Monday, December 19, 2011

തകഴിച്ചേട്ടനും കാത്തച്ചേച്ചിയും. ബേബിച്ചായനും അമ്മിണിച്ചേച്ചിയും

നമ്മുടെ ചില എഴുത്തുകാരുടെ കുടുംബത്തില്‍ അസ്വാരസ്യങ്ങളുണ്ട്. ഈയിടെയായി അതൊക്കെ വര്‍ധിച്ചുവരുന്നതായി കാണുന്നു.

വായനക്കാരുമായി അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ സംവാദങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. അതിഷ്ടമാണ്. വായനക്കാര്‍ എന്ന കണ്ണാടികളില്‍ എഴുത്തുകാര്‍ക്ക് സ്വന്തം എഴുത്തിനെ കാണുവാനും വിലയിരുത്തുവാനും അത് സഹായിക്കുന്നു. അത്തരം സംവാദങ്ങളില്‍ പലതവണ ആവര്‍ത്തിച്ചു കേട്ടിട്ടുള്ളതാണ് എഴുത്തുകാര്‍ക്ക് പ്രചോദനത്തിനായി മദ്യം ആവശ്യമാണോ എന്ന ചോദ്യം.

ആലപ്പുഴയിലെ പറവൂര്‍ പബ്ലിക് ലൈബ്രറിയില്‍ ഈയിടെ വായനക്കാരുമായും എഴുത്തുകാരുമായും ഒരു സംവാദത്തില്‍ പങ്കുചേരുവാന്‍ ഇടയായി. ഉയര്‍ന്ന ബൗദ്ധിക നിലവാരവും ആഴത്തിലുള്ള സാമൂഹ്യ പ്രതിബദ്ധതയും സൂക്ഷിക്കുന്നവരാണ് ആലപ്പുഴയിലെ സാഹിത്യപ്രേമികള്‍ . അവിടെയും ആ പഴയ ചോദ്യം ഉയര്‍ന്നു കേട്ടു: എഴുതാന്‍ മദ്യം ആവശ്യമാണോ എന്ന്.

മഹാത്മാഗാന്ധിക്ക് ബ്രിട്ടീഷ് അധിനിവേശകരില്‍നിന്ന് ഈ മഹാരാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുവാന്‍ മദ്യം കഴിക്കേണ്ടി വന്നിട്ടില്ല. എങ്കില്‍ ഖസാക്കിന്റെ ഇതിഹാസം പോലുള്ള ഒരു ക്ലാസിക് നോവലെഴുതുവാന്‍ എഴുത്തുകാര്‍ക്കും മദ്യം കഴിക്കേണ്ട ആവശ്യം വരില്ല. മദ്യം കഴിച്ചാല്‍ മാത്രമേ സ്വ ന്തം പേന ഗര്‍ഭംധരിക്കുകയും പ്രസവിക്കുകയും ചെയ്യുകയുള്ളൂ എന്ന് ഏതെങ്കിലും എഴുത്തുകാര്‍ പറയുന്നുണ്ടെങ്കില്‍ അത് അവരുടെ മദ്യാസക്തിക്ക് ന്യായീകരണം കണ്ടെത്താന്‍ വേണ്ടിയാണ്. ഒരു തുള്ളി മദ്യം സേവിക്കാതെ ഖസാക്കിനെ അതിശയിക്കുന്ന ഒരു നോവല്‍ എഴുത്തുകാര്‍ക്ക് രചിക്കാന്‍ കഴിയും; പ്രതിഭയുണ്ടെങ്കില്‍ .

സംവാദങ്ങളില്‍ സദസ്യര്‍ എഴുത്തുകാരനോടു ചോദിക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ചോദ്യംകൂടിയുണ്ട്. ആ ചോദ്യം ചോദിക്കാന്‍ എല്ലായ്പ്പോഴും എല്ലാവരും മടിക്കുന്നു. അതുകൊണ്ട് അവരത് മനസ്സില്‍ കൊണ്ടുനടക്കുന്നു. ആ ചോദ്യം ഇതാണ്: എഴുത്തുകാര്‍ക്ക് മഹത്തായ കൃതികള്‍ രചിക്കുവാന്‍ മദ്യംപോലെ പരസ്ത്രീ സംസര്‍ഗവും പ്രചോദനം നല്‍കുമോ? അത് എഴുത്തിനെ ഏതെങ്കിലും വിധത്തില്‍ ഉത്തേജിപ്പിക്കുമോ? സഹായിക്കുമോ?

സര്‍ഗസംവാദങ്ങളില്‍ ആരെങ്കിലും ഈ ചോദ്യം എന്നോടു ചോദിക്കുകയാണെങ്കില്‍ ചോദ്യകര്‍ത്താവിന് ഈയുള്ളവന്റെ ഒരു പുസ്തകം കൈയൊപ്പോടെ സമ്മാനമായി നല്‍കാം. ഈ ഓഫര്‍ ജനുവരി 15 വരെ മാത്രം.

ലൈംഗിക അപഥ സഞ്ചാരങ്ങളും സര്‍ഗാത്മകതയും തമ്മിലുള്ള പാരസ്പര്യം വിശദമായി ചര്‍ച്ചചെയ്യേണ്ട ഒരു വിഷയമാണ്. എഴുത്തുകാരുടെ ലൈംഗിക ബഹുസ്വരത പശ്ചാത്യ രാജ്യങ്ങളില്‍ പണ്ടുപണ്ടേ തുടങ്ങി കണ്ടുവരുന്നതാണ്. ഇപ്പോള്‍ നമ്മുടെ നാട്ടിലും അതിന്റെ അധിനിവേശം കുറേശ്ശയായി കണ്ടുതുടങ്ങിയിരിക്കുന്നു. നമ്മെ അസ്വസ്ഥരാക്കുന്ന ഒരു പ്രവണതയാണത്. കാരണം മദ്യം എഴുത്തുകാരന്റെ കരള്‍ കാര്‍ന്നുതിന്നുക മാത്രമേ ചെയ്യുന്നുള്ളൂ. പക്ഷേ എഴുത്തുകാരന്റെ ലൈംഗിക ഉത്തരാധുനികത അയാളുടെ പാവം ഭാര്യയുടെ ഹൃദയവും ആത്മാവും തിന്നുതീര്‍ക്കും. കുടുംബ ബന്ധം ശിഥിലമാക്കും. കുട്ടികളുടെ ഭാവി ഇരുണ്ടതാക്കും.

പാശ്ചാത്യ എഴുത്തുകാര്‍ക്ക് ലൈംഗിക ബഹുസ്വരത ഒരു സമസ്യയല്ല. തികച്ചും സ്വാഭാവികമായ ഒരു വ്യവഹാരമാണത്. ലിയോ ടോള്‍സ്റ്റോയ് ആദ്യ രാത്രി തന്റെ വധു സോഫിയക്ക് തന്റെ ഡയറിക്കുറിപ്പുകള്‍ കാണിച്ചുകൊടുത്തു. പല സ്ത്രീകളുമായും അദ്ദേഹം നടത്തിയ രതിവേഴ്ചകള്‍ ഡയറിയില്‍ വിസ്തരിച്ച് പ്രതിപാദിച്ചിരുന്നു. അദ്ദേഹത്തിന് ഒരു സ്ത്രീയില്‍ കുഞ്ഞുമുണ്ടായിരുന്നു. ആദ്യരാത്രിതന്നെ തന്നെക്കാള്‍ പതിനാറു വയസ്സ് കുറവുള്ള തന്റെ വധുവിന് അങ്ങനെ അദ്ദേഹം നരകം നല്‍കി.

അതിലും വിചിത്രമായിരുന്നു സാര്‍ത്രിന്റെ ദാമ്പത്യജീവിതം. അദ്ദേഹവും സിമോന്‍ ദ് ബൂവ്വാറും വിവാഹം ചെയ്യാതെ ഒന്നിച്ചു ജീവിക്കുകയായിരുന്നു. പരസ്പരം അതിതീവ്രമായി സ്നേഹിക്കുമ്പോഴും സാര്‍ത്ര് പരസ്ത്രീകളുമായി താന്‍ നടത്തുന്ന രതി ബന്ധങ്ങളെക്കുറിച്ച് പതിവായി സിമോന്‍ ദ് ബൂവ്വാറിനെ അറിയിച്ചിരുന്നു. എന്നിട്ടും അവര്‍ മാതൃകാ ദമ്പതികളായി ജീവിച്ചു. ഇപ്പോള്‍ പാരീസിലെ മോംപര്‍ണാസ് സെമിത്തേരിയില്‍ ഒരേ കല്ലറയ്ക്കു ചുവട്ടിലാണ് അവര്‍ ഉറങ്ങുന്നത്.

അല്‍ബേര്‍ കമ്യൂ ഒരു മയക്കുമരുന്ന് അഡിക്റ്റായ സിമോനിനേയാണ് വിവാഹം ചെയ്തത്. സിമോനിന്റെ കൂടെ ജീവിക്കുമ്പോള്‍തന്നെ അദ്ദേഹം മറ്റു സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നു. തുടര്‍ന്ന് അല്‍ബേര്‍ കമ്യൂ സിമോനെ ഉപേക്ഷിച്ച് ഒരു പിയാനോ വായനക്കാരിയായ ഫ്രാന്‍സീനെ വിവാഹം ചെയ്തു. അവര്‍ക്ക് രണ്ടു കുട്ടികളുണ്ടായി. അപ്പോഴെല്ലാം അദ്ദേഹം പതിവായി പരസ്ത്രീ സംസര്‍ഗത്തില്‍ ഏര്‍പ്പെട്ടിരുന്നു. വൈകാതെ പിയാനിസ്റ്റ് ഭാര്യയെ ഉപേക്ഷിച്ച് കമ്യൂ സ്പെയിനിലെ ഒരു സിനിമാ താരത്തെ വിവാഹം ചെയ്തു.

ഇനി നമ്മുടെ സാക്ഷാല്‍ സല്‍മാന്‍ റുഷ്ദിയോ? അദ്ദേഹം ഇന്ത്യന്‍ വംശജനാണല്ലോ. വലിയ കൃതികള്‍ രചിക്കാന്‍ അദ്ദേഹത്തിനും ലൈംഗിക ഉത്തരാധുനികത ആവശ്യമായിരുന്നോ?

സല്‍മാന്‍ റുഷ്ദിക്ക് നാലു ഭാര്യമാരുണ്ടായിരുന്നു. ആദ്യത്തെ ഭാര്യയായ ക്ലാരിസയെ ഉപേക്ഷിച്ച് അദ്ദേഹം നോവലിസ്റ്റ് മരിയാന്‍ വിഗിന്‍സിനെ വിവാഹം ചെയ്തു. അവരെ ഉപേക്ഷിച്ച് എലിസബത്ത് വെസ്റ്റ് എന്ന സുന്ദരിയെ വിവാഹം ചെയ്തു. അവരെ ഉപേക്ഷിച്ച് റിയാലിറ്റി ഷോ അവതാരകയായ സര്‍പ്പസുന്ദരി പദ്മ ലക്ഷ്മിയെ വിവാഹം ചെയ്തു. വൈകാതെ അവരെയും ഉപേക്ഷിച്ചു. മുമ്പ് റുഷ്ദിക്ക് മിഷല്‍ ബാരിഷ് എന്ന ഒരു ഗേള്‍ഫ്രണ്ടുണ്ടായിരുന്നു. അവള്‍ റുഷ്ദിയെ ഉപേക്ഷിച്ച് സ്റ്റീവ് ടിഷ് എന്ന ഒരു കോടീശ്വരന്റെ കൂടെ പോയി. കോടീശ്വരന്‍ ഇപ്പോള്‍ മിഷല്‍ ബാരിഷിനെ ഉപേക്ഷിച്ച് മറ്റൊരുവളുടെ കൂടെ പോയിരിക്കയാണ്. അങ്ങനെ ബിഷല്‍ ബാരിഷ് ഇപ്പോള്‍ ഫ്രീയാണ്. റുഷ്ദി ഉടനെ അവളെ വിവാഹാഭ്യര്‍ഥനയുമായി സമീപിക്കുകയും ചെയ്തു.

ഇതൊക്കെ സായിപ്പുമാരുടെയും അര്‍ധ സായിപ്പുമാരുടെയും കഥ.

നമ്മുടെ നാട്ടിലെ കഥയോ?

ഈശ്വരാ!

ഞാന്‍ ജോലി ചെയ്തിരുന്ന എംബസിയിലെ കോക്ടെയില്‍ പാര്‍ടികളില്‍ കലാകാരന്മാരും എഴുത്തുകാരും പതിവായി പങ്കെടുക്കുമായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ക്ഷണിക്കപ്പെടുന്ന അതിഥികള്‍ ഗെയിറ്റില്‍ ക്ഷണക്കത്ത് കാണിക്കണം. അത് പരിശോധിച്ചശേഷം മാത്രമേ അതിഥിയെ ഉള്ളിലേക്ക് കടത്തിവിടുകയുള്ളൂ.

ഒരു ദിവസം ഗെയിറ്റില്‍ ഒരു ബഹളം. ഒരു അതിഥി രണ്ടു സ്ത്രീകളുമായി വന്നിരിക്കുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ സായിപ് അതിഥിയുടെ കൈയില്‍ നിന്നു ക്ഷണപത്രം വാങ്ങി പരിശോധിച്ചു. മിസ്റ്റര്‍ ആന്‍ഡ് മിസിസ്..... എന്നാണ് അതില്‍ എഴുതിയിരിക്കുന്നത്. അതായത് ഭര്‍ത്താവും ഭാര്യയും ഉള്‍പ്പെടെ രണ്ടുപേര്‍ക്കാണ് പ്രവേശനം. രണ്ടുപേര്‍ക്കുള്ള ക്ഷണക്കത്തുമായി എത്തിയിരിക്കുന്നത് മൂന്നുപേരാണ്. അതായിരുന്നു പ്രശ്നം. ഒരു സ്ത്രീക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പ്രവേശനം നിഷേധിച്ചു. അതിഥി പറഞ്ഞത് രണ്ടുപേരും തന്റെ ഭാര്യമാരാണെന്നാണ്. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അത് വിശ്വസിച്ചില്ല. സാര്‍ത്രിനും കമ്യൂവിനും എത്ര ഭാര്യമാരും പ്രണയിനികളുമാകാം. ഒരു ഇന്ത്യന്‍ കലാകാരന് അതു പാടില്ല എന്നായിരുന്നു ആ സായിപ്പിന്റെ നിലപാട്. അവസാനം ഞാന്‍ ഇടപെട്ടു. കൂടെ കൊണ്ടുവന്ന രണ്ട് സ്ത്രീകളും കലാകാരന്റെ ഭാര്യമാരാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തി. അങ്ങനെ കലാകാരനും ഭാര്യമാര്‍ക്കും എംബസിയിലെ കോക്ടെയില്‍ ഭൂമികയില്‍ പ്രവേശനം ലഭിച്ചു.

കുച്ചുപ്പുടി നടനത്തിന് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്ത നര്‍ത്തകന്‍ രാജാ റെഡ്ഡിയും ഭാര്യമാരായ രാധയും കൗസല്യയുമായിരുന്നു അവര്‍ . അവര്‍ മൂന്നുപേരും ചേര്‍ന്ന് കുച്ചുപ്പുടിയില്‍ ഒരു മേജിക് ത്രയം സൃഷ്ടിച്ചിരുന്നു.

തുടര്‍ന്ന് രാജാ റെഡ്ഡിക്ക് അയക്കുന്ന എല്ലാ ക്ഷണക്കത്തുകളിലും അദ്ദേഹത്തിന്റെ രണ്ടു സഹധര്‍മിണികളുടെ പേരും ചേര്‍ത്തിരുന്നു. മിസ്റ്റര്‍ ആന്‍ഡ് മിസിസ് രാജ ആന്‍ഡ് രാധ, കൗസല്യ റെഡ്ഡി എന്ന്.

നമ്മുടെ ഭാഷയിലെ എഴുത്തുകാര്‍ പൊതുവെ ലൈംഗിക ബഹുസ്വരതയെ പ്രതിരോധിക്കുന്നവരാണ്. ലൈംഗികതയേക്കാള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ ഗാഥകളാണ് അവരുടെ രചനകള്‍ക്കു പിറകിലെ പ്രേരണകള്‍ .

പക്ഷേ ക്രമേണ ആ അവസ്ഥ മാറിവരികയാണ്. ഇപ്പോള്‍ പല മലയാളി എഴുത്തുകാര്‍ക്കും ഭാര്യക്കു പുറമെ പ്രണയിനികള്‍ വേണമെന്നായിരിക്കുന്നു. പലരും അഭിമാനത്തോടെ അത് ഏറ്റുപറയുന്നുമുണ്ട്.

അങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമത്രെ. പാശ്ചാത്യ കമ്പോള സംസ്കാരം നാം കൈനീട്ടി സ്വീകരിക്കുമ്പോള്‍ കൂടെ നാമറിയാതെ അവരുടെ ലൈംഗിക സങ്കല്‍പ്പങ്ങളും നമ്മുടെ ഇടയിലേക്കു കടന്നുവരുന്നു. എഴുത്തുകാരുടെ ഭാര്യമാര്‍ എഴുത്തുകാരെ ഉപേക്ഷിച്ചു പോകുന്നു. അതിനു ധൈര്യമില്ലാത്തവര്‍ കണ്ണടച്ച് എല്ലാം നിശബ്ദം സഹിക്കുന്നു.

എഴുത്തുകാരുടെ കുടുംബത്തില്‍ അസ്വസ്ഥത പടരുമ്പോള്‍ നാം തകഴിച്ചേട്ടനെയും കാത്ത ച്ചേച്ചിയെയും ഓര്‍ത്തുപോകുന്നു. എത്ര സ്നേഹത്തോടെയാണ് അവര്‍ പരസ്പരം സ്നേഹിച്ച് ജീവിച്ചത്. ഒരു ഉടലിലും ഒരു ആത്മാവിലുമാണ് അവര്‍ രണ്ടുപേരും ജീവിച്ചത്. രണ്ടുപേര്‍ക്ക് സന്തോഷത്തോടെ ദീര്‍ഘകാലം ജീവിക്കുവാന്‍ ഒരു മനസ്സും ഒരു ശരീരവും മതിയെന്ന് അവര്‍ തെളിയിച്ചു.

അങ്ങനെ ജീവിച്ചവരായിരുന്നു കാക്കനാടനും അമ്മിണിച്ചേച്ചിയും.ഈയിടെ കൊല്ലത്തെ ആശുപത്രിയില്‍ ചെന്ന് ഞാന്‍ അമ്മിണിച്ചേച്ചിയെ കണ്ടു. അവര്‍ പലതവണ തലചുറ്റി വീണു. തലയുടെ പിറകില്‍ വേദന. ഡോക്ടര്‍മാര്‍ അവരെ പരിശോധനകള്‍ക്ക് വിധേയയാക്കുകയാണ്.

അമ്മിണിച്ചേച്ചിക്ക് ചില അസുഖങ്ങള്‍ മുമ്പു തന്നെയുണ്ടായിരുന്നു. അവരത് ശ്രദ്ധിച്ചില്ല. ഇരുപത്തിനാലു മണിക്കൂറും ബേബിച്ചായനെ പരിചരിക്കുന്നതിനിടയില്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുവാന്‍ അവര്‍ക്ക് നേരമുണ്ടായിരുന്നില്ല. നമ്മുടെ ഏതെങ്കിലും എഴുത്തുകാര്‍ക്ക് അപഥസഞ്ചാരം ചെയ്യുവാന്‍ തോന്നുകയാണെങ്കില്‍ അപ്പോള്‍ അവര്‍ കണ്ണടച്ച് കൈകൂപ്പി ഈ സന്ധ്യാനാമം ചൊല്ലണം:

തകഴിച്ചേട്ടനും കാത്തച്ചേച്ചിയും.

ബേബിച്ചായനും അമ്മിണിച്ചേച്ചിയും.

*
എം. മുകുന്ദന്‍ ദേശാഭിമാനി വാരിക 24 ഡിസംബര്‍ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വായനക്കാരുമായി അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ സംവാദങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. അതിഷ്ടമാണ്. വായനക്കാര്‍ എന്ന കണ്ണാടികളില്‍ എഴുത്തുകാര്‍ക്ക് സ്വന്തം എഴുത്തിനെ കാണുവാനും വിലയിരുത്തുവാനും അത് സഹായിക്കുന്നു. അത്തരം സംവാദങ്ങളില്‍ പലതവണ ആവര്‍ത്തിച്ചു കേട്ടിട്ടുള്ളതാണ് എഴുത്തുകാര്‍ക്ക് പ്രചോദനത്തിനായി മദ്യം ആവശ്യമാണോ എന്ന ചോദ്യം.

ആലപ്പുഴയിലെ പറവൂര്‍ പബ്ലിക് ലൈബ്രറിയില്‍ ഈയിടെ വായനക്കാരുമായും എഴുത്തുകാരുമായും ഒരു സംവാദത്തില്‍ പങ്കുചേരുവാന്‍ ഇടയായി. ഉയര്‍ന്ന ബൗദ്ധിക നിലവാരവും ആഴത്തിലുള്ള സാമൂഹ്യ പ്രതിബദ്ധതയും സൂക്ഷിക്കുന്നവരാണ് ആലപ്പുഴയിലെ സാഹിത്യപ്രേമികള്‍ . അവിടെയും ആ പഴയ ചോദ്യം ഉയര്‍ന്നു കേട്ടു: എഴുതാന്‍ മദ്യം ആവശ്യമാണോ എന്ന്.

Unknown said...

>>>നമ്മുടെ ഏതെങ്കിലും എഴുത്തുകാര്‍ക്ക് അപഥസഞ്ചാരം ചെയ്യുവാന്‍ തോന്നുകയാണെങ്കില്‍ അപ്പോള്‍ അവര്‍ കണ്ണടച്ച് കൈകൂപ്പി ഈ സന്ധ്യാനാമം ചൊല്ലണം:

തകഴിച്ചേട്ടനും കാത്തച്ചേച്ചിയും.

ബേബിച്ചായനും അമ്മിണിച്ചേച്ചിയും.<<<

അതുവഴി ഉണ്ടായേക്കാവുന്ന മനസ്സാക്ഷിക്കുത്ത് ഒഴിവാക്കണമെന്ന് ആർക്കെങ്കിലും തോന്നുന്ന പക്ഷം ചൊല്ലാവുന്ന മറ്റൊരു സന്ധ്യാനാമം:

കൃഷനും രാധയും ബാക്കി പതിനാറായിരത്തി ഏഴ് പെണ്മണികളും.