മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സോഹന്‍ റോയ് ആറുവര്‍ഷം സമുദ്രങ്ങള്‍ താണ്ടി പ്രകൃതിയുടെ ശാന്ത-രൗദ്ര താളം കണ്ടു. 1975ല്‍ ചൈനയിലെ ബാന്‍ക്വിയോ അണക്കെട്ട് തകര്‍ന്ന് രണ്ടര ലക്ഷം പേര്‍ ദാരുണമായി കൊല്ലപ്പെട്ടത് ഈ സമുദ്രസഞ്ചാരിയെ ആധുനിക നദീജല സംസ്കാരത്തിന്റെ ആപത്ശങ്കകളില്‍ എത്തിച്ചു. ജന്മദേശത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ട് "പൊട്ടും പൊട്ടില്ല" എന്ന തര്‍ക്കം തുടരവെ ഭൂമിയിലെ അന്‍പതിനായിരത്തിലേറെ വന്‍കിട അണക്കെട്ടുകളുടെ സുരക്ഷ അദ്ദേഹം പഠന വിധേയമാക്കി. ഇതില്‍ നാല്‍പ്പതിനായിരത്തോളം അണകള്‍ 2020 ഓടെ ആയുര്‍ദൈര്‍ഘ്യം അവസാനിക്കുന്നതാണെന്നു മനസിലാക്കി. ഇതിലൊന്നാണ് മുല്ലപ്പെരിയാറിലേത്.
കോളനിക്കാലത്തെ നിര്‍മാണങ്ങള്‍ പുതുക്കാനോ പകരം പണിയാനോ പുതിയ സഹസ്രാബ്ദത്തിലും, പുത്തന്‍ സാങ്കേതികവിദ്യയുടെ ധാരാളിത്തത്തിലും ആധുനിക ഭരണകൂടങ്ങള്‍ തയാറാവുന്നില്ലെന്നത് മാനവരാശിയുടെ മുന്നോട്ടുപോക്ക് എങ്ങോട്ട് എന്ന് ഓര്‍മപ്പെടുത്തുന്നു. ആഗോള താപനം പ്രകൃതിയുടെ ചാക്രികതയെ താളം തെറ്റിക്കുമ്പോള്‍ മുല്ലപ്പെരിയാറുകള്‍ അഭിനവ നദീതട സംസ്കാരങ്ങളെ കടലിലേക്കൊഴുക്കുമോ? മനുഷ്യവികാരങ്ങളുടെ നവരസങ്ങളെപ്പോലെ മനുഷ്യനിര്‍മിത അണകളും അനാദികാലത്തോളം നിലനില്‍ക്കുമെന്ന മൂഢവിശ്വാസത്തിനുനേരെ ചലച്ചിത്രത്തിലൂടെ കലാപം സൃഷ്ടിക്കുകയാണ് മലയാളിയുടെ സര്‍ഗസംഭാവനയായി മാറാനിടയുള്ള സോഹന്‍ റോയ്. അദ്ദേഹം ദേശാഭിമാനി വാരികക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.
മുല്ലപ്പെരിയാറിനെ അധികരിച്ച് ആദ്യം ഡോക്യുമെന്ററി, പിന്നീട് നോവല്‍ , ഇപ്പോള്‍ സിനിമ. കേരളത്തിലെ 30 ലക്ഷത്തോളം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വന്‍ ഭീഷണിക്കു പരിഹാരം കാണാന്‍ ഒരു കലാകാരന്റെ ധര്‍മയുദ്ധമായി ഈ ഉദ്യമങ്ങളെ കാണാമോ?
ഡോക്യുമെന്ററി മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ചു തന്നെയാണ്. എന്നാല്‍ നോവലിനെയും സിനിമയെയും മുല്ലപ്പെരിയാറുമായി മാത്രം കൂട്ടിക്കെട്ടേണ്ടതില്ല. നാലു വര്‍ഷത്തെ അധ്വാനഫലമാണ് "ഡാം 999". അത് വിവാദങ്ങളിലേക്ക് വലിച്ചിടുന്നതില്‍ ദുഖമുണ്ട്. പഴക്കം ചെന്ന അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന ഭീഷണി ചിത്രത്തില്‍ വിഷയമായി വരുന്നുണ്ടെങ്കിലും "ഡാം 999" പൂര്‍ണമായും അണക്കെട്ട് തകര്‍ച്ചയുടെ കാഴ്ചകളല്ല. പ്രണയത്തിന്റെ വിവിധ ഭാവതലങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിന്റെ അവസാനഘട്ടത്തില്‍ ഒരു ദുരന്തമായി അണക്കെട്ട് കടന്നെത്തുകയാണ്. അവസാന അരമണിക്കൂര്‍ മാത്രമാണ് അണക്കെട്ട് തകര്‍ച്ചയുടെ വന്യമായ ദൃശ്യങ്ങള്‍ അഭ്രപാളികളിലേക്ക് എത്തുന്നത്. കഥയുടെ ഒഴുക്കുമായി പൂര്‍ണമായും ചേര്‍ന്നുപോകുന്ന വിധത്തിലാണത്.
മുല്ലപ്പെരിയാര്‍ ഏറെ നാളായി എന്റെ മനസിനെ അലട്ടുന്ന വിഷയമാണ്. കൊച്ചിയില്‍ താമസമുറപ്പിച്ച ഒരു വ്യക്തിയെന്ന നിലയില്‍ അത് സ്വഭാവികവുമാണ്. ഡോ്യകുമെന്ററി ഒരുക്കുന്നതിന് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചും പഴക്കം ചെന്ന അണക്കെട്ടുകളെക്കുറിച്ചും നടത്തിയ പഠനങ്ങള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പകര്‍ന്നുനല്‍കിയത്. ചൈനയില്‍ റൂ നദിക്കു കുറുകെ നിര്‍മ്മിച്ച ബാന്‍ക്വിയോ അണക്കെട്ട് തകര്‍ന്നതാണ് ലോകം അറിയുന്ന ഡാം ദുരന്തം. രണ്ടുലക്ഷത്തോളം ആളുകള്‍ മരിച്ച ദുരന്തം വര്‍ഷങ്ങള്‍ക്കു ശേഷമാണ് പുറംലോകം അറിഞ്ഞത്. ഒരു കോടിയിലേറെ പേര്‍ ഭവനരഹിതരായി. ചൈനയിലെ ദുരന്തത്തേക്കാള്‍ വലിയ നാശനഷ്ടങ്ങളാകും മുല്ലപ്പെരിയാറില്‍ അപകടമുണ്ടായാല്‍ സംഭവിക്കുക. ബാന്‍ക്വിയോ അണക്കെട്ടിന്റെ അതേ സംഭരണശേഷി തന്നെയാണ് മുല്ലപ്പെരിയാറിനും. എന്നാല്‍ ബാന്‍ക്വിയോയേക്കാള്‍ ഏഴിരട്ടി ഉയരത്തിലാണ് മുല്ലപ്പെരിയാര്‍ സ്ഥിതി ചെയ്യുന്നത്. പെരിയാറില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴെയായി ഒട്ടനവധി ഡാമുകള്‍ വേറെയുമുണ്ട്. അതുകൊണ്ടു തന്നെ മുല്ലപ്പെരിയാറിന് അപകടം സംഭവിച്ചാല്‍ ചൈനയിലെ ദുരന്തത്തേക്കാള്‍ പല മടങ്ങായിരിക്കും.
ലോകത്ത് നൂറിലേറെ വര്‍ഷം പഴക്കമുള്ള നാലായിരത്തോളം അണക്കെട്ടുകളുണ്ട്. ഇന്ത്യയില്‍ മാത്രം 64 അണക്കെട്ടുകളുണ്ട്. കാലാവധി കഴിഞ്ഞവയാണ് ഈ ഡാമുകളെല്ലാം തന്നെ. ഏതു നിമിഷവും പൊട്ടാവുന്ന ജലബോംബുകള്‍ എന്ന വിശേഷണമാണ് ഇവയ്ക്ക് ചേരുക. അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യം എനിക്കുണ്ട്. ആ അര്‍ത്ഥത്തില്‍ ഇതൊരു ധര്‍മ സമരമായി കാണാം. തമിഴ്നാട്ടില്‍ പ്രദര്‍ശനം തടഞ്ഞിരിക്കയാണ്. രാജ്യവ്യാപക നിരോധനം അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഏറെ വൈകാരികമായ വിഷയമെന്ന നിലയില്‍ രണ്ടു സംസ്ഥാനങ്ങളെ തമ്മിലടിപ്പിക്കുന്ന ഒരു കലാസൃഷ്ടിയായി ഡാം 999 മാറിയോ?
