Sunday, December 11, 2011

ഒളി പരത്തുന്ന ഓര്‍മ

1992 ഡിസംബര്‍ 6 ഉള്ളില്‍ തീ കോരിയിടുന്ന ഓര്‍മയാണ്. അയോദ്ധ്യയിലെ ബാബറി മസ്ജിദ് എന്ന ചരിത്രസ്മാരകം തകര്‍ത്ത് തരിപ്പമണമാക്കിയതിന്റെ കറുത്ത ഓര്‍മ. രാജ്യമൊന്നാകെ നിശ്ചലമാകുകയും, ജനങ്ങള്‍ ഭീതിതമായ അനിശ്ചിതത്വത്തിന്റെ തടങ്കലില്‍ ആയിപ്പോകുകയുംചെയ്ത ഡിസംബര്‍ ദിനങ്ങള്‍ . തോപ്പില്‍ഭാസി ഒരു കാല്‍മുട്ടിന് കീഴെ മുറിച്ച് വികലാംഗനായി കഴിയുകയാണപ്പോള്‍ . ഒപ്പം ഹൃദ്രോഗത്തിന് ചികിത്സയും. കെപിഎസിക്കുവേണ്ടി നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്യുകയും പുതിയ നാടക ആശയങ്ങള്‍ വിപുലപ്പെടുത്തിക്കൊണ്ടിരിക്കുകയുംചെയ്ത് മനസ്സ് സജീവമായിരുന്നതിനിടയില്‍ ഇന്ത്യയിലെ മതനിരപേക്ഷയ്ക്ക് ഏറ്റ പ്രഹരം ആ മനസ്സിന് താങ്ങാനാകുന്നതായിരുന്നില്ല. എട്ടിന് വെളുപ്പിന് കുഴഞ്ഞ് വീണു. വൈദ്യസഹായം തേടിപ്പോകാന്‍ , തൊട്ട് അയല്‍പക്കത്തുണ്ടായിരുന്ന കാറുപോലും വിട്ടുകിട്ടിയില്ലായെന്നത് അദ്ദേഹം ഭാവനയില്‍ എഴുതിയ ഒരു കഥയുടെ ദുരന്തം പോലെ അറം പറ്റുന്ന അനുഭവമായി. മനുഷ്യ സ്നേഹിയും അതുല്യ കലാകാരനുമായ അദ്ദേഹം മരിച്ച ഈ ഡിസംബര്‍ എട്ട് കഴിയുമ്പോള്‍ പോയകാലത്തിന്റെ സ്മരണകളില്‍ കാലചക്രം തുഴയുന്ന പ്രിയപ്പെട്ടവര്‍ക്ക് തോപ്പില്‍ഭാസി ഇന്നും വീരഗാഥ തന്നെ. 20-ാം ചരമദിനത്തില്‍ ചില ഉറ്റബന്ധുക്കളുടെ സവിശേഷമായ ഓര്‍മകളിലൂടെ..

അമ്മിണിയമ്മ- ഭാര്യ

ക്ഷത്രിയ രാജകുടുംബാംഗങ്ങളും ക്ഷത്രിയര്‍ വിവാഹം കഴിക്കുന്ന നായര്‍ സ്ത്രീകളായ കെട്ടിലമ്മമാരും അവരുടെ മക്കളായ തമ്പിമാരും; അധികാരവും ആഡംബരവും സര്‍വ ഐശ്വര്യങ്ങളും ആവോളം ആസ്വദിച്ചും അനുഭവിച്ചും ജീവിക്കുന്ന രാജഭരണകാലത്താണ് അങ്ങനൊരു കൊട്ടാരക്കെട്ടില്‍നിന്ന് ശങ്കരനാരായണന്‍ തമ്പി എന്ന കമ്യൂണിസ്റ്റ്കാരന്‍ പിറന്നത്. എണ്ണക്കാട്ട് കൊട്ടാരത്തിലെ മൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെയും തങ്കമ്മ കെട്ടിലമ്മയുടെയും മകന്‍ ശങ്കരനാരായണന്‍ തമ്പിയുടെ സഹോദരി ചെല്ലമ്മ കെട്ടിലമ്മയുടെ മകളാണ് അമ്മിണിയമ്മ. അച്ഛന്‍ അശ്വതി തിരുനാള്‍ രാമവര്‍മ രാജാ. 16-ാം വയസ്സിലാണ് ആദ്യമായി തോപ്പില്‍ഭാസിയെ കാണുന്നത്. അമ്മയുടെ വീടായ പല്ലന പാണ്ഡവത്ത് കുടുംബം അറയും പുരയും നാലുകെട്ടും മതിലും പടിപ്പുരയും ഒക്കെയുള്ള ഒളിച്ചിരിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലമാണ്. രാജകുടുംബമായതുകൊണ്ട് പൊലീസ് ശ്രദ്ധിക്കുകയുമില്ല. ഒളിവില്‍ ഇരിക്കാന്‍ ഒരുപാടുപേര്‍ വരുമായിരുന്നു. ആരൊക്കെയാണെന്നും എന്തൊക്കെയാണെന്നും ഒരുപിടിയുമില്ല. തോപ്പില്‍ഭാസിയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ആളിനെ അറിയില്ലായിരുന്നു. എന്‍ ശ്രീധരന്‍ എന്ന വിപ്ലവകാരി ഭാസിയെ അറിയുമോ എന്ന് ചോദിച്ചു. ഒരുപാട് പേരെ കണ്ടിട്ടുണ്ട്. ഇ എം എസ്, പി ടി പുന്നൂസ്, തോപ്പില്‍ഭാസി തുടങ്ങി ധാരാളം പേരെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ, പേരെടുത്ത് ആരെയും അറിയില്ലായെന്ന് മറുപടി.

ആ നേതാക്കന്മാരെയെല്ലാം ആളറിയാതെ പരിചരിച്ചും ഭക്ഷണം ഒരുക്കിക്കൊടുത്തുമൊക്കെ മിടുക്കും സാമര്‍ത്ഥ്യവും കാണിച്ച സ്വന്തം അനന്തിരവളെയാണ് തമ്പിസാര്‍ ഒരിക്കല്‍ ഭാസിയുടെ അടുത്ത മിത്രമായ എന്‍ ശ്രീധരന്‍ വഴി ആലോചിച്ചത്. കുടുംബകാര്യം നോക്കുകയും ചുറുചുറുക്കോടെ തോട്ടപ്പള്ളിയില്‍വരെ തേങ്ങ തലച്ചുമടായി കൊണ്ടുപോയി വിറ്റ് കാര്യപ്രാപ്തിയും തന്റേടവും പ്രകടിപ്പിച്ചിട്ടുള്ള അമ്മിണിയെ ആലോചിച്ചതിന് ഭാസി ആദ്യമൊന്നും പറഞ്ഞില്ല. എതിര്‍ത്തതുമില്ല. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഈ ആലോചന ഒട്ടും പിടിച്ചില്ല. സ്വന്തം മകളെ കൊലപ്പുള്ളിക്ക് കൊടുക്കുന്ന വേദനയായിരുന്നു ഉള്ളില്‍ . തമ്പിസാറിന്റെ നിര്‍ബന്ധത്തിലാണ് ഒടുവില്‍ സഹോദരി വഴങ്ങിയത്. ഒരു ദിവസം അമ്മിണിയെ അമ്മൂമ്മ വിളിച്ച് കെട്ടിനകത്ത് പടിപ്പുരയിലെ തളത്തില്‍ കിണറ്റില്‍നിന്നും വെള്ളം കോരിക്കുളിക്കുന്ന മെലിഞ്ഞ് നീണ്ട ചെറുപ്പക്കാരനെ ചൂണ്ടിക്കാണിച്ച് പറഞ്ഞു: ആ നില്‍ക്കുന്ന ആളാണ് ഭാസി. പൊതുവേ ഉശിരനെന്ന് പേരെടുത്ത വെളുത്ത് സുന്ദരനായ കലാകാരനും പ്രാസംഗികനുമായ, അതുപോലെ തന്നെ പാര്‍ടിയിലും ഉന്നതനായ ഭാസി മനസ്സില്‍ പതിഞ്ഞു. പായിപ്പാട്ടാറ്റിന്റെ നടുക്ക് ചെങ്ങാടം കെട്ടി നിരത്തി അതില്‍ മേശപ്പുറത്ത് കയറിനിന്ന് ദിവാന്‍ ഭരണത്തിനെതിരെ ആഞ്ഞടിച്ച ചിത്രം നേരില്‍ കണ്ട ഓര്‍മയില്‍ കൊലക്കേസ് പ്രതിയായാലും വീരനും ശൂരനുമായ അദ്ദേഹത്തോട് ആരാധനയും ഇഷ്ടവും വര്‍ദ്ധിച്ചുവെന്നത് സത്യം.

