Monday, December 26, 2011

ഈശ്വരന്‍ ബധിരനാണോ?

ഞങ്ങളുടെ അടുത്ത കൂട്ടുകാരന്‍ ജയരാമന്‍ കടമ്പാട്ടിന്റെ അമ്മയുടെ മരണം അന്വേഷിച്ചാണ് ഇ സന്തോഷ്‌കുമാറും ഞാനും അന്നനാട്ടിലുള്ള അയാളുടെ തറവാട്ടില്‍ എത്തിയത്. സന്തോഷിന്റെ കുടുംബവുമുണ്ടായിരുന്നു ഒപ്പം. ഞങ്ങള്‍ ചെല്ലുന്നുണ്ടെന്നറിഞ്ഞ് സച്ചിദാനന്ദന്‍ പുഴങ്കരയും അവിടെയെത്തിയിരുന്നു.

ചാലക്കുടിപ്പുഴയുടെ തീരത്താണ് ജയരാമന്റെ തറവാട്. വൃശ്ചികമാസത്തിലെ സന്ധ്യയായിരുന്നു. പുഴയില്‍നിന്ന് തണുത്ത കാറ്റ് വീശുന്നുണ്ട്. സച്ചിദാനന്ദന്‍ തന്റെ പുഴയുടെ ഭംഗിയേക്കുറിച്ച് വാചാലനായി. പക്ഷേ അതൊക്കെ പണ്ടാണ്. പുഴ വല്ലാതെ മാറിപ്പോയി. മണല്‍ത്തിട്ടു പോയി. തോണി കളിക്കുന്നവരില്ലാതായി. ആരും പുഴയില്‍ കുളിക്കാതെയുമായി. ഇപ്പോഴത്തെ പുഴ പഴയതിന്റെ വെറും ഓര്‍മ്മ മാത്രമായിരിക്കുന്നു.

പുഴവക്കില്‍ ഒരമ്പലമുണ്ട്. കുടുങ്ങാപ്പുഴ ശിവക്ഷേത്രമാണതെന്ന് ജയരാമന്‍ അറിയിച്ചു. ഭൂമിയുടെ അറ്റത്തെന്ന പോലെ ഒതുങ്ങിനില്‍ക്കുന്ന അമ്പലം. പുഴയിലേയ്ക്ക് വെട്ടിയിറക്കിയ കടവുണ്ട്. ആകെ നിശ്ശബ്ദത. കടുത്ത ഭക്തരല്ലാത്തവര്‍ക്കു പോലും ഈശ്വരചിന്തയുണ്ടാക്കുന്ന അന്തരീക്ഷം.

അമ്പലക്കടവില്‍ ആരും കുളിക്കാറില്ലെന്ന് ഉണങ്ങിക്കിടക്കുന്ന കല്‍പ്പടവുകള്‍ വിളിച്ചറിയിച്ചു. കടവ് വിജനമായിരുന്നു. രോഷ്ണി കുട്ടികളേയും കൊണ്ട് പുഴയിലേയ്ക്കിറങ്ങി.
പുഴയുടെ തീരത്ത് എത്ര നേരം വേണമെങ്കിലും നില്‍ക്കാം. ആര്‍ക്കും പ്രത്യേകിച്ച് ഒരു തിടുക്കവുമുണ്ടായിരുന്നില്ല. നേരം ഇരുട്ടിത്തുടങ്ങിയപ്പോള്‍ ഇനി തറവാട്ടിലേയ്ക്കു കയറാം എന്ന് ജയരാമന്‍ ഓര്‍മ്മപ്പെടുത്തി.

ജയരാമന്റെ തറവാട് വളരെ വലിയതായിരുന്നു. വിശാലമായ പൂമുഖത്ത് എത്ര പേര്‍ക്കു വേണമെങ്കിലും ഇരിക്കാം. കൂടപ്പിറപ്പുകളും അവരുടെ മക്കളും മക്കളുടെ മക്കളുമൊക്കെയായി ധാരാളം പേര്‍ അവിടെയുണ്ടായിരുന്നു. വേണ്ടപ്പെട്ടവരുടെ മരണം ഇത്തരം ഒത്തുകൂടലുകള്‍ക്ക് അവസരമുണ്ടാക്കുമല്ലോ.

ഞങ്ങള്‍ വര്‍ത്തമാനം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. പെട്ടെന്നാണ് അമ്പലത്തിലെ മൈക്ക് അലറിവിളിക്കാന്‍ തുടങ്ങിയത്. സന്തോഷിന്റെ കയ്യിലെ ചായ തുളുമ്പിപ്പോയി. ഞാനും ഒന്നു കിടുങ്ങിപ്പോയി.

''അടുത്ത കാലം വരെ ഇവിടെ ഇങ്ങനെ ഒരു പതിവുണ്ടായിരുന്നില്ല,'' ജയരാമന്‍ പറഞ്ഞു. ''പണ്ടാണെങ്കില്‍ ടേപ് റെക്കോഡറൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഉണ്ടെങ്കില്‍ത്തന്നെ ദരിദ്രമായ അമ്പലത്തിന് അതൊന്നും വാങ്ങാനുള്ള കോപ്പുമുണ്ടായിരുന്നില്ല.''

എഴുപതുകളുടെ ആദ്യത്തിലാണ് പലേ അമ്പലങ്ങളിലും പാട്ടുകള്‍ വെച്ചുതുടങ്ങിയത്. അറുപതുകളില്‍ ദാരിദ്ര്യത്തിന്റെ പിടിയില്‍ അകപ്പെട്ട അമ്പലങ്ങള്‍ മെല്ലെ മെല്ലെ സമ്പന്നതയിലേയ്ക്ക് നീങ്ങുന്ന കാലവുമായിരുന്നു അത്. ഈ പാട്ടുപരിഷ്‌കാരം തുടങ്ങിയ കാലത്തുതന്നെ അതിനെ വിമര്‍ശിച്ചുകൊണ്ട് മാതൃഭൂമിയില്‍ ഒരു കത്തു വന്നിരുന്നു. തൃശ്ശൂരിലെ ശ്രീകേരളവര്‍മ്മ കോളജിലെ അധ്യാപകനായിരുന്ന പ്രഫ ഇ കെ നാരായണന്‍ പോറ്റിയാണ് അതെഴുതിയിരുന്നത്. ശങ്കരന്‍കുളങ്ങര അമ്പലത്തില്‍ ഇങ്ങനെ ഉച്ചത്തില്‍ പാട്ടുവെച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. പക്ഷേ കൂടുതല്‍ പ്രകോപിതരായത് അമ്പലം ഭാരവാഹികളും ചില കടുഭക്തരുമായിരുന്നു. അവര്‍ ആ വന്ദ്യവയോധികനെ കയ്യേറ്റം ചെയ്തു.

ഇന്ന് ആരെങ്കിലും അങ്ങനെ ഒരു കത്ത് എഴുതാന്‍ ധൈര്യപ്പെടുമോ എന്ന് ജയരാമന്‍. ധൈര്യപ്പെട്ടെങ്കില്‍ത്തന്നെ അത്തരം ഒരു കത്ത് പ്രസിദ്ധീകരിക്കാന്‍ ഏതെങ്കിലും പത്രം തയ്യാറാവുമോ എന്ന് സച്ചിദാനന്ദന്‍ പുഴങ്കര.

അങ്ങനെ ഒരാള്‍ ഇപ്പോള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് ഞാനവരെ അറിയിച്ചു. ചിറയിന്‍കീഴ് സ്വദേശി കെ സോമസുന്ദരം. അദ്ദേഹം മനുഷ്യാവകാശക്കമ്മീഷനു മുമ്പാകെ പരാതി സമര്‍പ്പിച്ചിരിക്കുന്നു. ഉച്ചഭാഷിണികളുണ്ടാക്കുന്ന ശബ്ദമലിനീകരണം മൂലം ജീവിക്കാനുള്ള അവകാശം പോലും നഷ്ടപ്പെടുന്നു എന്നാണ് അദ്ദേഹത്തിന്റെ പരാതി. ദിവസവും പുലര്‍ച്ചെ 4.45ന് അലറിവിളിക്കാന്‍ തുടങ്ങുന്ന ഉച്ചഭാഷിണികള്‍ പിറ്റേ ദിവസം രാത്രി ഒരു മണി വരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു.

ആരാധനാലയങ്ങളുടെ ഈ ഏര്‍പ്പാട് ഇന്ന് എല്ലാവരും അംഗീകരിച്ച മട്ടാണ്. എന്താണ് അതിലെ അന്യായം എന്ന് ഇതു വായിക്കുന്നവരില്‍പ്പലര്‍ക്കും മനസ്സിലാക്കാന്‍ തന്നെ കഴിയുമെന്ന് എനിക്കു വിശ്വാസമില്ല.

പാട്ടു വെയ്ക്കാത്ത അമ്പലങ്ങള്‍ ഇന്ന് അപൂര്‍വ്വമാണ്. എന്റെ നാട്ടിന്‍പുറത്തും മൂന്ന് അമ്പലങ്ങളില്‍നിന്നായി അതിരാവിലെത്തന്നെ കൊലവിളികള്‍ ഉയരാറുണ്ട്. വീട് അല്‍പം അകലത്തായതുകൊണ്ട് എന്റെ പ്രഭാതങ്ങളെ അവ അലങ്കോലമാക്കാറില്ല എന്നു മാത്രം. ഏറ്റവും അടുത്ത വീടുകളില്‍ താമസിയ്ക്കുന്നവരുടെ കാര്യം അതല്ലല്ലോ.

പാട്ടുകള്‍ തിരഞ്ഞെടുക്കുന്നതിലൊന്നും ഒരൗചിത്യവുമില്ല. പണ്ട് ടേപ് റെക്കോഡര്‍ വ്യാപകമാവുന്നതിനു മുമ്പ് ഗ്രാമഫോണ്‍ റെക്കോഡുകളാണല്ലോ ഉപയോഗിച്ചിരുന്നത്. പരീക്ഷക്കാലമായതുകൊണ്ട് നേരത്തെ എഴുന്നേറ്റ് പഠിയ്ക്കാനിരുന്നു. അപ്പോഴാണ് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്പലത്തില്‍നിന്ന് പാട്ടു തുടങ്ങിയത്. 'അക്കരപ്പച്ച' എന്ന സിനിമ ഇറങ്ങിയ കാലമാണ്. ''ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളും ഏറ്റുമാന്നൂരപ്പാ'' എന്നു പ്രാര്‍ഥിച്ച് മാധുരി മറഞ്ഞേയുള്ളു. പിന്നാലെ ''മനസ്സൊരു മയില്‍പ്പേട, മണിച്ചിറകുള്ള മയില്‍പ്പേട!'' എന്ന് ഉച്ചത്തിലുച്ചത്തില്‍ അലറിക്കൊണ്ട് അമ്പലമതില്‍ക്കെട്ടില്‍നിന്ന് പുറത്തേയ്ക്കു ചാടി യേശുദാസ്. പാട്ടു വെയ്ക്കാന്‍ ചുമതലപ്പെട്ട ആള്‍ പകുതി ഉറക്കത്തില്‍ റെക്കോഡ് മറിച്ചിട്ടതു കൊണ്ടുണ്ടായ അന്ധാളിപ്പ്!

അക്കാലമൊക്കെ മാറി. ഇപ്പോള്‍ ഭക്തിഗാനങ്ങള്‍ക്ക് സിനിമാപ്പാട്ടുകളെ ആശ്രയിക്കേണ്ടതില്ല. ആയിരക്കണക്കിന് സീഡികളാണ് ഭക്തിഗാനങ്ങളെന്ന പേരില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ ആരെ വേണമെങ്കിലും പറഞ്ഞോളൂ. ഏതും എപ്പോഴും അവെയലബ്ള്‍ ആണ്. ഈ ആല്‍ബങ്ങള്‍ ഭക്തജനപ്രിയമാക്കാന്‍ ഇന്നുള്ള തന്ത്രങ്ങളില്‍ ഒന്ന് എല്ലാ അമ്പലങ്ങള്‍ക്കും അവ സൗജന്യമായി കൊടുക്കുകയാണ്. നിരന്തരം കേള്‍പ്പിച്ചു കേള്‍പ്പിച്ച് അവരതു ഹിറ്റ് ചാര്‍ട്ടിലാക്കിക്കോളും.

മൈക്കിന്റെ ഈ ദുരുപയോഗം ഹിന്ദുക്കളുടെ കുത്തകയാണെന്നു കരുതേണ്ട. മുസ്ലിം പള്ളികളില്‍നിന്നുള്ള വാങ്കുവിളികളും ഇതേപോലെത്തന്നെ ഉച്ചത്തിലാണ്. അതു കേള്‍ക്കുമ്പോള്‍ എല്ലാ പ്രവൃത്തികളും നിര്‍ത്തി വെയ്ക്കണം എന്ന അലിഖിതനിയമവുമുണ്ട്.

അതുപോലെത്തന്നെ ഉച്ചത്തിലാണ് കുറച്ചുകാലം മുമ്പ് പരിഷ്‌കാരമായി മാറിയ ധ്യാനയോഗങ്ങളും. ബസ് സ്റ്റാന്‍ഡ് പോലുള്ള ആള്‍ത്തിരക്കുള്ള സ്ഥലങ്ങളില്‍ വിശാലമായ പന്തലുകള്‍ കെട്ടിയാണ് ഇത്തരം യോഗങ്ങള്‍ നടത്താറ്. ധ്യാനത്തിനെത്തിയവരേക്കൊണ്ട് വളരെ ഉച്ചത്തില്‍ ഹലേലുയ്യാ പാടിക്കുന്നത് പരിസരം മുഴുവന്‍ പ്രകമ്പനം കൊള്ളിച്ചുകൊണ്ടാണ്.
ദൈവത്തിന്, അത് ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും, ചെവി കേട്ടുകൂടേ? അവര്‍ കേള്‍ക്കണമെങ്കില്‍ ഇത്രയും ഉച്ചത്തില്‍ ഒച്ച വെയ്ക്കണമെന്ന് ആരാണ് നിശ്ചയിച്ചത്?
ഉള്ളുരുകിയുള്ള പ്രാര്‍ഥന നിശ്ശബ്ദതയിലേ നടക്കുകയുള്ളു. അത് മറ്റുള്ളവര്‍ക്കു കേള്‍ക്കാന്‍ വേണ്ടിയല്ല. ഒരുതരം ആത്മസമര്‍പ്പണമാണത്. അതിന് ഏറ്റവുമധികം വേണ്ടത് ഏകാന്തതയാണ്. അമ്പലങ്ങള്‍ വനസ്ഥലികളിലും മലമുകളിലും നദീതീരങ്ങളിലും പണിയുന്നതിന്റെ കാരണവും വേറെയല്ല.

ഇതൊക്കെ ആരോടു പറയാന്‍? പാവം, ദൈവത്തിനോടു പറഞ്ഞിട്ടു കാര്യമില്ലല്ലോ. പിന്നെ ആരോട്? അമ്പലം നടത്തിപ്പുകാരോടോ? അതുകൊണ്ടു ഫലമുണ്ടാവുമോ? അവരല്ലേ ശരിയ്ക്കും ബധിരര്‍?

തീരെ പരിചിതമല്ലാത്ത പാട്ടുകളാണ് കുടുങ്ങാപ്പുഴ ശിവക്ഷേത്രത്തില്‍നിന്ന് കേട്ടുകൊണ്ടിരുന്നത്. പാട്ടുകള്‍ക്ക് നിലവാരം കുറവാണെന്നതിനു പുറമേയാണ് അതിന്റെ ഉച്ചസ്ഥായി. അമ്പലപ്പാട്ടിനെ മറികടക്കാന്‍ ഉച്ചത്തിലുച്ചത്തില്‍ ഒച്ചയിട്ട് ഞങ്ങള്‍ ക്ഷീണിച്ചുപോയി.

''എട്ടു മണി വരെയുണ്ടാവും,'' ഞാന്‍ സമയം നോക്കുന്നതു കണ്ട് സച്ചിദാനന്ദന്‍ പറഞ്ഞു. സമയം ഏഴുമണിയോടടുത്തിരുന്നു. മടങ്ങാന്‍ തിടുക്കമുണ്ടോ എന്ന് ജയരാമന്‍ അന്വേഷിച്ചു.
മടങ്ങിച്ചെല്ലാന്‍ വലിയ തിരക്കൊന്നുമില്ല. കുറച്ചുനേരം കൂടി വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ തോന്നുന്നുമുണ്ട്. പക്ഷേ ഇനിയും ഈ ഭക്തികോലാഹലം സഹിക്കാന്‍ വയ്യ. ഞങ്ങള്‍ എഴുന്നേറ്റു.
കാറ് പുഴയുടെ തീരത്താണ് ഇട്ടിരുന്നത്. ഞങ്ങള്‍ അങ്ങോട്ടു നടന്നു. ചാലക്കുടിപ്പുഴ ഇരുണ്ടിരിക്കുന്നു. കാറ്റും നിലച്ചിരിയ്ക്കുന്നു. അമ്പലത്തിനു ചുറ്റും വൈദ്യുതവിളക്കുകള്‍ വെളിച്ചം വാരിവിതറുന്നുണ്ട്. മൈക്ക് അപ്പോഴും അലറി വിളിയ്ക്കുകയാണ്.

''കുറച്ചു മുമ്പു കണ്ട അമ്പലമേ അല്ല അല്ലേ?'' കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ സന്തോഷ് എന്നോടു ചോദിച്ചു.

*
അഷ്ടമൂര്‍ത്തി ജനയുഗം 25 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എഴുപതുകളുടെ ആദ്യത്തിലാണ് പലേ അമ്പലങ്ങളിലും പാട്ടുകള്‍ വെച്ചുതുടങ്ങിയത്. അറുപതുകളില്‍ ദാരിദ്ര്യത്തിന്റെ പിടിയില്‍ അകപ്പെട്ട അമ്പലങ്ങള്‍ മെല്ലെ മെല്ലെ സമ്പന്നതയിലേയ്ക്ക് നീങ്ങുന്ന കാലവുമായിരുന്നു അത്. ഈ പാട്ടുപരിഷ്‌കാരം തുടങ്ങിയ കാലത്തുതന്നെ അതിനെ വിമര്‍ശിച്ചുകൊണ്ട് മാതൃഭൂമിയില്‍ ഒരു കത്തു വന്നിരുന്നു. തൃശ്ശൂരിലെ ശ്രീകേരളവര്‍മ്മ കോളജിലെ അധ്യാപകനായിരുന്ന പ്രഫ ഇ കെ നാരായണന്‍ പോറ്റിയാണ് അതെഴുതിയിരുന്നത്. ശങ്കരന്‍കുളങ്ങര അമ്പലത്തില്‍ ഇങ്ങനെ ഉച്ചത്തില്‍ പാട്ടുവെച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. പക്ഷേ കൂടുതല്‍ പ്രകോപിതരായത് അമ്പലം ഭാരവാഹികളും ചില കടുഭക്തരുമായിരുന്നു. അവര്‍ ആ വന്ദ്യവയോധികനെ കയ്യേറ്റം ചെയ്തു.