Wednesday, December 14, 2011

മുതലാളിത്തം പ്രവര്‍ത്തിക്കുന്നതെങ്ങനെ

2007ലെ സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ മാന്ദ്യവും ഒരു കാര്യം വ്യക്തമാക്കി; മുതലാളിമാര്‍ക്കും മുതലാളിത്തത്തിനും ഭരണകൂടത്തിന്റെ സഹായമില്ലാതെ നിലനില്‍ക്കാനാവില്ല. ഉദാരവല്‍കൃത സാമ്പത്തിക ക്രമത്തെ ഊഹക്കച്ചവടത്തിനും വമ്പന്‍ ബോണസുകളും ഭീമമായ ലാഭവും തട്ടിയെടുക്കുന്നതിനും ഉപയോഗിച്ച ബാങ്കര്‍മാരും ധന ഇടപാടുകാരുമാണ് ആ പ്രതിസന്ധിക്ക് ഇടയാക്കിയത്. എന്നിട്ടും പ്രതിസന്ധിയെ തുടര്‍ന്ന് "വ്യവസ്ഥയെ സംരക്ഷിക്കുന്ന" കാര്യം വന്നപ്പോള്‍ ഇതേ മുതലാളിമാര്‍ക്കാണ് പണം ചൊരിഞ്ഞുകൊടുത്തത്. മാന്ദ്യം 1930കളിലെ പോലെ മഹാമാന്ദ്യമാവുന്നത് തടയാന്‍ ഈ ധന ഇടപാടുകാര്‍ക്ക് എത്രമാത്രം പണം നല്‍കി എന്നത് പ്രതിസന്ധി ആരംഭിച്ച് നാല് വര്‍ഷത്തിന് ശേഷം പോലും അവ്യക്തമായി തുടരുകയാണ്. എന്നാല്‍ അതിന്റെ സൂചനകള്‍ അല്‍പ്പാല്‍പ്പമായി ചോര്‍ന്നുവരുന്നുണ്ട്. "കുഴപ്പത്തിലായ ആസ്തികള്‍ രക്ഷിച്ചെടുക്കുന്നതിനുള്ള പരിപാടി"(ട്രബിള്‍ഡ് അസെറ്റ്സ് റിലീഫ് പ്രോഗ്രാം-ടാര്‍പ്) അനുസരിച്ച് 70000 കോടി ഡോളര്‍ ചെലവഴിക്കാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തേണ്ടതുണ്ടോ എന്ന് 2008ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമ്പോള്‍ പോലും അവരുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഏതാണ്ട് പലിശയില്ലാതെ തന്നെ ബാങ്കുകള്‍ക്ക് 7.7 ട്രില്യന്‍ ഡോളര്‍(ട്രില്യന്‍ -ഒരു ലക്ഷം കോടി) ഒരുപാധിയും വ്യവസ്ഥ ചെയ്യാതെ നല്‍കുകയായിരുന്നു എന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ .

പ്രതിസന്ധി നേരിടാനായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നതായി അമേരിക്കന്‍ സര്‍ക്കാര്‍ കോണ്‍ഗ്രസില്‍ പറഞ്ഞ തുകയുടെ 11 മടങ്ങ് അധികമായിരുന്നു ആ തുക. ചുരുക്കത്തില്‍ , പൊളിഞ്ഞ ബാങ്കുകള്‍ക്ക് ഫെഡറല്‍ റിസര്‍വ് നല്‍കിയ രഹസ്യ വായ്പകളായിരുന്നു ഇവ. 2007നും 2009നുമിടയിലാണ് ഈ വായ്പകള്‍ നല്‍കിയത്. 2009ലെ അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 50 ശതമാനത്തിലധികം വരും ഈ തുക. 7.7 ലക്ഷം കോടി ഡോളറിന്റെ വിവരം പുറത്തുവന്നത് ധനകാര്യ മാധ്യമ സ്ഥാപനമായ ബ്ലൂംബര്‍ഗ് നടത്തിയ അന്വേഷണത്തിലാണ്. ഈ വായ്പകള്‍ ഔദ്യോഗിക രഹസ്യമായതിനാല്‍ ഫെഡറല്‍ റിസര്‍വും അതിന്റെ ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്കെയും അമേരിക്കയുടെ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച ബ്ലൂംബര്‍ഗിന് അത് നല്‍കാന്‍ ആദ്യം വിസമ്മതിച്ചു. തുടര്‍ന്ന് കേസ് കോടതിയില്‍ എത്തിയപ്പോഴാണ് 29000 പേജ് വരുന്ന ഫെഡറല്‍ റിസര്‍വ് രേഖകളും 21000ല്‍പരം ഇടപാടുകളുടെ വിവരങ്ങളും പുറത്തുവിടാന്‍ ഉത്തരവുണ്ടായത്. ആ രേഖകളുടെ അടിസ്ഥാനത്തിലാണ് ബ്ലൂംബര്‍ഗ് ഈ കണക്കുകള്‍ മനസ്സിലാക്കിയത്.

