ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോഴൊക്കെ പൊലീസിനെതിരെ ഉയര്‍ന്നുവരാറുള്ള ഒരു വിമര്‍ശമുണ്ട്-പൊലീസിന് വീര്യം നഷ്ടപ്പെട്ടിരിക്കുന്നു. ഊര്‍ജവും ഓജസ്സും നഷ്ടപ്പെട്ട് മീശ താഴോട്ടാക്കി നിസ്സഹായനായി നില്‍ക്കുന്ന പൊലീസുകാരന്റെ ചിത്രം കാര്‍ട്ടൂണുകളായി പ്രത്യക്ഷപ്പെടുന്നതും പതിവാണ്. സാമ്രാജ്യത്വ കാലഘട്ടത്തില്‍ പൊലീസിനെപ്പറ്റി ഭരണകൂടം വളര്‍ത്തിക്കൊണ്ടുവന്ന സങ്കല്‍പ്പമാണ് പൊലീസ് അടിച്ചമര്‍ത്താനുള്ള ഉപകരണമാണ് എന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നിലവില്‍ വന്ന 1860ലെ പൊലീസ് നിയമം ഈയൊരു സങ്കല്‍പ്പം വളര്‍ത്തിയെടുക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. സാമ്രാജ്യത്വ ഭരണത്തിനെതിരെയുണ്ടാകുന്ന ഏത് ചെറുത്തുനില്‍പ്പും അടിച്ചമര്‍ത്താനും ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങളെ ചോദ്യംചെയ്യുന്നവരെ തല്ലിച്ചതയ്ക്കാനും ജയിലിലടയ്ക്കാനുമെല്ലാമുള്ള അധികാരങ്ങളും വീര്യവും ശൗര്യവുമുള്ള പൊലീസായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. ബ്രിട്ടീഷുകാര്‍ എഴുതിയുണ്ടാക്കിയ ക്രിമിനല്‍ നടപടി നിയമവും പൊലീസ് നിയമവും അനിയന്ത്രിതമായ അധികാരമുള്ള ഇത്തരം ഒരു പൊലീസ് സംവിധാനത്തിനാണ് രൂപംകൊടുത്തത്. പൊലീസിന്റെ തലപ്പത്താകട്ടെ ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, ഇന്ത്യന്‍ ജനതയെക്കുറിച്ച് ഒന്നുമറിയാത്ത സാമ്രാജ്യത്വ ദാസന്‍മാരായ കുറെ സായ്പന്‍മാരെ ഇംപീരിയല്‍ പൊലീസ് (ഐപി) എന്ന പേരും പറഞ്ഞ് അവരോധിച്ചു. എഎസ്പി മുതല്‍ ഐജി വരെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം അക്കാലത്ത് സായ്പന്‍മാര്‍തന്നെയായിരുന്നു, സാമ്രാജ്യത്വ ഭരണത്തോട് അവര്‍ അങ്ങേയറ്റം വിധേയത്വവും സ്വന്തം നാട്ടുകാരെ അടിച്ചമര്‍ത്തുന്നതില്‍ "പ്രാഗത്ഭ്യ"വും തെളിയിച്ച ചുരുക്കം ചില ഇന്ത്യക്കാര്‍ ഒഴിച്ചാല്‍ . കോണ്‍സ്റ്റബിള്‍മുതല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍വരെയുള്ള താഴെത്തട്ടിലുള്ള പൊലീസുകാര്‍ ഇന്ത്യക്കാര്‍തന്നെയായിരുന്നു. ഇടിവീരന്‍മാരായ പൊലീസുകാരായി അവര്‍ അറിയപ്പെട്ടു. മര്‍ദകവീരന്‍മാരായി മാറാന്‍ സായ്പന്‍മാരായ ഉന്നത പൊലീസുദ്യോഗസ്ഥന്‍മാര്‍ അവരെ പ്രോത്സാഹിപ്പിക്കുകയും നിര്‍ബന്ധിക്കുകയുംചെയ്തു. ജനങ്ങളുമായി നിരന്തരം ഇടപഴകേണ്ടി വരുന്ന സാധാരണ പൊലീസ് കോണ്‍സ്റ്റബിള്‍മാരില്‍ അല്‍പ്പംപോലും മനുഷ്യത്വം അവശേഷിക്കാതിരിക്കാന്‍ എല്ലാ പരിശ്രമവും സായ്പന്‍മാര്‍ നടത്തി. സ്വന്തം പേരുപോലും ഉപേക്ഷിച്ച് കേവലം നമ്പരുകളായി മാറാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെട്ടു (പഴയകാലത്ത് പൊലീസുകാര്‍ സ്റ്റേഷനില്‍ നമ്പരിലാണ് അറിയപ്പെടാറ്). ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുകയും സാമ്രാജ്യത്വ ഭരണത്തിന് പകരം ജനാധിപത്യഭരണം നിലവില്‍ വരികയും ചെയ്തതോടെ അടിച്ചമര്‍ത്തുന്ന പൊലീസിന് പകരം ജനസേവകരും നിയമപാലകരും ജനങ്ങളോട് പ്രതിബദ്ധതയുള്ള പൊലീസ് സംവിധാനവുമുണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ , ഒന്നും സംഭവിച്ചില്ല. പൊലീസ് സേന പഴയതുപോലെതന്നെ തുടര്‍ന്നു. പൊലീസിന് ആരെയും തല്ലാനും തെറിവിളിക്കാനും ജയിലിലടയ്ക്കാനുമുള്ള അധികാരമുണ്ടെന്നും അത് നിലനിര്‍ത്തിയാല്‍മാത്രമേ നിയമവാഴ്ച സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും വിശ്വസിപ്പിക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ കിണഞ്ഞുശ്രമിച്ചു.

പൊലീസിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കുന്ന ക്രിമിനല്‍ നടപടി നിയമവും പൊലീസ് നിയമവുമൊക്കെ കാര്യമായ മാറ്റമൊന്നുമില്ലാതെ സ്വതന്ത്ര ഇന്ത്യയിലും തുടര്‍ന്നു. പഴയ ഇംപീരിയല്‍ പൊലീസിന് (ഐപി) പകരം ഐപിഎസ് എന്ന പേരില്‍ ഒരു പുതിയ അഭിജാതവര്‍ഗം പൊലീസിന്റെ തലപ്പത്ത് വന്നു- നാടന്‍ സായ്പന്‍മാര്‍ . എല്ലാം പഴയതുപോലെ. ബ്രിട്ടീഷ് മുതലാളിത്തത്തിന് പകരം അധികാരത്തില്‍ വന്ന ഇന്ത്യന്‍ മുതലാളിവര്‍ഗത്തിന് തങ്ങളുടെ ആധിപത്യത്തെ ചോദ്യംചെയ്തേക്കാവുന്ന ഇന്ത്യയിലെ കൃഷിക്കാരെയും തൊഴിലാളികളെയും അടിച്ചമര്‍ത്താന്‍ പൊലീസ് സേന സായ്പിന്റെ കാലത്തെപ്പോലെ തുടരേണ്ടിയിരുന്നു. കോണ്‍സ്റ്റബിള്‍ മുതല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍വരെയുള്ളവര്‍ ജനങ്ങളെ അടിച്ചമര്‍ത്തേണ്ടവരാണെന്ന സങ്കല്‍പ്പം തുടര്‍ന്നു. ഇവരാകട്ടെ ഐപിഎസ് എന്ന മൂന്നക്ഷരങ്ങളുടെ ബലത്തില്‍ കറുത്ത സായ്പന്‍മാരായി പൊലീസിന്റെ തലപ്പത്തിരിക്കുന്നവരുടെ അടിച്ചമര്‍ത്തലിനും ഇരയായി. കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷ പാര്‍ടികള്‍ ഇതിലൊന്നും ഇടപെട്ടില്ല. ജനങ്ങളെ തല്ലുകയും തെറി പറയുകയുംചെയ്യുന്ന പൊലീസിന് പകരം നിയമവാഴ്ച ഉറപ്പുവരുത്തുന്ന നിയമലംഘകരല്ലാത്ത ജനങ്ങളോട് പ്രതിബദ്ധതയുള്ള പൊലീസ് എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാനാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ ശ്രമിച്ചത്. ഇതിനെ അപഹസിച്ചുകൊണ്ടാണ് വീര്യമില്ലാത്ത പൊലീസ് എന്ന ആശയം നിലവില്‍ വന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളം ഭരിക്കുമ്പോള്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മുന്‍കൈയെടുത്ത് കേരള പൊലീസ് നിയമം അടിമുടി മാറ്റിയിരുന്നു. ഡിജിപി ജേക്കബ് പുന്നൂസ് ആ നിയമത്തിന് രൂപംകൊടുക്കുന്നതില്‍ പ്രശംസനീയമായ പങ്ക് വഹിച്ചിരുന്നു. പൊലീസിനെപ്പറ്റിയുള്ള ജനാധിപത്യ സങ്കല്‍പ്പമാണ് ഈ നിയമത്തില്‍ അവതരിപ്പിച്ചത്. ഏതൊരു നിയമത്തിന്റെയും ഉദ്ദേശ്യം വ്യക്തമാക്കപ്പെടുന്നത് അതിന്റെ ആമുഖത്തിലാണ്. 2011ലെ പൊലീസ് നിയമത്തിന്റെ ആമുഖം ഇങ്ങനെയാണ്: "രാഷ്ട്രത്തിന്റെ അഖണ്ഡതയും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിനും ഓരോ പൗരന്റെയും ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും അന്തസ്സിനും മനുഷ്യാവകാശങ്ങള്‍ക്കും ഭരണഘടനാനുസൃത പരിഗണന നല്‍കിയ യഥാവിധിയുള്ള സുതാര്യതയോടുകൂടി നിയമവാഴ്ച ഉറപ്പാക്കുന്നതിനും തൊഴില്‍ വൈദഗ്ധ്യമുള്ളതും പരിശീലിപ്പിക്കപ്പെട്ടതും നൈപുണ്യവും അച്ചടക്കവും അര്‍പ്പണബോധവും ഉള്ളതുമായ ഒരു പൊലീസ് സംവിധാനം ഏര്‍പ്പെടുത്തേണ്ടത് യുക്തമായിരിക്കയാലും; ആധുനിക ജനാധിപത്യ സമൂഹത്തിന് അനുയോജ്യമായി പ്രവര്‍ത്തിക്കുന്നതും ജനസൗഹാര്‍ദവും ക്രമസമാധാനവും നിലനിര്‍ത്തുന്നതുമായ ഒരു പൊലീസ് സംവിധാനം വേണ്ടതിനാലും; പൊലീസില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുന്നില്ല എന്നും പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതവും കാര്യക്ഷമവുമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമായതിനാലും... ഇനി പറയുംപ്രകാരം നിയമമുണ്ടാക്കുന്നു."
ജനാധിപത്യ വ്യവസ്ഥയ്ക്ക് അനുയോജ്യമായ പരിഷ്കൃത പൊലീസിന് രൂപംകൊടുക്കാന്‍ ഈ നിയമം ശ്രദ്ധിച്ചിട്ടുണ്ട്. നിയമത്തിന്റെ നാലാം വകുപ്പ് പൊലീസിന്റെ ചുമതലകളെപ്പറ്റി പറയുന്നു. എല്ലാ ആളുകളുടെയും ജീവന്‍ , സ്വാതന്ത്ര്യം, സ്വത്ത്, മനുഷ്യാവകാശങ്ങള്‍ , അന്തസ്സ് എന്നിവ നിയമാനുസൃതം സംരക്ഷിക്കുക. കസ്റ്റഡിയിലുള്ള എല്ലാവര്‍ക്കും നിയമാനുസൃതമുള്ള സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക. പൊതുസ്ഥലങ്ങളിലോ തെരുവിലോ, നിസ്സഹായരോ നിരാലംബരോ ആയി കാണപ്പെടുന്ന ആളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും കഴിവുകളില്‍ വ്യത്യസ്തതയുള്ള ആളുകളുടെയും ചുമതല ഏറ്റെടുത്ത് അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പൊലീസിന്റെ ചുമതലയില്‍ പുതിയ നിയമം ഉള്‍പ്പെടുത്തിയിരിക്കുന്നു. പൊലീസ് സ്റ്റേഷനുകളില്‍ പൊതുജനങ്ങളെ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം, ലോക്കപ്പില്‍ സാധാരണ രീതിയില്‍ വസ്ത്രം ധരിക്കാനുള്ള അവകാശം തുടങ്ങി ഒട്ടേറെ പരിഷ്കാരങ്ങള്‍ ഈ നിയമത്തില്‍ കാണാം. ക്രമസമാധാനത്തില്‍നിന്ന് അന്വേഷണത്തെ വേര്‍തിരിക്കല്‍ , സംസ്ഥാന സുരക്ഷാ കമീഷന്‍ , പൊലീസ് ഉദ്യോഗസ്ഥരെപ്പറ്റിയുള്ള പൊതുജനങ്ങളുടെ പരാതി പരിശോധിക്കാന്‍ പൊലീസ് കംപ്ലയിന്റ് അതോറിറ്റി, കമ്യൂണിറ്റി പൊലീസിങ് തുടങ്ങി ഒരു പരിഷ്കൃത പൊലീസ് സേനയ്ക്ക് രൂപംകൊടുക്കുന്ന ഒട്ടേറെ വകുപ്പുകള്‍ ഈ നിയമത്തിലുണ്ട്. നിയമം നടപ്പാക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍ വേണം എന്നതിന്റെ തെളിവാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം പൊലീസ് കാണിക്കുന്ന പല വിക്രിയകള്‍ .
സമാധാനപരമായി സമരംചെയ്യുന്നവര്‍ക്കെതിരെ സിനിമാ സ്റ്റൈലില്‍ വെടിവച്ച പൊലീസ് ഓഫീസര്‍ നിയമവാഴ്ചയെ പരസ്യമായി പരിഹസിച്ച് സര്‍വീസില്‍ തുടരുന്നു. പൊതുസ്ഥലത്തുവച്ചു സിഗരറ്റ് വലിച്ചു, തന്നെ വേണ്ടത്ര ബഹുമാനിച്ചില്ല എന്നീ കാര്യങ്ങളുടെ പേരില്‍ വക്കീലിനെ ക്രൂരമായി മര്‍ദിച്ച സബ് ഇന്‍സ്പെക്ടര്‍ , സിവില്‍ കേസില്‍ ഉള്‍പ്പെട്ട അഭിഭാഷക ദമ്പതിമാരെ തല്ലുകയും അപമാനിക്കുകയും ചെയ്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ , ഇന്ത്യാവിഷന്റെ വനിതാ റിപ്പോര്‍ട്ടറെയും ദേശാഭിമാനി ലേഖകനെയും ക്രൂരമായി തല്ലിച്ചതച്ച പൊലീസുകാര്‍ -പൊലീസ് അതിവേഗം പഴയ കാട്ടാളത്തത്തിലേക്ക് തിരിച്ചു പോവുകയാണെന്ന സംശയം ബലപ്പെടുകയാണ്. പരിഷ്കരിച്ച നിയമം നോക്കുകുത്തിയാവുകയാണ്. ഇവിടെയാണ് ജനങ്ങളുടെ പങ്ക്. തങ്ങളുടെ പ്രതിനിധികള്‍ പാസാക്കിയ നിയമങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാവുന്നു എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ജനങ്ങള്‍ക്കുണ്ട്. ജനങ്ങള്‍ കേവലം പുഴുക്കളാണെന്നും അധികാരികളുടെ തല്ലുകൊള്ളാനും അപമാനിക്കപ്പെടാനും വിധിക്കപ്പെട്ടവരാണെന്നുമുള്ള പഴയ സാമ്രാജ്യത്വ നീതിശാസ്ത്രം ഇപ്പോഴും നിരന്തരം പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതല്ല, ജനാധിപത്യ വ്യവസ്ഥയില്‍ അധികാരത്തിന്റെ കനകസിംഹാസനത്തില്‍ കയറിയിരിക്കേണ്ടവരാണ് തങ്ങളെന്ന് ജനങ്ങള്‍ക്ക് സ്വയം ബോധ്യപ്പെടുകയും അധികാരികളെ ബോധ്യപ്പെടുത്തുകയും ചെയ്യാനുള്ള സമയം വൈകിയിരിക്കുന്നു.
*
അഡ്വ. ഇ കെ നാരായണന്‍ ദേശാഭിമാനി 13 ഡിസംബര്‍ 2011
1 comment:
ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോഴൊക്കെ പൊലീസിനെതിരെ ഉയര്‍ന്നുവരാറുള്ള ഒരു വിമര്‍ശമുണ്ട്-പൊലീസിന് വീര്യം നഷ്ടപ്പെട്ടിരിക്കുന്നു. ഊര്‍ജവും ഓജസ്സും നഷ്ടപ്പെട്ട് മീശ താഴോട്ടാക്കി നിസ്സഹായനായി നില്‍ക്കുന്ന പൊലീസുകാരന്റെ ചിത്രം കാര്‍ട്ടൂണുകളായി പ്രത്യക്ഷപ്പെടുന്നതും പതിവാണ്.
Post a Comment