Monday, December 12, 2011

കാര്‍ നഗരം, കാല്‍നട നരകം, എണ്ണക്കമ്പനികളുടെ സ്വര്‍ഗം

അമേരിക്കന്‍ നഗരങ്ങളില്‍ മഞ്ഞു വീണു തുടങ്ങിയതോടെ യാത്ര ദുരിതമായി.സ്വന്തമായി ഒരു കാര്‍ വാങ്ങാനുള്ള അന്വേഷണം ഊര്‍ജിതമാക്കി.അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും, എവിടെയും പോകാന്‍ പറ്റും വിധം പൊതുഗതാഗത സൗകര്യം ഉള്ള പല ഇന്ത്യന്‍ നഗരങ്ങളെയും വാഴ്ത്താന്‍ തോന്നുന്നു. ഇവിടെ അരമുക്കാല്‍ മണിക്കൂര്‍ ബസ് സ്‌റ്റോപ്പില്‍ കൊടും തണുപ്പത്ത് കാത്തുനിന്നാല്‍ കഷ്ടിച്ച് ഒരു ബസ് വന്നാലായി. നാട്ടിലോ, ബസ്സും ബോട്ടും ട്രെയിനും ഒക്കെയായി എത്ര സൗകര്യമാണ്? എന്നിട്ടും നമ്മള്‍ പരാതി പറയുന്നു.

അമേരിക്കയില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നത് വന്ധ്യവയോധികരും മെക്‌സിക്കോക്കാരും പിന്നെ എന്നെപ്പോലെ ചുരുക്കം ഇന്ത്യാക്കാരും ആണ്. ഒരാള്‍ മാത്രം യാത്ര ചെയ്യുന്ന കാറുകള്‍ ആണ് ഇവിടെ റോഡുകളില്‍ സ്ഥിരം കാഴ്ച.

എന്തുകൊണ്ടാണ് ഈ സ്ഥിതി വന്നത്?

കാറുകളുടെ ഈറ്റില്ലമാണ് അമേരിക്ക. ലോക മഹായുദ്ധങ്ങള്‍ക്ക് ശേഷം വന്‍തോതില്‍ നിര്‍മ്മിക്കപ്പെട്ട കാറുകള്‍ കൂടുതല്‍ പേര്‍ വാങ്ങണം എന്നത് ഓട്ടോ കമ്പനികളുടെ ലാഭത്തിന് ആവശ്യമായിരുന്നു. കാര്‍ വാങ്ങണമെങ്കില്‍ യാത്ര ചെയ്യേണ്ടിവരണം. അതിനായാണ് 'സബര്‍ബ്' അഥവാ ഉപനഗരം എന്ന ആവാസവ്യവസ്ഥ രൂപകല്‍പന ചെയ്യപ്പെട്ടത്. നഗരത്തില്‍ ജോലി ചെയ്തു തളര്‍ന്ന്! വൈകിട്ട് ചേക്കേറാന്‍ ശാന്തവും സുന്ദരവുമായ വീടുകള്‍ നിറഞ്ഞ 'സബര്‍ബന്‍' പ്രദേശങ്ങള്‍ക്ക് ആസൂത്രണ വകുപ്പുകാര്‍ 1940കള്‍ മുതല്‍ വന്‍ പ്രചാരം കൊടുത്തു. കാറുകള്‍ ഓടിച്ചു പോകാന്‍ വന്‍തോതില്‍ ഹൈവേ നിര്‍മാണവും നടന്നു. ഐസനോവര്‍ പ്രസിഡണ്ട് ആയിരുന്ന കാലത്ത് 1956ല്‍ തുടങ്ങി 35 വര്‍ഷം പണി തുടര്‍ന്ന അമേരിക്കയുടെ 'ഇന്റെര്‍ സ്‌റ്റേറ്റ് ഹൈവേ സിസ്റ്റം' ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. അന്തരീക്ഷ മലിനീകരണം നിറഞ്ഞ വന്‍നഗരങ്ങളില്‍ വൈകുവോളം ജോലി ചെയ്തിട്ട് നഗരാതിര്‍ത്തിയിലെ തങ്ങളുടെ വീടുകളിലേയ്ക്ക് കാറോടിച്ച് പോവുക എന്നത് ശരാശരി അമേരിക്കക്കാരന്റെ നിത്യ ജീവിതചര്യയായി മാറി. ഇന്ന് ഈ ഹൈവേകളിലൂടെ പശ്ചിമ നഗരങ്ങളില്‍ നിന്ന് തെക്കന്‍ തീരങ്ങള്‍ വരെ വേണമെങ്കിലും കാറില്‍ പോകാം.

നിരന്തരം ഒഴുകുന്ന ട്രാഫിക്കില്‍, റോഡ് മുറിച്ചു കടക്കാന്‍ കാത്തു നില്‍ക്കുമ്പോഴെല്ലാം ഞാന്‍ ആലോചിക്കും; ഈ കാറുകളില്‍ നിറച്ചിരിക്കുന്ന ഇന്ധനം തേടിയുള്ള അമേരിക്കയുടെ നിരന്തര പ്രയാണം എത്ര 'എണ്ണയുദ്ധ'ങ്ങള്‍ക്ക് വഴി വച്ചു!

ബസ് വരാന്‍ കാത്തു നിന്ന് മടുക്കുമ്പോള്‍ തോന്നും, ഒരു പക്ഷെ പൊതു ഗതാഗതം തകര്‍ക്കുക എന്നതു കാര്‍ നിര്‍മാതാക്കളുടെയും ഇന്ധന കമ്പനികളുടെയും ആവശ്യമാണ് എന്ന്. പലയിടങ്ങളിലും ഒരു ബസ് യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ യാത്രക്കൂലി രണ്ടു ഡോളര്‍ ആണ്. ഒരു ഗാലന്‍ ഇന്ധനത്തിനാവട്ടെ, മൂന്നര ഡോളര്‍ ആണ് ഇപ്പോള്‍ വില. സ്വാഭാവികമായും ജനം സ്വന്തമായി കാര്‍ വാങ്ങാനല്ലേ നോക്കൂ. ഇന്ധന വില ഇങ്ങനെ കുറച്ചു നിര്‍ത്തുക എന്നത് അമേരിക്കയുടെ വിദേശ നയത്തിന്റെ കാതലായ ഒരു അംശം ആണ് എന്നൊന്നും കാര്‍ പ്രേമികള്‍ അറിയുന്നില്ല. ഈയിടെ ഷിക്കാഗോയില്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. അതോടെ സബര്‍ബന്‍ ട്രെയിന്‍ യാത്രയും ലാഭകരമല്ലാതായി.

ഇതെല്ലാം കൂടുതല്‍ പേരെ കാര്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. അതാണ് അമേരിക്കന്‍ സാമ്പത്തിക രംഗത്തെ പ്രമുഖരായി കാര്‍ കമ്പനികള്‍ വാഴാന്‍ കാരണം. സാമ്പത്തിക മാന്ദ്യം തുടങ്ങിയ 2008 കാലയളവില്‍ ഇന്ധനക്ഷമത ഇല്ലാത്ത 'എസ്.യു.വി' എന്ന ഭീമന്‍ കാറുകള്‍ ജനം വാങ്ങാതിരിക്കുകയും വന്‍ തോതില്‍ ജപ്പാന്‍ നിര്‍മ്മിത കാറുകള്‍ ഇറക്കുമതി ചെയ്യപ്പെടുകയും ഉണ്ടായി. െ്രെകസ്ലര്‍, ജനറല്‍ മോട്ടോര്‍സ്, ഫോര്‍ഡ് എന്നീ കാര്‍ നിര്‍മാണ 'ത്രിമൂര്‍ത്തികള്‍' വന്‍നഷ്ടം നേരിട്ടു. ആദ്യത്തെ രണ്ടു പേര്‍ പാപ്പരത്തം പ്രഖ്യാപിക്കുകയും സര്‍ക്കാരില്‍ നിന്ന് 25 ബില്ല്യന്‍ ഡോളര്‍ സഹായധനം ഇരക്കുകയും ചെയ്തു. ഇവരുടെ പ്രധാന നിര്‍മാണ കേന്ദ്രമായ ഡിട്രോയിറ്റ് പോലെ പല നഗരങ്ങളും നാശം നേരിട്ടു. വന്‍ തോതില്‍ ശമ്പളം വെട്ടിക്കുറച്ചും അനേകം പേരെ പിരിച്ചു വിട്ടും പല പ്ലാന്റുകളും അടച്ചു പൂട്ടിയും ഈ വര്‍ഷം ഈ മൂന്നു കമ്പനികളും വീണ്ടും ലാഭത്തിലായി.

കൂടുതല്‍ അമേരിക്കക്കാര്‍ കാറുകളെ ആശ്രയിക്കുമ്പോള്‍ ലാഭം നേടുന്നത് ഇന്ധന നിര്‍മ്മാണ, വിതരണ കമ്പനികളാണ്. 'ബിഗ് ഫൈവ്' എന്നറിയപ്പെടുന്ന റോയല്‍ ഡച്ച് ഷെല്‍, ബ്രിട്ടീഷ് പെട്രോളിയം, കനോകോ ഫിലിപ്‌സ്, എക്‌സണ്‍മൊബീല്‍, ഷേവ്‌റോണ്‍ എന്നീ ഇന്ധന ഭീമന്മാരുടെ ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തെ ലാഭം 102 ബില്ല്യന്‍ ഡോളര്‍ ആണ്. വര്‍ഷം തീരുമ്പോള്‍ അത് 140 ബില്ല്യന്‍ ആകുമത്രേ. അമേരിക്കയുടെ മധ്യേഷ്യന്‍ യുദ്ധങ്ങളും ആഗോള സാമ്പത്തിക മാന്ദ്യവും ഒന്നും അവരെ ബാധിച്ചില്ല.

അമേരിക്കയില്‍ നിര്‍മ്മിക്കുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന വാഹനങ്ങള്‍ ഇവിടെ കുമിഞ്ഞുകൂടിയത് സെക്കന്റ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ ഒരു പുതിയ വ്യവസായം തന്നെ സൃഷ്ടിച്ചിരിക്കുന്നു. സമൃദ്ധിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും കാലത്ത് പലരും പഴയ കാറുകള്‍ മറിച്ചുവിറ്റായിരുന്നു പുതിയ 'എണ്ണതീനി' മോഡലുകളെ, തുണി മാറുന്ന ലാഖവത്തോടെ, വാങ്ങിയിരുന്നത്. ഈ കാറുകള്‍ സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ കുന്നുകൂടിയതോടെ, ഏതു കടയില്‍ പോയാലും പുതിയ മോഡലുകളുടെ അത്രതന്നെ, ചിലപ്പോള്‍ അതിനേക്കാള്‍ കൂടുതല്‍, 'യൂസ്ഡ് കാര്‍' കച്ചവടം പൊടിപൊടിക്കുന്നത് കാണാം. ഇന്ത്യയില്‍ ഇപ്പോള്‍ വളര്‍ന്നു വരുന്ന ഒരു പ്രവണതയാണ് ഇതെന്നറിയാം. എന്നാല്‍ അതിനേക്കാള്‍ എത്രയോ വലിയ തോതില്‍ ആണ് ഇവിടത്തെ കച്ചവടം.

കാറുകളുടെ വളര്‍ച്ചയും അതോടൊപ്പം ക്ഷയിച്ച, അഥവാ ക്ഷയിപ്പിച്ച പൊതു ഗതാഗതവും കാല്‍നടക്കാരന്റെ ദുരിതങ്ങളും ഒടുങ്ങുന്നില്ല. ഒരിക്കലും നടപ്പാത വഴി മുക്കാല്‍ മണിക്കൂര്‍ നടന്നുപോകാന്‍ പറ്റില്ല. ഫുട്പാത്ത് അവസാനിച്ച് റോഡില്‍ ഇറങ്ങി, ചീറിപ്പായുന്ന വാഹനങ്ങളുടെ ഓരം പറ്റി, നടക്കേണ്ടി വരും. കാറിടിച്ച് കഥ കഴിയാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

ഈയിടെ നടന്ന പഠനങ്ങളില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന 'ഹിറ്റ് ആന്‍ഡ് റണ്‍' കേസുകള്‍ വളരെയേറെയാണ് എന്ന് കണ്ടെത്തി. ഷിക്കാഗോയില്‍ മാത്രം ഒരു വര്‍ഷം ഇത്തരം അപകടങ്ങളില്‍ മൂവായിരം പേര്‍ മരിക്കുന്നു. പലപ്പോഴും നടക്കാനുള്ള സിഗ്‌നല്‍ കണ്ടു റോഡ് മുറിച്ചു കടന്നു പകുതിയെത്തുമ്പോള്‍ സിഗ്‌നല്‍ മാറും. വാഹനങ്ങള്‍ അനങ്ങി തുടങ്ങുമ്പോള്‍ ബാക്കി റോഡ് കൂടി മുറിച്ചു കടക്കാന്‍ കാല്‍നടക്കാര്‍ ശ്രമിക്കുമ്പോഴാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാവുക. ഇങ്ങനെ വലിയ റോഡുകളുടെ നടുവില്‍ എത്തി പകച്ചു നില്‍ക്കുന്ന വൃദ്ധജനങ്ങള്‍ ഇവിടുത്തെ ഹൈവേകളില്‍ സ്ഥിരം കാഴ്ചയാണ്. ട്രാഫിക് അപകടങ്ങളില്‍ 2001-09 കാലയളവില്‍ 3.69 ലക്ഷം പേര്‍ മരിച്ചു എന്ന് അമേരിക്കയുടെ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ കണക്കാക്കുന്നു. ഇതില്‍ നല്ലൊരു പങ്കും കാല്‍നടയാത്രക്കാരാണ്. പന്ത്രണ്ടിനും പത്തൊമ്പതിനും ഇടയ്ക്കു പ്രായമുള്ള അമേരിക്കക്കാര്‍ മരിക്കുന്നതിനു ഏറ്റവും വലിയ കാരണം (35 ശതമാനം) ട്രാഫിക് അപായങ്ങള്‍ ആണത്രേ.

ഈ പ്രവണതകള്‍ക്കെതിരെ ഇന്ന് പൊതുജന രോഷം കൂടി വരുകയാണ്. സൈക്കിള്‍ ഓടിക്കാന്‍ കൂടുതല്‍ സുരക്ഷ ആവശ്യപ്പെടുകയാണ് ഷിക്കാഗോ ആക്ടിവ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അലയന്‍സ്. ഈ സംഖടനയുടെ കണക്ക് പ്രകാരം കഴിഞ്ഞ പത്തു വര്‍ഷം 55 ശതമാനം വര്‍ധനയാണ് സൈക്കിള്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായത്. എന്നും വില മാറുന്ന ഗ്യാസോലിന്‍ അടിച്ച് അപകടം പിടിച്ച ഹൈവേകളിലൂടെ 'ഒരാള്‍ ഒരു കാറില്‍' പോകുന്നതിനും അന്തരീക്ഷ മലിനീകരണം നടത്തുന്നതിനും എതിരെ സാധാരണക്കാരന്റെ പ്രതിഷേധം കൂടിയാണ് സൈക്ലിംഗ്. ഓഫീസിലും കോളജിലും ഒക്കെ ഇന്ന് വളരെയേറെ പേര്‍ സൈക്കിളില്‍ പോകുന്നു. ഷിക്കാഗോ നഗരത്തില്‍ മാത്രം 14000 പേര്‍.

ബസ് യാത്രയ്ക്കു കൂടുതല്‍ പൊതുജനപങ്കാളിത്തം ഉറപ്പു വരുത്തലാണ് മറ്റൊരു പ്രവണത. നാട്ടുകാരുടെ സഹായവും സഹകരണവും കാരണം ഒറിഗണ്‍, ന്യൂ യോര്‍ക്ക്, ലോസ് ഏഞ്ചലസ്, ലാസ് വേഗാസ് തുടങ്ങിയ പല നഗരങ്ങളിലും ബസ്സുകള്‍ക്ക് യാത്രാസമയം ചുരുക്കും വിധം റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം നിലവില്‍ വന്നിരിക്കുന്നു.

എങ്കിലും, 'ഒറ്റയ്ക്ക് ഒരു കാറില്‍' ഓഫീസിലേയ്ക്ക് പോകുന്നവരുടെ എണ്ണം അമേരിക്കയില്‍ ഇപ്പോഴും വളരെ കൂടുതലാണ്. ഷിക്കാഗോയില്‍ അത് ഏതാണ്ട് 52 ശതമാനം വരും.

'റോഡുകള്‍ കാറുകള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്' എന്ന സമീപനത്തിന് എതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കന്‍ മധ്യവര്‍ഗത്തിന് വിജയം നേടാന്‍ ലാഭക്കൊതിയരായ ഓട്ടോ കമ്പനികളും ഇന്ധന വിതരണക്കാരും സമ്മതിക്കുമോ? ഇല്ലെങ്കില്‍ വേഗം ഒരു സെക്കന്റ് ഹാന്‍ഡ് കാര്‍ എടുക്കുകയേ ഉള്ളൂ വഴി.

*
ജനയുഗം

No comments: