Thursday, December 15, 2011

സ്വകാര്യ ആശുപത്രി മേഖല പുകയുന്ന അഗ്നിപര്‍വതം

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനഘടന പരിഷ്കരിക്കുന്നതിനും അതു നടപ്പാക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച താല്‍പ്പര്യവും ആര്‍ജവവുമെല്ലാം ജീവനക്കാര്‍ക്കിടയില്‍ വലിയ ആവേശമുണ്ടാക്കിയിരുന്നു. മിനിമം വേതനപരിഷ്കരണത്തിനായി നിയമിച്ച കമ്മിറ്റി 18 മാസം കൊണ്ട് പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. 2009 ഡിസംബര്‍ 16ന് ആറുമാസത്തെ മുന്‍കാല പ്രാബല്യത്തോടെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മിനിമം വേതനം പ്രഖ്യാപിച്ച ഉടനെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഹൈക്കോടതിയില്‍ കേസിന് പോയി-ഡോക്ടര്‍മാര്‍ , ഡോക്ടര്‍മാരുടെ സംഘടനകള്‍ , സ്വകാര്യ ആശുപത്രികള്‍ , ആശുപത്രി മാനേജ്മെന്റ് സംഘടനകള്‍ , ഇതര മെഡിക്കല്‍സ്ഥാപനങ്ങള്‍ - എല്ലാം കൂടി നാല്‍പ്പതോളം കേസുകള്‍ . ജീവനക്കാരെ അര്‍ധപട്ടിണിക്കാരായിപോലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന ശാഠ്യമാണ് ഇതിനുപിന്നിലെന്ന് വ്യക്തം. പുതുക്കിയ മിനിമം വേതനം അനുവദിച്ചിട്ട് 30 മാസം കഴിഞ്ഞു. എന്നാല്‍ , ഇല്ലാത്ത സ്റ്റേയുടെ പേരുപറഞ്ഞും ഹൈക്കോടതിയില്‍ തീരാത്ത കേസിന്റെ തണലിലും പല മാനേജ്മെന്റുകളും പൂര്‍ണമായോ ഭാഗികമായോ മിനിമം വേതനം നിഷേധിക്കുകയാണ്. സംഘടനാ ബലം കൊണ്ട് മാനേജ്മെന്റുകളോട് മിനിമം വേതനം പിടിച്ചുവാങ്ങാന്‍ കുറെയൊക്കെ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ , ഇത് പൂര്‍ണമായും നടപ്പാക്കാന്‍ ഇതുവരെ പല സ്വകാര്യ ആശുപത്രികളും തയ്യാറായിട്ടില്ല. ഇതിനുമുമ്പത്തെ മിനിമം വേതനം നടപ്പാക്കാന്‍ കമ്മിറ്റി രൂപീകരിച്ചത് 1990ലാണ്. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 30 മാസം സമയമെടുത്തു.

യുഡിഎഫ് സര്‍ക്കാര്‍ 1994ലാണ് മിനിമം വേതനം പുതുക്കിയതായി പ്രഖ്യാപിച്ചത്. അന്ന് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഹൈക്കോടതിയില്‍ കൊടുത്ത കേസ് തീര്‍പ്പാകാന്‍ ആറുവര്‍ഷം വേണ്ടിവന്നു. 1990ല്‍ ലഭിക്കേണ്ടിയിരുന്ന മിനിമം വേതനം ലഭിച്ചത് പത്തുവര്‍ഷത്തിനു ശേഷം 2000ലാണ്്. 2009ല്‍ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പാക്കുന്നതിനെതിരെ തല്‍പ്പരകക്ഷികള്‍ നല്‍കിയ കേസ് കോടതിയിലാണ്. 94ലെ ഗതി തന്നെയായിരിക്കുമോ 2009ലെ വേതന പരിഷ്കരണത്തിനും എന്ന ആശങ്കയിലാണ് ജീവനക്കാര്‍ . മിനിമം വേതനം സംബന്ധമായ കേസു തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ സത്വര നടപടി ആവശ്യമാണ്. നടപ്പാക്കാത്ത ആശുപത്രികളുടെ മേല്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍വകുപ്പിന്റെ കര്‍ശന ഇടപെടലുണ്ടാകണം. മിനിമം വേതന പരിഷ്കരണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് മാനേജ്മെന്റിന്റെ കൂടി പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റിയാണ്. അതായത് മാനേജ്മെന്റുകള്‍ കൂടി അംഗീകരിച്ച റിപ്പോര്‍ട്ടാണിത്. എന്നാല്‍ , റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ മാനേജ്മെന്റുകള്‍ കേസിന് പോകുന്നു. തികച്ചും തൊഴിലാളി വിരുദ്ധസമീപനമാണിത്. ഇത് തടയാനുള്ള നിയമനിര്‍മാണമുണ്ടായാല്‍ മാത്രമേ ജീവനക്കാര്‍ക്ക് വേതനപരിഷ്കരണം കൊണ്ട് ഗുണമുണ്ടാകൂ. 2009ല്‍ മിനിമം വേതനം പരിഷ്കരിക്കുന്നതിന്റെ പേരുപറഞ്ഞ് ആശുപത്രി മുതലാളിമാര്‍ രോഗികളുടെ റൂം വാടകയും സര്‍വീസ് ചാര്‍ജുമെല്ലാം വന്‍തോതില്‍ വര്‍ധിപ്പിച്ചു. എന്നാല്‍ , വര്‍ധിച്ച വേതനം ജീവനക്കാര്‍ക്ക് നല്‍കാന്‍ തയ്യാറായതുമില്ല. സര്‍വീസില്‍ പ്രവേശിക്കുന്ന ഒരു ഡോക്ടര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്റെ 25ല്‍ ഒന്നുപോലും 25 വര്‍ഷം സര്‍വീസുള്ള ഒരു സ്റ്റാഫിന് നല്‍കാത്തവയാണ് കേരളത്തിലെ പല ആശുപത്രികളും. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ കാരണം വിലക്കയറ്റം നാള്‍ക്കുനാള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സര്‍ക്കാര്‍ മൂന്നുവര്‍ഷംമുമ്പ് തയ്യാറാക്കിയ മിനിമം വേതനം ഇന്ന് തീര്‍ത്തും അപര്യാപ്തമായിരിക്കുന്നു. അതുകൊണ്ട് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 10,000 രൂപയെങ്കിലുമാക്കി ഉയര്‍ത്തിയേ മതിയാകൂ.

നേഴ്സുമാരുടെയും ഉയര്‍ന്ന കേഡറില്‍ ജോലിചെയ്യുന്നവരുടെയുമെല്ലാം ശമ്പളത്തില്‍ ആനുപാതികമായ വര്‍ധനവുണ്ടാകണം. ആവശ്യമായ നേഴ്സുമാരെയും സ്റ്റാഫിനെയും നിയമിക്കാതെ ഉള്ളവരെക്കൊണ്ട് കഠിനാധ്വാനം ചെയ്യിച്ച് ഓവര്‍ടൈം അലവന്‍സു പോലും നല്‍കാത്ത മാനേജ്മെന്റ്, ജീവനക്കാരുടെ വിയര്‍പ്പിന്റെ വിലയറിയാതെ പെരുമാറുകയാണ്. ആശുപത്രികളില്‍ മൂന്ന് ഷിഫ്റ്റ് അടിയന്തരമായും ഏര്‍പ്പെടുത്തണം. ഇപ്പോള്‍ നൈറ്റ് ഷിഫ്റ്റില്‍ 14-15 മണിക്കൂറും ചിലപ്പോള്‍ ഇതില്‍കൂടുതലും ജോലി ചെയ്യേണ്ടിവരുന്നുണ്ട്. സ്ഥാപനത്തിന്റെ നിലനില്‍പ്പിന് നിര്‍ണായക പങ്കുവഹിക്കുന്ന ജീവനക്കാരെ അവഗണിക്കുന്ന അവസ്ഥ ഇനിയും പൊറുപ്പിക്കാനാകില്ല. ആറു രോഗികള്‍ക്ക് ഒരു നേഴ്സ് എന്നതാണ് നിലവിലുള്ള മാനദണ്ഡം. എന്നാല്‍ , ഈ അനുപാതം ഒരു സ്വകാര്യ ആശുപത്രിപോലും പാലിക്കുന്നില്ല. ജീവനക്കാരുടെ അപര്യാപ്തതമൂലം രോഗികള്‍ക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ക്കും പഴികേള്‍ക്കേണ്ടിവരുന്നത് ആശുപത്രി ജീവനക്കാര്‍തന്നെ. ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാനായി ജീവനക്കാരെ സ്ഥിരപ്പെടുത്താത്ത പ്രവണതയുമുണ്ട്.

സ്വകാര്യ ആശുപത്രികളിലെ ചൂഷണത്തിന്റെ മറ്റൊരു ഭീകര മുഖമാണ് കരാര്‍ നിയമനം. സര്‍വീസിലുള്ള ജീവനക്കാര്‍ക്ക് കൊടുക്കേണ്ട ഒരു ആനുകൂല്യവും നല്‍കാതെ കരാര്‍ ജീവനക്കാരെക്കൊണ്ട് തുച്ഛമായ കൂലിക്ക് അടിമപ്പണി ചെയ്യിക്കുന്നു. സംഘടനകളുടെ ഇടപെടല്‍കൂടി ഒഴിവാക്കാമെന്ന് കരുതിയാണ് ഇതുചെയ്യുന്നത്. കരാര്‍ നിയമനം അവസാനിപ്പിക്കാനും അവസാനിപ്പിക്കുന്നതുവരെ അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടാനും പ്രൈവറ്റ് ഹോസ്പിറ്റല്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ പ്രതിജ്ഞാബദ്ധമാണ്. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ക്കായി പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ആക്ട് അടിയന്തരമായും നടപ്പാക്കേണ്ടതുണ്ട്. ക്ഷാമബത്ത കാലോചിതവും ശാസ്ത്രീയവുമായി പരിഷ്കരിക്കണം. ക്ഷേമനിധി, പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐ, അവധി തുടങ്ങി ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പലതും കൃത്യമായി നല്‍കാത്ത നിരവധി ആശുപത്രികള്‍ കേരളത്തിലുണ്ട്. ഇവയ്ക്കെല്ലാം അടിയന്തരപരിഹാരം കണ്ടേ മതിയാകൂ. ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സര്‍ക്കാരും അതീവ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്.

മിനിമം വേതനം ജീവനക്കാര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ശമ്പളം ബാങ്കുവഴിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ , വര്‍ഷങ്ങളായി ബാങ്കുവഴി ശമ്പളം നല്‍കുന്ന പല ആശുപത്രികളും മിനിമം വേതനം നല്‍കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഈ വിഷയങ്ങളെല്ലാം ഉയര്‍ത്തിയാണ് നവംബര്‍ 23ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്റെ തീരുമാനപ്രകാരം ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തിയത്. ജീവനക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ എത്രത്തോളം രൂക്ഷമാണ് എന്നതിന്റെ സാക്ഷ്യമായിരുന്നു ധര്‍ണയിലുണ്ടായ ആവേശകരമായ പങ്കാളിത്തം. ഇന്ന് നേഴ്സുമാരുടേതുമാത്രമായ പ്രക്ഷോഭസമരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അവരുടെ ആവശ്യങ്ങളോട് ഞങ്ങള്‍ക്കും യോജിപ്പുണ്ട്. സമരത്തെ മാനേജ്മെന്റ് നേരിട്ടുകൊണ്ടിരിക്കുന്ന അപരിഷ്കൃതവും കിരാതവുമായ നടപടികളോട് ശക്തമായ എതിര്‍പ്പുമുണ്ട്. സമരം രമ്യമായി ഒത്തുതീര്‍പ്പാക്കണമെന്നതില്‍ തര്‍ക്കമില്ല. മാനേജ്മെന്റ് പകപോക്കല്‍ നടപടി ഒഴിവാക്കുകയും വേണം. പക്ഷേ, ഈ രൂപത്തിലുള്ള സമരങ്ങള്‍ പൊട്ടിമുളയ്ക്കുന്നത് കേരളത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ട സമരമുറ അതേപടി ഇവിടെയും ആവര്‍ത്തിക്കുന്നത് സങ്കുചിത വികാരം ഉണര്‍ത്താനേ പര്യാപ്തമാകൂ. ഒരേ കൂരയ്ക്കുകീഴില്‍ നാളിതുവരെ പണിയെടുത്തിരുന്ന ജീവനക്കാര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനും ഐക്യം തകര്‍ക്കാനുമാണ് സഹായിക്കുക. മാനേജ്മെന്റ് ആഗ്രഹിക്കുന്നതും ഇതുതന്നെ. നേഴ്സുമാര്‍ക്കു മാത്രമല്ല മറ്റ് ജീവനക്കാരും സ്വകാര്യ ആശുപത്രി മുതലാളിമാരുടെ പീഡനങ്ങള്‍ക്കിരയാകുന്നുണ്ട്. ഈ പൊതുപ്രശ്നം പരിഹരിക്കാനായി എല്ലാ ജീവനക്കാരും ഒറ്റക്കെട്ടായി അണിനിരക്കണം. ഒരു കാലത്ത് സജീവമായുണ്ടായിരുന്ന സങ്കുചിത കാറ്റഗറി വികാരം കേരളത്തില്‍ പൂര്‍ണമായും കെട്ടടങ്ങിയതാണ്. അതിന്റെ വക്താക്കളായി രംഗത്തുണ്ടായിരുന്നവര്‍ ഇന്ന്, ഒരു മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു സംഘടന എന്ന ശാസ്ത്രീയ വസ്തുത അംഗീകരിച്ചിരിക്കുന്നു. അവിടെയാണ് അറിഞ്ഞോ അറിയാതെയോ ഇങ്ങനെയൊരു സമരം. അതുകൊണ്ട് പുതുതായി രൂപം കൊണ്ടെന്ന് പറയുന്ന സംഘടനയുടെ നേതാക്കള്‍ ഈ വസ്തുത സാവകാശം പുനരാലോചിക്കണമെന്ന അഭ്യര്‍ഥനയാണ് ഞങ്ങള്‍ക്കുള്ളത്.

ആശുപത്രി അവശ്യ സര്‍വീസാണ്. അവിടെ, നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം സമരത്തിന് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. കണ്ണടച്ച് അത് മറികടക്കുന്നത് ഗുണകരമാകുമോ എന്ന ചിന്തിക്കേണ്ടിയിരിക്കുന്നു. ദുരിതങ്ങള്‍ക്ക് നടുവിലാണെങ്കിലും ഇപ്പോഴും പലരും സംഘടിക്കാന്‍ മുന്നോട്ടുവരുന്നില്ല. മാനേജ്മെന്റിന്റെ കഴുകന്‍കണ്ണുകളെ ഇവര്‍ വല്ലാതെ ഭയക്കുന്നു. ഡോക്ടര്‍മാര്‍ക്കും മാനേജ്മെന്റിനും സംഘടനയുണ്ട്. എന്നാല്‍ , തൊഴിലാളികള്‍ക്ക് സംഘടന പാടില്ലെന്ന്! സംഘശക്തി കൊണ്ടുമാത്രമേ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും മാന്യമായി ജീവിക്കാനും കഴിയൂ എന്ന കാര്യം ജീവനക്കാര്‍ മനസ്സിലാക്കിയേ മതിയാകൂ. ആതുരസേവന മേഖലയുടെ ഗൗരവം ഉള്‍ക്കൊണ്ട് അംഗീകൃത സമരമാര്‍ഗം മാത്രം സ്വീകരിക്കുന്നത് സംഘടനയുടെ ദൗര്‍ബല്യമായി സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ കാണരുത്. ഒരു കാര്യം മാത്രം പറയട്ടെ; ജീവനക്കാര്‍ക്കിടയിലെ പ്രതിഷേധവും അസംതൃപ്തിയും ശക്തമാണ്. അത് അണപൊട്ടി ഒഴുകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ആശുപത്രി മാനേജ്മെന്റാണ്.

*
എ മാധവന്‍ (കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനഘടന പരിഷ്കരിക്കുന്നതിനും അതു നടപ്പാക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച താല്‍പ്പര്യവും ആര്‍ജവവുമെല്ലാം ജീവനക്കാര്‍ക്കിടയില്‍ വലിയ ആവേശമുണ്ടാക്കിയിരുന്നു. മിനിമം വേതനപരിഷ്കരണത്തിനായി നിയമിച്ച കമ്മിറ്റി 18 മാസം കൊണ്ട് പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. 2009 ഡിസംബര്‍ 16ന് ആറുമാസത്തെ മുന്‍കാല പ്രാബല്യത്തോടെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മിനിമം വേതനം പ്രഖ്യാപിച്ച ഉടനെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഹൈക്കോടതിയില്‍ കേസിന് പോയി-ഡോക്ടര്‍മാര്‍ , ഡോക്ടര്‍മാരുടെ സംഘടനകള്‍ , സ്വകാര്യ ആശുപത്രികള്‍ , ആശുപത്രി മാനേജ്മെന്റ് സംഘടനകള്‍ , ഇതര മെഡിക്കല്‍സ്ഥാപനങ്ങള്‍ - എല്ലാം കൂടി നാല്‍പ്പതോളം കേസുകള്‍ . ജീവനക്കാരെ അര്‍ധപട്ടിണിക്കാരായിപോലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന ശാഠ്യമാണ് ഇതിനുപിന്നിലെന്ന് വ്യക്തം. പുതുക്കിയ മിനിമം വേതനം അനുവദിച്ചിട്ട് 30 മാസം കഴിഞ്ഞു. എന്നാല്‍ , ഇല്ലാത്ത സ്റ്റേയുടെ പേരുപറഞ്ഞും ഹൈക്കോടതിയില്‍ തീരാത്ത കേസിന്റെ തണലിലും പല മാനേജ്മെന്റുകളും പൂര്‍ണമായോ ഭാഗികമായോ മിനിമം വേതനം നിഷേധിക്കുകയാണ്.