ഡാം തകര്‍ച്ച ചിത്രീകരിച്ചുവെന്നല്ലാതെ ഡാം 999 ന് മുല്ലപ്പെരിയാറുമായി ബന്ധമില്ലെന്ന് തുടക്കത്തിലേ പറഞ്ഞു. ഇത് കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. ഒരു തമിഴനോ ഒരു മലയാളിയോ ചിത്രം കണ്ടാല്‍ അവരുടെ മനസ്സിലേക്ക് ഓടിയെത്തുക മുല്ലപ്പെരിയാറാകും. ഈ ചിത്രം കേരളത്തിലും തമിഴ്നാട്ടിലും മാത്രമല്ല പ്രദര്‍ശനത്തിനെത്തുക.
ആഗോള ക്യാന്‍വാസില്‍ തീര്‍ത്ത ചിത്രമാണിത്. ലോകമെങ്ങും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഇന്ത്യയില്‍ തന്നെ അഞ്ച് ഭാഷകളിലായി എല്ലാ സംസ്ഥാനങ്ങളിലും ചിത്രം എത്തുന്നു. മറുനാട്ടുകാര്‍ ചിത്രം കാണുമ്പോള്‍ അവരുടെ മേഖലയിലുള്ള ഏതെങ്കിലും അണക്കെട്ടിന്റെ ദൃശ്യങ്ങളാവും മനസിലേക്കു വരിക. ചിത്രത്തില്‍ എവിടെയും മുല്ലപ്പെരിയാര്‍ എന്ന പരാമര്‍ശമില്ല. മുല്ലപ്പെരിയാറില്‍ ചിത്രീകരണം നടത്തിയിട്ടുണ്ടെന്നു മാത്രം. സിനിമയുടെ പ്രമേയത്തിന് ഏറ്റവും അനുയോജ്യമായ ദൃശ്യസാധ്യത എന്ന നിലയിലാണ് മുല്ലപ്പെരിയാറിന്റെ ചിത്രീകരണം. അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് മാത്രമാണ് ഞാന്‍ പറയുന്നത്. അത് മുല്ലപ്പെരിയാര്‍ മാത്രമല്ല. ലോകത്തിലെ പഴക്കംചെന്ന ഏത് ഡാമുമാകാം. ഏതായാലും ഒരു ഡാമിനും ശാശ്വതമായി നില്‍ക്കാനാവില്ല. പ്രത്യേകിച്ച് ആധുനിക നിര്‍മ്മാണ വിദ്യകളോ ഭൂകമ്പപ്രതിരോധ സംവിധാനമോ ഒന്നും നിലവിലില്ലാത്ത കാലഘട്ടത്തില്‍ നിര്‍മ്മിച്ച അണക്കെട്ടുകള്‍ . ഒരു പ്രതിവിധി കണ്ടെത്തിയേ മതിയാകൂ. ഇന്നല്ലെങ്കില്‍ നാളെ. എന്തായാലും എന്റെ ചിത്രം ഒരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയതില്‍ സന്തോഷമുണ്ട്.
ചിത്രം കാണുകപോലും ചെയ്യാതെയാണ് തമിഴ്നാടിന്റെ നിരോധനം. അവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സ്വഭാവികമായും മനസിലാക്കാം. എന്നാല്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ കലാസൃഷ്ടി എല്ലാവരിലും എത്തിപ്പെടണമെന്ന താല്‍പ്പര്യമുണ്ട്. അതല്ലെങ്കില്‍ വ്യാജ സിഡി നിര്‍മ്മാതാക്കള്‍ക്കു മാത്രമാണ് നേട്ടം. സിനിമയെന്ന കലയ്ക്ക് ഒരു പ്രയോജനവും ഉണ്ടാവില്ല. അതുകൊണ്ടാണ് നിരോധനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഒരിക്കലും തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങളെ തമ്മിലടിപ്പിക്കണമെന്ന ലക്ഷ്യം എനിക്കില്ല. എന്റെ മനസില്‍ നീറിനിന്ന ഒരു പ്രമേയം സിനിമാരൂപത്തില്‍ അവതരിപ്പിച്ചുവെന്ന് മാത്രം. ദൃശ്യസാധ്യതകള്‍ ഏറെയുള്ള പ്രമേയമെന്ന നിലയില്‍ സൃഷ്ടിയോട് നൂറുശതമാനം നീതി പുലര്‍ത്തിയെന്നാണ് വിശ്വാസം.
വിവാദം ചിത്രത്തിന് ഗുണമായിട്ടില്ലേ? കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും?
വിവാദത്തെ രണ്ടുതലത്തില്‍ കാണാം. ചിത്രത്തിന് തുടക്കത്തില്‍ ഒരു സ്വീകാര്യത കിട്ടാന്‍ വിവാദം സഹായകമായിട്ടുണ്ട്. നിഷേധിക്കുന്നില്ല. എന്നാല്‍ ഈ സ്വീകാര്യത മറ്റൊര്‍ഥത്തില്‍ ദോഷം ചെയ്യുന്നുമുണ്ട്. വിവാദം മാത്രം മനസില്‍ക്കണ്ട് ചിത്രം കാണാന്‍ കയറുന്നവര്‍ ആദ്യാവസാനം ഒരു അണക്കെട്ടിന്റെ പൊളിഞ്ഞുവീഴലും ഉദ്വേഗഭരിതമായ ദൃശ്യാനുഭവങ്ങളുമൊക്കെ മനസില്‍ പ്രതീക്ഷിച്ചാണ് എത്തുന്നത്. അവര്‍ക്കു മുന്നില്‍ ഇതള്‍ വിരിയുന്നതാകട്ടെ പ്രണയത്തിന്റെ ഭാവതലങ്ങളും. ഇത് സിനിമയുടെ പ്രചാരത്തെ ബാധിക്കും. ചിത്രം ആസ്വാദക മനസുകളിലേക്ക് പതുക്കെ പടര്‍ന്നുകയറണമെന്ന താല്‍പ്പര്യമായിരുന്നു എനിക്ക്. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. എന്തായാലും യഥാര്‍ഥ സിനിമാസ്വാദകള്‍ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് തീര്‍ച്ചയുണ്ട്. ഒരു ആഗോള ക്യാന്‍വാസ് മറ്റൊരു നവാഗത സംവിധായകനും ധൈര്യപ്പെടാത്ത കാര്യമാണ്.
ആദ്യ ചിത്രം വന്‍ ബജറ്റില്‍ ഒരുക്കിയത് യഥാര്‍ത്ഥത്തില്‍ സാഹസമല്ലെ?
തീര്‍ച്ചയായും സാഹസം തന്നെയാണ്. ആദ്യ ചിത്രത്തിന് ഈയൊരു തുടക്കം നേരത്തെ മനസില്‍ കുറിച്ചതാണ്. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടുതന്നെ ചിത്രം സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ട്. വാര്‍ണര്‍ ബ്രദേഴ്സ് വിതരണദൗത്യം ഏറ്റെടുത്തതും റിലീസിനു മുമ്പുതന്നെ ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ചതുമൊക്കെ നേട്ടമാണ്. വിദേശരാജ്യങ്ങള്‍ ചിത്രം എങ്ങനെ സ്വീകരിക്കും എന്നതാണ് ഇനി കാണേണ്ടത്. ഇപ്പോള്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും മാത്രമാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഒരു പ്രൊഫഷണല്‍ ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചിത്രത്തിന്റെ വാണിജ്യ വിജയം സുപ്രധാനമാണ്.
അമ്പതുകോടി മുടക്കിയ ചിത്രമെന്ന നിലയില്‍ പ്രത്യേകിച്ചും. വലിയ ക്യാന്‍വാസില്‍ വലിയ ബജറ്റില്‍ മികച്ച താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും അണിനിരത്തി ആദ്യ ചിത്രം ഒരുക്കുകയെന്ന വെല്ലുവിളി കൊച്ചിയില്‍ നിന്നുള്ള യുവചലച്ചിത്ര പ്രവര്‍ത്തകന് അനായാസമായിരുന്നോ?
ഒരിക്കലും അനായാസമെന്നു പറയാനാവില്ല. ഏതാണ്ട് നാലുവര്‍ഷത്തെ പ്രയത്നഫലമാണിത്. ഫുള്‍സ്ക്രിപ്റ്റ് തയ്യാറാക്കാന്‍ തന്നെ രണ്ടുവര്‍ഷമെടുത്തു. അണക്കെട്ടിന്റെ സാങ്കേതികതകളും മറ്റും മനസിലാക്കുന്നതിന് ഏറെ ഗവേഷണം വേണ്ടിവന്നു. ഒരു എഞ്ചിനിയര്‍ എന്ന നിലയിലുള്ള അനുഭവസമ്പത്ത് ഗുണംചെയ്തു. ആയുര്‍വേദം, ജ്യോതിശാസ്ത്രം, കപ്പലോട്ടം, വേദഗണിതം തുടങ്ങി ഒട്ടനവധി വിഷയങ്ങളെ ചിത്രം സ്പര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് ആ മേഖലകളിലൊക്കെ ഗവേഷണം വേണ്ടിവന്നു. മറൈന്‍ എഞ്ചിനിയറെന്ന ജോലിയും സിനിമാ പ്രവര്‍ത്തനവും ഒരേ സമയം മുന്നോട്ടുപോകേണ്ടി വന്നു. ഇതൊന്നും എളുപ്പമായിരുന്നില്ല. മികച്ച താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയുമൊക്കെ അണിനിരത്തുകയെന്നതും എന്റെ സിനിമാസങ്കല്‍പ്പത്തില്‍ സുപ്രധാനമായിരുന്നു. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ അംഗീകാരം നേടിയ പ്രതിഭകള്‍ മാത്രമാണ് ചിത്രത്തില്‍ പങ്കാളികളായിട്ടുള്ളത്. പൂര്‍ണത ഉറപ്പാക്കാന്‍ ഏറ്റവും മികച്ചവര്‍ തന്നെ വേണം. ചിത്രം ത്രി-ഡിയില്‍ വേണമെന്നതും നേരത്തെ തന്നെ ഉറപ്പിച്ചിരുന്നതാണ്. ദൃശ്യസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ത്രി-ഡി സാങ്കേതികതയ്ക്കു കഴിയും.
"ഡാം 999" എന്ന പേര് എന്തുകൊണ്ട്? 999 വര്‍ഷത്തെ മുല്ലപ്പെരിയാര്‍ കരാറാണ് അര്‍ത്ഥമാക്കുന്നതെന്ന് തമിഴ്നാടിന്റെ വിമര്‍ശമുണ്ട്?
999 എന്നത് ഒരിക്കലും അത്രയും നാള്‍ നീളുന്ന കരാറിനെ അര്‍ത്ഥമാക്കിയല്ല. 9 എന്ന അക്കത്തിന് ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. പഴയ അണക്കെട്ടിനു മുന്നില്‍ പുതിയ അണക്കെട്ട് തീര്‍ക്കുമ്പോള്‍ അത് ഉദ്ഘാടനം ചെയ്യപ്പെടുന്ന ദിനമായി സിനിമയില്‍ കാണിക്കുന്നത് 2009 സെപ്തംബര്‍ 9 എന്ന തീയതിയാണ്. ഇവിടെ മൂന്ന് ഒമ്പത് ഒന്നിച്ചുവരുന്നു. അതേ പോലെ ചിത്രത്തെ പ്രേക്ഷകന് ഒമ്പത് ആംഗിളിലൂടെ സമീപിക്കാം.
നവരസങ്ങളുടെ അടിസ്ഥാനത്തില്‍ ഒമ്പത് കഥാപാത്രങ്ങള്‍ , ആയുര്‍വേദത്തിലെ ഒമ്പത് ചികിത്സാ രീതികള്‍ , ഒമ്പത് പാട്ടുകള്‍ , ഒമ്പത് ലൊക്കേഷനുകള്‍ തുടങ്ങി ഒമ്പത് എന്ന അക്കത്തിന് ഏറെ പ്രാധാന്യം ചിത്രത്തിലുണ്ട്. പ്രണയത്തിന്റെ പോലും ഒമ്പത് വ്യത്യസ്ത ഭാവങ്ങളെ ചിത്രം പകര്‍ത്തുന്നു. അതുകൊണ്ട് കേരളവും തമിഴ്നാടുമായുള്ള കരാറിനെയാണ് 999 അര്‍ത്ഥമാക്കുന്നതെന്ന വിമര്‍ശനത്തില്‍ യാതൊരു അടിസ്ഥാനവുമില്ല.
അണക്കെട്ടുകളെക്കുറിച്ച് ആഴത്തില്‍ പഠിച്ച വ്യക്തിയെന്ന നിലയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മനസില്‍ കാണുന്ന പ്രായോഗിക പരിഹാരം എന്താണ്?
പുതിയ അണക്കെട്ട് നിര്‍മ്മിക്കുക തന്നെയാണ് പരിഹാരം. അത് മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ മാത്രമല്ല, പഴക്കം ചെന്ന എല്ലാ അണക്കെട്ടുകളുടെ കാര്യത്തിലും പുനര്‍നിര്‍മ്മാണം അനിവാര്യമാണ്. അണക്കെട്ടുകളോട് യോജിപ്പില്ലാത്ത വ്യക്തിയാണ് താന്‍ . എന്നാല്‍ ഇതിനോടകം നിര്‍മ്മിച്ചുകഴിഞ്ഞ അണക്കെട്ടുകള്‍ പൊളിച്ചുകളയുക സാധ്യമല്ല. വലിയതോതില്‍ ഊര്‍ജ്ജോല്‍പ്പാദനവും ജലസേചനവും ഈ അണക്കെട്ടുകളെ ആശ്രയിച്ചാണ്. അതുകൊണ്ട് പഴയ അണക്കെട്ടുകള്‍ക്കു മുന്നില്‍ പുതിയ അണകെട്ടിയ ശേഷം പഴയത് പൊളിക്കണം.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിതീരാന്‍ കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലുമെടക്കും. അപ്പോഴേക്കും നിലവിലുള്ള അണക്കെട്ട് 120 വര്‍ഷം പിന്നിടും. അമ്പതുവര്‍ഷം മാത്രം ആയുസ്സുപറഞ്ഞ അണക്കെട്ടാണിത്. അതുകൊണ്ട് പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് കാത്തുനില്‍ക്കാതെ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങണം. നല്ലൊരു ഭൂചലനമോ അതിവര്‍ഷമോ അണക്കെട്ടിനെ ദുര്‍ബലപ്പെടുത്തും. ഇനിയും അഞ്ചുവര്‍ഷം എന്നത് വലിയ കാലയളവാണ്. ദുരന്തം മുന്‍കൂട്ടി കണ്ടുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളെ ഒഴിപ്പിക്കുന്നതടക്കം വിപുലമായ പദ്ധതികള്‍ ആവിഷ്ക്കരിക്കണം. പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് നിര്‍ദേശിക്കുമ്പോള്‍ തന്നെ "ഡാം 999" ല്‍ അവസാനം പൊട്ടുന്നത് പുതുതായി നിര്‍മ്മിച്ച അണക്കെട്ടാണ്.
ചുരുക്കത്തില്‍ പുതിയ അണക്കെട്ടും സുരക്ഷിതമല്ലെന്ന സന്ദേശമല്ലെ സിനിമ നല്‍കുന്നത്?
ചിത്രത്തില്‍ പുതിയ അണക്കെട്ടിന്റെ തകര്‍ച്ചയ്ക്ക് വ്യക്തമായ കാരണങ്ങള്‍ പറയുന്നുണ്ട്. നിര്‍മ്മാണത്തിലെ അഴിമതിയും ക്രമക്കേടുമാണ് തകര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. നിര്‍മ്മാണത്തില്‍ സുതാര്യത പുലര്‍ത്തിയില്ലെങ്കില്‍ സംഭവിച്ചേക്കാവുന്ന ദുരന്തമാണ് ചിത്രത്തില്‍ കാട്ടുന്നത്. യഥാര്‍ത്ഥ അണക്കെട്ട് നിര്‍മ്മിക്കുമ്പോഴും ഈ സുതാര്യത പുലര്‍ത്തണം. അഴിമതി ഉണ്ടാകരുത്. അതല്ലെങ്കില്‍ അപകടം സംഭവിക്കും. ലോകത്തിലെ വന്‍കിട അണക്കെട്ടുകളില്‍ 85 ശതമാനവും 2020 ആകുമ്പോഴേക്കും കാലാവധി കഴിയും. ഏതാണ്ട് നാല്‍പ്പതിനായിരം അണക്കെട്ടുകളുടെ കാലാവധിയാണ് കഴിയുക. ഈ അണക്കെട്ടുകളെല്ലാം സമയാനുസൃതമായി പുതുക്കി നിര്‍മ്മിച്ചില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കും.
മാനവരാശിയ്ക്കാകെ ഭീഷണിയായി നാല്‍പ്പതിനായിരം ജലബോംബുകളായി ഇവ നിലനില്‍ക്കും. ലോകരാജ്യങ്ങള്‍ ആഴത്തില്‍ സമീപിക്കേണ്ട പാരിസ്ഥിതിക പ്രശ്നമായി അണക്കെട്ടുകള്‍ മാറുകയാണ്. ഇടുങ്ങിയ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കുടഞ്ഞുകളഞ്ഞ് മനുഷ്യരുടെ നന്മയ്ക്കായി ചിന്തിക്കുന്ന നേതാക്കളാണ് വേണ്ടത്. അങ്ങനെയെങ്കില്‍ മുല്ലപ്പെരിയാര്‍ ഒരു ഭീഷണിയായി മാറില്ല.
മറൈന്‍ എഞ്ചിനിയര്‍ എങ്ങനെയാണ് സിനിമാ സംവിധായകനായത്?
സിനിമ ഒരു അഭിനിവേശമായി കുട്ടിക്കാലം മുതല്‍ മനസിലുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകനാകണമെന്ന ആഗ്രഹം തീവ്രമായിരുന്നെങ്കിലും മറൈന്‍ എഞ്ചിനിയറിങ്ങാണ് പഠിച്ചത്. എങ്കിലും സിനിമ വിട്ടിരുന്നില്ല. വിഷ്ണുലോകം എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറാകാന്‍ അവസരം ലഭിച്ചെങ്കിലും പോകാനായില്ല. കമല്‍ സാറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ദുബായിലേക്കു പോയി. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായി. ദീര്‍ഘനാള്‍ കടല്‍യാത്രകള്‍ . പിന്നീട് ദുബായ് കേന്ദ്രീകരിച്ച് സ്വന്തമായി ബിസിനസ് സംരംഭം. മറൈന്‍ബിസ് ടിവിയെന്ന പേരില്‍ ചാനല്‍ ആരംഭിച്ചു. നാഷണല്‍ ജ്യോഗ്രഫിക്കും മറ്റും സമാനമായി നാവികര്‍ക്കു വേണ്ടിയുള്ളതായിരുന്നു ചാനല്‍ .
വീണ്ടും സിനിമാ താല്‍പ്പര്യങ്ങള്‍ മുളപൊട്ടിയതോടെ ഹോളിവുഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫിലിം പ്രൊഡക്ഷന്‍ ആന്‍ഡ് ഡയറക്ഷന്‍ കോഴ്സ് ചെയ്തു. തുടര്‍ന്നാണ് സ്വന്തമായി സിനിമയെന്ന ലക്ഷ്യത്തിലേക്കു തിരിഞ്ഞത്. മുല്ലപ്പെരിയാറിനെ കുറിച്ചുള്ള ഡോക്യുമെന്ററി അതിന്റെ ആദ്യ ചുവടായിരുന്നു. ഇരുപതോളം ദേശീയ- അന്തര്‍ദേശീയ പുരസ്ക്കാരങ്ങള്‍ ഡോക്യുമെന്ററിക്ക് ലഭിച്ചു. പിന്നീട് എന്റെ മനസിലുള്ള സിനിമ നോവല്‍ രൂപത്തിലെഴുതി. ഇപ്പോള്‍ സിനിമയിലില്ലാത്ത ഒരു പാട് കാര്യങ്ങള്‍ നോവലിലുണ്ട്. സിനിമയുടെ ഓരോ രംഗവും മനസില്‍ ഉറപ്പിച്ച ശേഷമാണ് ചിത്രീകരണത്തിലേക്കു കടന്നത്. ഏറെ പ്രയത്നത്തിനു ശേഷം ഒരു സമ്പൂര്‍ണ ചിത്രമായി "ഡാം 999" പ്രേക്ഷകരുടെ മുന്നിലെത്തുമ്പോള്‍ വല്ലാത്ത ആത്മസംതൃപ്തിയാണ് അനുഭവപ്പെടുന്നത്.
എന്തൊക്കെയാണ് ഭാവി പദ്ധതികള്‍ ?
സിനിമയില്‍ സജീവമായുണ്ടാകുമോ? സിനിമയില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനം. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ അധികരിച്ചാകും പുതിയ ചിത്രം. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. "ഡാം 999" ന് സമാനമായി ആഗോള ക്യാന്‍വാസില്‍ തന്നെയാകും ഈ ചിത്രവും. ആരും കടല്‍ക്കൊള്ളക്കാരായി ജനിക്കുന്നില്ല. സാഹചര്യങ്ങള്‍ അവരെ മാറ്റിത്തീര്‍ക്കുകയാണ്. സൊമാലിയയിലെ കാപ്പിരികള്‍ കടല്‍ക്കൊള്ളയിലേക്ക് തിരിയാന്‍ കൃത്യമായ കാരണങ്ങളുണ്ട്. അതിന് ആഗോള മാനങ്ങളുണ്ട്. കടല്‍ക്കൊള്ളക്കാര്‍ക്ക് മോചനദ്രവ്യമായി ഓരോ വര്‍ഷവും വന്‍തുകയാണ് കപ്പല്‍ കമ്പനികള്‍ നല്‍കേണ്ടി വരുന്നത്. ഇന്‍ഷൂറന്‍സ് കമ്പനികളാണ് പണം നല്‍കുന്നതെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ പൊതുപണമാണ്. കടല്‍ക്കൊള്ള വ്യാപകമാവുമ്പോള്‍ പ്രീമിയം തുകയില്‍ അതിനനുസരിച്ചുള്ള വര്‍ധനവ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ വരുത്തും. കടലിന്റെ പശ്ചാത്തലത്തില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാകും പുതിയ ചിത്രവും.
ആത്മവിശ്വാസം നിഴലിച്ച ചിരിയോടെ ഡല്‍ഹി കേരളഹൗസില്‍ വെച്ച് സോഹന്‍ കൈ തന്നു പിരിയുമ്പോള്‍ പൊളിഞ്ഞു തുടങ്ങുന്ന അണക്കെട്ടുകളും നാല്‍പ്പതിനായിരം ജലബോംബുകളുമാണ് മനസില്‍ നിറഞ്ഞത്. ഒപ്പം മുല്ലപ്പെരിയാറിനു താഴോട്ട് അറബിക്കടല്‍ വരെ ഭീതിയുടെ നിഴലില്‍ കഴിയുന്ന ലക്ഷക്കണക്കിന് മലയാളികളുടെ നിസ്സഹായതയും.
*
സോഹന്‍ റോയ്/എം പ്രശാന്ത് ദേശാഭിമാനി വാരിക 10 ഡിസംബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സോഹന്‍ റോയ് ആറുവര്‍ഷം സമുദ്രങ്ങള്‍ താണ്ടി പ്രകൃതിയുടെ ശാന്ത-രൗദ്ര താളം കണ്ടു. 1975ല്‍ ചൈനയിലെ ബാന്‍ക്വിയോ അണക്കെട്ട് തകര്‍ന്ന് രണ്ടര ലക്ഷം പേര്‍ ദാരുണമായി കൊല്ലപ്പെട്ടത് ഈ സമുദ്രസഞ്ചാരിയെ ആധുനിക നദീജല സംസ്കാരത്തിന്റെ ആപത്ശങ്കകളില്‍ എത്തിച്ചു. ജന്മദേശത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ട് "പൊട്ടും പൊട്ടില്ല" എന്ന തര്‍ക്കം തുടരവെ ഭൂമിയിലെ അന്‍പതിനായിരത്തിലേറെ വന്‍കിട അണക്കെട്ടുകളുടെ സുരക്ഷ അദ്ദേഹം പഠന വിധേയമാക്കി. ഇതില്‍ നാല്‍പ്പതിനായിരത്തോളം അണകള്‍ 2020 ഓടെ ആയുര്‍ദൈര്‍ഘ്യം അവസാനിക്കുന്നതാണെന്നു മനസിലാക്കി. ഇതിലൊന്നാണ് മുല്ലപ്പെരിയാറിലേത്.
Post a Comment