Saturday, December 3, 2011

തോന്ന്യാക്ഷരങ്ങള്‍ -വീണ്ടും

ആ നെല്ലിമരം പ്രായാ-
ധിക്യത്താല്‍ വീണൂ; പിന്നെ
ആ മണ്ണിലൊരു നെല്ലി-
ത്തൈ നട്ടൂ ഞാനിന്നലെ.
വളരുമത്തൈ കായ്ക്കും;
കായ്മണി പെറുക്കുവാന്‍
വരുമന്നൊരുവട്ടം
കൂടിപ്പാടിയെന്‍ ബാല്യം.
*

മഴയെപ്പാനം ചെയ്ത
ഭൂമിതന്‍ നിയോഗം തീ-
വിഴുങ്ങിപ്പക്ഷിയെപ്പോല്‍
വേനലിന്‍ കനല്‍ തിന്നാന്‍ .
*

വിളിച്ചുണര്‍ത്തുന്തോറും
പുതപ്പിനുള്ളില്‍ മുഖ-
മൊളിക്കും കുട്ടിയെപ്പോല്‍ ,
ഭൂമിയില്‍ സമാധാനം!
*

ചത്തുകിടപ്പൂ ശിലാ-
ഫലകത്തിന്മേല്‍ "ഇനി
യുദ്ധം ചെയ്യുകില്ലെ"ന്ന
സമ്രാട്ടിന്‍ വിളംബരം.
വറ്റുന്നൂ "ദയ"യെന്ന
നദിയാ കലിംഗത്തില്‍ ;
വറ്റുന്നൂ ദയയെന്നൊ-
രാര്‍ദ്രത മനസ്സിലും!
*

ഇല്ലൊരു വെറും ചീര-
യിലപോലുമെന്‍ ചട്ടി
യ്ക്കുള്ളില്‍ ; നീ കാക്കേ,
യാരെ വിരുന്നു വിളിക്കുന്നു?
*

മണ്ണിന്റെ പച്ചപ്പെല്ലാം
വിലയ്ക്കു വാങ്ങീ നിങ്ങള്‍!
ഞങ്ങള്‍ക്കു കിട്ടീ കുറേ
പച്ചനോട്ടുകള്‍ മാത്രം!
*

"ട്രോയി"യില്‍ ജയിച്ചില്ലേ
യവനര്‍ ? എന്നാ, ലന്ധ-
ഗായകാ, നീയാ വീര-
ഗാഥകള്‍ പാടുന്നേരം,
നിന്റെയുള്‍ക്കണ്ണീരിന്റെ
ഉപ്പതിലലിഞ്ഞുവോ?
എന്തൊരാര്‍ദ്രത! നിന-
ക്കെന്തൊരു നിസ്സംഗത!
*

നീയാകും സൗന്ദര്യത്തെ-
ക്കണ്ടു കണ്ണഞ്ചിപ്പോകെ,
ചായവും ബ്രഷും കൈയില്‍ -
നിന്നു വീണുപോയ് താഴെ!
*

നീ പോലുമറിയാതെ
നിന്‍ കവിള്‍ ചുംബിപ്പുഞാന്‍
നീയെന്ന നൈര്‍മല്യത്തി-
ന്നൊരു പോറലേല്ക്കാതെ!
*

ഇത്തിരിനേരം കൂടി-
യെനിക്ക് പാടാന്‍ തരൂ,
അത്രമേല്‍ സ്നേഹിച്ചോര്‍ക്കായ്,
സ്നേഹത്താല്‍ ദുഃഖിച്ചോര്‍ക്കായ്!
*

കാമത്തെയെന്‍ കണ്ണില്‍നി-
ന്നെരിച്ചുകളയുക!
പ്രേമത്തിന്‍ സൗന്ദര്യം ഞാ-
നെന്നുമാസ്വദിച്ചോട്ടെ!
*

പൂവുകള്‍ കൈമാറീ, നാ-
മന്യോന്യം കൈമാറുവാ-
നാവാതെ നില്ക്കേ; പാവം
പൂക്കളതറിഞ്ഞില്ല!
*

നീ മഴ; ഞാനോ സൂര്യ-
കിരണം; നമുക്കെന്നാ-
ലോമനേ, യിനിയൊരു
മഴവില്‍ക്കുട തീര്‍ക്കാം.
*

ചങ്ങാതീ, വിഷം തേടി
വിഷമിക്കേണ്ടാ, എന്നെ-
ക്കൊല്ലുവാനൊരു കോപ്പ
കരിമ്പു നീരിന്നാവും!
*

എന്നുമെന്‍ പൂക്കൂടയും
മടിയും നിറച്ചിട്ടും
പിന്നെയും പൂ തൂകുന്ന
പുത്തിലഞ്ഞിയീ ഭൂമി!
*

നഷ്ടമായ് വിലങ്ങുക-
ളെങ്കിലും, കൈവന്നീലാ-
സ്വര്‍ഗ; മിപ്പൊഴും ഞങ്ങള്‍
നിസ്വരായ് പുകയുന്നു!
*

അന്തിയില്‍ സൂര്യന്‍ തൊട്ടു
കടല്‍വെള്ളവും തുടു-
മുന്തിരിച്ചാറായ്! - ഏതു
കല്യാണവിരുന്നിന്നായ്?
*

സാഗരം പാടുന്നത്
കേള്‍വിക്കാരുണ്ടെന്നോര്‍ത്തോ?
മേഘങ്ങള്‍ പാടുന്നതും,
വേഴാമ്പല്‍ കേഴുന്നതും?
*

മൂന്നു കാലിന്മേല്‍ നീങ്ങും
"ഹൈക്കു"വെന്തിന്, നമു-
ക്കൂന്നുവാ, നൂഞ്ഞാലാടാ-
നീരടികളുള്ളപ്പോള്‍ ?

*
ഒ എന്‍ വി ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചങ്ങാതീ, വിഷം തേടി
വിഷമിക്കേണ്ടാ, എന്നെ-
ക്കൊല്ലുവാനൊരു കോപ്പ
കരിമ്പു നീരിന്നാവും!