Friday, December 2, 2011

വ്യാജ ഏറ്റുമുട്ടല്‍ കേസ് പൊളിയുന്ന കള്ളക്കഥ

പല തൂണുകളില്‍ നിലനില്‍ക്കുന്നതാണ് ജനാധിപത്യം. ഒന്നു കേടായാല്‍ താങ്ങാന്‍ മറ്റൊരു തൂണിനാകണം. ഇതിനു കഴിയാതെ വന്നപ്പോഴാണ് 1920കളില്‍ ജര്‍മനിയില്‍ ഫാസിസം പടര്‍ന്നുപിടിച്ചത്. ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ക്ക് അതിനു കഴിയാതിരിക്കുന്നതും നമ്മുടെ ജനാധിപത്യത്തിന്റെ ആധാരശിലകളുടെ ശക്തി നിമിത്തമാണ്. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ . കോടതി, മാധ്യമങ്ങള്‍ , മനുഷ്യാവകാശ പ്രവര്‍ത്തകര്‍ , മതേതര ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഒപ്പം ഹിന്ദു ഫാസിസത്തിനു കീഴടക്കാന്‍ കഴിയാത്ത ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ആത്മാര്‍ഥത നമ്മുടെ ജനാധിപത്യത്തിന് ഒരിക്കല്‍ക്കൂടി ശക്തിപകര്‍ന്നിരിക്കുന്നു.

ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് ബിഹാര്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് രഞ്ജന്‍വര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അവരുടെ കണ്ടെത്തല്‍ അനുസരിച്ച് 2004 ജൂണ്‍ 15നു പുലര്‍ച്ചെ അഹമ്മദാബാദിനു സമീപം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് ഗുജറാത്ത് പൊലീസ് പറയുന്ന ഇസ്രത്ത് ജഹാനും പ്രാണേഷ്കുമാറും മറ്റു രണ്ടുപേരും മരിച്ചത് പ്രസ്തുത ഏറ്റുമുട്ടലില്‍ അല്ല. പൊലീസ് കൃത്രിമമായി ഏറ്റുമുട്ടല്‍ നാടകം സൃഷ്ടിക്കുകയായിരുന്നെന്നും അന്വേഷണസംഘം സമര്‍ഥിക്കുന്നു. ഇസ്രത്ത് ജഹാന്‍ അടക്കമുള്ള നാലുപേരെ മറ്റെവിടെയോ വച്ച് വധിച്ചശേഷം അഹമ്മദാബാദിലെ നരോദയ്ക്കടുത്തുള്ള കോതാര്‍പുരിലെ റോഡില്‍ കൊണ്ടിടുകയായിരുന്നു. ഫോറന്‍സിക് പരിശോധനയുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ അന്വേഷണസംഘം എത്തിയത്. മൃതശരീരങ്ങള്‍ക്ക് വന്ന വിറങ്ങലിപ്പിന്റെ അളവും കൊല്ലപ്പെട്ടവരുടെ ആമാശയത്തില്‍ നിന്നു കണ്ടെടുത്ത പാതി ദഹിച്ച ഭക്ഷ്യവസ്തുക്കളും പ്രധാനപ്പെട്ട തെളിവായി. ഗുജറാത്ത് പൊലീസിന്റെ കഥയനുസരിച്ചായിരുന്നു ഏറ്റുമുട്ടല്‍ നടന്നതെങ്കില്‍ ഈ രണ്ടു തെളിവും ഒപ്പം, കൊലചെയ്യപ്പെട്ടവര്‍ സഞ്ചരിച്ച കാറില്‍ കണ്ടെത്തിയ വെടിയുണ്ട തുളച്ചുകയറിയുണ്ടായ ദ്വാരങ്ങളും പൊലീസിന് എതിരാകുമായിരുന്നില്ല. വെടിയേറ്റ മുറിവുകളുടെ സ്വഭാവം വളരെ അടുത്തുനിന്ന് വെടിവച്ചതാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഏറ്റുമുട്ടലുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. കാറിലുള്ളവര്‍ വെടിവച്ചപ്പോള്‍ ആത്മരക്ഷാര്‍ഥം തിരിച്ച് വെടിവച്ചെന്നാണ് ഗുജറാത്ത് പൊലീസിന്റെ ഭാഷ്യം. ഇങ്ങനെയായിരുന്നെങ്കില്‍ പലതവണ വെടിയുതിര്‍ത്തിട്ടുണ്ട്. എന്നാല്‍ , ഒരു വെടിയുണ്ട പോലും സംഭവസ്ഥലത്തു നിന്നു കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല, പ്രതികളില്‍ പൊലീസിന് നേരെ വെടിവച്ചെന്നു പറയപ്പെടുന്ന ആളിന്റെ കൈപ്പത്തി പൊലീസ് വിശദമായി പരിശോധിച്ചിട്ടും അയാള്‍ വെടിവച്ചതിന്റെ ഒരു തെളിവും കിട്ടിയിരുന്നില്ല. പ്രത്യേക അന്വേഷണസംഘം ഏകകണ്ഠമായി എത്തിച്ചേര്‍ന്ന ഈ നിഗമനങ്ങള്‍ അനുസരിച്ച് ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പങ്കാളിയായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് അനുസരിച്ച് പുതിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഈ കേസിന്റെ നാള്‍വഴികള്‍ നമ്മുടെ ജനാധിപത്യത്തിന് കടുത്ത ഭീഷണിയുയര്‍ത്തിയവയായിരുന്നു. കാരണം ഗുജറാത്ത് പൊലീസിന്റെ ഭാഷ്യം ഇങ്ങനെ: "ലഷ്കര്‍ ഈ തോയ്ബ ഭീകരവാദികളായ ഇസ്രത്തും ജാവേദ് ഷേഖ് എന്ന പ്രാണേഷ്കുമാറും രണ്ടു പാകിസ്ഥാനികളും (ഇതില്‍ അവസാനം പറഞ്ഞ രണ്ടുപേരുടെയും പാക് പൗരത്വം സംശയാതീതമായി തെളിയിക്കാനായിട്ടില്ല) മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനുള്ള ദൗത്യവുമായാണ് അഹമ്മദാബാദിലേക്ക് പുറപ്പെട്ടത്. ഈ ലക്ഷ്യവുമായി അഹമ്മദാബാദിലേക്ക് യാത്ര ചെയ്യുമ്പോഴാണ് കോതാര്‍പുരില്‍ വച്ച് ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധസംഘം കാര്‍ തടയുന്നത്. തുടര്‍ന്ന് കാറില്‍ നിന്ന് വെടിവയ്പുണ്ടായി. പൊലീസിന്റെ ആത്മരക്ഷാര്‍ഥമുള്ള വെടിവയ്പില്‍ നാലു ഭീകരവാദികളും മരിച്ചു." പക്ഷേ, ഇത്രയും ശക്തമായ ഏറ്റുമുട്ടലുണ്ടായിട്ടും ഒരു പൊലീസുകാരനും പരിക്കേല്‍ക്കാതിരുന്നതില്‍ അന്നേ സംശയമുണ്ടായിരുന്നു. ഇസ്രത്തിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവം വഴിത്തിരിവിലെത്തുന്നത്. പിന്നാലെ പ്രാണേഷ്കുമാറിന്റെ അച്ഛനും പരാതി നല്‍കി.

ഇതിനിടെ, ഏറ്റുമുട്ടലിന്റെ വിശദാംശം അന്വേഷിച്ച അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് എസ് പി തമാങ് പൊലീസിന്റെ വാദം തെറ്റാണെന്നു കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജൂണ്‍ 12നു ഇസ്രത്തിനെയും കൂട്ടാളികളെയും ഗുജറാത്ത് പൊലീസിന്റെ ക്രൈംബ്രാഞ്ച് മുംബൈയില്‍ നിന്നു തട്ടിക്കൊണ്ടുപോകുകയും എവിടെയോ വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങള്‍ കോതാര്‍പുരില്‍ ഉപേക്ഷിക്കുകയും ചെയ്തതാണ്. മൃതദേഹത്തിന്റെ വിറങ്ങലിച്ച അവസ്ഥ തെളിവായെടുത്ത് 15നു രാവിലെ അല്ല 14നു രാത്രി 11 മണിക്കാണ് ഇസ്രത്തും കൂട്ടാളികളും കൊല്ലപ്പെട്ടതെന്നും തമാങ് വിശദീകരിച്ചു. കൊല്ലപ്പെട്ടവരില്‍ നിന്നു പിടിച്ചെടുത്ത ആയുധങ്ങള്‍ പൊലീസ് കൊണ്ടുവന്നിട്ടതാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ , ഗുജറാത്ത് ഹൈക്കോടതി ഈ റിപ്പോര്‍ട്ട് സ്റ്റേ ചെയ്തു. ജനാധിപത്യ വിശ്വാസികളെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും നിരാശപ്പെടുത്തിയ നടപടിയായിരുന്നു അത്. എന്നാല്‍ , പ്രത്യേക അന്വേഷകസംഘത്തെ അന്വേഷണം തുടരാന്‍ കോടതി അനുവദിച്ചു. ഈ അന്വേഷകസംഘമാണ് തമാങ്ങിന്റെ കണ്ടെത്തലുകള്‍ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയത്.
ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് ഒറ്റപ്പെട്ട സംഭവമല്ല. നരേന്ദ്രമോഡി അധികാരമേറ്റശേഷം ഗുജറാത്തില്‍ പത്തൊമ്പതോളം വ്യാജ ഏറ്റുമുട്ടല്‍ കേസുണ്ടായിട്ടുണ്ട്. മറ്റൊന്ന് സൊഹ്റാബുദ്ദീന്‍ കേസാണ്. പ്രസ്തുത കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് എന്ന കൊലയാളി സേനയുടെ തലവനായിരുന്ന ഡി ജി വന്‍സാര, അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമീഷണറായിരുന്ന അഭയ് ചുദാസമ എന്നിവര്‍ ജയിലിലാണ്. ഈ കേസിന്റെ വിധി വരാനിരിക്കുന്നതേയുള്ളൂ. ഇതില്‍ വന്‍സാരയുടെയും ജയിലില്‍ കഴിയുന്ന മറ്റൊരു ഓഫീസറായ എന്‍ കെ അമീന്റെയും കാര്‍മികത്വത്തിലാണ് ഇസ്രത്ത് വ്യാജ ഏറ്റുമുട്ടല്‍ നാടകം അരങ്ങേറിയത്.

ചോര മരവിപ്പിക്കുന്ന ഇത്തരം വ്യാജ ഏറ്റുമുട്ടലുകള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ ഗുജറാത്ത് പൊലീസിനെ പ്രേരിപ്പിക്കുന്നതെന്താണ്? ജസ്റ്റിസ് തമാങ്ങിന്റെ അഭിപ്രായത്തില്‍ ഇസ്രത്ത് കേസില്‍ വന്‍സാരയുടെയും കൂട്ടരുടെയും ലക്ഷ്യം സ്ഥാനക്കയറ്റവും അംഗീകാരങ്ങളും മാത്രമായിരുന്നില്ല; അവരുടെ ചെയ്തി ഫാസിസത്തിന്റെ നിഗൂഢമായ വഴികളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജൂതര്‍ എന്ന പൊതുശത്രുവിനെയും അവരെ വെറുക്കാന്‍ കാരണങ്ങളും ചൂണ്ടിക്കാട്ടിക്കൊടുത്താണ് ഹിറ്റ്ലര്‍ ഇതര ജര്‍മന്‍ വംശജരുടെ പിന്തുണ നേടിയത്. 2002ലെ ഗോധ്ര സംഭവം മോഡിക്ക് ഒരു കാരണം നല്‍കി. അതിന്റെ ചുവടുപിടിച്ച് ഗുജറാത്തിലെ മുസ്ലിം ന്യൂനപക്ഷത്തെ ആസൂത്രിതമായി വംശഹത്യ ചെയ്തു. ഇതിന് കാര്‍മികത്വം വഹിച്ച ഹിന്ദുത്വവാദികളെയും ഉദ്യോഗസ്ഥരെയും സംരക്ഷിച്ചു. അങ്ങനെ "മുഠാളന്‍"മാരായ മുസ്ലിങ്ങള്‍ക്കെതിരെ ഗുജറാത്തിയുടെ ചെറുത്തുനില്‍പ്പായി സ്വയം സ്ഥാപിച്ചെടുത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ചു.

എന്നിട്ടും ഈ തട്ടിപ്പ് അവസാനിച്ചില്ല. തനിക്കെതിരെ നിരന്തരം ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ത്തു. ഓരോ വ്യാജ ഏറ്റുമുട്ടല്‍ കഴിയുമ്പോഴും മോഡിയെ വധിക്കാനെത്തിയ ഭീകരവാദിയെ സാഹസികമായി വധിച്ചെന്ന പല്ലവി വന്‍സാരയെ കൊണ്ട് വാര്‍ത്താസമ്മേളനം നടത്തിച്ച് ആവര്‍ത്തിച്ചു. ഇത്തരം വാര്‍ത്തകള്‍ ഗുജറാത്തികളുടെ മനസ്സില്‍ മുസ്ലിം ന്യൂനപക്ഷങ്ങളോടുള്ള വിപ്രതിപത്തി വളര്‍ത്തിക്കൊണ്ടിരുന്നു. അതായത് കൃത്യമായി ആസൂത്രണം ചെയ്താണ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഗുജറാത്തികളെ അണിനിരത്താന്‍ മോഡി ശ്രമിച്ചത്. ഈ പ്രതിച്ഛായക്ക് ശക്തിപകരാനായി മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുപോലും മോഡിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുസ്ലിം യുവാക്കളെ വന്‍സാരയും കൂട്ടരും തെരഞ്ഞുപിടിച്ചു. ഒന്നുകില്‍ അവരെ ഇസ്രത്തിനെപ്പോലെ വ്യാജ ഏറ്റുമുട്ടലില്‍ കൊന്നുതള്ളി. അല്ലെങ്കില്‍ ഹരേന്‍ പാണ്ഡ്യ കേസില്‍ കോടതി കുറ്റവിമുക്തരാക്കിയ ഹൈദരാബാദിലെ യുവാക്കളെപ്പോലെ ജയിലിലടച്ചു. ഇങ്ങനെ അന്യ സംസ്ഥാനത്തു നിന്നുവരുന്ന "ഭീകരവാദികള്‍" മോഡിയെ ലക്ഷ്യം വയ്ക്കുന്നു എന്ന പ്രതീതിയുണ്ടാക്കിയാല്‍ "ഗുജറാത്തിന്റെ രക്ഷകന്‍" എന്ന നിലയില്‍ നിന്ന് "ഇന്ത്യയുടെ രക്ഷകന്‍" എന്ന നിലയിലേക്ക്, ദേശീയ രാഷ്ട്രീയത്തിലേക്ക് എഴുന്നള്ളിക്കാനാകും. ഫാസിസത്തിന്റെ വഴികള്‍ അങ്ങനെയൊക്കെയാണ്.

ഇതിന്റെ തുടര്‍ച്ചയാണ് ഫാസിസ്റ്റ്-മുതലാളിത്ത-ഗുണ്ടാ കൂട്ടുകെട്ടു വരുന്നത്. സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് ഇതാണ് സൂചിപ്പിക്കുന്നത്. കാരണം മോഡിയുടെ വലംകൈയായിരുന്ന സംസ്ഥാന ആഭ്യന്തര സഹമന്ത്രി അമിത്ഷായും മോഡിയുടെ ഗസ്റ്റപ്പോകളായ പൊലീസ് ഉദ്യോഗസ്ഥരും സൊഹ്റാബുദ്ദീനും ഒരു ലോബിയായിരുന്നു. രാജസ്ഥാനിലെ മാര്‍ബിള്‍ ഖനി മാഫിയയുമായി ബന്ധപ്പെട്ടാണ് ഇവര്‍ നിലകൊണ്ടിരുന്നത്. ഒടുവില്‍ പങ്ക് കൂട്ടിച്ചോദിച്ചപ്പോള്‍ സൊഹ്റാബുദ്ദീനെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചു.

ഇതിന്റെ മറുപുറമാണ് വന്‍വ്യവസായികള്‍ മോഡിക്ക് ചാര്‍ത്തി നല്‍കുന്ന വികസനനായകനെന്ന പട്ടം. സത്യത്തില്‍ ഗുജറാത്തിലെ പഴയ മുഖ്യമന്ത്രി കേശുഭായി പട്ടേലിന്റെ കാലത്തെ അത്രപോലും വളര്‍ച്ച പലരംഗത്തും മോഡിയുഗം ഉണ്ടാക്കിയിട്ടില്ല. പക്ഷേ, വ്യവസായികള്‍ക്ക് സൗജന്യമായി മണ്ണും പണവും വെള്ളവും നല്‍കി. പിന്നെ അവര്‍ പുകഴ്ത്താതിരിക്കുമോ? ഇങ്ങനെ തന്നെയാണ് ജര്‍മനിയിലെ മുതലാളിമാര്‍ ഹിറ്റ്ലറെയും മിശിഹയായി ചിത്രീകരിച്ചത്. ഏതായാലും ഇസ്രത്ത് ജഹാന്‍ കേസ് മോഡിയെ മുന്‍നിര്‍ത്തി കളിക്കുന്ന ഹിന്ദുത്വ ഫാസിസത്തിനു തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുവന്ന ആദ്യ കേസിന്റെ വിധിയേല്‍പ്പിച്ച ആഘാതം മാറുംമുമ്പേയാണ് പുതിയ അടി കോടതിയില്‍ നിന്ന് മോഡിക്ക് കിട്ടിയിരിക്കുന്നത്. അടുത്തുതന്നെ കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളുടെ വിധി വരും. ഇസ്റത്ത് കേസിന്റെ വിശദമായ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. ആരാണ് തട്ടിക്കൊണ്ടുപോയത്? കൊന്നതാര്? എന്തിന്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. ചുരുക്കത്തില്‍ , വരാനുള്ളത് മോഡിക്ക് നല്ല നാളുകളല്ല. മതേതര ജനാധിപത്യ ഇന്ത്യക്ക് പ്രത്യാശയ്ക്ക് വകയുണ്ടുതാനും.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ദേശാഭിമാനി 02 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പല തൂണുകളില്‍ നിലനില്‍ക്കുന്നതാണ് ജനാധിപത്യം. ഒന്നു കേടായാല്‍ താങ്ങാന്‍ മറ്റൊരു തൂണിനാകണം. ഇതിനു കഴിയാതെ വന്നപ്പോഴാണ് 1920കളില്‍ ജര്‍മനിയില്‍ ഫാസിസം പടര്‍ന്നുപിടിച്ചത്. ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ക്ക് അതിനു കഴിയാതിരിക്കുന്നതും നമ്മുടെ ജനാധിപത്യത്തിന്റെ ആധാരശിലകളുടെ ശക്തി നിമിത്തമാണ്. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ . കോടതി, മാധ്യമങ്ങള്‍ , മനുഷ്യാവകാശ പ്രവര്‍ത്തകര്‍ , മതേതര ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഒപ്പം ഹിന്ദു ഫാസിസത്തിനു കീഴടക്കാന്‍ കഴിയാത്ത ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ആത്മാര്‍ഥത നമ്മുടെ ജനാധിപത്യത്തിന് ഒരിക്കല്‍ക്കൂടി ശക്തിപകര്‍ന്നിരിക്കുന്നു.