Sunday, December 4, 2011

തിരശ്ശീലയ്ക്കുമേല്‍ മരണത്തിന്റെ ഗോള്‍

കളിക്കളത്തിലെ നടുക്കുന്ന ഒരു നിമിഷംപോലെയായിരുന്നു അത്. ലക്ഷ്യത്തിലേക്ക് ചീറിയടുത്ത മരണത്തിന്റെ ആ ഗോളിനെ തടുക്കാന്‍ എത്ര കുതിച്ചുചാടിയിട്ടും ആ ബ്രസീലിയന്‍ ചലച്ചിത്രകാരനായില്ല. ഒരുവേള ആരവം കടല്‍ കടന്ന, ആ ഗോള്‍മുഖത്തെ ഏകാന്തതയില്‍ ഒസ്കര്‍ മാരണ്‍ ഫിലോ എന്ന സംവിധായകന്‍ ഏറെ സന്തോഷത്തോടെയാകണം മരണമെന്ന ഗോളിനെ നേരിട്ടത്. കളിക്കളത്തില്‍ വീണ് മരിച്ച കളിക്കാരനെപ്പോലെ ഫിലോയും ഗോവയില്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ തിരശ്ശീലയുടെ ചലനനിലത്തുതന്നെ വീണ് മരിക്കുകയായിരുന്നു. അതുപക്ഷേ, നഷ്ടപ്പെടുത്തിയത് സോക്കറെന്ന മഹാസംഭവത്തിന്റെ ഏടുകള്‍ ഒളിമങ്ങാതെ ഒപ്പിയെടുത്ത മഹാനായ ചലച്ചിത്രകാരനെയും കളിയെഴുത്തുകാരനെയുമാണ്.

കാല്‍പ്പന്തുമൈതാനം പോലെതന്നെയാണ് സിനിമയും. ത്രസിപ്പിക്കുന്ന ചലനമാണ് അതിന്റെ നിയമം. അടുത്ത നിമിഷം എന്തുസംഭവിക്കുമെന്ന് ആരാലും പ്രവചിക്കാന്‍ കഴിയാത്ത നിമിഷത്തെ ഒപ്പിയെടുക്കുക എന്നത് നല്ല കളിക്കാരനും സംവിധായകനും മാത്രം കഴിയുന്ന കാര്യമാണ്. അത്തരമൊരു സംരംഭവുമായാണ് മാരണ്‍ ഫിലോ ഗോവയിലെത്തുന്നത്. ഏഴ് സോക്കര്‍ സിനിമയാണ് ഇത്തവണ രാജ്യാന്തരമേളയ്ക്കെത്തിയത്. ഇതില്‍ മരിയോ ഫിലോ- ദ ക്രിയേറ്റര്‍ ഓഫ് ക്രൗഡ്സ് എന്ന ഡോക്യുമെന്ററിയുമായാണ് മാരണ്‍ ഫിലോ ഗോവയില്‍ വന്നത്. ബ്രസീലില്‍ കാല്‍പ്പന്തുകളി ഒരു മിത്തായി പടര്‍ന്നുകയറാന്‍ പേനയും ക്യാമറയും നിരന്തരം ചലിപ്പിച്ച പത്രപ്രവര്‍ത്തകനായിരുന്ന മരിയോ ഫിലോയുടെ നാള്‍വഴിപുസ്തകം തുറക്കുന്ന ഡോക്യുമെന്ററിയാണിത്. മറക്കാനാ സ്റ്റേഡിയത്തില്‍ പെലെയും സിക്കോയും ഗാരിഞ്ചയും ദീദിയും ത്രസിപ്പിച്ച നിമിഷങ്ങള്‍ ലോകമറിഞ്ഞത് മരിയോ ഫിലോയുടെ പേനത്തുമ്പിലൂടെയായിരുന്നു. അതിന്റെ ചരിത്രമുഹൂര്‍ത്തങ്ങള്‍ ദ ക്രിയേറ്റര്‍ ഓഫ് ക്രൗഡ്സ് എന്ന സിനിമയിലുടെ മാരണ്‍ ഫിലോ നമ്മോട് പങ്കുവയ്ക്കുന്നു.

1955ല്‍ റിയോ ഡി ജനറോയില്‍ ജനിച്ച മാരണ്‍ ഫിലോ, പെലെയുടെ തുടുത്ത കുതിപ്പും കിതപ്പും വിഷയമാക്കിയ പെലെ, റൊമാരിയോയുടെ കാല്‍പ്പന്തുജീവിതം പറയുന്ന ബൈ ബൈ റൊമാരിയോ എന്നീ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. അറ്റ്ലാന്റിക്ക സിനിമോട്ടോഗ്രാഫിയ എന്ന ബ്രസീലിയന്‍ സിനിമാ കമ്പനിയുടെ ഡയറക്ടര്‍കൂടിയാണ്. ബ്രസീലിലെ കനാല്‍ ന്യൂസ് റീല്‍ എന്ന പ്രശസ്ത ടിവി പരിപാടിയുടെ ചുക്കാന്‍ പിടിച്ചതും ഇദ്ദേഹമാണ്.

ലോകത്തെ സോക്കര്‍ - സിനിമാ അനുഭവങ്ങളെ മുന്‍നിര്‍ത്തി തയ്യാറാക്കിയ പ്രമുഖ സിനിമകളുടെ പാക്കേജുമായി കേരളത്തില്‍ വരാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു മാരണ്‍ ഫിലോയുടെ അപ്രതീക്ഷിത വേര്‍പാട്. മലപ്പുറത്തെയും കോഴിക്കോട്ടെയും കാല്‍പ്പന്ത് മൈതാനങ്ങള്‍ക്ക് അങ്ങകലെ ബ്രസീലിയന്‍ സോക്കര്‍ സംസ്കാരവുമായി കൈകോര്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന അറിവ് അദ്ദേഹത്തില്‍ ആവേശമുണ്ടാക്കിയിരുന്നുവെന്ന് നടന്‍ രവീന്ദ്രന്‍ പറഞ്ഞു. മാരണ്‍ ഫിലോയുമായി സഹകരിച്ച് കേരളത്തില്‍ സോക്കര്‍ സിനിമാമേള സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു രവീന്ദ്രന്‍ . ഇക്കാര്യം സംസാരിച്ച്, മണിക്കൂറുകള്‍ക്കകമായിരുന്നു ഗോവയിലെ സിനിമാ ഓപ്പണ്‍ഫോറത്തില്‍ ഫിലോയുടെ നിര്‍ഭയമായ വേര്‍പാട്. അദ്ദേഹത്തിന്റെ അവസാനപ്രസംഗവും ഗോവന്‍ ടിവി അഭിമുഖവും ഉള്‍പ്പെടുത്തി വിപുലമായ സോക്കര്‍മേള കേരളത്തില്‍ സംഘടിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി അംഗം കൂടിയായ രവീന്ദ്രന്‍ പറഞ്ഞു.

*
വിനോദ് പായം ദേശാഭിമാനി വാരാന്തപ്പതിപ്പ് 04 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...