ്രതി വന്നു. ഒന്നാമത്തേത് ഗുജറാത്ത് വംശഹത്യ കേസുകളിലൊന്നായ സര്‍ദാര്‍പുര കൂട്ടക്കൊലക്കേസിന്റെ പ്രത്യേക കോടതിവിധി. അടുത്തത് ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ടു വന്ന പ്രത്യേകാന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍. രണ്ടും മോഡിക്ക് ശക്തമായ തിരിച്ചടികളായിരുന്നു. പക്ഷേ, ഇങ്ങനെ തലകുനിച്ചിരിക്കുമ്പോള്‍ തന്നെ വീണ്ടും പത്രത്താളുകളില്‍ ഗുജറാത്തിന്റെ രക്ഷകനും ഇന്ത്യയുടെ ഭാവിമിശിഹായുമായി മുഖംകാണിക്കുവാന്‍ മോഡി വഴി കണ്ടെത്തി.

രണ്ടാണ് സംഭവങ്ങള്‍. ഒന്നാമതായി ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ലക്ഷദ്വീപില്‍ തദ്ദേശവാസികള്‍ തടഞ്ഞുവച്ച ചില ടൂറിസ്റ്റുകള്‍ മോഡിയുടെ ഇടപെടല്‍ മൂലം രക്ഷപ്പെട്ടു എന്ന വാര്‍ത്ത. ഇതുകേട്ടാല്‍ തോന്നുക ദ്വീപിനടുത്തുള്ള കേരളമോ, ദ്വീപ് ഭരിക്കുന്ന കേന്ദ്രമോ വിചാരിച്ചിട്ട് നടക്കാത്ത ഒരു കാര്യം മോഡി പണിപ്പെട്ട് നേടിയെടുത്തു എന്നാണ്. വീരപ്പനെ പിടിക്കുന്നതുപോലെ. പക്ഷേ, സംഗതിയെന്താണ്? ടൂറിസ്റ്റുകളില്‍ ഗുജറാത്തികളുണ്ടായിരുന്നു. അവരില്‍ ഒരാള്‍ തങ്ങളുടെ മുഖ്യമന്ത്രിക്ക് ഒരു സന്ദേശമയച്ചു. മോഡിയത് കേന്ദ്രത്തിന് കൈമാറി. ഇതില്‍ ഒരു ഇടനിലക്കാരന്റെ ഭാഗം മാത്രമാണ് മോഡിക്ക്. നടപടികളെടുത്ത് പ്രശ്‌നം പരിഹരിച്ചത് കേന്ദ്രഗവണ്‍മെന്റാണ്. അതിപ്പോള്‍ മലയാളിയോ, അല്ലാത്തവനോ ആയ ഒരു ടൂറിസ്റ്റ് ഉമ്മന്‍ചാണ്ടിക്ക് ഒരു സന്ദേശമയച്ചാല്‍ നമ്മുടെ മുഖ്യമന്ത്രിയും ഇതുതന്നെ ചെയ്യുമായിരുന്നു. ഇതില്‍ എന്താണ് ഇത്ര ആഘോഷിക്കാനുള്ളത്? പക്ഷേ, തിമിര്‍ത്താഘോഷിക്കുകയായിരുന്നു കോര്‍പ്പറേറ്റ് മൂലധനത്തിന്റെ തണലില്‍ വളരുന്ന ചില ഇംഗ്ലീഷ്മാധ്യമങ്ങളും, അവരുടെ പ്രാദേശിക-ദേശീയ കൂട്ടാളികളും.

അടുത്ത അരങ്ങ് ചൈനയാണ്. നിയമം ലംഘിച്ച് കച്ചവടം നടത്തിയതിന് ഏതാനും ഇന്ത്യന്‍വ്യാപാരികളെ ചൈനീസ് ഗവണ്‍മെന്റ് തടഞ്ഞുവച്ചിരുന്നു. ചൈനീസ് നിയമമനുസരിച്ച് അവര്‍ക്ക് തടവുശിക്ഷയും ലഭിച്ചു. ഇവരില്‍ ചിലര്‍ ഗുജറാത്തികളായിരുന്നു. ഏതായാലും പ്രശ്‌നം മുമ്പേതന്നെ ഇന്ത്യാ ഗവണ്‍മെന്റും കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും ചൈനയുമായി ചര്‍ച്ച ചെയ്തതാണ്. പരിഗണിക്കാം എന്നവര്‍ പറയുകയും ചെയ്തു. ഇതിനിടയ്ക്കാണ് നിക്ഷേപങ്ങള്‍ ആര്‍ജ്ജിക്കാനാണെന്ന പേരില്‍ മോഡി ഒരു ചൈനാസന്ദര്‍ശനം നടത്തിയത്. സ്വാഭാവികമായും ഗുജറാത്തികള്‍, പ്രത്യേകിച്ചും സമ്പന്നരായ വൈരവ്യാപാരികള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ മോഡി ചൈനീസ് അധികൃതരുമായി സംസാരിച്ചു കാണും. അതിലെന്താണിത്ര പുതുമ? മലയാളികളുള്‍പ്പെട്ട പല കേസുകളുമായി ബന്ധപ്പെട്ട് നമ്മുടെ മുഖ്യമന്ത്രിമാര്‍ ഗള്‍ഫ്‌രാജ്യങ്ങളിലെ ഗവണ്‍മെന്റുകളുമായിട്ട് സംസാരിച്ചിട്ടുണ്ട്. ചിലതെല്ലാം നടന്നിട്ടുമുണ്ട്. പക്ഷേ, മോഡിയായാലും ചാണ്ടിയായാലും ഒരു മുഖ്യമന്ത്രിയുടെ വാക്കിനേക്കാള്‍ ഒരു വിദേശരാജ്യം ചെവികൊടുക്കുക പ്രധാനമന്ത്രിയുടേയും കേന്ദ്രമന്ത്രിസഭയുടേയും വാക്കുകള്‍ക്കാണെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാവും. ഏതായാലും മോഡി തിരിച്ചുവന്ന് രണ്ടാഴ്ചയായപ്പോള്‍ തടവിലായവരെ വിട്ടയക്കാന്‍ ചൈനീസ് അധികാരികള്‍ തീരുമാനിച്ചു. ഓര്‍ക്കുക, മോഡി ചൈനയിലുള്ളപ്പോഴല്ല ഈ പ്രഖ്യാപനം വന്നത്. അങ്ങനെയായിരുന്നുവെങ്കില്‍ മോഡിയുടേയും സ്തുതിപാഠകരുടേയും വാദങ്ങള്‍ക്ക് കുറച്ചെങ്കിലും വിശ്വാസ്യതയുണ്ടാകുമായിരുന്നു. പക്ഷേ, ചക്ക വീണപ്പോള്‍ മുയലിനെ കിട്ടിയതു പോലെ മോഡിയും, കോര്‍പ്പറേറ്റ് മാധ്യമപ്പടയും ആഘോഷം തുടങ്ങി.

അടുത്തവാര്‍ത്ത പാകിസ്ഥാനില്‍ നിന്നുമാണ് വന്നത്. അവിടുത്തെ അധികാരികളും വ്യവസായപ്രമുഖരും മോഡിയെ അങ്ങോട്ടു ക്ഷണിച്ചത്രെ. പക്ഷേ, എന്താണ് അതിലിത്ര പുതുമ? പല അയല്‍രാജ്യങ്ങളും നമ്മുടെ പല മുഖ്യമന്ത്രിമാരേയും തങ്ങളുടെ രാജ്യത്തേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്തിന് ബീഹാറിനെ ഭരിച്ച് നാനാവിധമാക്കിയ ലാലു യാദവിനെ വരെ പാകിസ്ഥാന്‍ സ്വന്തം മണ്ണിലേക്ക് ക്ഷണിച്ചാദരിച്ചിട്ടുണ്ട്. ലാലുവിന്റെ തമാശകള്‍ പാകിസ്ഥാനികളെ ചിരിപ്പിച്ചതിനാല്‍ അതൊക്കെ വാര്‍ത്തയുമായിരുന്നു. പക്ഷേ, മോഡി പ്രഭ്രുതികളുടെ വീമ്പിളക്കല്‍ കണ്ടാല്‍ തോന്നുക ഇതൊക്കെ ലോകചരിത്രത്തിലെ ആദ്യസംഭവമെന്നാണ്.

എന്തൊക്കെ പറഞ്ഞാലും പാകിസ്ഥാനും ചൈനയും ഇന്ത്യയുടെ ശത്രുരാജ്യങ്ങളാണ്. അതിനാല്‍ തന്നെ ഇവിടുത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ ദേശീയതാല്‍പര്യങ്ങള്‍ക്ക് ഒട്ടുമേ വിരുദ്ധമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍പ്പോലും അവരെ ദേശവിരുദ്ധരും ചൈനീസ് ചാരന്മാരുമൊക്കെയായി ഉയര്‍ത്തിക്കാട്ടി കുപ്രചാരണം നടത്തല്‍ ഇപ്പറഞ്ഞ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടേയും സംഘപരിവാരത്തിന്റേയും സ്ഥിരം വിനോദമാണ്. എന്നാല്‍ നമ്മുടെ പൊതുമേഖലാസ്ഥാപനമായ ഭെല്ലിനെ തഴഞ്ഞുകൊണ്ട് ജലവൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ചൈനീസ്‌കമ്പനിയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ എന്തോ താല്‍പര്യത്തിന് പുറത്ത് ഇന്ത്യാഗവണ്‍മെന്റ് തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ ഇടതുപക്ഷം ശക്തമായി ഭെല്ലിനു വേണ്ടി രംഗത്തു വന്നതിവര്‍ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്. ഇനി ഇടതുപക്ഷത്തിനെതിരെ ഈ കോര്‍പ്പറേറ്റ് മാധ്യമങ്ങളെടുക്കുന്ന നിലപാടിന്റെ വീക്ഷണകോണില്‍ നോക്കുമ്പോള്‍ മോഡിയില്‍ പ്രത്യേകം താല്‍പര്യം കാണിക്കുന്നതിന് പിന്നില്‍ നമ്മുടെ ശത്രുരാജ്യങ്ങള്‍ക്കുള്ള ലക്ഷ്യമെന്താണ്? മോഡിയും ഇവരും തമ്മിലുള്ള ബന്ധമെന്താണ്? എന്നൊക്കെ ഇവര്‍ ആശങ്കപ്പെടേണ്ടതാണ്. പക്ഷേ, അതുണ്ടായില്ല. സത്യത്തില്‍ ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളെ പരസ്പരം അടിപ്പിച്ച് ദേശീയസുരക്ഷയ്ക്കും നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ ദേശീയ സങ്കല്‍പ്പത്തിനും ശക്തമായ ഭീഷണിയുയര്‍ത്തുന്ന ആളാണ് മോഡി എന്ന വസ്തുത ഇത്തരം സംശയങ്ങളുയര്‍ത്തുന്നുമുണ്ട്.

ഇത്തരം സംശയങ്ങളൊന്നും ദേശസ്‌നേഹം കൊണ്ട് വിജ്രംഭിതമായ കോര്‍പ്പറേറ്റ് മാധ്യമങ്ങളുയര്‍ത്താത്തത് മറ്റൊന്നും കൊണ്ടുമല്ല. തങ്ങളുടെ മാതൃകമ്പനികള്‍ക്ക് ഇന്ത്യയെ നാളെ തോന്നിയതുപോലെ കുത്തിവാരിയെടുത്ത് വെട്ടിവിഴുങ്ങാന്‍ അവസരമൊരുക്കുന്ന ആളായാണ് മോഡിയെ അവര്‍ കാണുന്നത്. ഗുജറാത്തിലെ ജനങ്ങളുടെ ചെലവില്‍ കോര്‍പ്പറേറ്റുകളെ തീറ്റിപ്പോറ്റക്കൊണ്ട് ഇതിനുള്ള തന്റെ ശേഷി മോഡി തെളിയിക്കുന്നുമുണ്ട്. മോഡിക്കാണെങ്കില്‍ തന്റെ ഫാസിസ്റ്റ് ദംഷ്ട്രകള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ ചരിത്രബോധമോ വിമര്‍ശനബുദ്ധിയോ ഇല്ലാത്ത ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ അഭിരുചികള്‍ നിര്‍ണയിക്കുന്ന ഈ മാധ്യമങ്ങളുടെ പിന്തുണ വേണം. എങ്കിലേ ചില പിഴവുകള്‍ക്കിടയിലും ശക്തമായി നിലകൊള്ളുന്ന ഇന്ത്യയുടെ മതേതര മനസ്സിനെ പറ്റിച്ച് 2020 ആകുമ്പോഴേക്കും പ്രധാനമന്ത്രിയാവാന്‍ ഒക്കുകയുള്ളൂ. അതുകൊണ്ട് തന്നെ വീണ്ടും ചരിത്രത്തില്‍ ഫാസിസവും കോര്‍പ്പറേറ്റിസവും ഒന്നു ചേരുകയാണ്. പ്രതിഛായകളുടെ കെണിയില്‍ പെടുത്തി നമ്മുടെ ജീവരക്തം ഊറ്റിയെടുക്കുകയാണ് ലക്ഷ്യം. 1930കളിലെ ജര്‍മ്മന്‍ അരങ്ങ് ഇപ്പോള്‍ ഇന്ത്യയിലേക്ക് മാറ്റപ്പെടുകയാണ്. കരുതിയിരിക്കുക.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രതിച്ഛായകളുണ്ടാക്കിക്കൊണ്ട്, നിരന്തരം അത് പുതുക്കിക്കൊണ്ട് ജനമനസ്സിന്റെ ബോധാബോധ തലങ്ങളുമായി നിരന്തരം സംവദിച്ചുകൊണ്ടിരിക്കുക എന്നത് ഫാസിസത്തിന്റെ ഒരു കൗശലമാണ്. മാധ്യമശ്രദ്ധ കിട്ടിയില്ലെങ്കില്‍ അമ്മയെ തല്ലിയെങ്കിലും അത് നേടിയെടുക്കും. ഒരിക്കല്‍ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞാല്‍ പിന്നെയെളുപ്പമാണ്. മക്കളെ സ്‌നേഹിച്ചും ഭാര്യയുടെ മുന്നില്‍ സ്‌നേഹം നടിച്ചും അമ്മയെ ഫൈവ്സ്റ്റാര്‍ വൃദ്ധസദനത്തില്‍ പാര്‍പ്പിച്ചും പഴയ പാപം കഴുകിക്കളഞ്ഞിട്ട് ഉത്തമപുരുഷനായി ഞെളിഞ്ഞുനടക്കാം. ഹിറ്റ്‌ലര്‍ ചെയ്തതാണ്. വെയ്മര്‍ റിപ്പബ്ലിക്കിനെതിരെ (1919-33 കാലഘട്ടത്തിലെ ജര്‍മ്മന്‍ ഗവണ്‍മെന്റ്) സമരം ചെയ്ത് ജനശ്രദ്ധ നേടി. ഒപ്പം ജൂതവിദ്വേഷവും. എന്നാല്‍ 1939ലെ പോളിഷ് ആക്രമണം വരെ പുറംലോകം ഹിറ്റ്‌ലറിനെ അറിഞ്ഞത് നരഭോജിയായ പിശാചായല്ല. മറിച്ച്, വികസനനായകനായാണ്. ഒന്നാം ലോകമഹായുദ്ധം തകര്‍ത്തെറിഞ്ഞ ജര്‍മ്മനിയെ സാമ്പത്തിക സൈനികശക്തിയായി ഉയര്‍ത്തിക്കൊണ്ടുവന്ന രക്ഷകനായാണ് അമേരിക്കയിലും മറ്റും അയാള്‍ പ്രസിദ്ധനായത്. ഒപ്പം സോവിയറ്റ് യൂണിയനെതിരെ തങ്ങളുടെ പ്രതിരോധകവചമായും മുതലാളിത്തരാജ്യങ്ങള്‍ അയാളെ കണ്ടു. ഒടുവില്‍ പ്രതിഛായകള്‍ തീര്‍ത്ത കെണിയില്‍ നിന്നും മുതലാളിത്തം ഉണര്‍ന്നെണീക്കും മുമ്പ് ആറുദശലക്ഷം ജൂതരും അഞ്ചുലക്ഷം ജിപ്‌സികളും ഇഞ്ചിഞ്ചായി കൊലചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.