Sunday, December 25, 2011

ഇറാഖില്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ...

ശാന്തിസന്ദേശങ്ങളുടെ കാലത്തിനൊടുവില്‍ ക്രിസ്മസ് ആഘോഷം. വിഹ്വലതകളുടെ നടുക്കയത്തില്‍ , അശാന്തിയുടെ തീരാഭൂമിയിലേക്ക് തീ കോരിയിട്ടവര്‍ തിരിഞ്ഞുനടക്കുമ്പോള്‍ ഇറാഖി ജനതയ്ക്ക് മറക്കാനാകാത്ത ഒരു ക്രിസ്മസ് കൂടി. സാമ്രാജ്യത്വം സമ്മാനിച്ച മുറിവുകളുമായി നൊമ്പരപ്പെടുമ്പോള്‍ ഒരു മതേതര രാഷ്ട്രത്തിലെ 23 കോടി ജനങ്ങളുടെ സ്വപ്നങ്ങള്‍ തല്ലിത്തകര്‍ത്ത് അമേരിക്കന്‍ പട്ടാളം കൈകഴുകി ഒഴിഞ്ഞുപോകുന്നു. സന്മനസ്സിന്റെ പ്രതീകമായൊരു ഇറാഖി ജനതയ്ക്ക്, അവരുടെ നിത്യജീവിതം ദുരിതത്തിലാക്കിയ ശക്തിയോടുള്ള തീരാത്ത പക മനസ്സില്‍ നിന്നു മാച്ചുകളയാനുള്ള ശ്രമത്തിലാണ് ഇത്തവണ ഇറാഖിലെ ക്രൈസ്തവര്‍ തിരുപ്പിറവി ആഘോഷിക്കുന്നത്.

ഇറാഖിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും പ്രത്യേകതകള്‍ ഏറെയുണ്ട്. ഇവരിലേറെയും അര്‍മേനിയന്‍ വംശാവലിയില്‍ പെട്ടവരാണ.് ഓര്‍ക്കുക! പാശ്ചാത്യനാടുകളിലെ ക്രൈസ്തവരേക്കാള്‍ പാരമ്പര്യവും വിശ്വാസദൃഢതയുമുള്ള വിശ്വാസി സമൂഹമാണ് ഇറാഖിലുള്ളതെന്ന്. ക്രിസ്തുമതത്തിന്റെ തായ്വേരുകള്‍ തേടിപ്പോകുന്നവര്‍ക്ക്, ബൈബിള്‍ കാലത്ത് പ്രധാന സംഭവങ്ങള്‍ പലതും നടന്നെന്ന് വിശ്വസിക്കുന്ന ഭൂമികയാണ് ഇറാഖ്. യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതടങ്ങള്‍ മുതല്‍ ഒട്ടേറെ പ്രദേശങ്ങളെപ്പറ്റി പഴയ നിയമത്തിലും പുതിയ നിയമത്തിലും പ്രതിപാദിക്കുന്നു. ക്രൈസ്തവ, ഇസ്ലാം, യഹൂദ മതഗ്രന്ഥങ്ങളില്‍ ഇറാഖിലെ ഒട്ടേറെ പ്രദേശങ്ങളെപ്പറ്റി പറയുന്നുണ്ട്. മൂന്നു മതസ്ഥരുടെയും ആദിപിതാവായ അബ്രഹാമിന്റെ, ഒരു പ്രവാചകനായി കരുതുന്നു, ജന്മദേശം ഇറാഖിലെ വിദൂരഗ്രാമങ്ങളിലൊന്നാണെന്ന, കരുതുന്നു.ഖുറാനിലും ബൈബിളിലും യഹൂദരുടെ പുണ്യഗ്രന്ഥമായ തോറയിലും ഇതെല്ലാം എഴുതപ്പെട്ടിരിക്കുന്നു. ക്രിസ്തുശിഷ്യനായ സെന്റ് തോമസ് (മാര്‍ത്തോമ) ഇറാഖിലെ ബസ്രയില്‍ നിന്നാണ് ജലയാത്ര ആരംഭിച്ച് കൊടുങ്ങല്ലൂരില്‍ എത്തിയതെന്ന് വിശ്വസിക്കുന്നത്. കേരളവും ഇറാഖും തമ്മിലുള്ള ബന്ധത്തിന് ക്രൈസ്തവമത ചരിത്രത്തോളം ബന്ധമുണ്ടെര്‍ന്നഥം. പാശ്ചാത്യരേക്കാള്‍ പാരമ്പര്യം അവകാശപ്പെടുന്ന ജനതയുടെ ക്രൈസ്തവാചാരങ്ങള്‍ക്കുള്ള മൗലികതയും തനിമയും ശ്രദ്ധേയമാകുന്നു.

ബാഗ്ദാദിലെ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ ക്രിസ്മസ് ആഘോഷത്തിന്റെ തിമിര്‍പ്പിലാണ്. 2008 മുതല്‍ ഡിസംബര്‍ 25 ഔദ്യോഗികാവധിയായി പ്രഖ്യാപിച്ചിരിക്കുന്നു. അധിനിവേശത്തിന്റെ തിക്താനുഭവങ്ങള്‍ക്ക് വിടചൊല്ലുന്ന ക്രിസ്മസ് കാലമാണിത്. ഡിസംബര്‍ 31നുമുഴുവന്‍ അമേരിക്കന്‍ പട്ടാളവും ഇറാഖിനെ വിട്ടൊഴിയും. ഇപ്പോള്‍ വിരലിലെണ്ണാവുന്ന അമേരിക്കന്‍ പട്ടാളക്കാരേ ഇറാഖിലുള്ളൂ. മൊത്തം 3486 എന്ന് കണക്കാക്കുന്നു.

യുദ്ധവും അധിനിവേശവും ഇറാഖിലെ ക്രൈസ്തവരെ ഛിന്നഭിന്നമാക്കി. അയല്‍ രാജ്യങ്ങളിലേക്ക് അവര്‍ രക്ഷപ്പെടുകയായിരുന്നു ഒരര്‍ഥത്തില്‍ . ശരിക്ക് പറഞ്ഞാല്‍ 1990 ആഗസ്ത്് രണ്ടിന് അര്‍ധരാത്രി ഇറാഖിന്റെ ടാങ്കുകള്‍ കുവൈത്തിലേക്ക് ഉരുണ്ടതു മുതല്‍ ഇറാഖില്‍ ഒന്നല്ലെങ്കില്‍ മറ്റേതെങ്കിലും പേരുപറഞ്ഞ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തേര്‍വാഴ്ചയായിരുന്നു. അമേരിക്കക്കാരുടെ സാന്നിധ്യം സ്വദേശിയരായ ക്രൈസ്തവരെ കൂടുതല്‍ ദുരന്തങ്ങളിലേക്ക് തള്ളിവിടുകയായിരുന്നെന്നാണ് വടക്കന്‍ ഇറാഖിലെ മൊസൂള്‍ സ്വദേശിയായ അല്‍ബന്‍ റോസാഫ് പറയുന്നത്. നിരവധി പൗരാണിക ക്രൈസ്തവ ദേവാലയങ്ങളുള്ള നഗരമാണ് മൊസൂള്‍ . ഈ നഗരത്തിനടുത്താണ് ബൈബിളിലും മറ്റു പുണ്യഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്ന നിനവേ എന്ന സ്ഥലം; നിനവേ അതേ പേരില്‍ ഇപ്പോഴുമുണ്ട്.

പാശ്ചാത്യരില്‍ നിന്ന് ഏറെ വേറിട്ട ക്രിസ്മസ് ആഘോഷങ്ങളാണ് ഇറാഖില്‍ . കുടുംബങ്ങള്‍ വളരെ വിശ്വാസ തീക്ഷ്ണതയോടെയാണ് ആഘോഷങ്ങള്‍ നടത്തുക. ശാന്തവും വിശുദ്ധവുമായ ചടങ്ങുകള്‍ കൂട്ടായ്മയുടെ ആഹ്ലാദത്തില്‍ നടക്കുന്നു. ഭവനങ്ങളുടെ അങ്കണത്തിലാണ് പ്രധാന ചടങ്ങ് നടക്കുന്നത്. ക്രിസ്മസ് രാത്രി വീട്ടുകാരെല്ലാം മുറ്റത്ത് ഭക്തിപൂര്‍വം ഒത്തുകൂടുന്നു. കുട്ടികളും മുതിര്‍ന്നവരും അറബി ബൈബിളില്‍ നിന്നു തിരുപ്പിറവിയുടെ ഭാഗം വായിക്കും. ഒരു മൂലയില്‍ ഈ സമയം ഒരഗ്നികുണ്ഡം തയ്യാറാക്കി വച്ചിട്ടുണ്ടാകും. തൊട്ടടുത്ത് മുള്‍ച്ചെടിയുടെ ഒരു കെട്ടും കരുതും. തിരുപ്പിറവി കഥ വായിച്ചുതീര്‍ന്നാല്‍ മുള്‍ച്ചെടി അഗ്നികുണ്ഡത്തിലിട്ട് തീ പിടിപ്പിക്കുകയായി. കത്തുന്ന തീ ശുഭലക്ഷണമാണെന്നും അടുത്തവര്‍ഷം പ്രത്യാശയുടെയും പ്രതീക്ഷയുടെയും സ്വപ്ന സാഫല്യത്തിന്റെയും നല്ല കാലമായിരിക്കുമെന്നും ഇറാഖി ക്രൈസ്തവര്‍ വിശ്വസിക്കുന്നു. തീകുണ്ഡത്തിലെറിഞ്ഞ മുള്ളുകള്‍ മുഴുവന്‍ കത്തി ചാരമായെങ്കില്‍ കുടുംബത്തിന് വരാനിരിക്കുന്നത് നല്ല നാളുകളാണെന്ന സൂചനയാണ്. കുടുംബാംഗങ്ങള്‍ ഓരോന്നായി അഗ്നിക്കു മുകളിലൂടെ അപ്പുറത്തേക്ക് ചാടുകയായി പിന്നീട്. ഇത് മൂന്നു തവണ ആവര്‍ത്തിക്കുന്നു. ഇതിനുശേഷം ഏതെങ്കിലുമൊരു ആഗ്രഹം മനസ്സില്‍ വിചാരിച്ചാല്‍ യാഥാര്‍ഥ്യമാകുമെന്നാണ് വിശ്വാസം.

ക്രിസ്മസ് ദിനത്തില്‍ ദേവാലയത്തില്‍ പ്രത്യേക ശുശ്രൂഷകള്‍ നടക്കും. പള്ളിക്കു ചുറ്റുമുള്ള പ്രദേശത്തെ, ഇടവകയിലെ എല്ലാ ക്രൈസ്തവ കുടുംബങ്ങളും പങ്കെടുക്കുന്നു. ദേവാലയത്തില്‍ എത്തിയവരെല്ലാം വട്ടമിട്ടു നിന്ന് നടുവില്‍ വലിയൊരു അഗ്നികുണ്ഡം ഉണ്ടാക്കുന്നു. പുരുഷന്മാരെല്ലാം സ്തോത്രഗീതങ്ങള്‍ പാടും. തുടര്‍ന്ന് ഘോഷയാത്രയാണ്, അടുത്ത പ്രദേശത്തു കൂടി കടന്നുപോകുന്ന ഘോഷയാത്രയില്‍ മുഖ്യപുരോഹിതന്‍ ഉണ്ണിയേശുവിന്റെ രൂപം പട്ടില്‍ പൊതിഞ്ഞ് രണ്ടു കൈകൊണ്ടും ഭവ്യതയോടെ വഹിക്കുന്നുണ്ടാകും. ഘോഷയാത്രയ്ക്കു മുമ്പില്‍ പുരോഹിതനോടൊപ്പം ദേവാലയ ശുശ്രൂഷകളും മറ്റും അനുധാവനം ചെയ്യും. പിന്നാലെ വിശ്വാസികളും. ചടങ്ങുകളും പ്രാര്‍ഥനാ ശുശ്രൂഷകളും ഏറെ ദൈര്‍ഘ്യമുള്ളതാണ്. പ്രധാന പുരോഹിതന്റെ (ചിലപ്പോള്‍ മെത്രാനോ, മെത്രാപോലീത്തയോ ആകാം) ആശീര്‍വാദത്തോടെയാണ് ചടങ്ങുകള്‍ക്ക് സമാപനം. ഇതോടെ, മുഖ്യപുരോഹിതന്‍ വിശ്വാസികളിലൊരാളെ സ്പര്‍ശിച്ച് അനുഗ്രഹം നല്‍കുന്നു. തൊട്ടടുത്തുള്ള ആളെ സ്പര്‍ശിച്ച് സമൂഹം മുഴുവന്‍ ഈ സ്പര്‍ശനത്തില്‍ ഒത്തുചേരുന്നു; ഇത് സമൂഹത്തിന് മുഴുവന്‍ സമാധാനം ആശംസിക്കുന്നതിന്റെ പ്രതീകമായാണ്.

ബാഗ്ദാദിലും വടക്കന്‍ ഇറാഖിലെ മൊസൂളിലും എന്തിനു പറയുന്നു എര്‍ബില്‍ , ബന്ധ്ര തുടങ്ങിയ നഗരങ്ങളിലും ഉള്‍നാടന്‍ ചെറു പട്ടണങ്ങളിലും ക്രൈസ്തവരുടേതടക്കമുള്ള നിരവധി ആരാധനാലയങ്ങളുണ്ട്. സൗരാഷ്ട്രീയരും മസൂദികളും ക്രൈസ്തവരെപ്പോലെ ഷിയകളും സുന്നികളും അധിവസിക്കുന്ന മഹാഭൂരിപക്ഷമുള്ള ഇറാഖില്‍ സ്വസ്ഥതയോടെ, സഹവര്‍ത്തിത്വത്തോടെ സദ്ദാംഹുസൈന്റെ ഭരണത്തിനു കീഴില്‍ കഴിഞ്ഞിരുന്നു. മതനിരപേക്ഷതയ്ക്ക് പേരുകേട്ട നാടായിരുന്നു ഇറാഖ്. അറബ് നാടുകളില്‍ ഇറാഖിനെപ്പോലെ മതസ്വാതന്ത്ര്യവും സ്ത്രീ സ്വാതന്ത്ര്യവും ഉണ്ടായിരുന്ന വേറെ രാജ്യമില്ലായിരുന്നു. സ്ത്രീകളിലും പുരുഷന്മാരിലും സാക്ഷരത ഇത്രയേറെയുള്ള രാഷ്ട്രം അറബ്മേഖലയില്‍ കാണില്ല. സര്‍വോപരി ഇന്ത്യക്കാരെ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് ഇറാഖികള്‍ - സഹസ്രാബ്ദങ്ങള്‍ നീണ്ട ബന്ധങ്ങള്‍ പുലര്‍ത്തുന്ന ജനതയാണ് ഇരുകൂട്ടരും.

പുരാതനനഗരമായ (ലോകത്ത് ആദ്യം രൂപംകൊണ്ട നഗരം) ബാഗ്ദാദിലെ വിശുദ്ധ കന്യാമറിയത്തിന്റെ ദേവാലയം ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകിയിരിക്കുന്നു. ദീപാലങ്കാരങ്ങള്‍ ഇതു വ്യക്തമാക്കുന്നുണ്ട്. നക്ഷത്രവിളക്കുകള്‍ കണ്ണുചിമ്മുന്നു. ഇത്തവണ ഇറാഖിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വുണ്ട്. പുതുവത്സരപ്പിറവിയില്‍ അധിനിവേശത്തില്‍ നിന്ന് മോചിതയാകുന്ന രാഷ്ട്രമാതാവിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുവിരിക്കുന്ന കാലം. ശാന്തിയും സമാധാനവും സന്മനസ്സുള്ളവര്‍ക്ക് മാത്രമാണെന്ന് ക്രിസ്മസ് ഒരു ജനതയെയും ലോകത്തെ മുഴുവനെയും ഓര്‍മപ്പെടുത്തുന്നു. ഇറാഖിലെ ആഘോഷങ്ങള്‍ക്ക്, പ്രിയപ്പെട്ടവരെ കുരുതിക്കുകൊടുത്ത അമേരിക്കന്‍ സാമ്രാജ്യത്തിനെതിരെയുള്ള ഒടുങ്ങാത്ത അമര്‍ഷത്തിന്റെ ശാന്തതയില്ലേ? ഇറാഖികള്‍ ആശംസിക്കുന്ന മെറി ക്രിസ്മസില്‍ ഇതും പ്രതിഫലിക്കുന്നുണ്ടോ?

*
ജോയി ഏനാമാവ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 25 ഡിസംബര്‍ 2011

No comments: