ഏതൊരു രാഷ്ട്രവും ലോകത്തിന്റെ മുന്നില്‍ തിളങ്ങിയും വിളങ്ങിയും നില്‍ക്കുന്നതില്‍ മുഖ്യഘടകം ആ രാഷ്ട്രങ്ങളിലെ ഭരണാധാരികള്‍ കൂടിയാണ്. ലെനിന്‍, സ്റ്റാലിന്‍ (കുറവുകള്‍, കുറ്റങ്ങള്‍ എന്തുതന്നെയുണ്ടെങ്കിലും) ബ്രഷ്‌നേവ്, ക്രുഷ്‌ചേവ് എന്നിവര്‍ സോവിയറ്റ് യൂണിയന്റെ മാനം ലോകത്താകെ അറിയിച്ചു. എബ്രഹാം ലിങ്കണ്‍ അമേരിക്കയുടെയും ഹോച്ചിമിന്‍ വിയറ്റ്‌നാമിന്റെയും മാവോ ചൈനയുടെയും യശസ്സുയര്‍ത്തി. ഇത്തരത്തില്‍ സ്വന്തം രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായി മാറിയ നിരവധി ഭരണാധികാരികളെ ചരിത്രത്തില്‍നിന്ന് ആധുനിക കാലത്തുതന്നെ കണ്ടെത്താനാവും. നിഷ്‌ക്രിയരും നിര്‍ഗുണരുമായ ഭരണാധികാരികളെയും അതിനൊപ്പം ചരിത്രത്തില്‍നിന്ന് വായിച്ചെടുക്കുവാനാവും. കഴിവില്ലായ്മകൊണ്ടോ ബന്ധനസ്ഥരായതുകൊണ്ടോ അധികാരം പരമപ്രധാനം എന്നു കരുതി കഴിഞ്ഞുകൂടിയവരായതുകൊണ്ടോ ഭരണാധികാരികളില്‍ ഏറ്റവും അപഹാസ്യരായി അവരൊക്കെയും മാറിത്തീര്‍ന്നുവെന്ന് ചരിത്രപാഠം.
ഇന്ന് ഇന്ത്യ അനുഭവിക്കുന്നത് അത്തരമൊരു ദുര്യോഗമാണ്. 'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ' എന്നമട്ടില്‍ കഴിഞ്ഞുകൂടുന്ന ഒരു പ്രധാനമന്ത്രിയെ ഇക്കഴിഞ്ഞ ഏഴുവര്‍ഷത്തിലേറെയായി ഇന്ത്യ സഹിക്കുന്നു. മന്‍മോഹന്‍സിംഗ് പ്രതിഭാധനനായ സാമ്പത്തിക വിദഗ്ധനാവാം. പക്ഷേ നല്ല ഭരണാധികാരിയല്ലെന്ന് വളരെ നേരത്തേതന്നെ അദ്ദേഹം സ്വന്തം ചെയ്തികളിലൂടെ വ്യക്തമാക്കിതന്നിരുന്നു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ കുശാഗ്രബുദ്ധിക്കാരനായ രാഷ്ട്രീയ പ്രവര്‍ത്തകനും ജനങ്ങളെ ഇളക്കിമറിക്കുന്ന പ്രഭാഷകനും ആരെയും അത്ഭുതപ്പെടുത്തുന്ന നയകോവിദനും രാഷ്ട്രീയ തന്ത്ര-കുതന്ത്രങ്ങളില്‍ അഗ്രഗാമിയുമായിരുന്നു. അത്തരം ഭരണാധികാരികള്‍ ലോകചരിത്രത്തില്‍തന്നെ അത്യപൂര്‍വമാണ്. പക്ഷേ ഇന്ത്യയ്ക്ക് വ്യത്യസ്തമായ ഒരു ഭരണനേതൃത്വമുണ്ടായിരുന്നു.
ഇന്ത്യയെ അറിഞ്ഞ, അഥവാ കണ്ടെത്താന്‍ശ്രമിച്ച ജവഹര്‍ലാല്‍ നെഹ്‌റു, സ്വാതന്ത്ര്യസമര പൈതൃകം ഉയര്‍ത്തിപ്പിടിച്ച ഇടക്കാല പ്രധാനമന്ത്രി ഗുല്‍സാരിലാല്‍ നന്ദ, നൈര്‍മല്യത്തിന്റെയും നിസ്വാര്‍ഥതയുടെ യും അടയാളമായ ലാല്‍ ബഹാദൂര്‍ശാസ്ത്രി, നിശ്ചയദാര്‍ഢ്യത്തിന്റെയും താന്‍പോരിമയുടെയും ഉടമസ്ഥയായിരുന്ന ഇന്ദിരാഗാന്ധി, അനുഭവങ്ങളുടെയും ചരിത്രത്തിന്റെയും മുതല്‍കൂട്ടുണ്ടായിരുന്ന മൊറാര്‍ജി ദേശായി, ഇന്ത്യന്‍ കര്‍ഷകരുടെ വികാരമറിഞ്ഞിരുന്ന ചരണ്‍സിംഗ്, അവിചാരിതമായി പ്രധാനമന്ത്രികസേരയിലെത്തിയെങ്കിലും പുതുലോകത്തെ കിനാവുകണ്ട രാജീവ്ഗാന്ധി, നിസ്വാര്‍ഥതയുടെയും അര്‍പ്പണബോധത്തിന്റെയും മതേതരഭാവങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത പോരാളിയായ വിശ്വനാഥ് പ്രതാപ്‌സിംഗ്, സോഷ്യലിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച ചന്ദ്രശേഖര്‍, ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള, ബഹുഭാഷാപണ്ഡിതനും രാഷ്ട്രീയ സമസ്യകളില്‍ അറിവുള്ളതുമായ നരസിംഹറാവു (അഴിമതിക്കേസുകളില്‍ റെക്കാര്‍ഡ് സൃഷ്ടിച്ച പ്രധാനമന്ത്രിയെങ്കിലും), ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള (വഴിതെറ്റിയ രാഷ്ട്രീയമെങ്കിലും) അടല്‍ ബിഹാരി വാജ്‌പേയിയും വീണുകിട്ടിയ സൗഭാഗ്യംപോലെ പ്രധാനമന്ത്രിപദം തരപ്പെട്ട ദേവഗൗഡയും നയതന്ത്രകാര്യങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ച ഇന്ദ്രകുമാര്‍ ഗുജ്‌റാളുമൊക്കെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു. ഇവര്‍ക്കുപിന്നാലെ പ്രധാനമന്ത്രിക്കസേരയില്‍ കോണ്‍ഗ്രസിന്റെ ദുര്‍ഘടസന്ധിയില്‍ എത്തിച്ചേര്‍ന്ന രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത ഒരു പൊതുതിരഞ്ഞെടുപ്പിനെയും അഭിമുഖീകരിച്ചിട്ടില്ലാത്ത, ഡോക്ടറേറ്റ് പദവിയുള്ള മന്‍മോഹന്‍സിംഗ് ഇന്ത്യയുടെ അഭിമാനത്തെ കെടുത്തുകയും തന്റെ നിഷ്‌ക്രിയത്വവും നിസ്സംഗതയുംകൊണ്ട് പ്രധാനമന്ത്രി പദവിയുടെ വിലകളയുകയുമാണ്.
ജനങ്ങളുടെ വികാരം, വിചാരം മനസ്സിലാക്കുവാന്‍ കഴിവുണ്ടായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെപോലെ ഒരു പ്രധാനമന്ത്രി പിന്നീടൊരിക്കലും നമുക്കുണ്ടായിട്ടില്ലെന്നത് നേരുതന്നെ. പക്ഷേ പിന്നീടുവന്ന പ്രധാനമന്ത്രിമാര്‍ ജനകീയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കണ്ടറിഞ്ഞ് അവര്‍ക്കനുകൂലമായോ, അല്ലെങ്കില്‍ അവരെ അടിച്ചമര്‍ത്തുന്നതിനോ നിലപാട് സ്വീകരിച്ചിരുന്നു. പക്ഷേ ഡോ. മന്‍മോഹന്‍സിംഗ് എന്ന പ്രധാനമന്ത്രി താന്‍ ഈ ലോകത്തെ അല്ലെന്നമട്ടില്‍ സ്വന്തം കസേര ഭദ്രമാക്കി കഴിഞ്ഞുകൂടുന്ന ദയനീയവും അപമാനകരവുമായ അവസ്ഥയില്‍ വിരാജിക്കുന്നു. ഇന്ത്യയ്ക്ക് ഇങ്ങനെയും ഒരു പ്രധാനമന്ത്രിയോ എന്ന് ദേശാഭിമാനികളും ചരിത്രബോധമുള്ളവരുമായ ഭാരതീയര്‍ മൂക്കത്ത് വിരല്‍വച്ച് വേദനയോടെ ചോദിച്ചുപോകുന്നത് മറ്റൊന്നുംകൊണ്ടല്ല.
സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയെ അതിവേഗം മുന്നോട്ടുനയിക്കും എന്നായിരുന്ന മന്‍മോഹന്‍സിംഗിന്റെ വാദം. അതിസമ്പന്നരുടെയും കുബേരന്‍മാരുടെയും ധനാഢ്യരുടെയും വളര്‍ച്ചയാണ് അദ്ദേഹം ലക്ഷ്യമിട്ടതെന്ന് അനുഭവങ്ങള്‍ തെളിയിച്ചു. മഹാഭൂരിപക്ഷം ഭാരതീയരെ പട്ടിണിയിലേയ്ക്കും ദാരിദ്ര്യത്തിലേയ്ക്കും ആത്മഹത്യകളിലേയ്ക്കും അദ്ദേഹത്തിന്റെ സാമ്രാജ്യത്വ സാമ്പത്തികനയം തള്ളിവിട്ടു. ഇപ്പോഴിതാ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുക്കൂകുത്തിവീഴുകകൂടി ചെയ്തപ്പോള്‍ മന്‍മോഹന്‍സിംഗ് എന്ന പ്രധാനമന്ത്രി അക്കാര്യത്തില്‍പോലും വിജയംവരിക്കാനാവാതെ മൂക്കുകുത്തിവീണ കാഴ്ച ഭാരതീയര്‍ കാണുന്നു.
കേരളത്തിന്റെ അനുഭവം
അഴിമതിയുടെ വിശാലസാഗരത്തില്‍ മുങ്ങിത്താണ്, അപമാനിതമായിരിക്കുന്ന മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നിഷ്‌ക്രിയത്വത്തിലും നിസ്സംഗതയിലും എത്രകണ്ട് മുങ്ങിത്താണിരിക്കുന്നുവെന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിലെ പ്രധാനമന്ത്രിയുടെ സമീപനം വ്യക്തമാക്കുന്നു.
നാല്‍പ്പത്-നാല്‍പ്പത്തഞ്ച് ലക്ഷം പൗരന്‍മാരുടെ ജീവന്‍ അപകടത്തിലാണെന്നും ഇന്ത്യന്‍ ഭൂപടത്തിലെ അഞ്ച് ജില്ലകള്‍ അപായാവസ്ഥയിലാണെന്നും വിദഗ്ദ പഠനങ്ങള്‍ പുറത്തുവന്നിട്ടും കേരളവും തമിഴ്‌നാടുമായുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം സാധ്യമാക്കണമെന്ന വാദം ശക്തമായിട്ടും മന്‍മോഹന്‍സിംഗ് എന്ന പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും ഇരുള്‍ നിറഞ്ഞ കണ്ണുകളും ബധിരത ബാധിച്ച കാതുകളുമായി കഴിഞ്ഞുകൂടുകയായിരുന്നൂ. എം എല്‍ എമാരുടേയും എം പിമാരുടേയും സര്‍വോപരി മുള്‍മുനയില്‍ ജീവിതം എത്തിപ്പെട്ട ജനാവലിയും നടത്തിയ പ്രക്ഷോഭത്തെയും മുറവിളികളെയും കണ്ടില്ലെന്നും കേട്ടില്ലെന്നും പ്രധാനമന്ത്രി നടിച്ചു. നിസംഗതയും നിഷ്‌ക്രിയത്വവുമാണ് തന്റെ കസേര നിലനിര്‍ത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ് നേതൃത്വവും വിശ്വസിക്കുന്നുവെന്നാണ് സാരം.
പരമോന്നത നീതിപീഠമായ സുപ്രിംകോടതി തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇടപെടാതിരിക്കുന്നതിന്റെ സാംഗത്യം എന്തെന്ന് ആരായുകയുണ്ടായി. കേരളത്തിലെ ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്ന് നിരീക്ഷിച്ച സുപ്രിംകോടതി ആ ആശങ്കയില്‍ തെല്ലും താല്‍പര്യമില്ലാത്ത പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും നേരെ വിരര്‍ചൂണ്ടുകയാണ് ഫലത്തില്‍ ചെയ്തത്.
അപ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതില്‍ വൈമുഖ്യമില്ലാതിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കേരളത്തില്‍നിന്നെത്തിയ സര്‍വകക്ഷി സംഘത്തോട് നിസംഗതയോടെ പ്രതികരിച്ചത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കിത്തരാനാണ്. തമിഴ്‌നാട്ടിലെ മലയാളികളും അവരുടെ സ്ഥാപനങ്ങളും വസ്തുവകകളും ആക്രമണത്തിന് നിരന്തരം വിധേയമാക്കപ്പെടുമ്പോഴാണ് തനിക്ക് ചര്‍ച്ചചെയ്യാന്‍ അവസരമൊരുക്കിതരാന്‍ പ്രധാനമന്ത്രി കേരള സര്‍വകക്ഷി സംഘത്തോട് അഭ്യര്‍ഥിക്കുന്നത്.
ആഭ്യന്തരമന്ത്രി പി ചിദംബരം നടത്തിയ പ്രസ്താവന മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാട് വ്യക്തമാക്കുന്നതായിരുന്നൂ. സുപ്രിംകോടതി വിധി എങ്ങനെയായിരിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കുവാന്‍ കൂടി കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം സന്നദ്ധനായി. ന്യായാധിപര്‍ എന്താണ് പറയേണ്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറയാതെ പറയുകയായിരുന്നൂ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവുകയില്ല. തമിഴ്‌നാടിന് അനുകൂലമായേ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രിംകോടതിക്ക് വിധി പറയാനാവുകയുള്ളൂവെന്ന് പ്രസ്താവിച്ച ആഭ്യന്തരമന്ത്രി ചിദംബരം, തന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ന്യായാധിപര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ഭംഗ്യന്തരേണ ശ്രമിക്കുകയായിരുന്നു. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി സ്വന്തം സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളെ മുന്‍പിന്‍ നോക്കാതെ ഉയര്‍ത്തിപിടിക്കുകയും നീതിന്യായ സംവിധാനങ്ങളെ സ്വാധീനിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ വ്യവസ്ഥിതിയെ ദുര്‍ബലപ്പെടുത്തുമെന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം? അവിടെയും നമ്മുടെ പ്രധാനമന്ത്രി കോലംകെട്ടി ആടുകയാണ് എന്നതാണ് അദ്ഭുതകരം!
താന്‍ നയിക്കുന്ന രാജ്യത്തിന്റെ അവിഭാജ്യഭാഗത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുനേരെ കണ്ണടച്ചുപിടിക്കുകയും ചര്‍ച്ച വേണമെങ്കില്‍ എനിക്കായി അതിനുള്ള സാഹചര്യം സൃഷ്ടിച്ചുതരാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രി താന്‍ എത്രമേല്‍ ദുര്‍ബലനാണെന്ന് വിളിച്ചുപറയുകയാണ്. ഇന്ത്യയ്ക്ക് ഇങ്ങനെയും ഒരു പ്രധാനമന്ത്രിയോ? നാണിച്ചു തലതാഴ്ത്തുകയല്ലാതെ മറ്റൊരു വഴിയില്ല ഭാരതീയര്‍ക്ക്. സ്വതന്ത്ര ഇന്ത്യയിലെ പ്രധാനമന്ത്രിമാരില്‍ നിഷ്‌ക്രിയത്വത്തിന്റെയും നിസഹായതയുടേയും കറുത്ത അടയാളമായി മന്‍മോഹന്‍ മാറിത്തീര്‍ന്നിരിക്കുന്നു.
*
വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം
Subscribe to:
Post Comments (Atom)
1 comment:
ഏതൊരു രാഷ്ട്രവും ലോകത്തിന്റെ മുന്നില്‍ തിളങ്ങിയും വിളങ്ങിയും നില്‍ക്കുന്നതില്‍ മുഖ്യഘടകം ആ രാഷ്ട്രങ്ങളിലെ ഭരണാധാരികള്‍ കൂടിയാണ്. ലെനിന്‍, സ്റ്റാലിന്‍ (കുറവുകള്‍, കുറ്റങ്ങള്‍ എന്തുതന്നെയുണ്ടെങ്കിലും) ബ്രഷ്‌നേവ്, ക്രുഷ്‌ചേവ് എന്നിവര്‍ സോവിയറ്റ് യൂണിയന്റെ മാനം ലോകത്താകെ അറിയിച്ചു. എബ്രഹാം ലിങ്കണ്‍ അമേരിക്കയുടെയും ഹോച്ചിമിന്‍ വിയറ്റ്‌നാമിന്റെയും മാവോ ചൈനയുടെയും യശസ്സുയര്‍ത്തി. ഇത്തരത്തില്‍ സ്വന്തം രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായി മാറിയ നിരവധി ഭരണാധികാരികളെ ചരിത്രത്തില്‍നിന്ന് ആധുനിക കാലത്തുതന്നെ കണ്ടെത്താനാവും. നിഷ്‌ക്രിയരും നിര്‍ഗുണരുമായ ഭരണാധികാരികളെയും അതിനൊപ്പം ചരിത്രത്തില്‍നിന്ന് വായിച്ചെടുക്കുവാനാവും. കഴിവില്ലായ്മകൊണ്ടോ ബന്ധനസ്ഥരായതുകൊണ്ടോ അധികാരം പരമപ്രധാനം എന്നു കരുതി കഴിഞ്ഞുകൂടിയവരായതുകൊണ്ടോ ഭരണാധികാരികളില്‍ ഏറ്റവും അപഹാസ്യരായി അവരൊക്കെയും മാറിത്തീര്‍ന്നുവെന്ന് ചരിത്രപാഠം.
Post a Comment