നമ്മെ സംബന്ധിച്ചിടത്തോളം പെട്രോള്‍ വില ഇടയ്ക്കിടെ കൂടുന്നതാണ് ഇന്ധന പ്രതിസന്ധി. അഞ്ച് രൂപ കൂട്ടി രണ്ട് രൂപ കുറയ്ക്കുമ്പോള്‍ നമുക്ക് സമാധാനവും ആകും. പെട്രോളിയം വില ബാരലിന് നൂറു ഡോളറിലെക്ക'കുറഞ്ഞു ' എന്ന തലക്കെട്ടുപോലും അടുത്ത കാലത്ത് കാണാനിടയായി. അതാണു മനുഷ്യ സ്വഭാവം. ഒരു വേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായ് വരും എന്നാണല്ലോ പ്രമാണം. ഈ വിലക്കയറ്റങ്ങളും ഇറക്കങ്ങളും ഒക്കെ അന്താരാഷ്ട്ര വിപണിയിലെ ഊഹക്കച്ചവടക്കാരുടെ സൃഷ്ടി ആണെന്നും, ഇതിന് യഥാര്‍ഥ ഇന്ധന ക്ഷാമവും ആയി ബന്ധമൊന്നും ഇല്ലന്നും നമുക്കറിയാം.
പക്ഷേ ഇക്കാണുന്നതൊന്നുമല്ല യഥാര്‍ഥ പ്രതിസന്ധി. അത് വരാന്‍ പോകുന്നതെ ഉള്ളൂ. അത് വന്നാല്‍ പിന്നെ വിലക്കയറ്റമേ ഉണ്ടാകൂ, ഇറക്കമുണ്ടാവില്ല. പെട്രോളും ഡീസലും ഒന്നും ഒട്ടും കിട്ടാത്ത അവസ്ഥ. അവശേഷിക്കുന്ന നിക്ഷേപമെല്ലാം (അതെവിടെയായാലും) ശക്തരായ രാഷ്ട്രങ്ങള്‍ കൈയടക്കുന്ന അവസ്ഥ. അതിനായി അവര്‍ എന്തും ചെയ്യാന്‍ മടിക്കാത്ത അവസ്ഥ. ഈ ബഹളങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ആ യഥാര്‍ഥ പ്രതിസന്ധിയാണ്. അത് അന്താരാഷ്ട്ര വിപണിയുടെ കളികളെ ആശ്രയിച്ചല്ല ഇരിക്കുന്നത്. പെട്ടെന്ന് തീര്‍ന്നു കൊണ്ടിരിക്കുന്ന ഫോസില്‍ ഇന്ധനങ്ങളുടെ പരിമിതി ആണ് അത് അനിവാര്യമാക്കുന്നത്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍, ആ വന്‍ അപകടത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇതുപോലുള്ള കൃത്രിമ പ്രതിസന്ധികള്‍ കാരണമാകുന്നത്.
ലോകത്തുള്ള പെട്രോളിയം നിക്ഷേപങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാവില്ല. പെട്രോളും ഡീസലുമൊക്കെ നാല്‍പത് കൊല്ലത്തെക്കെ ഉണ്ടാവൂ എന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ട കണക്ക്. അല്ല, അറുപതു കൊല്ലത്തേക്ക് ഉണ്ടാകും എന്ന് ചിലര്‍ പറയുന്നുണ്ട്. പക്ഷേ അറുന്നൂറു കൊല്ലം എന്ന് ആരും പറയുന്നില്ല! അതായത് അടുത്ത രണ്ടുമൂന്നു തലമുറകള്‍ക്കകത്ത് തന്നെ ഇതൊന്നും കിട്ടാത്ത അവസ്ഥ വരും എന്നര്‍ഥം! പക്ഷേ പെട്രോള്‍ വണ്ടികളും ഡീസല്‍ വണ്ടികളും പെരുകുന്നത് കാണുമ്പോള്‍ 'ചക്ഷു ശ്രവണ ഗളസ്തമാം ദര് ദുരം' ആണ് ഓര്‍മയില്‍ വരുന്നത്! 'ഇതിനൊക്കെ ആരെങ്കിലും എന്തെങ്കിലും പരിഹാരം കണ്ടെത്തിക്കോളും' എന്നൊരു അപകടകരമായ ശുഭാപ്തി വിശ്വാസം ആണ് ആളുകളെ ഭരിക്കുന്നത് എന്ന് തോന്നുന്നു. അത് ശരിയായിരിക്കാം. പക്ഷേ അത് താനേ ഉണ്ടാകുന്ന സംഗതിയല്ല. അതിനായി ആസൂത്രിതമായി ശ്രമിക്കേണ്ടിയിരിക്കുന്നു. അതിന്റെ ലക്ഷണം ആണ് കാണാനില്ലാത്തത്.
അക്ഷയ ഊര്‍ജസ്രോതസ്സുകളെപ്പറ്റി പഠനം നടക്കുന്നില്ല എന്നല്ല. നിലവിലുള്ള സ്രോതസ്സ് തീര്‍ന്നുപോകുന്നതാണെന്നും അതുകൊണ്ട് തന്നെ അതിന്റെ ഉപയോഗത്തില്‍ നിഷ്‌കര്‍ഷയും നിയന്ത്രണവും വേണമെന്നുമുള്ള തിരിച്ചറിവ് കാണുന്നില്ല എന്നാണ് ഉദ്ദേശിച്ചത്. ഉദാഹരണത്തിന് പെട്രോളിന്റെ വിലയുടെ കാര്യം തന്നെ എടുക്കുക. ഇവിടെ പെട്രോളിന്റെ വില കൂടിയപ്പോള്‍ മിക്ക പത്രങ്ങളും ഇന്ത്യയേക്കാള്‍ പെട്രോള്‍ വില കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക നിരത്തുകയുണ്ടായി. പക്ഷേ ഒരൊറ്റ പത്രവും പറയാത്ത ഒരുകാര്യം മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും പെട്രോള്‍ വില ഇവിടത്തെക്കാള്‍ ഉയര്‍ന്നതാണ് എന്നതാണ്. അവിടൊക്കെ പെട്രോളിന്റെ മേല്‍ ചുമത്തുന്ന ഉയര്‍ന്ന നികുതി ആണ് ഉയര്‍ന്ന വിലയുടെ കാരണം. അത് ബോധപൂര്‍വം എടുത്ത ഒരു നയപരമായ തീരുമാനം ആണ്. ഇവിടെയാകട്ടെ പെട്രോളിന്റെ മേല്‍ ഉയര്‍ന്ന നികുതി ചുമത്തുന്നത് എന്തോ മഹാ അപരാധം ആണെന്ന മട്ടിലായിരുന്നു പ്രചരണം. ഇതെത്രമാത്രം ശരിയായ നിലപാടാണ്? പ്രത്യേകിച്ചും പുരോഗമന കക്ഷികളുടെ ഭാഗത്തുനിന്ന്? പെട്രോളിന്റെ മേല്‍ ഉള്ള നികുതി ഏതു സര്‍ക്കാരിന്റെയും (കേന്ദ്രമായാലും സംസ്ഥാനം ആയാലും) പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ്. ആ വരുമാനം കൊണ്ട് കൂടിയാണ് തൊഴിലുറപ്പ് പദ്ധതി പോലെ പുരോഗമന സ്വഭാവമുള്ള പദ്ധതികള്‍ക്ക് പണം കണ്ടെത്തേണ്ടത്. ഓയില്‍ കമ്പനികളുടെ നഷ്ടം നികത്താന്‍ നികുതിപ്പണം എടുക്കണം എന്നിട്ട് പെട്രോളിന്റെ വില താഴ്ത്തണം എന്ന് വാദിക്കുമ്പോള്‍ വാസ്തവത്തില്‍ നാം പാവപ്പെട്ടവന്റെ ചിലവില്‍ പണക്കാരനെ സഹായിക്കണം എന്നല്ലേ പറയുന്നത്? കാര്‍ ആയാലും സ്‌കൂട്ടര്‍ ആയാലും അവ ഓടിക്കുന്നവര്‍ ഏതായാലും സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ അല്ലല്ലോ. കേരളത്തില്‍ പോലും ഇത് പോലും ഇല്ലാത്തവര്‍ ആണ് കൂടുതലും. അവര്‍ കൂടി ഉപ്പിനും മുളകിനും കൊടുക്കുന്ന വില്പന നികുതി എടുത്തിട്ടു വേണോ പെട്രോളിന്റെ വില കുറയ്ക്കാന്‍? അടുപ്പില്‍ വിറകു കത്തിക്കുന്നവന്റെ നികുതിപ്പണം കൊണ്ട് വേണോ എല്‍ പി ജിയുടെ വില കുറയ്ക്കാന്‍? ആലോചിക്കണം. ഡീസലിന് വില കുറച്ച് വച്ചിരിക്കുന്നത് സാധനങ്ങളുടെ കടത്ത് ചെലവ് കൂടുന്നത് തടയാന്‍ ആണ് എന്നത് ശരിയാണ്. അത് വേണ്ടത് തന്നെ. പക്ഷേ ആ സൗജന്യം മുതലാക്കി വിലകൂടിയ ഡീസല്‍ കാറുകള്‍ വിപണിയില്‍ എത്തുന്നത് തടയാന്‍ എന്തേ നടപടികള്‍ എടുക്കുന്നില്ല? അവയ്ക്ക് വളരെ ഉയര്‍ന്ന നികുതി ഈടാക്കെണ്ടതല്ലേ? എന്തുകൊണ്ട് അതിന് വേണ്ടി വാദിക്കുന്നില്ല?
യൂറോപ്പില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുന്നത് ഒരു കാര്‍ബണ്‍ ടാക്‌സ് എന്നനിലയിലാണ്. അതായത് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈടിന്റെ അളവ് വര്‍ധിപ്പിക്കുന്ന എല്ലാ ഇന്ധനങ്ങള്‍ക്കും ഈ നികുതി ബാധകമാണ്. ആ പണം കൊണ്ടാണ് അവര്‍ വിന്‍ഡ്, സോളാര്‍ മുതലായ പുതിയ ഊര്‍ജ സ്രോതസുകളെ പ്രോത്സാഹിപ്പിക്കുന്നത്. അതാണു ദീര്‍ഘ വീക്ഷണത്തോട് കൂടിയ നയം. അതാണു നാമും ചെയ്യേണ്ടത്. പെട്രോളിന്റെയു ഡീസലിന്റെയും ഉപയോഗം പെട്ടെന്നൊന്നും നിര്‍ത്താന്‍ പറ്റില്ല. പക്ഷേ അതിന്റെ വില കൂട്ടുമ്പോള്‍ ഇത് തീര്‍ന്നു പോകുന്നവയാണെന്നും സൂക്ഷിച്ച് ഉപയോഗിക്കണം എന്നും ഉള്ള ബോധം ജനങ്ങള്‍ക്ക് ഉണ്ടാകും. അതില്‍ നിന്നുള്ള നികുതി വരുമാനം കൊണ്ട് പുതിയ ഇന്ധനങ്ങള്‍ വികസിപ്പിക്കുന്നതും നാളെയും നമ്മുടെ വാഹനങ്ങള്‍ക്ക് ഇന്ധനം ഉണ്ടാകും എന്ന് ഉറപ്പുവരുത്താനുള്ള മാര്‍ഗം ആണല്ലോ. അതുകൊണ്ട് അതിന്റെ ചെലവ് കൂടി ഇന്നത്തെ ഇന്ധന ഉപയോക്താക്കള്‍ വഹിക്കണം എന്ന് പറയുന്നതില്‍ തെറ്റില്ല. അതോ, അതും കൂടി പൊതുവായ നികുതിപ്പണത്തില്‍ നിന്ന് കണ്ടെത്തിക്കൊള്ളണം എന്നാണോ നാം വാദിക്കേണ്ടത്?
ഇപ്പോഴത്തെ വില വര്‍ധന ആഗോള കുത്തകകളുടെ ഊഹക്കച്ചവടത്തിന്റെ ഭാഗം ആണെന്നും ഇപ്പോള്‍ സര്‍ക്കാര്‍ കൊടുക്കുന്ന സബ്‌സിഡി റിലയന്‍സ് പോലുള്ള വമ്പന്മാരെ സഹായിക്കാന്‍ ആണെന്നും തിരിച്ചറിയുമ്പോള്‍ തന്നെ, പെട്രോളിന്റെ വില വര്‍ധനയെ അല്ല ആ തരത്തിലുള്ള നയങ്ങളെ ആണ് നാം എതിര്‍ക്കേണ്ടത്. ഉദാഹരണമായി, അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില പെട്ടെന്ന് വര്‍ധിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ എണ്ണയുത്പാദകരും വന്‍ ലാഭം കൊയ്യുന്നുണ്ട്. ഇത് അധ്വാനിക്കാതെ കിട്ടുന്ന ലാഭം ആണല്ലോ. ചില വിദേശ രാജ്യങ്ങളില്‍ ഇത്തരം ലാഭം കനത്ത തോതില്‍ നികുതിക്ക് വിധേയമാക്കും. ഇവിടെയും എന്തുകൊണ്ട് അത് ചെയ്യുന്നില്ല? അല്ലെങ്കില്‍ ആ ലാഭം പിടിച്ചെടുത്ത് പൊതു വിപണിയിലെ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാം. അതില്‍ തെറ്റില്ല. പക്ഷേ അതിന് പകരം സര്‍ക്കാരിന്റെ വികസന കാര്യങ്ങള്‍ക്ക് ഉതകേണ്ട പെട്രോള്‍ നികുതി കുറയ്ക്കണം എന്ന് വാദിക്കുന്നത് ശരിയല്ല.
എന്തായാലും, അക്ഷയ ഊര്‍ജ സ്രോതസ്സുകള്‍ക്കായുള്ള ഗവേഷണവും വികസന ശ്രമങ്ങളും അടിയന്തിരമായി വര്‍ധിപ്പിച്ചേ പറ്റൂ. അല്ലെങ്കില്‍ നാളത്തെ തലമുറ നമ്മളെ പഴിക്കും. 'ഇത്രയും കാലം നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു?' എന്ന് അവര്‍ ചോദിക്കും.
*
ആര്‍ വി ജി മേനോന്‍ ജനയുഗം 06 ഡിസംബര്‍ 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment