Thursday, December 8, 2011

മുല്ലപ്പെരിയാര്‍ - പൊട്ടുന്ന ഡാമും പൊട്ടാത്ത ഭീതികളും

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സ്ഫോടനാത്മകമായ സ്ഥിതിഗതികളാണ് കേരള സംസ്ഥാനത്ത് സംജാതമായിരിക്കുന്നത്. സമചിത്തതയോടെ കാര്യങ്ങള്‍ പരിശോധിക്കണമെന്നും തീരുമാനത്തിലെത്തണമെന്നും പറയുന്നതു പോലും പാപമെന്ന നിലക്കും, നിങ്ങള്‍ മുപ്പത്തിയഞ്ചു ലക്ഷം ജനങ്ങളുടെ ജീവന്റെ ഭീഷണി കാണാത്ത ക്രൂരനാണെന്നും മറ്റുമുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുറച്ചു കാലം പുറകോട്ടു പോവുക. സ്വാതന്ത്ര്യലബ്ധിക്കു ശേഷം, ഇന്ത്യന്‍ റിപ്പബ്ളിക്കില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിക്കുന്നു. സ്വാതന്ത്യ്രം അര്‍ത്ഥപൂര്‍ണമാവുന്നത്, മാതൃത്വം പോലെ പ്രധാനമായ മാതൃഭാഷയില്‍ സ്വയം ആവിഷ്ക്കരിക്കാനും പഠിക്കാനും പഠിപ്പിക്കാനും ഭരിക്കാനും ഭരിക്കപ്പെടാനും കഴിയുമ്പോള്‍ മാത്രമാണ് എന്ന ഉദാരവും അതീവം ജനാധിപത്യപരവും ആധുനികവുമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അടിയന്തിര നടപടി ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ചത്. ഭാഷാ സംസ്ഥാനങ്ങളിലൂടെയേ വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഇന്ത്യയുടെ സ്വാതന്ത്യ്രം പൂര്‍ണമാവൂ എന്ന അഭിപ്രായം മഹാത്മാ ഗാന്ധിക്കുമുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും അര്‍ത്ഥപൂര്‍ണവും സുപ്രധാനവുമായ ജനാധിപത്യവത്ക്കരണം തന്നെ ഭാഷാ സംസ്ഥാന രൂപീകരണമാണെന്ന് ആലോചിച്ചാല്‍ ബോധ്യപ്പെടും. ഭാഷാ സംസ്ഥാന രൂപീകരണത്തിനായി, കമ്മീഷന്‍ രൂപീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചെയ്തത്. ഈ കമ്മീഷന്‍ രാജ്യവ്യാപകമായി വിവിധ സിറ്റിംഗുകള്‍ നടത്തുകയും രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഭാഷാ ശാസ്ത്രജ്ഞന്മാര്‍, ഭൂമിശാസ്ത്രജ്ഞന്മാര്‍, ചരിത്രകാരന്മാര്‍, കലാകാരന്മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, പത്രക്കാര്‍, സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ തുടങ്ങിയവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും അതു പ്രകാരമുള്ള നിഗമനങ്ങളിലെത്തുകയും ചെയ്യുകയാണുണ്ടായത്.

അന്ന്, കേരളത്തിലെ അവിഭക്ത കമ്യൂണിസ്റ് പാര്‍ടിയുടെ സെക്രട്ടറിയായിരുന്ന സഖാവ് എം എന്‍ ഗോവിന്ദന്‍ നായരാണ് പാര്‍ടിയെ പ്രതിനിധീകരിച്ച്, ഭാഷാ സംസ്ഥാന കമ്മീഷനു മുമ്പില്‍ ഹാജരായത്. അദ്ദേഹമടക്കമുള്ളവര്‍ സമര്‍പ്പിച്ച വിലപ്പെട്ട ഒരു ധാരണ കമ്മീഷന്‍ അംഗീകരിക്കുകയും അതുപ്രകാരം, കേരളത്തിന്റെയും തമിഴ് നാടിന്റെയും അതിര്‍ത്തികള്‍ ക്രമീകരിക്കുകയും ചെയ്തു. അതിപ്രകാരമായിരുന്നു. തമിഴ് ഭാഷ സംസാരിക്കുന്നവരേക്കാള്‍ മലയാളഭാഷ സംസാരിക്കുന്നവര്‍ കൂടുതലുള്ള നാഗര്‍കോവില്‍ പ്രദേശം തമിഴ് നാടിന് വിട്ടുകൊടുത്തുകൊണ്ട്; മലയാളഭാഷ സംസാരിക്കുന്നവരേക്കാള്‍ തമിഴ് ഭാഷ സംസാരിക്കുന്നവര്‍ കൂടുതലുള്ളവര്‍ അധിവസിക്കുന്ന ദേവികുളം, മൂന്നാര്‍ പ്രദേശം കേരളത്തിലുള്‍പ്പെടുത്തുക എന്നതായിരുന്നു ആ നിര്‍ദേശം. രണ്ടു കാര്യങ്ങളാണ് എം എനെ ഈ ആവശ്യം ഉന്നയിക്കുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നാണ് ചരിത്രനിരീക്ഷകനായ ഭാസുരേന്ദ്രബാബു പറയുന്നത്. ഒന്ന്, ഉന്നതമായ വിപ്ളവബോധമുണ്ടായിരുന്ന എം എന്, തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഓര്‍മ്മക്കുറിപ്പുകളും ലക്ഷ്യങ്ങളും താറുമാറാക്കുക എന്ന ഉദ്ദേശത്തോടെ വഞ്ചിനാടിന്റെ തലസ്ഥാന നഗരി പോലുമായിരുന്ന തക്കലയും പത്മനാഭപുരവും കേരളത്തിനു പുറത്താക്കാനായിരുന്നു താല്‍പര്യം. (പുത്തരിക്കണ്ടത്തു നിന്ന് രാജസന്നിധിയിലേക്ക് അര്‍ദ്ധനഗ്നരായി, നെല്ലിന്‍ കറ്റയും തലയില്‍ ചുമന്ന് നടന്നു പോയ അഭിനവ അടിമകളുടെ മുന്‍ഗാമിയായിരുന്നില്ല എം എന്‍ എന്നു ചുരുക്കം). രണ്ട്, നാഗര്‍കോവിലില്‍ അരിയാണ് കൃഷിയെങ്കില്‍, ദേവികുളത്ത് തോട്ടം മേഖലയാണ്. കൂടുതല്‍ സാമ്പത്തിക പ്രാധാന്യമുള്ള മേഖല കേരളത്തിലുണ്ടാകേണ്ടത് സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷക്ക് അത്യാവശ്യമാണെന്ന ഘടകവും അദ്ദേഹം കണക്കിലെടുത്തിട്ടുണ്ടായിരിക്കണം.

പറഞ്ഞുവരുന്നത്, കേരളത്തിലായി പോയി അല്ലെങ്കില്‍ തമിഴ്നാടിലായിപ്പോയി എന്നത് പരസ്പരം കടിച്ചുകീറാനുള്ള ലൈസന്‍സുകളായി രണ്ടു സംസ്ഥാനക്കാരും അവിടത്തെ നേതാക്കളും കരുതേണ്ടതില്ല എന്നു തന്നെയാണ്. 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന മഹത്തായ മുദ്രാവാക്യം, കേരളം - മലയാളികള്‍ക്ക് തമിഴരുടെയോ മറ്റുള്ള ഏതെങ്കിലും ഭാഷക്കാരുടേയോ തലയില്‍ കുതിര കയറാനുള്ള ലൈസന്‍സായി സങ്കോചിപ്പിക്കുന്ന അധമത്വത്തിലേക്ക് നീങ്ങുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. തമിഴനെ കണ്ടാല്‍ പച്ചക്ക് തീ കൊളുത്തണം എന്ന മട്ടില്‍ മലയാളിയും മലയാളത്താന്റെ ശവമടക്ക് നടത്തണം എന്ന രീതിയില്‍ തമിഴനും കരുതുന്ന തരത്തിലേക്ക് ദേശീയത, പ്രാദേശികവാദം, ഭാഷാഭിമാനം(അഹങ്കാരം), എന്നിവ വളരുന്ന പരിതസ്ഥിതി സംജാതമായിക്കൂടാ. ഇങ്ങിനെ സംജാതമായിക്കഴിഞ്ഞു എന്നു നിരീക്ഷിക്കാനൊന്നുമല്ല ഈ കുറിപ്പെഴുതുന്നത്. പക്ഷെ, പല മുന്നനുഭവങ്ങളും നമുക്കുള്ളതു കൊണ്ട് അപ്രകാരവും പേടിക്കുന്നു എന്നു മാത്രം. ശിവസേനയുടെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെയും തലത്തിലേക്ക് മലയാളികളും തമിഴ്നാട്ടുകാരും എത്തിപ്പെടാതിരിക്കട്ടെ.

ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകനായ പി ബി അനൂപ് എഴുതിയ അരുത് നാം ശത്രുക്കളല്ല (നാലാമിടം ഡോട്ട് കോം) എന്ന ലേഖനത്തില്‍, കേരളത്തില്‍ വളര്‍ന്നു വരുന്ന തമിഴ് വിരുദ്ധ തരംഗത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. വയനാട്ടിലെ കര്‍ഷക ആത്മഹത്യകളും, ചെറുകിട കച്ചവടത്തിലെ വിദേശ നിക്ഷേപവും മാറ്റിവെച്ച് മലയാളികളെ സടകുടഞ്ഞെഴുന്നേല്‍പ്പിക്കുകയും ഭരണ-പ്രതിപക്ഷ ഭേദമെന്യേ ഒന്നിപ്പിക്കുകയും ചെയ്ത മുല്ലപ്പെരിയാര്‍ ജലബോംബാക്കി മാറ്റുന്നതില്‍, പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്കെന്നതു പോലെ, സൈബര്‍ ലോകത്തിനും കൂടിയ പങ്കുണ്ട്. ഫേസ്ബുക്കില്‍ വന്ന ചില കമന്റുകള്‍ അനൂപ് ഉദ്ധരിക്കുന്നത് ഇവിടെയും എടുത്തെഴുതട്ടെ.

1. ശബരിമലയില്‍ വരുന്ന പാണ്ടി അയ്യപ്പഭക്തന്മാര്‍ക്ക് ഡാം 999 സിനിമയുടെ ഡി വി ഡി കൊടുക്കുക,

2. കേരളത്തില്‍ തമിഴ് സിനിമകള്‍ നിരോധിക്കുക,

3. തമിഴനുണ്ടാക്കുന്ന പച്ചക്കറി വായിലേക്ക് കൊണ്ടുപോവാതിരിക്കുക, അവരുടെ വിപണി തകര്‍ക്കുക.

ഇത്തരം അസംബന്ധജടിലമായ അഹങ്കാര ജല്‍പനങ്ങള്‍, ലോകവിവരവും വിശാലമനസ്കതയും പുരോഗമന ബോധവും സഹിഷ്ണുതയും ജനാധിപത്യ-രാഷ്ട്രീയ പ്രബുദ്ധതയും വേണ്ടുവോളവും വേണ്ടതിലധികവും ഉണ്ടെന്നഭിമാനിക്കുന്ന മലയാളിയുടെ/കേരളീയന്റെ മനസ്സില്‍ നിന്നും ഭാഷയില്‍ നിന്നുമാണ് ഉരുത്തിരിഞ്ഞുവന്നത് എന്നതില്‍ നമുക്ക് ലജ്ജിക്കാം. സത്യത്തില്‍, ഈ ലജ്ജ നമ്മെ കുറച്ചു കൂടി പുറകോട്ട് തിരിയാന്‍ പ്രേരിപ്പിക്കേണ്ടതുമാണ്. മുല്ലപ്പെരിയാര്‍ പ്രശ്നം, സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ കേരള-തമിഴ്നാട് ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും കോടതികളെയും മറ്റും പ്രേരിപ്പിക്കുന്നതില്‍ നിന്ന് തടഞ്ഞതിന്, ഇത്തരത്തിലുള്ള സങ്കുചിത പ്രാദേശിക വാദങ്ങള്‍ കാരണമായിട്ടുണ്ടോ എന്നും ചിന്തിക്കേണ്ടതാണ്. മുല്ലപ്പെരിയാര്‍ പൊട്ടാന്‍ പോകുന്നു - മുപ്പത്തഞ്ചു ലക്ഷം മലയാളികള്‍ അപകടത്തില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ ചമക്കുകയും പ്രസ്താവനകള്‍ക്ക് തീക്കൊടുക്കുകയും ചെയ്തവരല്ലേ, ഇത് തെന്നിന്ത്യയെ ആകെയും ഇന്ത്യയെ മൊത്തത്തില്‍ തന്നെയും ബാധിക്കാന്‍ പോകുന്ന ഗുരുതര പ്രശ്നമാണെന്ന തിരിച്ചറിവിലേക്ക് എല്ലാവരെയും എത്തിക്കാതിരുന്നവര്‍ എന്നും സംശയമുണ്ട്.

എതിരഭിപ്രായങ്ങളെയും വ്യത്യസ്താഭിപ്രായങ്ങളെയും അസഹിഷ്ണുതയോടെ കാണുന്ന തരത്തില്‍, സമൂഹഭീതിയിലേക്ക് (ഫിയര്‍ സൈക്കോസിസ്, മാസ് ഹിസ്റീരിയ) കേരളജനത എത്തിക്കഴിഞ്ഞിരിക്കുകയാണ്. പാമോയിലടക്കം നൂറുകണക്കിന് പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരള ഭരണക്കാര്‍ക്ക് ഇതു മൂലം നിഷ്പ്രയാസം സാധ്യമായി. മുല്ലപ്പെരിയാറിനടുത്ത് ജനിച്ചു വളരുകയും ഇപ്പോഴും നിരവധി ബന്ധുക്കളും സുഹൃത്തുക്കളും അവിടെ ജീവിക്കുകയും ചെയ്യുന്ന ടി സി രാജേഷ് എന്ന മാധ്യമപ്രവര്‍ത്തകന്‍ എഴുതുന്നതു പോലെ(അതും നാലാമിടത്തില്‍ തന്നെ) മുല്ലപ്പെരിയാര്‍ ഒരു ജലബോംബാണെങ്കില്‍, അതിനു ചുറ്റുമുള്ള ഇരുപതിലധികം വലിയ അണകളും പലയിരട്ടി ചെറു അണകളും സമാനമായ ബോംബുകള്‍ തന്നെ. ഇടുക്കി മൊത്തം ബോംബുകളുടെ കൂമ്പാരമാണെന്ന് പറയാതിരിക്കാനാവില്ല. ഇടുക്കിയില്‍, ഭൂചലനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം തന്നെ, ഇത്രയധികം അണക്കെട്ടുകള്‍ കെട്ടിപ്പൊക്കിയും താഴ്ത്തിയും വെള്ളം സംഭരിച്ചതാണെന്ന കണ്ടെത്തലും ശ്രദ്ധേയമാണ്. അതായത്; അണക്കെട്ടുകള്‍ നിറയെ കെട്ടിയുണ്ടാക്കി അതുമൂലമുണ്ടാകുന്ന ഭൂചലനങ്ങള്‍ കാരണം, അതേ അണക്കെട്ടുകള്‍ പൊട്ടാന്‍ പോവുന്നു എന്ന് പേടിപ്പെടുത്തുക എന്ന നാടകമാണ് കേരളത്തിലരങ്ങേറുന്നത് എന്നു ചുരുക്കം. ഭൂകമ്പ ഭ്രംശ മേഖലയില്‍ മറ്റൊരു ഡാം കെട്ടണം എന്ന പരിഹാരം അസംബന്ധമാകുന്നതും ഇതേ പശ്ചാത്തലത്തില്‍ തന്നെയാണ്. പേടി കൊണ്ട് ചിന്താശൂന്യരായി തീര്‍ന്നാല്‍ അത് പരിഹാരമാവില്ല എന്നതുറപ്പല്ലേ!

അണക്കെട്ടുകള്‍ക്കും ആണവനിലയങ്ങള്‍ക്കും തദ്ദേശീയ ജനതയെ കുടിയൊഴിക്കുന്ന പടുകൂറ്റന്‍ പദ്ധതികള്‍ക്കുമെതിരെ സംസാരിക്കുന്നവരെ, വികസനവിരോധികള്‍ എന്നും വഴി മുടക്കികള്‍ എന്നും വിളിച്ചാക്ഷേപിച്ചവര്‍ തന്നെയാണ് ഇപ്പോള്‍, ജനങ്ങളുടെ ജീവന്‍ ഭീഷണിയില്‍ എന്ന സമൂഹഭീതിയില്‍ അഭിരമിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്നോ പൊട്ടില്ലെന്നോ ഉള്ള, നിരവധി വിശദാംശങ്ങളുടെ അകമ്പടിയോടെ എഴുതി നിറച്ചിരിക്കുന്ന ലേഖനങ്ങളും പത്രവാര്‍ത്തകളും പരിശോധിച്ച് മാര്‍ക്കിടാന്‍ ഇവിടെ മുതിരുന്നില്ല. ഡാം പൊട്ടുമെന്ന് പേടിക്കുന്ന സാമാന്യ മനുഷ്യരുടെ കൂട്ടത്തില്‍ തന്നെയാണ് ഞാനും. എന്തു വന്നാലും, നിസ്സംഗതയോടെയും അഴിമതിക്ക് സ്കോപ്പുണ്ടോ എന്ന വിധത്തിലും മാത്രം പെരുമാറുന്ന സര്‍ക്കാര്‍-നിയമ-നീതിന്യായ വിഭാഗങ്ങളുടെ മനുഷ്യ/പ്രകൃതിവിരുദ്ധ മനോഭാവവും കാണാതിരിക്കുന്നില്ല. എന്നാല്‍, വികസനപരിപ്രക്ഷ്യവും മാനവകുലത്തിന്റെയും ലോകത്തിന്റെ തന്നെ നിലനില്‍പും എന്ന വിശാലമായ ചര്‍ച്ചാമണ്ഡലത്തിലേക്ക് ഈ ഘട്ടത്തിലും നാം കടക്കുന്നില്ല എങ്കില്‍, എത്ര ലക്ഷം ആളുകള്‍ മരിച്ചാല്‍ പോലും പാഠം പഠിക്കാത്ത വിഡ്ഢികളായി ജീവിച്ചിരിക്കുമ്പോഴും മരിച്ചവരായി നാം പരിണമിക്കുകയേ ഉള്ളൂ.

*
ജി പി രാമചന്ദ്രന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സ്ഫോടനാത്മകമായ സ്ഥിതിഗതികളാണ് കേരള സംസ്ഥാനത്ത് സംജാതമായിരിക്കുന്നത്. സമചിത്തതയോടെ കാര്യങ്ങള്‍ പരിശോധിക്കണമെന്നും തീരുമാനത്തിലെത്തണമെന്നും പറയുന്നതു പോലും പാപമെന്ന നിലക്കും, നിങ്ങള്‍ മുപ്പത്തിയഞ്ചു ലക്ഷം ജനങ്ങളുടെ ജീവന്റെ ഭീഷണി കാണാത്ത ക്രൂരനാണെന്നും മറ്റുമുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.