Friday, December 23, 2011

പാര്‍ടികോണ്‍ഗ്രസും മാധ്യമ കൗശലവും - 2

തൊട്ടുതീണ്ടിയില്ല തത്വദീക്ഷ

ഒന്നാം ഭാഗം

പുതുവര്‍ഷത്തില്‍ കേരളം ഏറ്റവുമധികം ചര്‍ച്ചചെയ്യാന്‍ പോകുന്നത് സിപിഐ എം സമ്മേളനമായിരിക്കുമെന്നാണ് "ഇന്ത്യ ടുഡേ"യുടെ പുതിയ ലക്കം വിലയിരുത്തുന്നത്. ഇതുവരെ നടന്ന സമ്മേളനങ്ങളുടെ മുഖ്യസന്ദേശം മൂന്ന് ദശാബ്ദമായി പാര്‍ടി നേരിട്ട വിഭാഗീയത ഏറ്റവും കുറഞ്ഞിരിക്കുന്നുവെന്നാണ് അതില്‍ സൂചിപ്പിച്ചിട്ടുള്ളത്. കമ്യൂണിസ്റ്റ് വിരോധം മറച്ചുവയ്ക്കാത്ത "മാധ്യമ"ത്തിന്റെ രാഷ്ട്രീയലേഖകന്‍ ഇത്തവണ പാര്‍ടി സമ്മേളനങ്ങളെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ മൂന്നെണ്ണത്തില്‍ വിഭാഗീയതയ്ക്ക് വലിയതോതില്‍ അറുതി വരുത്തിയെന്നും കാല്‍നൂറ്റാണ്ടിനിടയില്‍ ഇങ്ങനെ ഏറെക്കുറെ സ്വസ്ഥമായ അന്തരീക്ഷം സിപിഐ എമ്മില്‍ കണ്ടിട്ടില്ലെന്നുമാണ്. പാര്‍ടിസംഘടനയെയും നയങ്ങളെയും ഭാവിയെയും പറ്റി മാധ്യമം- ഇന്ത്യ ടുഡേ ലേഖകര്‍ വിചിത്രമായ പല വാദങ്ങളും നിരത്തിയിട്ടുണ്ട്. എങ്കിലും അവര്‍ക്കുപോലും നിഷേധിക്കാനാകാത്ത യാഥാര്‍ഥ്യമാണ് പൊതുവില്‍ നല്ല ഐക്യത്തോടെ നടക്കുന്ന പാര്‍ടി സമ്മേളനങ്ങള്‍ . പക്ഷേ, ഈ വിധം ഒരു ധാരണ ജനങ്ങളില്‍ ഉറയ്ക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധശക്തികള്‍ക്ക് ദോഷം ചെയ്യുമെന്നതിനാല്‍ വിവിധ വിഷയങ്ങളെ കുത്തിയിളക്കി പാര്‍ടിയിലും ഇടതുപക്ഷത്തും വിവിധ ചേരിയെന്നു വരുത്താനുള്ള മാധ്യമകൗശലത്തിലാണ് വലതുപക്ഷ മുഖ്യധാരാമാധ്യമങ്ങള്‍ . ജില്ലാസമ്മേളനങ്ങളിലെ ഉദ്ഘാടന പ്രസംഗങ്ങളെ ആസ്പദമാക്കി നിശാകാല ചാനല്‍ചര്‍ച്ച പതിവാക്കി. ഇതിലൂടെ തീയില്ലാതെ പുകയുണ്ടാക്കാനുള്ള ഉദ്യമത്തിലാണ് ദൃശ്യമാധ്യമങ്ങള്‍ . അവരുമായി മത്സരത്തിലാണ് മനോരമ-മാതൃഭൂമി-മംഗളം-ദീപികയാദി മുദ്രണ മാധ്യമങ്ങള്‍ . നിയമസഭാ തെരഞ്ഞെടുപ്പിനെച്ചൊല്ലി പാര്‍ടി സമ്മേളനത്തില്‍ പല തട്ടുണ്ടാക്കാമോയെന്നാണ് ഇക്കൂട്ടരുടെ നോട്ടം. പക്ഷേ, അത് വിഫലമായി. കഴിഞ്ഞ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന സമ്മേളനത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പും ഗൗരവമേറിയ ചര്‍ച്ചയ്ക്ക് വിഷയീഭവിക്കുന്നതാണ്. പക്ഷേ, അത് മാധ്യമങ്ങള്‍ വെട്ടുന്ന പാതയിലൂടെയല്ലെന്നുമാത്രം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയംപോലൊരു തോല്‍വിയാണ് എല്‍ഡിഎഫിനുണ്ടായത്.

1131 വോട്ടിന്റെ വ്യത്യാസത്തില്‍ മൂന്ന് സീറ്റ് അധികം ലഭിച്ച ബലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ഭരിക്കുന്നത്. രണ്ടു മുന്നണികള്‍ തമ്മിലുള്ള വ്യത്യാസം ഒന്നരലക്ഷം വോട്ടിന്റേതാണ്. അതില്‍ യുഡിഎഫിന് ബലമേകിയത് മലപ്പുറം ജില്ലയാണ്. അവിടെ 3,69,000 വോട്ട് എല്‍ഡിഎഫിനേക്കാള്‍ അധികം നേടി. നൂലിഴ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നെങ്കിലും എല്‍ഡിഎഫ് അഭിമാനകരമായ നേട്ടം കൈവരിച്ചതിന് പിന്നില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടവും സിപിഐ എമ്മിന്റെ സംഘടനാ മികവും നിര്‍ണായക ഘടകങ്ങളായിരുന്നു. കേവലം ഒരു തെരഞ്ഞെടുപ്പിനെപ്പറ്റി മാത്രമല്ല, പാര്‍ലമെന്റ്-നിയമസഭാ വേദികളും തെരഞ്ഞെടുക്കപ്പെട്ട ഇതര സ്ഥാപനങ്ങളും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനും സാധാരണജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും ഉപയോഗപ്പെടുത്തുക എന്ന മാര്‍ക്സിസം-ലെനിനിസത്തിന്റെ കാഴ്ചപ്പാട് എത്രമാത്രം യാഥാര്‍ഥ്യമാക്കിയെന്ന് സമ്മേളനങ്ങളില്‍ വിമര്‍ശ-സ്വയം വിമര്‍ശം ഉണ്ടാകും.

1951ലെ പാര്‍ടികോണ്‍ഗ്രസ് അംഗീകരിച്ച പരിപാടിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ആദ്യപൊതുതെരഞ്ഞെടുപ്പിനെ (1952) പാര്‍ടി നേരിട്ടത്. ലോക്സഭയിലും ഏതാനും സംസ്ഥാനങ്ങളിലും പ്രമുഖ പ്രതിപക്ഷ കക്ഷിയായി പാര്‍ടി മാറി. പാര്‍ടിയുടെ വലിയ മുന്നേറ്റത്തിന് അത് വഴിതെളിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ (1957) കേരളത്തില്‍ പാര്‍ടി അധികാരത്തില്‍ വന്നു. 28 മാസത്തെ കമ്യൂണിസ്റ്റ് പാര്‍ടി ഭരണം രാജ്യമൊട്ടാകെ പാര്‍ടിയുടെ ജനസ്വാധീനം വര്‍ധിപ്പിച്ചു. കോണ്‍ഗ്രസ്, സംഘടനാതലത്തില്‍ പ്രഖ്യാപിക്കുകയും സര്‍ക്കാര്‍തലത്തില്‍ നടപ്പാക്കാതിരിക്കുകയുംചെയ്ത പരിപാടികള്‍ വിജയിപ്പിക്കാന്‍ശ്രമിച്ചതാണ് തന്റെ സര്‍ക്കാരിന്റെ വിജയമെന്ന് ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ തലവനായിരുന്ന ഇ എം എസ് ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റ് പാര്‍ടി ദേശീയതലത്തില്‍ ചെറുകക്ഷി ആയിരുന്നെങ്കിലും ജനസേവനത്തില്‍ കോണ്‍ഗ്രസിന് ബദലായി മാറാന്‍ ഇതുവഴി സാധിച്ചെന്നും അതിനിടയാക്കിയ നയരൂപീകരണം കമ്യൂണിസ്റ്റ് പാര്‍ടിയുടേതാണെന്നും ഇ എം എസ് വ്യക്തമാക്കി. ഇതിനര്‍ഥം സര്‍ക്കാരിന്റെ ഭരണനേട്ടം കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേട്ടംകൂടിയാണെന്നാണ്. ഭരണനേട്ടത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി മുതലുള്ള നേതാക്കള്‍ക്കും സംഘടനയ്ക്കും അതുപോലെ പാര്‍ടിയുടെ നേട്ടത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് മന്ത്രിമാര്‍ക്കും പങ്കുണ്ട്. വെള്ളം കയറാത്ത അറകളായി പാര്‍ലെമെന്ററി- സംഘടനാ വേര്‍തിരിവ് കാണുന്നത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബുര്‍ഷ്വപാര്‍ടികളിലാണ്. ആ തരംതിരിവ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലില്ല.

ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തെ ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് 2006-11 കാലയളവില്‍ വി എസ് അച്യുതാനന്ദന്‍ നയിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ . അത് മനസ്സിലാക്കിയിരുന്നെങ്കില്‍ സിപിഐ എമ്മിനെതിരെ നിശാകാല ചാനല്‍ചര്‍ച്ചയ്ക്ക് "വിദഗ്ധന്മാര്‍" ഇറങ്ങില്ലായിരുന്നു; തത്വദീക്ഷയില്ലാത്ത ചുഴിഞ്ഞുനോട്ടം നടത്തില്ലായിരുന്നു. അത് മനസ്സിലാക്കാനുള്ള വൈമനസ്യം കാട്ടുന്നതുകൊണ്ടാണ് ഭരണനേട്ടം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞതിനെക്കുറിച്ച് ചാനല്‍ ചര്‍ച്ചാ വിദഗ്ധര്‍ ദുര്‍വ്യാഖ്യാനം നടത്തുന്നത്. ചാനല്‍ ചര്‍ച്ചാ വിദഗ്ധരില്‍ പലരും കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവരാണ്. പാര്‍ടിയെപ്പറ്റിയുള്ള അവരുടെ അറിവുപോലും മറവിയിലാക്കിയാണ് വിവാദം ഉല്‍പ്പാദിപ്പിക്കാന്‍ നോക്കുന്നത്.

വി എസിന്റെ പ്രസംഗം മാത്രമല്ല, നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി എക്സ്ക്ലൂസീവ് വാര്‍ത്തകളും വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. "പിടിപ്പുകേടും വിഭാഗീയതയുംമൂലം നാല് സീറ്റ് നഷ്ടപ്പെട്ടത് ഭരണനഷ്ടത്തിന് കാരണമായെന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ വിമര്‍ശം", "സ്വന്തം സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ചിലര്‍ പരിശ്രമിച്ചു", "സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിഴവ് സംഭവിച്ചു"- ഇങ്ങനെ പോകുന്നു വിശകലനവും തലക്കെട്ടും. ഈ മാധ്യമ വാര്‍ത്തകളുടെ നേര് എത്രത്തോളമെന്ന് പരിശോധിക്കാതെ തന്നെ ഒരു കാര്യം ഉറപ്പിക്കാം. ഇത്തരം വിഷയങ്ങളെപ്പറ്റി തുറന്ന ചര്‍ച്ച നടക്കുന്ന വേദിയാണ് പാര്‍ടി സമ്മേളനങ്ങള്‍ . അതുകൊണ്ട് ചില മാധ്യമങ്ങള്‍ കാണുന്ന ആശ്ചര്യമൊന്നും ഒരു പാര്‍ടി നേതാവിന്റെ ഉദ്ഘാടന പ്രസംഗത്തിലോ പ്രതിനിധികളുടെ ചര്‍ച്ചയിലോ കണ്ടെത്തേണ്ടതില്ല.

പാര്‍ടി സമ്മേളനം ജനങ്ങളില്‍ നല്ല സ്വീകാര്യത വളര്‍ത്തുംവിധം മാറിയ വേളയില്‍ ഇടതുപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാക്കാന്‍ സമ്മേളനത്തെ ആയുധമാക്കാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നു. സംസ്ഥാനത്ത് 50 ശതമാനത്തിനു മേല്‍ ജനങ്ങളുടെ പിന്തുണയുള്ള പ്രസ്ഥാനമായി സിപിഐ എം മാറണമെന്ന പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ കാസര്‍കോട് ജില്ലാ സമ്മേളന പ്രസംഗവും മാധ്യമങ്ങള്‍ വിവാദമാക്കി. എല്‍ഡിഎഫിലെ ഘടകകക്ഷികളെ തള്ളി ഒറ്റയ്ക്കു ഭരിക്കാനുള്ള കാഴ്ചപ്പാടാണ് സിപിഐ എമ്മിനെന്ന ചിത്രീകരണംപോലുമുണ്ടായി. സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനോട് വാര്‍ത്താസമ്മേളനത്തില്‍ ലേഖകര്‍ ചോദ്യമുന്നയിച്ച് വിവാദമുണ്ടാക്കാനും ശ്രമിച്ചു. കോടിയേരിയുടെ പ്രസംഗത്തെപ്പറ്റി ചോദിച്ചപ്പോള്‍ കേരളത്തിന്റെ സ്ഥിതിഗതികള്‍ മനസ്സിലാക്കാത്തതും യാഥാര്‍ഥ്യബോധമില്ലാത്തതുമായ അഭിപ്രായമാണിതെന്ന് ചന്ദ്രപ്പന്‍ പറഞ്ഞതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ . കേരളത്തില്‍ ഇത് നടക്കാന്‍ പോകുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഘടികാരത്തിലെ പെന്റുലംപോലെ ഒരു തവണ ഇടത്തോട്ട്, പിന്നെ വലത്തോട്ട്- എന്ന വിധമുള്ള ഭരണമാറ്റം അവസാനിപ്പിക്കാന്‍ 50 ശതമാനത്തിനു മേല്‍ ജനങ്ങളുടെ പിന്തുണ ആര്‍ജിക്കണമെന്ന ആഹ്വാനം ഇ എം എസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തെ നടത്തിയിട്ടുണ്ട്. പാര്‍ടി സമ്മേളനത്തിലെ രേഖകളിലും ഇതിനുള്ള കാഴ്ചപ്പാട് അടയാളപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, മുന്നണിയിലെ പ്രധാന കക്ഷി ഈ നേട്ടം ആര്‍ജിക്കുമ്പോള്‍ എല്‍ഡിഎഫും ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള രാഷ്ട്രീയകൂട്ടുകെട്ടാകും. ഒരു പാര്‍ടിക്ക് ഒറ്റയ്ക്ക് ഇതിലേക്ക് എത്താന്‍ ഇപ്പോള്‍ പറ്റുന്നില്ലെങ്കില്‍ 50 ശതമാനത്തിനു മേലുള്ള പിന്തുണ മുന്നണി ആദ്യം ആര്‍ജിക്കുകയെന്നതും സിപിഐ എം കാഴ്ചപ്പാടിലുണ്ട്.

എവിടെയെങ്കിലുമുള്ള ഒരു കേന്ദ്രത്തിലിരുന്ന് നട്ടുപിടിപ്പിച്ചതുകൊണ്ടല്ല ലോകത്തോ രാജ്യത്തോ കമ്യൂണിസ്റ്റ് പാര്‍ടികള്‍ നിലവില്‍ വന്നതും വളര്‍ന്നതും. ഓരോ രാജ്യത്തും ഉടലെടുത്ത തൊഴിലാളിവര്‍ഗത്തിന്റെയും മറ്റു ജനവിഭാഗങ്ങളുടെയും ജീവിതസാഹചര്യങ്ങളും അതുമായി ബന്ധപ്പെട്ട സമരങ്ങളുമാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയ്ക്ക് നിദാനം. അതുപ്രകാരം പ്രവര്‍ത്തിച്ചാല്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള പ്രസ്ഥാനമായി എല്‍ഡിഎഫിനും വിശിഷ്യാ സിപിഐ എമ്മിനും കേരളത്തില്‍ മാറാന്‍ കഴിയും. ഇതൊരു വ്യാമോഹമാണെന്ന ചന്ദ്രപ്പന്റെ വിലയിരുത്തല്‍ ഒരു അശുഭവിശ്വാസിയുടേതാണ്. ഭൂരിപക്ഷത്തെ സംബന്ധിച്ച വിഷയത്തില്‍ , മാധ്യമങ്ങളുടെ കുത്തിത്തിരിപ്പിനിടയില്‍ ചന്ദ്രപ്പന്‍ വെറുതെ പറഞ്ഞുപോയതാകാമത്. എന്നാല്‍ , ദൃശ്യമാധ്യമങ്ങളും മറ്റും അതിനെ വല്ലാതെ ദുര്‍വ്യാഖ്യാനിച്ചു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് കൊല്ലം വേദിയായി പരിഗണിക്കാതിരുന്നത് സിപിഐയുടെ സംസ്ഥാന സമ്മേളനം അവിടം അവര്‍ പരിഗണിച്ചെന്ന് മനസ്സിലാക്കിയതിനാലാണ്. രണ്ടു പാര്‍ടികളുടെ സംസ്ഥാന സമ്മേളനം രണ്ടു ജില്ലകളില്‍ നടക്കുന്നതുകൊണ്ട് രണ്ടു പാര്‍ടികള്‍ക്കും ഒരു ബുദ്ധിമുട്ടുമില്ല. പ്രയാസം കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്കാണ്. സിപിഐ എം സമ്മേളനം ഫെബ്രുവരി 10ന് സമാപിക്കും. സിപിഐ സംസ്ഥാന സമ്മേളന സമാപനവും റാലിയും 11നാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒമ്പത് പതിറ്റാണ്ടുകളുടെ സമരചരിത്രമുണ്ട്.

സംഘടിത തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ മര്‍ദിതജനതയെ യോജിപ്പിച്ച് നിര്‍ത്താനുള്ള സമരങ്ങളുടെ ചരിത്രമാണത്. ഇടതുപക്ഷശക്തികളുടെ ഐക്യം വിശിഷ്യാ രണ്ട് കമ്യൂണിസ്റ്റ് പാര്‍ടികളുടെ പ്രവര്‍ത്തനഐക്യം കേന്ദ്രബിന്ദുവായി കാണുന്നതാണ് ഇന്നത്തെ ഇന്ത്യയുടെ മൂര്‍ത്ത രാഷ്ട്രീയസാഹചര്യത്തിലെ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാട്. ഇടതുപക്ഷശക്തികളുടെ യോജിപ്പിനും ഇതര മതേതരശക്തികളുമായുള്ള അതിന്റെ ഐക്യത്തിനും സഹായിക്കുന്നതാണ് സിപിഐ എം സമ്മേളനങ്ങള്‍ . ഈ വസ്തുത മറച്ചുവച്ച് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കെട്ടഴിച്ചുവിടുന്ന പ്രചാരവേലയുടെ പൊള്ളത്തരം തുറന്നുകാട്ടേണ്ട ഉത്തരവാദിത്തമാണ് എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങളും നിര്‍വഹിക്കേണ്ടത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എതിരെ വിചിത്രമായ പ്രത്യയശാസ്ത്ര ആക്രമണം വലതുപക്ഷ- വ്യാജ ഇടതുപക്ഷ ചേരികളില്‍നിന്നും നിഷ്പക്ഷനാട്യ ബുദ്ധിജീവികളില്‍നിന്നും ലക്കുംലഗാനുമില്ലാതെ വരുകയാണ്. അതിലെ നെറികേടിനെപ്പറ്റി അടുത്ത ഭാഗത്തില്‍.

*
ആര്‍ എസ് ബാബു

ഭാഗം മൂന്ന്

1 comment:

വര്‍ക്കേഴ്സ് ഫോറം said...