1127 ചിങ്ങം 10ന് രാത്രി 11.30നാണ് മിന്നുകെട്ട് നടന്നത്. കല്യാണത്തിനുമുമ്പ് സംസാരിച്ചിട്ടേയില്ല. ഒരിക്കല്‍ കുളിക്കാന്‍ സോപ്പ് ചോദിച്ചപ്പോള്‍ കൊടുത്തത് മാത്രമാണ് ഓര്‍മ. അറവാതുക്കല്‍വച്ച് നിറപറയും നിലവിളക്കും സാക്ഷിയാക്കി മിന്നുകെട്ടി പുടവ നല്‍കി. സംഘര്‍ഷത്തിന്റെയും ഭീതിയുടെയും ദിനങ്ങളായിരുന്നു പിന്നീട്. ശൂരനാട് കേസില്‍ ജാമ്യം കിട്ടി വന്ന ദിവസമാണ് ഇരുവരും അടുത്ത് കാണുന്നത്. മൂത്തമകന്‍ അജയന് മൂന്നുമാസം പ്രായമുള്ളപ്പോള്‍ അപ്രതീക്ഷിതമായാണ് ഒളിവില്‍ കുഞ്ഞിനെ കാണാന്‍ വന്ന ഭാസിയെ ഇവിടെവച്ച് പിടികൂടിയത്. കുളിച്ച് തോര്‍ത്തി വന്ന ഭാസിയെ വന്‍പൊലീസ് സംഘം വളഞ്ഞിട്ട്പിടിച്ച് തോര്‍ത്തുകൊണ്ട്തന്നെ കൈ വരിഞ്ഞുകെട്ടി. ഒരു പൊലീസുകാരന്‍ ആ സമയം ഭാസിയുടെ പുറംനെടുകെ ലാത്തികൊണ്ട് ഒരടി അടിച്ചത് ഹൃദയത്തില്‍ ഒരു വാള്‍ കടന്നതുപോലെ ഇപ്പോഴും ഞെട്ടിപ്പിക്കുന്ന ഓര്‍മയാണ്. അവസാനംവരെയും ആ പുറം വേദനയെക്കുറിച്ച് പറയുമായിരുന്നു. മഹാരാജാവ് മൂലം തിരുനാള്‍ രാമവര്‍മ രാജാവ് പൊലീസുകാരനോട് അലറി... തൊട്ടുപോകരുതെന്റെ കുഞ്ഞിനെ...! ഒരു കല്‍പ്പനകേട്ടപോലെ പൊലീസുകാര്‍ അനുസരിച്ചു. ഭഎന്നെക്കൂടെ കൊണ്ടുപോകുമോ എന്ന് അലമുറയിട്ടത് കേട്ട് ബന്ധനസ്ഥനായ ഭാസി തിരിഞ്ഞുനോക്കിനിന്ന് പറഞ്ഞു: ഭഅമ്മിണീ....... കുഞ്ഞ്...!.ഭമനസ്സില്‍ ഒരാളലോടെയാണ് ആ വാക്കുകള്‍ കേട്ടത്...ബോധം പോയി. വര്‍ഷം ഇരുപതാകുന്നു കണ്‍മുന്നില്‍നിന്ന് ആ രൂപം മറഞ്ഞിട്ട്. സ്നേഹ സമ്പൂര്‍ണമായ ആ സാന്നിധ്യം ഉള്‍ക്കരുത്തായി പച്ചപിടിച്ചുതന്നെ ഇപ്പോഴും ഇവിടെയുണ്ട്.

ഭാര്‍ഗവിയമ്മ- സഹോദരി

മൂന്ന് ആങ്ങളമാര്‍ക്ക് ഒരു പെങ്ങളാണ് ഭാര്‍ഗവി. ഭാസിയെക്കാളും മൂന്നുവയസ്സിന് ഇളയത്. ജന്മി നാടുവാഴിത്തവും മരുമക്കത്തായവും നിലനില്‍ക്കുന്ന വള്ളികുന്നം കടുവുങ്കല്‍ വാര്‍ഡിലെ ഒരു കൂട്ടുകുടുംബത്തിലാണ് ഭാസിയുടെ ജനനം. മലയാളവര്‍ഷം 1099 മീനമാസത്തിലെ കാര്‍ത്തികനാളില്‍ . ചാങ്കൂര്‍ കുടുംബാംഗം പരമേശ്വരന്‍ പിള്ളയുടെയും ചൂരക്കാല മാവോലില്‍ നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച ഭാസ്കരപിള്ളയും മാതാപിതാക്കളും അമ്മാവനോടൊപ്പം തറവാട്ടില്‍ കഴിയുന്നതിനിടയില്‍ അഞ്ചുവയസ്സുള്ള ഭാസ്ക്കരന്‍ എന്ന കുട്ടിയെക്കൊണ്ട് അമ്മ അമ്മാവനോട് ഒരു കാര്യം ആവശ്യപ്പെട്ടു. ഞങ്ങള്‍ക്കും ഒരു വീട് വേണം. അമ്മാവന്‍ കുഞ്ഞിനോട് സമ്മതം മൂളി. അങ്ങനെ തോപ്പില്‍ എന്ന സ്ഥലത്ത് 1930ല്‍ ഷെഡ്ഡടിച്ച് താമസം തുടങ്ങിയതാണ് തോപ്പില്‍ഭാസിയുടെ പിന്നീടുള്ള വീട്. തെങ്ങിന്‍തോപ്പും മരങ്ങളും കിളികളും നിലവും പുഞ്ചയും ഓഹരിയും എല്ലാമായി തനി ഗ്രാമ്യ ജീവിതം. കൃഷിയും തൊഴുത്തും കന്നുകാലികളും കര്‍ഷകത്തൊഴിലാളികളും ജീവിതത്തിന്റെ ഭാഗമായി. അനുജന്‍ കൃഷ്ണന്‍കുട്ടി (തോപ്പില്‍ കൃഷ്ണപിള്ള), ഇളയ സഹോദരന്‍ മാധവന്‍പിള്ള എന്നിവരുമൊപ്പം ഇളയമ്മയുടെ മക്കളായ മറ്റ് അഞ്ചുസഹോദരങ്ങളുമായി ഒമ്പതുപേരുടെ ഒരു ബാലജനസംഘം വീട്ടില്‍തന്നെ. പണിക്കാരുടെയും തൊഴിലാളികളുടെയും മക്കളോടൊത്തുള്ള കളിയും സഹവാസവും പതിവായി. എല്ലാത്തിനും നേതാവ് മൂത്തചേട്ടന്‍ ഭാസ്കരന്‍ കൊച്ചാട്ടന്‍ . അച്ഛന്റെ മുറുക്കാന്‍ പാത്രത്തില്‍നിന്ന് പങ്കുപറ്റാനും നാട്ടിലെ ഉത്സവങ്ങള്‍ക്കും സിനിമയ്ക്കും ഒക്കെ പോകാനും ഇടനിലക്കാരിയാകുന്നത് ഈ സഹോദരിയാണ്. നാട്ടിലുള്ള സര്‍വ അമ്പലങ്ങളിലെയും ഉത്സവങ്ങള്‍ കാണും. ആങ്ങളമാരുടെ എല്ലാ ആവശ്യങ്ങളും അച്ഛനെ അറിയിക്കാനും ഒരു കസേരയില്‍ അച്ഛനൊപ്പം ഇരുന്ന് സംസാരിക്കാനുമുള്ള സ്വാതന്ത്യം ഏകമകളായ ഭാര്‍ഗവിക്കനുവദിച്ചിരുന്നു. വായനശാലകളില്‍ പോയി പത്രങ്ങള്‍ വായിക്കാനും മണയ്ക്കാട്, കടേക്കല്‍ കവലകളിലുള്ള റേഡിയോ പരിപാടികള്‍ക്ക് കാതോര്‍ക്കാനും വലിയ ആവേശമായിരുന്നു. ഭാസ്ക്കരന്‍ കൊച്ചാട്ടന്‍ ഏത് വീട്ടില്‍ ചെന്നാലും ആ വീട്ടുകാരനാണെന്ന് തോന്നുന്ന പ്രകൃതമായിരുന്നു. എല്ലാ വീട്ടുകാര്‍ക്കും അതുകൊണ്ടുതന്നെ കൊച്ചാട്ടനെ വലിയ ഇഷ്ടവുമായിരുന്നു. നാട്ടുകാരിട്ട പേരായിരുന്നു ഭാസി. ശൂരനാട് സംഭവത്തെത്തുടര്‍ന്ന് വീട്ടുകാരെയും അയല്‍ക്കാരെയും മുഴുവന്‍ പിടിച്ച് പൊലീസ് ഉപദ്രവിച്ചു. ഭാസിയുടെ തലയ്ക്ക് വിലപറഞ്ഞുള്ള പൊലീസ് വേട്ടയുടെ സംഹാരതാണ്ഡവം സഹിക്കവയ്യാതെ അച്ഛനും അമ്മയും വീട് തുറന്നിട്ടിട്ട് വീട് ഒഴിഞ്ഞ് ഓച്ചിറ പടനിലത്ത് പോയി കുടിലുകെട്ടി താമസിച്ച ദിനങ്ങളാണ് അക്കൂട്ടത്തില്‍ ഇന്നും വേദനയോടെ ഓര്‍ക്കാനുള്ളത്. മകനെ തന്നാല്‍ മതി; ആരെയും ഒന്നും ചെയ്യില്ല- എന്ന പൊലീസിന്റെ ആവശ്യത്തിന്-ഭമനസ്സില്ല എന്നായിരുന്നു അച്ഛന്റെ മറുപടി. ഒടുവില്‍ അച്ഛനെ പിടിച്ചുകൊണ്ടുപോയി ജയിലില്‍ ഇട്ടിട്ട് തോപ്പില്‍ഭാസി സ്വന്തം മകനല്ല എന്ന് എഴുതിത്തന്നാല്‍ ജാമ്യം തരാമെന്നായി പൊലീസ്. ഭഎന്നെ കൊന്നാലും അങ്ങനെയെഴുതാന്‍ പറ്റില്ല എന്നും മറുപടി പറഞ്ഞു അച്ഛന്‍ . പ്രമാണിയും പിടിവാശിക്കാരനുമായിരുന്നു അച്ഛനെങ്കിലും കൊച്ചാട്ടനെ പല കാര്യങ്ങളിലും അംഗീകരിക്കാന്‍ പില്‍ക്കാലത്ത് തയ്യാറായി. ഒരിക്കല്‍ കൊയ്ത്തിന് പദം നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കം ഉണ്ടായപ്പോള്‍ വിഷയത്തില്‍ ഇടപെട്ട് തിരുത്തിയ ഭാസ്ക്കരപിള്ള എന്ന സ്വന്തം മകനിലൂടെ ഒരു പുതിയ മനുഷ്യനെ കാണുകയായിരുന്നു അച്ഛന്‍ ..

എനിക്ക് ജ്വരം വന്ന് പഠിത്തം മുടങ്ങിയത് ജീവിതത്തിലെ വഴിത്തിരിവായെന്ന് പറയാം. രോഗം മൂര്‍ച്ഛിച്ച് സ്കൂളില്‍ പോകാതെ കിടക്കുകയായിരുന്ന എന്നെക്കാണാന്‍ അധ്യാപകരെല്ലാം വീട്ടില്‍ വരുമായിരുന്നു. അക്കൂട്ടത്തില്‍ വള്ളികുന്നം സംസ്കൃത ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന സംസ്കൃത ശിരോമണി കെ കേശവന്‍പോറ്റിസാറും ഉണ്ടായിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടതാണ് ചരിത്രത്തിലേക്ക് വഴിതിരിച്ചുവിട്ട ഒരുവലിയ ബന്ധത്തിന്റെ തുടക്കം. സുഖ-ദുഃഖ സമ്മിശ്രമായ ഓര്‍മകള്‍ക്ക് രണ്ട് പതിറ്റാണ്ടാകുന്നു. കൊച്ചാട്ടന്റെ സ്നേഹസമൃദ്ധമായ സാമിപ്യം മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. ചരമദിനങ്ങള്‍ എത്രയായാലും ഓര്‍മകള്‍ക്ക് മരണമില്ല.

മാധവന്‍പിള്ള- അനുജന്‍

കുട്ടിക്കാലത്ത്തന്നെ അച്ഛനമ്മമാര്‍ മരിച്ചുപോയ, അധികം വൈകാതെ അപ്പൂപ്പനെയുംഅമ്മൂമ്മയെയും നഷ്ടപ്പെട്ട ശ്രീമതിയമ്മയെന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ കഥാനായകനാണ് തോപ്പില്‍ഭാസിയുടെ ഏറ്റവും ഇളയ അനുജനായ മാധവന്‍പിള്ള. ശൂരനാട് കളയ്ക്കാട്ടുതറ പരമേശ്വരന്‍നായരുടെ അനന്തിരവള്‍ ശ്രീമതിയമ്മ അദ്ദേഹത്തിന്റെ സംരക്ഷണയിലായിരുന്നു വളര്‍ന്നത്. ഈ പന്ത്രണ്ടുവയസ്സുകാരിയെക്കുറിച്ചുള്ള ആധി ശൂരനാട് സമരച്ചൂടിലകപ്പെട്ട അദ്ദേഹം തോപ്പില്‍ഭാസിയുമായി പങ്കുവച്ചിരുന്നു. ശൂരനാട് കേസ്സില്‍ അറസ്റ്റിലായ കളയ്ക്കാട്ടുതറ പരമേശ്വരന്‍നായര്‍ ജയിലില്‍ കൊല ചെയ്യപ്പെട്ടു രക്തസാക്ഷിയായതോടെ പൂര്‍ണമായും അനാഥയായ ശ്രീമതിയമ്മയെ വിവാഹം കഴിപ്പിക്കാന്‍ ഭാസി വലിയ ശ്രമങ്ങള്‍ നടത്തി. ആ വിവാഹത്തിന് പ്രതിസന്ധികള്‍ ഏറെയായിരുന്നു. അച്ഛനും എതിര്‍ത്തു. ജ്യേഷ്ഠന്‍ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന അവസ്ഥയിലായി. നാട്ടില്‍ വലിയ വിലയുള്ള ജ്യേഷ്ഠന്റെ വാക്ക് പാലിക്കാനായി ഈ അനുജന്‍ വിവാഹത്തിന് തയ്യാറാകുകയായിരുന്നു. വിവാഹം കഴിച്ച് ശൂരനാട്ട് സ്ഥിരതാമസ്സക്കാരനായി. പഠനം മുടങ്ങി. അച്ഛന്റെ സ്വത്തുക്കള്‍ കിട്ടിയില്ല. അമ്മയുടെ ഓഹരികിട്ടിയെന്നത് ഭാഗ്യം. ഗൗരവക്കാരനും പുറത്തിറങ്ങിയാല്‍ സരസനുമായ ജ്യേഷ്ഠന്റെ പുസ്തകവായനക്കമ്പവും കലാസമിതി അഭിനയവും ഓര്‍മയിലുണ്ട്. പോക്കാട്ട് ഗാന്ധിയമ്മാവന്റെ വായനശാലയിലെ പുസ്തകങ്ങള്‍ ഒട്ടുമാവിന്റെ കീഴിലിരുന്ന് വായിച്ച് തീര്‍ക്കുന്നതും അരീക്കരസ്കൂളില്‍ നാടകമഭിനയിച്ചതും കാമ്പിശ്ശേരിയും പുതുശ്ശേരിയുമൊന്നിച്ച് ഭാരതതൊഴിലാളി കൈയെഴുത്തു മാസിക പുറത്തിറക്കിയതുമെല്ലാം. ആലപ്പുഴയില്‍നിന്നും മൈക്കും കാറും കൊണ്ടുവന്ന് വള്ളികുന്നത്ത് ജനാധിപത്യ യുവജനസംഘടനയുടെ യോഗം ചേര്‍ന്നതാണ് മറക്കാനാകാത്ത മറ്റൊരു ഓര്‍മ. നാട്ടുകാര്‍ ആദ്യമായി മൈക്ക് കാണുന്നത് അന്നാണ്. പി കെ മേദിനിയുടെയും ടി എം പ്രസാദിന്റെയും പാട്ടുകള്‍ നാട്ടിലുണര്‍ത്തിയ ഉത്സവ പ്രതീതി അത്ഭുതകരമായ കാഴ്ചയുടെ ഓര്‍മകളാണ്. ചരമദിനങ്ങള്‍ ഇരുപതെത്തിയെങ്കിലും ഓര്‍മകള്‍ക്ക് മങ്ങലില്ല.

ശ്രീമതിയമ്മ- മാധവന്‍പിള്ളയുടെ ഭാര്യ

അമ്മയും അച്ഛനും അമ്മാവന്മാരും മറ്റ് ബന്ധുക്കളാരും ഇല്ലാതെയിരുന്ന എനിക്ക് ജീവിതം ഉണ്ടാക്കിത്തന്ന എന്റെ രക്ഷകനായിരുന്നു അദ്ദേഹം. സാധാരണസ്ത്രീകള്‍പോലും ഒട്ടും സുരക്ഷിതരല്ലാതിരുന്ന കാലം. ശൂരനാട്ടുകേസിലെ പ്രതിയുടെ വീട്ടിലെ അനാഥ പെണ്‍കുട്ടിയുടെ കാര്യം ഓര്‍ക്കാന്‍ വയ്യ. വാക്കുകള്‍ കിട്ടുന്നില്ല. തോപ്പില്‍ഭാസിയുടെ ഇരുപതാം ചരമദിനമെത്തുമ്പോള്‍ മൗനത്തിന്റെ മഹാസാഗരംപോലെ ശ്രീമതിയമ്മ വലിയ ഹൃദയഭാരത്തോടെ കൂടുതല്‍ ഓര്‍മകളിലേക്ക് ഊളിയിട്ടു.

മാല- മകള്‍

സിനിമാക്കാരനായിരുന്നപ്പോള്‍ മദ്രാസ്സില്‍നിന്നുള്ള വരവ് ഉത്സവമായിരുന്നു. മൂത്ത ആങ്ങളയെ സിനിമാരംഗത്ത് വലുതാക്കണമെന്നാഗ്രഹിച്ചു. അദ്ദേഹമാണ് (അജയന്‍)പെരുന്തച്ചന്‍ സിനിമ സംവിധാനംചെയ്തത്. ഇളയ ആങ്ങളയെ (സുരേഷ്) പത്രപ്രവര്‍ത്തകനാക്കണമെന്നായിരുന്നു. പക്ഷേ, ബിസിനസ്സ് രംഗത്തായി. വക്കീല്‍ പണി പഠിച്ച മറ്റൊരാങ്ങള സോമന്‍ നാടകരംഗത്ത് സജീവമായി. 1958ല്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ഗുണ്ടകള്‍ വീടാക്രമിച്ച് എടുത്തുകൊണ്ടുപോയി കാട്ടിലെറിഞ്ഞ കൈക്കുഞ്ഞായിരുന്ന മറ്റൊരാങ്ങള രാജന്‍ 35 വയസ്സുള്ളപ്പോള്‍ അസുഖം വന്നു മരിച്ചു. മകളോടായിരുന്നു ഏറ്റവും അടുപ്പം. കൂടുതല്‍ പഠിക്കണ്ട. ഉദ്യോഗവും വേണ്ട. അമ്മയെപ്പോലെ നല്ലൊരു വീട്ടമ്മയാകണം.ഭഅച്ഛന്റെ ആഗ്രഹംപോലെ മക്കളുടെയും മറ്റുള്ളവരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന നല്ലൊരു കുടുംബിനിയാകാനാണ് എന്റെ ശ്രമം. അച്ഛന് ഏറ്റവും പ്രിയപ്പെട്ട നാടകങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്ന തോന്നലാണ് ഇന്നിന്റെ വലിയ ദുഃഖം. കാളൂനദി കറുത്തപ്പോള്‍ എന്ന രചന വെളിച്ചം കണ്ടിട്ടില്ല. നിധിപോലെ സൂക്ഷിക്കുന്ന അച്ഛന്റെ ഡയറിയും, പുരസ്കാരങ്ങളുമാണ് ഓര്‍മകളുടെ കരുത്ത്.

ഓര്‍മകള്‍ ദുഃഖങ്ങളായി ഉയിര്‍ത്തെഴുനേല്‍ക്കുകയാണിവിടെ..ജീവിതംകൊണ്ട് ഇതിഹാസമാനമായ ചരിത്രമെഴുതിയ ഈ പ്രിയപ്പെട്ടവന് നാടൊന്നായ് സ്നേഹാര്‍ദ്രമായ ബലിസ്മരണകള്‍ അര്‍പ്പിക്കുകയുമാണ്....

ഉഷ- കാമ്പിശ്ശേരിയുടെ മകള്‍

അച്ഛന്‍ മരിച്ചിട്ട് 34 വര്‍ഷം കഴിഞ്ഞു. അച്ഛന്റെ മരണശേഷം, കാമ്പിശ്ശേരിയുടെ മകളും തോപ്പില്‍ ഭാസിയുടെ അനന്തരവനും (തോപ്പില്‍ ഗോപാലകൃഷ്ണനും) തമ്മിലുള്ള ഞങ്ങളുടെ കല്യാണം നടത്തിത്തന്ന് ഒരു തീരുമാനം നടപ്പാക്കിയതിലായിരുന്നു "തോപ്പി മാമന്‍" ഏറ്റവും വലിയ ചാരിതാര്‍ഥ്യം അനുഭവിച്ചത്. പരസ്പരം "അളിയാ" എന്നുമാത്രം വിളിക്കുമായിരുന്ന ആ ചങ്ങാതിമാരുടെ സ്നേഹബന്ധം അത്രയ്ക്കും ദൃഢമായിരുന്നു. തോപ്പി മാമന് ഏറ്റവും കൂടുതല്‍ സന്തോഷമുണ്ടാക്കിയ അനുഭവം ഈ കല്യാണമായിരുന്നുവെന്ന് അദ്ദേഹം "കുങ്കുമ"ത്തിലെ ചോദ്യോത്തരപംക്തിയില്‍ എഴുതുകയും ചെയ്തിട്ടുണ്ട്. അച്ഛന്‍ ഗാന്ധിയനും കമ്യൂണിസ്റ്റും സാഹിത്യകാരനുമായതുകൊണ്ടാണ് തോപ്പി മാമനും ഗാന്ധിയനും കമ്യൂണിസ്റ്റുകാരനുമായതെന്ന് കാമ്പിശ്ശേരികൃതികളുടെ അവതാരികയില്‍ എഴുതിയതും അവരുടെ ഇരുവരുടെയും വ്യക്തിത്വവികാസം എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് കാണിക്കുന്നതാണ്. പില്‍ക്കാലത്ത് കാമ്പിശ്ശേരിയുടെ ഏകമകളെ വിവാഹം ചെയ്തുകൊടുത്ത വീട്ടിലേക്കുതന്നെ ഭാസിയുടെ ഏകമകളായ മാലയെയും വിവാഹം ചെയ്തയച്ചു. ഇണപിരിയാത്ത ഈ "അളിയന്മാ"രുടെ പെണ്‍മക്കള്‍ ഒരേവീട്ടിലെ മരുമക്കളായി എന്നത് കാണാന്‍ കാമ്പിശ്ശേരി ഉണ്ടായിരുന്നില്ലെന്നതുമാത്രമാണ് വലിയ ദുഃഖം. ആ ബന്ധം ഇപ്പോള്‍ നാലാംതലമുറവരെ എത്തിനില്‍ക്കുന്നു. അച്ഛനും തോപ്പി മാമനും "അളിയാ"വിളികളുമായി സല്ലപിച്ചിരിക്കുന്ന ചിത്രം മങ്ങിയിട്ടേയില്ല.

*
അലക്സ് വള്ളികുന്നം ദേശാഭിമാനി വാരാന്തപ്പതിപ്പ് 11 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1992 ഡിസംബര്‍ 6 ഉള്ളില്‍ തീ കോരിയിടുന്ന ഓര്‍മയാണ്. അയോദ്ധ്യയിലെ ബാബറി മസ്ജിദ് എന്ന ചരിത്രസ്മാരകം തകര്‍ത്ത് തരിപ്പമണമാക്കിയതിന്റെ കറുത്ത ഓര്‍മ. രാജ്യമൊന്നാകെ നിശ്ചലമാകുകയും, ജനങ്ങള്‍ ഭീതിതമായ അനിശ്ചിതത്വത്തിന്റെ തടങ്കലില്‍ ആയിപ്പോകുകയുംചെയ്ത ഡിസംബര്‍ ദിനങ്ങള്‍ . തോപ്പില്‍ഭാസി ഒരു കാല്‍മുട്ടിന് കീഴെ മുറിച്ച് വികലാംഗനായി കഴിയുകയാണപ്പോള്‍ . ഒപ്പം ഹൃദ്രോഗത്തിന് ചികിത്സയും. കെപിഎസിക്കുവേണ്ടി നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്യുകയും പുതിയ നാടക ആശയങ്ങള്‍ വിപുലപ്പെടുത്തിക്കൊണ്ടിരിക്കുകയുംചെയ്ത് മനസ്സ് സജീവമായിരുന്നതിനിടയില്‍ ഇന്ത്യയിലെ മതനിരപേക്ഷയ്ക്ക് ഏറ്റ പ്രഹരം ആ മനസ്സിന് താങ്ങാനാകുന്നതായിരുന്നില്ല. എട്ടിന് വെളുപ്പിന് കുഴഞ്ഞ് വീണു. വൈദ്യസഹായം തേടിപ്പോകാന്‍ , തൊട്ട് അയല്‍പക്കത്തുണ്ടായിരുന്ന കാറുപോലും വിട്ടുകിട്ടിയില്ലായെന്നത് അദ്ദേഹം ഭാവനയില്‍ എഴുതിയ ഒരു കഥയുടെ ദുരന്തം പോലെ അറം പറ്റുന്ന അനുഭവമായി. മനുഷ്യ സ്നേഹിയും അതുല്യ കലാകാരനുമായ അദ്ദേഹം മരിച്ച ഈ ഡിസംബര്‍ എട്ട് കഴിയുമ്പോള്‍ പോയകാലത്തിന്റെ സ്മരണകളില്‍ കാലചക്രം തുഴയുന്ന പ്രിയപ്പെട്ടവര്‍ക്ക് തോപ്പില്‍ഭാസി ഇന്നും വീരഗാഥ തന്നെ. 20-ാം ചരമദിനത്തില്‍ ചില ഉറ്റബന്ധുക്കളുടെ സവിശേഷമായ ഓര്‍മകളിലൂടെ..