ഫെഡറല്‍ റിസര്‍വിന്റെ സഹായംകൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഏറ്റവും വലിയവയും ശക്തവുമായ ബാങ്കുകളാണ്. മൊത്തം ബാങ്കുകളും ധനസ്ഥാപനങ്ങളും ഫെഡറല്‍ റിസര്‍വിന് കടപ്പെട്ടിരിക്കുന്ന ശരാശരി പ്രതിദിന കടത്തിന്റെ 63 ശതമാനവും വെറും ആറ് ബാങ്കുകളുടേതാണ്- ജെ പി മോര്‍ഗന്‍ , ബാങ്ക് ഓഫ് അമേരിക്ക, സിറ്റിഗ്രൂപ്പ്, വെല്‍സ് ഫാര്‍ഗോ, ഗോള്‍ഡ്മാന്‍ സാക്സ്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നീ ബാങ്കുകളുടെ. നിങ്ങള്‍ക്കാരെങ്കിലും വെറുതെ വലിയ തുക നല്‍കുന്നതായി സങ്കല്‍പ്പിച്ചുനോക്കൂ. നിങ്ങള്‍ക്കത് സര്‍ക്കാരിന്റെ ബോണ്ടുകള്‍ പോലെ ഏറ്റവും സുരക്ഷിതമായ ആസ്തികളില്‍ നിക്ഷേപിച്ച് ചെറിയ ആദായമുണ്ടാക്കാം. എന്നാല്‍ ചെറിയ ആദായം പോലും നിങ്ങള്‍ അടയ്ക്കുന്ന പൂജ്യത്തോളം നിസ്സാരമായ പലിശയെക്കാള്‍ വളരെ വലുതായിരിക്കും എന്നതിനാല്‍ നിങ്ങള്‍ക്ക് വലിയ ലാഭമായിരിക്കും. അത് തന്നെയാണ് വലിയ ബാങ്കര്‍മാര്‍ ചെയ്തത്. പാപ്പരായി തകര്‍ന്നിരുന്ന ബാങ്കുകള്‍ പെട്ടെന്ന് പുനരുജ്ജീവിപ്പിക്കപ്പെട്ട് ലാഭം രേഖപ്പെടുത്താന്‍ തുടങ്ങിയതില്‍ അത്ഭുതമില്ല. അപ്പോള്‍ അവര്‍ക്ക് ഒരിക്കല്‍കൂടി ഭീമമായ ലാഭവിഹിതങ്ങള്‍ തട്ടിയെടുക്കാമല്ലോ. ഫെഡറല്‍ റിസര്‍വിന്റെ ഈ ഔദാര്യത്തില്‍നിന്ന് നേട്ടമുണ്ടാക്കിയ ബാങ്കുകള്‍ 1300 കോടി ഡോളറിന്റെ കൊള്ളലാഭമുണ്ടാക്കിയതായാണ് ഇതുവരെ രഹസ്യ രേഖകളായിരുന്നവയുടെ വിശകലനം സൂചിപ്പിക്കുന്നത്. ഇതുപോലും ബാങ്കുകളെ സര്‍ക്കാര്‍ ജാമ്യത്തിലിറക്കിയതിന്റെ വ്യാപ്തിയുടെ ഒരു ഭാഗം മാത്രമേ ആവുന്നുള്ളൂ.

ഉദാഹരണത്തിന് ഏതാനും മാസം മുമ്പ് യുഎസ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട നിഷ്പക്ഷ ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് ഞെട്ടിക്കുന്ന ഏതാനും തെളിവുകള്‍ പുറത്തുവിട്ടിരുന്നു. 2007-08ലെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഫെഡറല്‍ റിസര്‍വ് വകകൊള്ളിച്ച തുക അതിഭീമമായ 16 ലക്ഷം കോടി ഡോളറായിരുന്നു എന്നാണവ കാണിക്കുന്നത്. അതായത്, 2010ലെ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനമായ 14.5 ലക്ഷം കോടി ഡോളറിനെക്കാള്‍ വളരെയധികം. "ഫ്രാങ്ക്-ഡോഡ് വാള്‍സ്ട്രീറ്റ് പരിഷ്കരണ നിയമത്തിന്" വരുത്തിയ ഭേദഗതിമൂലം ഈ കണക്കുകള്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവകാശപ്പെട്ടവയാണ്. യുഎസ് കോണ്‍ഗ്രസിന്റെ അന്വേഷണ വിഭാഗങ്ങളില്‍ ഒന്നായ ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് ഫെഡറല്‍ റിസര്‍വിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ തോതില്‍ പരിശോധിക്കണം എന്നാണ് ഭേദഗതി നിഷ്കര്‍ഷിക്കുന്നത്. ആ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ഈ വര്‍ഷം ജൂലൈ 21ന് പുറത്തുവന്നു.

2007 ഡിസംബറിനും 2010 ജൂണിനും ഇടയിലുള്ള ഹ്രസ്വകാലത്തിനിടയ്ക്ക് നേരത്തെ കണക്കാക്കിയതിലും വളരെ വലിയ തുക ധനസംവിധാനത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങള്‍ക്ക് നല്‍കിയെന്നാണ് അതില്‍നിന്ന് തെളിയുന്നത്. ആ പണവും പൂജ്യത്തോടടുത്ത പലിശനിരക്കിലാണ് നല്‍കിയിരിക്കുന്നത്. അതില്‍ ചിലത് ഇനിയും തിരിച്ചുകിട്ടിയിട്ടില്ല. ഒരു വായ്പ എന്നതിനെക്കാള്‍ സഹായം എന്ന തോന്നലാണിതുണ്ടാക്കുന്നത്. ഈ വായ്പയിലധികവും നല്‍കിയിരിക്കുന്നത് ചെലവാകാത്തതിനാല്‍ ഒരു വിലയുമില്ലാത്ത ആസ്തികളുടെ ഈടിലാണ്. ഈ ഉത്തരവാദിത്തം എന്തുകൊണ്ട് ഫെഡറല്‍ റിസര്‍വ് ഏറ്റെടുക്കേണ്ടിവന്നു എന്നത് ഇതില്‍നിന്ന് ഏറെക്കുറെ വ്യക്തമാവുന്നുണ്ട്. അടിയന്തര വായ്പകള്‍ നല്‍കാന്‍ ഫെഡറല്‍ റിസര്‍വിനുള്ള അധികാരം വഴി നടപ്പാക്കുന്നതിനാല്‍ കോണ്‍ഗ്രസ് പരിശോധനയെ മറികടക്കാന്‍ ഈ സംവിധാനത്തിന് കഴിയുന്നു. വളരെ ചെറിയ പരിപാടിയായ ടാര്‍പിനോട് പോലും-കുഴപ്പത്തിലായ ആസ്തികള്‍ രക്ഷിച്ചെടുക്കുന്നതിനുള്ള പരിപാടി- കോണ്‍ഗ്രസിലെ ചില വിഭാഗങ്ങള്‍ക്ക് എതിര്‍പ്പുള്ളതിനാല്‍ ഇത് പ്രധാനമാണ്. അപ്പോള്‍ , രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയ വാള്‍സ്ട്രീറ്റ്-ട്രഷറി(അമേരിക്കന്‍ ധനവകുപ്പ്) കൂട്ടുകെട്ട് മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പകരം ബോധപൂര്‍വമായാണ് തീയണയ്ക്കാനുള്ള ദൗത്യത്തിന് പ്രധാനമായും ഫെഡറല്‍ റിസര്‍വിനെ തെരഞ്ഞെടുത്തത് എന്നുവരുന്നു. തത്വത്തില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള ബാങ്കിങ് സംവിധാനത്തിന് പണലഭ്യത ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമാണ് ഫെഡറല്‍ റിസര്‍വിനുള്ളത്. എന്നാല്‍ ഫെഡറല്‍ റിസര്‍വിന്റെ അടിയന്തര ധനസഹായത്തില്‍ വലിയ പങ്കും ലഭിച്ചത് അതിന്റെ നിയന്ത്രണത്തിന് പുറത്തുള്ള സംവിധാനത്തിലെ സ്ഥാപനങ്ങള്‍ക്കാണ്. ബെയര്‍ സ്റ്റേണ്‍സ്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവ പോലുള്ള നിക്ഷേപ ബാങ്കുകളും പൊളിഞ്ഞ ലേമാന്‍ ബ്രദേഴ്സ് പോലും ഫെഡറല്‍ റിസര്‍വില്‍നിന്ന് വായ്പയെടുത്തു.

സര്‍ക്കാരിന്റെ സഹായമില്ലാതെ പ്രതിസന്ധിയില്‍നിന്ന് തുഴഞ്ഞുനീങ്ങി എന്നവകാശപ്പെടുന്ന ഗോള്‍ഡ്മാന്‍ സാക്സ് പോലും ഫെഡറല്‍ റിസര്‍വില്‍നിന്ന് 81400 കോടി ഡോളര്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 16 ലക്ഷം കോടി ഡോളറിന്റെ "നിധിയില്‍ നിന്ന"് വിവിധ സ്ഥാപനങ്ങള്‍ വിവിധ തുകകള്‍ കൈപ്പറ്റി-2.5 ലക്ഷം കോടി സിറ്റിഗ്രൂപ്പിന് ലഭിച്ചു. മോര്‍ഗന്‍ സ്റ്റാന്‍ലിക്ക് 2.04 ലക്ഷം കോടി ഡോളര്‍ ലഭിച്ചപ്പോള്‍ റോയല്‍ ബാങ്ക് ഓഫ് സ്കോട്ലന്‍ഡും ഡോച്ച് ബാങ്കും(ജര്‍മന്‍) ഒരു ലക്ഷം കോടി പങ്കിട്ടു. ഫെഡറല്‍ റിസര്‍വ് തകര്‍ച്ചയുടെ വക്കിലുള്ള അമേരിക്കന്‍ ധനസ്ഥാപനങ്ങളെ മാത്രമല്ല, അമേരിക്കയിലെ പാഴ് ആസ്തികള്‍ വാങ്ങി കുഴപ്പത്തിലായ വിദേശ സ്ഥാപനങ്ങളെയും സഹായിക്കുന്നു എന്നതാണ് ചിലരെ രോഷം കൊള്ളിക്കുന്നത്. ഫെഡറല്‍ റിസര്‍വിന്റെ ജാമ്യത്തിലിറക്കലിന്റെ ഗുണഭോക്താക്കള്‍ അമേരിക്കയിലെ വലിയ ധനസ്ഥാപനങ്ങളും കോര്‍പറേഷനുകളും മാത്രമല്ല; അമേരിക്കയ്ക്ക് പുറത്തുള്ള ബാങ്കുകളും കോര്‍പറേഷനുകളും കൂടിയാണ്. ബാര്‍ക്ലേയ്സ്, റോയല്‍ ബാങ്ക് ഓഫ് സ്കോട്ലന്‍ഡ്(രണ്ടും ബ്രിട്ടന്‍), യുബിഎസ്(സ്വിറ്റ്സര്‍ലന്‍ഡ്), ഡോച്ച് ബാങ്ക്(ജര്‍മനി), ഡെക്സിയ(ബെല്‍ജിയം) എന്നിവയടക്കം നിരവധി യൂറോപ്യന്‍ ബാങ്കുകള്‍ ഫെഡറല്‍ റിസര്‍വിന്റെ സഹായത്തോടെയാണ് തകര്‍ച്ചയില്‍നിന്ന് ജാമ്യത്തിലിറക്കപ്പെട്ടത്. അമേരിക്കന്‍ ധന സംവിധാനത്തെ രക്ഷിക്കാന്‍ അതുമായി കെട്ടുപിണഞ്ഞ വിദേശ സ്ഥാപനങ്ങളെയും രക്ഷിക്കണം എന്നതാണ് സ്ഥിതി. എന്നാല്‍ ഇത് മാത്രമല്ല രോഷത്തിനിടയാക്കിയത്.

