Wednesday, December 21, 2011

സദാചാരവും ആള്‍ക്കൂട്ട തെമ്മാടിത്തവും

മുക്കത്തെ "സദാചാരക്കൊലപാതകം" ലൈംഗികതയുടെ രാഷ്ട്രീയത്തെ സംബന്ധിക്കുന്ന കുറേയേറെ ചോദ്യങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായി. പോയമാസം വാരികകളില്‍ ഇടം പിടിച്ച സാമൂഹ്യ/സാംസ്കാരിക പ്രമേയങ്ങളില്‍ , കേരളീയ ജീവിതത്തിന്റെ വര്‍ത്തമാനത്തെ സംബന്ധിച്ചിടത്തോളം, ഏറ്റവും പ്രാധാന്യമുള്ള വിഷയങ്ങളിലൊന്നും ഇതുതന്നെയാണ്. കുടുംബം, സദാചാരം, ലൈംഗികത തുടങ്ങി പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന വലിയൊരു പ്രമേയമണ്ഡലം ഈ പ്രശ്നത്തിന്റെ പിന്നാമ്പുറത്തുണ്ട്. മുക്കത്ത് അരങ്ങേറിയ ആള്‍ക്കൂട്ട തെമ്മാടിത്തത്തെ തള്ളിപ്പറയാന്‍ മിക്കവാറും എല്ലാവരും തയ്യാറായി. അതിനപ്പുറം കേരളീയ മധ്യവര്‍ഗ സദാചാരത്തിന്റെ ഉള്ളടക്കത്തിലേക്കും അതില്‍ നിലീനമായ ലൈംഗികമായ അക്രമോത്സുകതയിലേക്കും വിരല്‍ചൂണ്ടാനും ചില ലേഖനങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. അത്രത്തോളം അവ നമ്മുടെ ജനാധിപത്യ അവബോധത്തെ വികസിപ്പിച്ചിട്ടുമുണ്ട്.

വാസ്തവത്തില്‍ മുക്കത്ത് അരങ്ങേറിയ തെമ്മാടിത്തത്തിന് (അത്രതന്നെ തീവ്രതയോടെയല്ലെങ്കിലും കേരളത്തിലെ മറ്റു പലയിടങ്ങളിലും അരങ്ങേറിയതിനും) സദാചാരവുമായി ബന്ധമൊന്നുമില്ല. പ്രൊഫ. എം എന്‍ കാരശ്ശേരി ഇതേക്കുറിച്ച് എഴുതിയ മറ്റൊരു കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ സ്ത്രീകള്‍ നിരന്തരമായി കൈയേറ്റത്തിന് ഇരയാവുന്ന സന്ദര്‍ഭങ്ങളിലൊന്നിലും ആള്‍ക്കൂട്ടം (ആണ്‍കൂട്ടം) സദാചാര സംരക്ഷണത്തിന് മുന്നിട്ടിറങ്ങുന്നത് നാം കണ്ടിട്ടില്ല. എന്നുതന്നെയല്ല പലപ്പോഴും മൗനം കൊണ്ടും ചിലപ്പോഴൊക്കെ കര്‍മം കൊണ്ടും ആ കൈയേറ്റങ്ങളെ സാധൂകരിക്കാന്‍ ഈ ആള്‍ക്കൂട്ടം മുതിരാറുമുണ്ട്. അതുകൊണ്ടുതന്നെ സദാചാരത്തെക്കുറിച്ചും കുടുംബ ഭദ്രതയെക്കുറിച്ചുമുള്ള പൊതുസമൂഹത്തിന്റെ വേവലാതികളാണ് ഈ തെമ്മാടിത്തത്തിന് പിന്നിലുള്ളത് എന്ന വാദം തീര്‍ത്തും അസംഗതമാണ്. കേരളത്തിലെ മധ്യവര്‍ഗത്തെക്കുറിച്ച് പ്രൊഫ. കെ എന്‍ പണിക്കര്‍ ഒരിക്കല്‍ നിരീക്ഷിച്ചത് "മധ്യവര്‍ഗമല്ലാത്ത മധ്യവര്‍ഗം" എന്നാണ്. ചരിത്രപരമായി മധ്യവര്‍ഗം ആധുനികമായ ജീവിതമൂല്യങ്ങളുടെ പ്രതിനിധികളായാണ് നിലകൊണ്ടത്. ജനാധിപത്യം, വ്യക്തിസ്വാതന്ത്ര്യം, മതനിരപേക്ഷത, സ്വകാര്യത തുടങ്ങിയ ജീവിതമൂല്യങ്ങള്‍ക്കുവേണ്ടി ലോകത്തെവിടെയും മധ്യവര്‍ഗം വാദിച്ചുപോന്നിട്ടുണ്ട്. കേരളീയ സമൂഹത്തിന്റെ ആധുനികീകരണത്തിന്റെ അപര്യാപ്തതകള്‍ കൊണ്ടാകാം, ആധുനിക പരിഷ്കൃതിയുടെയും ഉപകരണവിധാനങ്ങളുടെയും ഉപഭോക്താക്കള്‍ ആയിരിക്കുമ്പോള്‍തന്നെ ആധുനിക മൂല്യങ്ങളെ വലിയൊരളവോളം പടിക്ക് പുറത്തു നിര്‍ത്തിക്കൊണ്ടാണ് മലയാള മധ്യവര്‍ഗം നിലനിന്നുപോരുന്നത്. അതുകൊണ്ടുതന്നെ മതാന്ധതയും ജാതീയതയും മുതല്‍ അടഞ്ഞ ലൈംഗികബോധവും കടുത്ത സ്ത്രീവിരുദ്ധതയും വരെയുള്ള പ്രതിലോമകരമായ നിലപാടുകള്‍ ഈ മധ്യവര്‍ഗാന്തരീക്ഷത്തില്‍ തഴച്ചുവളരുന്നുണ്ട്.

ഭൗതികമായി ആധുനികതയുടെ എല്ലാ സാധ്യതകളെയും ഉപയോഗിക്കുകയും അവബോധപരമായി അങ്ങേയറ്റം യാഥാസ്ഥിതികമായി തുടരുകയും ചെയ്യാന്‍ കേരളത്തിലെ മുഖ്യധാരാസമൂഹത്തിന് യാതൊരു പ്രയാസവുമില്ല. ഈ അവബോധമാണ് സന്ധ്യാനേരം പിന്നിട്ടാല്‍ പെണ്ണിനെ വഴിനടക്കാന്‍ അനുവദിക്കാത്തതും കാണുന്നിടത്തെല്ലാം എത്തിവലിഞ്ഞുനോക്കുന്നതും ഒരുമിച്ച് നടക്കുന്ന ആണിനെയും പെണ്ണിനെയും കൈയേറ്റം ചെയ്യുന്നതും തല്ലിക്കൊല്ലുന്നതും. ഗാര്‍ഹികതയെ ആദര്‍ശവത്കരിച്ച് അത് പെണ്ണിന്റെ സ്വാഭാവിക സ്ഥാനമാക്കിക്കൊണ്ടാണല്ലോ കേരളത്തിലെ "ആധുനിക കുടുംബം" ഭദ്രമായി നിലനിന്നുപോരുന്നത്! ഈ "ഭദ്രത"യുടെ മറുപുറമോ അബോധമോ ആണ് മേല്‍പറഞ്ഞ തരത്തിലുള്ള ആണ്‍കോയ്മാ വിളയാട്ടങ്ങളായി തെളിയുന്നത്. ഇടതുപക്ഷാവബോധം ഇത്രയും പ്രബലമായ കേരളത്തില്‍ ഇതെല്ലാം ഇപ്പോഴും ആവര്‍ത്തിക്കേണ്ടിവരുന്നു എന്നതില്‍ വലിയൊരു വൈരുധ്യമുണ്ട്. മധ്യവര്‍ഗ കുടുംബത്തിന്റെയും അതിനെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള സദാചാര നാട്യങ്ങളെയുംകുറിച്ച് എംഗല്‍സ് എഴുതിയത് 1884-ലാണ്. 125 കൊല്ലം കഴിഞ്ഞിരിക്കുന്നു. ഏക ദാമ്പത്യത്തിലേക്കുള്ള മാറ്റം പുരുഷന്റെ മാത്രം നേട്ടമായാണ് പര്യവസാനിച്ചതെന്ന് എംഗല്‍സ് അവിടെ പറയുന്നുണ്ട്.

"സ്ത്രീയുടെ സ്ഥിതി കൂടുതല്‍ വഷളാവുകയും പുരുഷന് പരസ്ത്രീഗമനത്തിനുള്ള സൗകര്യം വര്‍ധിക്കുകയും ചെയ്തു എന്നതാണ് ഇതുകൊണ്ട് പ്രധാനമായി സംഭവിച്ച കാര്യം എന്ന് എംഗല്‍സ് വ്യക്തമാക്കുന്നു. അണുകുടുംബം എന്ന കുടുംബ സംവിധാനത്തിനു പിന്നിലെ സാമ്പത്തിക യുക്തിയെക്കുറിച്ചും ബൂര്‍ഷ്വാസി എന്തുകൊണ്ട് അത്തരമൊന്നിനെ ഉയര്‍ത്തിപ്പിടിച്ചു എന്നതിനെക്കുറിച്ചുമെല്ലാം എംഗല്‍സ് വിശദമായി ചര്‍ച്ച ചെയ്തിട്ടുമുണ്ട്. എങ്കിലും കേരളീയ സമൂഹത്തിന്റെ അവബോധത്തില്‍ ഇതിനു കാര്യമായ ഇടം കിട്ടിയില്ല. എറിക്ഫ്രോമും വില്‍ഹെം റീഹും മുതല്‍ അഡോര്‍ണോയും മാര്‍ക്യൂസും വരെയുള്ളവര്‍ ലൈംഗികതയും അധികാരവും തമ്മിലുള്ള ബന്ധങ്ങളെയും വിനിമയങ്ങളെയുംകുറിച്ച് പറഞ്ഞതും നമ്മുടെ ധാരണകളെ സ്പര്‍ശിക്കുകയുണ്ടായില്ല. ലൈംഗികതയുടെ രാഷ്ട്രീയാന്തര്‍ഗതങ്ങളെക്കുറിച്ചോ, കുടുംബം എന്ന സ്ഥാപനത്തിന്റെ ചരിത്രപരമായ ഉള്ളടക്കത്തെക്കുറിച്ചോ ഉള്ള ഇടതുപക്ഷാവബോധം കേരളത്തില്‍ പ്രബലമല്ല. നാടുവാഴിത്തവുമായുള്ള ഏറ്റുമുട്ടലിന്റെ സന്ദര്‍ഭത്തില്‍ ബൂര്‍ഷ്വാമൂല്യങ്ങള്‍ക്ക് പുരോഗമനപരമായ ഉള്ളടക്കം കൈവരാം. പക്ഷേ തത്കാലത്തെ എക്കാലവുമായി പരിഗണിച്ചാല്‍ ജീവിതവും പുരോഗതിയും തളം കെട്ടും. ആ തളംകെട്ടലിന്റെ അഴുക്കുകളാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രമേയങ്ങളത്രയും നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന ഒരിടമുണ്ട്. അത് ആധുനിക കേരളീയ സമൂഹത്തിലെ ആദര്‍ശസ്ഥാനമായി ഇപ്പോഴും തുടരുന്ന കുടുംബം എന്ന അടഞ്ഞ സ്ഥാപനമാണ്. മതയാഥാസ്ഥിതികരും വലതുപക്ഷ ശക്തികളും കുടുംബത്തിന്റെ ചിരന്തന മഹത്വത്തെക്കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്.

ഇടതുപക്ഷബോധം ഒരു നിലയ്ക്കും അതാവര്‍ത്തിക്കേണ്ടതില്ല. നവോത്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന വിമോചനവും പുരോഗമനപരവുമായ മൂല്യങ്ങളും ജീവിതപ്രയോഗങ്ങളുമെല്ലാം പിന്‍വാങ്ങിനില്‍ക്കുന്ന ഇടമായി കുടുംബം ഇതിനകം മാറിത്തീര്‍ന്നിട്ടുണ്ട്. പൊതുജീവിതത്തില്‍നിന്ന് നാം പുറത്താക്കിയതെല്ലാം കുടുംബത്തിനുള്ളിലുണ്ട്. ജാതിയും മതവും ആചാരങ്ങളും അന്ധവിശ്വാസങ്ങളും മുതല്‍ പുരുഷാധിപത്യവും കടുത്ത സ്ത്രീവിരുദ്ധതയും വരെ. ജനാധിപത്യം ഒരു പുറംലോകനാട്യമായി മലയാളിക്ക് കൊണ്ടുനടക്കേണ്ടി വരുന്നതും തരംകിട്ടിയാല്‍ അത് ലംഘിക്കാന്‍ മടിയില്ലാതെ വരുന്നതും അതുകൊണ്ടാണ്. നിശിതവും കര്‍ക്കശവുമായ ആത്മവിമര്‍ശനം ആവശ്യപ്പെടുന്ന ഇടമാണത്. നമ്മുടെ വലിയ കവികളിലൊരാള്‍ അതിന് തുനിഞ്ഞിരുന്നു. എന്നാല്‍ കണ്ണീര്‍പ്പാടം വൈലോപ്പിള്ളിയുടെ ദാമ്പത്യപ്രശ്നത്തിന്റെ അവതരണമാണെന്ന് കരുതിയാണ് നാം വായിച്ചുതീര്‍ത്തത്. എപ്പോഴാണ് നാമത് നമ്മുടെകൂടി കഥയായി, മധ്യവര്‍ഗ കേരളീയ ജീവിതത്തിന്റെ ആത്മവിമര്‍ശനമായി വായിച്ചുതുടങ്ങുക ?

ഭാവനയുടെ ഭാവശക്തി എഴുത്തിന്റെ ഭാവശക്തിയെക്കുറിച്ച് മലയാളികളെ ബോധ്യപ്പെടുത്തിയ രണ്ടു പേര്‍ കൂടി പിന്‍വാങ്ങി; കാക്കനാടനും മുല്ലനേഴിയും. മലയാളികളുടെ ഭാവനാ ജീവിതത്തെ ഗണ്യമായി സ്വാധീനിക്കാന്‍ കഴിഞ്ഞവരായിരുന്നു ഇരുവരും. മലയാളത്തിലെ ഒട്ടുമിക്ക വാരികകളും ഇരുവരെയും കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു. പഠനങ്ങളും വിലയിരുത്തലുകളും മുതല്‍ വൈയക്തിക സ്മരണകള്‍ വരെ. ആ ഓര്‍മകള്‍ ഒരു കാലത്തിന്റെ വീണ്ടെടുപ്പായിരുന്നു. ആധുനികതാ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രതിനിധിയായിരുന്നു കാക്കനാടന്‍ . മറ്റുള്ളവര്‍ ഇല്ലെന്നല്ല. ആനന്ദും മുകുന്ദനും വിജയനും മറ്റും. എങ്കിലും ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അവരാരും ആധുനികതാ പ്രസ്ഥാനത്തിനുള്ളില്‍തന്നെ പാര്‍ത്തവരല്ല. അവരുടെയൊക്കെ രചനാജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അവര്‍ ആധുനികതാപ്രസ്ഥാനത്തിന്റെ അതിര്‍ത്തികളെ ഭേദിച്ചതായി കാണാം. കാക്കനാടന്‍ പൂര്‍ണ ആധുനികനായിരുന്നു. അദ്ദേഹത്തിന്റെ രചനാജീവിതവും ഭാവുകത്വവും ഏറിയകൂറും മോഡേണിസത്തിന്റെ അനുഭവലോകങ്ങള്‍ക്കുള്ളിലായിരുന്നു. സാക്ഷിയും വസൂരിയും മുതല്‍ ഉഷ്ണമേഖലയും ഓറോതയും വരെ എല്ലാം ആധുനികതയുടെ പൂര്‍ണാവതാരങ്ങളായിരുന്നു.

ആധുനികതാ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയാന്തര്‍ഗതങ്ങളെ തിരിച്ചറിയുന്നതില്‍ നമ്മുടെ വായനാലോകം വിജയിച്ചോ എന്ന് സംശയമാണ്. ആധുനികതയുടെ പ്രവാചകരായി രംഗത്തുവന്ന നിരൂപകര്‍ അതിനെ അസ്തിത്വവ്യഥകളുടെയും അതിഭൗതികമായ ഭാവനാബന്ധങ്ങളുടെയും ആകത്തുകയായാണ് അവതരിപ്പിച്ചത്. അതോടൊപ്പം എം ഗോവിന്ദന്‍ വഴി കൈമാറിക്കിട്ടിയ മാര്‍ക്സിസ്റ്റ് വിരോധവും അവര്‍ക്ക് കൈമുതലായി ഉണ്ടായിരുന്നു. ഇങ്ങനെയൊരു ചേരുവയായി ആധുനികതാപ്രസ്ഥാനം വിശദീകരിക്കപ്പെട്ടതോടെ, അതിനെ ബൂര്‍ഷ്വാ ജീര്‍ണതയായി വിലയിരുത്തി കൈയൊഴിയാന്‍ ഇടതുപക്ഷ ഭാവുകത്വവും തയാറായി. ഫലത്തില്‍ നമ്മുടെ ഭാവനാജീവിതത്തിന്റെ ചരിത്രത്തിലെ വലിയ ഏടുകളിലൊന്ന് ഏകമുഖമായ അതിവാദങ്ങളാല്‍ മുഖരിതമായി. ആധുനികതാ പ്രസ്ഥാനത്തിന്റെ അവതാരകരും വിമര്‍ശകരും അതിന്റെ ചരിത്രപരമായ ഉള്ളടക്കത്തെ മിക്കവാറും പരിഗണിച്ചില്ല. അനുഭൂതികളുടെ ചരിത്രപരത എന്ന വലിയ പാഠം മിക്കവാറും കൈയൊഴിയപ്പെട്ടു.

വാസ്തവത്തില്‍ , ആധുനികതയുടെ പ്രതിസന്ധിസ്ഥാനങ്ങളുടെയും അതിലെ വലിയ പിളര്‍പ്പുകളുടെയും പ്രകാശനമായിരുന്നു ആധുനികതാ പ്രസ്ഥാനം. പ്രമേയനിഷ്ഠമായ വായനകളില്‍ ഇത് തെളിഞ്ഞുകാണില്ല. ആധുനികതയുടെ ഭദ്രലോകങ്ങള്‍ അടിയിളകിത്തുടങ്ങിയ കാലത്ത് ആ അടിയിളക്കങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മോഡേണിസം രംഗത്തു വന്നത്. വ്യക്തി, യുക്തി, രാഷ്ട്രം, ശാസ്ത്രം, പുരോഗതി എന്നിങ്ങനെ മുതലാളിത്ത ആധുനികതയുടെ പ്രമാണവാക്യങ്ങളെയൊക്കെ അത് സംശയിച്ചു; അധിക്ഷേപിച്ചു. ഈ അധിക്ഷേപങ്ങള്‍ക്ക് പിന്നിലെ വിചാരമാതൃകാപരമായ വ്യതിയാനത്തെ കാണാതെ പോയതിനാല്‍ പലപ്പോഴും അത് ജീര്‍ണതയുടെയും അരാജകത്വത്തിന്റെയും മാത്രം അവതരണങ്ങളായി മനസിലാക്കപ്പെട്ടു. ഫ്യൂച്ചറിസവും എക്സ്പ്രഷനിസവും സര്‍റിയലിസവും എല്ലാം ഉള്‍പ്പെട്ട ബൃഹദ്പുരോഗമന പ്രസ്ഥാനത്തെക്കുറിച്ച് കേസരി ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നുവെങ്കിലും അതിന് കാര്യമായ ഫലമുണ്ടായില്ല. ലൂക്കാച്ചുമായി നടത്തിയ സംവാദങ്ങളില്‍ വാള്‍ട്ടര്‍ ബഞ്ചമിനും പിന്നീട് അഡോര്‍ണോയെപോലുള്ള നവ മാര്‍ക്സിസ്റ്റുകളും ഇക്കാര്യം തന്നെയാണ് പറഞ്ഞത്. നമ്മുടെ വിചാരചരിത്രത്തെ സംബന്ധിച്ചിടത്തോളം ഫലിക്കാതെപോയ എഴുത്തുകളായിരുന്നു അവ.

പൂര്‍ണ ആധുനികനായിരുന്നു എന്നതാണ് കാക്കനാടന്റെ പരാധീനതയും. ശ്രീചക്രവും സാക്ഷിയും വസൂരിയുമെല്ലാം പടിഞ്ഞാറന്‍ ആധുനികതാവാദത്തിന്റെ പിടിമുറുക്കത്തിലായിരുന്നു. ഉഷ്ണമേഖലയിലും മറ്റും അദ്ദേഹം ഇതിനെ ഭേദിക്കുകയും ചെയ്തു. എന്നിരുന്നാലും നമ്മുടെ ആധുനികതാപ്രസ്ഥാനത്തെ ആഴത്തില്‍ സ്വാധീനിച്ച പാശ്ചാത്യപ്രേരണകളെ മറികടക്കാനും തദ്ദേശീയമായ അനുഭവലോകങ്ങളില്‍ വേരോടിപ്പടര്‍ന്ന ഒരു അനുഭൂതി മണ്ഡലത്തിന് ജന്മം നല്‍കാനും കാക്കനാടന് ഏറെയൊന്നും കഴിഞ്ഞില്ലെന്ന് തോന്നുന്നു. മുതലാളിത്ത ആധുനികതയുടെ സന്ദിഗ്ധതകളായിരുന്നു അദ്ദേഹത്തിന്റെ രചനാജീവിതത്തിന്റെ ആകരം. അവിടെ അദ്ദേഹം ഇളകാതെ നിലകൊണ്ടു. അതിന്റെ ഗുണദോഷങ്ങളില്‍ തന്റെ ഭാവനാ ജീവിതത്തെ ഉറപ്പിക്കുകയും ചെയ്തു.


മുല്ലനേഴിയുടേത് മറ്റൊരു ലോകമായിരുന്നു. ഗ്രാമീണവും കാല്പനികവുമായ ഭാവനാബന്ധങ്ങളും വിപ്ലവപരമായ സാമൂഹ്യാവബോധവും കൂട്ടിയിണക്കിക്കൊണ്ടാണ് അദ്ദേഹം എഴുതിയത്. മലയാള ഭാവനയുടെ ചരിത്രത്തിലെ ഒരു വലിയ പാരമ്പര്യമാണത്. കഥയിലും കവിതയിലുമെല്ലാം ഒരുപോലെ പൂത്തുപടര്‍ന്ന ഒരു ഭാവുകത്വഘടന. ഒരുപക്ഷേ നവോത്ഥാനഭാവനയുടെ അങ്ങേത്തലപ്പോളം പഴക്കമുള്ള ഒന്ന്. ആ മഹാപാരമ്പര്യത്തിന്റെ പാട്ടുകാരനായിരുന്നു മുല്ലനേഴി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് ജീവിതത്തിന്റെ സ്വാഭാവികഭംഗി കൈവന്നു. സ്വാഭാവികമായവയെല്ലാം സാംസ്കാരികമായവയാണെന്ന് നമുക്ക് എളുപ്പം തിരിച്ചറിയാനാവില്ല. മുല്ലനേഴിക്കവിതയുടെ സ്വാഭാവികത നമ്മുടെ സംസ്കാര ചരിത്രത്തിലെ, ഭാവനാചരിത്രത്തിലെ ഒരു സവിശേഷ സന്ധിയെക്കൂടി രേഖപ്പെടുത്തിവച്ചിട്ടുണ്ട്. പില്‍ക്കാലം അതിനെക്കുറിച്ചും പറഞ്ഞുതുടങ്ങും. മനുഷ്യസ്നേഹത്തിന്റെ ഊഷ്മളസാന്നിധ്യമായിരുന്ന ഒരു വലിയ മനുഷ്യന്റെ ഓര്‍മകള്‍ക്ക് പ്രണാമം.

രാമായണം, ദേശീയത, ഹിന്ദുത്വം രാമായണത്തിന്റെ പല ജീവിതങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന എ കെ രാമാനുജന്റെ പ്രസിദ്ധമായ പ്രബന്ധം മലയാളം വാരിക പ്രസിദ്ധീകരിക്കുകയുണ്ടായി. ഹിന്ദുത്വവാദികളുടെ എതിര്‍പ്പിന്റെ പേരില്‍ രാമാനുജന്റെ പ്രബന്ധം പഠിപ്പിക്കേണ്ടതില്ലെന്ന് ഡല്‍ഹി സര്‍വകലാശാല തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രബന്ധം പുനഃപ്രസിദ്ധീകരിക്കപ്പെട്ടത്. മറ്റ് ചില മാധ്യമങ്ങളിലും അഭിമുഖങ്ങളായും കുറിപ്പുകളായും ഈ പ്രശ്നം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പാരമ്പര്യം എന്ന പേരില്‍ പണിതെടുക്കപ്പെടുന്ന ഏകശിലാ ബിംബങ്ങള്‍ എത്രത്തോളം വൈവിധ്യപൂര്‍ണവും ബഹുസ്വരവുമായ ഒരു ഭൂതകാലത്തെയാണ് മറച്ചുവയ്ക്കുന്നതെന്ന് അവയെല്ലാം പറയുന്നുണ്ടായിരുന്നു. വ്യാസനും വാത്മീകിയും ഹോമറും മറ്റുമായി സംസ്കാരചരിത്രത്തില്‍ ഇടം പിടിച്ചത് മനുഷ്യവംശത്തിന്റെ സഞ്ചിത സ്മൃതികളാണെന്ന കാര്യം പിന്നെപ്പിന്നെ മറവിയിലാണ്ടുപോവും. ദേശീയമായ ഏകതയുടെയും അഖണ്ഡമായ പാരമ്പര്യത്തിന്റെയും ആവശ്യം ഉയര്‍ന്നുവരുമ്പോള്‍ കലമ്പിക്കൂടി നില്‍ക്കുന്ന ഭൂതകാലത്തെ ശുദ്ധമായ ഏകപാഠമായി പണിതെടുക്കാനുള്ള താത്പര്യം പ്രബലമാകും. മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും ശുദ്ധപാഠങ്ങള്‍ ഉണ്ടായത് അങ്ങനെയാണ്. തമിഴകത്തെ ദ്രൗപദി ആരാധനയുടെ കഥയെ മഹാഭാരതത്തിന്റെ ശുദ്ധ പാഠത്തില്‍നിന്ന് ഒഴിവാക്കിയ സുക്താങ്കര്‍ , പക്ഷേ, പില്‍ക്കാലപാഠമെന്ന് ഉറപ്പുള്ള ഭഗവദ്ഗീതയെ ഒഴിവാക്കിയതുമില്ല. ദേശീയതയുടെ സാംസ്കാരിക മൂലധനത്തെ വൃത്തിയും വെടിപ്പുമുള്ളതാക്കി വയ്ക്കുകയായിരുന്നല്ലോ അദ്ദേഹം! ഇതിന് പിന്നാലെ ഭൂതകാലത്തിന്റെ ബഹുസ്വരാത്മകത അശ്ലീലവും അനാശാസ്യവുമായി അനുഭവപ്പെട്ടുതുടങ്ങും. അങ്ങനെ അപഭ്രംശങ്ങളുടെയും പ്രക്ഷിപ്തങ്ങളുടെയും മറ്റും സാമന്തലോകം പണ്ഡിതന്മാര്‍ ഉണ്ടാക്കിയെടുക്കും.

ഈ പ്രക്രിയയുടെ അശ്ലീലമയമായ ആവര്‍ത്തനമാണ് ഡല്‍ഹി സര്‍വകലാശാലയുടെ തീരുമാനത്തില്‍ തെളിഞ്ഞുകണ്ടത്. വൈജ്ഞാനികതയെ ജനാധിപത്യത്തിന്റെ ഉപകരണമാക്കുന്നതിന് പകരം വര്‍ഗീയതയുടെ ഉപകരണമാക്കുന്നതായിരുന്നു ആ തീരുമാനം. അതിനെതിരെ ഉയരുന്ന ഏത് ശബ്ദവും മനുഷ്യവംശ ചരിത്രത്തിന്റെ സ്വാഭാവികതയ്ക്കും സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള ന്യായവാദമാണ്. അതുയര്‍ത്തിപ്പിടിക്കാന്‍ നാമൊക്കെ ബാധ്യതപ്പെട്ടിരിക്കുന്നു. അലയടിക്കുന്ന കൂടങ്കുളം കൂടങ്കുളം അലയടിക്കുകയാണ്. മുന്‍ രാഷ്ട്രപതിയുടെ വിദഗ്ധോപദേശത്തിനു ശേഷവും തമിഴകത്തെ സാധാരണക്കാര്‍ മുതല്‍ സാമൂഹ്യപ്രവര്‍ത്തകരും പരിസ്ഥിതിവാദികളും വരെയുള്ള പതിനായിരങ്ങളുടെ പ്രതിഷേധത്തിന് കുറവൊന്നും വന്നിട്ടില്ല. ഔദ്യോഗികമായ ഭരണകൂട യുക്തികള്‍ ശാസ്ത്രത്തിന്റെ പദാവലികളില്‍ ആവര്‍ത്തിക്കുകയായിരുന്നു അബ്ദുള്‍കലാം. ഇന്ത്യന്‍ മധ്യവര്‍ഗത്തില്‍ അദ്ദേഹത്തിന് കൈവന്ന ആദര്‍ശാത്മകപരിവേഷം, പക്ഷേ, കൂടങ്കുളത്ത് കാര്യമായ ഫലമൊന്നും ഉളവാക്കിയില്ല. എന്നുതന്നെയല്ല ശാസ്ത്രീയ യുക്തികളുടെ പിന്‍ബലത്തോടെ അദ്ദേഹത്തിന്റെ വാദഗതികളെ ഖണ്ഡിക്കാന്‍ വിദഗ്ധര്‍ തന്നെ രംഗത്തെത്തിയിട്ടുമുണ്ട്.

ശാസ്ത്രം സംവാദ മേഖലയാണെന്ന കാര്യം നാം മറന്നുകൂടല്ലോ. വിശാലാര്‍ഥത്തില്‍ പ്രശ്നം ഊര്‍ജത്തിന്റെയും "വികസന"ത്തിെന്‍റയുമാണ്. ആധുനിക മുതലാളിത്തം മുന്നോട്ടുവച്ച വികസനയുക്തി അവസാനിക്കാത്ത ഉപഭോഗത്തിന്റേതാണ്. അതുകൊണ്ട് ആവശ്യങ്ങള്‍ ഒടുങ്ങുന്നേയില്ല. വളര്‍ച്ചയുടെ ഫലങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കുന്നുമില്ല. മുതലാളിത്ത കൃഷിയെക്കുറിച്ച് മാര്‍ക്സ് പറഞ്ഞതുപോലെ, അധ്വാനിക്കുന്ന തൊഴിലാളിയെ എന്നപോലെ എല്ലാ വിഭവങ്ങളുടെയും സ്രോതസ്സായ പ്രകൃതിയുടെയും അടിതുരന്ന് ഇല്ലാതാക്കിക്കൊണ്ടാണ് "വികസനം" വരുന്നത്. ഈ ഇരട്ടചൂഷണത്തിന്റെ ചരിത്രമാണ് പടിഞ്ഞാറന്‍ മുതലാളിത്തത്തിന്റെ ചരിത്രം. ഇപ്പോഴാകട്ടെ അത് ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതം കൊണ്ടുള്ള അപായകരമായ കളി കൂടിയായിത്തീര്‍ന്നിരിക്കുന്നു. ആണവനിലയങ്ങള്‍ ഡീകമ്മീഷന്‍ ചെയ്യാനുള്ള ഫലപ്രദമായ വഴികള്‍ ഇനിയും കണ്ടെത്താനിരിക്കുന്നതേയുള്ളൂ. ഒരുപക്ഷേ, അങ്ങനെയൊന്ന് ഇല്ലെന്നും വരാം. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പലതും ആണവോര്‍ജത്തോട് എന്നേക്കുമായി വിട പറയാന്‍ തുടങ്ങുന്നതായി നാം വായിക്കുന്നുണ്ടല്ലോ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് പാരിസ്ഥിതിക ജാഗ്രതയുടെ വ്യാപനമാണ്. നിരവധി തര്‍ക്കങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് ഉണ്ടാവാമെങ്കിലും ഈ തിരിച്ചറിവിന് ഇപ്പോള്‍ നല്ല വേരോട്ടമുണ്ട്.

കാലാവസ്ഥാ വ്യതിയാനം മുതല്‍ ജലക്ഷാമം വരെയുള്ള കാര്യങ്ങള്‍ മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ പുതിയ സമരമുഖമാണ് പരിസ്ഥിതിയുടേത് എന്ന ബോധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. മഹാഭൂരിപക്ഷം പേരും ഈ സമരമുഖങ്ങളെ താന്താങ്ങളുടെ ജീവിതപരിസരങ്ങളില്‍ അഭിമുഖീകരിക്കുന്നുമുണ്ട്. പ്രകൃതിയില്‍ നാം നടത്തുന്ന ഇടപെടലുകളുടെ ഒന്നാമത്തെ ഫലം നമുക്ക് മുന്‍കൂട്ടിക്കാണാന്‍ കഴിയുമെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും ഫലങ്ങള്‍ നമുക്ക് മുന്‍കൂട്ടിക്കാണാന്‍ കഴിയാത്തവയും ആദ്യത്തേതിന്റെ നേട്ടങ്ങള്‍ തട്ടിക്കിഴിക്കുന്നതുമായിരിക്കും എന്ന് എംഗല്‍സ് 130 കൊല്ലം മുന്‍പ് എഴുതിയത് നമ്മുടെ ചുറ്റുവട്ടത്ത് സത്യമായിത്തുടങ്ങിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഒരുപക്ഷേ, അവസാനത്തെ തട്ടിക്കിഴിക്കലായെന്നും വരാം. അതുകൊണ്ട് കൂടങ്കുളത്തെ അലയടികള്‍ ഇനിയുമിനിയും വ്യാപിക്കാനാണ് സാധ്യത. മനുഷ്യവംശത്തിന്റെ സഹജാവബോധത്തിന്റെയും പ്രകടനമാണത്. മലയാളത്തിന്റെ പ്രതിസന്ധി മലയാളം വീണ്ടും ആലോചനകളില്‍ ഇടം പിടിക്കുന്നുണ്ട്. സമസ്തകേരള സാഹിത്യപരിഷത്തിന്റെ മലയാള ഭാഷാ വാരാചരണത്തോടനുബന്ധിച്ച് എം ജി എസ് നാരായണനും സാറാ ജോസഫും നടത്തിയ പ്രഭാഷണങ്ങള്‍ മാധ്യമം വാരിക പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിന്റെ ക്ലാസിക് പദവിയായിരുന്നു എംജിഎസ്സിന്റെ പ്രശ്നം. ഇടതുപക്ഷത്തെ അടിക്കാനുള്ള വടികളിലൊന്നായി അതും ഉപയോഗിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഒരു ഭാഷയുടെയും ക്ലാസിക്കല്‍ പദവി ഭരണകൂട തീരുമാനമായി നിലവില്‍ വരേണ്ടതല്ല എന്നതാണ് വാസ്തവം. മലയാളത്തിന് ക്ലാസിക്കല്‍ പദവി ലഭിക്കാന്‍വേണ്ടി ഭാഷയുടെ പഴക്കത്തെക്കുറിച്ച് അവതരിപ്പിക്കപ്പെട്ട വാദഗതികള്‍ ധാരാളം വിമര്‍ശനങ്ങള്‍ക്ക് വകയുള്ളതുമാണ്. പലരും ഇതിനകം അക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഭാഷകള്‍ക്ക് ക്ലാസിക്കല്‍ പദവി കല്പിച്ചുകൊടുക്കാന്‍ തുടങ്ങുകയും തമിഴും തെലുങ്കും കന്നടയും ഉള്‍പ്പെടെയുള്ള ഭാഷകള്‍ക്ക് അത് ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇവിടെയും അത്തരം വാദങ്ങള്‍ ഉയര്‍ന്നുവന്നത്.

ഔപചാരിക ക്ലാസിക്കല്‍ പദവി വഴി ലഭിക്കുന്ന പണംകൊണ്ട് ഭാഷക്ക് എന്തെങ്കിലും ഗുണം ചെയ്യാന്‍ കഴിയുമെങ്കില്‍ അതിനെ മൊത്തം പഴിക്കേണ്ടതില്ലെന്ന് തോന്നുന്നു. ഒരു ഭാഷയെന്ന നിലയില്‍ മലയാളം നേരിടുന്ന വലിയ പ്രശ്നം ഭാഷയുടെ സൂക്ഷ്മജീവിതം നഷ്ടപ്പെടുന്നതാണ്. രണ്ട് നിലകളിലാണിത് സംഭവിക്കുന്നത്. ഒന്നാമത്തേത് വിജ്ഞാനഭാഷ എന്ന നിലയിലുള്ള മലയാളത്തിന്റെ പെരുകിവരുന്ന അപര്യാപ്തതയാണ്. വിവിധ വിജ്ഞാനമേഖലകളും അതിനുപയുക്തമായ വ്യവഹാര മണ്ഡലങ്ങളും സജീവമാകുമ്പോഴേ ഭാഷയ്ക്ക് സൂക്ഷ്മജീവിതം കൈവരൂ. ഈ സൂക്ഷ്മജീവിതമേഖലയില്‍ നിന്നും ഊറിയെത്തുന്ന വിജ്ഞാനവും പദകോശവുമാണ് ഭാഷയുടെ സാമാന്യതലത്തെ നവീകരിക്കുക. മലയാളത്തെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു നവീകരണം ഏറെക്കുറെ നിശ്ചലമാണ്. ദൈനംദിന ജീവിതാവശ്യങ്ങള്‍ക്ക് മാത്രം ഉതകുന്ന ഒരു ഭാഷ എന്ന നിലയിലേക്ക് മലയാളം അതിവേഗം എത്തിക്കൊണ്ടിരിക്കുകയാണ്. സാഹിത്യവിജ്ഞാനവും സാമൂഹ്യവിജ്ഞാനത്തിന്റെ ശകലങ്ങളും എന്നതിനപ്പുറം മലയാളത്തില്‍ വിജ്ഞാനോല്പാദനം ഏറെയൊന്നുമില്ല. ഏഴെട്ട് നൂറ്റാണ്ട് മുമ്പേ ഭാഷാ കൗടലീയം പോലെ ഒരു കൃതി ഉണ്ടായ ഭാഷയാണിതെന്നോര്‍ക്കണം!

തത്വചിന്തയുടെ സവിശേഷമായ വ്യവഹാരമണ്ഡലവും അതിന്റെ പദകോശവും നാരായണഗുരുവിന്റെ കൃതികളില്‍ കാണാമെങ്കിലും ഗുരുവിന് ശേഷം ആ വഴിയിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. വിക്തര്‍ യൂഗോവിനെയും ടാഗോറിനെയും മലയാളത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്നതുപോലെ സി വി രാമനെയും ജെ സി ബോസിനെയും മലയാളത്തിലൂടെ മനസിലാക്കാന്‍ കഴിയുമ്പോഴേ കേരളം മലയാളികളുടെ മാതൃഭൂമിയാകൂ എന്ന് ഇഎംഎസ് എഴുതിയത് 1940 - കളിലാണ്. ഏഴു പതിറ്റാണ്ടിനുശേഷം സ്ഥിതി കൂടുതല്‍ വഷളായതല്ലാതെ മറ്റൊന്നുമുണ്ടായില്ല. ശാസ്ത്രം മാത്രമല്ല സാമൂഹ്യവിജ്ഞാനവും ഏറെക്കുറെ മലയാളത്തിന് പുറത്തായി. മലയാളമറിയാത്ത മലയാളികള്‍ നാട്ടിലെമ്പാടുമായി. പിന്നെപ്പിന്നെ അതൊരഭിമാനവുമായി!! മറ്റൊരു പ്രശ്നം സാഹിത്യത്തിന്റേതാണ്. ഭാഷയെക്കുറിച്ചുള്ള ഉപകരണവാദപരമായ സമീപനം സാഹിത്യത്തെ ഒരു അലങ്കാരസാമഗ്രിയായാണ് പരിഗണിക്കുന്നത്. കേരളത്തിലെ സാമൂഹ്യ പണ്ഡിതരില്‍ പലരുടെയും വീക്ഷണവും ഇതുതന്നെയാണ്. അപ്പോള്‍ , സാഹിത്യപഠനവും സാഹിത്യനിഷ്ഠമായ ഭാഷാപഠനവും മറ്റേതൊരു വിഷയത്തെയുംപോലൊന്നായേ പരിഗണിക്കപ്പെടൂ.

സാഹിത്യത്തിലെ ഭാഷാജീവിതവും ഗണിതത്തിലെയോ ജീവശാസ്ത്രത്തിലെയോ ഭാഷാജീവിതവും തമ്മില്‍ അടിസ്ഥാനപരമായ ഒരു വ്യത്യാസവും കാണാത്ത നിലപാടാണിത്. രണ്ടിലുമുള്ളത് ഭാഷയാണല്ലൊ എന്ന വാദം. ഇവിടെ നഷ്ടമാവുന്നത് ഭാഷയുടെ സ്വകീയ ജീവിതത്തിന്റെയും അത് വാഗ്ദാനം ചെയ്യുന്ന വിഭാവനങ്ങളുടേയും ലോകമാണ്. ഇങ്ങനെയൊരു സവിശേഷ മണ്ഡലത്തിന്റെ ആവശ്യമെന്താണ് എന്നറിയണമെങ്കില്‍ മാര്‍ക്സിന്റെ മൂലധനം പോലുള്ള കൃതികള്‍ വായിച്ചുനോക്കിയാല്‍ മതി. അമൂര്‍ത്തമായ സാമ്പത്തിക - താത്വിക പരികല്പനകളെ മുന്‍നിര്‍ത്തി സങ്കീര്‍ണമായ ആശയ പ്രതിപാദനങ്ങള്‍ നടത്തുന്ന സന്ദര്‍ഭങ്ങളിലെല്ലാംതന്നെ മാര്‍ക്സ് ഗൊയ്ഥേയും ദാത്തെയും മുതല്‍ ഷേക്സ്പിയറും മില്‍ട്ടനും വരെയുള്ളവരെ കമ്പോട് കമ്പ് ഉദ്ധരിക്കുന്നത് കാണാം. ഇത് മാര്‍ക്സിന്റെ വ്യക്തിപരമായ അഭിരുചിയുടെ മാത്രം പ്രശ്നമല്ല. "മറ്റുള്ളവര്‍ക്ക് വേണ്ടി നിലകൊള്ളുന്നതുകൊണ്ട് തനിക്കുവേണ്ടിയും നിലകൊള്ളുന്ന പ്രായോഗികവും യഥാര്‍ഥവുമായ അവബോധമായി" ഭാഷയെ മനസിലാക്കിയിരുന്ന മാര്‍ക്സിന് ആ അവബോധക്രമത്തിന്റെ സൂക്ഷ്മജീവിതമാണ് സാഹിത്യം രേഖപ്പെടുത്തിവയ്ക്കുന്നത് എന്ന് വ്യക്തമായിരുന്നു.

യാഥാര്‍ഥ്യത്തെ അമൂര്‍ത്ത കല്പനകളില്‍ അവതരിപ്പിക്കുന്ന സാമൂഹ്യ വിജ്ഞാനങ്ങളുടെ മണ്ഡലത്തിനപ്പുറം ചെന്ന് ചരിത്രപരമായ മൂര്‍ത്തതയില്‍ അതിനെ അഭിസംബോധന ചെയ്യുകയാണ് സാഹിത്യം ചെയ്യുന്നത്. സാഹിത്യത്തിലെ ഭാഷാജീവിതം ഇതര വിജ്ഞാനമേഖലകളിലെ ഭാഷയില്‍നിന്ന് വ്യതിരിക്തമാകുന്നത് ഇവിടെ വച്ചാണ്. ഭാഷ ആശയവിനിമയത്തിന്റെ ഉപകരണമെന്ന പദവിയ്ക്കപ്പുറം കടന്ന്, മൊറിസ് ബ്ലാങ്ഷൊയുടെ വാക്കുകളില്‍ പറഞ്ഞാല്‍ , സ്വന്തം ഭൗതികതയില്‍ ജീവിക്കാന്‍ തുടങ്ങുന്ന ഇടമാണ് സാഹിത്യം. ഇതൊന്നും പരിഗണിക്കാതെ ഭാഷയില്‍ എന്തു പഠിച്ചാലും മതി എന്ന് വാദിക്കുമ്പോള്‍ നഷ്ടമാകുന്നത് വിഭാവനങ്ങളുടെയും പരികല്പനകളുടെയും അനുഭൂതികളുടെയും വലിയ ലോകമാണ്. മലയാളം ഇപ്പോള്‍ ഇത്തരമൊരു സ്വത്വനാശത്തിന്റെ വക്കിലൂടെ സഞ്ചരിക്കുകയാണ്. വിജ്ഞാനത്തിന്റെയും ഭാവനയുടെയും ലോകം പുറത്തായിപ്പോയ ഒരു മലയാളമാണ് ഇപ്പോള്‍ തെഴുക്കുന്നത്. ഈ രണ്ടു ലോകങ്ങളും ഭാഷയില്‍ പുനഃസ്ഥാപിക്കപ്പെടുമ്പോഴേ മലയാളികള്‍ക്ക് മലയാളത്തില്‍ ജീവിക്കാനാവൂ. അപ്പോള്‍ മാത്രമാണ് കേരളം മലയാളികളുടെ മാതൃഭൂമി യാവുക! പ്രവാചക ദുഃഖത്തിന്റെ ഫ്രെയിമുകള്‍ ഒ വി വിജയന്റെ അപൂര്‍വ ഭംഗിയുള്ള ചിത്രങ്ങളുമായാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നവംബര്‍ 27 - ഡിസംബര്‍ 3 ലക്കം വന്നത്. ചിത്രങ്ങളും എഴുത്തും കെ ആര്‍ വിനയന്റേത്. പേരാല്‍പ്പടര്‍ച്ചയില്‍ കൈവച്ച്, മനുഷ്യവംശത്തിന്റെ സങ്കടങ്ങളത്രയും ഏറ്റുവാങ്ങിയ പ്രവാചക ദുഃഖത്തിന്റെ അടയാളങ്ങള്‍ ആ ചിത്രങ്ങളിലുണ്ടായിരുന്നു. ഹൈദരാബാദിലെ ഒ വി വിജയന്‍ അവാര്‍ഡ് വിതരണത്തിന്റെ സന്ദര്‍ഭങ്ങളിലായിരുന്നു ചിത്രങ്ങളും എഴുത്തും മാതൃഭൂമി പ്രസിദ്ധീകരിച്ചത്. മലയാള ഭാവനയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഒ വി വിജയന്‍ . മാതൃഭൂമി അത് ആദരപൂര്‍വം നമ്മുടെ ഓര്‍മയിലേക്കെത്തിച്ചു. മുതലാളിത്ത വിമര്‍ശനവും പ്രഭാത് പട്നായിക്കിന്റെ ലേഖനവും പിഎജി യുടെ നവംബര്‍ ലക്കം മുതലാളിത്തത്തിന്റെ വര്‍ത്തമാന പ്രതിസന്ധിയുടെ നല്ല ചിത്രം തരുന്നുണ്ട്; ധാരാളം സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തോടെ. നിയോ-ലിബറല്‍ മൂലധനത്തിന്റെ വാചകമടികള്‍ നിലയ്ക്കുകയും പടിഞ്ഞാറന്‍ മുതലാളിത്തത്തിന്റെ ജനാധിപത്യനാട്യത്തെ അവിടത്തെ മഹാഭൂരിപക്ഷം തന്നെ ചോദ്യം ചെയ്തു തുടങ്ങുകയും ചെയ്ത ഒരു സന്ദര്‍ഭത്തിലാണ് പിഎജിയുടെ ഈ ലക്കം പുറത്തുവന്നിട്ടുള്ളത്.

മുതലാളിത്ത "വളര്‍ച്ച"യുടെ വര്‍ത്തമാന സന്ദര്‍ഭം മനുഷ്യവംശത്തെ എത്രത്തോളം അപകടപ്പെടുത്തുന്നു എന്ന് അത് നന്നായി വ്യക്തമാക്കുന്നു. മൂലധനാധിപത്യത്തിനും മുതലാളിത്ത ലോകത്തിനും എതിരെ നിലകൊള്ളുന്നവര്‍ക്ക് ഇത് ഒരു നല്ല കൈത്താങ്ങാണ്. ബംഗാളിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രഭാത് പട്നായിക് എഴുതിയ പ്രബന്ധത്തിന്റെ (Decline of the Letf - Economic and Political Weekly) പരിഭാഷയും പിഎജിയുടെ നവംബര്‍ ലക്കത്തിലുണ്ട്. ഇടതുപക്ഷത്തിന്റെ വര്‍ത്തമാനത്തേയും ഭാവിയേയും സംബന്ധിക്കുന്ന നിര്‍ണായകമായ ചില നിരീക്ഷണങ്ങള്‍ പ്രഭാത് പട്നായിക് ആ പ്രബന്ധത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക പരിഷ്കരണത്തിന് ശേഷമുള്ള സമൂഹപരിവര്‍ത്തനത്തെക്കുറിച്ചുള്ള ഇടതുപക്ഷവീക്ഷണം, സ്റ്റാറ്റസ്കോയ്ക്കുവേണ്ടിയുള്ള പരിശ്രമത്തിന്റെ പരാധീനതകള്‍ , അനിവാര്യമായും ഉയര്‍ത്തിപ്പിടിക്കപ്പെടേണ്ട മൂലധന-സാമ്രാജ്യത്വ വിമര്‍ശനം, ഭരണവും ബഹുജനതാല്പര്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ കൈകാര്യം ചെയ്യേണ്ട രീതി, പ്രായോഗികതാവാദത്തിലെ ചതിക്കുഴികള്‍ എന്നിങ്ങനെ നിരവധി പ്രമേയങ്ങള്‍ ആ പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ഇടതുപക്ഷത്തിന്റെ വര്‍ത്തമാനത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക പ്രാധാന്യമുള്ളവയാണ് ഇവയോരോന്നും. മാര്‍ക്സിന്റെ ശരികള്‍ മാര്‍ക്സ് എന്തുകൊണ്ട് ശരിയായിരുന്നു? (Why Marx was Rigth?) എന്ന ശീര്‍ഷകത്തില്‍ ടെറി ഈഗിള്‍ടണ്‍ അവതരിപ്പിച്ച വാദങ്ങള്‍ ഇതിനകംതന്നെ ഇടതുപക്ഷ വൃത്തങ്ങളില്‍ ധാരാളമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മാര്‍ക്സിസത്തിനെതിരെ ഉയര്‍ന്ന പ്രധാനപ്പെട്ട എതിര്‍വാദങ്ങള്‍ ഒന്നൊന്നായി പരിശോധിക്കുന്ന പത്ത് അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. കൂടാതെ ഒരു ആമുഖവും ഉപസംഹാരവും. ഗഹനമായ സൈദ്ധാന്തിക വിശകലനത്തിന് മുതിരാതെ സരളവും സുതാര്യവുമായ ഭാഷയില്‍ ഈഗിള്‍ടണ്‍ മാര്‍ക്സിസത്തിന്റെ പ്രസക്തിയെയും സാധുതയെയുംകുറിച്ച് പറഞ്ഞുപോകുന്നു. ചില അധ്യായങ്ങള്‍ അതിലളിതവത്കരണത്തിന്റെ ഇരയായിത്തീര്‍ന്നതായി തോന്നുമെങ്കിലും മൊത്തത്തില്‍ ഈ കൃതി മാര്‍ക്സിസത്തിന്റെ മൗലികതയെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വലിയ തോതില്‍ വിജയിച്ചിട്ടുണ്ട്. മാര്‍ക്സിസം മരിച്ചു എന്ന പരമ്പരാഗതമായ ആരോപണത്തെക്കുറിച്ച് ആദ്യ അധ്യായത്തില്‍ ഈഗിള്‍ടണ്‍ കൗതുകകരമായ ഒരഭിപ്രായം പറയുന്നുണ്ട്.

മാര്‍ക്സിസം അനിവാര്യമല്ലാത്ത ഒരു സമൂഹം തന്നെയാണ് മാര്‍ക്സിസ്റ്റുകളുടെയും ആഗ്രഹം. കാരണം മാര്‍ക്സിസം പ്രാഥമികമായും മുതലാളിത്തത്തിന്റെ വൈരുധ്യങ്ങളുടെയും അതുളവാക്കുന്ന അസമത്വങ്ങളുടെയും വിവരണവും അവക്കെതിരായ പ്രതിരോധവുമാണ്. മാര്‍ക്സിസം ഇല്ലാതാവുക എന്നതിനര്‍ഥം ഈ സ്ഥിതിവിശേഷം അവസാനിക്കുക എന്നതാണ്. രോഗമില്ലാത്ത സമൂഹത്തിന് വേണ്ടിയാണ് എല്ലാ നല്ല ചികിത്സകരും ശ്രമിക്കുന്നത്. മാര്‍ക്സിസ്റ്റുകളും ഇതുപോലെയാണ്. തങ്ങള്‍ ആവശ്യമില്ലാത്ത, അസമത്വവും വര്‍ഗവൈരുധ്യങ്ങളുമില്ലാത്ത, അതിനെതിരെ തങ്ങള്‍ക്ക് പോരടിക്കേണ്ടതില്ലാത്ത ഒരു ലോകമാണ് മാര്‍ക്സിസ്റ്റുകളുടെയും സ്വപ്നം. അതിന്റെ സാക്ഷാത്കാരത്തിനായാണ് മാര്‍ക്സിസ്റ്റുകാര്‍ പണിപ്പെട്ടുകൊണ്ടിരിക്കുന്നത്. തങ്ങള്‍ അപ്രസക്തരായിത്തീരുന്ന ഒരു സമൂഹത്തിന്റെ നിര്‍മിതിക്കായി ശ്രമിക്കുന്ന ഭിഷക്കുകളാണവര്‍ . ആറേഴു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പുരോഗമന സാഹിത്യകാരന്മാരെ കേസരി ബാലകൃഷ്ണപിള്ള "സമുദായത്തിലെ വിഷം തീനികള്‍" എന്ന് വിശേഷിപ്പിച്ചിരിക്കുന്നു! നമ്മുടെ ചിന്തയുടെ ഈ വിജയം ആഹ്ലാദകരമാണ്.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക 24 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വാസ്തവത്തില്‍ മുക്കത്ത് അരങ്ങേറിയ തെമ്മാടിത്തത്തിന് (അത്രതന്നെ തീവ്രതയോടെയല്ലെങ്കിലും കേരളത്തിലെ മറ്റു പലയിടങ്ങളിലും അരങ്ങേറിയതിനും) സദാചാരവുമായി ബന്ധമൊന്നുമില്ല. പ്രൊഫ. എം എന്‍ കാരശ്ശേരി ഇതേക്കുറിച്ച് എഴുതിയ മറ്റൊരു കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ സ്ത്രീകള്‍ നിരന്തരമായി കൈയേറ്റത്തിന് ഇരയാവുന്ന സന്ദര്‍ഭങ്ങളിലൊന്നിലും ആള്‍ക്കൂട്ടം (ആണ്‍കൂട്ടം) സദാചാര സംരക്ഷണത്തിന് മുന്നിട്ടിറങ്ങുന്നത് നാം കണ്ടിട്ടില്ല. എന്നുതന്നെയല്ല പലപ്പോഴും മൗനം കൊണ്ടും ചിലപ്പോഴൊക്കെ കര്‍മം കൊണ്ടും ആ കൈയേറ്റങ്ങളെ സാധൂകരിക്കാന്‍ ഈ ആള്‍ക്കൂട്ടം മുതിരാറുമുണ്ട്. അതുകൊണ്ടുതന്നെ സദാചാരത്തെക്കുറിച്ചും കുടുംബ ഭദ്രതയെക്കുറിച്ചുമുള്ള പൊതുസമൂഹത്തിന്റെ വേവലാതികളാണ് ഈ തെമ്മാടിത്തത്തിന് പിന്നിലുള്ളത് എന്ന വാദം തീര്‍ത്തും അസംഗതമാണ്. കേരളത്തിലെ മധ്യവര്‍ഗത്തെക്കുറിച്ച് പ്രൊഫ. കെ എന്‍ പണിക്കര്‍ ഒരിക്കല്‍ നിരീക്ഷിച്ചത് "മധ്യവര്‍ഗമല്ലാത്ത മധ്യവര്‍ഗം" എന്നാണ്. ചരിത്രപരമായി മധ്യവര്‍ഗം ആധുനികമായ ജീവിതമൂല്യങ്ങളുടെ പ്രതിനിധികളായാണ് നിലകൊണ്ടത്. ജനാധിപത്യം, വ്യക്തിസ്വാതന്ത്ര്യം, മതനിരപേക്ഷത, സ്വകാര്യത തുടങ്ങിയ ജീവിതമൂല്യങ്ങള്‍ക്കുവേണ്ടി ലോകത്തെവിടെയും മധ്യവര്‍ഗം വാദിച്ചുപോന്നിട്ടുണ്ട്. കേരളീയ സമൂഹത്തിന്റെ ആധുനികീകരണത്തിന്റെ അപര്യാപ്തതകള്‍ കൊണ്ടാകാം, ആധുനിക പരിഷ്കൃതിയുടെയും ഉപകരണവിധാനങ്ങളുടെയും ഉപഭോക്താക്കള്‍ ആയിരിക്കുമ്പോള്‍തന്നെ ആധുനിക മൂല്യങ്ങളെ വലിയൊരളവോളം പടിക്ക് പുറത്തു നിര്‍ത്തിക്കൊണ്ടാണ് മലയാള മധ്യവര്‍ഗം നിലനിന്നുപോരുന്നത്. അതുകൊണ്ടുതന്നെ മതാന്ധതയും ജാതീയതയും മുതല്‍ അടഞ്ഞ ലൈംഗികബോധവും കടുത്ത സ്ത്രീവിരുദ്ധതയും വരെയുള്ള പ്രതിലോമകരമായ നിലപാടുകള്‍ ഈ മധ്യവര്‍ഗാന്തരീക്ഷത്തില്‍ തഴച്ചുവളരുന്നുണ്ട്.