സോക്രട്ടീസ് കളമൊഴിഞ്ഞു
സാവോപോളോ: ഫുട്ബോളിന്റെ സുവര്‍ണനിരയില്‍നിന്ന് ഒരു മഹാപ്രതിഭകൂടി കളമൊഴിയുന്നു. ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സോക്രട്ടീസ് നിര്യാതനായി. 57 വയസ്സായിരുന്നു. സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചെറുകുടലില്‍ അണുബാധയുണ്ടായ സോക്രട്ടീസിനെ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ ശനിയാഴ്ച തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഡയാലിസിസിനും വിധേയനാക്കി. എന്നാല്‍ , ഡോക്ടര്‍മാരുടെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി ഞായറാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. നാലുമാസത്തിനിടെ ഇത് മൂന്നാംതവണയാണ് സോക്രട്ടീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിത മദ്യപാനത്തെത്തുടര്‍ന്നുണ്ടായ കരള്‍രോഗമായിരുന്നു കാരണം. കഴിഞ്ഞ രണ്ടുതവണയും ഗോള്‍മുഖത്തെത്തി മടങ്ങിപ്പോയ മരണം ഇത്തവണ പക്ഷേ, ഇതിഹാസതാരത്തെ കീഴടക്കി.
1954 ഫെബ്രുവരി 19ന് ബെലേം ഡൂപാരയിലായിരുന്നു ലോക ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച മധ്യനിരക്കാരില്‍ ഒരാളായ സോക്രട്ടീസിന്റെ ജനനം. സോക്രട്ടീസ് ബ്രാസിലേരിയോ സാംപായിയോ ഡിസൂസ വിയ്റ ഡി ഒലിവേറ എന്നാണ് മുഴുവന്‍ പേര്. 1979നും "86നുമിടയില്‍ 60 മത്സരങ്ങളില്‍ ബ്രസീലിന്റെ കുപ്പായമണിഞ്ഞു. 22 ഗോള്‍ നേടി. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ടീമെന്നു വാഴ്ത്തപ്പെടുന്ന 1982ലെ ലോകകപ്പ് ടീമിനെ നയിച്ചത് സോക്രട്ടീസായിരുന്നു. പക്ഷേ, രണ്ടാംറൗണ്ടില്‍ ഇറ്റലിയോട് 2-3ന് തോറ്റു. ഈ കളിയില്‍ സോക്രട്ടീസ് നേടിയ ഗോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ചവയില്‍ ഒന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1986 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ ഫ്രാന്‍സിനോടു തോറ്റ് പുറത്തായ ബ്രസീല്‍ ടീമിലും അംഗമായിരുന്നു. ഈ കളിയുടെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കിക്ക് പാഴാക്കിയതാണ് സോക്രട്ടീസിന്റെ ഫുട്ബോള്‍ജീവിതത്തിലെ ദുരന്തനിമിഷം.
മെഡിക്കല്‍ ബിരുദധാരിയായിരുന്ന സോക്രട്ടീസിനെ ഡോക്ടര്‍ എന്നാണ് കളിക്കളത്തിലും സഹതാരങ്ങള്‍ സംബോധനചെയ്തിരുന്നത്. മെലിഞ്ഞ ശരീരമുള്ള ഈ ആറടി നാലിഞ്ച് ഉയരക്കാരന്‍ ലോകത്തിലെ എക്കാലത്തെയും മികച്ച 125 ഫുട്ബോളര്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. താടിയും മുടിയും നീട്ടിവളര്‍ത്തി, ഹെയര്‍ബാന്‍ഡണിഞ്ഞ് കളത്തിലിറങ്ങിയിരുന്ന സോക്രട്ടീസിന് ഇരുകാലുകളും ഒരേപോലെ പ്രയോഗിക്കുന്നതില്‍ അസാമാന്യ വൈദഗ്ധ്യമുണ്ടായിരുന്നു. 1983ല്‍ മികച്ച ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍താരത്തിനുള്ള അവാര്‍ഡ് ഈ പ്ലേമേക്കര്‍ക്കായിരുന്നു. ബ്രസീലിയന്‍ ക്ലബ്ബായ കൊറിന്തിയന്‍സിലാണ് കരിയറിന്റെ സിംഹഭാഗവും സോക്രട്ടീസ് ചെലവഴിച്ചത്. 1978 മുതല്‍ "84 വരെ കൊറിന്തിയന്‍സിനുവേണ്ടി 297 മത്സരങ്ങളില്‍ 172 ഗോള്‍ നേടി. ബ്രസീലിന്റെതന്നെ സാന്റോസ്, ഇറ്റലിയുടെ ഫിയന്റിന എന്നിവയ്ക്കുവേണ്ടിയും ചുരുങ്ങിയ കാലയളവില്‍ കളിച്ചു. ഫുട്ബോളില്‍നിന്നു വിരമിച്ചശേഷം മാധ്യമങ്ങള്‍ക്കുവേണ്ടി നിരവധി ലേഖനങ്ങള്‍ എഴുതി. ഫുട്ബോളിനുപുറമെ രാഷ്ട്രീയത്തിലും തല്‍പരനായിരുന്നു. ഭാര്യയും ആറു മക്കളുമുണ്ട്. 1986ലെ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായ റായ് സഹോദരനാണ്.
കളിയെ കവിതയാക്കിയ നിഷേധി
കാല്‍പനിക സ്വപ്നം പോലെയായിരുന്നു സോക്രട്ടീസ്. വല്ലാതെ മോഹിപ്പിച്ച, ഹൃദയത്തില്‍ കുടിയേറിയ, അപൂര്‍ണമായ സ്വപ്നം. വിശ്വസോക്കറിലെ എക്കാലത്തെയും മികച്ച മധ്യനിരക്കാരിലൊരാള്‍ . ഫുട്ബോള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പോരാളി. ബ്രസീലിയന്‍ പട്ടണമായ റിബെയ്റോ പ്രറ്റൊയിലെ ഡോക്ടര്‍ . തത്വചിന്തയില്‍ ഡോക്ടറേറ്റ് നേടിയ, ചുണ്ടില്‍ സദാ പുകയുന്ന സിഗരറ്റും, മദ്യവും മദിരാക്ഷിയുമായി ജീവിതം ആഘാഷിച്ചു തീര്‍ത്ത ധൂര്‍ത്തന്‍ . സോക്രട്ടീസ് ഇതെല്ലാമാണ്. അല്ലെങ്കില്‍ ഇതൊന്നുമല്ലായിരുന്നു.
ഫുട്ബോള്‍ പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത ബ്രസീലില്‍ സോക്രട്ടീസും ആരാധിക്കപ്പെടുന്നുണ്ട്. പെലെയെയും ഗാരിഞ്ചയെയും വാവയെയും സീക്കോയെയുമൊക്കെപ്പോലെ. പക്ഷെ കളത്തിലെ മികവിനൊപ്പം വ്യക്തിത്വത്തിലെ വൈരുധ്യവും വൈഭവവുമാണ് സോക്രട്ടീസ് എന്ന ഫുട്ബോള്‍ താരത്തിന് ലോകമെങ്ങും ആരാധകരെയും അനുയായികളെയും നേടിക്കൊടുത്തത്. 1982ലെ സ്പാനിഷ് ലോകകപ്പ് കളിച്ച ബ്രസീല്‍ ടീമിനെ എക്കാലത്തെയും മികച്ചത് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ സോക്രട്ടീസിന്റെ നായകത്വത്തില്‍ ഇറങ്ങിയ ടീം ക്വാര്‍ട്ടറില്‍ ഇറ്റലിയോട് തോറ്റു പുറത്തായി. നാലുവര്‍ഷത്തിനുശേഷം മെക്സിക്കാ ലോകകപ്പ്. സോക്രട്ടീസ് തന്നെ നായകന്‍ . കേരളത്തില്‍ ടെലിവിഷന്‍ വ്യാപകമായി തുടങ്ങിയ കാലം. പ്രതിഭാധനരായ ഒരുപറ്റം താരങ്ങളെ നയിച്ച സോക്രട്ടീസ് വീണ്ടും ക്വാര്‍ട്ടറില്‍ വീണു. ഇക്കുറി ഫ്രാന്‍സിനോട്. നായകനായി വന്ന് ദുരന്തം ഏറ്റുവാങ്ങി പോകാനായിരുന്നു ലോകകപ്പില്‍ സോക്രട്ടീസിന്റെ നിയോഗം.
പക്ഷെ രണ്ടു ലോകകപ്പുകളോടെ ഈ മധ്യനിരക്കാരന്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചു. സാങ്കേതികത്തികവുള്ള മധ്യനിരക്കാരനായിരുന്നു അദ്ദേഹം. നീക്കങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിലുള്ള അപാരമായ ഉള്‍ക്കാഴ്ച കളിക്കളത്തില്‍ സോക്രട്ടീസിനെ വ്യത്യസ്തനാക്കി. എതിര്‍ പ്രതിരോധത്തെ കീറിമുറിക്കുന്ന ത്രൂ പാസുകളും അപ്രതീക്ഷിതമായി മടമ്പുകൊണ്ട് പിന്നോട്ടുള്ള പ്രയോഗങ്ങളും അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസുകളായിരുന്നു. മിഡ്ഫീല്‍ഡ് ജനറല്‍ എന്ന വിശേഷണത്തെ എല്ലാ അര്‍ഥത്തിലും സാര്‍ഥകമാക്കിയ ജീനിയസ്. കളി വിലയിരുത്തുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച നിരീക്ഷണബുദ്ധിയും അന്യൂനമായിരുന്നു.
1982 ലോകകപ്പ് തോല്‍വിയെക്കുറിച്ച് ഒരിക്കല്‍ അഭിമുഖത്തില്‍ സോക്രട്ടീസ് പറഞ്ഞതിങ്ങനെ-"സുന്ദരിയായ പെണ്‍കുട്ടിയെ കടുത്ത മല്‍സരത്തിനൊടുവില്‍ നിങ്ങള്‍ സ്വന്തമാക്കുക. പക്ഷെ പെണ്‍കുട്ടിയെ കയ്യില്‍ ലഭിച്ചപ്പോള്‍ നിങ്ങള്‍ നിര്‍വികാരനായി നിന്ന പോലെയായിരുന്നു ലോകകപ്പ്". സോക്രട്ടീസിനല്ലാതെ മറ്റൊരു താരത്തിനും ഈ സോക്കര്‍ ദുരന്തത്തെ ഇങ്ങനെ നോക്കിക്കാണാനാകില്ല.
സോക്രട്ടീസ് എന്ന പ്രതിഭയെ ഫുട്ബോളിന്റെ ചതുരക്കളത്തില്‍ ഒരുക്കിനിര്‍ത്താനാകില്ല. ഒരിക്കലും അദ്ദേഹം ഒതുങ്ങിനിന്നിട്ടുമില്ല. പഠനവും ഫുട്ബോളും ഒരുമിച്ചുപോയ ചരിത്രമില്ല. പക്ഷെ സോക്രട്ടീസ് വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്തു. പ്രൊഫഷണല്‍ കരിയര്‍ തുടങ്ങാന്‍ താമസിച്ചതും ഇതുകൊണ്ടുതന്നെ. സാഹര്യങ്ങളുടെ സൃഷ്ടിയല്ല ഈ മഹാനായ താരം. പകരം വ്യക്തമായ നിലപാടുകളും ആലോചിച്ചുറപ്പിച്ച തീരുമാനങ്ങളുമാണ് ഈ പ്രതിഭയെ രൂപപ്പെടുത്തിയത്. വൈദ്യശാസ്ത്ര പഠനത്തിനിടെ മത്സരങ്ങള്‍ക്കിറങ്ങാന്‍ അദ്ദേഹത്തിന് മടിയായിരുന്നു. പഠനത്തിനിടയില്‍ ദേശീയ ടീമിനുവേണ്ടിപ്പോലും, അത് അര്‍ജന്റീനക്കെതിരെ ആയാലും കളിക്കാന്‍ സോക്രട്ടീസ് വിമുഖത കാട്ടി. "പഠിക്കുമ്പോള്‍ പഠിക്കുക" -എന്നതായിരുന്നു നയം. പഠനത്തിനുശേഷമാണ് അദ്ദേഹം ഫുട്ബോള്‍ ഗൗരവത്തോടെ എടുത്തതും.
സ്പാനിഷ് ലോകകപ്പോടെ യൂറോപ്യന്‍ സോക്കറിലെ വമ്പന്‍ ക്ലബ്ബുകള്‍ സോക്രട്ടീസിനെ റാഞ്ചാനെത്തി. പക്ഷെ അദ്ദേഹം ബ്രസീലിയന്‍ ക്ലബ്ബായ കൊറിന്ത്യന്‍സില്‍ത്തന്നെ തുടരാന്‍ തീരുമാനിച്ചു. ജനാധിപത്യ രീതിയില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടത്താതെ രാജ്യം വിടാന്‍ തയ്യാറല്ലെന്ന് സോക്രട്ടീസ് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിലൊതുങ്ങിയില്ല രാഷ്ട്രീയ പ്രവര്‍ത്തനം. ബ്രസീലില ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങളെ തെരുവില്‍ ഇറക്കിയ സോക്രട്ടീസ് "ജനാധിപത്യം" എന്ന് എഴുതിയ ജഴ്സി അണിഞ്ഞാണ് അക്കാലത്ത് കൊറിന്ത്യന്‍സിനുവേണ്ടി കളിച്ചത്. സഹതാരങ്ങളും നായകന്റെ പാത പിന്തുടര്‍ന്നു. പക്ഷെ ഈ വികാരവും പ്രകടനങ്ങളുമൊക്കെ കളത്തിന് പുറത്തു മാത്രമായിരുന്നു. കളത്തില്‍ തികച്ചും ശാന്തനായിരുന്നു അദ്ദേഹം. സന്തോഷവും സന്താപവും നിര്‍വികാരതയോടെ ഏറ്റുവാങ്ങി ആ കരുത്തന്‍ . ലോകകപ്പില്‍ തോറ്റപ്പോഴും ഈ മഞ്ഞുമല ഉരുകിയില്ല. ഇതിന്റെ പേരില്‍ കടുത്ത ആരാധകര്‍പോലും അദ്ദേഹത്തെ വിമര്‍ശിച്ചു. അതേസമയം, ജയിക്കുമ്പോഴും സോക്രട്ടീസ് ഭൂമിയില്‍ത്തന്നെയായിരുന്നു. ആഹ്ലാദ പ്രകടനം ഒട്ടുമില്ലാതെ പതിവു സാത്വിക ഭാവം. കളിക്കിടെ ഗോളടിക്കുമ്പോള്‍ വലതു കൈ പതുക്കെ ഒന്നുയര്‍ത്തും, തീര്‍ന്നു.
ബ്രസീലില്‍ ജനാധിപത്യം പുനസ്ഥാപിച്ചതിനു പിന്നാലെ സോക്രട്ടീസ് ഇറ്റലിയില്‍ ഫിയോന്റിനയുമായി കരാര്‍ ഒപ്പിട്ടു. പക്ഷെ ഒരുവര്‍ഷമേ അദ്ദേഹം ഇറ്റലിയില്‍ തുടര്‍ന്നുള്ളൂ. മത്സരത്തിന്റെ തലേന്ന് നന്നായി മദ്യപിക്കുന്ന, പരിശീലനത്തിനിടെ പുകവലിക്കുന്ന, സൗന്ദര്യമുളളതെന്തും ആസ്വദിക്കുന്ന സോക്രട്ടീസിനെ ഇറ്റാലിയന്‍ ഫുട്ബോളിന്റെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ ഒതുക്കാനാകുമായിരുന്നില്ല. മറ്റു താരങ്ങളെപ്പോലെ പണം ഒരിക്കലും സോക്രട്ടീസിനെ മോഹിപ്പിച്ചില്ല. വമ്പന്‍ ക്ലബ്ബുകള്‍ കരാര്‍ വാഗ്ദാനം ചെയ്തിട്ടും കൊറിന്ത്യന്‍സിന്റെ ഇടതു വിങ്ങില്‍ അദ്ദേഹം തുടര്‍ന്നതും ഇതുകൊണ്ടുതന്നെ.
ഒപ്പം ഫുട്ബോളിലെ വാണിജ്യവല്‍ക്കരണത്തിനെതിരെയും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. പെലെയെപ്പോലെ ഫുട്ബോളിന്റെ അംബാസിഡറാകാന്‍ സോക്രട്ടീസിനും ക്ഷണമുണ്ടായിരുന്നു. പക്ഷെ വാണിജ്യവല്‍ക്കരണവും അതിന്റെ അഴുക്കുകളും അടിഞ്ഞുകൂടിയ ഫുട്ബോളിന് വേണ്ടി ഒന്നും പറയാന്‍ ഞാനില്ലെന്ന് പ്രഖ്യാപിച്ച് അദ്ദേഹം വാഗ്ദാനം നിരസിച്ചു. ചെഗുവരെയെയും ഫിദല്‍ കാസ്ട്രോയെയും ആരാധിച്ച സോക്രട്ടീസ് വിരമിച്ചശേഷം നിരവധി പ്രസിദ്ധീകരണങ്ങളില്‍ കോളമെഴുത്തുകാരനായി. ടിവി അവതാരകനായും പ്രവര്‍ത്തിച്ചു. പക്ഷെ എഴുത്തും പ്രഭാഷണവും മുഖ്യമായും തത്വചിന്ത, രാഷ്ട്രീയം എന്നീ മേഖലകളിലായിരുന്നു. 2014 ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് വിഷയമാക്കി നോവല്‍ രചിക്കുന്നതിനിടെയാണ് അദ്ദേഹം ഗുരുതരാവസഥയില്‍ ആശുപത്രിയിലാകുന്നത്.
*
എം കെ പത്മകുമാര്‍ ദേശാഭിമാനി 05 ഡിസംബര്‍ 2011
Monday, December 5, 2011
Subscribe to:
Post Comments (Atom)
2 comments:
കാല്‍പനിക സ്വപ്നം പോലെയായിരുന്നു സോക്രട്ടീസ്. വല്ലാതെ മോഹിപ്പിച്ച, ഹൃദയത്തില്‍ കുടിയേറിയ, അപൂര്‍ണമായ സ്വപ്നം. വിശ്വസോക്കറിലെ എക്കാലത്തെയും മികച്ച മധ്യനിരക്കാരിലൊരാള്‍ . ഫുട്ബോള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പോരാളി. ബ്രസീലിയന്‍ പട്ടണമായ റിബെയ്റോ പ്രറ്റൊയിലെ ഡോക്ടര്‍ . തത്വചിന്തയില്‍ ഡോക്ടറേറ്റ് നേടിയ, ചുണ്ടില്‍ സദാ പുകയുന്ന സിഗരറ്റും, മദ്യവും മദിരാക്ഷിയുമായി ജീവിതം ആഘാഷിച്ചു തീര്‍ത്ത ധൂര്‍ത്തന്‍ . സോക്രട്ടീസ് ഇതെല്ലാമാണ്. അല്ലെങ്കില്‍ ഇതൊന്നുമല്ലായിരുന്നു.
ഒരു കാലത്ത് വളരെ തിളങ്ങി നിന്ന താരം. ഇപ്പോഴും ഓർക്കുന്നു..Great footballer.
Thanks for this writeup.
Post a Comment