സെനറ്റര്‍ ബെര്‍ണീ സാന്‍ഡേഴ്സ് ചൂണ്ടിക്കാട്ടിയതുപോലെ ഇവിടെ വലിയ താല്‍പ്പര്യ സംഘര്‍ഷത്തിന്റെ പ്രശ്നമുണ്ട്. "ഉദാഹരണത്തിന് ജെ പി മോര്‍ഗന്‍ ചേസിന്റെ തലവന്‍ ആ ബാങ്ക് ഫെഡറല്‍ റിസര്‍വില്‍ നിന്ന് 39000 കോടി ഡോളറില്‍ പരം ധനസഹായം കൈപ്പറ്റിയ വേളയില്‍ തന്നെ ന്യൂയോര്‍ക്കില്‍ ഫെഡറല്‍ റിസര്‍വിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചു. മാത്രമല്ല ഫെഡറല്‍ റിസര്‍വിന്റെ അടിയന്തര വായ്പാ പരിപാടിയുടെ ക്ലിയറിങ്ങ് ബാങ്കുകളില്‍ ഒന്നായും ജെ പി മോര്‍ഗന്‍ ചേസ് പ്രവര്‍ത്തിച്ചു." ഒടുവിലായി ഫെഡറല്‍ റിസര്‍വ് അതിന്റെ അടിയന്തര വായ്പാ പരിപാടികള്‍ ജെ പി മോര്‍ഗന്‍ ചേസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, വെല്‍സ് ഫാര്‍ഗോ തുടങ്ങിയ സ്വകാര്യ കരാറുകാര്‍ക്ക് പുറംജോലി കരാര്‍ നല്‍കിയതും ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് ഓഡിറ്റില്‍ കണ്ടെത്തി. ഇവയില്‍ പലതും ഈ വായ്പകളുടെ ഗുണഭോക്താകളുമായിരുന്നു. "ജാമ്യത്തിലിറക്കലിന്റെ" ഭീമ രൂപവും അത് നടപ്പാക്കിയ രീതിയും തീര്‍ച്ചയായും അതിനെ പൊതിഞ്ഞുള്ള നിഗൂഢതയേയും പൊതുപരിശോധന ഒഴിവാക്കാന്‍ ഫെഡറല്‍ റിസര്‍വിനെ ഉപയോഗിക്കാനുള്ള തീരുമാനത്തെയും വിശദീകരിക്കുന്നുണ്ട്. ഫെഡറല്‍ റിസര്‍വിനെ ഈ രീതിയില്‍ ഉപയോഗിക്കാമെന്നത് സെന്‍ട്രല്‍ ബാങ്കുകള്‍ പൊതുവില്‍ സ്വതന്ത്രവും പിഴവില്ലാതെ നാണ്യ-ധന മാനേജ്മെന്റ് നിര്‍വഹിക്കുന്നവയും ആയിരിക്കുമെന്ന സിദ്ധാന്തത്തെ അസംബന്ധമാക്കുന്നുണ്ട്.

പരിശോധനയെ മറികടക്കാന്‍ ഫെഡറല്‍ റിസര്‍വിനെ ഉപയോഗിച്ചതും ഉത്തരവാദിത്തമില്ലാത്ത ധനസ്ഥാപനങ്ങളെ സഹായിക്കാന്‍ ഭീമമായ തുക ചെലവഴിച്ചതും മാത്രമല്ല വിമര്‍ശനത്തിനിടയാക്കിയത്. യഥാര്‍ഥ സമ്പദ്ഘടനയെ ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും സാമ്പത്തിക പ്രതിസന്ധി കാരണമുണ്ടായ മാന്ദ്യത്തിന്റെ ഫലമായി തൊഴിലില്ലായ്മയുടെ പ്രത്യാഘാതങ്ങളനുഭവിക്കേണ്ടിവന്നവരെ സഹായിക്കാനും കാര്യമായൊന്നും ചെയ്തില്ല എന്നതും വിമര്‍ശനം ക്ഷണിച്ചുവരുത്തി. അതേസമയം വാള്‍സ്ട്രീറ്റ് സ്ഥാപനങ്ങളും ചില ബാങ്കുകളും വീണ്ടും നല്ല ലാഭത്തിന്റെയും ഭീമമായ ലാഭവിഹിതങ്ങളുടെയും കാലത്തേക്ക് തിരിച്ചെത്തി. അതിനാല്‍ വാള്‍സ്ട്രീറ്റിന്റെ(അമേരിക്കന്‍ ധനസ്ഥാപനങ്ങള്‍) മോശം പെരുമാറ്റത്തിന് മെയിന്‍സ്ട്രീറ്റ്(പൊതുജനങ്ങള്‍) പിഴയൊടുക്കേണ്ടിവന്നെന്നും സര്‍ക്കാര്‍ ആദ്യത്തെ കൂട്ടരെ രക്ഷിച്ചപ്പോള്‍ ജനങ്ങള്‍ ഇപ്പോഴും പ്രതിസന്ധിയിലാണെന്നുമുള്ള വീക്ഷണം ശരിവയ്ക്കുന്നതായി ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസിന്റെ റിപ്പോര്‍ട്ട്. "വാള്‍സ്ട്രീറ്റ് സിഇഒമാരുടെ മാത്രമല്ല, തൊഴിലാളി കുടുംബങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഫെഡറല്‍ റിസര്‍വിനെ പരിഷ്കരിക്കണം" എന്ന് സാന്‍ഡേഴ്സ് പറയുന്നു. ചരിത്രത്തില്‍ സുപരിചിതമായ കാര്യമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

മുതലാളിത്തത്തില്‍ പ്രതിസന്ധിയുടെ കാലങ്ങളില്‍(സാധാരണ കാലങ്ങളിലും) വ്യവസ്ഥയെ ഉയര്‍ത്തിനിര്‍ത്താന്‍ സര്‍ക്കാര്‍ പല തരത്തില്‍ ഇടപെടും. എന്നാല്‍ അതിന് വിഭവങ്ങളുടെ മേല്‍ -പൊതുവില്‍ പണം- നിയന്ത്രണം വേണം. മുതലാളിത്ത ലാഭത്തെ പെരുപ്പിക്കാനോ സഹായിക്കാനോ വന്‍തോതില്‍ പണം വഴിതിരിച്ചുവിട്ടാണ് ഈ വ്യവസ്ഥയെ പ്രവര്‍ത്തിപ്പിക്കുന്നത്. ഈ പണം നല്‍കുന്നവരാവട്ടെ തൊഴിലാളിവര്‍ഗവും ദരിദ്രരും മധ്യവര്‍ഗ വിഭാഗങ്ങളും മറ്റുമാണ്. അവരില്‍ നിന്ന് വിഭവങ്ങള്‍ പിടിച്ചെടുക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. പണപ്പെരുപ്പം, ചരക്കുകളിന്മേലുള്ള നികുതികള്‍ , വരുമാന നികുതി, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളുടെ മൂല്യം ചോര്‍ത്തല്‍ തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെയാണ് സമ്പന്നര്‍ക്ക് സബ്സിഡികള്‍ നല്‍കാനുള്ള വിഭവങ്ങള്‍ സാധാരണക്കാരില്‍ നിന്ന് കവര്‍ന്നെടുക്കുന്നത്. അങ്ങനെ കാണുമ്പോള്‍ പ്രതിസന്ധിക്ക് ശേഷം മുതലാളിത്തത്തെ രക്ഷിക്കാന്‍ നടപ്പാക്കേണ്ടിവന്ന ജാമ്യത്തിലിറക്കല്‍ സമീപകാല മുതലാളിത്ത ചരിത്രത്തില്‍ പാവപ്പെട്ടവരില്‍നിന്നും മധ്യവര്‍ഗക്കാരില്‍നിന്നും സമ്പന്നരിലേക്ക് വരുമാനം ഏറ്റവും നാടകീയമായി പുനര്‍വിതരണം ചെയ്യുന്ന ഒന്നായിരിക്കും. അങ്ങനെയാണ് മുതലാളിത്തത്തിന്റെ പ്രവര്‍ത്തനം. കമ്പോളമല്ല, ഭരണകൂടമാണ് വന്‍ മൂലധനത്തിന് വലിയ ലാഭങ്ങള്‍ സമ്മാനിക്കുന്നത്.

*
സി പി ചന്ദ്രശേഖര്‍ ദേശാഭിമാനി വാരിക 17 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

2007ലെ സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ മാന്ദ്യവും ഒരു കാര്യം വ്യക്തമാക്കി; മുതലാളിമാര്‍ക്കും മുതലാളിത്തത്തിനും ഭരണകൂടത്തിന്റെ സഹായമില്ലാതെ നിലനില്‍ക്കാനാവില്ല. ഉദാരവല്‍കൃത സാമ്പത്തിക ക്രമത്തെ ഊഹക്കച്ചവടത്തിനും വമ്പന്‍ ബോണസുകളും ഭീമമായ ലാഭവും തട്ടിയെടുക്കുന്നതിനും ഉപയോഗിച്ച ബാങ്കര്‍മാരും ധന ഇടപാടുകാരുമാണ് ആ പ്രതിസന്ധിക്ക് ഇടയാക്കിയത്. എന്നിട്ടും പ്രതിസന്ധിയെ തുടര്‍ന്ന് "വ്യവസ്ഥയെ സംരക്ഷിക്കുന്ന" കാര്യം വന്നപ്പോള്‍ ഇതേ മുതലാളിമാര്‍ക്കാണ് പണം ചൊരിഞ്ഞുകൊടുത്തത്. മാന്ദ്യം 1930കളിലെ പോലെ മഹാമാന്ദ്യമാവുന്നത് തടയാന്‍ ഈ ധന ഇടപാടുകാര്‍ക്ക് എത്രമാത്രം പണം നല്‍കി എന്നത് പ്രതിസന്ധി ആരംഭിച്ച് നാല് വര്‍ഷത്തിന് ശേഷം പോലും അവ്യക്തമായി തുടരുകയാണ്. എന്നാല്‍ അതിന്റെ സൂചനകള്‍ അല്‍പ്പാല്‍പ്പമായി ചോര്‍ന്നുവരുന്നുണ്ട്. "കുഴപ്പത്തിലായ ആസ്തികള്‍ രക്ഷിച്ചെടുക്കുന്നതിനുള്ള പരിപാടി"(ട്രബിള്‍ഡ് അസെറ്റ്സ് റിലീഫ് പ്രോഗ്രാം-ടാര്‍പ്) അനുസരിച്ച് 70000 കോടി ഡോളര്‍ ചെലവഴിക്കാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തേണ്ടതുണ്ടോ എന്ന് 2008ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമ്പോള്‍ പോലും അവരുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഏതാണ്ട് പലിശയില്ലാതെ തന്നെ ബാങ്കുകള്‍ക്ക് 7.7 ട്രില്യന്‍ ഡോളര്‍(ട്രില്യന്‍ -ഒരു ലക്ഷം കോടി) ഒരുപാധിയും വ്യവസ്ഥ ചെയ്യാതെ നല്‍കുകയായിരുന്നു എന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ .